Sunday, September 30, 2012

മൈ ഊളന്‍പാറന്‍ ഡേയ്സ് (3)


പിറ്റേന്ന്, അതായത് ക്യാമ്പിന്റെ രണ്ടാം ദിവസം അതിരാവിലെ എന്നെ ഉണര്‍ത്തിയത് ഒരു ഫോണ്‍ കോളായിരുന്നു.

'വിവേക് കോളിങ്ങ്'. ഞാന്‍ ഫോണെടുത്തു.

"എന്താടാ..രാവിലെ.? തണുപ്പത്ത് ഉറങ്ങുന്നത് കാണുന്നത് കടിയാ ല്ലെ..?" ഞാന്‍

"അളിയാ...എനിക്കിന്നലെ ക്യാമ്പില്‍ ജോയിന്‍ ചെയ്യാന്‍ പറ്റിയില്ല...അതുകൊണ്ട് ഇന്നു ജോയിന്‍ ചെയ്യാം എന്നു വച്ചു.ഞാന്‍ പുറത്തുണ്ട്.." ലവന്‍

"പുറത്തെവിടെ..?"

"ഈ ഗേറ്റിന്നു പുറത്ത്...നീ വന്നു തുറന്നേ.." ലവന്‍

"ഓ പിന്നേ ഇന്നലെ മുതല്‍ ഞാനല്ലെ ഇവിടുത്ത വാച്ച് മാന്‍ ... പുറത്ത് നല്ല തണുപ്പുണ്ടല്ലേ..?" ഞാന്‍

"ഒടുക്കത്തെ തണുപ്പളിയാ...നീ എങ്ങനേലും തുറന്നുതാ.." അവന്‍ കേണു.

"ഒരു കാര്യം ചെയ്...ഒരെട്ടു മണി വരെ അവിടെ നില്ല്...നിന്നോടാരാ പറഞ്ഞെ രാവിലെ കെട്ടിയെടുക്കാന്‍ .. " ഞാന്‍ ഫോണ്‍ കട്ട് ചെയ്തു

ദേ പിന്നേം വിളിക്കുന്നു !

"ഡാ കോപ്പേ എട്ടു മണിക്കേ തുറക്കു ഗേറ്റ്...നീ വെളുപ്പാന്‍ കാലത്ത് മനുഷ്യനെ മെനക്കെടുത്താതെ പോയെ.." ഫോണെടുത്ത് ഞാന്‍

"ഡെയ്...നീ പതുക്കെ വന്നാതി...ഹിഹി...ഞാന്‍ ഇവിടെത്തന്നെ നിന്നോളാം .. റ്റ്യൂഷനു ചെല്ലക്കിളികള്‍ പോകുന്നുണ്ട്.നീ എപ്പഴാന്നു വച്ചാ തുറന്നാതി.." ലവന്‍ ഫോണ്‍ കട്ട് ചെയ്തു.


ഞാന്‍ വീണ്ടും കിടന്നു. യ്യോ, ഇന്നല്ലെ എല്ലാര്‍ക്കും എന്റെ വക ഫിസിക്കല്‍ ട്രെയിനിങ്ങ് ! ഞാന്‍ സ്പ്രിങ്ങ് പോലെ ചാടിയെഴുന്നേറ്റു.നേരെ ബ്രഷും പേസ്റ്റുമെടുത്ത് ടോയിലറ്റിലേയ്ക്ക്. ആഹ, വണ്ടര്‍ഫുള്‍, ആദ്യം ഉണ്ണി,പിന്നെ ബട്ടര്‍ അജയ് , അതു കഴിഞ്ഞ് പഴം കമല്‍ ! അങ്ങനെനിരന്നു നിക്കുവല്ലേ. ഒരുത്തന്‍ യേശുവിനെപ്പോലെ,വേറൊരുത്തന്‍ ശ്രീകൃഷ്‌ണനെ പോലെ കാലും പിണച്ച് , കഷായം കുടിച്ച മാതിരി !

"ആരാടാ അകത്ത്..?" ഉള്ളിലെ പ്രകൃതിയുടെ വിളി എന്നെക്കൊണ്ട് ചോദിപ്പിച്ചു.

"കുളക്കോഴി...അവന്‍ കേറീട്ട് മണിക്കൂറൊന്നായി...@$#@%^%$^ന്‍ ഇനിയിവന്‍ ഇറങ്ങാതിരിക്കുന്നതാ നല്ലത്..ഇറങ്ങിയാല്‍ കൊല്ലും ഇവനെ.." ഉണ്ണിയുടെ മുഖത്ത് സംഘര്‍ഷം .

