Tuesday, July 12, 2011

നമ്മുടേത് ആര്യസംസ്കാരമല്ല

ആര്യസംസ്കാരമാണ്, നമ്മുടേതെന്ന തെറ്റിദ്ധാരണ എനിക്ക് മാറി :)

ആദ്യകാല ഇന്‍ഡോളജിസ്റ്റുകളെ സംബന്ധിച്ച് വേദങ്ങളും വേദസംസ്കാരവും അന്ധവിശ്വാസങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അവര്‍ അതിനെ നിയന്ത്രിച്ച് അതിന്റെ അനുയായികളെ പരിവര്‍ത്തനം ചെയ്യാനാഗ്രഹിച്ചു.

മാക്സ് മുള്ളര്‍ എന്ന പ്രശസ്തനായ ഇന്‍ഡോളജിസ്റ്റ് പറഞ്ഞത് 'വേദങ്ങള്‍ പ്രാകൃതവും അപരിഷ്കൃതവുമാണ്. അതിനാല്‍ ഭാരതത്തിനെ വിദ്യാഭ്യാസപരമായി ഒരിക്കല്‍ കൂടി കീഴടക്കണം ' എന്നാണ്.

തോമസ് മക്കലേ ആണിന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ചോരയിലും നിറത്തിലും ഭാരതീയനും അഭിരുചിയിലും അഭിപ്രായങ്ങളിലും സന്‍മാര്‍ഗികതയിലും ബുദ്ധിയിലും ഇംഗ്ലീഷുമായ ഒരു ജനത !

ഇങ്ങനെ എണ്ണിയാലൊടുക്കാത്ത അഭിപ്രായങ്ങള്‍ ഈ ഇന്‍ഡോളജിസ്റ്റുകള്‍ നമ്മുടെ വേദസംസ്കാരത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇവരാണ്, ആര്യന്‍മാരുടെ കടന്നുകയറ്റം കൊണ്ടുവന്നത്. (നമ്മുടെ സംസ്കാരം ആര്യസംസ്കാരമാണെന്ന് വരുത്തി തീര്‍ക്കുക). ആംഗലേയ വിദ്യാഭ്യാസമാണേറ്റവും വലുതെന്നവര്‍ പ്രചരിപ്പിച്ചു. സംസ്കൃതകൃതികളെ അവര്‍ തെറ്റായി തര്‍ജ്ജിമ ചെയ്ത് പ്രചരിപ്പിച്ചു. അങ്ങനെ ഒരു ഭാരതീയന്, അവന്റെ സംസ്കാരത്തെക്കുറിച്ച് തന്നെ നാണം തോന്നുന്ന ഒരു അവസ്ത്ഥയില്‍ എത്തിച്ചു.

എന്നാല്‍ അനേകം ചരിത്രകാരന്‍മാര്‍ അവരുടെ കണ്ടുപിടുത്തങ്ങളുടെയും വിശകലനങ്ങളുടെയും ബലത്തില്‍ ഈ ആര്യകടന്നുകയറ്റത്തെ ചോദ്യം ചെയ്തു. ഇന്നും ആര്യസംസ്കാരമാണ്, നമ്മള്‍ പിന്തുടരുന്നതെന്ന് നമ്മള്‍ വിശ്വസിക്കുന്നത് മുന്‍പ് പറഞ്ഞ 'മഹാന്‍മാര്‍ ' തുടങ്ങിവച്ച വിദ്യാഭ്യാസസമ്പ്രദായത്തിലൂടെയാണ്. സത്യം മറിച്ചാണ്. അതായത്, ആര്യസംസ്കാരം എന്നത് ഒരു ഭാവന മാത്രമാണ്. ഭാരതത്തിലുണ്ടായിരുന്നത് ദ്രാവിഡസംസ്കാരമാണ്.

ആര്യന്‍മാരുടെ അധിനിവേശസിദ്ധാന്തം പറയുന്നത് ,

1. ആര്യന്‍മാര്‍ ഭാരതത്തില്‍ 1500-നും 1200-നും (ബി സി) ഇടയ്ക്ക് പ്രവേശിച്ചു.

2. അവര്‍ തദ്ദേശസംസ്കാരമായിരുന്ന ദ്രാവിഡ സംസ്കാരത്തെ അംഗബലം കൊണ്ടും ആയുധബലം കൊണ്ടും കീഴടക്കി.

3. അവര്‍ അവരുടെ വേദികസംകാരവും സാഹിത്യവും ഇവിടേയ്ക്ക് കൊണ്ടുവന്നു.

എന്നാല്‍ രസം ഇതല്ല. ആര്യന്‍മാരുടെ അധിനിവേശസിദ്ധാന്തത്തില്‍ പറയുന്നതനുസരിച്ച് ഭാരതത്തില്‍ വേദികസംസ്കാരമേ ഉണ്ടായിരുന്നില്ല ! അതായത് നമുക്കുള്ളതൊക്കെ വന്നത് വിദേശമണ്ണില്‍ നിന്നാണ്!

ഇനി ആര്യ അധിനിവേശസിദ്ധാന്തം ഉയര്‍ത്തുന്ന ഒരു ആശയക്കുഴപ്പം , ഒരു വശത്ത് നമുക്ക് ചരിത്രപരമായ കണ്ടിപ്ടുത്തങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത വേദങ്ങളും മറുവശത്ത് 2500-ഓളം ചരിത്രപരമായ തെളിവുകളുള്ള സിന്ധു നദീ തട സംസ്കാരവും !

തെറ്റിദ്ധരിപ്പിക്കപ്പെടാത്ത ഒരു ചരിത്രകാരന്‍ അവന്റെ സാമാന്യബുദ്ധിവച്ച് എത്തുന്ന നിഗമനം ഇതായിരിക്കും , 'വേദികസംസ്കാരവും സിന്ധൂ നദീ തട സംസ്കാരവും ഒരേ സംസ്കാരം തന്നെയാണ്'. അതായത് ആര്യന്‍മാര്‍ കൊണ്ടുവന്നതല്ല ഈ സംസ്കാരം . ഇവിടെ ഉണ്ടായിരുന്നത് തന്നെയാണ്.

ആര്യന്‍ സിദ്ധാന്തത്തെ എതിര്‍ക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്,

1. വേദങ്ങള്‍ ആര്യന്‍മാരാണിവിടെ കൊണ്ടുവന്നതെങ്കില്‍ വേദങ്ങളില്‍ ആര്യന്‍മാരുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് പറയേണ്ടതാണ്. എന്നാല്‍ അവയില്‍ ആര്യന്‍മാരുടെ ഭൂമിയെക്കുറിച്ചൊന്നും തന്നെ പ്രതിപാദിക്കുന്നില്ല എന്ന് മാത്രമല്ല, വേദങ്ങളില്‍ പറയുന്നത് സരസ്വതി, സിന്ധു നദികളെക്കുറിച്ചും മറ്റു സ്ഥലങ്ങളെക്കുറിച്ചുമാണ്.

2. സരസ്വതി നദിയുടെ മടിത്തറ്റില്‍ നിന്ന് ഈ അടുത്തിടെ കണ്ടിപിടിക്കപ്പെട്ടതുള്പ്പടെ 2500-ഓളം ചരിത്രപരമായ തെളിവുകള്‍ ഹാരപ്പന്‍ സംസ്കാരം മുതലിന്നുവരെയുള്ള വേദിക സംസ്കാരത്തിന്റെ തുടര്‍ച്ചയ്ക്കായി ചൂണ്ടിക്കാണിക്കുന്നു. അതായത് സരസ്വതി നദീതടത്തില്‍ നിന്നാണീ തെളിവുകള്‍ കിട്ടിയത് എന്നതിനര്‍ത്ഥം ഇത് നമ്മുടെ സ്വന്തമാണെന്നത് തന്നെയാണ്.

3. സരസ്വതി നദീതടത്തില്‍ നിന്ന് കിട്ടിയ തെളിവുകള്‍ 1900 ബി സിയിലേതാണ്. ഈ ഡേറ്റ് വളരെ പ്രാധാന്യമുള്ളതാണ്. ആ തെളിവുകളില്‍ നടത്തിയ തുടര്‍പഠനങ്ങള്‍ തെളിയിക്കുന്നത് വേദങ്ങള്‍ 3000 ബി സി ക്കുമുന്നെ തന്നെ രചിക്കപെട്ടവയെന്നാണ്.


4. തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിനു വേണ്ടിയാണ്, വേദങ്ങളുടെ ഉത്ഭവം 1500 ബി സിക്ക് അടുത്താണെന്ന് മുകളിലെ 'മഹാന്‍മാര്‍ ' പറഞ്ഞത്. ആ സമയത്തായിരുന്നല്ലൊ അവര്‍ പറഞ്ഞ ആര്യന്‍മാര്‍ വന്നത് !

ആര്യസിദ്ധാന്തത്തിന്റെ ഉപന്‍ഞാതാവായിരുന്ന മാക്സ് മുള്ളര്‍ അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടു മുന്‍പ് പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നുണ്ട്, ' വേദങ്ങള്‍ ഇനി 1500-ലോ 1500 ബി സിയിലോ ഉണ്ടായി എന്നിരുന്നാലും അവയ്ക്ക് മഹത്തായ സ്ഥാനമുണ്ട് ' എന്നാണ്.

വേദികസംസ്കാരം ഭാരതത്തില്‍ തനിയെ ഉണ്ടായതാണ്. :

അതായത് ഒരു പ്രത്യേക ജീവിത രീതി പിന്തുടരുന്ന ഒരു സ്ഥലത്ത് ഉണ്ടാകുന്ന മഹത്തായ അറിവുകള്‍ ആണു വേദങ്ങള്‍ എന്ന്. സത്യവും ധര്‍മ്മവും പാലിച്ചിരുന്ന, ഹിന്ദുക്കള്‍ ജീവിച്ചിരുന്ന ഭാരതത്തില്‍ അല്ലാതെ മറ്റെവിടെ ഉണ്ടാകാനാണിത്.

വേദികസംസ്കാരത്തിന്റെ തുടര്‍ച്ച മാത്രമാണ്, ലോകത്തേറ്റവും പഴക്കം ചെന്ന ഹാരപ്പന്‍ സംസ്കാരം എന്ന് തെളിയിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചരിത്രപരമായ് തെളിവുകള്‍ മതി.ഹാരപ്പന്‍ സംസ്കാരത്തില്‍ ഉപയോഗിച്ചിരുന്ന എഴുത്തുകളും ചിഹ്നങ്ങളും വേദികമായിരുന്നു. ഓം , ആലില, സ്വസ്തിക ഇതെല്ലാം വേദികങ്ങളാണ്. ഇത് മൂന്നും നമ്മുടെ വേദങ്ങളില്‍ ധാരാളമായി പരാമര്‍ശിച്ചിട്ടുണ്ട്.

അധികമായി കിട്ടിയ തെളിവുകളില്‍ ഒന്നാണ്, നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമ. ആ പ്രതിമയില്‍ കാണുന്ന കൈവളകളുടെ തുടര്‍ച്ചയാണ്, ഉത്തരേന്ത്യന്‍ സ്ത്രീകളിന്നും ധരിക്കുന്നത്.


(മധ്യത്തിലുള്ളത് ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു അസ്ത്ഥികൂടം )

മൂന്നുകല്ലുകളുള്ള ശിവലിംഗം ഹാരപ്പന്‍ സംസ്കാരത്തിലുണ്ടായിരുന്നു എന്ന് എം എസ് വാട്ട്‌സ് 1940-ല്‍ കണ്ടെത്തിയിരുന്നു. ഇതേ ശിവലിംഗം യജുര്‍വേദത്തിലെ മഹാ നാരായണോപനിഷത്തില്‍ പ്രതിപാതിക്കപ്പെട്ടിട്ടുണ്ട്.

ഇന്‍ഡോളജിസ്റ്റുകള്‍ ഉള്‍പ്പെടുന്ന പാശ്‌ചാത്യരെ തീരെ കൊച്ചാക്കുന്ന അറിവുകള്‍ അടങ്ങിയ ഒരു സംസ്കാരം ആയിരുന്നു വേദികസംസ്കാരം . അതുകോണ്ടാണവര്‍ക്ക് അസഹിഷ്ണുതയുണ്ടായതും ആര്യന്‍ സിദ്ധാന്തം കൊണ്ടുവന്നതും . 

ആധുനിക ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് വേദികസംസ്കാരം ആദികാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നാണ്.

സരസ്വതി നദി 1900 ബി സി -ഓടുകൂടി വറ്റി വരണ്ടു. എന്നാലിതേ സരസ്വതി നദിയുടെ ഉത്ഭവവും സമാപനവും ഋഗ്‌വേദത്തില്‍ പറയുന്നുണ്ട്. ഹിമാലയത്തില്‍ നിന്ന് തുടങ്ങി അറബിക്കടലില്‍ അവസാനിക്കുന്നു എന്ന്. താഴെ സരസ്വതി നദിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ കൊടുക്കുന്നു.


                                                                                                                            

(ചിത്രത്തില്‍ കാണുന്ന ഒരു ചെറിയ നീല വരയാണ്, സരസ്വതി നദി)


സുഹൃത്തുക്കളെ ഇനിയും ഒരുപാട്, തെളിവുകളുണ്ട്. അവയെല്ലാം നിരത്തി വലിയ ആളാകാനല്ല, മറിച്ച് ആര്യസംസ്കാരം അല്ല നമ്മുടെ സംസ്കാരമെന്നും വേദികസംസ്കാരമാണ്, നമ്മുടേതെന്നും തെളിയിക്കാനാണിവിടെ ശ്രമിച്ചിരിക്കുന്നത്.

എവിടെയാണ്, നമ്മള്‍ ചതിക്കപ്പെട്ടത്? ആദ്യം ഇന്‍ഡോളജിസ്റ്റുകളിലൂടെ. പിന്നെ അവര്‍ കൊണ്ടുവന്ന വിദ്യാഭ്യാസത്തിലൂടെ. ആ തെറ്റുകള്‍ നമ്മളിലൂടെ ആവര്‍ത്തിക്കപ്പെടുന്നു.

നിങ്ങളുടെ കുട്ടികള്‍ക്ക് ആര്യസംസ്കാരമാണ്, നമ്മുടേതെന്ന് പഠിച്ച് എഴുതിയാലെ മാര്‍ക്ക് കിട്ടു. അവര്‍ പഠിക്കട്ടെ. എന്നാല്‍ ഇതിനെ കുറിച്ചറിയാവുന്നവര്‍ പറഞ്ഞുകൊടുക്കണം . മാര്‍ക്കിനുവേണ്ടി പഠിക്കാം , പക്ഷെ സത്യം മറിച്ചാണെന്ന്.

എങ്കിലേ അവര്‍ക്ക് അവരുടെ സംസ്കാരം ആരും ദാനം തന്നതല്ല എന്ന് മനസ്സിലാകു. എങ്കിലേ അതിനോടവര്‍ക്ക് സ്നേഹമുണ്ടാകു.

((അന്വേഷിച്ചറിഞ്ഞ അറിവാണ്. തിരുത്തുകള്‍ സ്വീകാര്യം) )Thursday, June 30, 2011

ജീവിതകല കുട്ടികളില്‍

എല്ലാവരും ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്വന്തം സന്തോഷത്തിനുവേണ്ടിയാണ്.  സ്വയം തൃപ്തിപ്പെടാന്‍.

ഇന്നത്തെ മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നത് സ്വയം തൃപ്തിയടയാനാണ്. തങ്ങള്‍ക്ക് കിട്ടാത്ത നല്ല വിദ്യാഭ്യാസം ഉള്‍പ്പടെ പല കാര്യങ്ങളും അവര്‍ കുട്ടികള്‍ക്ക് സാധിച്ചുകൊടുക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം എന്നത് ഏതൊരു മാതാപിതാവിനും വലിയ കാര്യമാണ്. ഇതവനെ ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുന്നു. പക്ഷെ ഈ വിദ്യാഭ്യാസം അവനെ ആ കാലില്‍ ഉറച്ച് നില്‍ക്കാന്‍ പര്യാപ്തമാക്കുന്നുണ്ടോ? അതിന്, അവനെ ആ വിദ്യാഭ്യാസം മതിയോ ?

സ്വന്തം കാലില്‍ നില്‍ക്കുന്നതും ആ കാലില്‍ ഉറച്ച് നില്‍ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു കുട്ടി അവനാവശ്യമായതും അനാവശ്യമായതുമായ വിവരങ്ങള്‍ സ്വായത്തമാക്കി പരീക്ഷയെ നേരിടുന്നു.ചിലര്‍ നല്ല മാര്‍ക്ക് വാങ്ങുന്നു. മറ്റുചിലര്‍ ഒരു വിധം കയറിക്കൂടുന്നു.കൂടുതലും മാതാപിതാക്കളുടെ താല്‍പര്യാനുസൃണം  തുടര്‍ പഠനം ഉണ്ടാകുന്നു.

അവിടെയും ജയവും തോല്‍വിയുമുണ്ടാകും . ഇങ്ങനെ ഒരു വിധം പഠനം അവസാനിപ്പിച്ച് കയറിക്കൂടുന്നവരെ ഞാന്‍ ഒരു ബലൂണിനോട് ഉപമിക്കുന്നു. എന്തെന്നാല്‍ അവന്റെ ഉള്ളുമുഴുവന്‍ ആവശ്യമായതിനേക്കാള്‍ അനാവശ്യമായ വിവരങ്ങളാണു കൂടുതല്‍ .ഇങ്ങനെ ഒരു ബലൂണ്‍ രൂപത്തില്‍ പുറത്തിറങ്ങുന്ന ഒരു വ്യക്തി ഏതെങ്കിലും ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നു. അതായത് അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങി.

ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ തീരുമാനമെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും അതിന്റെ ഫലമനുഭവിക്കേണ്ടതും അവന്‍ തന്നെയാണ്. താനെടുക്കുന്ന തീരുമാനം തെറ്റിപ്പോയാല്‍ ആത്‌മഹത്യയെ കുറിച്ച് ചിന്തിക്കുന്ന, വിഷാദരോഗത്തിനടിമപ്പെടുന്ന ഒരു തലമുറയാണിത്. മുകളില്‍ പറഞ്ഞ രണ്ടവസ്ഥയിലും അകപ്പെടാതെ പ്രതിസന്ധിയെ തരണം ചെയ്യുമ്പോഴാണ്, ഒരുവന്‍ സ്വന്തം കാലില്‍ 'ഉറച്ച്' നില്‍ക്കുന്നവനാണെന്ന് പറയുന്നത്.

പരാജയപ്പെടുന്നവരോ ? അവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ ? ഉണ്ട്. പക്ഷെ എങ്ങനെ ജീവിക്കണം എന്നവര്‍ പഠിച്ചിട്ടുണ്ടോ ? ഇല്ല. അവരെ പഠിപ്പിച്ചിട്ടുണ്ടോ ? ഇല്ല.

വായനക്കാര്‍ക്ക് ചോദിക്കാം , ഇതൊക്കെ അറിയുന്നതാണൊ ജീവിതവിജയത്തിനത്യാവശ്യം എന്ന്. അല്ല, പക്ഷെ ഇത്തരത്തിലുള്ള ഒരു സമീപനം , അത് മാതാപിതാക്കാള്‍ക്ക് വിദ്യാഭ്യാസമില്ലെങ്കിലും വളരെ ആരോഗ്യകരമാണ്. ഞാന്‍ ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം .

ഇനി മറ്റൊരുദാഹരണം പറയാം . എന്റെ തൊട്ടടുത്തുള്ള വീട്ടിലെ ഇളയ കുട്ടി ഭക്ഷണം കഴിക്കണമെങ്കില്‍ ഇന്റര്‍നെറ്റില്‍ കയറി കാര്‍ട്ടൂണ്‍ ഇട്ടുകൊടുക്കണം ! ടിവിയില്‍ കാണുന്ന കാര്‍ട്ടൂണുകള്‍ സൂപ്പര്‍ മാന്റെയും സ്പൈഡര്‍ മാന്റെയും ബെന്‍ ടെന്റെയുമൊക്കെയാണ്. ഈ കുട്ടിയുടെ മനസ്സ് എങ്ങനെയായിരിക്കും രൂപാന്തരപ്പെട്ട് വരുന്നത് ? നാളെ ജീവിതത്തില്‍ ഒരു പ്രശ്നം വന്നാല്‍ ബെന്‍ ടെന്‍ വരില്ല സഹായിക്കാന്‍ . കുഞ്ഞിലേ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന പാടങ്ങള്‍ക്ക് വളരെ വിലയുണ്ട് എന്നുള്ളതിനേറ്റവും വലിയ തെളിവാണ്, 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പചംചൊല്ല്.

