Monday, April 18, 2011

തിരുമന്റെ ആത്മഹത്യകള്‍ !

ഈ കഥ നടക്കുന്നത് അങു കേരളത്തിലാണോ...അല്ല..അപ്പൊ ഇന്‍ഡ്യയിലാണൊ...അല്ല. ഈ കഥ നടക്കുന്നത് കരിയം എന്ന കൊച്ചു രാജ്യത്ത്. ഒരമ്പലവും അതിനെച്ചുറ്റിപറ്റി കുറെ നിഷ്‌കളങ്കരായ ആള്‍ക്കാരും ചുമ്മാ തിക്കിത്തിരക്കി ജീവിച്ചിരുന്ന ഒരു കൊച്ചു രാജ്യം .അതെ, അവര്‍ നിഷ്‌കളങ്കരായിരുന്നു. രാത്രി ഏതെങ്കിലും പറമ്പില്‍ തേങ്ങ വീണല്‍ 'ഓണര്‍ഷിപ് ഓഫ് തേങ്ങ ഈസ് ഈക്വല്‍ റ്റു ഡിസ്‌റ്റന്‍സ് റ്റു തേങ്ങ / ടൈം റ്റു റീച്ച് തേങ്ങ' എന്ന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി പാതിരാത്രി തുണിയുടുക്കാതെയും ടോര്‍ച്ചെടുക്കാതെയും ഓടുകയും തേങ്ങ അപ്പുറത്തെ വീട്ടുകാര്‍ കൊണ്ടു പോയാല്‍ നാട്ടുകാരു കേള്‍ക്കെ പ്രാകി വീണ തേങ്ങയെ ഡിപ്രഷനടിപ്പിച്ച് വീടെത്തുന്നതിനു മുന്നെ കൊപ്രയാക്കിക്കളയുകയും ചെയ്യുന്നത്രയും നിഷ്‌കളങ്കത ! വെള്ളം കോരാന്‍ വന്ന കൊച്ചമ്മിണിയോട് 'ഐ ലവ് യൂവെ' എന്നു മാധവനും തിരിച്ച് 'ഐ ലവ് യു റ്റൂവെ' എന്ന് കൊച്ചമ്മണിയും പറയുന്നത്രയും നിഷ്‌കളങ്കത !

ഇത്രയും നിഷ്‌കളങ്കരായ രാജ്യത്താണു ഈയുള്ളവന്റെ ജനനം . അമ്പലനടയില്‍ കുട്ടിപട്ടാളങ്ങളുമായി കിടന്ന് കളിച്ച് മറിഞ്ഞ് ദേഹം മുഴുവന്‍ ചെളിയുമായി വീട്ടിലെത്തി അമ്മയുടെ കയ്യില്‍ നിന്ന് നല്ല വീക്കും വാങ്ങി ഞാന്‍ വളര്‍ന്നു തുടങ്ങി. മില്‍മ പാല്‍ പ്രചാരത്തിലില്ലാത്ത കാലം . ഐ മീന്‍ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പശുക്കളുള്ള വീട്ടില്‍ നിന്നും പാലു വാങ്ങുന്ന രീതിക്കായിരുന്നു കൂടുതല്‍ പ്രചാരം . അപ്പൊ ഞാന്‍ പറഞ്ഞു വരുന്നത് വീട്ടില്‍ പാലുവാങ്ങാന്‍ പോകുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്റെ കുഞ്ഞുതോളുകളില്‍ വന്നു വീണു.'ആദ്യമെഴുന്നേല്‍ക്കുന്നവന്‍ പാലിനുപോണം ' എന്ന് കേന്ദ്രത്തില്‍ നിന്നുത്തരവ് വന്നതാണു പ്രശ്‌നമായത്. എന്നും രാവിലെ ഒരല്‍പം നേരത്തെ എഴുന്നേല്‍ക്കുന്നത് ഞാന്‍ . പഠിക്കാനൊന്നുമല്ല, ഒരിത്തിരീശെ മൂത്രമൊഴിച്ചിട്ടു വീണ്ടും ചെന്നു കിടക്കാന്‍ ! എന്റെ ഈ അസമയത്തുള്ള മൂത്രശങ്ക കാരണം എല്ലാ ദിവസവും ഞാന്‍ തന്നെ പാലുവാങ്ങാന്‍ പോകേണ്ടി വരും .ഇനി ഞാന്‍ വെള്ളം കൂടുതലു കുടിക്കുന്നതുകൊണ്ടാണൊ ഈ ശങ്ക എന്നുകരുതി രാത്രി വെള്ളം കുറച്ച് കുടിച്ചുതുടങ്ങി. 'നീ വെള്ളം കുടിച്ചാലും ഇല്ലേലും എനിക്ക് പോണം ' എന്ന രീതിയിലായി മൂത്രം . അപ്പൊ വെള്ളം കുടിയുമല്ല പ്രശ്‌നം . സംതിങ്ങ് ഈസ് റോങ്ങ് ഇന്‍ ദ ബോഡി ഓഫ് മൈന്‍ ... എന്റെ ശരീരത്തിന്റെ കുഴപ്പാന്ന്...



അങ്ങനെ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് പാലുവാങ്ങാന്‍ പോയ ഞാന്‍ കാണുന്നത് പാലുവാങ്ങാന്‍ പോകുന്ന വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചെറിയ ആള്‍ക്കൂട്ടത്തിനേയാണ്.

