Monday, June 4, 2012

സ്വമ്മിങ് ആഫ്റ്റർ 28


'ടപ്പ്' !!!!!!!

വലിയൊരു ശബ്ദത്തില്‍ കതക് വലിച്ചടച്ച് ഞാന്‍ ചടുപടോന്ന് അകത്തേയ്ക്ക് നടന്നു. അല്ലെങ്കിലും പണ്ടേ ഇങ്ങനാ, കതക് വലിച്ചടച്ചുകഴിഞ്ഞാല്‍ ചടപടോന്ന് സ്ഥലം വിട്ടുകളേം . ഇല്ലെങ്കില്‍ അമ്മ പിറകേ വന്ന് 'നിന്റെ അമ്മായിയപ്പന്‍ ഉണ്ടാക്കിയതാണൊ ഈ കതക്' എന്ന് പറഞ്ഞ് വീക്ക് തരും !

പക്ഷെ ഇവിടെ സംഗതി അതല്ല. ന്യായം എന്റെ ഭാഗത്ത്! 

വീടിനകത്ത് കയറിയ ഞാന്‍ വാണം വിട്ട പോലെ ബെഡ് റൂമില്‍ ചെന്ന് കതകടച്ച് ബെഡിലേയ്ക്ക് വീണു.

'ശെടാ..ഇങ്ങനെ പിണങ്ങിയാലോ..?' നിങ്ങള്‍ വിചാരിച്ച പോലെ തന്നെ എന്റെ ഭാര്യ പുറകേയുണ്ട്, ചൊറിഞ്ഞുകൊണ്ട്.

അവള്‍ കതകുതുറന്നകത്തുവന്നു. 

'മിണ്ടിപ്പോകരുത്...ഞാന്‍ നിന്റെ കെട്ടിയോനല്ലേടി..നാലാള്‍ടെ മുന്നില്‍ വച്ച് എന്റെ ഗുലാനെ നീ തുറുപ്പുപൊക്കി വെട്ടി..ല്ലേ..? '

ചീട്ടുകളിയാണു പ്രശ്നം . ഓഫ് ഡെയ്സില്‍ അപ്പുറത്തെ ഫാമില്യുമായി ഒന്നിച്ച് 28 കളിക്കും . പെണ്ണുങ്ങള്‍ ഒരു ടീം .ഞാനും അപ്പുറത്തെ ചേട്ടനും ഒരു ടീം . എന്റെ ടീമിനു യാതൊരു കുഴപ്പവുമില്ല, പക്ഷെ കളി ജയിക്കാന്‍ മാത്രം പറ്റുന്നില്ല ! :(



'നിനക്കല്ലേലും എന്നോട് ഇത്തിരി ഈഗോ ഉള്ളത് ഞാന്‍ ശര്‍ദ്ദിച്ച്..കോപ്പ്..ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്..'

'കളിയല്ലെ ഏട്ടാ..വിട്ടുകള.."

'ഏയ്..ഇതുകുറെ നാളായി തുടങ്ങീട്ട്..ഞാന്‍ എന്റെ ഗുലാനിറക്കുമ്പൊ തന്നെ നിനക്ക് തുറുപ്പുപൊക്കി വെട്ടണം അല്ലേടീ?' ഞാന്‍ കത്തിക്കയറി.

'ഗുലാനെയല്ലെ വെട്ടിയോളു..അല്ലാതെ ഏട്ടന്റെ വീട്ടിലെ വാഴേടെ കുലയൊന്നുമല്ലല്ലൊ വെട്ടിയത്'

വട്ട് ദ ഹെല്‍ !!! എന്റെ ഗുലാന്‍ പോയ പോക്ക് ഓര്‍ത്തിട്ടെനിക്കിപ്പോഴും സങ്കടം സഹിക്കുന്നില്ല. അപ്പഴാ അവള്‍ടെ..കൊല്ലും ഞാന്‍ .