കുറ്റം ആരുടേത് ? നിസംശയം പറയാം 'നമ്മുടെ വിദ്യാഭ്യാസ സമ്പൃദായത്തിന്റേതാണ്'. നമ്മുടെ റോള്‍ അവിടെ കഴിയുന്നു. ശെരിയാണ്, നമ്മുടെ വിദ്യാഭ്യാസം ഇന്നത്തെ കാലത്ത് ഒരു ജോലിക്ക് വേണ്ടി മാത്രമുള്ളതാണ്. ലക്ഷ്യത്തിലെത്തിയാല്‍ മാര്‍ഗ്ഗം അസാധുവാകും എന്ന് പറയുന്നതുപോലെ ഒരു ജോലി കിട്ടിക്കഴിഞ്ഞാല്‍ സ്കൂള്‍ / കോളേജ് തല വിദ്യാഭ്യാസത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്കൂളുകളും കോളേജുകളും മാത്രമാണൊ നമ്മുടെ ഇന്നത്തെ തലമുറയുടെ ഈ പകച്ചുനില്‍ക്കലിനു കാരണം ? അല്ല. ഒരു സ്കൂളിലും കോളേജിലും നമ്മള്‍ എങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നോ പ്രതിസന്ധികളെ നേരിടണമെന്നോ പഠിപ്പിക്കുന്നില്ല. അവര്‍ ഇനി അങ്ങനെ പഠിപ്പിക്കുകയുമില്ല.അവര്‍ക്ക് ശമ്പളം കിട്ടുന്നു. കിട്ടുന്ന ശമ്പളത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്നു. 'എന്റെ' മകനോട് അല്ലെങ്കില്‍ മകളോട് അവര്‍ക്ക് പ്രത്യേകിച്ചൊരു പ്രതിബദ്ധതയും തോന്നേണ്ട കാര്യമില്ല. അപ്പോള്‍ പ്രതിബദ്ധത തോന്നേണ്ടത് ആര്‍ക്കാണ്? എനിക്ക് അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയാണ്.

 ഞാന്‍ എന്റെ പരിചയത്തില്‍ നിന്നും രണ്ടുദാഹരണങ്ങള്‍ പറയാം . എന്റെ ഒരു സുഹൃത്ത്, അയാള്‍ക്ക് വിദ്യാഭ്യാസം കുറവാണ്. പക്ഷെ ജീവിക്കാനറിയാം . അയാളുടെ മകനെയും അയാള്‍ അങ്ങനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു.  വിദ്യാഭ്യാസത്തിനേക്കാള്‍ ജീവിതവിജയത്തിന്, അല്ലെങ്കില്‍ നിലനില്‍പ്പിനാവശ്യം മാനസികാരോഗ്യമാണ്, എന്നയാള്‍ മനസ്സിലാക്കി. അയാള്‍ നാട്ടില്‍ പോകുമ്പോഴൊക്കെ ബാങ്കില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴും കറന്ട് ബില്‍ അടയ്ക്കാന്‍ പൊകുമ്പോഴും എന്ന് വേണ്ട ജീവിതത്തില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എന്ത് കാര്യങ്ങള്‍ക്കും പത്തുവയസ്സുകാരന്‍ മകനെയും കൂട്ടും . ഇപ്പൊ അവനു വയസ്സ് പതിനൊന്ന്. അച്ചന്‍ നാട്ടില്‍ ഇല്ലെങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും പോകുന്നത് മകനാണ്. ഇതിനെയാണ്, കാര്യപ്രാപ്തി എന്ന് പറയുന്നത്. അത് സ്കൂളില്‍ കിട്ടില്ല. വീട്ടിലേ കിട്ടു.

ഞാനീ ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ നിന്നും കുട്ടിയെ ഇങ്ങനെ വളര്‍ത്തിയാലേ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയില്ല. പക്ഷെ രണ്ടാമത്തേതിനെ അപേക്ഷിച്ച് വളരെ ആരോഗ്യകരമായ ഒന്നാണ്, ആദ്യത്തേത് എന്ന് നിസംശയം പറയാം .

പഠനങ്ങളനുസരിച്ച് 15 ശതമാനത്തോളം കൌമാരക്കാര്‍ കടുത്തമാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്ന് പറയപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വിലയേറിയ സമയത്ത് ഇത്രയും പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമകളാണെങ്കില്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശെരിയാവാനുള്ള സാധ്യത തുലോം കുറവാണ്. ഈ തീരുമാനങ്ങളാണ്, പിന്നീടവരുടെ ജീവിതം നിര്‍ണ്ണയിക്കുന്നത് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെയാണ്.

കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം , ഭക്ഷണം , വസ്ത്രം ഇതൊന്നും കൊടുക്കുക എന്നതല്ല, മറിച്ച് അവരെ ജീവിക്കാന്‍ , ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കുക എന്നതാണ്. അമ്മ വഴക്ക് പറഞ്ഞതിനു ആത്‌മഹത്യയാണു പരിഹാരം എന്നൊരു കുട്ടി വിചാരിച്ചെങ്കില്‍ ആദ്യം ആത്മഹത്യ ചെയ്യേണ്ടത് ആ കുട്ടിയുടെ മാതാപിതാക്കളാണ്.

കാരണം ഇതേ മാതാപിതാക്കളാണ്, വളര്‍ന്നുവരുന്ന കുട്ടികളെ 'ഒന്നിനും കൊള്ളാത്തവന്‍ ' എന്ന് വിളിക്കുന്നത്. ഒന്നിനും കൊള്ളാതാക്കിയത് ആരാണ്? ഈ വിളി കേള്‍ക്കുന്ന കുട്ടി ആത്മഹത്യ ചെയ്തു എങ്കില്‍ ആരാണു കൊലയാളികള്‍ ?

ശാരീരികാരോഗ്യം നമുക്ക് പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ട് സാവധാനം നേടാവുന്ന ഒന്നാണ്. എന്നാല്‍ മാനസികാരോഗ്യം അത് വളരുന്നതിനോടൊപ്പം നേടേണ്ട ഒന്നാണ്.

കുട്ടികളിലുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ക്ക് ഇന്ന് നിരവധി ചികിത്‌സകളും മരുന്നുകളുമുണ്ട്. പക്ഷെ അതൊക്കെ കൈകൊണ്ട് തൊടുന്നത് നമ്മുടെ കൈ 'ശുദ്ധമാക്കിയിട്ടാവണം ' !

ഒരു കുഞ്ഞിനെ ആരോഗ്യകരമായി വളര്‍ത്തുന്നതിനെ കുറിച്ച് ഒരു മാതാപിതാവിനും ക്ലാസ്സ് എടുക്കേണ്ട കാര്യമില്ല. തെറ്റേത് ശെരിയേത് എന്നറിയാന്‍ പാടില്ലാത്ത പ്രായത്തിലല്ല അവര്‍ക്ക് കുഞ്ഞുണ്ടായത് എന്നത് തന്നെ കാരണം !


Sunday, June 26, 2011

നേപ്പാളി

പദം പ്രസാദ് ജൈസി. എല്ലാവരും അവനെ നേപ്പാളി എന്ന് വിളിച്ചു. രണ്ട് പദം പ്രസാദുമാര്‍ സുഖമായി കയറുന്ന കവറോളും ചൂട് സഹിക്കാന്‍ മുഖം മുഴുവന്‍ മൂടിയ അഴുക്ക് പിടിച്ച തുണിയും കാലില്‍ പാകമാകാത്ത ഒരു ജോടി ഷൂസും . ഇത്രയുമായിരുന്നു അവന്റെ അടയാളങ്ങള്‍ .


വിശക്കുമ്പോള്‍ വെയര്‍ ഹൌസിന്റെ ഏതെങ്കിലും ഒരു മൂലയിരിലിരുന്ന് ഖുബൂസ് വെള്ളത്തില്‍ മുക്കിക്കഴിക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അവനൊപ്പം വേറെയും രണ്ട് മൂന്ന് നേപ്പാളികളുണ്ടാവും . അവരുടെ കൈയ്യിലും ഓരോ കീറു ഖുബൂസ് കാണാം . രുചിയുണ്ടോ എന്നറിയില്ല, എങ്കിലും ആര്‍ത്തിയോടെ അവരത് കഴിക്കും . അടുത്തുള്ള കെറ്റിലില്‍ നിന്ന് ചൂടുവെള്ളമെടുക്കാന്‍ വരുമ്പോള്‍ കാണാം ഒരു ഫോം കപ്പ്. അതില്‍ പദം എന്നെഴുതിയിരിക്കുന്നു. അതവന്റെ ഗ്ലാസ്സാണ്. ദിവസങ്ങളായി അതേ ഗ്ലാസ്സ് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത് വിഡ്ഡിത്തമാണ്. അതവരുടെ ജീവിതമാണ്. ആ കൊച്ചുശരീരം ചൂടില്‍ പൊള്ളുമ്പോഴും ആ നെന്‍ചിനുള്ളില്‍ ഒരാളുണ്ടെന്ന് പിന്നീട് പദമിനോട് സംസാരിക്കാനവസരം കിട്ടിയപ്പോള്‍ മനസ്സിലായി.

'മനീഷ'

ഇപ്പൊ മനീഷ ജൈസി. അവന്റെ ഭാര്യ.

നേപ്പാളിലെ അവന്റെ ഗ്രാമം , അവിടുത്തെ അവന്റെ വീട്ടില്‍ അവനുള്‍പ്പടെ ആറുപേര്‍ . മൂന്ന് ചേച്ചിമാര്‍ . അവരൊക്കെ കല്യാണം കഴിഞ്ഞു. ഹിമാലയസാനുക്കളില്‍ ജീവിക്കുന്ന അവരുടെ കല്യാണം കഴിഞ്ഞു. പിന്നെ അമ്മയെ നോക്കാന്‍ ആളില്ലാത്തതിനാല്‍ പതിനേഴാമത്തെ വയസ്സില്‍ കല്യാണം കഴിക്കേണ്ടി വന്നു അവന്.

"അപ്പൊ ഇഷ്ടമുണ്ടായിട്ടല്ല കെട്ടിയത്!" എന്ന എന്റെ പ്രസ്ഥാവനയ്ക്ക് അവന്‍ ഒരു നാണത്തോടെ മറുപടി നല്‍കി.

"ആ പ്രായത്തില്‍ കല്യാണം കഴിക്കാന്‍ ഒത്തിരി ഇഷ്ടായിരുന്നു..ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നു എന്ന്"

'എന്താ അങ്ങനെ' എന്നര്‍ത്ഥത്തിലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം അവന്‍ പഴകി ദ്രവിച്ച ഒരു പഴ്‌സ് തുറന്നു.

അതില്‍ മനീഷയുടേതാണെന്ന് തോന്നിക്കുന്ന ഒരു ഫോട്ടോ. ഒരു കൊച്ചുപെണ്‍കുട്ടി. ഒക്കത്തൊരു കുഞ്ഞും !

പദം അങ്ങനെ പറഞ്ഞതിന്റെ കാരണം മനസ്സിലാക്കാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അവനാര്‍ക്ക് വേണ്ടി ജീവിതം തുടങ്ങിയോ അവനാര്‍ക്കൊക്കെ വേണ്ടി ഇനി ജീവിക്കാന്‍ പോകുന്നൊ അവര്‍ അവന്റെ ആ ദ്രവിച്ച പഴ്‌സിലുണ്ട്.

ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നേരം ഞാന്‍ പദമിനെ ഓര്‍ക്കും . അവന്‍ എന്നും എങ്ങനെയാ പച്ച ഖുബൂസും വെള്ളവും കഴിക്കുക! ഒരു ദിവസം ഞാന്‍ ഒരു എക്സ്ട്രാ ഫുഡ് എടുത്തു. അത് പദം കാണാതെ അവനിരിക്കും എന്ന് ഞാന്‍ കരുതിയ സ്ഥലത്ത് വച്ചു. അവന്‍ വരുന്നുണ്ടോ എന്ന് ദൂരെ മാറി നിന്ന് നോക്കി.  

വന്നില്ല. അവനെന്നല്ല, അവന്റെ കൂട്ടുകാരും അന്ന് വന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. അവനിന്ന് ഡെസെര്‍ട്ടിലാണു ജോലി. വരുമ്പോ താമസിക്കും . ഞാന്‍ തിരിച്ചുപോയി ആ ചോറുപൊതി എടുത്തു. പൊടിക്കാറ്റടിക്കുന്നുണ്ടെന്ന് തോന്നുന്നു. മണ്ണിന്റെ മണം . ഞാന്‍ അത് എന്റെ ടേബിളിന്റെ അടിയില്‍ വച്ചു.

പൊടിക്കാറ്റ് നല്ല ശക്തമാണെന്ന് തോന്നുന്നു. ഓഫീസില്‍ പോലും പൊടി അടിച്ചുകയറുന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. കുവൈറ്റ് കണ്ട് ഏറ്റവും വലിയ പൊടിക്കാറ്റാണതെന്ന്. ഒരടി പോലും മുന്നോട്ട് കാണാന്‍ കഴിയാത്ത, ശ്വാസത്തിലും നിശ്വാസത്തിലും പൊടി ! അടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ കഴിയുന്നില്ല. ഉച്ച തിരിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് തീര്‍ന്നപ്പോള്‍ രാത്രി പത്ത് മണി. ആരും ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഒരു വിധം പൊടിക്കാറ്റടങ്ങി എന്ന് കണ്ടപ്പോള്‍ കമ്പനി പ്രത്യേകവാഹനങ്ങളില്‍ ജോലിക്കാരെ താമസസ്ഥലത്തെത്തിച്ചു തുടങ്ങി.


റൂമില്‍ ചെന്ന് ബാത് ടബ് നിറയെ വെള്ളം നിറച്ച് അതില്‍ ആണ്ട് കിടന്നപ്പൊ മനസ്സില്‍ പെട്ടെന്ന് പദമിനെ ഓര്‍ത്തു. അവന്‍ , അവനിന്ന് മരുഭൂമിയിലായിരുന്നു ജോലി എന്നല്ലെ പറഞ്ഞത് ?!!

പിറ്റേന്ന് ജോലിയ്ക്ക് വന്നതും പദമിനെ ഞാന്‍ അന്വേഷിച്ചു. ഓഫീസ് ഒക്കെ ക്ലീനിങ്ങ് ബോയ്സ് ക്ലീന്‍ ചെയ്യുന്നതേയുള്ളു. ഞാന്‍ ഇന്നലെ വച്ച ചോറുപൊതി ടേബിളിനടിയില്‍ നിന്ന് അവരെടുത്ത് നോക്കുന്നു. എന്നിട്ട് സംശയത്തോടെയാണെങ്കിലും ട്രാഷ് ബാഗില്‍ ഉപേക്ഷിക്കുന്നു.

'പദമെവിടെ?'

ഞാന്‍ അതിലൊരാളോട് ചോദിച്ചു.

എന്തോ നിഷേധാര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.

ഞാന്‍ അടുത്തുചെന്നു.

'അവനിന്ന് വന്നില്ലെ..?'

എന്റെ അടുത്ത ചോദ്യം , അല്ല, സംഭ്രമം !

'ഇല്ല..അവനിനി വരുമെന്ന് തോന്നുന്നില്ല..ഇന്നലെ അടിച്ചകാറ്റില്‍ അവന്‍ പോയി'

വാട്ട് ? ഞന്‍ കസേരയില്‍ അറിയാതെ ഇരുന്നുപോയി.എന്താ പറ്റിയെ എന്ന് ചോദിക്കാനായി സ്വബോധം വീണ്ടെടുത്തപ്പോഴേയ്ക്കും ക്ലീനിങ്ങ് ബോയ്സ് പോയിരുന്നു. അവര്‍ ഫ്ലോര്‍ തുടച്ച നനവ് മാത്രം ബാക്കി.

കുറച്ച് കഴിഞ്ഞ് വാഷ് റൂമില്‍ പോകാനിറങ്ങിയപ്പോഴും മനസ്സ് നിറയെ പദമായിരുന്നു. അവനെന്ത് പറ്റി ? അവന്റെ കുഞ്ഞ് ? മനീഷ ?

പുറത്തെ സേഫ്റ്റിബോര്‍ഡില്‍ ഇന്നലെ അടിച്ച കാറ്റിനെക്കുറിച്ചുള്ല വിവരങ്ങള്‍ ! അതിന്റെ താഴെ തന്നെ ഒരു ആക്സിഡന്റിന്റെ പടവും .

പദം ! പദമല്ലേ അതില്‍ ! അതെ അവന്‍ തന്നെ!

ഞാന്‍ കാന്തം ഒട്ടുന്നതുപോലെ സേഫ്റ്റി ബോര്‍ഡില്‍ ചേര്‍ന്ന് നിന്ന് അതില്‍ നോക്കി. അതെ അവന്‍ തന്നെ.

'യു വില്‍ ലൂസ് യുവര്‍ ലിമ്പ്‌സ് ഈഫ് യു ആര്‍ കെയര്‍ലെസ് ലൈക് ദിസ്'

ഇതായിരുന്നു അതിന്റെ ഹെഡിങ്ങ് !

സേഫ്റ്റി ഓഫീഷ്യല്‍സ് സ്ട്രെച്ചറില്‍ പദമിനെ എടുത്ത് കൊണ്ട് പോകുന്ന പടത്തില്‍ ഞാന്‍ അവനെ കണ്ടില്ല. കണ്ടത് അവന്റെ അടയാളങ്ങളെ, ആ ബൂട്ടും കവറോളും !

എന്ത് ചെയ്യണം പറയണം എന്നറിയാതെ ഞാന്‍ തിരിച്ച് ഓഫീസിലേയ്ക്ക് തന്നെ കയറി. അവിടെ ആരോ ആരോടോ പറയുന്നു,

'ഇന്നലെ കണ്ടില്ലേ..ആ പൊടിക്കാറ്റില്‍ ഒരു നേപ്പാളിയെ വണ്ടിയിടിച്ചത്..കൈയ്യോ കാലോ പോയീന്നാ പറയുന്നെ..ഇവനൊന്നും ഒരിടത്ത് ഒതുങ്ങി നിന്നൂടെ..ആര്‍ക്ക് പോയി..അവന്റെ വീട്ടുകാര്‍ക്ക്'

എന്റെ മനസ്സില്‍ ആ കുഞ്ഞുപദമിന്റെ ചിരിക്കുന്ന മുഖം ഓര്‍മ്മ വന്നു. പദമിന്റെ ഭാവിയെ മുറുകെ പിടിക്കാന്‍ പോകുന്ന മനീഷയുടെ രണ്ട് കൈകളും പിന്നെ ഇപ്പൊ കണ്ണീര്‍ വാര്‍ത്തുതുടങ്ങിയിട്ടുണ്ടാകുന്ന ആ രണ്ട് കണ്ണുകളും .

പദം, ഇനി നിന്നെയോര്‍ക്കാതെ എനിക്കിനി ഒരു പിടി ചോറുകഴിക്കാനാകില്ല. എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ക്ഷമിക്കുക!

Monday, June 20, 2011

എന്റെ നമ്പറും വരും...

"കാള പോലായി..ഇപ്പഴും ഉരുട്ടി വായിലോട്ട് വച്ച് ചവച്ചുകൊടുക്കണം ... നിന്റെ കൂടെ പഠിച്ച ഷിബൂനെക്കണ്ട് പഠി..അവന്‍ പഠിച്ചില്ലേലെന്താ..ഇപ്പൊ ഗള്‍ഫിലാ..നീ ഇങ്ങനെ ക്ലബ്ബെന്നും കച്ചികളീന്നും പറഞ്ഞ് നടന്നൊ.."