ഒന്നും മനസ്സിലാകാതെ നിക്കര്‍ ഒന്നുകൂടെ വലിച്ചു കേറ്റി ഞാന്‍ അങ്ങോട്ട് ചെന്നു. (നാട്ടില്‍ നാലാളു കൂടുമ്പൊ മാറി നില്‍ക്കുന്നതു ശെരിയാണോ ?)

"പാമ്പ്" ആരോ പറയുന്നതു കേട്ടു.

'യെന്റമ്മച്ചീ പാമ്പാ' !!!

അവിടെയ്ക്കിറങ്ങാന്‍ കയ്യാലയില്‍ ചവിട്ടിയ ഞാന്‍ അതേ സ്പീഡില്‍ മുകളിലെത്തി.അവിടെ നിന്നും രംഗം കൂലംകഷമായി വിശകലനം ചെയ്തു. ആ വീട്ടില്‍ ഒരു കിണറുണ്ട്. തൊടിയില്ലാത്ത കിണര്‍ .അതിനു ചുറ്റും കൂടി നില്‍ക്കുകയാണു ആള്‍ക്കാര്‍ . മഴ പെയ്താല്‍ ആ കിണറില്‍ വെള്ളം നിറയും . പിന്നെ ആ കിണറില്‍ ,ആ ഏരിയയിലുള്ള മുഴവന്‍ പച്ചത്തവളകളുടെയും ഓള്‍ കേരള സമ്മേളനമാണ്. തവളയാണതിനകത്തെങ്കില്‍ പിന്നെ 'പാമ്പ്' എന്നെന്തിനു പറയണം ? ഞാന്‍ പതുക്കെ അവരുടെ ഇടയിലൂടെ നുഴഞ്ഞു കയറി കിണറ്റിലേയ്ക്കൊന്നു നോക്കി. യെന്റത്തിപ്പാറമ്മച്ചീ..!! ദേ കിടക്കുന്നു , ഒരു കറുത്ത വളയം കിണറില്‍ ! ഏതോ കുരുത്തം കെട്ട തവളയെ ചെയ്സ് ചെയ്യുന്നതിനിടയില്‍ വീണുപോയതാ.



കരിംചേരയാണെന്നു ചിലര്‍ , അതല്ല അതു കരിമൂര്‍ഖനാണെന്ന് വേറേ ചിലര്‍ .

"നിങ്ങളെല്ലാം മാറിക്കേ സംശയം ഇപ്പൊ തീര്‍ത്തു തരാം " മാധവന്‍ മാമന്‍ . അമ്പലക്കമ്മിറ്റി സെക്രട്ടറിയാ.

പുള്ളി ഒരു ചെറിയ കല്ലെടുത്തു. കിണറ്റിനകത്തേയ്ക്ക് ഒരൊറ്റ ഏറ്.

രംഗം : അതിനകത്തു കിടന്ന സാധനം പത്തിയങ്ങു വിടര്‍ത്തുന്നു. ശൊ എനിക്കങ്ങു രോമാന്‍ചമായിപ്പോയി.

'പാമ്പ്...ദേ പാമ്പ്' എന്നു വിളിച്ച് ആള്‍ക്കാര്‍ പരക്കം പായുന്നു. മിനുട്ടുകള്‍ക്കകം ഒരു വലിയ മോട്ടോര്‍ പമ്പ്
പ്രത്യക്ഷപ്പെട്ടു. പതുക്കെ കിണറ്റിലേക്കിറക്കി വെള്ലം പുറത്തേയ്ക്കടിച്ചു തുടങ്ങി.

ഞാന്‍ പാലുവാങ്ങാന്‍ അപ്പുറത്തെ വീട്ടിലേയ്ക്ക് പോയി. തിരികെ വരുമ്പൊ ആസ്ഥാനകളരിയായി അറിയപ്പെടുന്ന റോയി ആശാന്‍ ഒരു നീളന്‍ വടിയെടുത്ത് വീശിക്കളിക്കുന്നു !

"ഇടതമര്‍ന്ന്..വലതു മാറി...അടി...ചാടിയമര്‍ന്ന് വീണ്ടും അടി.." പാമ്പിനെ തല്ലിക്കൊല്ലാനുള്ള വാം അപ് !!

ഞാന്‍ വീണ്ടും കിണറ്റിന്‍ കരയില്‍ . ഒരന്‍ചു മിനുട്ട് കഴിഞ്ഞപ്പൊ കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റുകയും താഴേയ്ക്കിട്ട കമ്പിയില്‍ തൂങ്ങി പാമ്പ് മുകളില്‍ സുരക്ഷിതനായി എത്തുകയും ചെയ്തു. പിന്നെ അങ്ങു തുടങ്ങീല്ലേ അടിക്കാന്‍ .

രണ്ടെ രണ്ടു മിനുട്ടു കൊണ്ട് പാമ്പ് വടി ! വാലുമാത്രം ചെറുതായി അനങ്ങുന്നുണ്ട്.

അപ്പോഴാണു നമ്മുടെ നായകന്റെ വരവ് . അതെ, കരിയം രാജ്യത്തെ ആസ്ഥാന പാമ്പ്. തിരുമേനി വിജയന്‍ എന്ന തിരുമന്‍ !രാവിലെ തന്നെ അടിച്ചു കോണ്‍ തിരിഞ്ഞാണു വരവ്.



