Sunday, September 30, 2012

നോ പ്രോബ്ലം.വീട്ടിലിപ്പൊ ടിവിയുണ്ടല്ലൊ!

ലോകകപ്പ് തുടങ്ങി.ഭാര്യാസമേതനായി കുവൈറ്റില്‍ വന്ന ശേഷമുള്ള ആദ്യലോകകപ്പ്!(ആദ്യ ഓണം എന്നൊക്കെ പറയുന്നതുപോലെ). ഓര്‍മ്മകള്‍ പഴയകാലങ്ങളിലേയ്ക്ക് സ്പെയിനിന്റെ ടിക്കി ടാക്കി കളി പോലെ തട്ടി തട്ടി പിന്നിലേയ്ക്ക് പോയി.

അന്നൊക്കെ ലോകകപ്പിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവും ലഭിച്ചിരുന്നത് ഒരു ടി വി ഉണ്ടായിരുന്നവര്‍ക്കായിരുന്നു. അങ്ങനെ ഒരു പ്രത്യേകവിഭാഗത്തില്‍ പെടാന്‍ ആദ്യകാലങ്ങളില്‍ എന്റെ കുടുംബത്തിനു സാധിച്ചു. അതും ലോകകപ്പ് ഫുട്ബോള്‍ പ്രമാണിച്ച് വാങ്ങിയ ഒരു പുതിയ കെല്‍ട്രോണ്‍ ടി വിയിലൂടെ. ടി വി സ്വന്തമായ് വാങ്ങിയ ശേഷം നാലാളെ അറിയിച്ച് അവരുടെ മുന്നില്‍ ആളാവാന്‍ ഞാനും എന്റെ ചേട്ടനും ശ്രദ്ധിച്ചിരുന്നു. 

വീടിനു മുന്നിലുള്ള വഴിയിലൂടെ ആള്‍ക്കാര്‍ പോകുമ്പൊ ടി വി യുടെ വോളിയം ഉച്ചത്തില്‍ വച്ച് മതിലിന്റെ അടുത്തുവന്ന് നില്‍ക്കും . എന്നിട്ട് ആള്‍ക്കാര്‍ അടുത്തെത്തുമ്പോള്‍ ചേട്ടനോട് വിളിച്ച് പറയും 'ചേട്ടാ..ആ ടി വിയുടെ സൌണ്ടൊന്ന് കൊറ..'

അപ്പൊ ആള്‍ക്കാര്‍ നോക്കും . ആ കണ്ണുകളില്‍ തിളക്കം ! കാരണം ലോകകപ്പല്ലെ..വന്നിരുന്ന് കാണാല്ലൊ..യേത്? ഈ ആള്‍ക്കാരെന്ന് പറയുമ്പൊ മിക്കതും നമ്മുടെ അയല്‍പക്കം തന്നെ ആവും . ഒന്നൊന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ടി വി സ്വന്തമായുള്ളവര്‍ ഇല്ലാത്തതിനാല്‍ അത്രേം ചുറ്റളവില്‍ നമ്മുടെ ടിവിയുടെ പേരെത്തിക്കാന്‍ വേണ്ടി ഞാനും ചേട്ടനും എന്തിനും ഏതിനും ടിവിയില്‍ കേറിപ്പിടിക്കാന്‍ തുടങ്ങി.രാവിലെ പാലുവാങ്ങാന്‍ പോയാല്‍ കടക്കാരനോട് പറയും 'ചേട്ടാ..ആ ടിവിയില്‍ കാണിക്കുന്ന മില്‍മയുടെ പാലില്ലേ..അതൊരു കവര്‍ '. സ്കൂളില്‍ പോകാന്‍ ബസ് കാത്ത് സ്റ്റൊപ്പില്‍ നില്‍ക്കുമ്പൊ ഏവനെങ്കിലും എന്താ താമസിച്ചെ എന്ന് ചോദിച്ചാല്‍ 'ടിവി കണ്ടിരുന്നുപോയി..അതാ' . അങ്ങനെ പലപല വഴികളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ടി വി ക്ക് പരസ്യം നല്‍കി വന്നു.