എന്റെ മാതാശ്രീ ഇത്രക്കും പ്രകോപിതയാവാന്‍ ഞാന്‍ ഒരു കാരണവും കണ്ടില്ല. ആകെയുള്ള കാരണം എന്റെ മുന്നിലിരിക്കുന്ന എട്ട് പത്ത് ദോശയടുക്കി വച്ചിരുന്ന പ്ലേറ്റായിരുന്നു.ചുട്ടിങ്ങോട്ടിട്ടതെ അമ്മയ്ക്കോര്‍മ്മയുള്ളു. പിന്നെ കേള്‍ക്കുന്നത് എന്റെ ഏമ്പക്കമാ !

ജോലീം കൂലീം ഇല്ലാത്തവനു ഈ രാജ്യത്ത് ഒരു പത്ത് ദോശ തിന്നാനുള്ള സ്വാതന്ത്ര്യമില്ലെ? 'ഒണ്ട്രാ..പക്ഷെ എല്ലാം കൂടി കുത്തിക്കേറ്റീട്ടൊള്ള ഈ ഏമ്പക്കമുണ്ടല്ലൊ..അതിനുള്ള സ്വാതന്ത്ര്യമില്ല' എന്നര്‍ത്ഥത്തില്‍ അമ്മ എന്നെ തുറിച്ചൊരു നോട്ടം ,എന്നോടുള്ള ദേഷ്യമാവും , ആ ദോശക്കല്ലിനെ ചട്ടുകം കൊണ്ട് ചുരണ്ടിചുരണ്ടിക്കൊല്ലും .മോം ..ബി കൂള്‍ .ഇപ്പോഴത്തെ കാലത്ത് നല്ലൊരു ജോലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല. സൊ അത് വരെ ഇങ്ങനെ എരന്ന് ജീവിച്ചോട്ട് !

ഞാന്‍ ദോശ തിന്ന പ്ലേറ്റ് പതുക്കെ അടുക്കളയുടെ സ്ലാബില്‍ വച്ചു. എന്റെ പോക്കറ്റില്‍ കിടന്ന മൊബൈലെടുത്തു.ഇതാണിന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം , മൊബൈല്‍ . ജോലീം കൂലീമൊന്നുമില്ല,  എങ്കിലും ക്യാമറാമൊബൈലും ചെവീലൊട്ടിച്ചെ നടക്കു! ഞാന്‍ വിപിന്റെ നമ്പര്‍ കുത്തി.

"ഹലോ..ടാ ഇത് ഞാനാ...എന്താ റോങ്ങ് നമ്പറോ..?" കുത്ത് മാറിക്കൊണ്ടു ! ഏതോ ഒരു കൊച്ചു പയ്യന്‍ ! പയ്യനു ചിലപ്പൊ ഒരു ചേച്ചിയുണ്ടെങ്കിലൊ !

"ഹാ..സോറി..അതുപോട്ടെ ചേച്ചിയെന്തു പറയുന്നു..." റോങ്ങ് നമ്പെറെങ്കി റോങ്ങ് നമ്പറ്..ഓഫറുകളുടെ അയ്യരുകളിയല്ലെ..ചുമ്മാ സംസാരിക്കാം ..യേത്? അപ്പുറത്ത് പയ്യന്‍സ് ചൂടാകുന്നു. അങ്ങനെ വിട്ടാലെങ്ങനാ..

"ഹലോ..റോങ്ങ് നമ്പറാണെങ്കിലെന്താ..ചേച്ചിയെന്തെങ്കിലുമൊക്കെ പറയുമല്ലൊ.." ഫോണ്‍ കട്ട്! ശെടാ..റോങ്ങ് നമ്പറായാലെന്താ..ഒരു സഹകരണമൊക്കെ വേണ്ടെ..? ആ പോട്ട് പുല്ല്.. ഞാന്‍ വിപിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

"ടാ കോപ്പെ..മറ്റന്നാ കുവൈറ്റിലേയ്ക്കൊരു ഇന്റര്‍വ്യൂ ഉണ്ട്..പോണം ...ഓക്കെ..?" അവന്‍ ഫോണെടുത്തതും ഞാന്‍ പറഞ്ഞു.

"ഇത് ഞാനാ വിപിന്റച്ചന്‍ ..."

പ്ലുഷ്..!!! എന്റെ വളിച്ച ചിരി.

"യ്യൊ..ഞാന്‍ അറിഞ്ഞില്ല അങ്കിള്‍ ..വിപിനില്ലെ?" അവന്റെയും അവന്റച്ചന്റെയും ശബ്ദം ഒരു പോലാ.

"സാരില്ല..അവന്‍ വന്നാ ഞാന്‍ വിളിക്കാന്‍ പറയാം ..." ഈ അങ്കിളൊരു പാവാ. ഒന്നും സാരില്ല. മുന്നെയും ഇതേ പോലെ ചെമ്പഴന്തി റാണി തീയേറ്ററില്‍ എത്താന്ന് പറഞ്ഞ് പറ്റിച്ചതിനു അവന്റെ മൊബൈലില്‍ വിളിച്ച് അവനാന്ന് വിചാരിച്ച് നല്ല പുളിച്ച ചീത്ത വിളിച്ചപ്പോഴും 'സാരില്ല'!. വാട്ട് എ ഡൌണ്‍ റ്റു എര്‍ത്ത് പേഴ്‌സണ്‍ ! ഓക്കെ പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഇനിയിപ്പൊ അവനെ കിട്ടണമെങ്കില്‍ അവന്റെ വീട്ടില്‍ ചെന്നടയിരിക്കണം . പക്ഷെ അടയിരിക്കല്‍ എനിക്കൊരു പ്രശ്നമല്ല. എന്റെ വീട്ടില്‍ കാല്‍ കാശിനു വകയില്ലാതെ ഇങ്ങനെ അടയിരിക്കുവല്ലെ, ഇനി കുറച്ചുനേരം അവന്റെ വീട്ടില്‍ പോയി അടയിരിക്കാം ;)

ഞാന്‍ വിപിന്റെ വീട്ടില്‍ ചെന്നു. ചെന്നാലുടനെ ആന്റിയുടെ വക സ്ഥിരം ചോദ്യംസ്.

"ജോലിക്കാര്യമൊക്കെ ..?"

ആന്റീ..ഒന്നും കൊണ്ടും പേടിക്കണ്ട, എനിക്കും അവനും ഉടനെ തന്നെ..ഒരു ജോലി കിട്ടുമെന്ന് തോന്നുന്നില്ല!

"നോക്കുന്നുണ്ടാന്റീ..ഉടന്‍ റെഡിയാവും ..മറ്റന്നാ ഒരു ഇന്റര്‍വ്യൂവുണ്ട്..അവനെ വിളിക്കാന്‍ വന്നതാ.." ശെരിയാ..ഞാന്‍ നോക്കിയതെല്ലാം തലേലെഴുത്തുള്ളവന്‍മാര്‍ക്ക് റെഡിയായി. ഇതെങ്കിലും നടക്കൊ എന്തോ?

നേരം കുറേയായിട്ടും അവനെ കണ്ടില്ല. പക്ഷെ എന്റെ ജോലിസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ക്ലിയറാക്കാന്‍ ഞാ തീരുമാനിച്ചു. വേറൊന്നുമല്ല, ഒരു ബ്ലൈഡ് വാങ്ങണം ! ചെരയ്ക്കാനെ..ഷേവ് ചെയ്തിട്ട് ആഴ്‌ചയൊന്നായി. പോകുന്ന വഴിക്ക് ഒരെണ്ണം വാങ്ങുകയും ചെയ്തു.

വീട്ടില്‍ ചെന്നതും സംശയം . കുളിച്ചിട്ട് ഷേവ് ചെയ്യണോ ഷേവ് ചെയ്തിട്ട് കുളിക്കണോ അതോ ഇനി ഒരു വെറൈറ്റിക്ക് കുളിച്ചോണ്ട് ഷേവ് ചെയ്യണോ..?

ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നിന്നു. വീട്ടില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സ്ഥലമാണത്. ഷേവിങ്ങ് സെറ്റില്‍ ബ്ലഡൊക്കെയിട്ട്, തലയില്‍ തേച്ച എണ്ണയില്‍ നിന്ന് കുറച്ച് വഴിച്ചെടുത്ത് ബ്ലൈഡിന്റെ തുമ്പില്‍ തേച്ചു! ഒരു മയത്തിന്..

പിന്നെ മുന്നില്‍ നിന്ന് കുറച്ച് മുടിയെടുത്ത് സ്പ്രിങ്ങ് പോലാക്കി മൂക്ക് വരെ വലിച്ചുനീട്ടിക്കൊണ്ടുവന്നു (അന്ന് ഇത്രയ്ക്കും തരിശായിരുന്നില്ല!). പിന്നെ പതുക്കെ തിരിച്ചെടുത്ത് ഉച്ചിയിലൊട്ടിച്ചു. എന്നിട്ട് കൃതാവിന്റെ അളവെടുത്തു.

"മോനെ..കുളിച്ച് കഴിഞ്ഞാ തലേ തേയ്ക്കാന്‍ രാസനാദി ഇവിടെ വച്ചിട്ടുണ്ട്..മറക്കണ്ട" പിന്നില്‍ നിന്ന് എന്റെ അമ്മൂമ്മ. ഈ വീട്ടില്‍ എന്നെ ഇതുവരെയും എഴുതിത്തള്ളാത്ത ഒരേ ഒരു വ്യക്തി എന്റെ അമ്മൂമ്മയാകുന്നു.കാര്യം വേറൊന്നുമല്ല, പുള്ളിക്കാരിക്ക് എഴുത്തറിയില്ല. അറിഞ്ഞിരുന്നെങ്കിലെപ്പൊ തള്ളീന്ന് ചോദിച്ചാതി !

അമ്മൂമ്മാ..അറപ്പിക്കരുത്..ശ്രദ്ധ ഒരല്‍പം മാറിയാല്‍ കൃതാവില്‍ കൊണ്ട് കൈ മുറിയും .ഞാന്‍ കൃതാവില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തു. ഷേവിങ്ങ് സെറ്റെടുത്ത് കൃതാവിന്റെ നീളം ഒരല്‍പം കുറച്ചു.കൊള്ളാം ..ഇനി മറ്റേത്. ഞാന്‍ അതിന്റേം നീളം കുറച്ചു.ശെരിയായില്ല.ഒരെണ്ണം അല്‍പം കേറിപ്പോയി.ഞാന്‍ മറ്റേതിന്റെ നീളം ഒന്നൂടെ കുറച്ചു. കോപ്പ്,ദേ ഇപ്പൊ ഇതൊരല്‍പം കേറിപ്പോയി. ഈ ലോകത്ത് കേറീപോയാല്‍ പെട്ടെന്നൊന്നും ഇറങ്ങിവരാന്‍ കൂട്ടാത്താക്കാത്ത ഐറ്റംസില്‍ ഒന്നാണീ സാധനം.

രംഗം : കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടായപോലെ ചെരച്ച് ചെരച്ച് രണ്ട് കൃതാവും പോയി കണ്ണാടിക്ക് മുന്നില്‍ ഞാന്‍ ! :(

ഇനി മര്യാദയ്ക്ക് ആഡംബരമൊക്കെ കുറച്ച് സോപ്പ് തേച്ച് കുളിക്കാം . ഇല്ലെങ്കിലിമ്മാതിരി പണി ഇനീം കിട്ടും .വിപിനു വേറൊരു കമ്പനിയില്‍ 'ദയാഹര്‍ജി' (അവന്റെ മാര്‍ക്ക് ലിസ്റ്റും സെര്‍ട്ടിഫിക്കറ്റും ) കൊടുക്കാന്‍ പോകണമെന്നുള്ളതുകൊണ്ട് ഇന്റര്‍വ്യൂവിനു ഞാന്‍ ഒറ്റയ്ക്ക് പോകേണ്ടിവരും .

എറണാകുളത്തെ വളഞ്ഞമ്പലത്തുവച്ചാണു ഇന്റര്‍വ്യൂ. അന്നേ ദിവസം രാവിലെ കുളിച്ച് അമ്പലത്തിലൊക്കെ പോയി പരമശിവനു ഉരുളൊന്ന് വീണ്ടും നേര്‍ന്നു! ഇതിപ്പൊ എട്ടാമത്തെയാ..ഈശ്വരാ, ജോലി കിട്ടാന്‍ ഇനീം താമസിച്ചാല്‍ ,ജോലി കിട്ടുമ്പൊ അതിനുപോകാന്‍ സമയം കിട്ടാതെ ഇവിടെ കിടന്നുരുളാനുള്ള സമയമേ കാണു.

ആദ്യം വളഞ്ഞമ്പലത്തെ ഓഫീസില്‍ ചെന്ന് റെസ്യൂം കൊടുക്കണം . അപ്പൊ അവിടുന്ന് ടോക്കണ്‍ തരും . അതും വാങ്ങി നേരെ ലേ മെറിഡിയനില്‍ പോണം . അവിടെയാണിന്റര്‍വ്യൂ.

തലേ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയതുകൊണ്ട് ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല. അപ്പൊ പിന്നെ ബസ് തന്നെ ശരണം . നേരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക്.

അവിടെ എത്തിയതും കുശലം ചോദിക്കുന്നകൌണ്ടറിലേക്ക് ചെന്നു.

"ചേട്ടാ..എറണാകുളത്തേയ്ക്കുള്ള ഫസ്റ്റ് ബസ്..??"

"ഫസ്റ്റ് ബസ് പോകാന്‍ ഒരല്‍പം ലേറ്റാവും ..അതിനു മുന്നെ ഒരെണ്ണം പോകുന്നുണ്ട്..." വൌ, ബ്രില്യന്റ്! ഞാനാ കവാലം നോക്കി ഒന്ന് തന്നോട്ടെ? ആദ്യം പോകുന്ന ബസ്സല്ലെ ഫസ്റ്റ് ബസ്. ഫസ്റ്റ് ബസ്സെങ്ങനെ രണ്ടാമത് പോകും ?

ടിക്കറ്റ് കൌണ്ടറില്‍ നിന്ന് ടിക്കറ്റും വാങ്ങി ഞാന്‍ ബസില്‍ കയറിയിരുന്നു.അങ്ങനെ ഞാന്‍ എന്റെ ഭാഗ്യം പരീക്ഷിക്കാന്‍ എറണാകുളത്തേയ്ക്ക് യാത്രയായി.ബസിലിരുന്ന് വേറെ ഒരു കാര്യവുമുണ്ടായിട്ടല്ല, എങ്കിലും വെറുതെ ഓരോന്നാലോചിച്ചു. പെണ്‍കുട്ടികള്‍ പ്രായമായിക്കഴിഞ്ഞാല്‍ കെട്ടിച്ചുവിടാം , അതുകഴിഞ്ഞാല്‍ അച്ചനമ്മമാരുടെ ഉത്തരവാദിത്വം കഴിഞ്ഞു. ആണ്‍കുട്ടികളെന്താ, വഴീ കിടന്നു കിട്ടിയതാ? അവര്‍ക്കും ഒരു ജോലി വാങ്ങിച്ചുകൊടുക്കരുതൊ? ഈ ലോകത്തെ എല്ലാ ആണ്‍കുട്ടികളോട് എനിക്ക് സഹതാപവും അനുകമ്പയും തോന്നി, പെണ്‍കുട്ടികളോട് വെറു...വെയിറ്റ്..അങ്ങനെ ചുമ്മാ ഓരോന്ന് തോന്നിയാലെങ്ങനാ..ദോണ്ടെ വലതുവശത്തെ സീറ്റല്‍ ഒരു ചെല്ലക്കിളിയിരിക്കുന്നു! ചെവിയില്‍ മൊബൈലിന്റെ ഹാന്‍ഡ് ഫ്രീ ഫിറ്റ് ചെയ്ത് ആരോടൊ സൊള്ളുന്നു.ചിരിച്ചുമയങ്ങി തനിയെ സീറ്റിലിടിക്കുന്നു..ശൊ..അങ്ങ് തരളിതയാവുകാ.. അതുകണ്ടപ്പൊത്തന്നെ എനിക്ക് മനസ്സിലായി തിരോന്തരം ബോര്‍ഡര്‍ കഴിഞ്ഞെന്ന്!

പിന്നെയും കുറെ ദൂരം . ബസ് സ്റ്റാന്‍ഡുകളില്‍ ആളുകളെ ഇറക്കിയും കയറ്റിയും ആ ബസങ്ങനെ എറണാകുളത്തേയ്ക്ക് നീങ്ങി.ഞാന്‍ മയക്കത്തിലേയ്ക്കും .

എറണാകുളം സൌത്ത് എത്തുന്നതിനു തൊട്ടുമുന്നെ ഉറക്കമുണര്‍ന്നു. നല്ല വിശപ്പും.ഉച്ചയ്ക്ക് രണ്ട് മണിക്കാണിന്റര്‍വ്യൂ. എന്തെങ്കിലും കഴിക്കുന്നതിനു മുന്നെ എക്സ്പോ ഇന്റെര്‍നാഷണലിന്റെ ഓഫീസില്‍ പോയി റെസ്യൂം കൊടുക്കണം . ഞാന്‍ ബസ് സ്റ്റാന്‍ഡിലിറങ്ങി ഒരു ഓട്ടോ പിടിച്ച് നേരേ വളഞ്ഞംബലത്തിലേയ്ക്ക് വിട്ടു. അവിടെ ഇറങ്ങി ആദ്യം കണ്ട ഒരു കടയില്‍ നിന്ന് ബോന്‍ചി വെള്ളം വാങ്ങി മടമടാന്നടിച്ചു. വിശപ്പിനൊരാശ്വാസം കിട്ടിയപ്പൊ വീണ്ടും ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു."ചേട്ടായി..ഇവിടെ ഈ എക്സ്പോ ഇന്റെര്‍നാഷണലിന്റെ ഓഫീസേതാ..?"

"ഇവിടെ പുതീതാണാ..?" അതെ എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.

"എന്നാ കേറ്...അന്‍പത് രൂപയാവും ."

ഓ, പ്രശ്നമില്ല. ഒരു ജോലിയില്ലാത്തതുകൊണ്ട് കയ്യിലെപ്പോഴും അമ്മേടേന്ന് എരന്ന് കിട്ടിയ കാശുകാണും .

അങ്ങനെ ആ കൊച്ചു ശകടം എന്നെയും എന്റെ സ്വപ്നങ്ങളെയും താങ്ങി എക്സ്പോയുടെ ഓഫീസിലേയ്ക്ക് യാത്രയാരംഭിച്ചു. ഏതൊക്കെയോ വളവുകളും തിരിവുകളും കഴിഞ്ഞ് ഓട്ടോ ഒരു വലിയ നില കെട്ടിടത്തിന്റെ മുന്നില്‍ നിന്നു.

അന്‍പത് രൂപയും എണ്ണിക്കൊടുത്ത് ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി ഒന്ന് മൂരി നിവര്‍ത്തി..ഇല്ല നിവര്‍ത്തിയില്ല..അതിനു മുന്നെ ദേ കുരച്ചപ്പറത്ത് ഞാന്‍ ബോന്‍ചി വെള്ളം കുടിച്ച കട!!!വാട്ട് ദ ഹെല്‍ !! അപ്പൊ..അപ്പൊ എന്നെ ചതിക്കുകയായിരുന്നു..? എന്നെ എവിടേലും കൊണ്ടുപോയി റേപ് ചെയ്തിരുന്നെങ്കിലും ഞാന്‍ പോട്ടേന്ന് വച്ചേനെ..പക്ഷെ ഇത്?എക്സ്പോയുടെ മുന്നില്‍ നിന്ന് വണ്ടീല്‍ കേറ്റി കൊച്ചിനഗരം മുഴുവനും കറക്കി അവിടെത്തന്നെ കൊണ്ടുവന്നിറക്കി! വിടില്ല ഞാന്‍ ..

എവിട്രാവന്‍ ..പിട്രാവനെ...ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുമൊക്കെ നോക്കി. ദേ പോണ്..ദേ പോണ്..ആ ഡേഷ് മോനും അവന്റെ ഓട്ടോയും . നമ്പറെഴുതാന്‍ ഞാന്‍ പേന തപ്പി. ഗുഡ്, പേനയില്ല! ഇതിന്റെ ക്ഷീണം മാറാന്‍ ഒരു ബോന്‍ചിവെള്ളം കൂടി കുടിച്ചാലോ..ശെ..ആകെ ഇതിപ്പൊ എരണക്കേടായി..പോട്ട്..ആരുമറിഞ്ഞില്ല.

