Sunday, September 30, 2012

ആനസവാരി

'ആനസവാരി' എന്നു കേള്‍ക്കുമ്പൊ ഇതു കുറുമാന്റേതല്ലേ എന്നൊരു തോന്നലുണ്ടാവാം .അല്ല, ഇത് എന്റെ മാത്രം ആനസവാരി. കോപി റൈറ്റ് എനിക്കു മാത്രം അവകാശപ്പെട്ടതാ.അതും ഇതുമായുള്ള ആകെ ബന്ധം ആ വലിയ കറുത്ത ജീവി മാത്രാ.

ഞങ്ങളുടെ അമ്പലത്തിലെ ഉല്‍സവത്തിനു ആദ്യമൊക്കെ ഒരാന മാത്രമെ ഉണ്ടായിരുന്നുള്ളു.പിന്നെയത് രണ്ടായി, മൂന്നായി. ഒരാന മാത്രമുണ്ടായിരുന്നപ്പൊ ആനപ്പുറത്ത് പോറ്റിയുടെ കൂടെ എഴുന്നള്ളത്തിനിരിക്കുന്നതിന്റെ ഒരിത്, പത്തു പതിനന്‍ച് വര്‍ഷങ്ങള്‍ക്ക് മുന്നെ ബി ടെക് പടിച്ചിറങ്ങുന്നവനു കിട്ടിയിരുന്ന ഒരതിനു തുല്യമായിരുന്നു,ഒടുക്കത്തെ വെയിറ്റ് ! ആന രണ്ടും മൂന്നുമായപ്പൊ ആനപ്പുറത്ത് കേറുന്നവനു 500 രൂപയ്ക് കണക്ഷനോടു കൂടി കിട്ടിയിരുന്ന റിലയന്‍സ് മൊബൈലിന്റെ വില പോലുമില്ലാതായി. നമ്മള്‍ , അതായത് ഞാന്‍ ,ആദ്യഗണത്തില്‍ പെടും .അതായത് നാമൊന്ന് (പോറ്റിയും ഞാനും ) നമുക്കൊന്ന് (ഒരാന) !

നാലന്‍ചു തവണ തുടര്‍ച്ചയായി ഉല്‍സവത്തിനു പോറ്റിയുടെ കൂടെ ആനപ്പുറത്ത് കേറാനവസരം കിട്ടിയിട്ടുണ്ടെങ്കിലും അതിലൊരു വര്‍ഷത്തെ എന്റെ അനുഭവം വളരെ ഭാരിച്ചതായിരുന്നു.അതായത് എഴുന്നള്ളത്ത് തുടങ്ങുമ്പൊ ഞാന്‍ ആനപ്പുറത്തും അതുകഴിഞ്ഞാല്‍ ആന എന്റെ പുറത്തുമെന്നതുപോലെ വളരെ ഭാരിച്ച മാനനഷ്‌ടമാണു എനിക്കന്നുണ്ടായത്.

എല്ലാ വര്‍ഷവും കുന്‍ചുവീടു കാവില്‍ വച്ചാണു ഞങ്ങളുടെ അമ്പലത്തിലെ താലപ്പൊലി എഴുന്നള്ളിപ്പ് തുടങ്ങുന്നത്. സന്ധ്യയ്ക് ആറരയോടെ തുടങ്ങുന്ന ഘോഷയാത്രയ്ക്ക് ഒരു മണികൂറെങ്കിലും മുന്നെ താലപ്പൊലി ടീം എത്തും , എത്തണം . എന്നാലെ ചുണ്ടില്‍ ചുവപ്പു പോലും തോറ്റുപോകുന്ന രീതിയില്‍ കളറും പൂശി മുഖത്ത് ഏതാണ്ടൊക്കെ തേച്ച് സമയാകുമ്പൊ റെഡിയാകാന്‍ പറ്റു.ഘോഷയാത്ര തുടങ്ങി നാലന്‍ച് അടി മുന്നോട്ട് പോയതിനു ശേഷമായിരിക്കും 'അയ്യോ ഇതെന്റെ മോളല്ല..നീയേതാടി കൊച്ചേ' എന്നാരെങ്കിലും പറയുന്നത് കേള്‍ക്കുന്നത്. അതാണു താലപ്പൊലി മേക്കപ് !

