Sunday, September 30, 2012

മൈ ഊളന്‍പാറന്‍ ഡേയ്സ് (5)

അന്നത്തെ വര്‍ക്ക് കഴിഞ്ഞ് ഞങ്ങളെല്ലാപേരും മടങ്ങുമ്പൊ മുന്നില്‍ നടന്ന ദേവി സൈഡില്‍
നിന്നിരുന്ന ഒരു സൂര്യകാന്തിപ്പൂവിനെ കയ്യെത്തി പിടിച്ചു.

"തൊട്ടുപോകരുത്.." എവിടെ നിന്നെന്നില്ലാതെ ഒരലര്‍ച്ച !

ഷോക്കേറ്റ പോലെ ദേവി തെറിച്ചു പിന്നോട്ട് ചാടി. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ശബ്‌ദം കേട്ടത് അവിടെ അടുത്തു തന്നെയുണ്ടായിരുന്ന ഒരു സെല്ലില്‍ നിന്നും . ഞങ്ങള്‍ പതുക്കെ സെല്ലിനടുത്തേയ്ക്ക് നടന്നു.സെല്ലിനകത്തേയ്ക്ക് നോക്കി. ആഹ, വണ്ടര്‍ഫുള്‍ , ഒരുത്തന്‍ ഫുള്‍ എക്സിക്യൂട്ടീവ് ഡ്രെസ്സില്‍ തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്നു ! ഞങ്ങളെ കണ്ടതും പുള്ളിക്കാരന്‍ ചിരിച്ചു.

"വാ ഇരിക്ക്.." അയാള്‍ പറഞ്ഞു.

ചിരിച്ചു ചിരിച്ചില്ല എന്ന രീതിയില്‍ ചുണ്ടുകോട്ടി ഞങ്ങള്‍ സെല്ലിനു പുറത്തുണ്ടായിരുന്ന സ്റ്റെപില്‍ ഇരുന്നു.

"ഇയാള്‍ക്കൊരു നോര്‍തിന്‍ഡ്യന്‍ ഫിലിം സ്റ്റാറിന്റെ ലുക്കുണ്ട്" ദേവിയെ നോക്കി ലവന്‍ . വട്ടായാലും ഇതിനു മാത്രം ഒരു കുറവും ഇല്ല !

"ടീ...നീ അതു കാര്യാക്കണ്ട...വട്ടല്ലേ..?" ഞാന്‍ ദേവിയോട്.നമുക്കതങ്ങനെ അങ്ങോട്ട് സമ്മതിച്ചു കൊടുക്കാന്‍ പറ്റോ..?

"എന്റെ പേരു ശ്യാം ...നിങ്ങളിവിടെ വന്നിട്ടെത്ര നാളായി..?" ലവന്‍

"ഞങ്ങളിവിടെ മരുന്നിനു വന്നതല്ല....ഇവിടെ ഒരു വര്‍ക്കിനു വന്നതാ.." ഞാന്‍

"ഓ കെ....കണ്ടിട്ട് സ്റ്റുഡെന്റ്സ് ആണെന്നു തോന്നുന്നല്ലോ..?" ലവന്‍

ആഹ, വിവരമുള്ള ഭ്രാന്തന്‍ ! അതെ എന്നര്‍ത്ഥത്തില്‍ ഞങ്ങള്‍ തലയാട്ടി.

"നിങ്ങള്‍ക്കറിയോ...ഞാന്‍ മൈക്രോ ബയോളജി പടിച്ചിറങ്ങിയവനാ...ഒത്തിരി ചിന്തിക്കുന്നു എന്ന് മറ്റുള്ളവര്‍ പറയുന്നു...അങ്ങനെ ഇവിടെത്തി.." അയാള്‍ പറഞ്ഞു.ഞങ്ങള്‍ക്ക് സഹതാപം തോന്നി.

"ഹഹ...നിങ്ങള്‍ പേടിക്കണ്ട...എനിക്കതില്‍ ഒരു വിഷമവുമില്ല...കാരണം ..ഒത്തിരി ചിന്തിക്കുന്ന ഞാനും ഒട്ടും ചിന്തിക്കാത്ത മറ്റുള്ളവരും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം ദേ..എന്റെ മുന്നില്‍ കാണുന്ന ഈ ഇരുമ്പു വാതിലാ.." ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാവണം അയാള്‍ പറഞ്ഞു.എന്നിട്ട് പതുക്കെ തറയിലേയ്ക്ക് ചരിഞ്ഞു.