ലോകകപ്പിലെ ഒന്നാമത്തെ കളി നടക്കുന്ന ദിവസം നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഞാനും എന്റെ കൂട്ടുകാരന്‍ ആനന്ദും ചെമ്പഴന്തി സ്കൂളില്‍ കിളയ്ക്കാന്‍ പോയതിന്റെ ക്ഷീണത്തില്‍ തിരിച്ച് വീട്ടിലേയ്ക്കുള്ള ബസ് കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുന്നു. അവിടെ വന്ന് നിന്നതുമുതല്‍ ഞാന്‍ അവനെ ശ്രദ്ധിക്കുന്നു. അവന്റെ മുഖത്താകെ ഒരു കാര്‍മേഘം . 

"എന്തരെഡെയ്?" (അന്ന് വെഞ്ഞാറമൂഡ് സുരാജ് ഫേമസ് അല്ലാത്തതിനാല്‍ ധൈര്യമായ് തിരോന്തൊരം ഫാഷ ഉപയോഗിക്കാമായിരുന്നു)

"ന്നുല്ല.." ഓക്കെ.ഇനി വല്ലതുമുണ്ടെങ്കിലും ഹു കെയെഴ്‌സ്. കാരണം എന്റെ വീട്ടിലിപ്പൊ ടിവിയുണ്ടല്ലൊ!

ബസ് വന്നു.ഒരു വിധം നല്ല തിരക്ക്. ഇരിക്കാന്‍ സീറ്റില്ല. ബസില്‍ കേറിയതും കണ്ടക്‌ടരുടെ സ്ഥിരം ഡയലോഗ് 'അതേ..ആ കമ്പീ പിടിച്ചിരിക്കുന്നവര്‍ മുന്നോട്ട് മുന്നോട്ട് നീങ്ങി നിക്കണെ..'

ഞാന്‍ മുന്നോട്ട് നീങ്ങി, കാരണം ഞാന്‍ കമ്പിയില്‍ പിടിച്ചിട്ടുണ്ട്. പക്ഷെ ആനന്ദ് നീങ്ങിയില്ല, കാരണം അവന്‍ പിടിച്ചിട്ടില്ല.

"എന്താടാ..നിനക്ക് വയ്യെ..?" നിന്ന നില്‍പ്പില്‍ തന്നെ കാലും പിണച്ച് കണ്ണും തള്ളി നില്‍ക്കുന്ന അവനെ നോക്കി ഞാന്‍ ചോദിച്ചു.

"ഡെയ്..വയര്‍ വേദന.." ആഹ, അപ്പൊ അതാണ്. 

"ഒരാള്‍ക്ക് താങ്ങുന്ന കഞ്ഞിയേ ഉച്ചയ്ക്ക് കുടിക്കാവു...(അന്ന് എന്റെ ഫേവറൈറ്റ് ഭക്ഷണം സ്കൂളിലെ ഉച്ചക്കഞ്ഞിയായിരുന്നു..)" ഞാന്‍ പിടിച്ചിരുന്ന കമ്പിയില്‍ പിടിമുറുക്കി. അല്ല പിന്നെ, ഒരു 'തവി' കഞ്ഞി എന്നത് ഒരൊന്നൊന്നര തവിയാ. എനിക്കൊരു തവിയേ കിട്ടിയുള്ളു എന്നും പറഞ്ഞ് കോംപ്ലക്സ് വര്‍ക്കൌട്ടാക്കി ബാക്കിയുള്ളവന്റേം കൂടി കഞ്ഞിയില്‍ കൈയ്യിട്ടാല്‍ ഇങ്ങനിരിക്കും. തീറ്റപണ്ടാരം ! പക്ഷെ എനിക്കതൊന്നും ഒരു വിഷയമില്ല. ഒരു തവിക്കഞ്ഞിയെങ്കില്‍ ഒരു തവി. നോ പ്രോബ്ലം . വേറൊന്നും കൊണ്ടല്ല, വീട്ടില്‍ ടിവിയുണ്ട്! 

സമയം കഴിയുന്തോറും ആനന്ദിന്റെ കണ്ണു തള്ളി വന്നു. അവന്‍ ഏകദേശം 'എന്നെ ഒന്നും ചെയ്തില്ലേലും ഞാനിപ്പ കരയും ' എന്ന പൊസിഷനിലെത്തി. ഇത്തരുണത്തില്‍ എവിടെന്നാണെന്നറിയില്ല ഒരു ശബ്‌ദം കേട്ടു!

