Saturday, November 11, 2017

അടയാളം


നിശബ്ദമായൊരു സായാഹ്നത്തിന്റെ അകമ്പടിയോടെ പലനാൾ പലരാൽ ചവിട്ടി തെളിഞ്ഞ വഴിയിലൂടെ രാധാമണി നടന്നുകയറിയത് കവലയിലേക്കായിരുന്നു. സ്ഥിരമുണ്ടാകേണ്ട ഒരു ശാന്തത എന്തുകൊണ്ടോ അന്ന് കവലയിലുണ്ടായിരുന്നില്ല .അടുത്തുള്ള പീടികയിൽ കയറി , വെറ്റിലയൊടിച്ച് ചുണ്ണാമ്പ് തേയ്ക്കുന്നതിനിടയിൽ രാധാമണി അശാന്തതയുടെ കാരണം പരതി . അടുത്തുള്ള തയ്യൽ കടയ്ക്ക് ചുറ്റുമാണ് ആൾകൂട്ടം. ഉള്ളിൽ നിന്ന് അലർച്ച കേൾക്കാം. ആരുടെയോ കൈ, രണ്ടുമൂന്ന് പേർ ചേർന്ന് ബലമായി ഉയർത്തി പിടിച്ചിരിക്കുന്നു. ആ കൈയിൽ കത്രിക ബലത്ത് വിറയ്ക്കുന്നു.
"ഒടുക്കത്തെ ബലാ...പിടിക്ക് .....വായീന്ന് പത ...അതിപ്പൊ തുടയ്ക്കണ്ട...എടുത്ത് വണ്ടിയിലിട്... സ്റ്റേഷനിൽ എത്തുമ്പോ നേരെയായിക്കോളും "ആരൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ട്.
അവർക്കിടയിൽ നിന്ന് മണ്ണ് പറപ്പിച്ചുകൊണ്ട് ഒരു ജീപ്പ് കടന്നുപോയി .
പീടികക്കാരൻ രാധാമണിയെ നോക്കി. വിരലിൽ പറ്റിയ ചുണ്ണാമ്പ് മുണ്ടിൽ തുടച്ചുകൊണ്ട്, പീടികക്കാരന്റെ നോട്ടത്തിനു ചുണ്ടുകോട്ടി ചിരിച്ച് മറുപടി കൊടുത്ത് രാധാമണി പതുക്കെ നിരത്തിലിറങ്ങി വീടുലക്ഷ്യമാക്കി നടന്നു.
പിന്നാലെ പീടികയിൽ വന്ന ആരുടെയോ ശബ്ദം ,
"പടിഞ്ഞാറ്റതിലേയാ ...മ്മടെ ടീച്ചർടെ മോനാ ... മറ്റുള്ളോരടെ അടുത്ത് തെണ്ടി കുടിക്ക്യാ .... കൊടുത്തില്ലേൽ ഭ്രാന്താ...നരേം കേറി.... കഷ്ടം....വെള്ളമടീന്ന് വച്ചാ ഇങ്ങനുണ്ടോ..തറവാട് നശിപ്പിക്കാനായിട്ട് "
കൈയ്യിലുണ്ടായിരുന്ന തൂക്കുപാത്രം തുറന്ന് ഒരല്പം വെള്ളം കുടിച്ചു . ടാർ ചെയ്യാത്ത വഴിയിൽ തെളിഞ്ഞു നിന്ന കല്ല് രാധാമണി കണ്ടില്ല. കാൽ അതിൽ തട്ടിയാഞ്ഞു.വിരലിൽ നിന്ന് ചോര പൊടിയുന്നുണ്ട്. അതിലേയ്ക്ക് പാത്രത്തിൽ നിന്ന് വെള്ളം തൂകി. ചോര പതുങ്ങി മെല്ലെ രാധാമണിയുടെ ആറാം വിരൽ തെളിഞ്ഞുവന്നു. രാധാമണിയ്ക്കുള്ള പ്രത്യേകതയാണ്, ഇടതുകാലിലെ ആറാം വിരൽ. വെള്ളം നനഞ്ഞത് വീണ്ടും നടന്നു.
രാധാമണി വീടെത്തി. മുറ്റമടിച്ച്, കുളിയും നനയും കഴിഞ്ഞ്, അടുപ്പിൽ കൊളുത്തിയ തീയെ തനിച്ചാക്കി, അടുത്ത മുറിയിലെ സിമന്റ് തറയിൽ കാൽ നീട്ടി ഇരുന്നു.ഇനി രണ്ടു കാലിലും തൈലം തേയ്ക്കും . കീഴ്മുണ്ട് മുട്ടോളം കയറ്റിവച്ച് , കൈയ്യെത്തി കാലറ്റം വരെ തൈലം തേച്ചു. ആറാം വിരലിലെ മുറിവിൽ മെല്ലെ വിരലോടിച്ചു. വേദനയില്ല.
എണ്ണയിട്ട് കാൽ തിരുമുന്നതിനിടയിൽ ,തലയ്ക്ക് മുകളിൽ നിന്ന് കത്തുന്ന ആയുസ്സ് തീരാറായ മഞ്ഞവെളിച്ചത്തിൽ , ചുവരിലെ ആ ചിത്രങ്ങളിൽ രാധാമണിയുടെ കണ്ണുകൾ വീണ്ടുമുടക്കി . ഭർത്താവുമൊന്നിച്ചുള്ള ബ്ളാക്ക് & വൈറ്റ് ചിത്രവും ഭർത്താവ് മാത്രമുള്ള കുറി തൊട്ട ചിത്രവും രാധാമണിക്ക് കിട്ടിയ വിടവാങ്ങൽ ചടങ്ങിന്റെ ചിത്രവും നല്ല തെളിവാർന്നതായിരുന്നു.