പാമ്പിനെ അടിച്ചുപരുവമാക്കി വഴിയിലിട്ടിരിക്കുന്നു, പുള്ളി നടന്നു വരുന്ന അതേ വഴിയില്‍ ! 'ഈ പാമ്പിനെ മുന്‍പിവിടെങ്ങും കണ്ടിട്ടില്ലല്ലൊ' എന്ന ഭാവത്തില്‍ പുരുഷാരം. എല്ലാരുടെയും ശ്രദ്ധ പാമ്പില്‍ . ഇതൊന്നും ശ്രദ്ധിക്കാതെ വന്ന തിരുമന്‍ 'നടക്കുന്ന വഴിയിലാരാടാ പാമ്പിനെ ഇട്ടിട്ടു പോയെ,ഒരൊറ്റ ചവിട്ടിനുണ്ടല്ലോ..' എന്ന ഭാവത്തില്‍ അതിനെ നോക്കി. .

"ടാ..വിജയാ അതു ചത്തിട്ടില്ലാ'" എന്ന് മാധവന്‍ മാമന്‍ .

തിരുമന്‍ ചുറ്റും നോക്കി. എന്തും സംഭവിക്കാം. കരിയം രാജ്യം ഒരു നിമിഷത്തേയ്ക്ക് നിഷബ്‌ദമായി. ചാണകം ഇട്ടുകൊണ്ടിരുന്ന പശു അതു നിര്‍ത്തി. അടുത്ത മരത്തിലേയ്ക്ക് പറക്കാന്‍ തുടങ്ങിയ പക്ഷികള്‍ അതു വേണ്ടാന്ന് വച്ചു. വളരെ യാദൃശ്ചികമായി മാത്രം ഉണ്ടാകുമായിരുന്ന സംഘര്‍ഷാവസ്ഥ അങ്ങനെ കരിയത്ത് കുമുകുമാന്ന് അടിഞ്ഞുകൂടി

"ടീ ശാന്തേ...നിനക്കു ഞാന്‍ ചാകണം അല്ലേടീ...ഇന്നാടീ കണ്ടോ" എന്നു വിളിച്ചുകൊണ്ട് തിരുമന്‍ പാമ്പിനെ എടുത്ത് കഴുത്തിലൂടെയിട്ട് ഭഗവാന്‍ ശിവനെപ്പോലെ ഒരു കാല്‍ പൊക്കി ഒരൊറ്റ നില്‍പ്പ് !!നോട്ട് ദ പോയിന്‍റ്റ്, പാമ്പിന്റെ വാല്‍ അപ്പോഴും തരക്കേടില്ലാത്ത വിധം അനങ്ങുന്നുണ്ട്.



'വെള്ളമടിച്ചാ ഇങ്ങനാ...പാമ്പിനെ മാത്രം പേടി കാണില്ല' എന്ന് ചിലര്‍ .

ആള്‍ക്കാര്‍ക്ക് അടുക്കാന്‍ പേടി. 'പാമ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ല...ചില്ലപ്പൊ..' എന്നു ചിന്തിച്ച് എല്ലാരും നില്‍ക്കുന്നതിനിടയില്‍ 'നിങ്ങളെനിക്ക് ഒരു മനസമാധാനോം തരൂല്ലല്ലേ മനുഷ്യാ' എന്നു വിളിച്ച് അവിടെവിടെയോ ഉണ്ടായിരുന്ന മിസ്സിസ് തിരുമന്‍ ഒരു നീളന്‍ വടിയുമായി ചാടി വീണു.

"ടീ...താണ്ടവോന്ന്....താണ്ടവം കഴിയട്ടേന്ന്.." തിരുമന്‍.

"മണാങ്കട്ട...വീട്ടില്‍ പോയി ചായകുടി മനുഷ്യാ" എന്നു പറഞ്ഞു കെട്ടിയോന്റെ കഴുത്തില്‍ കിടന്നിരുന്ന
പാമ്പിനെ വലിച്ച് തറയിലിട്ട് വാരിക്കോരി അടിക്കുകയും ചെയ്തു. ചത്തു !! അപ്പോഴും ഒറ്റക്കാലില്‍ നിന്നിരുന്ന തിരുമനിട്ടും കൊടുത്തു രണ്ടെണ്ണം .

ഇതാണു തിരുമന്റെ ആദ്യ ആത്‌മഹത്യാ ശ്രമം .

പുള്ളിയുടെ മറ്റൊരു ഹോബിയാണു 'നിനക്കിന്ന് കാണിച്ച് തരാടീ' എന്ന് ഡയലോഗടിക്കുകയും വീട്ടിലെ അമ്മിക്കല്ല്, ആട്ടുകലല്‍ , വിളക്ക് ഇതൊക്കെ പലപ്പോഴായി കിണറ്റിലെടുത്തിട്ട് വലിയ ശബ്ദമുണ്ടാക്കി, തന്റെ ചെരുപ്പും കൈലിയും കിണറ്റിന്‍ കരയില്‍ ഊരിവച്ച് ദൂരെ മാറി നിന്ന് ബീഡി വലിക്കുകയും ചെയ്യുക എന്നുള്ളത്.