ഇത്രയ്ക്കും നാറികളാണോ ഇവിടെ..? പ്ത്ത് മീറ്ററുപോലും നടക്കാനില്ലാതിരുന്നിടത്താ അന്‍പത് ഉലുവേം കൊടുത്ത് കറങ്ങിയത്. തിരോന്തരത്തെ ഓട്ടോക്കാരാ ഭേദം . പത്ത് മീറ്ററെങ്കി പത്ത് മീറ്റര്‍ . പറ്റിക്കാതെ കൊണ്ടിറക്കും . എന്നിട്ടേ ആ കാലമാടന്‍മാര്‍ അന്‍പത് രൂപ വാങ്ങിക്കു :(

ഞാന്‍ എക്സ്പോയുടെ ബോര്‍ഡ് നോക്കി ഓഫീസിലേയ്ക്ക് കയറി, റെസ്യൂം കൊടുത്തു.ചുറ്റും കിലോക്കണക്കിനു ഭാരമുള്ള സെര്‍ട്ടിഫിക്കറ്റുകളുമായ് ആള്‍ക്കാര്‍ . കൊച്ചുപയ്യന്‍മാര്‍ മുതല്‍ പത്തന്‍പത് വയസ്സ് പ്രായമുള്ളവര്‍ വരെയുണ്ട്. ഞാന്‍ ഒന്നുകൂടിയൊന്നു പരുങ്ങി.കാരണം മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രശ്‌നം എന്റെ റെസ്യൂമിലുണ്ടായിരുന്നു.

പാസ്സ്‌പോര്‍ട്ട് നമ്പര്‍ : 'കിട്ടീട്ടില്ല..കൊടുത്തിട്ടുണ്ട്..ഉടന്‍ കിട്ടും '

അര്‍ത്ഥാത്, പാസ്സ് പോര്‍ട്ടില്ലാതെയാകുന്നു ഈയുള്ളവന്‍ കുവൈറ്റിലെ ജോലിക്ക് ശ്രമിക്കുന്നത്. എന്തൊരു മണ്ടനെന്ന് വിചാരിക്കണ്ട, പാസ്സ് പോര്‍ട്ട് ഒരാഴ്‌ചയ്ക്കുള്ളില്‍ കിട്ടും എന്ന് അറിയിപ്പൊ കിട്ടിയിരുന്നു. റേഷന്‍ കാര്‍ഡില്ലാതെ റേഷന്‍ വാങ്ങുന്ന രാജ്യത്ത് പാസ് പോര്‍ട്ടില്ലാതെ ഒരു ജോലിക്ക് ശ്രമിച്ചൂടെ..യേത്?

"അറിയാവുന്ന ആരേലുമുണ്ടോ കുവൈറ്റില്‍ ..?" റെസ്യൂം വാങ്ങിവച്ചവന്റെ വക ഒരു ചോദ്യം .

ഉണ്ട്. എന്റെ കൂടെ പഠിച്ചതാ. ഇപ്പൊ അവിടെ വലിയ നിലയിലാ..അവിടുത്തെ രാജാവാ..ഒന്ന് പോടാപ്പാ..ശ്രീകാര്യം ജംക്ഷന്‍ കഴിഞ്ഞാ പിന്നെ എനിക്കെന്നെത്തന്നെ അറിഞ്ഞൂടാ. അപ്പഴാ കുവൈറ്റ്.

"ഹില്ല..." ടോക്കണും വാങ്ങി ഞാന്‍ നേരെ അടുത്ത് കണ്ടഹോട്ടലില്‍ കയറി വയറു നിറച്ച് ഊണുമടിച്ച് ഒരു ഏമ്പക്കവും വിട്ട് എന്റെ കലി തീര്‍ത്തു! അല്ല പിന്നെ..

ഊണും കഴിഞ്ഞ് നേരേ ലേ മെറിഡിയനിലേയ്ക്ക് 'വീണ്ടും ' ഒരു ഓട്ടോയില്‍ ! പക്ഷെ ഇത്തവണ എന്നെ ആരും പറ്റിച്ചില്ല.'ലോ ലാ കാണുന്നതാണു ലേ മെറിഡിയന്‍ ' അതിനടുത്തെത്തിയപ്പൊ എന്റെ മനസ്സ് പറഞ്ഞു.

ലേ മെറിഡിയനിലേയ്ക്ക് ഓട്ടോയില്‍ ഇന്റര്‍വ്യൂവിനു വന്നിറങ്ങിയ ആദ്യത്തെ വ്യക്തി എന്ന നിലയ്ക്ക്, അതും ചോദിച്ച കാശ് എണ്ണിക്കൊടുത്ത വ്യക്തി എന്ന നിലയ്ക്ക്, അവിടെ നിന്നവന്‍മാരുടെയെല്ലാം വായില്‍ നിന്നും ഗ്യാസ് ട്രബിളുള്ളവന്‍മാര്‍ വായില്‍ കൂടി ഗ്യാസ് വിടുന്നമാതിരിയുള്ള പുച്ചംസ് കാണേണ്ടിവന്നു. പ്ഫു..!! ഒരുകിലോമീറ്റര്‍ ദൂരെ ശ്വാസം വിടാതെ ചവിട്ട് വന്ന സൈക്കിള്‍ സ്റ്റാന്‍ഡിട്ട് വച്ചിട്ട് ലിഫ്റ്റടിച്ച് വന്നവന്‍മാരാ നമ്മളെ പുച്ചിക്കുന്നെ..പൊഡെയ് പൊഡെയ് തരത്തിനു പോയി പുച്ചിക്കെഡെയ്...

ഞാന്‍ വലതുകാല്‍ വച്ചുകേറി.താമസിയാതെ എന്റെ ടോക്കണ്‍ നമ്പര്‍ വിളിച്ചു. ഇനി ഇന്റര്‍വ്യൂ. ഒരുപാടിന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ചെയ്ത് ബില്‍ ഗേറ്റ്‌സിനെ വരെ ഇന്റെര്‍വ്യൂ ചെയ്യാനുള്ള കോണ്‍ഫിഡന്‍സുമായാണു ഞാന്‍ റൂമിലേയ്ക്ക് കയറിയത്. ഇന്റര്‍വ്യൂ ഫേസ് ചെയ്യുമ്പോള്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യമാണു നമ്മുടെ കൈകള്‍ . അതെപ്പോഴും ടേബിളിനു മുകളിലാവണം .അത് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കൈയ്ക്ക് താഴെ ടേബിള്‍ വരാന്‍ ശ്രധ്ധിച്ചാലും മതി.

ഞാന്‍ റൂമിലേയ്ക്ക് കയറി കസേരയില്‍ ഇരുന്നു. മുന്നില്‍ മൂന്നുപേര്‍ . ഒരു അമേരിക്കന്‍ , ഒരു ഈജിപ്‌ഷ്യന്‍ , പിന്നെ ഒരു മദാമ്മയും . ആ പെണ്ണുമ്പിള്ള ഞാന്‍ വന്നതും ഇരുന്നതും ഒന്നും കണ്ടില്ല. അവര്‍ കണ്ണാടി പോലുള്ള ടേബിള്‍ഷീറ്റില്‍ നോക്കി മുഖം മിനുക്കുന്നു.ന്റെ പൊന്നൂ..ഞാന്‍ പെണ്ണുകാണാനല്ല വന്നത്.

ഞാന്‍ കൈയ്യെടുത്ത് ടേബിളില്‍ വച്ചു. ഒരു ആത്‌മവിശ്വാസത്തിനായ് ആഞ്ഞൊന്ന് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു. കോപ്പ്..അത്രയ്ക്ക് ആയണ്ടായിരുന്നു.മൂക്കിലെന്തോ കേറിപ്പോയപോലെ ! ഞാന്‍ അവര്‍ ശ്രദ്ധിക്കാത്ത രീതിയില്‍ തുമ്മി നോക്കി. അപ്പൊ മൂക്കികനകത്ത് ചെറുതായി കടിക്കുന്നു.ഇത് ശെരിയാവൂല്ലാ...ഞാന്‍ ടേബിളില്‍ നിന്ന് കൈയ്യെടുത്ത് മൂക്കില്‍ കടി തോന്നിയ ഭാഗത്ത് മൂക്കിനു പുറത്തായി വിരളിട്ട് തട്ടി. കടി വീണ്ടും കൂടി! സഹിക്കാന്‍ പറ്റുന്നില്ല..അറ്റകൈയ്ക്ക് ഞാന്‍ അത് ചെയ്തു.!! വേറൊന്നുമല്ല, ഈ പ്ലെയിനൊക്കെ ആകാശത്തുകൂടി പോകുമ്പൊ താഴെ നിന്ന് ഒരു വിരളിങ്ങനെ ചൂണ്ടിപ്പിടിച്ച് നമ്മള്‍ ചിരിക്കില്ലെ.. അതേ വിരള്‍ മൂക്കിലോട്ട് കേറ്റി.അതായത് മൂക്കില്‍ വിരളിട്ട് കറക്കി.അതും അവരെന്നോടു പേരുപോലും ചോദിക്കുന്നതിനു മുന്നെ ! അന്നേരം ആ പെണ്ണുമ്പിള്ള എന്നെ നോക്കിയ പോലൊരു നോട്ടം ..ശൊ..ഞാന്‍ മൂക്കീന്ന് കൈയ്യെടുക്കാന്‍ പോലും മറന്നുപോയി.പുല്ല്..കംപ്ലീറ്റ് കൊളമായി.ഇനി വരുന്നിടത്ത് വച്ച് കാണാം . അവര്‍ പേരു ചോദിച്ചു..അല്ലെങ്കില്‍ പേരു മാത്രം ചോദിച്ചു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ എന്നോടന്ന് ആകെ ചോദിച്ചത് എന്റെ പേരു മാത്രമാകുന്നു.. ഇന്റര്‍വ്യൂ ഫിനിഷ് ! കള്ളക്കളി കള്ളക്കളി..ഞാന്‍ കളിക്കൂല്ല..എന്റെ ഒണക്കപ്പേരു പറയാനല്ല അങ്ങ് തിരോന്തൊരത്ത് നിന്ന് ഇങ്ങോട്ട് കെട്ടിയെടുത്തത്. പേരിനു വേണ്ടി പേരു മാത്രം ചോദിച്ച സായിപ്പേ..മദാമ്മേ..തിരിച്ചുപോകാന്‍ വണ്ടിക്കൂലിയുണ്ടോ എന്നെങ്കിലും ചോദിച്ചൂടെ.. ചുമ്മാതല്ലടീ നിന്റെ രാജ്യം കുത്തുപാളയെടുത്തത്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു ഇങ്ങോട്ടുവരുമ്പൊ.. ഞാന്‍ കാറ്റുപോയ ബലൂണിനെപ്പോലായി.

റൂമില്‍ നിന്നിറങ്ങുമ്പൊ പുറത്തുള്ളവരുടെ ശ്രദ്ധ എന്നില്‍ . എന്തിനാ നോക്കണെ..ചെല്ല്..ചെല്ല്..പിന്നെ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി,
അകത്തുകേറിക്കഴിഞ്ഞാല്‍ ശ്വാസമെടുക്കരുത്. അഥവാ എടുത്താലും മൂക്കില്‍ വിരളിടരുത്.......


..........................................ലാസ്റ്റ് ബസ് നീങ്ങുന്നു..സ്റ്റാന്‍ഡില്‍ നിന്നും ആളുകളെ കയറ്റിയും ഇറക്കിയും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക്... ക്ഷീണിച്ചെങ്കിലും എനിക്ക് മയങ്ങാന്‍ പറ്റിയില്ല. എന്റെ മനസ്സ് നിറയെ ഒന്‍പതാമത്തെ ഉരുള്‍ നേര്‍ച്ചയായിരുന്നു!!


(പക്ഷെ ആ കമ്പനിയുടെ കഷ്ടകാലത്തിനാണെന്ന് തോന്നുന്നു..ഒരാറുമാസം കഴിഞ്ഞപ്പൊ എനിക്ക് വിളി വന്നു.വിളി വന്നതിന്റെ അന്ന് അമ്മ എനിക്ക് ചുട്ടുതന്ന ദോശയ്ക്ക് കൈയ്യും കണക്കുമില്ല. മോനെ ഇതൂടെ..ഇതൂടെ തിന്ന്..)***************************ശുഭം*******************************

Thursday, May 12, 2011

ഭൂമിക്കൊരാശ്വാസമായി കാര്‍ബണ്‍ ക്രെഡിറ്റുകള്‍

ഭൂമിയുടെ ഹരിതാവരണത്തിനെന്നും ഭീഷണീയായി നിലകൊണ്ടിരുന്നവയാണ് ഗ്രീഹ് ഹൌസ് വാതകങ്ങള്‍ അഥവാ  ഹരിതഗൃഹവാതകങ്ങള്‍ .
ഭൂമിക്കേറ്റവും കൂടുതല്‍ ഭീഷണിയുണ്ടാക്കുന്ന ഈ വാതകങ്ങളെ പിടിച്ചുകെട്ടുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.പ്രത്യേകിച്ച് വികസിതരാജ്യങ്ങള്‍ അവരുടെ വികസിതത്വം നിലനിര്‍ത്താന്‍ പാടുപെടുമ്പോഴും വികസ്വരരാജ്യങ്ങള്‍ വികസിതമാകാന്‍ പ്രയാസപ്പെടുമ്പോഴും .

എങ്കിലും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി എന്ന് മനുഷ്യന്‍ കരുതുന്ന മനുഷ്യന്‍ തന്നെ ഭൂമിയെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തില്ലെങ്കില്‍ ഒരു പക്ഷെ വംശം തന്നെ അന്യം നിന്നുപോകുമെന്നും നാളെ വേറെ ഏതെങ്കും ജീവികള്‍ അവരുടെ മ്യൂസിയത്തില്‍ നമ്മുടെയൊക്കെ ഫോട്ടോ വച്ച 'സീ..ദാറ്റ് ഈസ് എ ഹ്യുമന്‍ ' എന്ന് പറയുന്ന ഒരു സാഹചര്യം വരും . ഇതൊക്കെ മുന്നില്‍ കണ്ടാവണം വികസിത രാജ്യങ്ങളുള്‍പ്പടെ ഭൂമിയെ രക്ഷിക്കാനായി മുന്നോട്ട് വന്നത്.

1997 -ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ വികസിതരാജ്യങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും പ്രതിനിധികള്‍ ഒത്തുകൂടി ഭൂമിയെ എങ്ങനെ രക്ഷിക്കാം എന്ന് കൂലങ്കഷമായി ആലോചിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞുവന്നൊരാശയമാണ്, കാര്‍ബണ്‍  ക്രെഡിറ്റ്!
ഫാക്ടറികള്‍ പല വ്യാവസായികാവശ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണ്‍ വാതകം പുറം തള്ളുന്നു എന്നുള്ളത് എല്ലാവര്‍ക്കുമറിയാം . ഭൂമിയെ രക്ഷിക്കുക എന്ന് പറഞ്ഞാല്‍ ഇങ്ങനെ പുറം തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളെ നിയന്ത്രിക്കണം അല്ലെങ്കില്‍ കുറയ്ക്കണം എന്നാണ്.

വികസിതരാജ്യങ്ങള്‍ക്ക് അവരുത്പാദിപ്പിച്ച് തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ് കുറയ്ക്കുക എന്നതിനു രണ്ട് വഴികളുണ്ട്. ഒന്ന്, ഉത്പാദനം കുറയ്ക്കുക. രണ്ട് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉത്പാദനം അതേ നിലയില്‍ നില നിര്‍ത്തിക്കൊണ്ട് കാര്‍ബണ്‍ പുറം തള്ളുന്നത് കുറയ്ക്കുക.

ഇതില്‍ ആദ്യത്തേ വഴി ആത്മഹത്യാപരമാണ്. വികസിതരാജ്യത്തിനെ സംബന്ധിച്ച് ഉത്പാദനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ വളര്‍ച്ച കുറയുക എന്നര്‍ത്ഥം . അങ്ങനെ വന്നാല്‍ അവര്‍ക്ക് 'ഓട്ടമത്സരത്തില്‍ ' പിടിച്ച് നില്‍ക്കാന്‍ പറ്റില്ല.

രണ്ടാമത്തേത് വളരെ ചിലവ് കൂടിയതാണ്. ഒരു ഫാക്ടറി മൊത്തമായി തന്നെ ചിലപ്പൊ പുതുക്കി പണിയേണ്ടി വരും .അപ്പൊ അതും നടക്കില്ല. ഈ രണ്ട് പോംവഴികളും നടപ്പിലാക്കാന്‍ പ്രയാസമായതുകൊണ്ടാണ്, മൂന്നാമതൊരു പോംവഴിയെക്കുറിച്ച് ചിന്തിക്കുന്നതും കാര്‍ബണ്‍ ക്രെഡിറ്റ് എന്ന ആശയം ജനിക്കുന്നതും .

അതായത്, വികസിത രാജ്യങ്ങള്‍ ഭൂമിയെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത വികസ്വരരാജ്യങ്ങളിലൂടെ നടപ്പാക്കുന്നു. അതായത്, വികസ്വരരാജ്യങ്ങളിലെ ഫാക്‌ടറികളില്‍ കുറഞ്ഞ മാത്രം കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിക്കും . അതിനുവേണ്ടിയുള്ള സാങ്കേതികസഹയാവും അവര്‍ ചെയ്യും . ഇങ്ങനെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറം തള്ളുന്ന വികസ്വരരാജ്യങ്ങള്‍ക്ക് വികസിതരാജ്യങ്ങള്‍ കാശും നല്‍കുന്നു. എന്നാലിത് വെറുതെയല്ല.

ഉദാഹരണത്തിന്, ഒരു കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 100,000 ടണ്‍ കാര്‍ബണ്‍ ഹരിതഗൃഹവാതകങ്ങള്‍ പുറം തള്ളുന്നു എന്നു കരുതുക. ഗവണ്‍മെന്റിന്റെ നിയമപ്രകാരം ഇത് 80,000 ടണ്‍ മാത്രമായിരിക്കണം . അങ്ങനെ വരുമ്പോള്‍ കമ്പനി ഒന്നുകില്‍ ഉത്പാദനം കൂറയ്ക്കുക. അല്ലെങ്കില്‍ കാര്‍ബണ്‍ കുറഞ്ഞ അളവില്‍ പുറം തള്ളുന്ന വികസിതരാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങുക !

ഇപ്പൊ ചിത്രം തെളിഞ്ഞുവരുന്നുണ്ടോ? ഹരിതഗൃഹവാതകങ്ങള്‍ കുറഞ്ഞ അളവില്‍ പുറം തള്ളുന്ന വികസ്വരരാജ്യങ്ങളിലെ കമ്പനികളുടെ കയ്യില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ കാണും . വികസിത രാജ്യങ്ങളിലെ ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന കമ്പനികള്‍ അവയില്‍ നിന്നും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങും . അതിനുള്ള വിലയും കൊടുക്കും .

മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ , അനുവദനീയമായതിനേക്കാള്‍ 20,000 ടണ്‍ കൂടുതല്‍ ഹരിതഗൃഹവാതകം ഉത്പാദിപ്പിക്കുന്ന കമ്പനി 20,000 കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങിയിരിക്കണം . ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനു തുല്യമാണ്, ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന്റെ വിപണിവില 1500 രൂപയോളമാണ്.

 ഇന്ത്യയും ചൈനയുമാണ്, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റഴിക്കുന്നത്. അതായത് ഏറ്റവും കുറവ് കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണു നമ്മള്‍ !

ഇത്തരത്തിലുള്ള ഒരു സാമ്പത്തികലാഭം രാജ്യങ്ങളെ കൂടുതല്‍ വനവത്‌കരണത്തിനു പ്രോത്സാഹിപ്പിക്കും . അതുവഴി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടായാലും അവയെ വലിച്ചെടുത്ത് രാജ്യത്തിനു നേട്ടമുണ്ടാക്കാന്‍ കഴിയും

ഇതിന്റെ ഒരു പോരായ്മ ആയി എനിക്ക് തോന്നുന്ന ഒരേ ഒരു കാര്യം , ഹരിതഗൃഹവാതകങ്ങള്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കുറ്റം കഴുകിക്കളയാന്‍ വന്‍കിട കമ്പനികള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ഉപയോഗിക്കാം എന്നതാണ്. പക്ഷെ പ്രതിന്‍ഞാബദ്ധമാണെങ്കില്‍ , കമ്പനികള്‍ തന്നാല്‍ കഴിയുന്ന വിധം ഈ വിഷം വമിക്കല്‍ കുറയ്ക്കുക തന്നെ വേണം . ഇതും കൂടി ചേര്‍ന്നാല്‍ കാര്‍ബണ്‍ ക്രെഡിറ്റിന്, എന്റെ തംപ്‌സ്  അപ് !!

