Wednesday, January 10, 2018

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

 
പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക്ക് ബസ് കയറിയാൽ സന്തോഷത്തിൽ തുള്ളിച്ചാടും. തല പുറത്തേയ്ക്കിട്ട് പുഴയുടെ ചാണകപ്പച്ചനിറത്തിനടിയിൽ വാ പിളർന്ന പാമ്പുകളെ തിരയും.

ഇടിഞ്ഞ് പൊളിഞ്ഞ തീപ്പെട്ടിയാഫീസിനു മുന്നിലായി ബസ് നിന്നു . സിനിമാ പോസ്റ്ററുകൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചതുപോലെ അവശേഷിപ്പുകൾ. ബസ് സ്റ്റോപ്പിൽ നിന്ന് തന്നെ നേരെ പുഴയിൽ എത്താം .റോഡ് ചേർന്നുള്ള കല്പടവുകളിറങ്ങി വെളുത്ത പൂഴിമണ്ണ് പുതച്ച വഴിയിലൂടെ നടക്കണം. എല്ലാ മഴക്കാലത്തും പുഴ തന്നെ നേരിട്ട് അറ്റകുറ്റപണികൾ ചെയ്യുന്ന, നനുത്ത പൂഴിമണ്ണിനിരുവശത്തുമായി വെള്ളാരംകല്ലുകൾ കൊണ്ടലങ്കരിച്ചതായിരുന്നു ആ വഴി.

പോസ്റ്ററിൽ നിന്നും അടർത്തിമാറ്റപ്പെട്ട നായികമാരെ പിന്നിലാക്കി അയാൾ റോഡിലൂടെ നടന്നു. കുറച്ചകലെ ഛായം പൂശിയ ഒരു മൈൽകുറ്റിക്കരികിൽ നിന്നു. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയാൽ കാണാവുന്നത് മൂന്ന് വീടുകളാണ്.വിളിച്ചാൽ വിളി കേൾക്കാവുന്ന അകലത്തിലാണ് മൂന്നും. 

അതിലൊരെണ്ണത്തിന്റെ ടെറസിൽ കുട്ടികൾ കളിക്കുന്നു.ആ വീട്ടിൽ വച്ചാണ് അയാൾ ആദ്യമായി കോണിയിറങ്ങുന്ന പെൻഗ്വിനുകളെ കാണുന്നത്. അന്ന് മുറ്റത്ത് ടയർ ഉരുട്ടിക്കളിക്കുന്നതിനിടയിലാണ് കുട്ടന്റെ അച്ഛൻ ഗൾഫിൽ നിന്നും വരുന്നത്. ടയറോടിച്ച് നേരെ പോയത് അവിടേക്കാണ്. പലനിറത്തിലുള്ള പെൻഗ്വിനുകൾ. ചിരിച്ചുകൊണ്ട് സംഗീതത്തിന്റെ അകമ്പടിയോടെ കോണിയിറങ്ങുന്നു. താഴെ വരുന്ന ഓരോന്നിനെയും കുട്ടൻ കോണിതലയ്ക്കൽ കൊണ്ടുനിർത്തും. കുഞ്ഞനുജത്തിയുടെ കരച്ചിൽ കേട്ട് കുട്ടൻ അകത്തേയ്ക്കോടിയ തക്കം നോക്കി ഒരു പെൻഗ്വിനെ താനും കോണിയിൽ കൊണ്ടുനിർത്തി. ചിരിച്ചുകൊണ്ട് കോണിയിറങ്ങിയ ആ പെൻഗ്വിനെ പിന്നെയാരും കണ്ടില്ല.