"ടാ...കോപ്പെ...അതു കുളമല്ല..ഇത്രേം സമയമെടുക്കാന്‍ ...ഇങ്ങോട്ടിറങ്ങെടാ.." ബട്ടര്‍ അജയ്

പതുക്കെ കതക് തുറന്ന് ഒരു വളിഞ്ഞ ചിരിയുമായി കുളക്കോഴി പുറത്തിറങ്ങി.

"നിനക്കുള്ളത് ഞാന്‍ വന്നിട്ടു തരാം .." ടോയിലറ്റില്‍ ഓടിക്കേറുന്നതിനിടയില്‍ ഉണ്ണി.

പിന്നെയും ഒരര മണിക്കൂര്‍ കഴിഞ്ഞേ എനിക്ക് ചാന്‍സ് കിട്ടിയുള്ളു.ഫ്രഷ് ആയി നേരെ ടെന്റില്‍ ചെന്ന് ഡ്രെസ്സ് മാറി ട്രാക്ക് സ്യൂട്ടിട്ടു.നേരേ ഗ്രൌണ്ഡിലേയ്ക്ക് !

എന്റെ അര്‍ണോള്‍ഡ് ശിവശങ്കരാ പുഷ് അപ്പ് , സിറ്റ് അപ് ഇതൊന്നുമെടുക്കുമ്പൊ ഒരു അപശബ്‌ദങ്ങളും ഉണ്ടാകരുതേ !

ഗ്രൌണ്ടില്‍ എല്ലാ പടകളുമുണ്ട്. ഗേള്‍സ് ഒരു നിരയില്‍ ,ബോയ്സ് വേറൊരു നിരയില്‍ .മുന്നില്‍ സാറും .

എന്നെ കണ്ടതും ഗ്രൌണ്ടില്‍ തന്നെയുള്ള സ്റ്റേജില്‍ കേറി ഷോ തുടങ്ങാന്‍ സാര്‍ ആംഗ്യം കാട്ടി.

ഞാന്‍ സ്റ്റേജില്‍ കയറി. ജിമ്മിലെ ആദ്യ പാഠങ്ങള്‍ എന്റെ മനസ്സിലൂടെ റാലി നടത്തി.അതെ, ആദ്യം റൊട്ടേഷന്‍ ! തല മുതല്‍ കാല്‍ വരെയുള്ള എല്ലാ ജോയിന്റ്സും റൊറ്റേറ്റ് ചെയ്യിക്കുക.

"അപ്പൊ തുടങ്ങാം " എന്റെ കയ്യിലുണ്ട് ആത്‌മവിശ്വാസം .

"ആദ്യം നെക്ക് റൊട്ടേഷന്‍ " ഇടത്തോട്ടും വലത്തോട്ടും കഴുത്ത് പതുക്കെ കറക്കിക്കൊണ്ട് ഞാന്‍ .

ഗുഡ് , എല്ലാരും അതേ പോലെ ചെയ്യുന്നു.

തുടര്‍ന്ന് ഷോള്‍ഡര്‍ , ഹിപ് , കാല്‍മുട്ട്, കൈമുട്ട് തുടങ്ങി സകലമാന ഇടങ്ങളും ഞാന്‍ അവരെക്കൊണ്ട് റൊട്ടേറ്റ് ചെയ്യിച്ചു.ദേവിയുടെയും സുമയുടെയും മുഖം കണ്ടപ്പൊ, ശൊ എനിക്കങ്ങ് പാവമായിപ്പോയി !

"അടുത്തത് ജമ്പിങ്ങ്..ഒന്ന് രണ്ട് മൂന്ന് എന്നു പറഞ്ഞ് ഞാന്‍ ജമ്പ് ചെയ്യുമ്പൊ അതുപോലെ ചെയ്യ്ണം എല്ലാരും " ഇതു ഞാന്‍ പറയുമ്പൊ കുളക്കോഴിയും ഉണ്ണിയും ബട്ടറും എന്നെ നന്ദി സൂചകമായി നോക്കി !

എന്താന്നറിയില്ല, പെട്ടെന്ന് എന്റെ ശിഷ്യകളുടെയും ശിഷ്യന്‍മാരുടെയും മുഖത്ത് ചിരി. ഈശ്വരാ, ഇനി എന്റെ സിബ് എങ്ങാനും ! ചെ, ട്രാക്ക് സ്യൂട്ടിനെവിടുന്നാ സിബ് ? അപ്പൊ അതല്ല. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.

"എല്ലാരും ഇവിടെ ശ്രദ്ധിക്ക്..അപ്പൊ തുടങ്ങാം ...റെഡി.." ഞാന്‍ കണ്ണുരുട്ടി.