[ഇത് സ്വപ്നത്തില്‍ കണ്ടതല്ല. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞത് ]

Monday, May 9, 2011

ചില (പാല്‍)ചായ സല്‍ക്കാരങ്ങള്‍ !


മില്‍മ ലിറ്ററിന്, 100 രൂപ..!

പേടിക്കണ്ട ! ഇത് ഭാവിയില്‍ വരാന്‍ പോകുന്ന വിലയാണ്.

ഇന്നത്തെ പത്രത്തില്‍ പാലിനു വീണ്ടും വില കൂട്ടാന്‍ പോകുന്നു എന്നൊരു വാര്‍ത്ത കണ്ടു. അതാണീ ലേഖനത്തിനാധാരം .

പാല്‍ ചേര്‍ത്ത് ചായ കുടിയ്ക്കുന്ന രീതി തുടങ്ങിയത് ബ്രിട്ടീഷുകാരാണ്.

അതിനുമുന്‍പും പശു ഇവിടെയുണ്ടായിരുന്നു. എന്നാലിന്നേറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പാലിനെ ആശ്രയിക്കുന്നത് പാല്‍ചായ കുടിയ്ക്കാന്‍ വേണ്ടിയാണ്.

ബ്രിട്ടീഷ് ഭരണത്തിനും മുന്‍പ് , വളരെ മുന്‍പ് പുരാതന ഇന്ത്യയില്‍ ചായ കുടിക്കുന്ന ശീലം നിലവിലുണ്ടായിരുന്നു. അരുണാചല്‍ പ്രദേശിലും ബര്‍മ്മയിലും മറ്റുമായി വളര്‍ന്നിരുന്ന കാട്ടുചെടി എന്ന ലേബലില്‍ ആയിരുന്നു അന്ന് തേയിലച്ചെടികള്‍ . പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടുത്തുകാര്‍ തേയിലച്ചെടികളുപയോഗിച്ച് ഒരുതരം പാനീയം കുടിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് അതിനു പേര്, കട്ടനെന്നായി.

ബ്രിട്ടീഷുകാര്‍ വന്നതോടുകൂടി തേയില വ്യാപകമായി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചുതുടങ്ങി. ചായ കുടിക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നിരിക്കണം . ഇന്ത്യയില്‍ നിന്നും ഉടനെയൊന്നും പോകില്ല എന്നുറപ്പുമുണ്ടായിരുന്നതുകൊണ്ടാവും വന്‍തോതില്‍ തേയിലച്ചെടി ആസ്സാമില്‍ കൃഷി ചെയ്തത്.

കാലാന്തരത്തില്‍ അവരുടെ ആശ്രിതരായിക്കഴിഞ്ഞ ഇന്ത്യക്കാരും ചായ കുടിയ്ക്കുന്നത് ശീലമാക്കി.

പതിനേഴാം നൂറ്റാണ്ടില്‍ ഈ ചായയോടൊപ്പം പാല്‍ കൂടി ചേര്‍ക്കുന്നൊരു പരിപാടി യൂറോപ്പില്‍ നിലവില്‍ വന്നു. അതിനുകാരണം അന്ന് അവിടെ വ്യാപകമായി പശുവും മറ്റ് ക്ഷീരോല്‍പ്പാദനജീവികളും വ്യാപകമായി ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമാണ്. ആ ശീലം അവിടെ തുടങ്ങി, അവിടുത്തുകാരായ ബ്രിട്ടീഷുകാര്‍ വഴി ഇന്ത്യയിലും വന്നു. ഇതാണ്, പാല്‍ചായയുടെ ഇന്ത്യന്‍ ചരിത്രം .

ഇനി ഇതൊരു അത്യാവശ്യമായിരുന്നോ എന്നുള്ളത്. ഒരിക്കലും അല്ല എന്ന് ഞാന്‍ പറയും . ഇത് കൊളോണിയല്‍ ഭരണത്തിന്റെ ആശ്രിതര്‍ വഴി സാധാരണാ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം മനപ്പൂര്‍വ്വം പ്രചരിപ്പിച്ച ഒരു ശീലമാണ്. ഇതിന്റെ രുചി സാധാരണക്കാരായ ഭാരതീയര്‍ക്ക് പുതുമയുള്ളതായിരുന്നതുകൊണ്ട് 'ബലേ ഭേഷ്' പറഞ്ഞ് രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. അതുവരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിനായി മാത്രം വെള്ളം ചേര്‍ക്കാതെ കുടിച്ചിരുന്ന പാല്‍ പിന്നീട് ചായയോടൊപ്പവും ചേര്‍ത്തുപയോഗിക്കാന്‍ തുടങ്ങി.

ഇതൊരിക്കലും തെറ്റല്ല. അന്നത്തെ സമൂഹത്തിന്റെ ജീവിത രീതി അങ്ങനെയായിരുന്നു. എല്ലാപേരുടെയും വീട്ടില്‍ പശുവോ ആടോ എരുമയോ കാണും . പാല്‍ ആവശ്യം പോലെ. അപ്പൊ രണ്ട് നേരമല്ല, നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പാല്‍ ചായ കുടിയ്ക്കാം !

പിന്നീട് ജീവിത സാഹചര്യം മാറി. പശുവിനെ വളര്‍ത്തിയിരുന്നവര്‍ സ്ഥലപരിമിതിയുടെയും സൌകര്യങ്ങളുടെയും പേരില്‍ അത് ഉപേക്ഷിച്ചു. പരമ്പരാഗത ക്ഷീരോത്പാദകരില്‍ പലരും മറ്റു തൊഴിലുകള്‍ ചെയ്തുതുടങ്ങി. പിന്നീട് വന്ന തലമുറയ്ക്ക് പാലുത്പാദനം കുറച്ചിലായും പാലുപയോഗം അഭിമാനമായും തോന്നി. അവിടെയാണ്, മില്‍മ എന്ന കമ്പനി കേരളത്തില്‍ അവതരിക്കുന്നത് !

1980 - ഇല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ്ങ് ഫെഡെറേഷന്‍ (മില്‍മ) പ്രവര്‍ത്തനമാരംഭിക്കുന്നു. 1963 മുതലേ മലയാളികളുടെ പാലിനോടുള്ള അഭിനിവേസം മുതലെടുക്കാനുള്ള പരിപാടിയുണ്ടായിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാകാന്‍ നീണ്ട 17 വര്‍ഷം വേണ്ടി വന്നു.

മില്‍മ ആദ്യകാലത്ത് അസംഘടിതരായിരുന്ന ക്ഷീരോല്‍പ്പാദകകര്‍ഷകരെ സംഘടിപ്പിച്ച് യൂണിയനുകളുണ്ടാക്കി. ഓരോ യൂണിയനുകള്‍ക്കും ഓരോ മില്‍മാ സൊസൈറ്റികളുണ്ടാക്കി. കര്‍ഷകര്‍ പശുവില്‍ നിന്നും പാലൂറ്റി സൊസൈറ്റികളില്‍ എത്തിച്ചാല്‍ ഒരു തുച്ചമായ തുക കര്‍ഷകര്‍ക്ക് കൊടുക്കും . കിട്ടുന്ന പാല്‍ കവറിലാക്കി വില്‍ക്കുക വഴി തുച്ചമല്ലാത്ത ലാഭം മില്‍മയ്ക്കും കിട്ടും . ഇതായിരുന്നു മില്‍മയുടെ ആദ്യകാല പ്രവര്‍ത്തനം .

കവര്‍ പാല്‍ വിറ്റ് ലാഭം കൊയ്യുന്നത് കൂടാതെ പാലില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന പാലിതര ഉത്‌പന്നങ്ങള്‍ക്ക് പുറമെ നെയ്യ്, വെണ്ണ, തൈര്, മോര്, പേട, പലതരം ഐസ് ക്രീമുകളും കാലാന്തരേ മില്‍മ എന്ന 'മാര്‍ക്കറ്റിങ്ങ്' കമ്പനി ഉത്പാദിപ്പിച്ചു. അതില്‍ നിന്നും ലാഭം കൊയ്തു. ഈ ലാഭത്തിന്റെ വിഹിതം കര്‍ഷകരില്‍ എത്തിയില്ല. മറിച്ച് അത് ഗവണ്‍മെന്റിനുപോയി. ചുരുക്കത്തില്‍ പാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങി കവറിലാക്കി മറിച്ച് വില്‍ക്കുന്നതില്‍ നിന്നും മില്‍മ എന്ന മാര്‍ക്കറ്റിങ്ങ് കമ്പനിയ്ക്ക് ലാഭം പലരീതിയിലാണ്.

നല്ലത്. ലിറ്ററിന്, രണ്ട് രൂപയ്ക്ക് തുടങ്ങിയ കച്ചവടത്തില്‍ നിന്നും അവര്‍ ഇത്രയും ലാഭമുണ്ടാക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധം വരാന്‍ ഇടയില്ല. കാരണം ഇത് സര്‍ക്കാര്‍ കമ്പനിയാണ്. കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് മില്‍മയ്ക്ക് എന്ന് മനസ്സിലായോ അന്ന് തുടങ്ങി കല്ലുകടി. അവര്‍ വിലകൂട്ടി. വര്‍ഷാവര്‍ഷം നടന്ന വിലകൂട്ടല്‍ പരിപാടി ഇത്രേടം വന്ന് നില്‍ക്കുമ്പോള്‍ ലിറ്ററിനു വില,

നല്ലത്. ലിറ്ററിന്, രണ്ട് രൂപയ്ക്ക് തുടങ്ങിയ കച്ചവടത്തില്‍ നിന്നും അവര്‍ ഇത്രയും ലാഭമുണ്ടാക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധം വരാന്‍ ഇടയില്ല. കാരണം ഇത് സര്‍ക്കാര്‍ കമ്പനിയാണ്. കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് മില്‍മയ്ക്ക് എന്ന് മനസ്സിലായോ അന്ന് തുടങ്ങി കല്ലുകടി. അവര്‍ വിലകൂട്ടി. വര്‍ഷാവര്‍ഷം നടന്ന വിലകൂട്ടല്‍ പരിപാടി ഇത്രേടം വന്ന് നില്‍ക്കുമ്പോള്‍ ലിറ്ററിനു വില, 22 രൂപയായി. (മില്‍മയുടെ മറ്റ് ഉല്‍പന്നങ്ങളുടെ വില എഴുതി വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല).ഇന്നത്തെ ഒരു പ്രസ്ഥാവന പ്രാവര്‍ത്തികമായാല്‍ ലിറ്ററിനു 5 രൂപ കൂടി 27 ആകും .

പശുവില്ലാത്ത പണക്കാരന്, ഇതൊരു വിലയേ അല്ല. പക്ഷെ പശുവില്ലാത്ത പാവപ്പെട്ടവനും മധ്യവര്‍ത്തികുടുംബത്തിനും ഇതൊരു വില തന്നെയാണ്. ദുരഭിമാനം ആവശ്യത്തിലും കൂടുതലുള്ള മലയാളികള്‍ പട്ടിണി കിടക്കും , എങ്കിലും അവന് രാവിലെയും വൈകിട്ടും ഓരോ പാല്‍ ചായ കുടിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ലാത്ത നഷ്ടബോധമാണ്. ഇല്ലാത്ത കാശുണ്ടാക്കി പാല്‍ വാങ്ങും .

അതായത്, ദേശീയ ക്ഷീരോല്‍പ്പാദന ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന മില്‍മ എന്ന 'മാര്‍ക്കറ്റിങ്ങ്' കമ്പനി അവരുല്‍പ്പാദിപ്പിക്കാത്ത പാലിന്, അവര്‍ തന്നെ വില കൂട്ടുന്നു. അത് സഹിക്കേണ്ടി വരുന്നത് ജനങ്ങളും .

ഇനി പറയാന്‍ പോകുന്നത് ഇന്റര്‍നെറ്റില്‍ മിക്കവരും ശ്രദ്ധിച്ചതോ ശ്രദ്ധിക്കാത്തതോ ആയ ഒരു താരതമ്യപഠനത്തെക്കുറിച്ചാണ്.

കട്ടന്‍ ചായ കുടിക്കുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന് താരതമ്യപഠനങ്ങള്‍ തെളിയിക്കുന്നു.

1. ഉയര്‍ന്ന പ്രതിരോധശേഷി

2. കാന്‍സര്‍ പ്രതിരോധിക്കാന്‍ നല്ലത്

3. യൌവ്വനയുക്തമായ ചര്‍മ്മം

4. കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും

ഇത്രയും കട്ടനടിക്കുന്നതുകൊണ്ടുള്ള ഉപയോഗങ്ങളാണ്. ഇതില്‍ പാല്‍ ചേര്‍ത്താല്‍ ഈ പറയുന്ന ഗുണങ്ങള്‍ കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

ചുരുക്കത്തില്‍ പാല്‍ചായ കുടിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമാണ്, കട്ടനടിക്കുന്നത്.

പാല്‍ചായ ഉപേക്ഷിച്ചാല്‍ കാശും ലാഭം ആരോഗ്യവും മെച്ചം . എന്നാലിത് നടക്കണമെങ്കില്‍ മലയാളികളുടെ ദുരഭിമാനം മാറണം . എനിതിന്, നമ്മള്‍ കഷ്ടപ്പെടുന്ന കാശ് വല്ലവനും കൊടുക്കണം . മില്‍മയ്ക്ക് ലാഭമുണ്ടാക്കുകയല്ല നമ്മുടെ ജീവിതലക്ഷ്യം . കര്‍ഷകരുടെ ലാഭത്തിന്റെ കണക്കാണു വിലകൂട്ടലിനാധാരമെങ്കില്‍ കര്‍ഷകര്‍ പഴയ രീതിയിലുള്ള പാല്‍ വിതരണത്തിലേയ്ക്ക് പോകുന്നതാണു നല്ലത്. അതായത് വീടുകള്‍ വഴി പാല്‍ വിതരണം നടത്തുക.അവര്‍ക്ക് ന്യായമായ വിലയും കിട്ടും . മില്‍മ എത്ര രൂപ ലാഭമുണ്ടാക്കുന്നു എന്ന് നമുക്കറിയില്ല. എന്തായാലും ഉണ്ടാക്കുന്ന ലാഭത്തിന്റെ തുച്ചമായ സംഖ്യ മാത്രമേ കര്‍ഷകര്‍ക്ക് കിട്ടു എന്ന നിലയ്ക്ക് പഴയ രീതി തന്നെയാണവര്‍ക്ക് നല്ലത്.

അതുകൊണ്ട് പറ്റുമെങ്കില്‍ പാല്‍ചായ കുടിക്കുന്നത് നിര്‍ത്തുക. കാലത്തിനനുസരിച്ച് ശീലങ്ങള്‍ മാറ്റിയില്ലെങ്കില്‍ പിന്നെ ഒരേ ഒരു വഴി നിലവിളിയാണ്!

Wednesday, May 4, 2011

പണത്തിന്റെ നിറം

പണത്തിന്റെ നിറമെന്താണ്‌? ഈ ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ ബുദ്ധിജീവികളുടെ ഭാഷയില്‍ പറയാവുന്ന ഒരുത്തരം പച്ചയെന്നാണ്‌.ഇന്നതിന്‌, വേറൊരു നിറം കൂടി വന്നിരിക്കുന്നു, കറുപ്പ്‌. അല്ലെങ്കില്‍ ബ്ലാക്ക്‌ മണി.

പണ്ട്‌ ഞാനും അന്തം വിട്ടിരുന്നിട്ടുണ്ട്‌, ‘ഇതെന്താ ഈ ബ്ലാക്ക്‌ മണി എന്നൊക്കെ പറഞ്ഞാല്‍ ? ഇതിനിത്ര മാത്രം പ്രാധാന്യമെന്താണ്‌? എന്തിനീ പത്രക്കാരും മറ്റും ഇതിനെ വിളിച്ച്‌ നിലവിളിക്കുന്നു?’ അന്ന്‌ കയ്യില്‍ ഒരു അഞ്ചിന്റെ നോട്ട്‌ കിട്ടിയാല്‍ തിരിച്ചും മറിച്ചും നോക്കും , കറുപ്പിനു വേണ്ടി!

ഞാന്‍ പറഞ്ഞുവരുന്നത്‌ നമ്മുടെ നാട്ടിലെ നടക്കുന്ന കള്ളപ്പണക്രയവിക്രയങ്ങളെ കുറിച്ചാണ്‌.

കള്ളപ്പണം ആദ്യനാളുകളില്‍ ഉണ്ടായത്‌ ഉയര്‍ന്ന ടാക്‌സ്‌ (കരം ) അടയ്‌ക്കുന്നതില്‍ നിന്നും രക്ഷനേടുക എന്നതിനുവേണ്ടിയാണ്‌. വരുമാനം ഉയരുന്തോറും ചിലവുകള്‍ കൂടും ചിലവുകള്‍ കൂടുന്തോറും നേരിട്ടോ അല്ലാതെയോ അടയ്‌ക്കേണ്ടി വരുന്ന ടാക്‌സുകളും കൂടും . അതായത്‌ ഒരുത്തനു ടാക്‌സില്‍ നിന്നും രക്ഷനേടണമെങ്കില്‍ ചിലവുകള്‍ കുറയ്‌ക്കണം.  എന്നാല്‍ ഇത്‌ പ്രായോഇകമല്ല. ചിലവുകള്‍ മനുഷ്യന്റെ താല്‍പര്യത്തിനനുസരിച്ചാണ്‌. ചിലവാക്കുകയും വേണം എന്നാല്‍ ടാക്‌സ്‌ അടയ്‌ക്കാനും വയ്യ, ഈ ഒരു ചിന്തയില്‍ നിന്നാണ്‌, കള്ളപ്പണം ഉണ്ടാകുന്നത്‌.

ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ അയാളുടെ വരവിനനുസരിച്ച്‌ കരമടയ്‌ക്കാന്‍ നിയമത്താല്‍ ബാധ്യസ്ഥനാണ്‌. ഒരാള്‍ക്ക്‌ എന്ത്‌ ജോലി എന്നതും അതിന്റെ വരുമാനം എത്ര എന്നതും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ട്‌. അതിനാല്‍ ഒരാള്‍ക്കധികവരുമാനമുണ്ടായാല്‍ അതിന്റെ ശ്രോതസ്സ്‌ അയാള്‍ കാണിക്കേണ്ടി വരും എന്ന്‌ മാത്രമല്ല അതിന്റെ ടാക്‌സ്‌ കൂടി അടയ്‌ക്കേണ്ടി വരുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ അധികവരുമാനക്കാര്‍ ഇന്ത്യന്‍ ബാങ്കുകളിലാണു പണം നിക്ഷേപിക്കുന്നതെങ്കില്‍ , അത്‌ ടാക്‌സ്‌ പരിധിക്കുള്ളിലാണെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാരിനു ടാക്‌സ്‌ കൊടുക്കേണ്ടി വരും
ഇനി, സമ്പാദ്യം വിദേശബാങ്കുകളില്‍ ആണെങ്കിലോ? വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്‌, ഇന്ത്യന്‍ സര്‍ക്കാരിനു കരം അടയ്‌ക്കേണ്ടതില്ല. എത്ര കോടി രൂപ വേണമെങ്കിലും അവിടെ നിക്ഷേപിക്കാം . ഇത്‌ ആവശ്യാനുസരണം നാട്ടില്‍ എത്തിയ്‌ക്കാവുന്നതേയ്‌ള്ളു. അതായത്‌ വരുമാനത്തില്‍ നിന്നുള്ള കരമടയ്‌ക്കലില്‍ നിന്നും ഇത്തരം ‘അധികവരുമാനങ്ങള്‌’ ഒഴിവാക്കപ്പെടുന്നു.

