Sunday, September 30, 2012

ഞാനും ലവനും മറ്റവനും


ഇതില്‍ ഞാന്‍ : ഞാന്‍ തന്നെ
ഇതില്‍ ലവന്‍ : ലവന്‍ തന്നെ, വിപിന്‍
ഇതില്‍ മറ്റവന്‍ : മറ്റവന്‍ തന്നെ , രോഹിത്ത്

വെക്കേഷനു വരുന്നതിനു മുന്നെ പലതും പ്ളാന്‍ ചെയ്തുകൂട്ടുന്ന ഒരു കഴപ്പ് എനിക്കുണ്ട്. വീട്ടില്‍ തന്നെ നില്‍ക്കണം , വൈകുന്നേരങ്ങളില്‍ അടുത്തുള്ള എസ് എന്‍ കോളേജ്, പബ്ളിക് സ്കൂള്‍ ഇവിടെയുള്ള ചെല്ലക്കിളികളെയെല്ലാം സുരക്ഷിതമായി വീട്ടിലെത്തിക്കണം . ഉച്ചവരെ കിടന്നുറങ്ങിയിട്ടു അമ്മയുടെ വായിലിരിക്കുന്നതു കേള്‍ക്കണം അങ്ങനെ അങ്ങനെ പലതും . ഇതിനിടയില്‍ എന്റെ 'ഭയങ്കരമായ' ബുദ്ധിയില്‍ ഉദിച്ചതാണുഒരു പ്ളഷര്‍ ട്രിപ്പ് . എങ്ങോട്ടു കെട്ടിയെടുക്കാം ? ഞാന്‍ ആലോചിക്കാന്‍ മെനക്കെട്ടില്ല. വിപിനെ ഫോണ്‍ ചെയ്തു.

ഇവന്‍ ഒരു താരമാ, തരമാ, തറയാ എന്നൊക്കെ പ്രാസമൊപ്പിച്ച് വേണേല്‍ പറയാം .ഞാന്‍ ജിമ്മില്‍ പോകുമ്പോള്‍ ലവന്‍ കരാട്ടേയ്ക്ക് പോകും . എന്നിട്ടു ഇതു പ്രാക്ടീസ് ചെയ്യാന്‍ മറ്റവനെ വിളിക്കും . 'ഒരടിക്കു തീരത്തുമില്ല,രണ്ടാമത്തേതിനു തികയത്തുമില്ല' എന്ന രീതിയില്‍ പേടിച്ച് മറ്റവന്‍ നിക്കും .മറ്റവനോട് സ്നേഹം അണപൊട്ടി, ലവന്‍ എന്റെ നേരെ തിരിയും . പിന്നെ നടക്കുന്നതൊക്കെ ഏകദേശം ദാ ഇതുപോലെയാ.

"ഡെയ് നീ അങ്ങനെ നിക്കണം , പുറം തിരിഞ്ഞ്. ഞാന്‍ നിന്റെ തലയ്ക്ക് മുകളിലൂടെ റൌണ്ട് കിക്ക് ചെയ്യും ." വിപിന്‍ .

കോഴിയെ കൊല്ലാനെടുത്ത് കറിയ്ക്കാണോ ഫ്രൈക്കാണോ എന്നുചോദിക്കുന്ന ഭാവമായിരിക്കും അവന്റെ മുഖത്ത്. ഹി റ്റൂ ബ്രൂട്ടസ് !

ലവന്‍ കിക്കി.,ക്ണിം .

-------കൂ------- .

ആരോ തലയ്ക്കകത്തിരുന്നു കൂവുന്നു.ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ എന്റെ മുഖത്ത് അന്തം വിട്ടു നോക്കുന്നു, എന്നിട്ടെന്തോ പറയുന്നു.