അയാൾ റോഡിൽ നിന്നും താഴേയ്ക്കിറങ്ങി. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന വീട് കടന്ന് മറ്റൊരു വീടിന്റെ മുന്നിലെത്തി. മുറ്റം നിരീക്ഷിച്ചു. ടയറോടിച്ച പാടുകൾ ആദ്യം കാലവും പിന്നെ പുതിയ താമസക്കാരുടെ ചൂലും മായ്ച്ചുകളഞ്ഞിരിക്കുന്നു. എങ്കിലും തിണ്ണചുവട്ടിലെ കുഴിയാനക്കൂടുകൾ ഇപ്പോഴുമുണ്ട്. മഴക്കാലത്ത് കവിയുന്ന പുഴ മാത്രമേ ആ കൂടുകൾ നശിപ്പിച്ചിരുന്നുള്ളു. മഴ കഴിഞ്ഞാൽ അവിടവിടെ പുതിയ കൂടുകൾ പ്രത്യക്ഷപ്പെടും. അകത്താളുണ്ടോ എന്നറിയാൻ ഉറുമ്പിനെ പിടിച്ച് കുഴിയിലിടും.മണ്ണനങ്ങി കുഴിയാന കൈ നീട്ടുമ്പോ ഈർക്കിൽ നീട്ടി ഉറുമ്പിനെ രക്ഷിക്കും. അങ്ങനെ ഒരു ദിവസമാണ്, വീട്ടിൽ ആദ്യമായി അമ്മയുടെ കരച്ചിൽ കേൾക്കുന്നത്. അച്ഛനുമായുള്ള എന്തോ തർക്കമാണ്. സാധാരണ സ്‌കൂൾ അവധി തീരാറാവുമ്പോഴാണ് അവരെ കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ വന്നിരുന്നത്. അന്ന് നേരത്തേയെത്തി. ഉറുമ്പിനെ കുഴിയാനയ്ക്ക് വിട്ടുകൊടുത്ത് മുറിയ്ക്ക് പുറത്ത് നിൽകുമ്പോൾ നനഞ്ഞ കൈകൾ തോളിൽ വീണു.പൂക്കൾ പതിപ്പിച്ച ഗ്ളാസ്സിൽ ചായ നീട്ടി, കതകുതുറക്കുമ്പോ അച്ഛനുകൊടുക്കാൻ പറഞ്ഞ് തന്റെ മുടിയിൽ തലോടി ആ രൂപം മടങ്ങുമ്പോഴും അമ്മയുടെ കരച്ചിൽ അകത്ത് കേൾക്കാമായിരുന്നു. പിറ്റേന്ന് വീടും പറമ്പും ചുറ്റിക്കാണുന്ന കുറച്ചുപേരോടൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛനെ അയാൾ ഓർത്തു.പക്ഷെ അവർക്ക് കുഴിയാനകളുടെ രൂപമായിരുന്നു.

തിരിഞ്ഞുനോക്കാതെ അയാൾ നേരെ നടന്നത് പുഴവക്കത്തേയ്ക്കാണ്. പൂഴിമണ്ണ്‌ നിറഞ്ഞ വഴിയിലേക്ക് കടന്നപ്പോൾ അയാൾ ചെരുപ്പൂരി കൈയ്യിൽ പിടിച്ചു. പുഴവക്കിലിരുന്ന് പുഴയുടെ ചാണകപ്പച്ചനിറത്തിനടിയിൽ സൂക്ഷിച്ച് നോക്കി. വാപിളർന്ന പാമ്പുകളെ അയാൾ കണ്ടില്ല. ആ പേടി മാറ്റിയതും അമ്മ തന്നെയായിരുന്നു. എന്നുമില്ലാതെ അന്ന് അമ്മ പല തവണ പുഴ മുറിച്ചുനീന്തി.ഇടയ്ക്ക് കരയിൽ കയറി തന്നെയുമെടുത്ത് വെള്ളത്തിലിറങ്ങി. പാമ്പിനെ പേടിച്ച് നിലവിളിച്ച തന്നെ ചേർത്തുപിടിച്ച് അന്നാണ് അമ്മ സത്യം പറയുന്നത്. താൻ വെള്ളത്തിൽ ഇറങ്ങുന്നത് അമ്മയ്ക്ക് പേടിയായിരുന്നു. തന്നെകെട്ടിപ്പിടിച്ച് അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറിയത് അയാളോർത്തു.പിറ്റേന്ന് റോഡിൽ കാത്ത് കിടന്നിരുന്ന കാറിൽ മുത്തശ്ശിയാണ് ഒടുവിൽ കയറിയത്, അതും അമ്മ നിർബന്ധിച്ച് കയറ്റുകയായിരുന്നു. അകന്നുപോകുന്നത് നോക്കി നിന്നിരുന്ന കുട്ടനെയും അനുജത്തിയേയും അന്നാദ്യമായി അതുവരെ ഒളിപ്പിച്ച പെൻഗ്വിനെ കാണിച്ച് താൻ ചിരിച്ചത് അയാൾ ഓർത്തു. 