പിന്നീടുള്ളത് മകന്റെ കുഞ്ഞുന്നാളിലെ ചിത്രമാണ്. എണ്ണ പുരണ്ട രാധാമണിയുടെ വിരലുകളോടിയതുകൊണ്ടാവണം, അഴുക്ക് പിടിച്ച കണ്ണാടി ചില്ലിനുള്ളിൽ അവ്യക്തമായിരുന്നു ആ ചിത്രം. എണ്ണ പുരണ്ട കൈ, നര കയറിയ മുടിയിലും മുണ്ടിലുമായി തുടച്ച് രാധാമണി മകന്റെ ചിത്രം കൈയ്യിലെടുത്തു. അവ്യക്തമായിരുന്നതിൽ കണ്ണ് കൂർപ്പിച്ചു . മുണ്ടിന്റെ തലപ്പുകൊണ്ട് ഒന്ന് തുടച്ച് വീണ്ടും നോക്കി, എണ്ണമയവും അഴുക്കും. വീണ്ടും ശക്തിയിൽ തുടയ്ക്കുന്നതിനിടയിൽ പുറത്ത് ആരുടെയോ കാലനക്കം.
"പടിഞ്ഞാറ്റേതിൽ ?" പുറത്ത് ആരോ വന്നിട്ടുണ്ട്.
ധൃതിയിൽ ഫോട്ടോയേയുമായി രാധാമണി ഉമ്മറത്തേയ്ക്ക് ചെന്നു .
"അതെ...ആരാ...."
"സ്റ്റേഷനീന്നാ..."
"കേറി ഇരിക്ക്..."
ഉമ്മറത്ത് വെളിച്ചമുണ്ടായിരുന്നില്ല. രാധാമണി സ്വിച്ച് ഇട്ടു.
"മനപ്പൂർവം ഇടാത്തതാ...നാട്ടാരെ അറിയിക്കണോ ഇവിടുത്തെ കൂത്ത്..."
ഫോട്ടോ കൈവരിയിൽ വച്ച് തൂണിൽ ചാരി, വന്നയാളെ കാണുന്ന രീതിയിലിരുന്നു രാധാമണി. എണ്ണയിൽ തിളങ്ങിനിന്ന രാധാമണിയുടെ ആറാം വിരൽ പെട്ടെന്ന് അയാളുടെ കണ്ണിലുടക്കി. കുറച്ച് നേരം അയാൾ അതിൽ തന്നെ നോക്കി ഇരുന്നു.
"ഒപ്പിടീക്കാൻ വന്നതാവും ല്ലേ...ഞാൻ ഒരു തേയിലവെള്ളമെടുക്കാം ...."
രാധാമണി അകത്തേയ്ക്ക് പോയി.
വന്നയാൾ കയ്യിലിരുന്ന കടലാസ് നിവർത്തി വായിച്ചു .രാധാമണിയുടെ കയ്യിലിത് നേരിട്ട് കൊടുക്കാൻ അയാൾക്ക് തോന്നിയില്ല. അത് കൈവരിയിലിരുന്ന ഫോട്ടോയുടെ അടിയിൽ തിരുകി വയ്ക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്, രാധാമണിയുടെ മകന്റെ ചിത്രം.അയാൾ കൈലേസ് കൊണ്ട് അവശേഷിച്ച എണ്ണയും അഴുക്കും തുടച്ചുകളഞ്ഞു. പഴയ സ്റ്റുഡിയോ ചിത്രമാണ്. കയ്യിലൊരു മണിയുണ്ട്. പിണങ്ങാതിരിക്കാൻ കൊടുത്തതാവാം. ഒരു കുട്ടിനിക്കറുമിട്ട് കസേരയിൽ ഇരിക്കുന്നു.
മങ്ങിയ വെളിച്ചത്തിൽ അയാളുടെ മുന്നിൽ തെളിഞ്ഞുവന്ന ആ ചിത്രത്തിൽ അയാളെ ആകർഷിച്ചത് കുഞ്ഞിക്കാലിലെ ആറാം വിരലായിരുന്നു . കുറച്ച് നേരം അയാളത് സൂക്ഷിച്ചു നോക്കി.അയാൾ മെല്ലെ അതിൽ തലോടി. അമ്മയുടെ മകനാണ്, അമ്മയുടെ അടയാളവും പേറിയാണ് ജനിച്ചത്.
കടലാസ് ചിത്രത്തിനടിയിൽ വച്ച് അകത്തേയ്ക്ക് നോക്കി അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു
"ടീച്ചറെ...ഞാൻ ഇറങ്ങുന്നു...ഇവിടെ വച്ചിരിക്കുന്നത് നോക്കണം...പെട്ടെന്നാവണം..."
'മരിച്ചയാളിന്റെ അടയാളങ്ങൾ : ഇടത് കാലിലെ ആറാം വിരൽ ' എന്ന് ആ കടലാസിൽ എഴുതിയിരുന്നതിൽ ആറാം വിരലിനടിയിൽ അടിവരയിട്ടിരിക്കുന്നു.
ഒരു നിലവിളിയോ ഒരു തേങ്ങലോ കാതിലെത്തുന്നതിനു മുൻപെ , ഇരുട്ടിൽ വഴി വ്യക്തമല്ലെങ്കിലും ആ വീടിനെ എത്രയും പെട്ടെന്ന് പിന്നിലാക്കി മുന്നേറാനുള്ള ശ്രമത്തിൽ അയാൾ വിജയിച്ചുകൊണ്ടിരുന്നു.


*End

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...