പക്ഷെ ഇവരെയും കവച്ചുവയ്ക്കുന്ന ഗെറ്റപ്പിലായിരിക്കും താലപ്പൊലി പിടിക്കാന്‍ കുട്ടികളുടെ കൂടെ വരുന്ന അവരുടെ ചേച്ചിമാര്‍ . പട്ടുപാവാടകളുടെയും കസവു സാരികളുടെയും ഒരു ബഹളം . ഇവര്‍ക്കെല്ലാം അകമ്പടി സേവിക്കാന്‍ ആ നാട്ടിലെ കൂവിത്തുടങ്ങിയ എല്ലാ അവന്‍മാരും കാണും . ചിലവന്‍മാര്‍ വരുന്നതുകണ്ടാല്‍ ഉല്‍സവത്തിനല്ല, മറിച്ച് പാര്‍ട്ടിക്കാണു വരുന്നതെന്നു തോന്നും . അതായത് റ്റൈറ്റ് ജീന്‍സും ബൂട്ട്‌സുമൊക്കെയിട്ട്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണു രംഗത്ത് ഞാന്‍ പ്രവേശിക്കുന്നത്. വേഷം , വെള്ള കസവുമുണ്ടും ചുമലില്‍. ത്രികോണാകൃതിയില്‍ മടക്കിയ മേല്‍മുണ്ടും ആഹാ..അസല്‍ മലയാളി...തനി നാടന്‍.(പണ്ടേ എനിക്കെന്നോട് ഒരിതാ ).

"ചേട്ടാ ആനയെത്തിയില്ലേ?" കാറെത്തിയില്ലേ ഇതുവരെ എന്നു ചോദിക്കുന്ന ലാഘവത്തില്‍ ഞാന്‍ കൊച്ചനി ചേട്ടനോടു ചോദിച്ചു.പുള്ളിയാണെങ്കില്‍ അന്ന് അറിയപ്പെടുന്ന ആളാ.ഒരിക്കല്‍ 'കരിയമ്, കല്ലുവിള വഴി പോറ്റിപ്പുറത്ത് ആന എഴുന്നള്ളുന്നതാണ്' എന്ന് മൈക്കില്‍ കൂടി പുള്ളി വിളംബിയത് കേട്ട് ശ്രീകോവിലില്‍ നിന്ന് പ്രസാദം കൊടുക്കുകയായിരുന്ന പോറ്റിയുടെ കണ്ണു തള്ളിപ്പോയി.

'ഹ..ഇപ്രാവശ്യം നീയാണോ കേറുന്നെ..?" അതെ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ വിങ്ങ്‌സ് പിടിച്ച് ചിരിച്ചു.

അവസാനം നമ്മുടെ ആളെത്തി.ഒരു പടുകൂറ്റന്‍ എലിഫന്റ്.കാവില്‍ ചെണ്ട മേളം കൊഴുത്തു. താലപ്പൊലിക്കാരും കുത്തിയോട്ടക്കാരും അണിനിരന്നു. പൂക്കാവടി,തലയില്‍ കൊണ്ട കെട്ടി തുള്ളല്‍ ഇമ്മാതിരി ഐറ്റംസൊക്കെ ഫ്രണ്ട് ലൈനില്‍ .നെറ്റിപട്ടം , ചുട്ടി ഇതെല്ലാം കൊണ്ട് നമ്മുടെ വാഹനത്തിന്റെ ഡെക്കറേഷന്‍ പരിപാടി തുടങ്ങി.

"അപ്പോ കേറാല്ലേ..?" വേണപ്പന്‍ ചേട്ടന്‍ പറഞ്ഞു.

