Sunday, September 30, 2012

കുടുംബപുരാണംസ് (2)

റൂമിലെ സീറൊ വോള്‍ട്ട് ബള്‍ബിനെ നോക്കി 'ശെടാ..ഇതിപ്പൊന്താ ഒരു വികാരോം അങ്ങോട്ട് വരുന്നില്ലല്ലൊ' എന്നാലോചിക്കുകയും വികാരത്തളിച്ചയ്ക്കായി നാളെ ഒരു 60 വോള്‍ട്ട് ബള്‍ബ് വാങ്ങിയിടാനും തീരുമാനിച്ച് കിടക്കുകയായിരുന്നു ഞാന്‍ .

"ഏട്ടനെന്താ ആലോചിക്കുന്നെ..?" ആരാത്? അപരിചിതമായൊരു സ്ത്രീശബ്‌ദം . അതും എന്റെ റൂമില്‍ ! ഞാന്‍ തല തിരിച്ചുനോക്കി.

ഹൊ, എന്റെ ഭാര്യയായിരുന്നോ? കല്യാണം കഴിഞ്ഞത് ഇപ്പഴും അങ്ങട് പറ്റണില്ല. കഴിഞ്ഞ ദിവസം എവിടെയോ പോകാന്‍ ബൈക്കുമെടുത്തിറങ്ങിയപ്പൊ പിറകേ വന്ന അമ്മയുടെ 'ടാ..അവളേം കൂടി കൊണ്ടോന്നില്ലേ?" എന്ന ചോദ്യത്തിനു "ഏതവളെ?" എന്ന് ഞാന്‍ മറുചോദ്യം ചോദിച്ചുകളഞ്ഞു ഞാന്‍ ! ദുഷ്ടന്‍ എന്ന് വിചാരിക്കുന്നുണ്ടാവും ല്ലേ ? ഇതാ നേരത്തെ പറഞ്ഞെ, ഇപ്പഴും അങ്ങോട്ട് ഒക്കുന്നില്ല.

"ഞാന്‍ ആലോചിച്ച് തുടങ്ങീതേയുള്ളു..കഴിഞ്ഞിട്ട് പറയാം ..അപ്പൊ ചോദിച്ചാതി.." പിന്നല്ലാതെ, നല്ലൊരു വഴിക്കാലോചിച്ചു തുടങ്ങിയാ പുറകേന്ന് വിളിച്ചോളും !

"ഞാനീ തുണിയൊക്കെ കഴുകാന്‍ പോവാ..വരുന്നൊ..ഒരു ഹെല്‍പ്പിന്.." എടീ..എന്നെക്കൊണ്ട് ശരീരം അനക്കിക്കാനുള്ള വഴിയാ.അല്‍ട്രീ?

"ഓ..വേണ്ട..എനിക്ക് ഒറ്റയ്ക്കാലോചിക്കാവുന്നതേയുള്ളു" ഉഡായിപ്പ് ! അതും എന്റടുത്ത്!

"ദേ..എന്നെ കെട്ടിക്കോണ്ട് വന്നിട്ട് ഇവിടിട്ട് പണിയെടുപ്പിച്ചെന്നച്ചനും അമ്മേം അറിഞ്ഞാ അവരിങ്ങു പറന്നു വരും "

"ആഹ, അപ്പൊ നിന്റച്ചനും അമ്മേം പറക്കുന്ന കാണണോങ്കി നിന്നെക്കൊണ്ട് തുണീയലക്കിച്ചാതിയല്ലെ..?ഹഹ..നീ പോകുന്നതിനു മുന്നെ ആ അലമാരീല്‍ എന്റെ ചെക്ക് ബുക്കൊണ്ടോന്ന് നോക്കിക്കെ..നാളെ ബാങ്ക് വരെ പോണം ."

'കെട്ടിയോനാന്നൊന്നും നോക്കില്ല..കൂമ്പിടിച്ച് വാട്ടിക്കളേം ഞാന്‍ ' എന്ന അര്‍ത്ഥത്തിലൊരു നോട്ടം പാസ്സാക്കി അവള്‍ ചവിട്ടിത്തുള്ളി അലമാരിയുടെ അടുത്തുപോയി. അലമാരി തുറന്ന് ഓരോരോ സേഫായി വലിച്ചുതുറന്നു, എന്നിട്ട് 'ടപ്പേ' എന്നടയ്ക്കുന്നു.