"അളിഞ്ഞ ചോറില്‍ കറിയെവിടെ" എന്നാണു ഞാന്‍ കേട്ടതെന്നു എനിക്ക് തോന്നി.പിന്നെ ലവനും മറ്റവനും കൂടി എന്നെ പിടിച്ചൊന്ന് കുലുക്കിയപ്പോഴാണ്,ലവന്‍ പറഞ്ഞത്, 'അളിയാ സോറി,അറിയാതേടാ' എന്നാണെന്നു മനസ്സിലായത്.ലവന്‍ എന്റെ തലയ്ക്ക് ചവിട്ടിയതില്‍ ഞാന്‍ വളരെ ക്രൂരമായിത്തന്നെ പ്രതികരിച്ചു. വീടെത്തുന്നതു വരെ ഞാന്‍ ലവനോട് മിണ്ടിയില്ല !!!

തിരിച്ച് ഫോണ്‍ കോളിലേയ്ക്ക്......

"അളിയാ...നീയാ? വാട്ട് എ സര്‍പ്രൈസ് ഓഫ് ദി..." ലവന്‍

"മതി മതി...ഡെയ്...അടുത്താഴ്‌ച ഞാന്‍ അവിടുണ്ടാവും . നമുക്ക് നിന്റെ അമ്മൂമ്മേടെ.." എന്റെ റൂം മേറ്റ് വന്നതുകൊണ്ട് പെട്ടെന്നു സംസാരം നിര്‍ത്തി.

"അമ്മൂമ്മയ്ക്ക് വിളിക്കാനാണാഡെയ് നീ വിളിച്ചെ ?" ലവന്‍

"ഡെയ് അല്ല, നിന്റെ അമ്മൂമ്മേടെ വീട്ടില്‍ പോയാലോ, മറ്റവനേം വിളി (രോഹിത്ത്) " ഞാന്‍

"ഓ ക്കെ ടാ...ഏറ്റു " ഇതും പറഞ്ഞ് കട്ട് ചെയ്തു.

അങ്ങനെ ഞാന്‍ വെക്കേഷനു നാട്ടിലെത്തി.കാണുന്ന ആള്‍ക്കാരു ചോദിക്കുന്നതിനു മുന്നെ തന്നെ ഞാന്‍ അങ്ങോട്ടു പറയും 'ഞാന്‍ ഉടനെ പോകും ട്ട, വിഷമിക്കണ്ട' , ഇവന്‍മാര്‍ക്ക് 'എന്നാ തിരിച്ച്' എന്നേ ചോദിക്കാനുള്ളോ? ഈ നാടെങ്ങനെ നന്നാവും ? (പിന്നെ, ഞാന്‍ അവിടുണ്ടായിരുന്നെങ്കില്‍ ഇപ്പൊ അങ്ങു നന്നാക്കിയേനെ! ) വീട്ടിലെത്തി രണ്ടു മൂന്നു ദിവസം കൊണ്ട് കാണേണ്ടവരെയെല്ലാം കണ്ടു.(ഭാഗ്യം , കോലേജും , സ്കൂളും അടച്ചിട്ടില്ലായിരുന്നു!)നാലാം ദിവസം ഞാന്‍ ലവനെ വിളിച്ചു.

"ഡെയ് നാളെ പൊയ്ക്കളയാം " ഞാന്‍

"ഡെയ്, അതിനമ്മൂമ്മ ഇപ്പൊ ഇവിടെയാ " ലവന്‍

"ഗുഡ്, അതാണു വേണ്ടത്, ഞാന്‍ മറ്റവനെ വിളിക്കാം , സമയം ഞാന്‍ അറിയിക്കാം " ഞാന്‍ കട്ട് ചെയ്തു.

മറ്റവന്‍ എന്നു പറയുന്ന രോഹിത്ത് ഒരു സംഭവമാണ്.അവന്റെ മനസ്സ് വളര്‍ന്ന് എത്രവലിയ 'സ്നേഹവും ' താങ്ങാറായെങ്കിലും , അവന്റെ ശരീരം , ഹേഹെ, അവന്‍ ഏഴില്‍ പഠിച്ചിടത്തുതന്നെയങ്ങടു കിടന്നു നിരങ്ങുവ ! അതുകോണ്ട് ഞങ്ങള്‍ മൂന്നു പേരെയും കൂടി കണ്ടാല്‍ ,മറ്റവന്റെ ബോഡി ഗാര്‍ഡ്സാണു ഞങ്ങളെന്നേ പറയു. ഫുവര്‍ ബോയ് !

