Sunday, September 30, 2012

വിശപ്പ്

അടുക്കളപ്പുറത്ത് പാത്രത്തില്‍ മണ്ണും ചാമ്പലും ചേര്‍ന്നുരഞ്ഞുണ്ടാകുന്ന പല്ലുപുളിപ്പിക്കുന്ന ശബ്‌ദം കേട്ടാണ്, കുട്ടന്‍ അന്ന് രാവിലെ കണ്ണുതുറന്നത്. അല്ലേലും ഈ അമ്മയ്ക്കെന്നുമുള്ളതാ ഈ പണി. എന്തിനാ ഇങ്ങനെ എന്നും കഴുകി വൃത്തിയായ്ക്കുന്നത്? വച്ചുവയ്ക്ക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കഴുകിയാല്‍ പോരെ? ഇതൊക്കെ അമ്മയ്ക്കും അറിയാം . എങ്കിലും അമ്മ എന്നും കഴുകിവയ്ക്കും .അമ്മയുടെ അഭിപ്രായത്തില്‍ മൂതേവി കിടക്കുന്നിടത്ത് ലക്‌ഷ്മി വരില്ല!

ആകാശവാണിയില്‍ കാര്‍ഷിക രംഗം തുടങ്ങി. കൂട്ടുകാരുടെ വീടുകളില്‍ ടേപ് റിക്കോര്‍ഡറും ടിവിയും രാവിലെ ഉണര്‍ത്തുമ്പൊ തനിക്ക് ഉണരുമ്പോള്‍ കൂട്ട് ഈ പഴകിയ റേഡിയോ. ഇടയ്ക്കിടയ്ക്ക് ചുമച്ചിട്ടാണെങ്കിലും മുടങ്ങാതെ തന്നോടൊപ്പം ഉണര്‍ന്നിരുന്ന ആ കുഞ്ഞു റേഡിയോ കുട്ടന് ഒത്തിരി ഇഷ്ടമായിരുന്നു.

"കുട്ടാ..എണീക്കെടാ...നേരെത്രയായി..എണീറ്റേ.." മുറിയിലെ ചിതല്‍ തിന്നുതുടങ്ങിയ ജനല്‍ തള്ളിത്തുറന്ന് പ്രകാശകിരണങ്ങളെ നിലം ചുംബിക്കാന്‍ അനുവദിച്ചുകൊണ്ട് അമ്മ. നനഞ്ഞിരുന്ന കൈ തന്റെ നേരേ നീണ്ടപ്പോള്‍ കുട്ടന്‍ പുരികം ചുളിച്ച് അമ്മയെ നോക്കി.

"വേദനയുണ്ടോടാ.." മെല്ലെ എഴുന്നേറ്റിരുന്ന കുട്ടന്റെ തോളില്‍ കൈകൊണ്ട് പതുക്കെ തടവിക്കൊണ്ട് അമ്മ ചോദിച്ചു. അമ്മയുടെ കയ്യിലെ മാര്‍ദ്ദവം എവിടെയോ പോയ് മറഞ്ഞിരുന്നു. ജീവിതം മുറുകെപ്പിടിച്ചപ്പൊ നഷ്ടപ്പെട്ടതാകാം .

അത് ആശ്വാസത്തേക്കാളേറെ അലോസരമുണ്ടാക്കിയപ്പോള്‍ 'ഇല്ല' എന്നര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് കുട്ടന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.

"ടാ..തേയിലവെള്ളമിട്ട് വച്ചിട്ടുണ്ട്..വാ കഴുകിവന്നെടുത്ത് കുടിക്ക്..." കിണറ്റിന്‍കരയിലേയ്ക്ക് നടക്കുന്നതിടയില്‍ അമ്മയുടെ ശബ്‌ദം .