'രാവിലെ പഴങ്കഞ്ഞി വേണോന്ന് പറഞ്ഞതാണെ...ഇപ്പൊ കിണറ്റി വീണേ' എന്നു നിലവിളിച്ച് മിസിസ് തുരുമന്‍ ഓടി വരുമ്പോഴാകും 'ഇപ്പൊ ചാടീല്ല, പക്ഷെങ്കി അടുത്ത തവണ ചാടിയിരിക്കും ' എന്ന ഭാവത്തില്‍ പുള്ളി പ്രത്യക്ഷപ്പെടുന്നത്.

ഇതൊരു സ്ഥിരം പരിപാടി ആയപ്പോള്‍ കെട്ടിയോളും നാട്ടുകാരും ഇത് കാര്യമാക്കാതായി. ഈ ഒരു സാഹചര്യത്തിലായിരുന്നു തിരുമന്‍ ശെരിക്കും കിണറ്റില്‍ ചാടിയത്. അതും 'സ്ത്രീ' സീരിയല്‍ നടക്കുന്ന സമയത്ത് ! 'ഓ അങ്ങേരു പിന്നേം തുടങ്ങി' എന്നു വിചാരിച്ച് മിസിസ് ടിവി കാണല്‍ തുടര്‍ന്നു. സമയം രാത്രി പതിനൊന്നായിട്ടും നല്ലപാതിയെ കാണാത്തതിനാല്‍ 'ഇനിയിപ്പൊ ശെരിക്കും ചാടിയോ' എന്ന് വിചാരിച്ച് കെട്ടിയോള്‍ കിണറ്റിലേയ്ക്ക് എത്തി നോക്കുകയും ചെയ്തു.

"ടീ..ഞാന്‍ ഇവിടുണ്ട്.." എന്ന് തിരുമന്‍ വിളിച്ചു പറഞ്ഞതിനെതുടര്‍ന്ന് മിസിസ് സ്ഥിരം പരിപാടിയായ പറ്റിവിളി കം ചുറ്റിയോട്ടം നടത്തുകയും ആള്‍കാരെല്ലാരും എത്തി എന്നറിഞ്ഞ ശേഷം സ്ഥലത്തെ പ്രധാന മുങ്ങല്‍ വിദഗ്ദ്ധന്‍മാരെ മെസേജ് അയച്ച് വരുത്തുകയും ചെയ്തു.

സമയം പന്ത്രണ്ട്. കിണറ്റിലിറങ്ങാന്‍ ആളുകളെത്തി.കിണറ്റിലേയ്ക്ക് ഇറങ്ങി ഒരു അര മണിക്കൂര്‍ കൊണ്ട് തിരുമനെ മുകളിലെത്തിച്ചു.

'ഇപ്പൊ എങ്ങനുണ്ട് വിജയാ' എന്നു ചോദിച്ച മാധവന്‍മാമനോട് 'കുഴപ്പമില്ല ..ചാട്ടമൊക്കെ നന്നായിരുന്നു..പക്ഷെ മുകളിലേയ്ക്ക് കേറ്റുന്നതിനു മുന്നെ പാതിരാത്രിയാണോടാ മനുഷ്യനു പണിയുണ്ടാക്കുന്നേ കഴുവേര്‍ട മോനേ എന്നു പറഞ്ഞ് വെള്ളത്തില്‍ മുക്കി ഒരു മൂച്ചറിടിയുണ്ട്..അതാ പാട്..' എന്ന് പറഞ്ഞ് തിരുമന്‍ പതുക്കെ വീടിനകത്തേയ്ക്ക് കയറി.
                           
ഇതായിരുന്നു തിരുമന്റെ രണ്ടാമത്തെ ആത്മഹത്യാശ്രമം .


************************* ശുഭം ************************************

Monday, April 11, 2011

ജാക്കിചാന്‍ , ബ്രൂസ് ലി..പിന്നെ ന്റെ ചേട്ടന്‍ !

'ഹീയാ...'


തോടുള്ള കപ്പലണ്ടിയില്‍ നിന്ന് കപ്പലണ്ടി മാത്രം എക്സ്ട്രാക്റ്റ് ചെയ്ത് വായിലേക്ക് വയ്ക്കുന്ന പ്രോസസ്സില്‍ മുഴുകി ഇരുന്നപ്പോളാണ് എന്റെ പിന്നില്‍ ഒരു നിലവിളി കേട്ടത്. സാധാരണ ഞാനിത്തരം കാര്യങ്ങള്‍ ,അതായത് വല്ല കപ്പലണ്ടിയോ വല്ല ചിപ്സോ കഴിച്ചു കൊണ്ടിരുന്നാല്‍ 'ഡാ കണ്ണാ ഉണ്ണാന്‍ വാ " എന്നാ അമ്മയുടെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ശ്രദ്ദിക്കാറെ ഇല്ല .പക്ഷെ ഇവിടെ ശ്രദ്ദിക്കാന്‍ കാരണമുണ്ട് .സാധാരണ വീട്ടില്‍ നിലവിളി കേള്‍ക്കുന്നത് ഞാനും ചേട്ടനും ചേച്ചിയും ഒരുമിച്ചുള്ളപ്പോള്‍ ആണ്.ആദ്യം ചേട്ടനെ ചൊറിഞ്ഞതിന്റെ ഫലമായി ഞാന്‍ നിലവിളിക്കും .എന്നെ രക്ഷിക്കാന്‍ ചേച്ചി വരുന്നത് കൊണ്ട് ചേട്ടന്‍ നിലവിളിക്കും ,അത് കഴിഞ്ഞു ചേട്ടന്‍ വയലന്റ് ആകുമ്പോ ചേച്ചി നിലവിളിക്കും.പിന്നെ അച്ഛന്‍ വന്നാല്‍ ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് കൂട്ടത്തോടെ നിലവിളിക്കും. ഇതാണതിന്റെ ഒരു രീതി .പക്ഷെ ഇവിടെ ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചല്ല.ഈ അസ്വാഭാവികത എന്നെ വല്ലാണ്ടങ്ങ് ആകാംഷഭരിതനാക്കി.ഞാന്‍ തിരിഞ്ഞുനോക്കി.