'എടി കുല വെട്ടിയാ ഞാന്‍ സഹിക്കും ..എന്റെ ചെവി രണ്ടും കുണുക്ക് വച്ച് വച്ച് തഴമ്പായി.. നിനക്കതിലൊന്നും ഒരു സങ്കടവുമില്ല..അതാണെടി..എനിക്കറിയാം നിനക്കീഗോയാണ്..'

'എന്നെയങ്ങുകൊല്ല്..ഞാന്‍ കഴിക്കാന്‍ പോവാ..രാത്രി വെറും വയറ്റില്‍ ഉറങ്ങണ്ടെങ്കില്‍ എഴുന്നേറ്റ് വാ..അല്ല പിന്നെ ഗുലാന്‍ പോലും ഗുലാന്‍ ..എല്ലാം കൂടെയെടുത്ത്
കത്തിച്ചുകളേം ഞാന്‍ '

!!!! 

ബൈ ദ ബൈ, ഗുലാന്‍ പോയി കുണുക്കുകേറിയ വിഷമത്തില്‍ വിശപ്പ് മറന്നു. ഈശ്വരാ, അവള്‍ ഗുലാന്‍ ഇറക്കുമ്പൊ എനിക്ക് അത് വെട്ടിപ്പിരിക്കാനുള്ള  അവസരം തരണേ!

ഞാന്‍ മിണ്ടാതെ എഴുന്നേറ്റ് ചെന്ന് കൈയ്യും കഴുകി ഡൈനിങ്ങ് ടേബിളില്‍ ഇരുന്നു.ചോറും കറിയുമൊക്കെ വിളമ്പി അവളും ഇരുന്നു. 

'അച്ചാറിനുപ്പില്ല..നല്ലതുവല്ലതും വച്ചുണ്ടാക്കിത്താടീ..' ഉടക്കുള്ള ദിവസങ്ങളില്‍ അവളെ നേരിടാന്‍ ഇതിലും നല്ലൊരു ഐഡിയ ഇല്ല!

'അത് പ്രിയയോട് ചെന്ന് പറ..'

എന്ത്?!!

'ഹേത് പ്രിയ..?'

'എന്റെ മനുഷ്യാ..ഇത് പ്രിയാ പിക്കിള്‍സാ..അല്ലാതെ ഞാന്‍ കുത്തിയിരുന്നുണ്ടാക്കിയതല്ല..'

പ്ലുഷ് ..!! എന്റെ ഗ്യാസ് പോയി !

'ഹും .. എന്നാലും നീ എന്റെ ഗുലാന്‍ ..'

'ദേ..ഞാന്‍ പ്ലേറ്റെടുത്തടിച്ചുതരും ..കുറെ നേരായി..അവിടെ കഴിഞ്ഞത് അവിടെ കഴിഞ്ഞു..'

ഉവ്വ്. താങ്ക് യു മാഡം ! മിണ്ടാതെ ഇരുന്ന് കഴിച്ച് കൈയ്യും കഴുകി ബെഡില്‍ കേറി കിടന്നു.

അടുക്കളയിലെ ബാക്കി ജൊലി തീര്‍ത്ത് അവളും പിറകെ വന്നു. മൊബൈല്‍ റിംഗ് ചെയ്യുന്നു. 'സുനിലേട്ടന്‍ കോളിങ്ങ്' 

'ഹലോ സുനിലേട്ടാ..എന്തൊക്കെയുണ്ട്...' ഞാന്‍ ഫോണെടുത്തു. അവള്‍ അടുത്തുവന്ന് ആകാംഷയോടെ നില്‍ക്കുന്നതുകണ്ടപ്പോള്‍ ലൌഡ് സ്പീക്കറില്‍ ഇട്ടു.

'സുഖം ദീപക്കേ..അതേ ദീപക്കിനു നീന്താന്‍ അറിയില്ലെ..ഞങ്ങളെല്ലാരും കൂടി പൂളില്‍ പോകുവാ..പിള്ളേര്‍ സെറ്റൊക്കെയുണ്ട്..എന്നെക്കൊണ്ടൊറ്റയ്ക്ക് പറ്റില്ല..ദീപക്ക് കൂടെയുണ്ടെങ്കില്‍ ഒരു സമാധാനം ..'