'വേദനയുണ്ടോടാ' എന്നുള്ള ചോദ്യവും വേദനയും കുട്ടനെ സംബന്ധിച്ച് പുതുമയുള്ളതല്ല! വായ് കഴുകി, ഉമിക്കരി കയ്യിലെടുത്ത് പൊടിച്ച് പല്ലുതേയ്ച്ചു. തൈത്തെങ്ങിന്റെ ചാഞ്ഞുകിടന്നിരുന്ന ഓലയില്‍ നിന്നും ഓലയ്ക്കാലെടുത്ത് ഈര്‍ക്കില്‍ കൊണ്ട് നാക്കുവടിച്ചു. കയ്യും കാലും മുഖവും കഴുകി നേരെ അടുക്കളയിലേയ്ക്ക്. തേയിലവെള്ളത്തിനോടൊപ്പം പുഴുക്കും . പിന്നെ കുളിച്ച് റെഡിയായി നേരെ സ്കൂളിലേയ്ക്ക്.

സ്കൂളിലെത്തി. ഈശ്വരപ്രാര്‍ത്ഥനയ്ക്ക് കുട്ടികള്‍ നിരനിരയായി നിന്നു.

'അഖിലാണ്ഡമണ്ഡപമണീയിച്ചൊരുക്കി...അതിനുള്ളിലാനന്ദദീപം കൊളുത്തി'

കുട്ടികള്‍ പാടുന്നു. പക്ഷെ കുട്ടനെ സംബന്ധിച്ച് അത് വെറും ഒരു പാട്ടുമാത്രമായിരുന്നു. കാരണം ഈ പ്രാര്‍ത്ഥനയേക്കാള്‍ വലിയ സത്യം കുട്ടന്‍ മനസ്സിലാക്കിയിരുന്നു. ഈ ലോകത്ത് ആനന്ദത്തേക്കാള്‍ കൂടുതല്‍ കഷ്‌ടപ്പാടും വേദനയുമാണെന്ന് മനസിലാക്കാന്‍ കുട്ടന്റെ ജീവിതം തന്നെ തെളിവ്.

അസംബ്ലി പിരിഞ്ഞു.മറ്റുകുട്ടികളുടെ കൂടെ കുട്ടനും ക്ലാസ്സിലേയ്ക്ക് വരിയായി നടന്നു.

"ഈ കണെക്കെല്ലാരും ചെയ്തേ..." ബോര്‍ഡില്‍ കുട്ടികള്‍ക്ക് ചെയ്യാനായി കണക്ക് എഴുതിയിട്ടുകൊണ്ട് മേരി സിസ്റ്റര്‍ .

കണക്കെല്ലാരും ചെയ്യുന്നുണ്ടോ എന്നറിയാന്‍ കറങ്ങുന്നതിനിടയിലാണു കുട്ടന്‍ പെന്‍സില്‍ കൊണ്ട് കണക്ക് ചെയ്യുന്നത് സിസ്റ്റര്‍ കണ്ടത്.

"നിന്റെ പേനെയെവിടെ..?" സിസ്റ്റര്‍ ചോദിച്ചു. കുട്ടന്‍ ബുക്കില്‍ നിന്നും തലയുയര്‍ത്തി.

"മഷിയില്ല...തീര്‍ന്നുപോയി..." വിക്കിവിക്കി കുട്ടന്‍ പറഞ്ഞു. ക്ലാസ്സില്‍ അടക്കിയ ചിരി.

"ബാക്കിയാരും മറന്നില്ലല്ലൊ...നീ മാത്രെന്താ മറന്നെ..? പോകുന്നതിനു മുന്നെ എന്നെ കണ്ടിട്ട് പോയാല്‍ മതി" സിസ്റ്റര്‍ ഇതും പറഞ്ഞ് നടന്നുപോയി.

വൈകിട്ട് ക്ലാസെല്ലാം കഴിഞ്ഞ് കുട്ടന്‍ നേരേ സ്റ്റാഫ് റൂമിലെത്തി. അവിടെ മേരി സിസ്റ്റര്‍ എന്തോ വായിച്ചുകൊണ്ടിരിക്കുന്നു. മറ്റു ടീച്ചേര്‍മാരുമുണ്ട്.