"ആയിക്കോട്ടെ" എന്നു പറഞ്ഞ് എന്റെ കൂടെ അതുവരെ നിന്നു ചളുവടിച്ചുകൊണ്ട് നിന്ന പോറ്റി ആനയുടെ കാലില്‍ ചവിട്ടി,ചങ്ങലയില്‍ പിടിച്ച് വലിഞ്ഞുകേറി.മുകളില്‍ കേറിയിരുന്നു ഒരു അളിഞ്ഞ ചിരി.

"അതെ അപ്പൊ ഇവന്‍ എങ്ങനെ കേറൂം . ഇവനല്ലെ പുറകില്‍ ഇരിക്കേണ്ടെ...പോറ്റിയിറങ്ങിക്കേ" വേണപ്പന്‍ ചേട്ടന്‍. 'മിണ്ടൂല്ല..നോക്കിക്കൊ' എന്ന ഭാവത്തോടെ കേറിയ പോലെ പോറ്റിയിറങ്ങി.അങ്ങനെ ഈ ഞാന്‍ , ഇടതുകാലുയര്‍ത്തി ആനയുടെ കാലില്‍ ചവിട്ടി, ചങ്ങലയില്‍ പിടിച്ച്...

'ടപ്പ്'

എന്റെ കവാലത്തിലാരോ അടിച്ചപോലെ ! നിലത്തുമല്ല, ആനപ്പുറത്തുമല്ല എന്ന പ്രത്യേക പോസില്‍ നിന്നിരുന്ന എന്റെ കാതില്‍ അവിടെ കൊട്ടിയ ചെണ്ടയുടെ ശബ്‌ദമൊന്നും കേട്ടില്ല.

'ഗാനാ....ചെവി...ആട്ടി' ഇങ്ങനെയെന്തോ ആരോ പറയുന്നത് കാസറ്റിഴയുന്ന പോലെ മാത്രെ ഞാന്‍ കേട്ടുള്ളു.

ഒടുവില്‍ പപ്പാന്‍ എന്റെ ആസനം താങ്ങിയതിന്റെ ഫലമായി ഞാന്‍ ആനയുടെ മുകളിലെത്തി. കേറിയിരുന്നപ്പോഴാണു മനസ്സിലായത്, ആനയുടെ ചെവിവാക്കിനു ചെന്നു നിന്നതാണു പ്രശ്നമായതെന്ന്.

ആനയുടെ മുകളില്‍ എത്തിക്കഴിഞ്ഞാല്‍ ആനയും നമ്മുടെ ആസനവുമായുള്ള ആകര്‍ഷണബലം മാച്ചാകുന്നതുവരെ 'ഇപ്പൊ വീഴും ഇപ്പൊ വീഴും ' എന്നുള്ള ഒരു തോന്നലുണ്ടാകും .ഇതിനെ അതിജീവിച്ച് കാലുകള്‍ പിറകോട്ട് വച്ച് നട്ടെല്ലു വളച്ച് 'ഇപ്പഴാ സെറ്റായെ' എന്നു വിചാരിച്ചിരിക്കുമ്പോഴാവും ആരെങ്കിലും മുത്തുക്കുട എറിഞ്ഞുതരുന്നത്. 'ആനപ്പുറത്തിരിക്കാത്തവനറിയില്ലല്ലൊ ആസത്തിന്റെ വേദന'! ഇതിനിടയില്‍ ആന ഇടയ്ക്കിടയ്ക്ക് ഭാരം താങ്ങിയിരിക്കുന്ന കാല്‍ മാറ്റും .അപ്പൊ നമ്മുടെ ആസനത്തിലാരോ റോഡ് റോളര്‍ ഉരുട്ടിക്കളിക്കുന്ന ഒരു ഫീലിങ്ങുണ്ടാവും . ആ സമയത്ത് പിടിച്ചിരുന്നോളണം ,ഇല്ലേല്‍ പോയി.