"ഹഹ...ഞാനൊരു തമാശ പറഞ്ഞതല്ലേ..അതിനാ പാവം സേഫിനോടാണോ ദേഷ്യം തീര്‍ക്കുന്നെ..പതുക്കെ പിടിച്ചടയ്ക്കെടി..എന്തൊരു ശബ്ദാ" പാവം , എന്റെ ചളുകള്‍ ശീലായിട്ടില്ല!

"എന്നാ പിന്നെ എല്ലാത്തിലും സൈലന്‍സര്‍ വാങ്ങിച്ചുവച്ചേയ്ക്ക്..." :( വേണ്ടായിരുന്നു. ഞാന്‍ കളിക്കുന്ന ടടീമിന്റെ കോച്ചാണല്ലൊ ഇവള്‍ !

"യ്യോ......" പെട്ടെന്നവളുടെ അലര്‍ച്ച! ഞാന്‍ നോക്കിയപ്പോഴേയ്ക്കും അവള്‍ നാലും കാലും പറിച്ച് ചാടിയോടി എന്റെ അടുത്തു വന്നു.

"എന്താ..എന്ത് പറ്റി..ഇങ്ങനെ പേടിക്കാന്‍ നീ കണ്ണാടീലെങ്ങാനും നോക്കിയൊ..?" എനിക്കിങ്ങനെയൊക്കേ ആശ്വസിപ്പിക്കാന്‍ പറ്റു!

"പോ അവിടുന്ന്...ഒരു തല...സത്യായിട്ടും..ഞാന്‍ കണ്ടു..ദേ അലമാരിക്കകത്ത്.."

വാട്ട് ദ ഹെല്‍ !! തലേ...ആരുടെ തല...?തലയെങ്ങനെ പൂട്ടിയ അലമാരീല്‍ കേറി..ഇനി വല്ല കള്ളന്റെ തല വല്ലതുമാണോ?

"നീ കിടന്ന് കാറാതെ..ഞാന്‍ നോക്കട്ടെ.." എന്റത്തിപ്പാറമ്മച്ചി..അവള്‍ടെ കെട്ടിയോനു ഈ ശരീരം മാത്രെ ഉള്ളെന്ന് അവളറിയാന്‍ പോകുന്നു.'വോക്കെ വോക്കെ..പേടിക്കണ്ട..നീ ഉണ്ടല്ലോ ല്ലെ കൂടെ' എന്ന് മനസ്സില്‍ അവളോട് പറഞ്ഞ് ഞാന്‍ അലമാരിയുടെ അടുത്തേയ്ക്ക് :(

ഞാന്‍ സേഫ് തുറന്നു. ഒരു തല പുറം തിരിഞ്ഞിരിക്കുന്നതുകണ്ടതും ഞാന്‍ കിയോന്ന് വിളിച്ച് ചാടി അവള്‍ടടുത്തെത്തിയതും ഒരുമിച്ചായിരുന്നു! ഞാന്‍ പേടിച്ചതറിഞ്ഞ് അവള്‍ എന്റെ പിറകെ പേടിച്ച് വന്നു നിന്നു. ഞാന്‍ വീണ്ടും അവള്‍ടെ പിറകെ ചെന്നു നിന്നിട്ട് അവളെ ബലമായി പിടിച്ചു.ഇനി നീ എന്റെ മുന്നീന്ന് മാറില്ലല്ലൊ.

നിമിഷങ്ങള്‍ക്കുള്ളില്‍ ഇത്രയും നടന്നതിന്റെ സൌണ്ട് എഫക്‌ടില്‍ എന്റെ അമ്മൂമ്മ ഓടി വന്നു.

"നിനക്ക് റൂമടച്ചിട്ടൂട്രാ?" എന്നേം അവളേം മാറി മാറി നോക്കി അമ്മൂമ്മ പറഞ്ഞു. പാവം , തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.

"അമ്മൂമ്മ..ഒരു തല..ദേ അലമാരിക്കകത്ത്" അവള്‍ അമ്മൂമ്മയ്ക്ക് എന്താ സംഭവിച്ചേന്ന് പറഞ്ഞുകൊടുത്തു.