"മിസ്റ്റർ ഗിരിജാവല്ലഭൻ...!"

ചോദ്യം പുറകിൽ നിന്നാണ്. അയാൾ ഓർമയിൽ നിന്നുണർന്നു.ഒരക്ഷരം മിണ്ടാതെ വെള്ളത്തിൽ നിന്നും കാലുകൾ വലിച്ചൂരി ചെരുപ്പുകളിട്ട് തിരിഞ്ഞ് നടന്നു.

"ഇന്നും ഇവിടെയെത്താൻ അതേ കാരണം തന്നെയാണോ?". ശബ്ദം പിന്നാലെ കൂടി.

"അതെ...ഓർമകൾക്ക് മരണമില്ലല്ലോ "

"ഇന്നും പഴയ വീട്ടിൽ പോയോ?"

"അതൊരു വേദനയാണ്..തിരിച്ചുപിടിക്കാൻ പറ്റാത്തതിന്റെ...പറഞ്ഞാൽ മനസ്സിലാകില്ല"

"ആർക്ക്...എനിക്കോ? എന്തായാലും തിരിച്ചുപിടിക്കലിന്റെ സുഖം എനിക്ക് നന്നായറിയാം..." അർത്ഥമുള്ള ചിരി.

ശെരിയാണ്. തന്റെ ജീവിതത്തിലേയ്ക്ക് ചിരിച്ചുകൊണ്ട് കോണിയിറങ്ങി പെൻഗ്വിനാണവൾ . അയാളും ചിരിച്ചു. അവർ നടന്ന് വീട്ടിലെത്തിയിരുന്നു .

"കുട്ടികളെവിടെ?"

"ടെറസിൽ തന്നെയുണ്ട്...കളി തന്നെ കളി .."

*End

(അ)പൂർണ്ണം

അയാൾ ഉറക്കമായിരുന്നു. വഴിയിലെ ഇരമ്പലുകളും ഹോണടികളുമൊന്നും അയാളെ ശല്യം ചെയ്തില്ല. സ്ഥിരം ഇറങ്ങാറുള്ള സ്റ്റോപ്പ് എത്തിയപ്പോൾ കണ്ടക്‌ടർ തട്ടി വിളിച്ചു. ബസ് ഇറങ്ങിയതും അയാൾ അത് ചെവിയിലേക്ക് തിരുകി. ഗോപി പിള്ളയുടെ ടീ ഷോപ്പിനോട് ചേർന്ന പഴയ ഒഴിഞ്ഞ ലൈബ്രറി മുറിയിൽ കുറച്ച് കുട്ടികളെ അയാൾ വയലിൻ പഠിപ്പിച്ചിരുന്നു.


"ഹ...എത്തിയോ..ഇന്ന് മനസു നില്പ ശക്തി വായിച്ചോളൂ...ത്യാഗരാജ സ്വാമീടെ..."

അയാൾ ചിരിച്ചു. പിള്ളയെ ടൗണിൽ വച്ച് പരിചയപ്പെട്ടതാണ്. കയ്യോടെ കൂട്ടി അദ്ദേഹത്തിന്റെ ടീ ഷോപ്പിൽ കൊണ്ടിരുത്തി ഒരു മണിക്കൂർ കീർത്തനം വായിപ്പിച്ചു. കർണാടക കീർത്തനങ്ങൾ പിള്ളയ്ക്ക് ഭ്രാന്താണ്. കീർത്തനം വായിക്കുന്ന ദിവസങ്ങളിൽ ഗോപിപിള്ളയുടെ കടയിൽ നിന്നും സ്‌പെഷ്യൽ പാഴ്‌സൽ സൗജന്യമായി നൽകും. അതാണ് നിലവിലെ കരാർ. വിശക്കുമ്പോൾ മാത്രമേ അയാളീ കരാറിനെക്കുറിച്ച് ഓർക്കാറുള്ളു.അന്നുമുതൽ മിക്ക ദിവസങ്ങളിലും സായാഹ്നങ്ങളിൽ അയാൾ അവിടെ വരും. 

ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ടീ ഷോപ്പിനടുത്തുള്ള പോസ്റ്റിൽ ഒരു പരസ്യം ഒട്ടിച്ചിരുന്നത് അയാൾ ശ്രദ്ധിച്ചു.