ഡേറ്റും സമയവും ഫിക്സ് ചെയ്തു. വ്യാഴാഴ്‌ച്ച രാവിലെ ആറു മണിയ്ക്ക് വിപിന്റെ വീട്ടില്‍ മറ്റവനേം കൂട്ടി ചെല്ലണം . അന്നു രാവിലെ അന്‍ചരയ്ക്ക് എഴുന്നേറ്റു. മറ്റവനെ വിളിച്ചു.അവന്‍ റെഡി. ഇനി ലവന്‍ , വിപിനെ വിളിക്കണം . അവനെ വിളിച്ചില്ലെങ്കില്‍ പ്രശ്നാ !

*****************************************************

ഒരു ഫ്ളാഷ് ബാക്ക്ക്ക് : അന്നൊരു ശബരിമല സീസണ്‍ ആയിരുന്നു. ശ്രീകര്യം ജംക്ഷന്‍ അവധിയായിരുന്നു (ചുമ്മ !). ഞങ്ങളെ സംബന്ധിച്ച് ഭക്തി അന്നൊരു സീസണായിരുന്നു.മാലയിടാന്‍ തീരുമാനിച്ചു. മാലയിടാന്‍ നിശ്‌ചയിച്ച ദിവസം ഞാന്‍ രോഹിത്തിനെയും കൊണ്ട് വിപിന്റെ വീട്ടിലെത്തി. സമയം : ആറു മണിയാകാന്‍ ലേശം കൂടി. വിപിന്റെ വീട്ടിലെ ഗേറ്റില്‍ തട്ടി വിളിച്ചു. ഗേറ്റിനു പുറത്ത് ഞാനും രോഹിത്തും ബൈക്കില്‍ . വിപിന്‍ കതകു തുറന്നു.

"ഡെയ്, നീയായിരുന്നാ..ഡെയ് നല്ല ഉറക്കം ...നിങ്ങള്‍ പൊയ്ക്കോ, ഞാന്‍ അടുത്ത 'വര്‍ഷം ' വരാം ." ലവന്‍ .

ഇതാണു വിപിന്‍ . ഞാന്‍ അവനെയും ഫോണ്‍ ചെയ്തു, റെഡിയായി നിന്നില്ലെങ്കില്‍ ചവിട്ടിക്കൂട്ടുമെന്നു ഭീഷണിപ്പെടുത്തി.അങ്ങനെ ഞാനും രോഹിത്തും വിപിന്റെ വീട്ടിലെത്തി.കതകു തുറന്ന അവന്റെ മുഖത്ത് ഉറക്കച്ചെവ..ചുവ...എന്തു കോപ്പോ, അത്.

"നീ റെഡിയായില്ലേ...ഫൂ ദേര്‍ , സക്ക് ഹിയര്‍ സ്വഭാവം എടുത്താലുണ്ടല്ലോ " ഞാന്‍ . (തിരോന്തരത്ത് : ഊതുമ്പൊ അങ്ങോട്ടും , ഉറുന്‍ഞുമ്പോ ഇങ്ങോട്ടും )

ആറര ആയപ്പൊ ലവന്‍ റെഡിയായി. അങ്ങനെ ഞങ്ങള്‍ രണ്ടു ബൈക്കുകളിലായി മുപ്പത്തിയന്‍ച്ചു കിലോമീറ്റര്‍ അകലെ ഞങ്ങളെ കാത്തിരിക്കുന്ന അതിമനോഹരമായ കായല്‍തീരത്തെ അവന്റെ അമ്മൂമ്മയുടെ വീട്ടിലേയ്ക്ക് യാത്രയായി. പോകുന്ന വഴിയില്‍ രോഹിത്തിന്റെ മൊബൈല്‍ നിലവിളിച്ചു.ലവന്‍ ഫോണ്‍ എടുത്തു,