'പിന്നേ അറിയാല്ലൊ..ഇതുവഴി വന്നോ..ഞങ്ങളും കൂടാം ' ഞാന്‍ ഫോണ്‍ വച്ചു.

അതായത്, മുകളിലെ ഈ പ്രസ്ഥാവന കണ്ട് എനിക്ക് നീന്തല്‍ അറിയാം എന്ന് കരുതിയെങ്കില്‍ തെറ്റി! എനിക്കറിയില്ല എന്ന് മാത്രമല്ല നീന്താന്‍ വിട്ടപ്പൊ പഠിപ്പിച്ച ആളിനെ വെള്ളത്തില്‍ മുക്കിപ്പിടിച്ച  ചരിത്രവും എനിക്കുണ്ട്. സൊ ഇവിടെ ഇങ്ങനെ പറഞ്ഞേ പറ്റു. എന്റെ ഗുലാനെ വെട്ടിയവള്‍ അടുത്ത് ! ഒന്നാമതെ അവള്‍ക്കെന്നെ വിലയില്ല. ഒരാള്‍ ഒരു സഹായം ചോദിക്കുമ്പോള്‍ അറിയില്ല എന്നുത്തരം പറഞ്ഞാല്‍ ബാക്കിയുള്ളതും കൂടി പോകും . പറഞ്ഞത് പറഞ്ഞ്, കടലൊന്നും അല്ലല്ലോ..ഇട്ടാവട്ടത്തിലുള്ള പൂളല്ലെ!

ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ അവള്‍ക്കും സന്തോഷമായി. ചെറിയ ഒരു ഔട്ടിങ്ങ്. പിണക്കവും മാറ്റാം എന്ന്  വിചാരിച്ചുകാണും . 

'ഏട്ടനു നീന്താനറിയോ?' 

'അറിയാം ..വീട്ടിനടുത്തുള്ള കുളത്തില്‍ പണ്ട് പോകുമായിരുന്നു..അങ്ങനെ പഠിച്ചതാ'

പന്‍ച് ഡയലോഗ്ഗ് പറഞ്ഞിട്ട് ഡ്രെസ്സ് മാറുന്ന നായകനെപ്പോലെ ഞാന്‍ ഡ്രസ്സ് മാറി!

രംഗം : എല്ലാരും പൂളില്‍ ഇറങ്ങാന്‍ റെഡി ആയി നില്‍ക്കുന്നു. സുനിലേട്ടനും പിള്ളേരും അവരുടെ ഫ്രണ്ട്‌ശ് പിള്ളേരും വെള്ളത്തിലിറങ്ങി.എന്റെ ഭാര്യയും സുനിലേട്ടന്റെ വൈഫും വെള്ളത്തിലിറങ്ങി. എന്നിട്ടും ഒരാള്‍ മാത്രം ഇറങ്ങിയില്ല, ഞാന്‍ !

വെള്ളത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് നിന്നുകൊണ്ട് അവള്‍ എന്നെ വിളിച്ചു. എന്റെ അത്തിപ്പാറമ്മച്ചീ..ആരും എന്നോട് നീന്തിക്കാണിക്കാന്‍ ആവശ്യപ്പെടല്ലേ..!!

ഞാനും പതുക്കെ സ്റ്റെപ് വഴി ആഴം കുറവുള്ള സ്ഥലത്ത് ഇറങ്ങി നിന്നു. നീന്തല്‍ അറിയില്ല എന്നറിഞ്ഞാല്‍ നാണക്കേടാ. പിന്നെ ഒരു ഷോ അല്ലായിരുന്നോ.നിന്ന നില്‍പ്പില്‍ വെള്ളത്തില്‍ മുങ്ങുന്നു, ശ്വാസം പിടിച്ചുകിടക്കുന്നു, പച്ചത്തവളയെപ്പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു, ശ്വാസം മുട്ടുമ്പൊ 'ന്റെ പൊന്നൂ' ന്ന് പറഞ്ഞ് ആരും കാണാതെ ശ്വാസം എടുക്കുന്നു. ഇതെല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ എന്റെ ഭാര്യ മുന്നില്‍ !

