Wednesday, January 10, 2018

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

 
പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക്ക് ബസ് കയറിയാൽ സന്തോഷത്തിൽ തുള്ളിച്ചാടും. തല പുറത്തേയ്ക്കിട്ട് പുഴയുടെ ചാണകപ്പച്ചനിറത്തിനടിയിൽ വാ പിളർന്ന പാമ്പുകളെ തിരയും.

ഇടിഞ്ഞ് പൊളിഞ്ഞ തീപ്പെട്ടിയാഫീസിനു മുന്നിലായി ബസ് നിന്നു . സിനിമാ പോസ്റ്ററുകൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചതുപോലെ അവശേഷിപ്പുകൾ. ബസ് സ്റ്റോപ്പിൽ നിന്ന് തന്നെ നേരെ പുഴയിൽ എത്താം .റോഡ് ചേർന്നുള്ള കല്പടവുകളിറങ്ങി വെളുത്ത പൂഴിമണ്ണ് പുതച്ച വഴിയിലൂടെ നടക്കണം. എല്ലാ മഴക്കാലത്തും പുഴ തന്നെ നേരിട്ട് അറ്റകുറ്റപണികൾ ചെയ്യുന്ന, നനുത്ത പൂഴിമണ്ണിനിരുവശത്തുമായി വെള്ളാരംകല്ലുകൾ കൊണ്ടലങ്കരിച്ചതായിരുന്നു ആ വഴി.

പോസ്റ്ററിൽ നിന്നും അടർത്തിമാറ്റപ്പെട്ട നായികമാരെ പിന്നിലാക്കി അയാൾ റോഡിലൂടെ നടന്നു. കുറച്ചകലെ ഛായം പൂശിയ ഒരു മൈൽകുറ്റിക്കരികിൽ നിന്നു. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയാൽ കാണാവുന്നത് മൂന്ന് വീടുകളാണ്.വിളിച്ചാൽ വിളി കേൾക്കാവുന്ന അകലത്തിലാണ് മൂന്നും. 

അതിലൊരെണ്ണത്തിന്റെ ടെറസിൽ കുട്ടികൾ കളിക്കുന്നു.ആ വീട്ടിൽ വച്ചാണ് അയാൾ ആദ്യമായി കോണിയിറങ്ങുന്ന പെൻഗ്വിനുകളെ കാണുന്നത്. അന്ന് മുറ്റത്ത് ടയർ ഉരുട്ടിക്കളിക്കുന്നതിനിടയിലാണ് കുട്ടന്റെ അച്ഛൻ ഗൾഫിൽ നിന്നും വരുന്നത്. ടയറോടിച്ച് നേരെ പോയത് അവിടേക്കാണ്. പലനിറത്തിലുള്ള പെൻഗ്വിനുകൾ. ചിരിച്ചുകൊണ്ട് സംഗീതത്തിന്റെ അകമ്പടിയോടെ കോണിയിറങ്ങുന്നു. താഴെ വരുന്ന ഓരോന്നിനെയും കുട്ടൻ കോണിതലയ്ക്കൽ കൊണ്ടുനിർത്തും. കുഞ്ഞനുജത്തിയുടെ കരച്ചിൽ കേട്ട് കുട്ടൻ അകത്തേയ്ക്കോടിയ തക്കം നോക്കി ഒരു പെൻഗ്വിനെ താനും കോണിയിൽ കൊണ്ടുനിർത്തി. ചിരിച്ചുകൊണ്ട് കോണിയിറങ്ങിയ ആ പെൻഗ്വിനെ പിന്നെയാരും കണ്ടില്ല.

അയാൾ റോഡിൽ നിന്നും താഴേയ്ക്കിറങ്ങി. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന വീട് കടന്ന് മറ്റൊരു വീടിന്റെ മുന്നിലെത്തി. മുറ്റം നിരീക്ഷിച്ചു. ടയറോടിച്ച പാടുകൾ ആദ്യം കാലവും പിന്നെ പുതിയ താമസക്കാരുടെ ചൂലും മായ്ച്ചുകളഞ്ഞിരിക്കുന്നു. എങ്കിലും തിണ്ണചുവട്ടിലെ കുഴിയാനക്കൂടുകൾ ഇപ്പോഴുമുണ്ട്. മഴക്കാലത്ത് കവിയുന്ന പുഴ മാത്രമേ ആ കൂടുകൾ നശിപ്പിച്ചിരുന്നുള്ളു. മഴ കഴിഞ്ഞാൽ അവിടവിടെ പുതിയ കൂടുകൾ പ്രത്യക്ഷപ്പെടും. അകത്താളുണ്ടോ എന്നറിയാൻ ഉറുമ്പിനെ പിടിച്ച് കുഴിയിലിടും.മണ്ണനങ്ങി കുഴിയാന കൈ നീട്ടുമ്പോ ഈർക്കിൽ നീട്ടി ഉറുമ്പിനെ രക്ഷിക്കും. അങ്ങനെ ഒരു ദിവസമാണ്, വീട്ടിൽ ആദ്യമായി അമ്മയുടെ കരച്ചിൽ കേൾക്കുന്നത്. അച്ഛനുമായുള്ള എന്തോ തർക്കമാണ്. സാധാരണ സ്‌കൂൾ അവധി തീരാറാവുമ്പോഴാണ് അവരെ കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ വന്നിരുന്നത്. അന്ന് നേരത്തേയെത്തി. ഉറുമ്പിനെ കുഴിയാനയ്ക്ക് വിട്ടുകൊടുത്ത് മുറിയ്ക്ക് പുറത്ത് നിൽകുമ്പോൾ നനഞ്ഞ കൈകൾ തോളിൽ വീണു.പൂക്കൾ പതിപ്പിച്ച ഗ്ളാസ്സിൽ ചായ നീട്ടി, കതകുതുറക്കുമ്പോ അച്ഛനുകൊടുക്കാൻ പറഞ്ഞ് തന്റെ മുടിയിൽ തലോടി ആ രൂപം മടങ്ങുമ്പോഴും അമ്മയുടെ കരച്ചിൽ അകത്ത് കേൾക്കാമായിരുന്നു. പിറ്റേന്ന് വീടും പറമ്പും ചുറ്റിക്കാണുന്ന കുറച്ചുപേരോടൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛനെ അയാൾ ഓർത്തു.പക്ഷെ അവർക്ക് കുഴിയാനകളുടെ രൂപമായിരുന്നു.