"ഹലോ...ഹാന്‍ജി (വിനയം )....ഹാന്‍ജി (എന്നിട്ട് !) ഹാന്‍ജീ ഹാന്‍ജീ (അതെയോ, കഷ്‌ടമായിപ്പോയി),ഹാന്‍ജി (അയ്യയ്യോ ), ഹാന്‍ജി ഹാന്‍ജി (ശരിയെന്നാല്‍ )"

ഇതായിരുന്നു രോഹിത്തിന്റെ സംഭാഷണം . വിളിച്ചതവന്റെ ഹിന്ദിക്കാരന്‍ ബോസ്സ് ആയിരുന്നു. എന്തെളുപ്പം , ഒരൊറ്റ വാക്കുകൊണ്ട് എല്ലാം പറയുക, അവനാളാകെ മാറിപ്പോയി, ഭയങ്കരന്‍ !

അങ്ങനെ കറക്കമൊക്കെ കഴിഞ്ഞ് ഉച്ചയോടെ വിപിന്റെ അമ്മൂമ്മയുടെ വീട്ടിലെത്തി.ചെന്നപാടെ ഒന്നു ഫ്രഷായി കേറിക്കിടന്നുറങ്ങി.രാത്രി ഏഴുമണിയായപ്പ് കണ്ണു തുറന്നു. അവന്‍മാരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു.

"ഡെയ് നമുക്കു കടവില്‍ പോകാം , രാത്രി അവിടെയിരിക്കാന്‍ നല്ല രസാ" വിപിന്‍ .

മോണിങ്ങ് വാക്കിനോ ഈവിനിങ്ങ് വാക്കിനോ പോലും വിളിച്ചാല്‍ വരാത്തവന്‍ , ഇപ്പൊ ദാ ഇരുട്ടുവാക്കിനു വിളിക്കുന്നു !

ഞങ്ങളെല്ലാരും കായല്‍ തീരത്തെത്തി, കല്‍പടവില്‍ ഇരുന്നു. ഞാന്‍ ഒരു രോത്മാന്‍സ് എടുത്ത് കൊളുത്തി.

"ഡെയ്, നീ ഇതെപ്പൊ തുടങ്ങി ?" കുവൈറ്റ് ജീവിതം എന്നിലുണ്ടാക്കിയ മാറ്റം രോഹിത്തിനെ അതിശയിപ്പിച്ചു.

"ഓ അതൊക്കെ തുടങ്ങി...എപ്പൊ വേണേലും നിര്‍ത്താല്ലോ...ഇതിനകം ഞാന്‍ എത്ര തവണ നിര്‍ത്തിയിരിക്കുന്നു !" ഞാന്‍.

കായലിനു കുറുകെയുള്ള റെയില്‍വേ ട്രാക്കില്‍ കൂടി ട്രെയിന്‍ പോകുന്നു. കാണാന്‍ നല്ല രസം . എണീറ്റു നിന്നു 'സംഗമം ...സംഗമം ...' പാടിയാലോ എന്നു തോന്നിപ്പോയി. പ്രകൃതിയായ രമണിയെ ഞങ്ങളെല്ലാം കൂടി ബലാത്‌സംഗം ചെയ്തുകൊണ്ടിരുന്നു. നല്ല തണുത്ത കാറ്റടിക്കുന്നു. ആഹ, കാല്‍പാദം വരെ കാറ്റു തണുപ്പരിച്ചു കൊണ്ട് കടന്നു പോയി. ആഹ, കാലില്‍ വീണ്ടും വീണ്ടും തണുപ്പരിച്ചുകൊണ്ട് കാറ്റിങ്ങനെ ഇഴഞ്ഞ്, ഇഴഞ്ഞ്...ഞാന്‍ ഒന്നു ശ്രദ്ധിച്ചുനോക്കി.

"അമ്മേ, ടാ പാമ്പ്...." ഇരുന്ന ഇരുപ്പില്‍ നിന്നും കാലു നിലത്ത് തൊടാതെ ഞാന്‍ ചാടി. കെള്‍ക്കേണ്ട താമസം വിപിന്‍ ചാടിയത് കായലിലേയ്ക്ക്. ഞാന്‍ റോഡിലും വിപിന്‍ കായലിലും .