"ആ വാ വാ..പേനയില്ലാതെ പഠിക്കാന്‍ വന്നിരിക്കുന്നു..എവിടെ നിന്റെ പേന?" കുട്ടനെക്കണ്ടതും സിസ്റ്റര്‍ എല്ലാരും കേള്‍ക്കെ ഉറക്കെ ചോദിച്ചു.ക്ലാസ്സിലെ കുട്ടികളെപ്പോലെ അവിടിരുന്ന ടീച്ചര്‍മാര്‍ക്കും ചിരി.

സിസ്റ്റര്‍ക്ക് മറുപടി കിട്ടിയില്ല. മറിച്ച് കിട്ടിയത് രണ്ടുതുള്ളി കണ്ണുനീരായിരുന്നു, ഒരു വിങ്ങലും .

"സിസ്റ്ററേ..ഞാ..ഞാന്‍ ..പേനയുണ്ട്...മഷി...തീര്‍ന്നു...ഇല്ലായിരുന്നു..25 പൈസ...ഒള്ളത് ഇന്നലെ അമ്മയ്ക്ക് കൊടുത്തു..തികഞ്ഞില്ല...അതോണ്ടാ.." കണ്ണുനീര്‍ വന്നിട്ടും അതു തുടയ്ക്കാതെ കുട്ടന്‍ പറഞ്ഞു.

സിസ്റ്റര്‍ അവനെ അടുത്തേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി.

"ടാ...ദേ ഇതുകണ്ടോ...നിനക്കുള്ളതാ..പുതിയതാ.." കയ്യിലിരുന്ന ഒരു പേന കുട്ടന്‍ നേരെ നീട്ടിക്കൊണ്ട് സിസ്റ്റര്‍ പറഞ്ഞു. സിസ്റ്ററിനു അവന്റെ കഴിവിലും ഓര്‍മ്മശക്തിയിലും മതിപ്പായിരുന്നു.

"വേണ്ടാ...പേന നാളെക്കൊണ്ടരാം ..പോട്ടെ...ഇല്ലേല്‍ നേരം ഇരുട്ടും .." ഇതും പറഞ്ഞ് സിസ്റ്ററിന്റെ പിടിയില്‍ നിന്നും കുട്ടന്‍ കുതറിയോടി. പുറത്ത് വച്ചിരുന്ന ബാഗെടുത്ത് ചുമലിലിട്ട് അവന്‍ വീണ്ടുമോടി , നേരെ അങ്ങാടിയിലേയ്ക്ക്. ...

അങ്ങാടി, കുട്ടനു വേദനയുടെയും കഷ്ടപ്പാടിന്റെയും ലോകം . കച്ചവടക്കാരുടെ ശബ്‌ദവും മാടുകളുടെ വിളിയും കടകളും വാഹനങ്ങളും നിറഞ്ഞ ഒരു ലോകം .

അവിടെയെത്തിയാല്‍ കുട്ടന്റെ ജോലികള്‍ പലതാണ്. അങ്ങാടിയില്‍ വരുന്ന തമിഴന്റെ ലോറിയില്‍ നിന്നും പഴക്കുലകള്‍ ചുമന്ന് ചായക്കടക്കാരന്‍ സണ്ണിയുടെയും പലവ്യജ്ഞനക്കടക്കാരന്‍ മാധവേട്ടന്റെയും കടയില്‍ എത്തിക്കണം . അതും കഴിഞ്ഞു സണ്ണിയുടെ പശുവിനെ കുളിപ്പിക്കാന്‍ തോട്ടിലേയ്ക്ക് കൊണ്ടുപോകും . കുളിപ്പിക്കില്ലെങ്കിലും സഹായി ആയി നില്‍ക്കും . തിരികെക്കൊണ്ടുകെട്ടുന്നതും കുട്ടന്‍ തന്നെ. ഇതിനൊക്കെ കൂലിയായി കിട്ടുന്ന കാശ് കുട്ടന്‍ അമ്മയ്ക്ക് കൊടുക്കും.