ഞങ്ങളവിടെ നിന്നും എഴുന്നേറ്റു.ഞങ്ങളെല്ലാവരും , ഐ മീന്‍ , ഞാനും ബട്ടറും കുളക്കോഴിയും ഉണ്ണിയും വിവേകും കൂടി ആല്‍മരത്തിന്റെ ചുവട്ടില്‍ കൂടി.

"ഇതിനെയായിരിക്കും ആലായാല്‍ തറവേണമെന്ന് പറയുന്നതല്ലേ..?" കുളക്കോഴി ആല്‍ത്തറയിലിരിക്കുന്നതുകണ്ട് ബട്ടര്‍ .

"ഡെയ് സമയം കളയാനില്ല..നമുക്ക് ഫാഷന്‍ ഷോയ്ക്ക് പ്രിപേര്‍ ചെയ്യണ്ടേ..??" വിവേക്

"എന്തു ചെയ്യാനാ..?" ഞാന്‍

"ഡെയ്...നമുക്കു ഫാഷന്‍ ഷോയ്ക്ക് മുന്നെ അടിച്ചു പെരിപ്പിക്കണം .... മസിലൊക്കെ ഇങ്ങോട്ട് പോരട്ടെ.." ലവന്‍

"അതിനു..?" ബട്ടര്‍

"അതിനൊന്നുമില്ല....ഷോയ്ക്ക് മുന്നെ നമ്മള്‍ എക്സസൈസ് ചെയ്യുന്നു...മെസ്സ് ഹാളില്‍ വച്ചു ചെയ്യാം ...അവിടെ ആകുമ്പൊ ആ സമയത്താരും കാണില്ല.." ഇവന്റെയൊരു ബുദ്ധി !

കുളിച്ച് ഫ്രഷായി എല്ലാപേരും കല്‍ച്ചറല്‍ പ്രോഗ്രാമിനു പോയപ്പോള്‍ , ഞങ്ങള്‍ നേരേ മെസ്സ് ഹാളിലേയ്ക്ക് പോയി.

പോകുന്നവഴിയില്‍ ദേവി നില്‍ക്കുന്നു.

"കല്‍പ്പാന്തകാലത്തോളം ..." ഞാന്‍ പാടി. അവളുടെ മുഖം ചുവന്നു.നാണിച്ചു !

"കല്‍പാന്ത കാലത്തോളം ...കൂതറേ നീയെന്‍ മുന്നില്‍ ..." അവളുടെ മുഖം വീണ്ടും ചുവന്നു.നാറ്റിച്ചു !

അവള്‍ പുറം തിര്ഞ്ഞ് കുണൂങ്ങിപ്പോയി. ഞങ്ങള്‍ മെസ്സ് ഹാളില്‍ പ്രവേശിച്ചു.

"ഡെയ്..ഇവിടാകെ ഇരുട്ടാണല്ലോ..?" ബട്ടര്‍

"വെട്ടമില്ലാത്തോണ്ടാവും ...മിണ്ടാതെ വാഡെയ്..." കുളക്കോഴി

ഞങ്ങള്‍ മെസ്സ് ഹാളില്‍ പ്രവേശിച്ചു.ആകെയുള്ളത് അടുപ്പത്ത് ആക്രാന്തം പിടിച്ച് കത്തുന്ന തീയും അതിനടുത്ത് 'ഓ ഇവന്റെ മുന്നില്‍ ഞാന്‍ എന്തു ചെയ്യാനാ' എന്ന രീതിയില്‍ കത്തുന്ന മെഴുകുതിരിയും ! അതെങ്കിലത്, ഞങ്ങള്‍ പരിപാടി തുടങ്ങി. അമ്മിക്കല്ലെടുക്കുന്നു, ആട്ടുകല്ലെടുക്കുന്നു, വെള്ളം നിറച്ച ബക്കറ്റെടുക്കുന്നു...മെസ്സ് ഹാളിന്റെ കൈവരിയില്‍ കമിഴ്‌ന്നു കിടന്ന് പുഷപ്പെടുക്കുന്നു ! വെയിറ്റ്, ശ്വാസമെടുക്കാന്‍ മറന്നു പോയി. ഇടയ്ക്കിടയ്ക്ക് അതുമെടുക്കുന്നു.