മറ്റവന്‍ എവിടെ, രോഹിത്ത് ? നോക്കിയപ്പൊ അവന്‍ അപ്പോഴും പടവിലിരിക്കുന്നു. അവന്റെ ധൈര്യം സമ്മതിക്കണം .നല്ല നിലാവത്ത് വെള്ളത്തില്‍ കിടന്നു നിലവെള്ളം ചവിട്ടുന്ന വിപിന്റെ തള്ളിയ കണണ്‍ ഞാന്‍ ക്രിത്യമായി കണ്ടു. അവന്‍ പതുക്കെ പടവില്‍ കേറി,ഞാനും എത്തി. രോഹിത്ത് ഒന്നും മിണ്ടുന്നില്ല.

"ഡെയ്...!" ഞാന്‍ വിളിച്ചു. അവന്‍ കുനിഞ്ഞു തന്നെയിരുന്നു.

"ടാ...കോപ്പെ.." വിപിന്‍ വിളിച്ചു. രോഹിത്ത് മുഖമുയര്‍ത്തി. അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

"ഡെയ്...നിന്നെ കടിച്ചോ ?" ഞാന്‍ .

"ഇല്ല " അവന്‍

"പിന്നെ ?" ഞാന്‍

"എനിക്കോടാന്‍ പറ്റിയില്ല" അവന്‍

ആഹ, അപ്പൊ ലതാണ്. അവനു പണ്ടേയുള്ള ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ് !

"! @ # $^% $ & * & ^* & ^*^((*&% " .ഞാനും വിപിനുമങ്ങ് വാചാലന്‍മാരായപ്പൊ അവന്റെ മുഖത്ത് അളിഞ്ഞ ചിരി.

പെട്ടെന്നു കായലിനക്കരെ എന്തോ വെള്ളത്തില്‍ വീഴുന്ന ശബ്‌ദം .പിറകെ, 'കള്ളന്‍ ...എന്റെ കോഴി പോയെ'ന്നുള്ള വിളിയും .വിപിന്‍ ചിരിച്ചു.

"കോഴിക്കള്ളനാടാ...അതിവിടെ പതിവാ..രാത്രി എവിടേലും കേറി കോഴിയെ പിടിക്കും .. എന്നിട്ടു കായലില്‍ ചാടും ...സിമ്പിള്‍ " അവന്‍ പറഞ്ഞു.

ഞങ്ങള്‍ തിരിച്ച് വീട്ടിലേയ്ക്ക് നടന്നു.രാത്രി കിടന്നതു തറയില്‍ . കിടക്കാന്‍ റെഡിയായി വന്ന രോഹിത്തിനെക്കണ്ട് ഞാനും വിപിനും ചിരിച്ചു. രോഹിത്തിന്റെ മുഖത്ത് ടി ജി രവിയുടെയും ഉമ്മറിന്റെയും ഇടയില്‍ നില്‍ക്കുന്ന ഭാവം . അയ്യേ !
*****************************************************************

സമയം വെള്ളിയാഴ്‌ച രാവിലെ, എട്ടിനു ലേശം കൂടുതല്‍ . രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു,എന്താ അടുത്ത പ്ളാന്‍ ?
"ഡെയ് കായലില്‍ ഇറങ്ങാം " വിപിന്‍ . ഞങ്ങളും റെഡി. അങ്ങനെ ഞങ്ങല്‍ മൂന്നു പേരും ഞൊടിയിടയില്‍ ബിക്കിനി ബേബീസായി. വൌ, ഹൌ സെക്സി !

ബിക്കിനിയിടാനുള്ള ശ്രമത്തിനിടയില്‍ എന്റെ സമയം അല്‍പം ലാപ്സായത് കാരണം ലവന്‍മാര്‍ മുന്നെ ഓടി. അല്ലേലും എനിക്കിതൊന്നും ശീലമില്ലെ !