ചേട്ടന്‍ ! തോളില്‍ സ്കൂള്‍ ബാഗും തൂക്കി ബ്രൂസ് ലിയെപ്പോലെ നില്‍ക്കുന്നു.




എന്നെ നോക്കി കാലുപൊക്കി, വീണ്ടും യീഹാ!!




മുരളീധരനും ചെന്നിത്തലയും കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ കണ്ട് കണ്ണുതള്ളിയ ഉമ്മന്‍ ചാണ്ടിയെപ്പോലെ, കപ്പലണ്ടി ചേട്ടന്‍ കാണാതെ പോക്കറ്റിലിട്ട് ഞാന്‍ വാ പൊളിച്ചു..വീണ്ടും പൊളിച്ചു..പൊളിച്ചോണ്ടേയിരുന്നു!




കാരണം ? യൂറൊപ്പ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോസില്‍ നില്‍ക്കുന്ന ചേട്ടന്റെ പിറകില്‍ അമ്മ!






"അലറിവിളിക്കാതെ വന്നൂടേടാ നിനക്ക്..കറിക്കരിഞ്ഞോണ്ടിരുന്ന എന്റെ കൈ മുറിഞ്ഞു..എല്ലാം കൂടി ചവിട്ടിക്കൂട്ടും ഞാന്‍ " ഇത്രയും കേള്‍ക്കാനുള്ള സമയം ചേട്ടനു കിട്ടുന്നതിനു മുന്നെ ചെവിക്ക് പിടുത്തം വീണിരുന്നു.




"അമ്മാ..അമ്മാ..അടിക്കല്ല്..സ്കൂളി ബ്രൂസ് ലീ.."




വാട്ട് ദ ഹെല്‍ !! സ്കൂളില്‍ ബ്രൂസ് ലിയൊ? ചിലപ്പൊ ശെരിയായിരിക്കും . ഞാന്‍ പഠിക്കുന്ന മലയാളം മീഡിയം സ്കൂളില്‍ ബ്രൂസ് ലി എങ്ങനെ വരാനാ? പുള്ളി കംപ്ലീറ്റ് ഇംഗ്ലീഷല്ലെ..? എന്റെ കണ്ണുകള്‍ ചോദിച്ചു, 'എന്നിട്ട്?'




"പ്ഫ..ബ്രൂസ് ലീ..അങ്ങേരു ചത്തിട്ട് വര്‍ഷങ്ങളായി..ഇനി മേലില്‍ ഇങ്ങനെ അലറി വിളിച്ചോണ്ട് വന്നേക്കരുത്.." എനിക്കുത്തരം കിട്ടുന്നതിനു മുന്നെ അമ്മ ചേട്ടനു വാണിങ്ങ് കൊടുത്തു.




എന്റെ കണ്ണുകള്‍ വീണ്ടും ചോദിച്ചു, 'ബ്രൂസ് ലെ മരിച്ചൊ? അതെപ്പ?'




"അമ്മാതല്ല..ബ്രൂസ് ലീടെ സിനിമ ഇന്ന് സ്കൂളി കാണിച്ച്.." ചെവിയും തടവി പുളിന്‍ചിക്ക കടിച്ച പോലെയുള്ള മുഖവുമായ് ചേട്ടന്‍ പറഞ്ഞു.




ഓഹോ അപ്പൊ അതാണു കാര്യം . ബ്രൂസ് ലീടെ സിനിമ കണ്ടതിന്റെ തിളപ്പാ.ഞാന്‍ പതുക്കെ പോക്കറ്റില്‍ കൈയ്യിട്ട് കപ്പലണ്ടിയെടുത്തു. ഇനി കുറച്ചേ ബാക്കിയുള്ളു. നിന്ന നില്‍പ്പില്‍ രണ്ടെണ്ണം ബാക്കി വച്ച് ബാക്കി വായില്‍ തട്ടി. ബാക്കി വന്ന രണ്ടെണ്ണം ചേട്ടനു നേരേ നീട്ടി,




"ചേട്ടാ..കപ്പലണ്ടി വേണോ? ഇപ്പൊ തീര്‍ന്നേനെ.."




കപ്പലണ്ടിയെന്ന് കേട്ട് ചെവിയില്‍ പിടിച്ചിരുന്ന കൈയ്യെടുത്ത് എന്റെ നേരെ നീട്ടി.