പുള്ളിക്കാരി എത്രയെത്ര തല കണ്ടതാ എന്ന് ഭാവത്തില്‍ സേഫ് തുറന്ന് തല പുറത്തെടുത്തു. അവള്‍ എന്റെ കയ്യില്‍ മുറുകെപിടിച്ചു. ഞാന്‍ ജനല്‍ കമ്പിയിലും .

"ടാ..ഇത് തലയല്ല.. നിന്റെ തലയില്‍ വയ്ക്കുന്നതല്ലേ..ഇതിനാണോടാ ആള്‍ക്കാരെ പേടിപ്പിച്ചെ.." എന്റെ ഗള്‍ഫ് ഗേറ്റെടുത്ത് പൊക്കിപ്പിടിച്ച് അമ്മൂമ്മ.

എന്റത്തിപ്പാറമ്മച്ചി..ഇതിപ്പ് കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി ചന്തിക്ക് തന്നെ കടി വാങ്ങിച്ചതുപോലായി. പ്ലുഷ്...ഞാന്‍ ഒന്ന് വെളുക്കെ ചിരിച്ചു.

"ആ കുന്ത്രാണ്ടം അവിടാണോ വയ്ക്കുന്നെ ..എടുത്ത് തലേല്‍ വയ്ക്ക്..മനുഷ്യനെ പേടിപ്പിക്കാന്‍ ..."

ഭാര്യേ, നിനക്കതൊക്കെ പറയാം . കല്യാണത്തിനു ഇതും വച്ച് ആള്‍ക്കാരുടെ അനുഗ്രഹം വാങ്ങാന്‍ ചെന്ന എനിക്കറിയാം അതിന്റെ പാട്. അനുഗ്രഹിക്കുന്നവര്‍ ഫീലിങ്ങ്‌സ് വഴിഞ്ഞൊഴുകി ഈ സാധനത്തില്‍ പിടിച്ച് വലിച്ചുമ്മവരെ വച്ചുകളഞ്ഞു. അവസാനം അമ്മേടേം മറ്റും അനുഗ്രഹം വാങ്ങാന്‍ പോയപ്പൊ ചുണ്ടനക്കാതെ പറയേണ്ടി വന്നു. 'അമ്മാ..അതില്‍ പിടിക്കല്ല്..തൊട്ടാതി' എന്ന്.അതെങ്ങാനും ഊരി ആരുടേലും കയ്യിലിരുന്നെങ്കില്‍ അപ്പൊ മണ്ടപത്തിവച്ച് തന്നെ കല്യാണം കഴിയുന്നതിനു മുന്നെ ഡൈവോഴ്‌സ് ചെയ്തേനെ നീയെന്നെ ! എന്നിട്ടിപ്പൊ വീട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴും അതെടുത്ത് വച്ചോണ്ടിരിക്കണം . അല്‍ട്രീ?

"ഓ പിന്നെ.. ഇതും തലേല്‍ വച്ചോണ്ടല്ലേ നിന്നെ പെണ്ണുകാണാന്‍ വന്നെ..." ഞാന്‍ അതെടുത്ത് മാറ്റിവച്ചു.

"ദേ എന്റെ സ്വഭാവം മാറ്റിക്കരുത്...ഇതൊന്നും ഇല്ലേലും മൊട്ടയെ എനിക്കിഷ്ടാ.." അല്ലേലും ഇവളിങ്ങനാ. ഒന്ന് പറഞ്ഞ് രണ്ടാമതിനു റൊമാന്റിക് ആയിക്കളേം . ഞന്‍ അങ്ങ് ചൊവചൊവാന്നായി.

"നിന്റെ സ്വഭാവം നന്നാവുന്നതിനിപ്പൊ എന്താ...മാറ്റിക്കൊ..ഇത് മൊട്ടയല്ലാ..ഇതാണു ബ്രൂസ് വില്ലിസ് കട്ട്...പിന്നേ..ഇനി മേലാല്‍ ഇങ്ങനെ അലറിവിളിച്ചേക്കരുത്..ഞാനും പേടിച്ചു പോയി"" ട്രിം ചെയ്ത മുടി തടവിക്കൊണ്ട് ഞാന്‍ .അങ്ങനെ ഞാന്‍ പറയാന്‍ ഇവളുടെ ചേട്ടന്‍ തന്നെ എന്നോട് പറഞ്ഞ വളരെ പഴകിയ ഒരു ഹിസ്റ്ററിയുണ്ട്.