'ദെന്തുവാ കിടന്ന് കാണിക്കുന്നെ..ദേ അവരെല്ലാം ഡൈവ് ചെയ്യാന്‍ പോവാ.. ചെല്ല്.. പിള്ളേരൊക്കെ ഉള്ളതാ..പൊ'

എടി കൊലയ്ക്ക് കൊടുക്കോ നീ? ഞാന്‍ ഈ കാണിച്ചത് എന്താണെന്ന് എനിക്കറിയില്ല. പക്ഷെ നീ ഇപ്പൊ ഈ കാണിക്കാന്‍ പറഞ്ഞത് എന്നെ കൊല്ലിക്കാനുള്ളതാണെന്ന് എനിക്ക് അറിയാം . പക്ഷെ ഇവള്‍ടെ മുന്നില്‍ നീന്താന്‍ അറിയില്ല എന്ന് തെളിഞ്ഞാല്‍ പോയി.

'എവിടേ..എന്നെ വിളിക്കാതെ ഡൈവിങ്ങോ..ഹതുശെരി..നീയങ്ങോട്ട് മാറിക്കെ..' 

നെന്‍ചും വിരിച്ച് ഡൈവിങ്ങ് ബോര്‍ഡിനടുത്തേയ്ക്ക് . ചാടുന്നത് ഏറ്റവും ആഴമുള്ള സ്ഥലത്താ, സുനിലേട്ടനും കൂടെ വന്ന പിള്ളേര്‍ക്കും നല്ല പോലെ നീന്താനറിയാം എന്ന് എനിക്കിതിനകം മനസ്സിലായി. പിന്നെ എന്തിനാണാവോ എന്നെ സഹായത്തിനു വിളിച്ചത് !

പെട്ടെന്ന് മനസ്സില്‍ ചില കാല്‍കുലേഷന്‍സ്! അതായത്, ശരീരത്തിന്റെ നീളം + ചാടുന്ന സ്പീഡ് + ദൈവം = ശ്വാസം ! ഓക്കെ, ഗുഡ്. നല്ല സ്പീഡില്‍ ദൈവത്തിനെ വിളിച്ച് ചാടിയാല്‍ ആഴമില്ലാത്ത സ്ഥലത്തോട്ട് എത്തിക്കിട്ടും . ചാടുമ്പോ കുത്തനെ ചാടരുത്. നീളത്തില്‍ ചാടണം . എന്നാലെ രക്ഷയുള്ളു.

ഞാന്‍ ഇത്രയും ആലോചിച്ചുകൂട്ടിയപ്പോഴേയ്ക്കും എല്ലാരും ഡൈവിങ്ങ് കഴിഞ്ഞ് പൂളിലെ വേറൊരു വശത്തുകൂടി നില്‍ക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല.ഇതുതന്നെ പറ്റിയ തക്കം . ഞാന്‍ ബോര്‍ഡില്‍ കയറി. ഒരല്‍പിറകോട്ട് നീങ്ങി സകലദൈവങ്ങളെയും വിളിച്ച് ഫുള്‍ സ്പീഡില്‍ ഒരൊറ്റ ചാട്ടം !

'ബ്ലുഷ്...!!!'

കണ്ണുമടച്ച് ചാടിയ ഞാന്‍ കണ്ണുതുറന്നപ്പൊ കണ്ടത് സ്വിമ്മിങ്ങ് പൂളിന്റെ ഫ്ലോറാണ്!! ന്റെ പൊന്നൂ..നേരേ ചാടിയിട്ടും വീണത് കുത്തനെയാണല്ലൊ. ഇനി നീന്താതെ എങ്ങനെ ഇവിടുന്നൊന്ന് രക്ഷപ്പെടും . വെള്ളത്തിനടിയില്‍ ആലോചിക്കാന്‍ എനിക്കൊരുപാട് സമയം കിട്ടി. നീന്താനറിയാത്ത ഞാന്‍ വേറെ എന്തോന്ന് ചെയ്യാന്‍ !!