അപ്പോള്‍ ഇതാണ്‌, കള്ളപ്പണം . ‘അധികം ‘ കിട്ടുന്ന പണം സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച്‌ പൂഴ്‌ത്തി വയ്‌ക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്ന പണത്തിനെ നമുക്ക്‌ കള്ളപ്പണമെന്ന്‌ വിളിക്കാം .

ഇനി, ഈ കള്ളപ്പണം എങ്ങനെയൊക്കെ നമ്മുടെ ഇടയില്‍ എത്താം എന്ന്‌ നോക്കാം .


ഇന്നത്തെ സാഹചര്യത്തില്‍ കള്ളപ്പണമുണ്ടാക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.

1. ധനത്തിന്റെ അധികവ്യയത്തിലുള്ള (ചിലവാക്കാനുള്ള) താല്‍പര്യം. അതായത്‌ വസ്‌തുവകകള്‍ വാങ്ങി കാശ്‌ ചിലവാക്കാനുള്ള താല്‍പര്യം

2. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യം ചെയ്യാനുള്ള താല്‍പര്യം . അതായത്‌ അധികൃതവരുമാനം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍ പെട്ടെന്ന്‌ പിടിക്കപ്പെടും . അതിനാല്‍ അനധികൃതവരുമാനം ഇതിനായി ഉപയോഗിക്കാനുള്ള താല്‍പര്യം

3. അഴിമതി ചെയ്യാനുള്ള താല്‍പര്യം

4. നിയമങ്ങള്‍ (ഇതാണാദ്യം പറഞ്ഞത്‌.ടാക്‌സ്‌ അടയ്‌ക്കേണ്ടി വരുമോ എന്ന ഭയം )

ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കാന്‍ വലിയ പാടൊന്നുമില്ല. പ്‌ഞ്ചായത്തോഫീസില്‍ തുടങ്ങുന്ന നൂറുരൂപയുടെ കൈക്കൂലി സമ്പ്രദായം അങ്ങ്‌ തലയ്‌ക്കലെത്തുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ കാര്യസാധ്യത്തിനായി നൂറുകോടിയാക്കുന്നു. ഇത്‌ കൂടാതെ അഖിലേന്ത്യാതലത്തിലുള്ള സംഘടനകളുടെ പേരിലുള്ള പിരിവുകള്‍ . ഈ പിരിക്കുന്ന പണം സംഘടനയില്‍ എത്തിയാല്‍ അത്‌ കള്ളപ്പണമല്ല. മറിച്ച്‌ ഇത്‌ സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ പോക്കറ്റിലേയ്‌ക്കാണു പോകുന്നതെങ്കില്‍ അയാള്‍ക്കത്‌ കള്ളപ്പണമാക്കി സൂക്ഷിക്കുകയേ നിവര്‍ത്തിയുള്ളു.

ടാക്‌സില്‍ നിന്ന്‌ രക്ഷപ്പെടാനും കൈക്കൂലിക്കാശ്‌ ഒളിപ്പിക്കാനും ഏറ്റവും നല്ല വഴി വിദേശബാങ്കുകളില്‍ നിക്ഷേപിക്കയാണ്‌. പ്രത്യേകിച്‌ സ്വിസ്‌ ബാങ്ക്‌ പോലുള്ളവയില്‍ . അങ്ങനെയുള്ള ബാങ്കുകള്‍ അവരുടെ നിക്ഷേപകരെ സംബന്ധിക്കുന്ന ഒരു വിവരവും പുറത്തുവിടില്ല. ഈ ബ്ലാക്ക്‌ മണി വെളുപ്പിക്കാന്‍ എളുപ്പമാണ്‌.

ഉദാഹരണത്തിന്‌, ഞാന്‍ ഒരു നേതാവാണെന്നും എനിക്ക്‌ സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുണ്ടെന്നും കരുതുക. ഇലക്ഷനില്‍ എനിക്ക്‌ സീറ്റ്‌ കിട്ടി. എന്റെ പ്രചാരണത്തിനും അതുമല്ലെങ്കില്‍ കാശ്‌ കൊടുത്ത്‌ വോട്ട്‌ പിടിയ്‌ക്കാനും വേണ്ടി എനിക്ക്‌ ഈ കാശ്‌ നാട്ടില്‍ എത്തിക്കണം . അതിന്‌, ഞാന്‍ എന്റെ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ (ബിനാമി) അക്കൌണ്ടിലേയ്‌ക്ക്‌ ആവശ്യമുള്ള പണം സ്വിസ്‌ ബാങ്കില്‍ നിന്നും ട്രാന്‍സ്‌ഫര്‍ ചെയ്യും. ഇപ്പൊ പിടികിട്ടിയോ?

(നമ്മുടെ നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത ലക്ഷക്കണക്കിനു രൂപ ഇലക്ഷന്‍ സമയത്ത്‌ പലയിടത്തുനിന്നും കണ്ടെടുത്തു. ഇതൊക്കെ ആ വകുപ്പില്‍ പെടും എന്നാണെന്റെ വിശ്വാസം )

നിക്ഷേപങ്ങളെന്നും ഒരു കരുതല്‍ ധനമാണ്‌. അങ്ങനെ തന്നെയാണ്‌, നമ്മുടെ കള്ളപ്പണക്കാരും കരുതുന്നത്‌.

ഉദാഹരണത്തിന്‌, ഞാന്‍ ഒരു എം എല്‍ എ ആണെന്ന്‌ കരുതുക. എനിക്ക്‌ ഒരു അഞ്ഞൂറുകോടി രൂപയുടെ കള്ളപ്പണം വിദേശബാങ്കിലുണ്ട്‌. ഞാന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഞാനോ എന്റെ ഭാര്യയോ മക്കളോ ഇതെടുത്ത്‌ വാരിക്കോരി ചിലവാക്കിയാല്‍ ചിലപ്പൊ ഇന്‍കം ടാക്‌സിന്റെ പിടി വീഴും . കേസാവും . ഞാന്‍ ജയിലിലും പോകും ! അതുകൊണ്ട്‌ ഞാനിത്‌ എന്റെ ഭാവി തലമുറയ്‌ക്കായി കരുതുന്നു. അതായത്‌ ഞാന്‍ അധികാരത്തില്‍ നിന്നുമിറങ്ങി എന്റെ ചിത്രം വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞാല്‍ എന്റെ മക്കള്‍ക്കോ മക്കളുടെ മക്കള്‍ക്കോ ഈ പണം അനസൂതം ഉപയോഗപ്പെടുത്താം .വാട്ട്‌ ആന്‍ ഐഡിയ സര്‍ ജീ!!

ഇനി എം എല്‍ എ മാത്രമായ എനിക്ക്‌ എങ്ങനെ ഇത്രയും കാശ്‌ കിട്ടുന്നു എന്ന്‌ നോക്കാം .

ടു ജി സ്‌പെക്ട്രമെന്നൊക്കെ പറഞ്ഞ്‌ തലപുണ്ണാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇതെങ്ങനെയാണെന്ന്‌ പറയാം . സര്‍ക്കാര്‍ വക ഒരു പത്ത്‌ നില കെട്ടിടം കെട്ടണം എന്ന്‌ വയ്‌ക്കുക. ഇതിനൊരു അന്‍പത്‌ കോടി സര്‍ക്കാര്‍ ചിലവ്‌ കരുതുന്നു. എന്നാല്‍ ഒരു എം എല്‍ എ അല്ലെങ്കില്‍ മന്ത്രിയെ ഒരു കോണ്ട്രാക്‌ടര്‍ സമീപിക്കുന്നു. ടെന്‍ഡര്‍ (ലേലം ) 75 കോടിക്ക്‌ പിടിച്ചുകൊടുക്കാമോ എന്ന്‌ ചോദിക്കുന്നു. അങ്ങനെ കൊടുത്താല്‍ 20, 15 കോടി മന്ത്രിക്ക്‌ തരാമെന്നും പറയുന്നു. 15 കോടിയില്‍ കണ്ണുതള്ളിയ മന്ത്രി ഔദ്യോഗികപദവി ഉപയോഗിച്ച്‌ ടെന്‍ഡര്‍ പ്രസ്‌തുത കോണ്ട്രാക്‌ടറിനു നല്‍കുന്നു. ഈ ചിലവ്‌ സര്‍ക്കാരാണു വഹിക്കേണ്ടത്‌ എന്നതിനാല്‍ സര്‍ക്കാരിനു 25 കോടി രൂപ നഷ്ടം ! സര്‍ക്കാരിന്റെ കാശ്‌ ജനങ്ങളുടെ കാശായതിനാല്‍ ജങ്ങള്‍ക്കും 25 കോടി രൂപ നഷ്ടം .

അപ്പൊ ഇത്രയുമാണു കള്ളപ്പണത്തിന്റെ എനിക്കറിയാവുന്ന ശാസ്‌ത്രം .
ചുറ്റും കണ്ണോടിച്ചാല്‍ കള്ളപ്പണക്കാരെ കാണാനാവും . ഇന്നത്തെ വിവരാവകാശനിയമപ്രകാരം ആര്‍ക്കും ഒരാളുടെ സ്വത്ത്‌ വിവരം അറിയമെങ്കില്‍ ആ വിവരം സര്‍ക്കാരിനെ അറിയിക്കാം . ഇനി സര്‍ക്കാരിലും കള്ളപ്പണക്കാരുണ്ടെങ്കില്‍ ഭാവിയില്‍ അവരുടെ മക്കളെ പിടിക്കുക. !

Monday, May 2, 2011

തെറിയടി

കുവൈറ്റില്‍ പോയി നാലറബിക്കാശുണ്ടാക്കാമെന്നു വിചാരിച്ചപ്പൊ അതിനു മാനം പോലും അടിയറവ് വയ്ക്കേണ്ടി വരുമെന്ന് ഒരല്‍പം പോലും കരുതിയില്ല. മെഡിക്കല്‍ ടെസ്റ്റെന്നും പറഞ്ഞ് ഒരു ലേഡീ ഡോക്‌ടറുടെ മുന്നില്‍ ചെന്ന് തുണിയുടുക്കാതെ നില്‍ക്കേണ്ടി വന്നതെന്നതു പോട്ടെ, നിന്നത് ശെരിയായില്ല എന്നു പറഞ്ഞ് ആ റൂം മുഴുവനും നടത്തിക്കുകകൂടി ചെയ്തുകളഞ്ഞു ആ പെണ്‍പെറെന്നോര്‍ !ഉമ്മര്‍ ഇറങ്ങിപ്പോയ റൂമിലിനകത്തിരുന്നു മോങ്ങുന്ന ജയഭാരതിയെപ്പോലായിപ്പോയി ഈ ഞാന്‍ .

വീട്ടില്‍ വന്നിട്ടും അതിന്റെ കെട്ട് അങ്ങട് വിട്ടില്ല. മാനം പണയം വച്ചു. ഇനി പോകാന്‍ പറ്റിയില്ലെങ്കിലോ ? ഇനി അവിടെ ചെന്നിറങ്ങിയാലും ഇതുപോലെ അഴിപ്പിക്കോ തുടങ്ങി പലതരം വിത്തൌട്ട് ചിന്തകള്‍ എന്റെ മനസ്സിലൂടെ തുണിയില്ലാതെ കടന്നു പോയി. ഒരു ദിവസം രാത്രിയില്‍ സിറ്റൌട്ടില്‍ ഒറ്റയ്ക്കിരുന്ന് ആകാശത്ത് ചന്ദ്രേട്ടന്‍ മേഘേച്ചിയുടെ റൂമില്‍ കയറിപ്പോകുന്നത് മൂകസാക്ഷിയായി കണ്ടുകൊണ്ടിരുന്ന എന്റെ ശ്രദ്ധ തിരിച്ചത് മുകത്ത് വന്നടിച്ച വെട്ടമായിരുന്നു.

"ഡെയ്...ഇതു ഞാനാ...അനു.." അനു എന്ന് എല്ലാരും വിളിക്കുന്ന ശ്രീകാന്ത് .

"ഹാ...നീയോ...നിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റ് ഇതുവരേം ശെരിയാക്കിയില്ലേ..? ഇപ്പോഴും റോഡിലൂടെ പോയാല്‍ സൈഡിലുള്ള വീടിന്റെ അടുക്കളയിലും കുളിമുറിയിലും തന്നാണോ വെട്ടമടിക്കുന്നെ..?" ഞാന്‍ എഴുന്നേറ്റു.

"ഡെയ്..കളിവിട്...ഇത്തിരി സീരിയസ്സാ....ചെറിയൊരു കലിപ്പ്...നാളെ നീയൊന്നെന്റെ കൂടെ വരണം ...അതൊന്നു സോള്‍വ് ചെയ്യാനാ..ഞാന്‍ നാളെ രാവിലെ ഒരു 11 മണിയൊക്കെ ആയിട്ടു വരാം ...നീ ഇറങ്ങി നിന്നാതി..." ഇതും പറഞ്ഞ് ഞാന്‍ അടുത്ത് ചെല്ലുന്നതിനു മുന്നെ അവന്‍ ബൈക്ക് തിരിച്ചു.

എന്തോന്ന്..? കലിപ്പാ..? അവന്‍ പോകുന്നതും നോക്കി ഞാന്‍ നിന്നു. എന്തായിരിക്കും ? വല്ല പെണ്ണുകേസും ..? ഏയ്...ഇനി വല്ലകാശുകേസും ..?? ഏയ്....അതുപ്പൊട്ടെ എന്തു ധൈര്യത്തിലാ സോള്‍വ് ചെയ്യാന്‍ ഇവന്‍ എന്നെ വന്നു വിളിച്ചത് ? ആലോചന എനിക്ക് പണ്ടേ ടെന്‍ഷനുണ്ടാകുമെന്നതിനാല്‍ ഞാന്‍ പതുക്കെ ഉറങ്ങാന്‍ കിടന്നു.

പിറ്റേദിവസം രാവിലെ പത്തുമണിയായപ്പൊ എണീറ്റു.ഒരല്‍പം നേരത്തെ ആയിപ്പോയോ..? സാരില്ല..രാത്രി നേരത്തെ കിടക്കാം . എട്ട് ഇഡ്ഡലിയും സാംബാറും കുഴച്ചടിച്ച് ബോറടിച്ചപ്പോള്‍ സാംബാറില്‍ കിടന്ന മുരിങ്ങക്കഷണമെടുത്ത് പല്ലുകള്‍ക്കിടയില്‍ വച്ച് ക്ളീന്‍ ചെയ്തുകൊണ്ടിരുന്നപ്പൊ ലവന്‍ വന്നു.

"നീ കഴിച്ചോ..?" ഞാന്‍

"കഴിച്ചു..." ലവന്‍

"നന്നായി..." ഞാന്‍

"ടാ...ബൈക്കില്ല...രാവിലെ തന്നെ തനിസ്വഭാവം കാണിച്ചു...വര്‍ക്ക് ഷോപ്പിലാ.." ലവന്‍

അര്‍ത്ഥാത് , എനിക്ക് സ്വന്തമായിട്ടുണ്ടായിരുന്ന കൈനറ്റിക് ഹോണ്ടയെടുക്കണം , സര്‍ക്കസിലെ കരടി സൈക്കിള്‍ ചവിട്ടുന്നപോലെ ഇവനെയുമിരുത്തി കലിപ്പ് സോള്‍വ് ചെയ്യാന്‍ പോണം .തെണ്ടി, ഇവനൊക്കെ ഇനി എന്നാണാവൊ..

ഞാന്‍ റെഡിയായി ഇറങ്ങി.

"ഇന്നാ...അടി...നിന്റെ തടിയൊന്നിളകട്ടെ.." കൈനറ്റിക് അവന്റെ കയ്യില്‍ കൊടുത്ത് ഞാന്‍ . ക്വിക്ക് സ്റ്റാര്‍ട്ടില്ലാതിരുന്നതിനാല്‍ കിക്കാണു ശരണം .

ഒരു പത്തുമിനുട്ട് ആഞ്ഞുചവിട്ടി അവന്റെ പരിപ്പിളകിയപ്പൊ അവസാനം അതു സ്റ്റാര്‍ട്ടായി.

അങ്ങനെ അവനെയും പിറകിലിരുത്തി കുവൈറ്റില്‍ പോകുന്നതിനു മുന്നെയുള്ള അവസാന കലിപ്പ് സോള്‍വ് ചെയ്യാന്‍
ആനയറ എന്ന കൊച്ചു രാജ്യത്തിലേയ്ക്ക്.

 പോകുന്ന വഴി എന്താട കാര്യം എന്നു ചോദിച്ചപ്പൊ,'അതവിടെ ചെല്ലുമ്പൊ മനസ്സിലാകും ' എന്ന് പറഞ്ഞതിനാല്‍ വേറൊന്നും ചോദിച്ചില്ല.

ആനയറയെത്തി. ആഹ, അതിമനോഹരമായ സ്ഥലം . ഒരു വശത്ത് നിറയെ പാടം . മറുവശത്ത് ചെറിയ മലകള്‍ .ഒരു ചെറിയൊരു ജംക്ഷന്‍ കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടു പോയപ്പൊ ഒരു ബസ് സ്റ്റോപ്പില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു.

"അളിയാ അതവന്‍മാരാ...നിര്‍ത്ത്" ലവന്‍

ഞാന്‍ വണ്ടി സ്ലോ ചെയ്തു സൈഡില്‍ നിര്‍ത്തുന്നതിനു മുന്നെ സ്റ്റോപ്പില്‍ നിന്നിരുന്ന അന്‍ചാറെണ്ണം അങ്ങുചാടിയിറങ്ങി ഓടിയിങ്ങു വന്നു.

രംഗം 1: മൂന്നുപേര്‍ എന്നെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി കുനിച്ചു നിര്‍ത്തുന്നു, ഇടിക്കുന്നു. ബോറടിച്ചപ്പൊ നൂത്ത് നിര്‍ത്തുന്നു, ഇടിക്കുന്നു. ലവനെ ആരും കുനിക്കുന്നുമില്ല, നൂക്കുന്നുമില്ല. അവനെ തറയില്‍ കിടത്തിയിരിക്കുവാ.രംഗം 2 : തറയില്‍ ചരിഞ്ഞുകിടന്നിരുന്ന കൈനറ്റിക് ഹോണ്ട നേരേ വച്ച് ഒരൊറ്റ കിക്കിനതു സ്റ്റാര്‍ട്ട് ചെയ്തു ഞാനും അവനും തിരിച്ച് ഞങ്ങളുടെ രാജ്യത്തേയ്ക്ക്.

ഒരക്ഷരം മിണ്ടുന്നില്ല. ഒടുവില്‍ വീടെത്തിയപ്പൊ അവനോട് ഞാന്‍ ചോദിച്ചു.

"ഡെയ്...എന്തിനാടാ ലവന്‍മാരെല്ലാം കൂടി ഇങ്ങനെ ഇടിച്ചത്..?"

"അളിയാ...അതിലൊരുത്തന്‍ എന്നെ തെറിവിളിച്ചു....അവനെ ഞാന്‍ ചെറുതായൊന്നു കൈവച്ചു...അതിനാ..."

പാവം ! ഈശ്വര...ഒരടി..ഒരേയൊരടിക്കു ഇവന്‍ ചാകുമെങ്കില്‍ ഞാനപ്പൊ അടിച്ചേനേ.. ഞാന്‍ വീട്ടിലേയ്ക്ക് കയറി.

"അമ്മാ....ഇഡ്ഡലി തീര്‍ന്നോ..?" :(

Monday, April 18, 2011

തിരുമന്റെ ആത്മഹത്യകള്‍ !