പണ്ട് ഇവള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മോര്‍ണിങ്ങ് വാക്കൊഴിവാക്കി ഇരുട്ടുവാക്കിനിറങ്ങിയ ഒരു കള്ളന്‍ , ഇവളുടെ റൂമിലെ ജനല്‍ വഴി കയ്യിട്ട് ഇവളുടെ മാലയില്‍ പിടിക്കുകയും തുടര്‍ന്നുണ്ടായ ഹെവി ഫ്രീക്വന്‍സി അലര്‍ച്ചയില്‍ റിലേയടിച്ചുപോയ കള്ളന്‍ മാല തറയിലിട്ട് ചെവി പൊത്തി നിലത്തിരുന്നുപോകുകയും ചെയ്തു. ആള്‍ക്കാരുകൂടി കള്ളനെ പിടിച്ച് കെട്ടിയിട്ടു. പക്ഷെ ഇരുട്ടായതുകൊണ്ട് മാല കിട്ടിയില്ല. ആള്‍ക്കാരൊഴിഞ്ഞ തക്കം നോക്കി കള്ളന്റെയടുത്ത് ചെന്ന്, 'കള്ളാ..അതേ..എന്റച്ചന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ മാലയാ..ഒന്നൂടെ വേണോന്ന് കഴിഞ്ഞാഴ്‌ച ചോദിച്ചപ്പൊ വേണ്ടാന്ന് പറഞ്ഞതുകൊണ്ട് ഇതൊന്നേയുള്ളു...പ്ലീസ്..അത് തരോ' എന്ന് കള്ളന്റെയടുത്ത് റിക്വസ്റ്റ് നടത്തിയവളാ ഇവള്‍ !

പെട്ടെന്ന് മൊബൈല്‍ റിംഗ് ചെയ്തു. 'സിദ്ദിക്ക് കോളിങ്ങ്' . കുവൈറ്റില്‍ നിന്ന്.

"ആ ബോലോ ഭായി..ക്യാ ബാത് ഹേ..? സബ് ഠീക് ഹേനാ?" ഞാന്‍ ഫോണേടുത്തു. അങ്ങേ തലയ്ക്കല്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു ബോംബേക്കാരന്‍ .

"സബ് ഠീക് ഹെ ദീപക്ക് ഭായി...ശാദി കൈസി രഹി..? " കല്യാണം കഴിഞ്ഞ് ഒരാഴ്‌ച കഴിഞ്ഞപ്പൊ വിളിച്ച് ചോദിക്കുന്നു.

"സബ് അച്ചാ രഹാ...മെ ബാത് മെ ഫോണ്‍ കരേഗാ..ചലോ ഫിര്‍ .." ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

"കോനാ?" ഭാര്യചോദിച്ചു. കോനാന്നൊ? എന്നെ എല്ലാരും കോനയടിക്കാറുണ്ടെന്നിവളും അറിഞ്ഞൊ?

"എന്തോന്ന്?"

"കോന്‍ എന്ന്..ആരാന്ന്..ആരാ വിളിച്ചേന്ന്.." ആഹ, ബെസ്റ്റ്! ഇക്കണക്കിനാണെങ്കില്‍ ഇവള്‍ ആല്‍മരത്തിനു കോല്‍മരം എന്നു പറയോല്ലൊ. കോന്‍ ഈസ് ആര്.. അപ്പൊ കോല്‍ ഈസ് ആല്‍ !

"എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാളാ...അതെ, നീയാ ചെക്ക് ബുക്കെടുത്ത് വയ്ക്ക്..നാളെ രാവിലെ ബാങ്കില്‍ പോണം ..ഞാന്‍ വിപിനെ ഒന്ന് വിളിക്കട്ടെ"

ഞാന്‍ ഫോണെടുത്ത് വിപിനെ കുത്തി. ലൈന്‍ ബിസി ! 'ആപ് ഡയല്‍ കിയാ ഗയാ നംബര്‍ വ്യസ്ത് ഹെ. ക്രിപയാ ഹോള്‍ഡ് കരെ ഓര്‍ ധോടി ദേര്‍ ബാത്ത് ട്രൈ കരെ' !അതായത് ഞാനിപ്പൊ വിളിച്ച നംബര്‍ വ്യസ്തമാണ്. ക്രിപയെ പിടിച്ചോണ്ടിരിക്കു അല്ലെങ്കില്‍ കുറച്ചു നേരം പോയി കുളിക്കു' എന്ന്!