അങ്ങനെ ഇതിനെല്ലാം അതിജീവിച്ച് ഞാന്‍ മുത്തുക്കുടയും പിടിച്ച് പോറ്റിയുടെ പിന്നിലായി ഞെളിഞ്ഞിരുന്നു.ആഹ, ആന നടന്നു തുടങ്ങി. അമ്മേ എന്റെ ഡിക്കി !

"പോറ്റീ ഫ്രണ്ടിലോട്ട് കേറിയിരി" സൈക്കിള്‍ ചവിട്ടാന്‍ പറ്റാഞ്ഞിട്ട് മുന്നില്‍ ലോഡിരിക്കുന്നവനോട് കേറിയിരിക്കാന്‍ പറയുന്ന പോലെ. പോറ്റി ഒന്നു മുന്നോട്ട് നീങ്ങി, അതനുസരിച്ച് ഞാനും . രക്ഷയില്ല...

"പോറ്റീ ഒന്നൂടെയൊന്ന്..." ഞാന്‍

"ഇനി ആനയുടെ തലയില്‍ കേറിയിരിക്കണോഡെയ്..?" പോറ്റി

തൃപ്തിയായി. പക്ഷെ ഞാന്‍ വിചാരിച്ച പോലെ അത്ര പ്രശ്‌നമൊന്നുമുണ്ടായില്ല.കുറച്ച് കഴിഞ്ഞപ്പോ നല്ലൊരു മസാജിങ്ങ് പോലെ തോന്നി.

ആനയുടെ മുന്നിലും പിന്നിലും തീവെട്ടി പിടിച്ചുകൊണ്ട് രണ്ട് പയ്യന്‍മാര്‍ . പാവം,പെട്ടുപോയതാവും .എനിക്കങ്ങനെ തോന്നാന്‍ വളരെ ന്യായമായ കാരണമുണ്ട്. പണ്ട് നിക്കര്‍ പരുവത്തില്‍ ഘോഷയാത്രയുടെ കൂടെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ താലപ്പൊലികളുടേയും കുത്തിയോട്ടത്തിന്റെയും മറ്റും ഇടയില്‍കൂടി വളരെ നിഷ്കളങ്കനായി 'തന്നന്നം താനന്നം ' പാടി നടക്കുകയും ഓരോ വീടിനു മുന്നിലും ഘോഷയാത്രക്കാര്‍ക്ക് കൊടുക്കാന്‍ വച്ചിരിക്കുന്ന നാരങ്ങാവെള്ളം ആദ്യമേ ചെന്ന് മോന്തി 'ആ ഇവിടുന്ന് ധൈര്യായി കുടിക്കാട്ടാ' എന്ന് നിര്‍വൃതിയടയുകയും ചെയ്തിരുന്ന എന്നെ അന്ന് തീവെട്ടി പിടിക്കുകയായിരുന്ന എന്റെ സ്വന്തം വല്യച്ചന്റെ മോന്‍ 'ടാ കണ്ണാ..നീ ഇങ്ങു വന്നേ...ഒരു മിനുട്ട്..ഞാനൊന്നു മുള്ളീട്ടു വരാം ' എന്നു പറഞ്ഞു വിളിക്കുകയും ആനയുടെ അടുത്തു നിക്കാം എന്ന ചിന്തയില്‍ എക്സൈറ്റടായി ഞാന്‍ തീവെട്ടി വാങ്ങുകയും ചെയ്തു.5 മിനുട്ടായി, 15 മിനുട്ടായി , അര മണിക്കൂറായി.മുള്ളാന്‍ പോയവനെ കാണുന്നില്ല. ഉള്ളടുത്തുനിന്നെല്ലാം നാരങ്ങാ വെള്ളം കുടിച്ചു നിന്നിരുന്ന എന്റെ വയറില്‍ 'ഞാന്‍ ഇപ്പൊ പോണോ..അതോ?' എന്ന് ആരോ വിളിച്ചു തുടങ്ങി.ചുറ്റും നോക്കിയ ഞാന്‍ കണ്ടത് 'അതേ..ഇവിടെ എല്ലാം ഓകെയാണല്ലൊ ല്ലെ..? ഒന്നു കാണണം ട്ട' എന്ന പോസില്‍ താലപ്പൊലീകളുടെ ഇടയില്‍ നില്‍ക്കുന്ന വല്യച്ചന്റെ മോനെ !ദുഷ്‌ടന്‍ ,എന്റെ ഭാഗത്തോട്ട് തിരിഞ്ഞു നോക്കുന്നില്ല. വീണ്ടും ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞാണു എനിക്കൊന്ന് 'ഹാവൂ' ന്ന് വിളിക്കാന്‍ സാധിച്ചത് ! എന്നോട് ചെയ്തതിനു ഞാന്‍ പകരം വീട്ടി. അടുത്ത വര്‍ഷം തീവെട്ടി പിടിക്കാന്‍ ഞാന്‍ മൂത്രം മുഴുവനുമൊഴിച്ചിട്ടേ നിന്നുള്ളു...എന്നോടാ കളി !