ഞാന്‍ അന്നനടയില്‍ വരുമ്പൊ ലവന്‍മാര്‍ വെള്ളത്തില്‍ കിടന്ന് , പണ്ട് ജയഭാരതി വെള്ളത്തില്‍ കിടന്ന് കൂട്ടുകാരിയുമായി അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെന്നി കളിക്കുന്നതുപോലെ കളിക്കുന്നു. അയ്യേ !

എന്നിലെ പുലി ഉണര്‍ന്നു. പലതരം വികാരങ്ങള്‍ പ്ളുക്കോ പ്ളുക്കോന്നലയടിച്ചു.ഞാന്‍ ഓടി, അതെ , അതു മാത്രമായിരുന്നു എന്റെ ലക്ഷ്‌യം. കായലിന്റെ ആഴത്തിലേയ്ക്ക്, പടവില്‍ നിന്ന് ഒരു സ്ഫിയര്‍ ഡൈവിങ്ങ്. പടവെത്തി, ഞാന്‍ ചാടി.ലവന്‍മാരുടെ രണ്ടിന്റെയും നടുക്ക് !

----കൂ-------

തലയ്ക്കകത്ത് വീണ്ടും ആ പഴയ കൂവല്‍ . പിന്നെയെന്തോ, പെട്ടെന്നെനിക്ക് ലൌകിക ജീവിതത്തോട് ഒരു വിരക്തി പോലെ. 'ചല്‍ ചയ്യ ചയ്യ..ചയ്യ..ചയ്യ..' എന്റെ മനസ്സില്‍ ആ ലളിതഗാനം ഓടിയെത്തി. ആരോ കാലില്‍ പിടിച്ച് വലിക്കുന്നു. എനിക്കൊന്നും കാണാന്‍ വയ്യ.എന്റെ കാലില്‍ പിടിച്ച് ആഞ്ഞുവലിച്ചതിന്റെ ഫലമായി,എനിക്കു വീണ്ടും ജീവിതത്തിനോടൊരാര്‍ത്തി തോന്നി.അവന്‍മാര്‍ നിലവെള്ളം ചവിട്ടിയാണു നില്‍ക്കുന്നതെന്നു വിചാരിച്ചു ചാടിയ എനിക്കു തെറ്റി.അവിടെ അരയോളം മാത്രെ ആ സാധനമുണ്ടായിരുന്നുള്ളു. നീട്ടിപ്പിടിച്ചു ചാടിയ എന്റെ കൈയ്യും ഒരു തെറ്റും ചെയ്യാത്ത എന്റെ തലയും ചെളിയില്‍ പൂന്തിപ്പോയി ! ഇതായിരുന്നു എന്റെ പലതരം വിചാരങ്ങളുടെയും വികാരങ്ങളുടെയും കാരണം .

വെള്ളത്തിനു മുകളില്‍ എന്റെ തല കണ്ടതും ലവന്‍മാര്‍ അട്ടഹസിച്ചു ചിരിക്കാന്‍ തുടങ്ങി.

"ഇപ്പഴാടാ...നിന്റെ തലയ്ക്കകത്തും പുറത്തും സമാസമമായെ" വിപിന്‍ .

"എന്തോന്ന് ?" ഞാന്‍

"ചെളി, നിന്നെ ഇപ്പോ കണ്ടാല്‍ രായാവിനെപ്പോലുണ്ട്" ലവന്‍ .

ഞാന്‍ പതുക്കെ തലയില്‍ തൊട്ടു നോക്കി. ഹേയ്, അവനെ ഒട്ടും കുറ്റം പറയാന്‍ പറ്റില്ല, തലയില്‍ ഒരു കുട്ട ചെളി കമഴ്‌ത്തിയതുപോലെ !

അങ്ങനെ കളിച്ചും കളിയാക്കിയും എന്റെ കഴിഞ്ഞ വെക്കേഷനിലെ പ്ളഷര്‍ ട്രിപ്പ് അവസാനിച്ചു. ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്ന, ഒന്നിനും പരാതികള്‍ പറയാത്ത എന്റെ ഫ്രണ്ട്സിനെ, ലവനെയും മറ്റവനെയും , ഐ റിയലി മിസ്സ് യു ഡ്യൂഡ്‌സ് .

**************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...