ഞന്‍ വീണ്ടും കുത്തി. കിട്ടി!

"ഡെയ്..നാളത്തേയ്ക്ക് പഴശിരാജേടേ ടിക്കറ്റ് ബുക്ക് ചെയ്യണം .." വിപിന്‍ ഫോണ്‍ എടുത്തതും ഞാന്‍ .

പഴശിരാജ ഞാന്‍ കണ്ട സിനിമയാണെങ്കിലും ഫാമിലിയുമായി പോകാനൊരു ആഗ്രഹം . അതിലാ പാവം പിടിച്ച പത്‌മപ്രിയയെ അവസാനായി കണ്ടത് എയറില്‍ വച്ചാ. സിനിമ തീര്‍ന്നിട്ടും ലവള്‍ താഴെ ഇറങ്ങീല്ലായിരുന്നു. ഇത്തവണയെങ്കിലും ഇറങ്ങോ എന്തരൊ?

"നാളെ തിരക്കാ അളിയാ..ഇവിടെ റെസിഡെന്‍സ് അസോസിയേഷന്റെ പരിപാടി..എനിക്ക് പണ്ട് ഓട്ടത്തിനു ഫസ്റ്റ് കെട്ടീട്ടുണ്ടെന്ന് പറഞ്ഞ് കെട്ടുകഴിഞ്ഞവന്‍മാരുടെ ഓട്ടമത്‌സരത്തിനു കെട്ടുകഴിയാത്ത എന്റേം പേരിട്ടു..സൊ നാളെ ഞാനും ഓടുന്നു.." അല്ലേലും ഇവനന്നും ഇന്നും ഒരു കാര്യത്തിനു എനിക്ക് ഉപകാരപ്പെട്ടിട്ടില്ല. നീയും പെണ്ണുകെട്ടും ..കേട്ട്രാ?

"തന്നതന്ന. പണ്ട് നിനക്ക് ഫസ്റ്റും നിന്റെ പിറകേ ഓടിയ പോലീസുകാരനു സെക്കന്റും നിന്റെ കയ്യിലിരുന്ന പഴ്‌സിന്റെ ഓണറിനു തേര്‍ഡുമായിരുന്നെന്ന് അവര്‍ക്കറിയില്ലല്ലൊ..നീ ഓട്രാ ഓട്..." അല്ല പിന്നെ. ഒരു സഹായം ചോദിച്ചാ ഓടുകയാ വേണ്ടെ?

"ഡെയ്..പെണ്ണുകെട്ടിയാലെങ്കിലും നന്നായിക്കൂട്രാ?" അത് പോയിന്റ്!

"ഓക്കെ അളിയാ...പിന്നെ വിളിക്കാം " ഞാന്‍ ഫോണ്‍ വച്ചു. പിന്നെ ബെഡിലേയ്ക്ക്.

എനിക്കിനി തിരിച്ച് കുവൈറ്റിലേയ്ക്ക് മടങ്ങാന്‍ ദിവസങ്ങള്‍ മാത്രം . അവളെയും കൂട്ടി കറങ്ങാന്‍ പോകാന്‍ പോലും സമയം കിട്ടിയില്ല. വിരുന്നിനു പോകുക, അടുത്ത വിരുന്നിനു പോകുന്നതിനു മുന്നെ ടോയിലറ്റില്‍ പോകുക, പിന്നേം വിരുന്നിനു പോകുക. അങ്ങനെ അങ്ങനെ... ഇതൊക്കെ മിക്ക പ്രവാസികളും അനുഭവിക്കുന്നതാവും . വിഷമം രണ്ടുപേര്‍ക്കുമുണ്ടെങ്കിലും അതുപുറത്ത് കാണിക്കാതെ ജോളിയായി നടക്കും .