"ടാ..ഇന്നച്ചന്‍ വരുമ്പൊ നീ പറയോ എന്നെ കരോട്ട (ഇന്നത്തെ കരാട്ടെ!) പഠിക്കാന്‍ വിടാന്‍.. നീ പറഞ്ഞാ അച്ചന്‍ കേള്‍ക്കും " കപ്പലണ്ടി വായിലിട്ട് ചവച്ചത് തന്നെ വീണ്ടും ചവച്ചുകൊണ്ട് ചേട്ടന്‍ .




ആഹ, ബെസ്റ്റ്.




"ഞാന്‍ പറഞ്ഞാ അച്ചന്‍ കേക്കൂല്ല..എങ്കി പിന്നെ അച്ചന്റെ സ്കൂട്ടറോടിക്കാന്‍ തരോന്ന് ചോദിച്ചപ്പൊ തരാത്തെന്താ?" എന്റെ ചോദ്യം തികച്ചും ന്യായം !




"അത് വല്യോര്‍ക്കൊള്ളതാടാ..നീ ഇത് പറേണം ..മറക്കല്ല്.." ഒരു വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച് ചേട്ടന്‍ അടുക്കളയിലേയ്ക്ക് പോയി.




രംഗം : രാത്രി അച്ചന്റെ അടുത്തൂടെ ഞാനും ചേട്ടനും കറങ്ങി നടക്കുന്നു. എന്തോ വായിച്ചുകൊണ്ടിരുന്ന അച്ചന്‍ ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കുന്നുണ്ട്.




"പറേടാ ടാ..ഇപ്പൊ പറ..പറ" എന്റെ മുതുകത്ത് കുത്തിക്കൊണ്ട് ചേട്ടന്‍ എന്നെ ഡെയിന്‍ജര്‍ സോണിലേയ്ക്ക് തള്ളി.




"ച്ചാ..അതെ.." ഞാന്‍ അച്ചന്റെ അടുത്തേയ്ക്ക് നീങ്ങി.അച്ചന്‍ മുഖമുയര്‍ത്തി 'എന്താ?' എന്നര്‍ത്ഥത്തില്‍ നോക്കി.


"ദാണ്ടെ..ഈ ചേട്ടന്‍ പറേണ്..എന്നെ കരാട്ടെ പഠിപ്പിക്കാന്‍ വിടാന്‍ "




എന്റെ പിറകില്‍ ഇപ്പൊ തള്ളിയ രണ്ടുകണ്ണുകള്‍ !







ഞാന്‍ അങ്ങോട്ട് നൊക്കിയതേയില്ല. നോക്കീട്ടും കാര്യമില്ല. ഇനി വാങ്ങാനുള്ളതെല്ലാം കട്ടിലില്‍ കേറുന്നതിനു മുന്നെ കിട്ടും . എന്തായാലും ചേട്ടനു കരാട്ടെ പഠിക്കണം . അപ്പൊ ഞാന്‍ ഇവിടെന്തുചെയ്യും ?


"ഹും ..? നിനക്ക് പഠിക്കണോ..?"


"അല്ല..ചേട്ടന്‍ പറഞ്ഞ്..അതോണ്ട്.." ഞാന്‍ വീണ്ടും
.
"നിനക്ക് പഠിക്കണോങ്കി പറാ..ശെരിയാക്കാം ..അല്ലാതെ അവന്‍ പറഞ്ഞതുകൊണ്ട് നീ പോണ്ടാ"


"എന്നാ പിന്നെ ചേട്ടനേം കൂടി വിടോച്ചാ..ഞാന്‍ പോയാ ചേട്ടന്‍ ഇവിടൊറ്റക്കിരിക്കണ്ടെ" എപ്പോഴും ആദ്യം നമ്മുടെ കാര്യം നോക്കിയിട്ടെ മറ്റുള്ളൊര്‍ടെ കാര്യത്തില്‍ തലയിടാവു, യേത്?


"ഹും ..ഞാന്‍ ആ പ്രസാദിനോട് പറയാം .. എന്നാന്നു വച്ചാ പോയ്ക്കൊ.." അച്ചന്‍ വീണ്ടും വായനയിലേയ്ക്ക്.


"ഹോ..ഇനി അതിന്റെ കുറവൂടേയുള്ളു..ഒരുത്തന്‍ ഒരു സിനിമ കണ്ടപ്പൊ എന്റെ കൈ മുറിഞ്ഞു..ഇനി പഠിക്കാനും കൂടി പോയാല്‍ എന്റെ കഴുത്തിനുമോളില്‍ തല വച്ചേക്കോ ഇവന്‍മാര്..." :P


ഈ അമ്മേടൊരു കാര്യം .അല്ലേലും അമ്മയ്ക്ക് പണ്ടേ അങ്ങനാ തലയെന്ന് വച്ചാ ജീവനാ!


പിന്നീടുള്ള ദിവസങ്ങളില്‍ രാത്രി കിടക്കുന്നതിനു മുന്നെ ഇന്നാരുടെ കൂടെ ഫൈറ്റ് ചെയ്യുന്നത് സ്വപ്നം കാണണം എന്നാദ്യമേ നിശ്ചയിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. 'ഇന്ന് ബ്രൂസ് ലീ..നാളെ..നാളേം ബ്രൂസ് ലി തന്നെ മതി..അവനിത്തിരി ജാടയാ' എന്നൊക്കെ വിചാരിച്ച് കിടക്കും . പല രാവിലെകളിലും അമ്മ ചേട്ടനോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട് 'എന്തോന്നാടാ പാതി രാത്രികിടന്ന് കൂവുന്നത്'.