"മോനെ..എന്തര്..വയ്യെ?" എവിടുന്നോ കേറി എവിടെയോ ഇറങ്ങാന്‍ പോകുന്ന ഒരു അമ്മൂമ്മ. അവരിരിക്കുന്ന സീറ്റിന്റെ തൊട്ടടുത്താണു ലവന്‍ ഭൂമിയുടെ മുഴുവന്‍ ഭാരവും ചുമന്ന് നില്‍ക്കുന്ന പോലെ നില്‍ക്കുന്നത്. 

"ഹയ്യ..." വയ്യാന്ന്! അതികം പ്രെസ്സ് ചെയ്ത് പറയാന്‍ പറ്റില്ല, പിടിവിടും . അവന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

ആ നില്‍പ്പ് കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല, പിന്നെയാണോ ആ അമ്മൂമ്മ!

"മോനിവിടിരി...അമ്മൂമ്മേടേ മടിയില്‍" ആരെക്കണ്ടാലും പിടിച്ച് മടിയിലിരുത്തുന്ന സ്വഭവം ഈ അമ്മൂമ്മമാര്‍ക്കൊക്കെ എവിടുന്ന് കിട്ടി?

രംഗം : ആനന്ദ് അമ്മൂമ്മയുടെ മടിയില്‍ ! 

"മോനെ..എന്തരാണ്..വയറു വയ്യെ?" അമ്മൂമ്മ അവനെ ചേര്‍ത്തുപിടിച്ച് കൊണ്ട് ചോദിച്ചു.

"ഹതെ.." അവന്‍ മടിയിലിരുന്നുകൊണ്ട് കാലുപിണച്ചു.

"ആ..അമ്മൂമ്മ തടവിത്തരാം .." ഇത്രയും പറഞ്ഞ് അവര്‍ കൈയ്യെടുത്ത് ആനന്ദിന്റെ വയറില്‍ ശക്തിയായി നാലന്‍ച് തടവല്‍ !!ആനന്ദിന്റെ കണ്ണുകള്‍ എന്തിനാണെന്നവനു പോലും മനസ്സിലാകാത്ത വിധത്തില്‍ തള്ളി!

"ഫ്ലുക്ക്!!" 

അതെന്തായിരുന്നു ആ ശബ്ദം? ബസില്‍ എല്ലാരുടെയും മനസ്സിലെ ചോദ്യം ഇതായിരുന്നു.കണ്ടക്‌ടര്‍ കിളിയെ നോക്കി, കിളി അടുത്ത് നിന്ന ചെല്ലക്കിളിയെ നോക്കി, ചെല്ലക്കിളി അവിടിരുന്ന അപ്പൂപ്പനെ നോക്കി, അപ്പൂപ്പന്‍ തൊട്ടടുത്തിരുന്ന അമ്മൂമ്മയേയും ആനന്ദിനേയും മാറി മാറി നോക്കി, അമ്മൂമ്മ ആരെ നോക്കണം എനറിയാഞ്ഞതുകൊണ്ടാവും ആനന്ദിനെ പതുക്കെ പൊക്കി അവന്റെ ബാക്കില്‍ നോക്കി!!

ഈ ലോകത്ത് ഒരാള്‍ ഏറ്റവും ആനന്ദം അനുഭവിക്കുന്നത് അന്നെനിക്ക് കാണാന്‍ പറ്റി! അതെ, അവന്‍ ആനന്ദ് ഒരു ഭാരം അമ്മൂമ്മയുടെ മടിയിലേക്കിറക്കി വച്ചതിന്റെ ആനന്ദത്തിലാറാടുകയായിരുന്നു!!

"പ്ഫ..എന്തിരവനെ...നിനക്കൊന്നും വീട്ടി കക്കൂസില്ലേടാ...ന്റെ ഫഗവാനേ..തെക്കേലെ മോളീടെ കല്യാണത്തിനു പോകാനിറങ്ങിയതാ ഞാനും എന്റെ കെളവനും ..ആ എന്റെ മടീ തന്നെ വന്നിരുന്ന് സാധിച്ചല്ല്..നാശം പിടിച്ചവന്‍ "രംഗം : ബസ് നിന്നു! ബസ് മുഴുവനും പ്രകൃതിയുടെ നാറ്റം ! ആള്‍ക്കാര്‍ ജനാല വഴിയൊക്കെ ചാടുന്നു. ഇതുപോലെ മരണവെപ്രാളത്തില്‍ ആള്‍ക്കാര്‍ ഓടിയും ചാടിയും രക്ഷപ്പെടുന്നത് കണ്ടിട്ടുള്ളത് പില്‍ക്കാലത്ത് കണ്ടത് കലാഭവന്‍ മണിയുടെ ബ്ലാക്ക് സ്റ്റാലിയന്‍ ഇറങ്ങിയപ്പോഴാ!