നേരം നല്ല ഇരുട്ടി. കുറുക്കന്‍മാര്‍ ഓരിയിടുന്നു, എടുക്കുന്നു. മൂങ്ങകള്‍ ഏതോ സീരിയല്‍ കണ്ട് കരയുന്നു. ആകെ ഒരു മ്ലൂകത. അതായത്, ഞാന്‍ കിടന്നുറങ്ങീന്ന്..

പിറ്റേന്ന് സര്‍ഫ് എക്സലിന്റെ പരസ്യം പോലെ നേരം നല്ല പോലെയങ്ങ് വെളുത്തു. ബാങ്കില്‍ പോകാന്‍ ഞാന്‍ റെഡിയായി. മറ്റെല്ലാ ഭര്‍ത്താക്കന്‍മാരെപ്പോലെ ഞാനും ഭാര്യ റെഡിയായി വരാന്‍ കാത്തിരുന്നു തുടങ്ങി.ബോറടിച്ചപ്പൊ, ടിവി വച്ചു. പരസ്യം !

ഒരുത്തി ബീച്ചിലിട്ടിരിക്കുന്ന മെത്തയില്‍ കിടക്കുന്നു. വല്ലാണ്ടങ്ങ് റിലാക്സാകുന്നു. അപ്പോഴേയ്ക്കും ബാക് ഗ്രൌണ്ടില്‍ 'ഇന്ന് തന്നെ വാങ്ങുക' എന്നൊരു ശബ്‌ദവും !

ഓക്കെ, വാങ്ങാം. അപ്പൊ എങ്ങനാ, മെത്ത ആരുവന്നെടുക്കും ? അല്ല, പരസ്യം പെണ്ണിന്റേതാണോ മെത്തയുടേതാണൊ എന്നറിയാന്‍ പറ്റാത്ത പാവപ്പെട്ടവന്‍ ഇങ്ങനേ ചോദിക്കു. ;)

അവള്‍ റെഡിയായി വന്നു. വൌ..!!

"കൊള്ളാം ..നീ ആരടുത്തും അധികം സംസാരിക്കാനും ചിരിക്കാനുമൊന്നും നിക്കണ്ട" അവളൊരുങ്ങിവന്നത് കണ്ട് ഞാന്‍ പറഞ്ഞു.

"ഹഹ...പേടിക്കണ്ട..ഞാന്‍ ഒരുത്തന്റെ കൂടേം പോവില്ല.." എനിക്ക് അസൂയ എന്ന് വിചാരിച്ചു!

"അതല്ല...ചിരിച്ചാ ഇതൊക്കെ ഇളകിപ്പോകും ..അതാ" ;)

"ദേ..ഹാ..അതേ..കാറെടുക്കുന്നുണ്ടോ..?" ബെസ്റ്റ്! മനസ്സിലായെടി എനീക്ക്. നിന്റെ നാട്ടുകാരുടെ മുന്നില്‍ വച്ച് എന്നെ നാണം കെടുത്തിയത് പോരാഞ്ഞ് എന്റെ നാട്ടിലും കൂടി എന്നെ നാണം കെടുത്തണം ല്ലേ?

"നിനക്ക് ഫോര്‍ വീലര്‍ ലസന്‍സില്ലേ..?"

"ഉണ്ട്.." അവളുടെ കണ്ണില്‍ തിളക്കം .

"എന്നാല്‍ എനിക്കില്ല...കാരണം എനിക്കോടിക്കാനറിയില്ല..ഞാനും കൂടി കാറോടിക്കാന്‍ പഠിച്ചിട്ട് ലസന്‍സും കിട്ടീട്ട് നീയിനി കാറെടുത്താതി..നമുക്ക് ബൈക്കില്‍ പോകാം " ഭര്‍ത്താവിനു കാര്‍ ഡ്രൈവിങ്ങറിയില്ലാന്ന് പറഞ്ഞാല്‍ !