"ആ വണ്‍ , ആ റ്റു , ആ ത്രീ.." ഞാന്‍ പതുക്കെ എണ്ണി സ്റ്റെപ്പെടുത്ത് ജമ്പാന്‍ തുടങ്ങി.വീണ്ടും എല്ലാ എണ്ണവും വീണ്ടും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ഇനി ഊളന്‍പാറയില്‍ വന്ന് എല്ലാര്‍ക്കും ഭ്രാന്തായോ ?

"വീണ്ടും ..ആ വണ്‍ ...ആ റ്റു...ആ ത്രീ..." ഞാന്‍ നല്ല ഉയരത്തില്‍ ചാടിത്തുടങ്ങി.

വെയിറ്റ് ! .'വണ്‍ ..റ്റു...ത്രീ..' ഞാന്‍ പറയുന്നതിന്റെ എക്കോ പോലെ !.

ഞാന്‍ പതുക്കെ ചാട്ടം നിര്‍ത്താതെ തന്നെ ഇടത്തേയ്ക്ക് തിരിഞ്ഞു നോക്കി.

യെന്റെ ഊളന്‍പാറമേല്‍ക്കാവിലമ്മേ..!!! ഒരുത്തന്‍ ,ഒരു തടിമാടന്‍ , ഒരും കടും പച്ച ലുങ്കിയും ഒരു ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് വെളുക്കെ ചിരിച്ചുകോണ്ട് എന്നെ തന്നെ നോക്കി നിന്ന് ചാടെടാ ചാട്ടം !

എന്റെ നെന്‍ചിന്റെ ഇടതൂന്ന് ഒരു സാധനം എന്റെ കാലിലേയ്ക്ക് കേറി. ഞാന്‍ ചാട്ടം പെട്ടെന്ന് നിര്‍ത്തി.

എന്റെ ചാട്ടം നിന്നത് കണ്ട് അവന്‍ ചിരിയും നിര്‍ത്തി. അവന്റെ മുഖത്ത് എന്നോട് പിണങ്ങിയ ഭാവം !

"ചാട്രാ...ആ വണ്‍ ..ആ റ്റു..ആ ത്രീ..." ലവന്‍ എന്നെ നോക്കി അലറി.

എന്താന്നറിയില്ല, എനിക്ക് ഭയങ്കര അനുസരണയാ. ചാടിയില്ലെങ്കില്‍ ഊളന്‍പാറയില്‍ വന്നുകേറി ഭ്രാന്തന്റെ കൈകൊണ്ട് ചത്തു എന്ന ദുഷ്‌പ്പേരു വരുമല്ലോ എന്നോര്‍ത്ത് ഞാനും അവനെ തന്നെ നോക്കി ചാടിപ്പോയി!

ഇപ്പൊ ചാടുന്നത് ആകെ രണ്ടേ രണ്ടുപേര്‍. ഒന്നു ഞാനും മറ്റത് ലവനും !

ചുറ്റും കൂട്ടച്ചിരി. നിര്‍ത്തിയിട്ട് ഓടി രക്ഷപ്പെടാന്നു വച്ചാല്‍ ഇവന്‍ ഓട്ടിച്ചിട്ടിടിച്ചാലോ ? അതു മാത്രല്ല, നമുക്ക് പ്രതീക്ഷകളുള്ള ഒത്തിരി ചെല്ലക്കിളികളുമുള്ളതാ !

ഒരന്‍ചു മിനുട്ട് ഞാനും ലവനും കണ്ണോട് കണ്ണു നോക്കി നിര്‍ത്താതെ ചാടിക്കാണും , ഐ മീന്‍ , ലവന്‍ എന്നെ ചാടിച്ചു കാണും.പെട്ടെന്ന് രണ്ട് വെള്ളവസ്ത്രധാരികളായ മാലാഖമാര്‍ എന്നെനിക്ക് തോന്നിയ അറ്റെന്‍ഡര്‍മാര്‍ എവിടുന്നെന്നില്ലാതെ സ്റ്റേജില്‍ പറന്നിറങ്ങി. ചാടിക്കൊണ്ടിരുന്നവനറ്റെ രണ്ടു കയ്യിലും കേറിപ്പിടിച്ച് ആസനത്തില്‍ രണ്ടടിയും കൊടുത്ത് പിടിച്ചുകൊണ്ടു പോയി.എന്നിട്ടും ഒരു മിനുട്ട് വേണ്ടി വന്നു എനിക്ക് ചാട്ടം നിര്‍ത്താന്‍ . ഞാന്‍ പതുക്കെ തിരിഞ്ഞ് എന്റെ ശിഷ്യഗണങ്ങളെ നോക്കി. എല്ലാ എണ്ണവും നിലത്തിരുന്ന് ചിരിയോട് ചിരി.