അച്ചന്‍ പറഞ്ഞതനുസരിച് അന്‍ചാം ക്ലാസ്സില്‍ കളിക്കുന്ന ഞാനും ആറാം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടനും പ്രസാദേട്ടന്‍ എന്ന് വിളിക്കുന്ന മാസ്റ്റര്‍ പ്രസാദിന്റെ അടുത്ത് കരാട്ടെ പഠിക്കാന്‍ പോയി.


ആദ്യത്തെ ഒരു മാസം നടന്നത് ഇത്രയുമായിരുന്നു, പുഷപ്പ് , ചിന്നപ്പ് , വീണ്ടും പുഷപ്പ് (കാല്‍ അകത്തിയത്), പുഷപ്പ് (ഒരു കാല്‍ പൊക്കി വച്ച്), പുഷപ്പ് (രണ്ട് കാലും മുകളില്‍ വച്ച്), ഏറ്റവും ഒടുവില്‍ വീട്ടിലേയ്ക്ക് നടത്തം (നടുവളച്ച്). ന്റെ പൊന്നൂ..!! :(


രണ്ടാം മാസം നടന്നത് ഇത്രയുമായിരുന്നു, പ്രസാദേട്ടന്‍ എന്നെ വിളിക്കുന്നു. അവിടെ പഠിക്കാന്‍ വരുന്ന മറ്റുള്ളോര്‍ക്ക് ഡെമോന്‍സ്ട്റേറ്റ് ചെയ്യാനായി എന്നെ കുനിക്കുന്നു, ഇടിക്കുന്നു. അതുകഴിഞ്ഞ് ചേട്ടനെ വിളിക്കുന്നു. ഇടിക്കുന്നു, കുനിക്കുന്നു, വീണ്ടും ഇടിക്കുന്നു. ഏറ്റവും അവസാനം വീട്ടിലേയ്ക്ക് നടത്തം (നടു വളയ്ക്കാതെ..ഐ മീന്‍ വളയ്ക്കാന്‍ പറ്റാതെ).


കരാട്ടെ പഠിക്കുന്നതിനു മുന്നെയുള്ള രാത്രികളില്‍ 'യീഹാ..ഹുയ്' എന്നൊക്കെയുള്ള ശബ്‌ദമുയര്‍ന്നിരുന്ന ഞങ്ങളുടെ റൂമില്‍ നിന്ന്, കരാട്ടെ പഠിക്കാന്‍ പോയതിനുശേഷം 'ഹമ്മോ..നോവണ്..' എറ്റ്സെട്രാ എറ്റ്സെട്രാ വന്നുതുടങ്ങി.


സംഗതി ഇത്രത്തോളം , അതായത് കരാട്ടെ പഠിക്കാന്‍ പോയിപ്പോയി കക്കൂസിലൊന്ന് നേരേയിരിക്കാന്‍ പോലുമാകാതെ വന്നപ്പൊ, ഈയുള്ളവന്‍ ഒരു തീരുമാനമെടുത്തു, ആ തീരുമാനം വീട്ടില്‍ ഉറക്കെ പ്രഖ്യാപിച്ചു,


'അച്ചാ..അമ്മാ..ഞാന്‍ പഠിച്ച്..എനിക്ക് മതി..' !!!


തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ചേട്ടന്‍ ഒറ്റയ്ക്കായി കരാട്ടെ പഠിത്തം. മകന്റെ ഉത്സാഹം കണ്ട് അച്ചന്‍ ചേട്ടനു മിക്കപ്പോഴും പൊറോട്ടേം ചിക്കനും വാങ്ങിക്കൊടുത്തിരുന്നു. കോഴിയുടെ എല്ലുകള്‍ ചേട്ടന്റെ എല്ലിന്റെ ഇടയ്ക്ക് കേറിയത് മുതല്‍ എനീക്ക് കഷ്ടകാലം തുടങ്ങി.


ചേട്ടന്‍ ക്ലാസ്സ് കഴിഞ്ഞ് വന്നാലുടനെ നേരേ റൂമിലേയ്ക്ക് വന്ന് വല്ല പാവം പിടിച്ച കപ്പലണ്ടിയോ മിക്സ്ചറൊ തിന്നോണ്ടിരിക്കുന്ന എന്നെ തൂക്കിയെടുക്കും . എന്നിട്ട് നേരെ മുറ്റത്ത് കൊണ്ട് നിര്‍ത്തും . ഒരു ദിവസം ഇതേ പോലെ തൂക്കിയെടുത്ത് കൊണ്ട് നിര്‍ത്തിയിട്ടു പറഞ്ഞു,


"ഡെയ്..നീ ഇങ്ങനെ നില്ല്..ഞാന്‍ റിവേഴ്‌സ് കിക്ക് ചെയ്യും ..നിന്റെ തലേ കൊള്ളൂല്ല..പേടിക്കണ്ട.."


ഞാന്‍ നിന്നു, സര്‍ക്കസ്സില്‍ കത്തിയേറുകാരന്റെ മുന്നില്‍ കാലുകളകത്തി ചുവരോട് ചേര്‍ന്ന് നില്‍ക്കുന്നവനെപ്പോലായിരുന്നു എന്റെ അവസ്ത്ഥ!