തിരിഞ്ഞുനോക്കാതെ അയാൾ നേരെ നടന്നത് പുഴവക്കത്തേയ്ക്കാണ്. പൂഴിമണ്ണ്‌ നിറഞ്ഞ വഴിയിലേക്ക് കടന്നപ്പോൾ അയാൾ ചെരുപ്പൂരി കൈയ്യിൽ പിടിച്ചു. പുഴവക്കിലിരുന്ന് പുഴയുടെ ചാണകപ്പച്ചനിറത്തിനടിയിൽ സൂക്ഷിച്ച് നോക്കി. വാപിളർന്ന പാമ്പുകളെ അയാൾ കണ്ടില്ല. ആ പേടി മാറ്റിയതും അമ്മ തന്നെയായിരുന്നു. എന്നുമില്ലാതെ അന്ന് അമ്മ പല തവണ പുഴ മുറിച്ചുനീന്തി.ഇടയ്ക്ക് കരയിൽ കയറി തന്നെയുമെടുത്ത് വെള്ളത്തിലിറങ്ങി. പാമ്പിനെ പേടിച്ച് നിലവിളിച്ച തന്നെ ചേർത്തുപിടിച്ച് അന്നാണ് അമ്മ സത്യം പറയുന്നത്. താൻ വെള്ളത്തിൽ ഇറങ്ങുന്നത് അമ്മയ്ക്ക് പേടിയായിരുന്നു. തന്നെകെട്ടിപ്പിടിച്ച് അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറിയത് അയാളോർത്തു.പിറ്റേന്ന് റോഡിൽ കാത്ത് കിടന്നിരുന്ന കാറിൽ മുത്തശ്ശിയാണ് ഒടുവിൽ കയറിയത്, അതും അമ്മ നിർബന്ധിച്ച് കയറ്റുകയായിരുന്നു. അകന്നുപോകുന്നത് നോക്കി നിന്നിരുന്ന കുട്ടനെയും അനുജത്തിയേയും അന്നാദ്യമായി അതുവരെ ഒളിപ്പിച്ച പെൻഗ്വിനെ കാണിച്ച് താൻ ചിരിച്ചത് അയാൾ ഓർത്തു. 

"മിസ്റ്റർ ഗിരിജാവല്ലഭൻ...!"

ചോദ്യം പുറകിൽ നിന്നാണ്. അയാൾ ഓർമയിൽ നിന്നുണർന്നു.ഒരക്ഷരം മിണ്ടാതെ വെള്ളത്തിൽ നിന്നും കാലുകൾ വലിച്ചൂരി ചെരുപ്പുകളിട്ട് തിരിഞ്ഞ് നടന്നു.

"ഇന്നും ഇവിടെയെത്താൻ അതേ കാരണം തന്നെയാണോ?". ശബ്ദം പിന്നാലെ കൂടി.

"അതെ...ഓർമകൾക്ക് മരണമില്ലല്ലോ "

"ഇന്നും പഴയ വീട്ടിൽ പോയോ?"

"അതൊരു വേദനയാണ്..തിരിച്ചുപിടിക്കാൻ പറ്റാത്തതിന്റെ...പറഞ്ഞാൽ മനസ്സിലാകില്ല"

"ആർക്ക്...എനിക്കോ? എന്തായാലും തിരിച്ചുപിടിക്കലിന്റെ സുഖം എനിക്ക് നന്നായറിയാം..." അർത്ഥമുള്ള ചിരി.

ശെരിയാണ്. തന്റെ ജീവിതത്തിലേയ്ക്ക് ചിരിച്ചുകൊണ്ട് കോണിയിറങ്ങി പെൻഗ്വിനാണവൾ . അയാളും ചിരിച്ചു. അവർ നടന്ന് വീട്ടിലെത്തിയിരുന്നു .

"കുട്ടികളെവിടെ?"

"ടെറസിൽ തന്നെയുണ്ട്...കളി തന്നെ കളി .."

*End

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...