Sunday, September 30, 2012

ഗുണ്ട ബിനു

പണ്ട് '1 2 3 4 5 6 7 8 9..സാറ്റ്' പരുവം മുതല്‍ 'തങ്കത്തോണി കം റ്റ്യൂഷന്‍ ടീച്ചര്‍ ' പരുവം വരെ എന്റെ ഉറക്കം കെടുത്തിയിരുന്ന, എന്റെ മാത്രല്ല ആ ഏരിയയിലുള്ള മിക്കവരുടെയും ഉറക്കം കെടുത്തിയിരുന്ന ഒരു കഥാപാത്രമായിരുന്നു ബിനുമോന്‍ സി എന്ന ശാസ്ത്രീയ നാമത്തിലും ഗുണ്ട ബിനു എന്ന ചെല്ലപ്പേരിലും അറിയപ്പെട്ടിരുന്ന ബിനു . എന്റെ വീടും അവന്റെ വീടും തമ്മില്‍ 'എടിയേ' എന്നൊരൊറ്റ വാക്കിന്റെ ദൂരമേയുണ്ടായിരുന്നുള്ളു.ലവന്‍ ജനിച്ചപ്പൊത്തന്നെ നഴ്‌സിനെ തെറിവിളിച്ചെന്നാ നാട്ടുകാരു പറയുന്നെ..'ചെ...ചൂലേ..ഇറക്കിക്കളഞ്ഞല്ലേ?'

'മുള്ളിന്റെ മൂട്ടില്‍ മുള്ളല്ലേ കുരുക്കൂ' എന്ന ചൊല്ലു ഇവന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശെരിയായിരുന്നു.
ബട്ട്, ഇവിടെ മുള്‍ ഇവന്റെ അച്ചനോ അപ്പൂപ്പനോ ആയിരുന്നില്ല, ഇവന്റെ സ്വന്തം അമ്മയായിരുന്നു !
ഇത്രയും പുരുഷത്വമുള്ള ഒരു സ്ത്രീയെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.അവന്റെ അച്ചന്‍ അവരെ കെട്ടിയതല്ല, മറിച്ച് അവര്‍ അയാളെ കെട്ടിയതാണെന്ന് തോന്നും .'നിങ്ങളെന്തിനാ അങ്ങോട്ട് പോയെ?' 'എന്തിനാ ഇങ്ങോട്ട് വന്നെ?' 'നിങ്ങളോടു പറഞ്ഞില്ലേ വരാന്‍ ?' 'നിങ്ങളോട് പറഞ്ഞില്ലേ പോകാന്‍ ?' തുടങ്ങി 'കാലമാടന്‍ ' 'മരപ്പട്ടി' വരെ, പോരാഞ്ഞ് ചെവിയില്‍ കൊള്ളാത്ത ചില ഗമണ്ടന്‍ സാധനങ്ങളും ആ വീട്ടില്‍ നിന്ന്, ആ പെണ്ണുംപിള്ളയുടെ വായില്‍ നിന്ന് കേട്ടിരുന്നു. അവന്റെ അച്ചനാണെങ്കില്‍ വാ തുറന്ന് 'ചി..പോ' എന്നു പോലും പറയില്ല, പകരം അവന്റെ അമ്മയോട് 'വന്നോളാമേ...പൊയ്ക്കോളാമേ' എന്നേ പറയു.

പുള്ളിക്ക് ആകെയുള്ള ഒരു മിനി റേഡിയോയും ചെവിയില്‍ പിടിപ്പിച്ച് ഒരു ബീഡിയും കത്തിച്ച് സന്ധ്യസമയത്ത് ടെറസിനു മുകളില്‍ കയറിക്കഴിഞ്ഞാല്‍ താഴെയുള്ളവര്‍ ടിവിയിലെ പരിപാടികള്‍ മുഴുവന്‍ കണ്ടുകഴിഞ്ഞാലേ ഇറങ്ങു.കുളിക്കാന്‍ നേരത്തുപോലും ഒരു കയ്യില്‍ റേഡിയോ പൊക്കി പിടിച്ചിട്ടുണ്ടാവും ! അപ്പൊ പറഞ്ഞു വന്നത് ഇല വന്നു മുള്ളില്‍ വീണാലും മുള്ളുവന്നിലയില്‍ വീണാലും കേടാര്‍ക്കാ ? അയല്‍വക്കത്തുള്ളവര്‍ക്കാണെന്ന് ലവന്‍ ബിനു പണ്ടേ തെളിയിച്ചിരുന്നു.