"അതാ പഴേ സായ്‌വിന്റെ തോട്ടത്തിനടുത്തുള്ള വീടാ... ദമ്പടി കുറഞ്ഞപ്പോ ആ പെണ്ണൊരുത്തി പറഞ്ഞിട്ട് ഒട്ടിച്ചതാ.. വാടകയിനത്തി കിട്ടുന്നത് ആട്ടെ..എന്താ നോക്കുന്നോ..".

അയാൾ ചിരിച്ചു. 

പിറ്റേന്ന് അവിടേയ്ക്ക് ബസ് ഇറങ്ങിയത് അയാൾ ഒറ്റയ്ക്കായിരുന്നില്ല. കൂടെ സുമുഖയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. അയാളാദ്യം ചെയ്തത് അവളുടെയും കൂട്ടി ബസ് സ്റ്റോപ്പിന് എതിർ വശത്തുള്ള ഒരു കയറ്റം കയറുകയായിരുന്നു. തെന്നുന്ന വഴിയിലൂടെ മുകളിലേയ്ക്ക് അവളുടെ കൈ പിടിച്ചോടുകയായിരുന്നു. അവരെത്തിയത് ഒരു കൊച്ചു കുന്നിൻ മുകളിലാണ്. എന്താണെന്ന് പിടികിട്ടാതെ നിന്ന അവളുടെ കൈകളിലേക്ക് താക്കോൽ നൽകി, അയാൾ ദൂരേയ്ക്ക് ചൂണ്ടി. ദൂരെ മനോഹരമായ ഒരു കുഞ്ഞുവീട്. ഇന്നലെ പിള്ളയാണ് അയാൾക്കീ സ്ഥലം കാണിച്ചുകൊടുത്തത്.ഇവിടെ വന്നുനിന്ന് നോക്കിയാൽ ഇഷ്ടമാകുമെന്ന് അയാൾ പറഞ്ഞിരുന്നു.കാടുപിടിച്ച് കിടക്കുന്ന സായ്‌വിന്റെ പഴയ തോട്ടവും അതിന്റെ ഒരു കോണിലായി ഒരു ഒറ്റയടിപ്പാതയിലൂടെ എത്താവുന്ന വീടും. തിരിച്ച് കുന്നിറങ്ങി ചെന്നപ്പോൾ മുന്നിൽ പിള്ള അന്തം വിട്ടുനിൽക്കുന്നു.

"കെട്ട്യോളാണോ?"

അയാൾ ചിരിച്ചു.

"എന്നാലിന്ന് മുതൽ രണ്ടു പാഴ്‌സൽ ഫ്രീ..". പിള്ളയുടെ മുഖത്ത് സംശയം മാറി സന്തോഷമായി.

അന്ന് രാത്രി ആ വീട്ടിൽ നിന്നും മനോഹരമായ വയലിൻ സംഗീതമൊഴുകി. അവൾ അയാളെ നോക്കി ചിരിച്ചു.ആ സംഗീതമാണ് അവളെ നശിപ്പിക്കുന്നതെന്ന് അവൾ ഇടക്കിടയ്ക്ക് പറയും. 

"ഇത് കൂടണഞ്ഞ കിളികൾക്കുള്ള ഉറക്കുപാട്ടാണ്‌. അവരുടെ അവകാശം...അവകാശത്തിന് ഫീസ് വേണ്ട.." വായന നിർത്തി, ചെവിയിൽ നിന്നും അത് ഊരി , ചിരിച്ചുകൊണ്ട് അയാൾ പ്രഖ്യാപിച്ചു.

അതാണയാളുടെ പക്ഷം. കുട്ടികളെ പഠിപ്പിക്കുന്നതിന് അയാൾ ഫീസ് വാങ്ങാറില്ല. 

"നിങ്ങളുടെ സംഗീതത്തെ ഞാൻ തടയില്ല .." അവൾ ചിരിച്ചു.

ഇതിനിടയിൽ ആ വീടിന്റെ ചുവരുകളിൽ പുതിയ അതിഥികൾ പ്രത്യക്ഷപെട്ടു. മുടിയഴിച്ചിട്ട ബുദ്ധനെയും മത്സ്യകന്യകയും അയാളുടെ ചുവരുകളിൽ സ്ഥാനം പിടിച്ചു. ആഴമുള്ള നിറങ്ങൾ കൊണ്ട് അയാൾ അവർക്ക് ജീവൻ നൽകി. 