ഒരു കൈ സഹായത്തിനായ് അമ്മൂമ്മ അപ്പൂപ്പനെ നോക്കി.'ഏയ്..ഇവളെന്റെ കെട്ടിയോളല്ല..ഞാന്‍ വേറെ വഴിക്കാ' എന്നര്‍ത്ഥത്തില്‍ അപ്പൂപ്പന്‍ നില്‍ക്കുന്നു. ആനന്ദ് എന്നെ നോക്കി. 'നീ ഏതാടാ കൊച്ചനെ..നിനക്കൊന്നും നാണമില്‍ട്രാ?' എന്നര്‍ത്ഥത്തില്‍ ഞാന്‍ . ആപത്തില്‍ സഹായികുന്നവനാണു ശെരിക്കുമുള്ള സുഹൃത്ത്. സംഗതിയൊക്കെ ശെരിയാ. പക്ഷെ സഹായിക്കണമെന്ന് വച്ചാലും അങ്ങോട്ടടുക്കാന്‍ പറ്റണ്ടെ?

ഇപ്പോള്‍ ബസില്‍ ആകെ രണ്ടുപേര്‍ . ആനന്ദും ആനന്ദിന്റെ വയറു ഒരു സ്നേഹത്തിന്റെ പുറത്ത് തടവിപ്പോയ അമ്മൂമ്മയും .

"വിടണ്ണാ..എവനെയിന്ന് ഞാന്‍ കൊല്ലും .." പെട്ടെന്ന് പിന്നില്‍ നിന്നുമുള്ള ശബ്‌ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ബസിലെ കിളി! ആനന്ദിനെ നോക്കി അലറുന്നു.

"രമേശാ..നീ അടങ്ങ്..കൊച്ചല്ലെ..വിട്ടുകള.." കിളിയെ പിടിച്ചുവച്ച് വേറൊരുത്തന്‍ .

"അണ്ണന്‍ എന്തരാണീ പറേണ..ഇവന്‍ കൊച്ചാ..അങ്ങനൊള്ള നാറ്റോണാ ഈ അടിക്കണത്..ന്റെ പൊന്നൂ...ഇത് കംപ്ലീറ്റ് മൊതലാളി എന്നെക്കൊണ്ട് കഴുവിക്കും ..അതാര്‍ക്കുമറിയണ്ടല്ല്..നോക്കണ കണ്ടില്ലെ..പന്ന.." ഇവനാരാ കിളിയെന്ന് പേരിട്ടത്. ഇവനിപ്പൊ പുലിയാ..

ഇതിനിടയില്‍ അമ്മൂമ്മ ബസില്‍ നിന്നിറങ്ങി. കൈയ്യിലിരുന്ന കവര്‍ കൊണ്ട് മടി മറച്ചിരിക്കുന്നു. അമ്മൂമ്മ ചുറ്റും നോക്കുന്നു. ഒരു കവലയിലെ മുഴുവന്‍ ആളുകളും അമ്മൂമ്മയെ കണ്ണെടുക്കാതെ നോക്കിയിരുന്ന ഒരു ദിവസമുണ്ടായിരുന്നു..അതന്ന് ആയിരത്തിത്തൊള്ളായിരത്തി എപ്പത്തിയോ വര്‍ഷം . ഇതിപ്പൊ സിറ്റുവേഷന്‍ അതല്ലല്ലോ..അമ്മൂമ്മയുടെ മുഖത്ത് 'എന്റെ ഗര്‍ഭം ഇങ്ങനല്ല' എന്ന് പറയുന്ന ജഗതിയുടെ ഭാവം ! 