'ഭ്രാന്തുള്ളവനായാലും ഇല്ലാത്തവനായാലും വ്യായാമം മസ്റ്റാ..അതാ ഞാന്‍ ചാടിയെ..അല്ലാതെ നിങ്ങള്‍ വിചാരിക്കുന്ന പോലെ...ചെ' എന്നുള്ള ഒരു ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഞാന്‍ പതുക്കെ സ്റ്റേജില്‍ നിന്നിറങ്ങി.ഇത്രയും നാളില്ലാതിരുന്ന ഹോര്‍മോണ്‍ പെട്ടെന്ന് എവിടുന്നാ ? ഞാന്‍ ആകെ വിയര്‍ത്തു കൊഴകൊഴാന്നായിപ്പോയേ !എന്റെ മുന്നില്‍ കിടന്നും ഇരുന്നും തോളില്‍ തൂങ്ങിയും ചിരിച്ചുമറിയുന്ന ഒറ്റ എണ്ണത്തിന്റെയും മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരക്ഷരം പോലും മിണ്ടാനാകാതെ സകല ഇമേജും പോയി നില്‍ക്കുമ്പോള്‍ മൊബൈലില്‍ വീണ്ടും കോള്‍.

'വിവേക് കോളിങ്ങ്'

"എന്താടാ @@#%$%**നെ നീ അവിടെ നില്ല്...കേറിയെങ്ങാന്നും വന്നാല്‍ എടുത്തുടുക്കും ഞാന്‍ " ഞാന്‍ ഫോണെടുത്ത് ഇത്രയും പറഞ്ഞ് കട്ട് ചെയ്തു. ഹൊ, എന്തൊരാശ്വാസം !

ചിരിച്ചോണ്ടു നില്‍ക്കുന്ന ഭ്രാന്തന്റെ മുന്നില്‍ പുഷപ് എടുത്തിട്ട് ഒരു കാര്യവുമില്ല' എന്നാണല്ലൊ പഴംചൊല്ല്! ഒരൊറ്റ നിമിഷം കൊണ്ട് ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആയി.

"എന്താടി ചിരിക്കുന്നെ..?? " കുരുപൊട്ടി നില്‍ക്കുന്ന എന്നെ നോക്കി കിണിക്കുന്ന ദേവിയോട് ഞാന്‍ .

"ഹഹ...നല്ല മാച്ചിങ്ങായിരുന്നു..സ്റ്റെപ്പിനു സ്റ്റെപ്പു വച്ചല്ലേ ചാടിയെ..." ലവള്‍

"നിന്റെ അച്ചനും പണ്ടിതേ പോലെ എന്റെ കൂടെ സ്റ്റെപ് വച്ചിട്ടുണ്ടായിരുന്നു..പൊയ്ക്കോണം അവിടുന്ന്.." എന്റെ എല്ലാം പൊട്ടി.

"ടാ...അഹങ്കാരത്തിന്നു കയ്യും കാലും വച്ചതാ നീ" സ്കോര്‍ (1 - 0)

"അതിനൊരു വാലും കൊമ്പും കൂടിയായല്‍ നീയായി" സ്കോര്‍ (1 - 1)

"നാറുന്നു...പോയി കുളിയെടാ.." പേടിച്ചു വിയര്‍ത്തതാണെന്ന് എങ്ങനാ പറയാ..??

"മൂക്കിനു താഴെ വായിരുന്നാല്‍ ഇങ്ങനെ പലതും തോന്നും " കളി നിര്‍ത്തി. ഞാന്‍ ജയിച്ചു. സ്കോര്‍ (1 - 2)

ഇനിയും അവിടെ നിന്നാല്‍ എന്നെ ലവളുമാരെല്ലാം കൂടി വലിച്ചു കീറും എന്നു തോന്നിയതിനാല്‍ ഞാന്‍ പതുക്കെ സ്ഥലം വിട്ടു.

തിരിച്ച് ടെന്റില്‍ ചെന്നു കേറിയതും ,

"ആ ഒന്ന്..ആ രണ്ട്...ഡാ അങ്ങനല്ല..ഇങ്ങനെ..ആ മൂന്ന്"

കുളക്കോഴി ഉണ്ണിക്കു പറഞ്ഞു കൊടുക്കുന്നു. പൊട്ടാന്‍ കുരുവൊന്നും ബാക്കി ഇല്ലാതിരുന്ന എനിക്ക് സകല കണ്ട്രോളും പോയി.

പക്ഷെ എന്തേലും ചെയ്യാന്‍ പറ്റോ..? പറ്റിയതെനിക്കല്ലെ..? അനുഭവിക്കാം ..അല്ലാതെന്താ ?

(തുടരും )

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...