അവസാനം ആകെ വിയര്‍ത്ത് കുളിച്ച് ഞങ്ങള്‍ മെസ്സ് ഹാളില്‍ നിന്നിറങ്ങി. ഷോയ്ക്ക് കരുതി വച്ചിരുന്ന ഡ്രെസ്സ് എഡുത്തിട്ടു. കൈകള്‍ക്കിടയില്‍ കമ്പി കുത്തി നിര്‍ത്തിയതുപോലെ വിരിച്ചു പിടിച്ച് ഞങ്ങള്‍ റാമ്പിലേയ്ക്ക്!

ദേവിയും സുമയുമൊക്കെ കൌതുകതക..ചെ...ആ സാധനതോടു കൂടി നോക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് വന്നപ്പോഴാണു വിവേകിന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചത്. മൂക്കിലും കവിളിലും കരി ! പാമ്പിന്‍ ഗുളിക കത്തുന്നതുപോലെ എനിക്കു ചിരിപൊട്ടി.ഞാന്‍ ചിരിക്കുന്നതുകണ്ട് എന്നെ നോക്കിയ അവനും പെട്ടെന്ന് പാമ്പിന്‍ഗുളികയായി.

"ഡെയ്...നിന്റെ മുഖത്ത് കരി..." ലവന്‍

"നിന്റേം ..." ഞാന്‍

മറ്റവന്‍മാരും ചുറ്റും കൂടി. ഞങ്ങള്‍ വെളിച്ചത്തിലേയ്ക്ക് നിന്ന് ആകെയൊന്ന് പരസ്‌പരം നോക്കി.വിയര്‍പ്പു തുടയ്ക്കാന്‍ വേണ്ടി അയയില്‍ ഇട്ടിരുന്ന തോര്‍ത്ത് എടുത്തതും തുടച്ചതും ഓര്‍മയുണ്ട്. അതു കഴുകിയ തോര്‍ത്താണെന്നു കരുതി എടുത്തുമ്മ വച്ചതാ. അടപിടിക്കുന്ന തുണിയാണു കഴുകിയിട്ടതെന്ന് നിരീച്ചില്ല !

"ഡെയ്...ഇട്ടിരിക്കുന്ന ഡ്രെസ്സിലും കരിയായി..ഇനിയിപ്പൊ എന്താ ചെയ്യാ..?" ബട്ടര്‍

ഞാന്‍ സാറിനെ വിളിച്ചു വിവരം പറഞ്ഞു. പൊട്ടിച്ചിരിയായിരുന്നു പ്രതികരണം .

"എന്തായാലും ഇന്നു ഷോ വേണ്ട...നിങ്ങള്‍ക്കനുവദിച്ച സമയത്ത് വേറേ വല്ല പരിപാടിയും പറ്റുമെങ്കില്‍ നോക്ക്.." ഇതും പറഞ്ഞ് സാര്‍ സ്ഥലം വിട്ടു.ഞാന്‍ ലവന്‍മാരോട് വിവരം പറഞ്ഞു. സാഹചര്യത്തിന്റെ നിസ്സഹായാവസ്ത്ഥ മനസ്സിലാക്കി എല്ലാപേരും ഷോ ഇന്നു വേണ്ട എന്നും പകരം വേറെയെന്തെങ്കിലും അവതരിപ്പിക്കാമെന്നും തീരുമാനിച്ചു.

"ഒരു സ്ക്രിപ്റ്റുണ്ട്...ആകെ ഏഴു മിനുട്ടിന്റെ കേസാ...ടിവിയില്‍ കണ്ടതാ...കഴിഞ്ഞ വര്‍ഷം ഞങ്ങടവിടെ പ്രോഗ്രാമിനു അവതരിപ്പിച്ചു...നോക്കുന്നോ..?" ഞാന്‍ ചോദിച്ചു.

എല്ലാരും ഓ കെ മൂളി.സിറ്റുവേഷനും ഓരോര്‍ത്തര്‍ക്കുമുള്ള നാലന്‍ച് ഡയലോഗുകളും പറഞ്ഞുകഴിഞ്ഞപ്പൊ എല്ലാം ഓ കെയായി.

രംഗം : ക്ളാസ്സ് റൂം

കുട്ടികള്‍ (ബട്ടറും കുളക്കോഴിയും ഉണ്ണിയും ) ക്ളാസ്സില്‍ ബഹളം വയ്ക്കുന്നു.