നാറിയതോ നാറി..ഇനിയിപ്പൊ എന്തിനാ മൂക്ക് എന്ന ഭാവത്തില്‍ കൂളായി അടുത്ത് കണ്ട വീട്ടിലേയ്ക്ക് അമ്മൂമ്മ നടന്നു.പെട്ടെന്ന്പിന്നില്‍ നിന്ന്,

'മലര്‍ക്കൊടിപോലെ..വര്‍ണ്ണത്തുടിപോലെ..മയങ്ങൂ..ങ്ങൂ..ങ്ങൂ..നീയെന്‍ മടിമേലെ..' അടുത്തുള്ള ചായക്കടയിലെ റേഡിയോയിലൂടെ എസ് ജാനകി പാടുന്നു.

അമ്മൂമ്മ ആ വയസ്സാംകാലത്തും 180 ഡിഗ്രിയില്‍ തിരിഞ്ഞങ്ങുനിന്നു.

"പ്ഫ..അതേടാ...'മല'ക്കൊടി തന്നെയാടാ...ഒരുത്തനെ മടീലിരുത്തി മയക്കിയതിന്റെ പാടാടാ ഇത്..അവന്റെ കോപ്പിലെ പാട്ട് .. നിര്‍ത്തെടാ.." നിന്ന നില്‍പ്പില്‍ അമ്മൂമ്മ ചായക്കടക്കാരനെ തെറി വിളിച്ചു. എന്നിട്ട് പിറുപിറുത്തുകൊണ്ട് അടുത്തുള്ള വീട് ലക്ഷ്യമാക്കി നടന്നു.

ഇപ്പൊ ബസിനകത്ത് ആനന്ദ് മാത്രം . എന്ത് ചെയ്യണം എന്നറിയാതെ അവനാകെ കുഴഞ്ഞിരിക്കുന്നു. എനിക്ക് കഷ്ടം തോന്നി. ഞാന്‍ അവനെപ്പോയി വിളിച്ചു. മടിച്ച് മടിച്ച് അവന്‍ ബസില്‍ നിന്നിറങ്ങി. ബാഗ് കൊണ്ട് ബാക്ക് മറച്ചിരിക്കുന്നു. 

"ടാ..നീ പേടിക്കണ്ട..ഞാന്‍ പറേണ പോലെ ചെയ്തോണം .." ഓക്കെ എന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി.

"എന്നാ ഇനി ഒന്നും പേടിക്കണ്ടാ..ഓടിക്കോ..." 

ഞാനും അവനും അവിടുന്ന് ഓടിയ ഓട്ടമാ. പിന്നെ ചെന്ന് നില്‍ക്കുന്നത് അവന്റെ വീട്ടില്‍ . 

വീട് കണ്ടതും അവന്റെയുള്ളില്‍ അടക്കിപ്പിടിച്ചിരുന്ന ഫീലിങ്ങ്‌സ് ചറപറാന്ന് പുറത്തുവന്നു (തെറ്റിദ്ധരിക്കണ്ട, 'ലത്' അല്ല. അതൊക്കെ ആ അമ്മൂമ്മ കൊണ്ടുപോയി!). അതായത് തലയില്‍ തേങ്ങ വീണപൊലെ മുറ്റത്ത് കുത്തിയിരുന്നങ്ങ് കരയാന്‍ തുടങ്ങി.
ശബ്‌ദം കേട്ട് അവന്റെ അമ്മ ഓടി വന്നു, ഇനി അവരായി അവരുടെ പാടായി. ഞാന്‍ എന്റെ ഓട്ടം തുടര്‍ന്നു. എനിക്കിതൊന്നും വലിയ കാര്യമായി തോന്നിയില്ല. കാരണം എന്റെ വീട്ടില്‍ ടി വിയുണ്ടല്ലൊ! 

വീട്ടില്‍ ചെന്ന് ബാഗും വലിച്ചെറിഞ്ഞ് കുളിച്ച് റെഡിയായി ടി വിക്ക് മുന്നില്‍ ഏറ്റവും ആദ്യം ഇരിപ്പുറപ്പിച്ചു. ഇനി കളി കാണാന്‍ ആരുവന്നാലും നമ്മടെ പിറകെ മതി. അന്‍ചരയ്ക്ക് ഇരിക്കാന്‍ തുടങ്ങിയ ഞാന്‍ , പതിനൊന്ന് മണിക്ക് കളി തുടങ്ങിയിട്ടും നിര്‍ത്തിയില്ല! ചായയും ചോറും എല്ലാം ഇരുന്ന ഇരുപ്പില്‍ തന്നെ.അന്നാദ്യമായി ഞാന്‍ തെങ്ങിനു വളമിടാന്‍ പോലും എണീറ്റില്ല!