പക്ഷെ ഇത്തവണ ആനപ്പുറത്തായപ്പൊ പേടികൂടി. വീണ്ടും അതേ ഫീലിങ്ങ് ഉണ്ടായാല്‍ 'ടാ..വാസ്വേ...ഒന്നു വന്നിരുന്നേടാ..ഞാനിപ്പ വരാം ' എന്നു പറഞ്ഞ് ഏല്‍പിക്കാന്‍ പറ്റുന്ന സാധനമാണോ എന്റെ താഴെ !.

ഘോഷയാത്ര കരിയം കഴിഞ്ഞ് വെന്‍ചാവോടെത്തി.അതെ, അനുപമയുടെ വീടെത്താറായി.'അവളിന്നും കഴിഞ്ഞ ആഴ്‌ച ക്ളാസ്സില്‍ ഇട്ടിരുന്ന ചുവപ്പില്‍ മഞ്ഞപ്പൂക്കളുള്ള ചുരിദാറായിരിക്കുമോ ഇട്ടിരിക്കുന്നെ' എന്നു വിചാരിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് എന്റെ അടിയില്‍ കൂടി, 'ഭ്രും ' എന്ന ശബ്ദത്തിലെന്തോ പോയി.പാവം ,അവിടവിടുന്ന് കിട്ടിയ ഓലയും കരിക്കും ശര്‍ക്കരയും പഴവുമെല്ലാം തിന്നിട്ടാവും , ആനയ്ക്ക് ഗ്യാസ് ട്രബിള്‍ !പുദീന്‍ഹാരയൊന്നും കൊടുക്കാറില്ലേ എന്തോ ?

പക്ഷെ ക്രിത്യം അനുപമയുടെ വീടിനു മുന്നിലെത്തി 'കൊലകൊലാ മുന്തിരിങ്ങ' എന്ന രീതിയില്‍ മുത്തുക്കുട കുലുക്കി ഞാന്‍ അവളോട് 'ഇത് ഞാനാട്ടാ' എന്നു പറയാന്‍ ശ്രമിച്ചതും ആന ഗ്യാസ് ട്രബിളിനുള്ള മരുന്ന് കണ്ടുപിടിച്ചിരുന്നു.അതേ, പിണ്ടം ! നാണമില്ലാത്ത ആന പിണ്ടമിട്ട് തുടങ്ങി.

ഒരന്‍ചുമിനുട്ട് അവിടെ നിന്ന് ഉള്ളതെല്ലാം ഇട്ടുകഴിഞ്ഞപ്പൊ ഞാന്‍ അനുപമയെ നോക്കി ഒന്നു ചിരിച്ചു.കണ്ണുതള്ളി നില്‍ക്കുന്ന ലവളെ കണ്ട് കഴിഞ്ഞാല്‍ ആ പിണ്ടമെല്ലാം ഞാനിട്ടതാണെന്ന് തോന്നും .നാളെ റ്റ്യൂഷന്‍ ക്ളാസ്സില്‍ 'ദോണ്ടെ നോക്കെടീ..പിണ്ടമിടുന്ന ആനയുടെ പുറത്തിരുന്നവന്‍ ' എന്ന സൈസിലുള്ള എത്ര മുഖങ്ങളാവും കാണേണ്ടി വരിക !