കണ്ടതും പണ്ടാരോ പഠിപ്പിക്കാന്‍ ശ്രമിച്ചതും ഓര്‍മ്മയിലുള്ളതുമായ രീതിയില്‍ ഞാന്‍ നീന്താന്‍ തുടങ്ങി. നീന്തുന്നു...വീണ്ടും നീന്തുന്നു..നീന്തിക്കൊണ്ടേയിരിക്കുന്നു. പക്ഷെ വീണ സ്ഥലത്തുനിന്ന്  ഒരല്‍പം പോലും മാറിയിട്ടില്ല!! വെള്ളത്തില്‍ മുങ്ങുന്നതിനു മുന്നെ അവളെ ഞാന്‍ കണ്ടു. പിന്നെ വീണ്ടും കിടന്ന കിടപ്പില്‍ നീന്താന്‍ തുടങ്ങി. രക്ഷപ്പെട്ടാ പെട്ട് ! ഇതുവരെ ശ്വാസത്തിനു വലിയ പ്രോബ്ലം വന്നിട്ടില്ല .

പെട്ടെന്നാരോ എന്റെ അരയ്ക്ക് പിടിക്കുന്നു! ഞാന്‍ നീങ്ങിത്തുടങ്ങി. വെള്ളത്തിലടിച്ചുകൊണ്ടിരുന്ന കാലുകള്‍ പെട്ടെന്ന് തറയില്‍ തൊട്ടു. കാല്‍ ചവിട്ടി ഞാന്‍ വെള്ളത്തിനു മുകളിലേയ്ക്ക് പൊങ്ങി. വെപ്രാളത്തില്‍ ആരാ എന്നെ പിടിച്ചതെന്നറിയാന്‍ തിരിഞ്ഞു. ദോണ്ടെ, എന്റെ ഗുലാനെ വെട്ടിയവള്‍ !! 

'ഏത് കുളത്തില്‍ പോകുമായിരുന്നെന്നാ പറഞ്ഞെ??'

പ്ലുഷ്..!!! ഞാന്‍ വെളുക്കെ ചിരിച്ചുകാണിച്ചുകൊടുത്തു. അല്ലാതെ വേറെ ഓപ്ഷനില്ല !



'അതായത്..ഞാന്‍ പഠിച്ച കുളത്തില്‍ ഫുള്‍ പായലായിരുന്നു.. ഒരാള്‍ക്ക് കഷ്ടി നീന്താവുന്ന സ്ഥലമേ ഉള്ളു..അങ്ങനെ പറ്റീതാ...'

നിന്ന നില്‍പ്പില്‍ അവള്‍ പൊട്ടിച്ചിരിച്ചു. 

'ബൈ ദ ബൈ നിനക്ക് നീന്താനൊക്കെ അറിയോ?' ലോകത്ത് ഞാന്‍ ചോദിച്ചിട്ടുള്ള നിഷ്കളങ്കമായ ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്!

'ഹാ..എന്റെ വീടിനടുത്തുള്ള കുളത്തില്‍ പായല്‍ ഇല്ലായിരുന്നു...ഹഹഹ..' അവള്‍ കുലിങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. കൂടെ ഞാനും ചിരിച്ചു.

പിന്നെ ആരും കേള്‍ക്കാതെ അവളുടെ ചെവിയില്‍ പറഞ്ഞു,

'അതേ..ഞാന്‍ ദേ ആ മൂലയ്ക്ക് അള്ളിപ്പിടിച്ചിരിന്നോളാം ..പോകുന്നവരെ ആരിനി ഡൈവ് ചെയ്താലും എന്നെ വിളിക്കരുത്' 

ഇതും പറഞ്ഞ് ഏറ്റവും ആഴം കുറഞ്ഞ മൂലയിലേയ്ക്ക് ഞാന്‍ നടന്നുനീന്തി..ഐ മീന്‍ .. നീങ്ങി. :)

**************************** ശുഭം ***************************************

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...