"ചായകുടിക്കുന്നോടാ നീ?" ബാഗുവയ്ക്കാന്‍ ചായക്കടയില്‍ കയറിയ കുട്ടനോട് സണ്ണി.

"ഇല്ലേട്ടാ..ഇന്നിത്തിരി താമസിച്ച്...വണ്ടി വന്നുകാണും ...ഞാന്‍ പോണ്.." ബാഗ് വച്ച് കുട്ടന്‍ ലോറി വരുന്ന ഭഗത്തേയ്ക്കോടി.അവിടെ എത്തിയപ്പോഴേയ്ക്കും ലോറി വന്നിരുന്നു. കുട്ടന്‍ ലോറിക്കാരന്റെ അടുത്തേയ്ക്ക് ചെന്നു. തലയിലും തോളിലുമായി ഒരു വലിയ പഴകിയ ലുങ്കി ചുരുട്ടി വച്ചിരുന്നു. ഇല്ലെങ്കില്‍ നന്നായി വേദനിക്കും .

കുഞ്ഞുകാലുകള്‍ നന്നായി തറയില്‍ ചവിട്ടിയുറപ്പിച്ച് കുട്ടന്‍ 'ഞാന്‍ റെഡി' എന്ന് ലോറിക്കാരനാംഗ്യം കൊടുത്തു.

"ഇത് നല്ല കനോണ്...മുറുകെ പിടിച്ചോണം ...വീഴല്ല്..." പഴക്കുല കുട്ടന്റെ തലയില്‍ വച്ചുകൊടുകുന്നതിന്റെ ഇടയില്‍ ലോറിക്കാരന്‍ പറഞ്ഞു.

വീഴുമെന്നോ ഇല്ലെന്നോ പറയാന്‍ പറ്റാത്ത രീതിയില്‍ ശ്വാസം പോലും വിടുവിക്കാന്‍ പറ്റാത്ത വിധം ഭാരമുള്ളതായിരുന്നു ആ കുല. അവനോളമുള്ള കുല! സണ്ണിയുടെ കടയിലെത്തി കുല താഴേയ്ക്കിറക്കിയപ്പോഴേയ്ക്കും ആ കുഞ്ഞു മുഖം ചുവന്ന് തുടുത്തിരുന്നു, ചെവിയൊക്കെ രക്തമയം .

"നീ ഇത്തിരി ഇരുന്നേച്ച് പോടാ.." സണ്ണിക്ക് പാവാം തോന്നി.

"അമ്മ ഒറ്റയ്ക്കേ ഉള്ളു...ഇപ്പ തീരും " കുട്ടന്‍ വീണ്ടും ലോറികരികിലേയ്ക്ക്.

പിന്നെയും രണ്ടുകുലകള്‍ ചുമന്ന് കൊണ്ട് വച്ച കുട്ടനെ സണ്ണി അടുത്തുവിളിച്ചു.

"പശൂനെ ഞാന്‍ കൊണ്ടോവാം ...നീ പൊയ്ക്കൊ.."

കുട്ടന്‍ സണ്ണിയെ നോക്കി. അപ്പൊ ആ കാശ്?

"അതും കൂടെ ചേര്‍ത്തിതിലുണ്ട്...നീ ഇന്നിനി ഒന്നും ചെയ്യണ്ട..പൊയ്ക്കൊ.." കുട്ടന്‍ നല്ലതുപോലെ തളര്‍ന്നത് മനസ്സിലാക്കി സണ്ണി പറഞ്ഞു.

"വേണ്ടാ..അത് ഞാന്‍ നാളെ വന്ന് ചെയ്യുമ്പം തന്നാതി..ഞാന്‍ പോണ്.." ഇതും പറഞ്ഞ് കുട്ടന്‍ ബാക്കി ചില്ലറ സണ്ണിയുടെ കയ്യില്‍ കൊടുത്തു. മൂന്നുകുല ചുമന്നതിനു 10 രൂപ! മതി, നാളത്തേയ്ക്കിതുമതി.