അവിടെനിന്നും ഘോഷയാത്ര മുന്നോട്ട് നീങ്ങി അടുത്ത ജംക്ഷനില്‍ എത്തി.റോഡ് സൈഡില്‍ വലിയ പ്ളക്കാര്‍ഡുകളും ദേവിയുടെ പടങ്ങളും .

"നോക്കെടാ...പടയ്ക്കാന്‍ പറ്റിയ വരം " പോറ്റി

"എന്തോന്ന് ?" ഒന്നും മനസ്സിലാകാതെ ഞാന്‍ .

"ചെ..വരയ്ക്കാന്‍ പറ്റിയ പടം ...ദോ നോക്ക്" ദേവിയുടെ ഒരു വലിയ പടം ചൂണ്ടിക്കാട്ടി പോറ്റി.

അവിടെ അവിടെ ഒരു കടയുടെ മുന്നില്‍ വച്ചിരുന്ന ഒരു കൊല മുന്തിരങ്ങ, കുറച്ച് ഓറന്‍ച് ഇതെല്ലാം വേണപ്പന്‍ ചേട്ടന്‍ ഒരു കവറിലാക്കി, പോറ്റിക്കെറിഞ്ഞുകൊടുത്തു. മുന്തിരങ്ങയില്‍ അരക്കൊല പിറകിലിരുന്ന എനിക്കു തരുമ്പൊ 'ഡെയ് മലയാളത്തില്‍ മതി എന്നൊരു വാക്കുണ്ട്' എന്ന ഭാവം മുഖത്ത് !'ശെരി, എന്നാ നിറച്ചു മതി' എന്ന ഭാവത്തില്‍ ഞാനും .

ജംക്ഷന്‍ കഴിഞ്ഞാലുള്ള വളവു തിരിഞ്ഞാല്‍ എന്റെ വീടായി. അതുവഴി കടന്നു പോയപ്പൊ 'അമ്മാ..അമ്മേടെ മോന്‍ ഡോക്ക്‌ടറായി' എന്നു പറയുമ്പൊ തോന്നുന്ന അഭിമാനത്തോടെ ഞാന്‍ അമ്മയെ നോക്കി. 'അമ്മാ...അമ്മേടെ മോന്‍ ആനപ്പുറത്തായി' !

അങ്ങനെ ഒരുവിധം എല്ലാ പട്ടുപാവാടകളുടെയും എണ്ണമെടുത്ത്, പോറ്റി ബാക്ക് പാസ് ആയി തന്നിരുന്ന മുന്തിരി, ഓറന്‍ച്, കരിക്ക് ഇതെല്ലാം സുഭിക്ഷമായി ശാപ്പിട്ട് ഘോഷയാത്രയോടൊപ്പം ഞാനും എന്റെ കാല്‍ക്കീഴിലായി ആനയും അമ്പലത്തിലെത്തി.ശ്രീകോവിലിന്റെ നടയില്‍ എത്തിയിട്ടാണു പോറ്റിയും പോറ്റിയുടെ പിറകെ ഇരിക്കുന്ന ആളും ആനപ്പുറത്തു നിന്ന് ഇറങ്ങുക. ശ്രീകോവിലെത്തി, പാപ്പാന്‍ 'കുനിയാനേ' എന്നു പറഞ്ഞതു കേട്ട് ആന കുനിഞ്ഞു. പോറ്റി താഴെയിറങ്ങി. രണ്ടടി മുന്നോട്ട് നടന്നു. ആഹ, വണ്ടര്‍ഫുള്‍ ! നടക്കുന്ന കണ്ടാല്‍ കാലിനിടയില്‍ ഇപ്പോഴും ആനയുണ്ടെന്ന് തോന്നും !