സാര്‍ (ഞാന്‍ ) രംഗത്ത് എടുത്തെറിഞ്ഞു പ്രവേശിക്കുന്നു.

സാര്‍ : എന്താടായിത്...ചന്തിയോ...ചെ...ചന്തയോ..? ബഹളം വയ്ക്കാതിരിക്കീനെടാ...ആട്ടേ...

ആണ്‍കുട്ടി (ബട്ടര്‍ ) : ആട്ടാനോ..?

സാര്‍ : ആട്ടാനല്ല...എന്താടാ ദിനേശാ നിന്റെ മുഖത്തൊരു കള്ള ലക്ഷണം ...എന്താടാ കയ്യില്‍ ..ഹാന്‍സപ്പ് ?"

ദിനേശന്‍ പെട്ടെന്നു കൈ പൊക്കുന്നു. കയ്യില്‍ ഒരു ഹാന്‍സ് !

സാര്‍ : ഹെന്ത്..? ഹാന്‍സോ...? ടാ ഇതൊന്നും പാടില്ല...അതിങ്ങു താ...ദേ പോകുന്നൊരു വിമാനം ...നോക്കിക്കേ..?

കുട്ടികള്‍ മുകളില്‍ നോക്കുമ്പൊ സാര്‍ പതുക്കെ ഹാന്സെടുത്തു വയ്ക്കുന്നു.

സാര്‍ : ഇവിടെ നോക്കെടാ...നീയൊന്നും വിമാനം ഇതു വരെ കണ്ടിട്ടില്ലേ...ശാരി മോളെന്താ ഇന്നലെ താമസിച്ചേ..?"

ശാരി (കുളക്കോഴി) : അതേ...എന്റ അന്‍പതു പൈസ കളഞ്ഞുപോയി...

സാര്‍ : ഓഹോ...അപ്പൊ നീയോടാ ദിനേശാ...?

ദിനേശന്‍ : ഞാന്‍ ആ അന്‍പതു പൈസ ഇങ്ങനെ ചവിട്ടി പിടിച്ചേക്കുവല്ലായിരുന്നോ...

സാര്‍ : ഓഹോ....ദിനേശാ...നീ നിന്റെ അച്ചനെ വിളിച്ചോണ്ടു വന്നിട്ടു ക്ളാസ്സില്‍ കേറിയാതി...

ദിനേശന്‍ : നടക്കത്തില്ല സാറേ...അച്ചന്‍ പതിനന്‍ചു വര്‍ഷായി ഗള്‍ഫിലാ...

സാര്‍ : എന്നാ അമ്മയെ വിളിച്ചോണ്ടു വാ...

ദിനേശന്‍ : അതും നടക്കൂല്ല സാറേ...അമ്മ പ്രസവിച്ചു കിടക്കയല്ലേ...

സാര്‍ : സോറി..അതു ഞാന്‍ അറിഞ്ഞില്ല..ഓ കെ ..അപ്പൊ നമുക്ക് ഹിന്ദി പഠിക്കാം ... കല്‍ എന്നു പറഞ്ഞാല്‍ നാളെ...അപൊ മറ്റന്നാളിനെന്തു പറയും ?

ദിനേശന്‍ : കരിങ്കല്‍ !

സാര്‍ : കറക്‌ട്..എടാ...നമ്മളേതൊരു പ്രവൃത്തി ചെയ്യുമ്പോഴും താഴേന്നു തുടങ്ങണം ...എന്നാലേ ഒരു ഉറപ്പുണ്ടാവൂ..

ശാരി : അപ്പൊ കിണറു കുഴിക്കുമ്പൊഴോ..?

സാര്‍ : കുരുത്തം കെട്ട പെണ്ണു....

പെട്ടെന്ന് പിയൂണ്‍ വരുന്നു.

പിയൂണ്‍ : സാര്‍ ഒരു നോട്ടീസുണ്ട്..ഈ ഇരുപത്താറും ഇരുപത്തേഴും അവധിയാ...

സാറും കുട്ടികളും തുള്ളിച്ചാടുന്നു.

സാര്‍ : ആട്ടെ...എന്താ കാരണം അവധിക്ക് ?

പിയൂണ്‍ : അന്നു ശനിയും ഞായറുമല്ലേ...