പണ്ട് മഴക്കാലത്ത് വീടിനടുത്തുള്ള വയലില്‍കൂടി ഒഴുകിയിരുന്ന തോട്ടില്‍ നത്തങ്ങ പിടിക്കാന്‍ എന്റെ ഏരിയയിലെ എല്ലാ നറൂട്ടണങ്ങളും ഒരുമിച്ച് പോയിരുന്നു. തോട്ടിലിറങ്ങി കാലുകൊണ്ട് നത്തങ്ങ പരതി നടക്കുന്നതിനിടയില്‍ എന്റെയും ലവന്റേം ബോഡികള്‍ തമ്മില്‍ ടച്ചിങ്ങ്‌സുണ്ടാകുകയും ലവന്‍ തോട്ടിലേയ്ക്ക് മലര്‍ന്നടിച്ച് വീഴുകയും ചെയ്തു.ഉറങ്ങാന്‍ കിടന്നാലും ചോറ ചുമ്മാ തിളപ്പിച്ചിരുന്ന അവനു ഇതു സഹിക്കോ ? സ്പ്രിങ്ങ് പോലെ ചാടിയെണീറ്റ് അവനെന്റെ നെന്‍ച് നോക്കി ഒരു താങ്ങ്. പ്ളുക്കോന്നങ്ങു വീണതു മാത്രം ഓര്‍മ്മയുണ്ട്. എന്റെ കണ്ടകശനിയായിരുന്നിരിക്കണം , എന്റെ ചോരെയും അങ്ങു തിളച്ചു.

'നീയെന്നെ തള്ളും അല്‍ട്രാ?' എന്നലറി ചാടിയെണീറ്റ് ലവനെം ഞാന്‍ വെള്ളത്തില്‍ തള്ളിയിട്ടു.പിന്നെയൊരു പൂരമല്ലായിരുന്നോ.അവന്‍ എന്നെ തള്ളും ഞാന്‍ ലവനെ തള്ളും .അവസാനം തള്ളി തള്ളി എനിക്കു വെള്ളത്തില്‍ നിന്നെണീക്കാന്‍ സമയമില്ലാതായപ്പൊ ഞാനൊരു കാര്യം തീരുമാനിച്ചു.ഞാന്‍ വെള്ളത്തില്‍ തന്നെയങ്ങു കിടന്നു. എഴുന്നേറ്റാലല്ലെ തള്ളിയിടു.എന്നോടാ കളി !

ഇവനെ ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ കൊണ്ട് ചേര്‍ത്തപ്പൊ ഇവന്റെ മാതാശ്രീ 'കണ്ണാ..ദേ ഇവനെ ഒന്ന് നോക്കിക്കോളണേ' എന്നു പറഞ്ഞതിനാല്‍ ക്ളാസ്സില്‍ വച്ച് ലവനു എഴുതാന്‍ കൊടുത്ത എന്റെ 2 എച് ബി പെന്‍സിലിന്റെ മുന ലവന്‍ ഒടിച്ചപ്പൊ ഒന്നു നോക്കിയതിനു എന്നെ കുനിച്ച് നിര്‍ത്തി മുതികിനിടിച്ച ഇടി...ഇന്നും ഓര്‍ക്കുമ്പൊ രോമാന്‍ചം അന്നു വൈകിട്ട് അവന്റെ അമ്മയോട് പരാതി പറയാന്‍ 'ആന്റീ..സീ...ഹി ഇസ് ദ ഒണ്‍ലി വണ്‍ ' എന്ന ഭാവത്തില്‍ പോയ ഞാന്‍ കാണുന്നത് ഒരു വലിയ അണ്ടാവില്‍ ചോറും കറിയും ചേര്‍ത്ത് കുഴച്ചടിക്കുന്ന ലവനെയും 'ടാ.. ഇതൂടി' എന്ന പോസിലിരിക്കുന്ന അവന്റെ അമ്മയേയുമാണ്.ചുമ്മാതല്ല ഇവന്റെ
ഇടിയ്ക്ക് ഇത്ര കനം ! തിന്നെടാ തിന്ന്..ഇന്നു എന്റെ മുതു,നാളെ...നാളെയും മിക്കവാറും എന്റെ മുതുക് തന്നെയാവും എന്ന് അനിക്കപ്പൊ തന്നെ മനസ്സിലായി.