കഴുത്തും പുറവുമൊക്കെ വേദനിക്കുന്നു. തളര്‍ന്നെങ്കിലും പുറത്ത് കാണിക്കാതെ കുട്ടന്‍ അങ്ങാടിയില്‍ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു. നേരം ഇരുട്ടിത്തുടങ്ങി. വഴിവിളക്കുകള്‍ ചിരിച്ചു തുടങ്ങി. മരണം എപ്പോള്‍ സംഭവിക്കും എന്നറിയാതെ ഈയാംപാറ്റകള്‍ വിളക്കുകള്‍ക്കു ചുറ്റും നൃത്തം ചെയ്യുന്നു.

ഒരു പോസ്റ്റിന്റെ ചുവട്ടില്‍ ആരോ കുനിഞ്ഞു നില്‍ക്കുന്നത് കുട്ടന്റെ ശ്രദ്ധയില്‍ പെട്ടു. കുറച്ചുകൂടി അടുത്തപ്പോള്‍ ബള്‍ബിന്റെ പ്രകാശത്തില്‍ കുട്ടനത് കണ്ടു,

പാറിപ്പറന്ന മുടി. കുഴിഞ്ഞ കണ്ണ്. കീറിയ ഷര്‍ട്ടും അതിനേക്കാള്‍ മോശമായ മുണ്ടും . ഭയാനകമായ ഒരു രൂപം. ആ രൂപം , വഴിയരികിലെ ഓടയില്‍ നിന്നും കൈകൊണ്ട് വെള്ളം കോരി കുടിക്കുന്നു!


"ഖ്വാ.." ഓടയിലെ വെള്ളം ! ഒരു മനുഷ്യനു എങ്ങനെ അതുകുടിക്കാന്‍ കഴിയും ? അതിലെ അഴുക്കും കൃമികളും അയാളുടെ തൊണ്ടയില്‍ കൂടിയിരങ്ങിപ്പോകുന്നത് കുട്ടന്‍ മനസ്സില്‍ കണ്ടു.കുട്ടന്‍ അറിയാതെ ഓക്കാനിച്ചുപോയി.

കുട്ടന്റെ നിഴല്‍ കണ്ടിട്ടാവണം അയാല്‍ കുട്ടന്റെ അടുത്തേയ്ക്ക് വന്നു. ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ നിന്ന കുട്ടനെ നോക്കി അയാള്‍ ചിരിച്ചു.

"മോനും വിശക്കുന്നുണ്ടല്ലേ..എന്റെ കയ്യിലിതേയുള്ളു..." അയാള്‍ മടിക്കുത്തില്‍ നിന്നും എന്തോ എടുത്തുനീട്ടി. പഴകിയുണങ്ങിയ പഴത്തൊലി!

"വേണ്ടേ..? ശെരി.." അതും പറഞ്ഞ് അയാളാ പഴത്തൊലി കടിച്ചു തിന്നാന്‍ തുടങ്ങി.ഒരു കൈകൊണ്ട് കുട്ടന്റെ തലയില്‍ തടവി.

ആകെപ്പേടിച്ചുപോയ കുട്ടന്‍ അവിടെ നിന്നും ഓടി. കുറച്ച് ഓടിക്കഴിഞ്ഞപ്പോള്‍ എന്തോ ചിന്തിച്ച പോലെ നിന്നു. പിന്നെ തിരികെ അയാളുടെ അടുത്തേയ്ക്ക് നടന്നു. ബള്‍ബിന്റെ പ്രകാശത്തില്‍ പുറം തിരിഞ്ഞ് നിന്നിരുന്ന അയാളുടെ പുറത്തേയ്ക്ക് കുട്ടന്‍ തന്റെ കയ്യിലിരുന്ന കാശെറിഞ്ഞു. എന്നിട്ട് വീണ്ടും ഓടി. വീടെത്തിയിരുന്നെങ്കില്‍ , നല്ല വിശപ്പ് !

**************************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...