ഈ കഥ നടക്കുന്നത് അങു കേരളത്തിലാണോ...അല്ല..അപ്പൊ ഇന്‍ഡ്യയിലാണൊ...അല്ല. ഈ കഥ നടക്കുന്നത് കരിയം എന്ന കൊച്ചു രാജ്യത്ത്. ഒരമ്പലവും അതിനെച്ചുറ്റിപറ്റി കുറെ നിഷ്‌കളങ്കരായ ആള്‍ക്കാരും ചുമ്മാ തിക്കിത്തിരക്കി ജീവിച്ചിരുന്ന ഒരു കൊച്ചു രാജ്യം .അതെ, അവര്‍ നിഷ്‌കളങ്കരായിരുന്നു. രാത്രി ഏതെങ്കിലും പറമ്പില്‍ തേങ്ങ വീണല്‍ 'ഓണര്‍ഷിപ് ഓഫ് തേങ്ങ ഈസ് ഈക്വല്‍ റ്റു ഡിസ്‌റ്റന്‍സ് റ്റു തേങ്ങ / ടൈം റ്റു റീച്ച് തേങ്ങ' എന്ന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി പാതിരാത്രി തുണിയുടുക്കാതെയും ടോര്‍ച്ചെടുക്കാതെയും ഓടുകയും തേങ്ങ അപ്പുറത്തെ വീട്ടുകാര്‍ കൊണ്ടു പോയാല്‍ നാട്ടുകാരു കേള്‍ക്കെ പ്രാകി വീണ തേങ്ങയെ ഡിപ്രഷനടിപ്പിച്ച് വീടെത്തുന്നതിനു മുന്നെ കൊപ്രയാക്കിക്കളയുകയും ചെയ്യുന്നത്രയും നിഷ്‌കളങ്കത ! വെള്ളം കോരാന്‍ വന്ന കൊച്ചമ്മിണിയോട് 'ഐ ലവ് യൂവെ' എന്നു മാധവനും തിരിച്ച് 'ഐ ലവ് യു റ്റൂവെ' എന്ന് കൊച്ചമ്മണിയും പറയുന്നത്രയും നിഷ്‌കളങ്കത !

ഇത്രയും നിഷ്‌കളങ്കരായ രാജ്യത്താണു ഈയുള്ളവന്റെ ജനനം . അമ്പലനടയില്‍ കുട്ടിപട്ടാളങ്ങളുമായി കിടന്ന് കളിച്ച് മറിഞ്ഞ് ദേഹം മുഴുവന്‍ ചെളിയുമായി വീട്ടിലെത്തി അമ്മയുടെ കയ്യില്‍ നിന്ന് നല്ല വീക്കും വാങ്ങി ഞാന്‍ വളര്‍ന്നു തുടങ്ങി. മില്‍മ പാല്‍ പ്രചാരത്തിലില്ലാത്ത കാലം . ഐ മീന്‍ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പശുക്കളുള്ള വീട്ടില്‍ നിന്നും പാലു വാങ്ങുന്ന രീതിക്കായിരുന്നു കൂടുതല്‍ പ്രചാരം . അപ്പൊ ഞാന്‍ പറഞ്ഞു വരുന്നത് വീട്ടില്‍ പാലുവാങ്ങാന്‍ പോകുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്റെ കുഞ്ഞുതോളുകളില്‍ വന്നു വീണു.'ആദ്യമെഴുന്നേല്‍ക്കുന്നവന്‍ പാലിനുപോണം ' എന്ന് കേന്ദ്രത്തില്‍ നിന്നുത്തരവ് വന്നതാണു പ്രശ്‌നമായത്. എന്നും രാവിലെ ഒരല്‍പം നേരത്തെ എഴുന്നേല്‍ക്കുന്നത് ഞാന്‍ . പഠിക്കാനൊന്നുമല്ല, ഒരിത്തിരീശെ മൂത്രമൊഴിച്ചിട്ടു വീണ്ടും ചെന്നു കിടക്കാന്‍ ! എന്റെ ഈ അസമയത്തുള്ള മൂത്രശങ്ക കാരണം എല്ലാ ദിവസവും ഞാന്‍ തന്നെ പാലുവാങ്ങാന്‍ പോകേണ്ടി വരും .ഇനി ഞാന്‍ വെള്ളം കൂടുതലു കുടിക്കുന്നതുകൊണ്ടാണൊ ഈ ശങ്ക എന്നുകരുതി രാത്രി വെള്ളം കുറച്ച് കുടിച്ചുതുടങ്ങി. 'നീ വെള്ളം കുടിച്ചാലും ഇല്ലേലും എനിക്ക് പോണം ' എന്ന രീതിയിലായി മൂത്രം . അപ്പൊ വെള്ളം കുടിയുമല്ല പ്രശ്‌നം . സംതിങ്ങ് ഈസ് റോങ്ങ് ഇന്‍ ദ ബോഡി ഓഫ് മൈന്‍ ... എന്റെ ശരീരത്തിന്റെ കുഴപ്പാന്ന്...അങ്ങനെ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് പാലുവാങ്ങാന്‍ പോയ ഞാന്‍ കാണുന്നത് പാലുവാങ്ങാന്‍ പോകുന്ന വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചെറിയ ആള്‍ക്കൂട്ടത്തിനേയാണ്.

ഒന്നും മനസ്സിലാകാതെ നിക്കര്‍ ഒന്നുകൂടെ വലിച്ചു കേറ്റി ഞാന്‍ അങ്ങോട്ട് ചെന്നു. (നാട്ടില്‍ നാലാളു കൂടുമ്പൊ മാറി നില്‍ക്കുന്നതു ശെരിയാണോ ?)

"പാമ്പ്" ആരോ പറയുന്നതു കേട്ടു.

'യെന്റമ്മച്ചീ പാമ്പാ' !!!

അവിടെയ്ക്കിറങ്ങാന്‍ കയ്യാലയില്‍ ചവിട്ടിയ ഞാന്‍ അതേ സ്പീഡില്‍ മുകളിലെത്തി.അവിടെ നിന്നും രംഗം കൂലംകഷമായി വിശകലനം ചെയ്തു. ആ വീട്ടില്‍ ഒരു കിണറുണ്ട്. തൊടിയില്ലാത്ത കിണര്‍ .അതിനു ചുറ്റും കൂടി നില്‍ക്കുകയാണു ആള്‍ക്കാര്‍ . മഴ പെയ്താല്‍ ആ കിണറില്‍ വെള്ളം നിറയും . പിന്നെ ആ കിണറില്‍ ,ആ ഏരിയയിലുള്ള മുഴവന്‍ പച്ചത്തവളകളുടെയും ഓള്‍ കേരള സമ്മേളനമാണ്. തവളയാണതിനകത്തെങ്കില്‍ പിന്നെ 'പാമ്പ്' എന്നെന്തിനു പറയണം ? ഞാന്‍ പതുക്കെ അവരുടെ ഇടയിലൂടെ നുഴഞ്ഞു കയറി കിണറ്റിലേയ്ക്കൊന്നു നോക്കി. യെന്റത്തിപ്പാറമ്മച്ചീ..!! ദേ കിടക്കുന്നു , ഒരു കറുത്ത വളയം കിണറില്‍ ! ഏതോ കുരുത്തം കെട്ട തവളയെ ചെയ്സ് ചെയ്യുന്നതിനിടയില്‍ വീണുപോയതാ.കരിംചേരയാണെന്നു ചിലര്‍ , അതല്ല അതു കരിമൂര്‍ഖനാണെന്ന് വേറേ ചിലര്‍ .

"നിങ്ങളെല്ലാം മാറിക്കേ സംശയം ഇപ്പൊ തീര്‍ത്തു തരാം " മാധവന്‍ മാമന്‍ . അമ്പലക്കമ്മിറ്റി സെക്രട്ടറിയാ.

പുള്ളി ഒരു ചെറിയ കല്ലെടുത്തു. കിണറ്റിനകത്തേയ്ക്ക് ഒരൊറ്റ ഏറ്.

രംഗം : അതിനകത്തു കിടന്ന സാധനം പത്തിയങ്ങു വിടര്‍ത്തുന്നു. ശൊ എനിക്കങ്ങു രോമാന്‍ചമായിപ്പോയി.

'പാമ്പ്...ദേ പാമ്പ്' എന്നു വിളിച്ച് ആള്‍ക്കാര്‍ പരക്കം പായുന്നു. മിനുട്ടുകള്‍ക്കകം ഒരു വലിയ മോട്ടോര്‍ പമ്പ്
പ്രത്യക്ഷപ്പെട്ടു. പതുക്കെ കിണറ്റിലേക്കിറക്കി വെള്ലം പുറത്തേയ്ക്കടിച്ചു തുടങ്ങി.

ഞാന്‍ പാലുവാങ്ങാന്‍ അപ്പുറത്തെ വീട്ടിലേയ്ക്ക് പോയി. തിരികെ വരുമ്പൊ ആസ്ഥാനകളരിയായി അറിയപ്പെടുന്ന റോയി ആശാന്‍ ഒരു നീളന്‍ വടിയെടുത്ത് വീശിക്കളിക്കുന്നു !

"ഇടതമര്‍ന്ന്..വലതു മാറി...അടി...ചാടിയമര്‍ന്ന് വീണ്ടും അടി.." പാമ്പിനെ തല്ലിക്കൊല്ലാനുള്ള വാം അപ് !!

ഞാന്‍ വീണ്ടും കിണറ്റിന്‍ കരയില്‍ . ഒരന്‍ചു മിനുട്ട് കഴിഞ്ഞപ്പൊ കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റുകയും താഴേയ്ക്കിട്ട കമ്പിയില്‍ തൂങ്ങി പാമ്പ് മുകളില്‍ സുരക്ഷിതനായി എത്തുകയും ചെയ്തു. പിന്നെ അങ്ങു തുടങ്ങീല്ലേ അടിക്കാന്‍ .

രണ്ടെ രണ്ടു മിനുട്ടു കൊണ്ട് പാമ്പ് വടി ! വാലുമാത്രം ചെറുതായി അനങ്ങുന്നുണ്ട്.

അപ്പോഴാണു നമ്മുടെ നായകന്റെ വരവ് . അതെ, കരിയം രാജ്യത്തെ ആസ്ഥാന പാമ്പ്. തിരുമേനി വിജയന്‍ എന്ന തിരുമന്‍ !രാവിലെ തന്നെ അടിച്ചു കോണ്‍ തിരിഞ്ഞാണു വരവ്.പാമ്പിനെ അടിച്ചുപരുവമാക്കി വഴിയിലിട്ടിരിക്കുന്നു, പുള്ളി നടന്നു വരുന്ന അതേ വഴിയില്‍ ! 'ഈ പാമ്പിനെ മുന്‍പിവിടെങ്ങും കണ്ടിട്ടില്ലല്ലൊ' എന്ന ഭാവത്തില്‍ പുരുഷാരം. എല്ലാരുടെയും ശ്രദ്ധ പാമ്പില്‍ . ഇതൊന്നും ശ്രദ്ധിക്കാതെ വന്ന തിരുമന്‍ 'നടക്കുന്ന വഴിയിലാരാടാ പാമ്പിനെ ഇട്ടിട്ടു പോയെ,ഒരൊറ്റ ചവിട്ടിനുണ്ടല്ലോ..' എന്ന ഭാവത്തില്‍ അതിനെ നോക്കി. .

"ടാ..വിജയാ അതു ചത്തിട്ടില്ലാ'" എന്ന് മാധവന്‍ മാമന്‍ .

തിരുമന്‍ ചുറ്റും നോക്കി. എന്തും സംഭവിക്കാം. കരിയം രാജ്യം ഒരു നിമിഷത്തേയ്ക്ക് നിഷബ്‌ദമായി. ചാണകം ഇട്ടുകൊണ്ടിരുന്ന പശു അതു നിര്‍ത്തി. അടുത്ത മരത്തിലേയ്ക്ക് പറക്കാന്‍ തുടങ്ങിയ പക്ഷികള്‍ അതു വേണ്ടാന്ന് വച്ചു. വളരെ യാദൃശ്ചികമായി മാത്രം ഉണ്ടാകുമായിരുന്ന സംഘര്‍ഷാവസ്ഥ അങ്ങനെ കരിയത്ത് കുമുകുമാന്ന് അടിഞ്ഞുകൂടി

"ടീ ശാന്തേ...നിനക്കു ഞാന്‍ ചാകണം അല്ലേടീ...ഇന്നാടീ കണ്ടോ" എന്നു വിളിച്ചുകൊണ്ട് തിരുമന്‍ പാമ്പിനെ എടുത്ത് കഴുത്തിലൂടെയിട്ട് ഭഗവാന്‍ ശിവനെപ്പോലെ ഒരു കാല്‍ പൊക്കി ഒരൊറ്റ നില്‍പ്പ് !!നോട്ട് ദ പോയിന്‍റ്റ്, പാമ്പിന്റെ വാല്‍ അപ്പോഴും തരക്കേടില്ലാത്ത വിധം അനങ്ങുന്നുണ്ട്.'വെള്ളമടിച്ചാ ഇങ്ങനാ...പാമ്പിനെ മാത്രം പേടി കാണില്ല' എന്ന് ചിലര്‍ .

ആള്‍ക്കാര്‍ക്ക് അടുക്കാന്‍ പേടി. 'പാമ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ല...ചില്ലപ്പൊ..' എന്നു ചിന്തിച്ച് എല്ലാരും നില്‍ക്കുന്നതിനിടയില്‍ 'നിങ്ങളെനിക്ക് ഒരു മനസമാധാനോം തരൂല്ലല്ലേ മനുഷ്യാ' എന്നു വിളിച്ച് അവിടെവിടെയോ ഉണ്ടായിരുന്ന മിസ്സിസ് തിരുമന്‍ ഒരു നീളന്‍ വടിയുമായി ചാടി വീണു.

"ടീ...താണ്ടവോന്ന്....താണ്ടവം കഴിയട്ടേന്ന്.." തിരുമന്‍.

"മണാങ്കട്ട...വീട്ടില്‍ പോയി ചായകുടി മനുഷ്യാ" എന്നു പറഞ്ഞു കെട്ടിയോന്റെ കഴുത്തില്‍ കിടന്നിരുന്ന
പാമ്പിനെ വലിച്ച് തറയിലിട്ട് വാരിക്കോരി അടിക്കുകയും ചെയ്തു. ചത്തു !! അപ്പോഴും ഒറ്റക്കാലില്‍ നിന്നിരുന്ന തിരുമനിട്ടും കൊടുത്തു രണ്ടെണ്ണം .

ഇതാണു തിരുമന്റെ ആദ്യ ആത്‌മഹത്യാ ശ്രമം .

പുള്ളിയുടെ മറ്റൊരു ഹോബിയാണു 'നിനക്കിന്ന് കാണിച്ച് തരാടീ' എന്ന് ഡയലോഗടിക്കുകയും വീട്ടിലെ അമ്മിക്കല്ല്, ആട്ടുകലല്‍ , വിളക്ക് ഇതൊക്കെ പലപ്പോഴായി കിണറ്റിലെടുത്തിട്ട് വലിയ ശബ്ദമുണ്ടാക്കി, തന്റെ ചെരുപ്പും കൈലിയും കിണറ്റിന്‍ കരയില്‍ ഊരിവച്ച് ദൂരെ മാറി നിന്ന് ബീഡി വലിക്കുകയും ചെയ്യുക എന്നുള്ളത്.

'രാവിലെ പഴങ്കഞ്ഞി വേണോന്ന് പറഞ്ഞതാണെ...ഇപ്പൊ കിണറ്റി വീണേ' എന്നു നിലവിളിച്ച് മിസിസ് തുരുമന്‍ ഓടി വരുമ്പോഴാകും 'ഇപ്പൊ ചാടീല്ല, പക്ഷെങ്കി അടുത്ത തവണ ചാടിയിരിക്കും ' എന്ന ഭാവത്തില്‍ പുള്ളി പ്രത്യക്ഷപ്പെടുന്നത്.

ഇതൊരു സ്ഥിരം പരിപാടി ആയപ്പോള്‍ കെട്ടിയോളും നാട്ടുകാരും ഇത് കാര്യമാക്കാതായി. ഈ ഒരു സാഹചര്യത്തിലായിരുന്നു തിരുമന്‍ ശെരിക്കും കിണറ്റില്‍ ചാടിയത്. അതും 'സ്ത്രീ' സീരിയല്‍ നടക്കുന്ന സമയത്ത് ! 'ഓ അങ്ങേരു പിന്നേം തുടങ്ങി' എന്നു വിചാരിച്ച് മിസിസ് ടിവി കാണല്‍ തുടര്‍ന്നു. സമയം രാത്രി പതിനൊന്നായിട്ടും നല്ലപാതിയെ കാണാത്തതിനാല്‍ 'ഇനിയിപ്പൊ ശെരിക്കും ചാടിയോ' എന്ന് വിചാരിച്ച് കെട്ടിയോള്‍ കിണറ്റിലേയ്ക്ക് എത്തി നോക്കുകയും ചെയ്തു.

"ടീ..ഞാന്‍ ഇവിടുണ്ട്.." എന്ന് തിരുമന്‍ വിളിച്ചു പറഞ്ഞതിനെതുടര്‍ന്ന് മിസിസ് സ്ഥിരം പരിപാടിയായ പറ്റിവിളി കം ചുറ്റിയോട്ടം നടത്തുകയും ആള്‍കാരെല്ലാരും എത്തി എന്നറിഞ്ഞ ശേഷം സ്ഥലത്തെ പ്രധാന മുങ്ങല്‍ വിദഗ്ദ്ധന്‍മാരെ മെസേജ് അയച്ച് വരുത്തുകയും ചെയ്തു.

സമയം പന്ത്രണ്ട്. കിണറ്റിലിറങ്ങാന്‍ ആളുകളെത്തി.കിണറ്റിലേയ്ക്ക് ഇറങ്ങി ഒരു അര മണിക്കൂര്‍ കൊണ്ട് തിരുമനെ മുകളിലെത്തിച്ചു.

'ഇപ്പൊ എങ്ങനുണ്ട് വിജയാ' എന്നു ചോദിച്ച മാധവന്‍മാമനോട് 'കുഴപ്പമില്ല ..ചാട്ടമൊക്കെ നന്നായിരുന്നു..പക്ഷെ മുകളിലേയ്ക്ക് കേറ്റുന്നതിനു മുന്നെ പാതിരാത്രിയാണോടാ മനുഷ്യനു പണിയുണ്ടാക്കുന്നേ കഴുവേര്‍ട മോനേ എന്നു പറഞ്ഞ് വെള്ളത്തില്‍ മുക്കി ഒരു മൂച്ചറിടിയുണ്ട്..അതാ പാട്..' എന്ന് പറഞ്ഞ് തിരുമന്‍ പതുക്കെ വീടിനകത്തേയ്ക്ക് കയറി.
                           
ഇതായിരുന്നു തിരുമന്റെ രണ്ടാമത്തെ ആത്മഹത്യാശ്രമം .


************************* ശുഭം ************************************

Monday, April 11, 2011

ജാക്കിചാന്‍ , ബ്രൂസ് ലി..പിന്നെ ന്റെ ചേട്ടന്‍ !

'ഹീയാ...'


തോടുള്ള കപ്പലണ്ടിയില്‍ നിന്ന് കപ്പലണ്ടി മാത്രം എക്സ്ട്രാക്റ്റ് ചെയ്ത് വായിലേക്ക് വയ്ക്കുന്ന പ്രോസസ്സില്‍ മുഴുകി ഇരുന്നപ്പോളാണ് എന്റെ പിന്നില്‍ ഒരു നിലവിളി കേട്ടത്. സാധാരണ ഞാനിത്തരം കാര്യങ്ങള്‍ ,അതായത് വല്ല കപ്പലണ്ടിയോ വല്ല ചിപ്സോ കഴിച്ചു കൊണ്ടിരുന്നാല്‍ 'ഡാ കണ്ണാ ഉണ്ണാന്‍ വാ " എന്നാ അമ്മയുടെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ശ്രദ്ദിക്കാറെ ഇല്ല .പക്ഷെ ഇവിടെ ശ്രദ്ദിക്കാന്‍ കാരണമുണ്ട് .സാധാരണ വീട്ടില്‍ നിലവിളി കേള്‍ക്കുന്നത് ഞാനും ചേട്ടനും ചേച്ചിയും ഒരുമിച്ചുള്ളപ്പോള്‍ ആണ്.ആദ്യം ചേട്ടനെ ചൊറിഞ്ഞതിന്റെ ഫലമായി ഞാന്‍ നിലവിളിക്കും .എന്നെ രക്ഷിക്കാന്‍ ചേച്ചി വരുന്നത് കൊണ്ട് ചേട്ടന്‍ നിലവിളിക്കും ,അത് കഴിഞ്ഞു ചേട്ടന്‍ വയലന്റ് ആകുമ്പോ ചേച്ചി നിലവിളിക്കും.പിന്നെ അച്ഛന്‍ വന്നാല്‍ ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് കൂട്ടത്തോടെ നിലവിളിക്കും. ഇതാണതിന്റെ ഒരു രീതി .പക്ഷെ ഇവിടെ ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചല്ല.ഈ അസ്വാഭാവികത എന്നെ വല്ലാണ്ടങ്ങ് ആകാംഷഭരിതനാക്കി.ഞാന്‍ തിരിഞ്ഞുനോക്കി.