കാലം കടന്നും കിടന്നും പോയി.എന്റെ കയ്യില്‍ ക്രിക്കറ്റ് ബാറ്റ് വന്നപ്പൊ അവന്റെ കയ്യില്‍ കോമ്പസും എന്റെ കയ്യില്‍ ഡ്രാഫ്റ്റര്‍ വന്നപ്പൊ അവന്റെ കയ്യില്‍ കത്തിയും എന്റെ കയ്യില്‍ അവസാനം മൌസ് വന്നപ്പൊ അവന്റെ കയ്യില്‍ ബോംബും വന്നു..അതെ ബോംബ് !

അന്നൊരു ഞായറാഴ്‌ഴയായിരുന്നു. ഊണുകഴിഞ്ഞ് പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്ന ഞാന്‍ അടുത്തുകിടന്ന മംഗളമെടുത്ത് വാരഫലം നോക്കി. 'ശാരീരിക പുഷ്‌ടി നേടും ' ആഹ, കട്ടചുമന്നു തുടങ്ങിയ സമയമായിരുന്നെങ്കിലും അതുവായിച്ച് എന്റെ കയ്യും നെന്‍ചുമൊക്കെ ഒന്നു തടവിയപ്പൊ ഒരു മിസ്റ്റര്‍ വേള്‍ഡ് ഫീലിങ്ങ് ! 'ലോണെടുത്ത് കാര്യങ്ങള്‍ നടത്തും '. കറക്‌ട്. ഒരു ചെറിയ ലോണെടുത്ത് പുതിയൊരു കോഴ്‌സിനു ചേര്‍ന്നതേയുള്ളു. 'ശത്രുക്കളെ പൊരുതിതോല്‍പ്പിക്കും 'വൌ ! പെട്ടെന്ന് അകത്തിട്ടിരുന്നതെല്ലാം പുറത്തായി . ഒരു സൂപ്പര്‍മാന്‍ ഫീലിങ്ങ് !
ഇതെഴുതിയതാരായാലും വേണ്ടില്ല, ലവനാണു ജോല്‍സ്യന്‍ . 'ജോലി നഷ്‌ടപ്പെടാന്‍ സാധ്യത' !!!ഡും ! :( ദാ കിടക്കുന്നു.

'ഏതവനാടാ ഇതെഴുതിയെ...ഡാഷേ..' എന്നു മനസ്സില്‍ പറഞ്ഞ് മംഗളമെടുത്ത് ചുരുട്ടിയെറിഞ്ഞ് ഞാന്‍ പതുക്കെ റൂമിലേയ്ക്ക് കയറി.കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. പഷ്‌ട് ! അതിനെയാരോ ബലാല്‍സംഗം ചെയ്യാന്‍ പിടിക്കുന്ന പോലെ..വലിയ പാടാ ഓണാകാന്‍ . മോണിറ്ററില്‍ ജ്യോതികയുടെ വാള്‍പേപ്പര്‍ തെളിഞ്ഞതും ഞാന്‍ മൌസ് കയ്യില്‍ പിടിച്ചു. പെട്ടെന്നാണതു കേട്ടത് .എന്തോ പൊട്ടിയ വലിയൊരു ശബ്‌ദം ! എന്റെ റൂമിന്റെ ജനലുകള്‍ , ഹാങ്ങറില്‍ കിടന്നിരുന്ന എന്റെ കലശം ,എന്തിനു വാള്‍പേപ്പറില്‍ ചുമ്മാതിരുന്നു ചിരിച്ചുകൊണ്ടിരുന്ന ജ്യോതികയെ വരെ അതു കുലുക്കിക്കളഞ്ഞു.

അടുക്കളയില്‍ പച്ചക്കറിയുടെ സെന്‍സെക്സ് എടുക്കുകയായിരുന്ന അമ്മ ഒറ്റ നിമിഷം കൊണ്ട് എന്റെ റൂമില്‍ !