ഇനി എന്റെ ഊഴം . ആന 'ഈ കന്നാലി ഇറങ്ങീട്ടുവേണം ഒന്ന്...' എന്നര്‍ത്ഥത്തില്‍ കുനിഞ്ഞ് തന്നെ. ഞാന്‍ ചങ്ങലയില്‍ പിടിച്ചു, വടംകയറില്‍ ചവിട്ടി...

"യ്യോ"

പെട്ടെന്നാണത് സംഭവിച്ചത്..കുനിഞ്ഞിരുന്ന ആന എന്തോ എടുക്കാന്‍ മറന്ന പോലെ ഒരൊറ്റ എഴിപ്പ് ! ചതിച്ചോ ദേവ്യേ..ആനയ്ക്ക് പുറം ചൊറിയണമെന്ന് തോന്നിയാല്‍ തീര്‍ന്നു.എന്നെ പിന്നെ വടിച്ചെടുക്കേണ്ടി വരും .ഞാന്‍ ഒരൊറ്റ ചാട്ടം .ഹൊ,ചാടിക്കഴിഞ്ഞപ്പോള്‍ .എന്താ ഒരാശ്വാസം , എന്താ ഒരു തണുപ്പ്. മുണ്ട് മടക്കി ഉടുക്കാനായി ഞാന്‍ കാല്‍ പിന്നിലോട്ടെറിഞ്ഞു. കയ്യില്‍ മുണ്ട് കിട്ടുന്നില്ല.വാട്ട് ദ ഹെല്‍ !മുണ്ടെവിടെ ? യെന്റെ മുണ്ടെവിടെ ? അമ്പലത്തിന്റെ പത്തഞ്ഞൂറു ആള്‍ക്കാരുടെ മുന്നില്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ വി ഐ പിയായി ! 'ശെ..ഇത്രയും നേരം ഉണ്ടായിരുന്നതാ...സത്യം ' എനിക്കാകെ ഒരു വിരുവിരാലിറ്റി..നോക്കിയപ്പൊ എന്റെ സ്വന്തം മുണ്ട് , ആനയുടെ ചങ്ങലയില്‍ കുരുങ്ങി ഇപ്പോഴും ആനപ്പുറത്ത്.! ചാടിയിറങ്ങിയപ്പോ എങ്ങനെയോ ചങ്ങലയുടെ ഇടയില്‍ പെട്ടതാ. 'ദോണ്ടെ യെന്റെ മുണ്ട്' എന്നു പറഞ്ഞ് മതിലില്‍ നിന്നെടുക്കുന്ന പോലെ ചാടിക്കേറിയങ്ങെടുക്കാന്‍ പറ്റോ ? അതൊരു ആനയല്ലേ !

മേല്‍ മുണ്ട് തോളത്തിട്ട് വി ഐ പി യില്‍ ഞാന്‍. അവിടെ ചുറ്റും കൂടി നിന്നിരുന്ന മുഖങ്ങളൊന്നും ഞാന്‍ കണ്ടില്ല.എന്റെ കണ്ണില്‍ ഒരു വലിയ കറുത്ത ജീവിയും ഒരു ചെറിയ വെളുത്ത മുണ്ടും മാത്രം. ഒടുവില്‍ കമ്പുകൊണ്ട് പാപ്പാന്‍ മുണ്ട് തോണ്ടിയെടുത്ത് തരുന്നതുവരെ എത്താത്ത മേല്‍മുണ്ടും ചുറ്റി എനിക്ക് കിങ്ങ് ഫിഷര്‍ കലണ്ടറിലെ മോഡലിനെ പോലെ നില്‍ക്കേണ്ടി വന്നു !

'രണ്ടു നാലു നിമിഷം കൊണ്ടൊരുത്തന്റെ
അരയില്‍ മുണ്ടില്ലാതാക്കുന്നതും ഭവാന്‍ '

എത്ര ശരി.....

**********************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...