സാര്‍ : പോടാവിടുന്ന്...കളിപ്പിക്കാന്‍ വന്നേയ്ക്കുന്നോ...ഓ കെ...പിള്ളേരേ ഇവിടെ ശ്രദ്ധിക്കു...നമ്മളാനയെ കണ്ടിട്ടില്ലേ..അതിന്റെ കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നത്..?

ദിനേശന്‍ : സങ്കടം കൊണ്ട്....കറുത്തുപോയില്ലേ...അതാവും ...

സാര്‍ : അതാണല്ലേ....ഓ കെ ഇനി വാക്യത്തില്‍ പ്രയോഗിക്കാം ...ഇന്നലെ...ദിനേശാ..

ദിനേശന്‍ : ഇന്നലെ എനിക്ക് അമ്മയോടുകൂടിയാണു കിടന്നുറങ്ങിയത്

സാര്‍ : നീയൊരു മലയാളിയാണോടാ...ഞാന്‍ പറഞ്ഞു തരാം ... ഞാനിന്നലെ അമ്മയുടെ കൂടെയാണു കിടന്നുറങ്ങിയത്..

ദിനേശന്‍ : അതുശെരി..അപ്പൊ സാറു ഞാന്‍ ഉറങ്ങിയതിനു ശേഷാണൊ വന്നു കിടന്നെ...

സാര്‍ : അടികിട്ടും ...ഓ കെ...ശാരി മോളെ..നിനക്കാരാനാകാ...ചെ..ആരാകാനാ ആഗ്രഹം ?

ശാരി : എനിക്ക് ഒരു കൊച്ചിന്റെ അമ്മയാവാനാ ആഗ്രഹം

സാര്‍ : നല്ല മോഹം ...അടി കൊട്രാ അവള്‍ക്ക്...അല്ലെങ്കി വേണ്ടാ...ദിനേശാ..നിനക്കാരാകാനാ ആഗ്രഹം ?

ദിനേശന്‍ : എനിക്ക് ശാരീടെ കൊച്ചിന്റെ അച്ചനായാതി !!!

ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞു. ഫാഷന്‍ ഷോ നടക്കാത്തതിന്റെ ഹാങ്ങ് ഓവര്‍ ഞങ്ങള്‍ ഇതില്‍ തീര്‍ത്തു.

പരിപാടി കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി.നേരേ മെസ്സ് ഹാളിലേയ്ക്ക്.നല്ല വിശപ്പ്.
ദേവി രണ്ടു പപ്പടവുമായി ഓടിവന്നു.

"ഭാസ്കരോ...ഭാസ്കരോ..." ദേവി. ഏത് ഭാസ്കരന്‍ ?

"ഇവിടാരാടി ഭാസ്കരന്‍ ??" ഞാന്‍ ചോദിച്ചു.

"ഹഹ..ഭാസ്കരനല്ലട...പാസ് കരോന്ന്...എന്നു വച്ചാല്‍ ഇതങ്ങട് കൊടുക്കാന്‍ " ലവള്‍ .

ഫുഡും കഴിഞ്ഞ് ഞങ്ങള്‍ ടെന്റിലേയ്ക്ക് നടന്നു.

"മക്കളേ...ഒന്നു നിന്നേ..."

ഞങ്ങള്‍ തിരിഞ്ഞു നോക്കി. ആന്റി, സ്റ്റാര്‍ തൂക്കാന്‍ വിളിച്ച ആന്റി.

"മക്കളെ..നിങ്ങടെ പരിപാടി കാണാന്‍ ഞാന്‍ വന്നിരുന്നു..മോനൊരല്‍പം മയങ്ങിയപ്പൊ.. വളരെക്കാലത്തിനു ശേഷാ ഇതുപോലെ ഒന്നു ചിരിച്ചത്...നല്ലതുവരും .." ഇതും പറഞ്ഞ് അവര്‍ മുറിയിലേയ്ക്ക് തിരിച്ചു കയറി. ഞാന്‍ കെട്ടിക്കൊടുത്ത സ്റ്റാര്‍ അകലെ കത്തി നില്‍പ്പുണ്ടായിരുന്നു.

1 comment:

  1. അത്ര പോരാ ..ന്താ മോനെ ... പഴയ കഥകള്‍ പോലെ സുഖിച്ചില്ല ..നീ കുറെ ചിരിപ്പിച്ചിട്ടുള്ള കൊണ്ടാകും .. ന്നാലും ഇഷ്ടായി .. ബോറടിപ്പിച്ചില്ല .. ആശംസകള്‍

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...