കളി തുടങ്ങിയപ്പോഴേയ്ക്കും വീടിന്റെ ഹാള്‍ മുഴുവനും ആല്‍ക്കാരായി. എല്ലാം അയല്‍പക്കത്തുള്ളവര്‍ . 

"ടാ..ആ ശ്യാമളയോട് ഏറ്റവും ബാക്കിലിരിക്കാന്‍ പറ..കഴിഞ്ഞാഴ്‌ച അവള്‍ടെ കോഴി ഒരു മുട്ടയിട്ടത് ചോദിച്ചിട്ട് തന്നില്ല" എന്റെ അമ്മയും റോള്‍ എടുത്തു.

കളി തുടങ്ങി. എന്നെ സംബന്ധിച്ച് അന്ന് ബ്രസീലും അര്‍ജെന്റീനയും ഒന്നുമില്ല. മറിച്ച് മഞ്ഞക്കാരും നീലക്കാരും വെള്ളക്കാരുമൊക്കെയായിരുന്നു. കളിക്കാര്‍ ബോളും കൊണ്ട് രണ്ട് വശത്തേയ്ക്കും പായുന്നു. പക്ഷെ എന്നെ സംബന്ധിച്ച് അവര്‍ ഓടുന്നത് എന്റെ ടി വി യുടെ വലത്തേയ്ക്കും ഇടത്തേയ്ക്കും മാത്രമായിരുന്നു! 

കളി കൊഴുത്തു. കളിക്കാര്‍ ഓടിപ്പതം വരുമ്പൊ ഗ്രൌണ്ടില്‍ തുപ്പുന്നു. വീണ്ടും ഓടും വീണ്ടും തുപ്പും . ഇവന്‍മാര്‍ക്കിതെന്താ? തുപ്പണം എന്ന് തോന്നിയാല്‍ ഗ്രൌണ്ടിന്റെ പുറത്ത് പോയി തുപ്പീട്ട് വന്നാല്‍ പോരെ? 

കളി തീര്‍ന്നു! ആരൊ ജയിച്ചു, ആരോ തോറ്റു. എനിക്കത് പ്രശ്നമില്ല, കാരണം എനിക്ക് ടിവിയുണ്ടല്ലൊ!

"അവന്‍മാരു കളിച്ച് കഴിഞ്ഞോടാ.." ഏറ്റവും പിന്നില്‍ എന്റെ അമ്മൂമ്മ.

"കഴിഞ്ഞ്..എന്തമ്മൂമ്മ?"

"എന്നാ അവന്‍മാരോട് ആ തുപ്പിവൃത്തികേടാക്കിയതൊക്കെ കഴുകി വെടുപ്പാക്കീട്ട് പോയാതീന്ന് പറ..പത്തുപതിനായിരം രൂപേടെ ടി വിയാ...കണ്ടവന്‍മാര്‍ക്ക് തുപ്പി വൃത്തികേടാക്കാനുള്ളതല്ല..നാളേം കളിക്കണോങ്കി വൃത്തിയാക്കീട്ട് പോവാന്‍ പറ"

"ഹഹഹഹ...ഈ അമ്മൂമ്മയെക്കൊണ്ട് തോറ്റു.." ഞാന്‍ പൊട്ടിച്ചിരിച്ചു.

"ഏതമ്മൂമ്മ?" 

ഞാന്‍ പെട്ടെന്ന് സൈഡിലേയ്ക്ക് നോക്കി. എന്റെ ഭാര്യ! 

"ഏയ് ഒന്നുമില്ല..പഴയ ഓരോ കാര്യങ്ങള്‍ ..നീ ആ ടിവി വയ്ക്ക്..കളിയിപ്പൊ തുടങ്ങും ..." ഓര്‍മ്മകളില്‍ നിന്ന് ഞാന്‍ പതുക്കെ മടങ്ങി. 

എന്നെ വല്ലാത്തൊരു നോട്ടവും നോക്കി അവള്‍ ടി വി ഓണ്‍ ചെയ്തു.

*************************************ശുഭം****************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...