ചേട്ടന്‍ ! തോളില്‍ സ്കൂള്‍ ബാഗും തൂക്കി ബ്രൂസ് ലിയെപ്പോലെ നില്‍ക്കുന്നു.
എന്നെ നോക്കി കാലുപൊക്കി, വീണ്ടും യീഹാ!!
മുരളീധരനും ചെന്നിത്തലയും കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ കണ്ട് കണ്ണുതള്ളിയ ഉമ്മന്‍ ചാണ്ടിയെപ്പോലെ, കപ്പലണ്ടി ചേട്ടന്‍ കാണാതെ പോക്കറ്റിലിട്ട് ഞാന്‍ വാ പൊളിച്ചു..വീണ്ടും പൊളിച്ചു..പൊളിച്ചോണ്ടേയിരുന്നു!
കാരണം ? യൂറൊപ്പ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോസില്‍ നില്‍ക്കുന്ന ചേട്ടന്റെ പിറകില്‍ അമ്മ!


"അലറിവിളിക്കാതെ വന്നൂടേടാ നിനക്ക്..കറിക്കരിഞ്ഞോണ്ടിരുന്ന എന്റെ കൈ മുറിഞ്ഞു..എല്ലാം കൂടി ചവിട്ടിക്കൂട്ടും ഞാന്‍ " ഇത്രയും കേള്‍ക്കാനുള്ള സമയം ചേട്ടനു കിട്ടുന്നതിനു മുന്നെ ചെവിക്ക് പിടുത്തം വീണിരുന്നു.
"അമ്മാ..അമ്മാ..അടിക്കല്ല്..സ്കൂളി ബ്രൂസ് ലീ.."
വാട്ട് ദ ഹെല്‍ !! സ്കൂളില്‍ ബ്രൂസ് ലിയൊ? ചിലപ്പൊ ശെരിയായിരിക്കും . ഞാന്‍ പഠിക്കുന്ന മലയാളം മീഡിയം സ്കൂളില്‍ ബ്രൂസ് ലി എങ്ങനെ വരാനാ? പുള്ളി കംപ്ലീറ്റ് ഇംഗ്ലീഷല്ലെ..? എന്റെ കണ്ണുകള്‍ ചോദിച്ചു, 'എന്നിട്ട്?'
"പ്ഫ..ബ്രൂസ് ലീ..അങ്ങേരു ചത്തിട്ട് വര്‍ഷങ്ങളായി..ഇനി മേലില്‍ ഇങ്ങനെ അലറി വിളിച്ചോണ്ട് വന്നേക്കരുത്.." എനിക്കുത്തരം കിട്ടുന്നതിനു മുന്നെ അമ്മ ചേട്ടനു വാണിങ്ങ് കൊടുത്തു.
എന്റെ കണ്ണുകള്‍ വീണ്ടും ചോദിച്ചു, 'ബ്രൂസ് ലെ മരിച്ചൊ? അതെപ്പ?'
"അമ്മാതല്ല..ബ്രൂസ് ലീടെ സിനിമ ഇന്ന് സ്കൂളി കാണിച്ച്.." ചെവിയും തടവി പുളിന്‍ചിക്ക കടിച്ച പോലെയുള്ള മുഖവുമായ് ചേട്ടന്‍ പറഞ്ഞു.
ഓഹോ അപ്പൊ അതാണു കാര്യം . ബ്രൂസ് ലീടെ സിനിമ കണ്ടതിന്റെ തിളപ്പാ.ഞാന്‍ പതുക്കെ പോക്കറ്റില്‍ കൈയ്യിട്ട് കപ്പലണ്ടിയെടുത്തു. ഇനി കുറച്ചേ ബാക്കിയുള്ളു. നിന്ന നില്‍പ്പില്‍ രണ്ടെണ്ണം ബാക്കി വച്ച് ബാക്കി വായില്‍ തട്ടി. ബാക്കി വന്ന രണ്ടെണ്ണം ചേട്ടനു നേരേ നീട്ടി,
"ചേട്ടാ..കപ്പലണ്ടി വേണോ? ഇപ്പൊ തീര്‍ന്നേനെ.."
കപ്പലണ്ടിയെന്ന് കേട്ട് ചെവിയില്‍ പിടിച്ചിരുന്ന കൈയ്യെടുത്ത് എന്റെ നേരെ നീട്ടി.
"ടാ..ഇന്നച്ചന്‍ വരുമ്പൊ നീ പറയോ എന്നെ കരോട്ട (ഇന്നത്തെ കരാട്ടെ!) പഠിക്കാന്‍ വിടാന്‍.. നീ പറഞ്ഞാ അച്ചന്‍ കേള്‍ക്കും " കപ്പലണ്ടി വായിലിട്ട് ചവച്ചത് തന്നെ വീണ്ടും ചവച്ചുകൊണ്ട് ചേട്ടന്‍ .
ആഹ, ബെസ്റ്റ്.
"ഞാന്‍ പറഞ്ഞാ അച്ചന്‍ കേക്കൂല്ല..എങ്കി പിന്നെ അച്ചന്റെ സ്കൂട്ടറോടിക്കാന്‍ തരോന്ന് ചോദിച്ചപ്പൊ തരാത്തെന്താ?" എന്റെ ചോദ്യം തികച്ചും ന്യായം !
"അത് വല്യോര്‍ക്കൊള്ളതാടാ..നീ ഇത് പറേണം ..മറക്കല്ല്.." ഒരു വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച് ചേട്ടന്‍ അടുക്കളയിലേയ്ക്ക് പോയി.
രംഗം : രാത്രി അച്ചന്റെ അടുത്തൂടെ ഞാനും ചേട്ടനും കറങ്ങി നടക്കുന്നു. എന്തോ വായിച്ചുകൊണ്ടിരുന്ന അച്ചന്‍ ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കുന്നുണ്ട്.
"പറേടാ ടാ..ഇപ്പൊ പറ..പറ" എന്റെ മുതുകത്ത് കുത്തിക്കൊണ്ട് ചേട്ടന്‍ എന്നെ ഡെയിന്‍ജര്‍ സോണിലേയ്ക്ക് തള്ളി.
"ച്ചാ..അതെ.." ഞാന്‍ അച്ചന്റെ അടുത്തേയ്ക്ക് നീങ്ങി.അച്ചന്‍ മുഖമുയര്‍ത്തി 'എന്താ?' എന്നര്‍ത്ഥത്തില്‍ നോക്കി.


"ദാണ്ടെ..ഈ ചേട്ടന്‍ പറേണ്..എന്നെ കരാട്ടെ പഠിപ്പിക്കാന്‍ വിടാന്‍ "
എന്റെ പിറകില്‍ ഇപ്പൊ തള്ളിയ രണ്ടുകണ്ണുകള്‍ !ഞാന്‍ അങ്ങോട്ട് നൊക്കിയതേയില്ല. നോക്കീട്ടും കാര്യമില്ല. ഇനി വാങ്ങാനുള്ളതെല്ലാം കട്ടിലില്‍ കേറുന്നതിനു മുന്നെ കിട്ടും . എന്തായാലും ചേട്ടനു കരാട്ടെ പഠിക്കണം . അപ്പൊ ഞാന്‍ ഇവിടെന്തുചെയ്യും ?


"ഹും ..? നിനക്ക് പഠിക്കണോ..?"


"അല്ല..ചേട്ടന്‍ പറഞ്ഞ്..അതോണ്ട്.." ഞാന്‍ വീണ്ടും
.
"നിനക്ക് പഠിക്കണോങ്കി പറാ..ശെരിയാക്കാം ..അല്ലാതെ അവന്‍ പറഞ്ഞതുകൊണ്ട് നീ പോണ്ടാ"


"എന്നാ പിന്നെ ചേട്ടനേം കൂടി വിടോച്ചാ..ഞാന്‍ പോയാ ചേട്ടന്‍ ഇവിടൊറ്റക്കിരിക്കണ്ടെ" എപ്പോഴും ആദ്യം നമ്മുടെ കാര്യം നോക്കിയിട്ടെ മറ്റുള്ളൊര്‍ടെ കാര്യത്തില്‍ തലയിടാവു, യേത്?


"ഹും ..ഞാന്‍ ആ പ്രസാദിനോട് പറയാം .. എന്നാന്നു വച്ചാ പോയ്ക്കൊ.." അച്ചന്‍ വീണ്ടും വായനയിലേയ്ക്ക്.


"ഹോ..ഇനി അതിന്റെ കുറവൂടേയുള്ളു..ഒരുത്തന്‍ ഒരു സിനിമ കണ്ടപ്പൊ എന്റെ കൈ മുറിഞ്ഞു..ഇനി പഠിക്കാനും കൂടി പോയാല്‍ എന്റെ കഴുത്തിനുമോളില്‍ തല വച്ചേക്കോ ഇവന്‍മാര്..." :P


ഈ അമ്മേടൊരു കാര്യം .അല്ലേലും അമ്മയ്ക്ക് പണ്ടേ അങ്ങനാ തലയെന്ന് വച്ചാ ജീവനാ!


പിന്നീടുള്ള ദിവസങ്ങളില്‍ രാത്രി കിടക്കുന്നതിനു മുന്നെ ഇന്നാരുടെ കൂടെ ഫൈറ്റ് ചെയ്യുന്നത് സ്വപ്നം കാണണം എന്നാദ്യമേ നിശ്ചയിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. 'ഇന്ന് ബ്രൂസ് ലീ..നാളെ..നാളേം ബ്രൂസ് ലി തന്നെ മതി..അവനിത്തിരി ജാടയാ' എന്നൊക്കെ വിചാരിച്ച് കിടക്കും . പല രാവിലെകളിലും അമ്മ ചേട്ടനോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട് 'എന്തോന്നാടാ പാതി രാത്രികിടന്ന് കൂവുന്നത്'.


അച്ചന്‍ പറഞ്ഞതനുസരിച് അന്‍ചാം ക്ലാസ്സില്‍ കളിക്കുന്ന ഞാനും ആറാം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടനും പ്രസാദേട്ടന്‍ എന്ന് വിളിക്കുന്ന മാസ്റ്റര്‍ പ്രസാദിന്റെ അടുത്ത് കരാട്ടെ പഠിക്കാന്‍ പോയി.


ആദ്യത്തെ ഒരു മാസം നടന്നത് ഇത്രയുമായിരുന്നു, പുഷപ്പ് , ചിന്നപ്പ് , വീണ്ടും പുഷപ്പ് (കാല്‍ അകത്തിയത്), പുഷപ്പ് (ഒരു കാല്‍ പൊക്കി വച്ച്), പുഷപ്പ് (രണ്ട് കാലും മുകളില്‍ വച്ച്), ഏറ്റവും ഒടുവില്‍ വീട്ടിലേയ്ക്ക് നടത്തം (നടുവളച്ച്). ന്റെ പൊന്നൂ..!! :(


രണ്ടാം മാസം നടന്നത് ഇത്രയുമായിരുന്നു, പ്രസാദേട്ടന്‍ എന്നെ വിളിക്കുന്നു. അവിടെ പഠിക്കാന്‍ വരുന്ന മറ്റുള്ളോര്‍ക്ക് ഡെമോന്‍സ്ട്റേറ്റ് ചെയ്യാനായി എന്നെ കുനിക്കുന്നു, ഇടിക്കുന്നു. അതുകഴിഞ്ഞ് ചേട്ടനെ വിളിക്കുന്നു. ഇടിക്കുന്നു, കുനിക്കുന്നു, വീണ്ടും ഇടിക്കുന്നു. ഏറ്റവും അവസാനം വീട്ടിലേയ്ക്ക് നടത്തം (നടു വളയ്ക്കാതെ..ഐ മീന്‍ വളയ്ക്കാന്‍ പറ്റാതെ).


കരാട്ടെ പഠിക്കുന്നതിനു മുന്നെയുള്ള രാത്രികളില്‍ 'യീഹാ..ഹുയ്' എന്നൊക്കെയുള്ള ശബ്‌ദമുയര്‍ന്നിരുന്ന ഞങ്ങളുടെ റൂമില്‍ നിന്ന്, കരാട്ടെ പഠിക്കാന്‍ പോയതിനുശേഷം 'ഹമ്മോ..നോവണ്..' എറ്റ്സെട്രാ എറ്റ്സെട്രാ വന്നുതുടങ്ങി.


സംഗതി ഇത്രത്തോളം , അതായത് കരാട്ടെ പഠിക്കാന്‍ പോയിപ്പോയി കക്കൂസിലൊന്ന് നേരേയിരിക്കാന്‍ പോലുമാകാതെ വന്നപ്പൊ, ഈയുള്ളവന്‍ ഒരു തീരുമാനമെടുത്തു, ആ തീരുമാനം വീട്ടില്‍ ഉറക്കെ പ്രഖ്യാപിച്ചു,


'അച്ചാ..അമ്മാ..ഞാന്‍ പഠിച്ച്..എനിക്ക് മതി..' !!!


തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ചേട്ടന്‍ ഒറ്റയ്ക്കായി കരാട്ടെ പഠിത്തം. മകന്റെ ഉത്സാഹം കണ്ട് അച്ചന്‍ ചേട്ടനു മിക്കപ്പോഴും പൊറോട്ടേം ചിക്കനും വാങ്ങിക്കൊടുത്തിരുന്നു. കോഴിയുടെ എല്ലുകള്‍ ചേട്ടന്റെ എല്ലിന്റെ ഇടയ്ക്ക് കേറിയത് മുതല്‍ എനീക്ക് കഷ്ടകാലം തുടങ്ങി.


ചേട്ടന്‍ ക്ലാസ്സ് കഴിഞ്ഞ് വന്നാലുടനെ നേരേ റൂമിലേയ്ക്ക് വന്ന് വല്ല പാവം പിടിച്ച കപ്പലണ്ടിയോ മിക്സ്ചറൊ തിന്നോണ്ടിരിക്കുന്ന എന്നെ തൂക്കിയെടുക്കും . എന്നിട്ട് നേരെ മുറ്റത്ത് കൊണ്ട് നിര്‍ത്തും . ഒരു ദിവസം ഇതേ പോലെ തൂക്കിയെടുത്ത് കൊണ്ട് നിര്‍ത്തിയിട്ടു പറഞ്ഞു,


"ഡെയ്..നീ ഇങ്ങനെ നില്ല്..ഞാന്‍ റിവേഴ്‌സ് കിക്ക് ചെയ്യും ..നിന്റെ തലേ കൊള്ളൂല്ല..പേടിക്കണ്ട.."


ഞാന്‍ നിന്നു, സര്‍ക്കസ്സില്‍ കത്തിയേറുകാരന്റെ മുന്നില്‍ കാലുകളകത്തി ചുവരോട് ചേര്‍ന്ന് നില്‍ക്കുന്നവനെപ്പോലായിരുന്നു എന്റെ അവസ്ത്ഥ!


ചേട്ടന്‍ റിവേഴ്‌സ് കിക്കെടുത്തു !


ഡും !!


വെല്‍ , ആക്‌ച്വലി, പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ആടിയിരുന്ന എന്റെ ഒരണപ്പല്ലങ്ങൂരിത്തെറിച്ചു !


രംഗം : ചേട്ടനെ ആ ഏരിയയില്‍ കാണുന്നില്ല. ഞാന്‍ മുറ്റത്ത് തെറിച്ച പല്ലുതപ്പുന്നു.


അന്ന് രാത്രി വീട്ടില്‍ ചേട്ടന്റെ കൂവല്‍ കേട്ടു, 'അടിക്കല്ലച്ചാ..അടിക്കല്ല്..ഇനി ചെയ്യൂല്ല..സത്യായിട്ടും ചെയ്യൂല്ല'


അതിനു ശേഷം ചേട്ടന്‍ എന്നെ മുറ്റത്ത് തൂക്കിയെടുത്തുകൊണ്ട് നിര്‍ത്തിയാല്‍ ആദ്യം എന്റെ വാപൊളിച്ച് പല്ലാടുന്നുണ്ടോന്ന് നോക്കും . അതാണു സ്നേഹം !


അങ്ങനെ മാസങ്ങള്‍ കടന്നപ്പൊ പഠിച്ചതെല്ലാം പരീക്ഷിക്കാന്‍ ചേട്ടനു നറുക്ക് വീണു. അതെ, ചേട്ടന്റെ ആദ്യത്തെ ഡെബ്യൂട്ട് മാച്ച് ! ശ്രീമൂലം ക്ലബ്ബില്‍ വച്ചാണു മത്സരം. അമ്മ പുളകം കൊണ്ടു, അച്ചന്‍ കോരിത്തരിച്ചു, ചേച്ചി രോമാന്‍ചകന്‍ചുകയായി. ഞാനപ്പഴും കപ്പലണ്ടി തിന്നു!


രംഗം : ശ്രീമൂലം ക്ലബ്ബിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തല്‍ക്കാല്ത്തേയ്ക്ക് കരാട്ടേ റിംഗാക്കി മാറ്റിയിരിക്കുന്നു.റിംഗിനു ചുറ്റും കോമ്പറ്റീഷനുവന്ന കുട്ടികളും അച്ചനമ്മമാരും .ചേട്ടന്‍ അച്ചന്റേം അമ്മേടേം കാലില്‍ തൊട്ടുവന്ദിക്കുന്നു.തുടര്‍ന്ന് അംഗത്തട്ടിലേയ്ക്ക്...


എതിരാളി ചേട്ടന്റെ തന്നെ കൂട്ടുകാരനായ ബാലുച്ചേട്ടന്‍ . എല്ലാരുടെയും കണ്ണുകള്‍ ചേട്ടനിലും ബാലുച്ചേട്ടനിലും . റഫറി രണ്ടുപേരുടെയും ബോഡി മുഴുവന്‍ പരതുന്നു.ഒന്നും കിട്ടില്ല എന്നറിഞ്ഞതുകൊണ്ടാവും രണ്ടുപേരുടെയും ചെവിയില്‍ എന്തോ പറയുന്നു, 'ഒന്നൂല്ലേഡെയ്?'. എന്നിട്ട് രണ്ടുപേരുടേയും മദ്ധ്യത്തായി വായുവില്‍ കൈ വീശുന്നു..യുദ്ധം തുടങ്ങി..
ഒരു മിനിറ്റ് ഒരേ ഒരു മിന്റേ യുദ്ധം നീണ്ടോളു. പിന്നെ കാണുന്നത് എന്റെ സ്വന്തം ചേട്ടന്‍ മലര്‍ന്നടിച്ച് തറയില്‍ കിടക്കുന്നതാ!!


രംഗം : കാറില്‍ ഞാനും ചേച്ചിയും ഫ്രണ്ടിലും അച്ചനും അമ്മയും ബാക്കിലും ..അവരുടെ നടുവില്‍ ചേട്ടനും !


"അമ്മാ..എന്നാലും അവനെന്നെ ഇടിച്ച്..." നെന്‍ച് തടവിക്കൊണ്ട് ചേട്ടന്‍.


"പോട്ട് മോനെ..സാരില്ല..ഇവിടാണോ ഇടിച്ചെ..അതെ ഇവിടോ..?" അമ്മ ചേട്ടനു നെന്‍ച് തടവിക്കൊടുക്കുന്നു.


"ന്നാലും അവനു ഞാന്‍ ഉച്ചയ്ക്ക് മുട്ടയൊക്കെ കൊടുത്തിട്ടുള്ലതാ..അവന്‍ എന്നെ ഇടിച്ച്" ചേട്ടനു സങ്കടം സഹിക്കുന്നില്ല.


കാറില്‍ നിന്നിറങ്ങി, ചേട്ടനെയും താങ്ങിപ്പിടിച്ച് അവരിറങ്ങുമ്പോഴും ഞാന്‍ കാറില്‍ തന്നെ ആയിരുന്നു.


'എന്റെ ഒരു കപ്പലണ്ടി ഇവിടെവിടെയോ പോയി..ശെടാ' ;)
********************************* ശുഭം *********************************

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...