ടൗണിൽ നിന്ന് തിരികെ വരുന്ന വഴി അയാളെന്നും ആ കുന്നിൻമുകളിൽ പോയിരിക്കും.

'വീട്ടിലേക്കല്ലേ പോകുന്നത്..അതവിടെ ഉണ്ടോന്ന് നോക്കാനാണോ കുന്നുകയറ്റം ?'

പിള്ളയുടെ ചോദ്യത്തിന് അയാൾ ചിരിച്ചതേയുള്ളു. 

പതിയെ പതിയെ ചുവരിൽ അയാളുടെ ആ കുഞ്ഞുവീട് കുന്നിൻമുകളിൽ നിന്നും കാണുന്നതുപോലെ പ്രത്യക്ഷപെട്ടു. വീട്ടിലേയ്ക്ക് നീങ്ങുന്ന ഒറ്റയടിപ്പാതയും വയലിൻ പിടിച്ച വായിക്കുന്ന ഒരു പുരുഷനും അതിനും ചുറ്റും നൃത്തം ചെയ്യുന്ന ഒരു സ്ത്രീയും കടന്നുവന്നു. പൊതുവെ ആഴമുള്ള ഇരുണ്ട നിറങ്ങളെ ഇഷ്ടപ്പെട്ടിരുന്ന അയാൾ അവൾക്ക് മാത്രം തെളിഞ്ഞ നിറം നൽകി.

അതിലേയ്ക്ക് നോക്കി അയാൾ സന്തോഷത്താൽ വയലിൻ വായിച്ചു. അയാൾക്ക് ചുറ്റും ചുവടുകൾവച്ച് അവൾ പറഞ്ഞു,

"നിങ്ങളുടെ സംഗീതവും നിറങ്ങളും തടയാൻ എനിക്കാവില്ല..."

സംഗീതവും നിറങ്ങളും ഭാര്യയും . ഇവരോടൊപ്പം ആ കുഞ്ഞുവീടും അയാളുടെ പൂർണ്ണതയ്ക്കൊരു മാനദണ്ഡമായിക്കഴിഞ്ഞിരുന്നു.ചിത്രം പൂർണ്ണമായെന്നുറപ്പിക്കാൻ അടുത്ത ദിവസവും അയാൾ കുന്ന് കയറി. ഇരുട്ടിയിട്ടാണ് തിരിച്ചിറങ്ങിയത്. 

"ഇപ്പഴാണോ വരുന്നത്..? "പിള്ളയാണ്. 

"ആരേലും വിളിച്ചാപോലും വിളി കേൾക്കാത്തതാ...ചെവി ഒരല്പം കുറവാണെന്ന് വച്ച് നിങ്ങളൊട്ട് സംസാരിക്കേമില്ല...നാവൊണ്ടേലും നിങ്ങളെന്താ മാഷേ സംസാരിക്കാത്തത്.."

ആ സംശയത്തിന് പിള്ളയെ പരിചയപ്പെട്ട നാൾ മുതലുള്ള പഴക്കമുണ്ട്. ആദ്യമായ് അന്ന് അയാളത്തിനുത്തരം നൽകി.

"വാ തുറന്ന് കേൾക്കുന്നതിനേക്കാൾ കൂടുതൽ വായടച്ചാൽ കേൾക്കാൻ പറ്റും.. ചോദിക്കാത്ത ചോദ്യങ്ങൾക്ക് പോലും ചിലപ്പോ ഉത്തരവും കിട്ടും."

ആ രാത്രി അയാൾ ആ ചിത്രം പൂർത്തിയാക്കി. അതിലവളുടെ കൈപിടിച്ച് മറ്റൊരു പുരുഷരൂപമുണ്ടായിരുന്നു.അവളുടെ രൂപത്തിന് തെളിവ് മാറി കറുത്ത നിറവും !

"എനിക്കുമൊന്നിനെയും തടയാനാകില്ല" ചിത്രം പൂർണ്ണമാണെന്നുറപ്പുവരുത്തിഅയാൾ പറഞ്ഞു.

തലകുനിച്ച് നിന്ന അവളെ കടന്നയാൾ പോയി, കിളികൾക്കായുള്ള ഉറക്കുപാട്ടുണർത്താൻ. 



*End

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...