ഇങ്ങനെ ഞാന്‍ പറയാന്‍ കാരണമുണ്ട്. ഇവള്‍ടെ വീട്ടില്‍ വിരുന്നിനു പോയപ്പൊ ഇവള്‍ ഇവള്‍ടച്ചന്റെ കാറില്‍ എന്നെയും കേറ്റി കറങ്ങാന്‍ പോയി. അവളെയും എന്നെയും മാറി മാറി നോക്കുന്ന ആള്‍ക്കാരെ കണ്ടിട്ട് അതിനകത്തിരുന്ന എനിക്ക് 'കാറോടിക്കാന്‍ അറിയാത്തവനാണു ഈ ലോകത്തിലെ ഏറ്റവും വലിയ ക്ണാപ്പന്‍ ' എന്ന് തോന്നുകയും വേറെ ഒരു രക്ഷേമില്ലാത്തോണ്ട് ആള്‍ക്കാരു നില്‍ക്കുന്ന മുക്കെത്തുമ്പൊ സ്റ്റിയറിങ്ങില്‍ പിടിച്ച് 'നേരെ..ദാ ഇങ്ങനെ..ഇനി ആ ക്ലച്ചൊന്നുപിടിച്ചേ..എന്നിട്ടാ ഇന്‍ഡിക്കേറ്ററിട്ടെ' എന്നൊക്കെ ആംഗ്യം കാണീക്കുകയും ചെയ്യേണ്ടി വന്നു എനിക്ക്! :(

ഞാന്‍ ബൈക്കെടുത്തു. അവളെയും ഇരുത്തി നേരെ ബാങ്കിലേയ്ക്ക്. ബൈക്ക് പാര്‍ക്ക് ചെയ്തു. അവിടെ എ ടി എമിനു മുന്നില്‍ സെക്യൂരിറ്റിക്കാരന്‍ ഇരിക്കുന്നു. ഒരു മുട്ടന്‍ മീശ അയാള്‍ടെ മുഖത്ത്! അത് കണ്ടാല്‍ പുള്ളി മീശയെയല്ല, മീശ പുള്ളിയെ വളര്‍ത്തിക്കൊണ്ട് നടക്കുന്നത് പോലുണ്ട്. ;)

ബാങ്കില്‍ കയറിയപ്പോള്‍ നല്ല തിരക്ക്. ഇതൊന്നും തീരില്ല. ഞാന്‍ വെളിയിലറങ്ങി.

"ടീ..കേറ്...നമുക്കൊരു സ്ഥലം വരെ പോകാം .." എങ്ങോട്ടാ എന്ന് സംശയത്തില്‍ അവളും കയറി.

ഞാന്‍ നേരെ പോയത് 5 കിലോമീറ്റര്‍ ദൂരെയുള്ള ബാസ്കിന്‍ റോബിന്‍സ് ഐസ് ക്രീം പാര്‍ലറിലേയ്ക്ക്വളരെ നിശബ്‌ദമായ ഒരു മൂലയ്ക്കിരുന്ന് ഐസ് ക്രീമും കഴിച്ച് തിരിച്ചിറങ്ങിയപ്പൊ നല്ല മഴ. യെസ്..മഴ ! എല്ലാ പ്രവാസികളും ശെരിക്കും മിസ് ചെയ്യും ഈ മഴയെ.

ഞാന്‍ അവളെ നോക്കി. അവള്‍ എന്നെയും . ഞാന്‍ ബൈക്കെടുത്തു. എന്തോ ആഗ്രഹിച്ച പോലെ അവളെന്നോടൊപ്പം ബൈക്കില്‍ കയറി. ഇരുപത് കിലോമീറ്റര്‍ സ്പീഡില്‍ മഴയത്ത്, അവളെയും ഇരുത്തി ബൈക്കില്‍ യാത്ര. പരസ്പരം ഒരക്ഷരം മിണ്ടിയില്ല. എങ്കിലും എന്തൊക്കെയോ പറഞ്ഞതുപോലെ.മുഴുവനും നനഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പൊ അമ്മ വഴക്ക് പറഞ്ഞു. പക്ഷെ ആരും കാണാതെ അവളെന്നോട് പറഞ്ഞു,

"താങ്ക്‌സ്..ഇത് ഞാന്‍ മറക്കില്ല..ഈ യാത്ര ശെരിക്കും ഇഷ്ടായി"

മുഖത്തെ വെള്ളം തുടയ്ക്കുന്നതിനിടയില്‍ ആ കണ്ണുകള്‍ നിറഞ്ഞുവോ? എന്നെ തഴുകി അവളെ തലോടിയ മഴത്തുള്ളികള്‍ അവളോടെന്തായിരിക്കും പറഞ്ഞത്?

**********************************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...