ചേട്ടന്‍ റിവേഴ്‌സ് കിക്കെടുത്തു !






ഡും !!


വെല്‍ , ആക്‌ച്വലി, പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ആടിയിരുന്ന എന്റെ ഒരണപ്പല്ലങ്ങൂരിത്തെറിച്ചു !


രംഗം : ചേട്ടനെ ആ ഏരിയയില്‍ കാണുന്നില്ല. ഞാന്‍ മുറ്റത്ത് തെറിച്ച പല്ലുതപ്പുന്നു.


അന്ന് രാത്രി വീട്ടില്‍ ചേട്ടന്റെ കൂവല്‍ കേട്ടു, 'അടിക്കല്ലച്ചാ..അടിക്കല്ല്..ഇനി ചെയ്യൂല്ല..സത്യായിട്ടും ചെയ്യൂല്ല'


അതിനു ശേഷം ചേട്ടന്‍ എന്നെ മുറ്റത്ത് തൂക്കിയെടുത്തുകൊണ്ട് നിര്‍ത്തിയാല്‍ ആദ്യം എന്റെ വാപൊളിച്ച് പല്ലാടുന്നുണ്ടോന്ന് നോക്കും . അതാണു സ്നേഹം !


അങ്ങനെ മാസങ്ങള്‍ കടന്നപ്പൊ പഠിച്ചതെല്ലാം പരീക്ഷിക്കാന്‍ ചേട്ടനു നറുക്ക് വീണു. അതെ, ചേട്ടന്റെ ആദ്യത്തെ ഡെബ്യൂട്ട് മാച്ച് ! ശ്രീമൂലം ക്ലബ്ബില്‍ വച്ചാണു മത്സരം. അമ്മ പുളകം കൊണ്ടു, അച്ചന്‍ കോരിത്തരിച്ചു, ചേച്ചി രോമാന്‍ചകന്‍ചുകയായി. ഞാനപ്പഴും കപ്പലണ്ടി തിന്നു!


രംഗം : ശ്രീമൂലം ക്ലബ്ബിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തല്‍ക്കാല്ത്തേയ്ക്ക് കരാട്ടേ റിംഗാക്കി മാറ്റിയിരിക്കുന്നു.റിംഗിനു ചുറ്റും കോമ്പറ്റീഷനുവന്ന കുട്ടികളും അച്ചനമ്മമാരും .ചേട്ടന്‍ അച്ചന്റേം അമ്മേടേം കാലില്‍ തൊട്ടുവന്ദിക്കുന്നു.തുടര്‍ന്ന് അംഗത്തട്ടിലേയ്ക്ക്...


എതിരാളി ചേട്ടന്റെ തന്നെ കൂട്ടുകാരനായ ബാലുച്ചേട്ടന്‍ . എല്ലാരുടെയും കണ്ണുകള്‍ ചേട്ടനിലും ബാലുച്ചേട്ടനിലും . റഫറി രണ്ടുപേരുടെയും ബോഡി മുഴുവന്‍ പരതുന്നു.ഒന്നും കിട്ടില്ല എന്നറിഞ്ഞതുകൊണ്ടാവും രണ്ടുപേരുടെയും ചെവിയില്‍ എന്തോ പറയുന്നു, 'ഒന്നൂല്ലേഡെയ്?'. എന്നിട്ട് രണ്ടുപേരുടേയും മദ്ധ്യത്തായി വായുവില്‍ കൈ വീശുന്നു..യുദ്ധം തുടങ്ങി..




ഒരു മിനിറ്റ് ഒരേ ഒരു മിന്റേ യുദ്ധം നീണ്ടോളു. പിന്നെ കാണുന്നത് എന്റെ സ്വന്തം ചേട്ടന്‍ മലര്‍ന്നടിച്ച് തറയില്‍ കിടക്കുന്നതാ!!


രംഗം : കാറില്‍ ഞാനും ചേച്ചിയും ഫ്രണ്ടിലും അച്ചനും അമ്മയും ബാക്കിലും ..അവരുടെ നടുവില്‍ ചേട്ടനും !


"അമ്മാ..എന്നാലും അവനെന്നെ ഇടിച്ച്..." നെന്‍ച് തടവിക്കൊണ്ട് ചേട്ടന്‍.


"പോട്ട് മോനെ..സാരില്ല..ഇവിടാണോ ഇടിച്ചെ..അതെ ഇവിടോ..?" അമ്മ ചേട്ടനു നെന്‍ച് തടവിക്കൊടുക്കുന്നു.


"ന്നാലും അവനു ഞാന്‍ ഉച്ചയ്ക്ക് മുട്ടയൊക്കെ കൊടുത്തിട്ടുള്ലതാ..അവന്‍ എന്നെ ഇടിച്ച്" ചേട്ടനു സങ്കടം സഹിക്കുന്നില്ല.


കാറില്‍ നിന്നിറങ്ങി, ചേട്ടനെയും താങ്ങിപ്പിടിച്ച് അവരിറങ്ങുമ്പോഴും ഞാന്‍ കാറില്‍ തന്നെ ആയിരുന്നു.


'എന്റെ ഒരു കപ്പലണ്ടി ഇവിടെവിടെയോ പോയി..ശെടാ' ;)








********************************* ശുഭം *********************************

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...