"എന്തോന്നാടാ ആ കേട്ടത് ?" അമ്മ

"ആ...എന്തായാലും കേട്ടു...മുഴക്കം ഇതുവരെ മാറിയില്ല.." ഞാന്‍ .

ചെവി തടവിക്കൊണ്ടമ്മ തിരിച്ചു പോയി. ഒരു പത്തു മിനിട്ടു കഴിഞ്ഞില്ല, അപ്പുറത്തെ സുധച്ചേച്ചി ഓടിക്കിതച്ചെത്തി അമ്മയെ വിളിച്ചു.

"ചേച്ചീ....ആ ബിനൂന്റെ കയ്യിലിരുന്ന് ബോംബ് പൊട്ടി...കരിയം സ്കൂളില്‍ വച്ച്..ഇപ്പൊ ആശുപത്രീലാ... കുഴപ്പമൊന്നുമില്ലെന്ന്"

'ബോംബാ..!! കയ്യിലിരുന്നാ..!! എന്നിട്ട് ബോംബിനെന്തെങ്കിലും പറ്റിയോ?' എന്നാണു അവന്റെ സ്വഭാവം വച്ചു ചോദിക്കേണ്ടത്.എന്റെ ഏരിയയില്‍ പൊട്ടുന്ന ആദ്യത്തെ ബോംബ് ! എങ്ങനെ അടങ്ങി ഇരിക്കും ? ഞാന്‍ എങ്ങോട്ടോ ഓടാന്‍ ചാടിയിറങ്ങി.എങ്ങോട്ടോടാന്‍ ...പുല്ല്...അവിടെല്ലാം തീര്‍ന്നുകാണും . ഞാന്‍ തിരിച്ചു കയറി.

ഒരു ദിവസം കഴിഞ്ഞപ്പൊ ചിത്രം മുഴുവന്‍ തെളിഞ്ഞു. ഏതോ പാര്‍ട്ടിക്കാര്‍ അവനെക്കോണ്ട് ബോംബ് ഉണ്ടാക്കിച്ചു. സാമ്പിളിനുണ്ടാക്കിയ ബോംബിന്റെ വെയിറ്റ് നോക്കാന്‍ അതുകൊണ്ട് പോയത് അടുത്തുള്ള ഒരച്ചായന്റെ പലവ്യഞ്ഞനക്കടയില്‍ ! പൊതിഞ്ഞു കെട്ടിയ ബോംബ് അച്ചായന്റെ കയ്യില്‍ കൊടുത്തിട്ട് ശര്‍ക്കരയാണെന്നും പറഞ്ഞു തൂക്കിച്ചു. ക്രിത്യം ഒന്നരക്കിലോ തൂങ്ങിയപ്പൊ 'ശര്‍ക്കര' അച്ചായന്‍ കയ്യിലെടുത്ത് ബോളുപോലെ പൊക്കിക്കളിച്ചു. 'അണ്ണാ...ചതിക്കല്ലേ..അതു പൊട്ടും ' എന്നു പറഞ്ഞ് അച്ചായന്റെ കയ്യില്‍ നിന്നും അതുപിടിച്ചു വാങ്ങി നേരേ കരിയം സ്കൂളിന്റെ പിന്നില്‍ പോയി. ഞായറാഴ്‌ച സ്കൂള്‍ അവധി.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ വലിയ കവര്‍ തുറന്ന് പിടിച്ച് ബിനുവിന്റെ കൂട്ടുകാരന്‍ .'ഇതെന്റെ മോനാ' എന്നു പറയുന്ന അഹങ്കാരത്തോടെ ബിനു ബോംബ് കവറിലേയ്ക്കിട്ടു. ബട്ട്, കവര്‍ പൊക്കിപ്പിടിക്കാത്തതിനാല്‍ ബോംബ് കവറിനകത്തുകൂടി തറയിലിടിച്ച്വീണു.പിന്നെ കേട്ടത് ചരിത്രം .

ഇപ്പൊ കടയില്‍ എന്തു സാധനം തൂക്കാന്‍ കൊണ്ടുവന്നാലും 'ഇതു പൊട്ടോ' എന്നു ചോദിച്ചു തുടങ്ങി, അച്ചായന്‍ .

********************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...