Sunday, September 30, 2012

കരുണ ചെയ്‌വാനെന്തു..

പതിവുപോലെ അന്നും രാവിലെ ഞാന്‍ , ഞായറാഴ്‌ച്ച അവധിദിവസമായിട്ടും , ജോഗിങ്ങിറങ്ങി. വീട്ടില്‍ നിന്നും നടന്നാല്‍ പത്തുമിനിട്ടുകൊണ്ടെത്താവുന്ന ശ്രീകാര്യം ജംക്ഷനും കഴിഞ്ഞ് ആക്കുളം റോഡിലേയ്ക്കാണ്‍ യാത്ര.

കൂലിപ്പണിക്കാര്‍ രാവിലെതന്നെ ജംക്ഷനിലെചായക്കടയുടെ മുന്നില്‍ കൂടിയിട്ടുണ്ട്. എന്നും കാണാവുന്ന രംഗം . രാവിലെഒരു ചൂടുചായയോ കാപ്പിയോ കുടിച്ച് അതാത് സ്ഥലങ്ങളില്‍ പണിക്ക് പോകാന്‍ നില്‍ക്കുന്നവര്‍. അന്നന്നുള്ളതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ .സ്വന്തം ആരോഗ്യത്തില്‍ വിശ്വസിച്ച് വിധിയെ പഴിക്കാന്‍ സമയമില്ലാതെ ജീവിക്കുന്നവര്‍ . ജംക്ഷനിലെ മറ്റൊരു കോണില്‍ പത്രക്കാരന്‍ പത്രക്കെട്ടുകള്‍ അടുക്കുന്നു. വിജനമായ റോഡ്. കുറച്ചുകൂടിക്കഴിഞ്ഞാല്‍ ഒത്തിരി കാല്‍പ്പാടുകള്‍ വീണ്ടും പതിയേണ്ട വഴികള്‍..

'ഓം ....ഓം ....' ഇളംകുളം ശിവക്ഷേത്രത്തില്‍ നിന്നും ദാസേട്ടന്റെ റെക്കോര്‍ഡ് ചെയ്ത ഓംകാരം കേള്‍ക്കുന്നത് ആര്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കും . അതിനടുത്തുതന്നെയുള്ള പള്ളിയില്‍ നിന്നും ബാങ്കുവിളിയും കേള്‍ക്കുന്നു. എല്ലാം കൊണ്ടും ഒരു നല്ല സുപ്രഭാതം . ഇതേ ശാന്തതയും സമാധാനവും ഒരു ദിവസം മുഴുവനും കിട്ടിയിരുന്നെങ്കില്‍ ! കിട്ടില്ല, അതുകൊണ്ട് തന്നെയാണു അതുകിട്ടാന്‍ ഇത്ര ആഗ്രഹവും !

ഞാന്‍ ആക്കുളം റോഡിലെത്തി. ഒരു വശത്ത് നല്ല താഴ്‌ചയുള്ള കൊക്കയും മറുവശത്ത് ഒരപ്പെട്ടു നില്‍ക്കുന്ന വീടുകളും . മിക്കവീടുകളില്‍ നിന്നും പുക ഉയരുന്നുണ്ട്. കുട്ടികളെടെയും ഭര്‍ത്താവിന്റെയും വിശപ്പ് ആ വീടുകളില്‍ എന്നും രാവിലെ പുകയുയര്‍ത്തും .

ജോഗിങ്ങിന്റെ വേഗം കുറച്ച് ഞാന്‍ നടന്നു തുടങ്ങി. സ്ഥിരം ഇരിക്കാറുള്ള റോഡ് സൈഡിലുള്ള കലുങ്കില്‍ ഇരുന്നു. വിപിനും ഞാനും കണ്ടുമുട്ടുന്നത് എന്നും ഇവിടെ വച്ചാണ്. അവനും ഇപ്പൊ ജോഗിങ്ങ് കഴിഞ്ഞെത്തും. നല്ല നേര്‍ത്ത തണുപ്പുള്ള കാറ്റ് കഴുത്തിലും മറ്റുമുണ്ടായിരുന്ന വിയര്‍പ്പിനെ തണുപ്പിച്ചു.

"നീ കുറെ നേരായോ ? " കണ്ണടച്ചിരുന്ന എന്നെ വിപിന്റെ ശബ്‌ദം ഉണര്‍ത്തി. ഞാന്‍ ഇല്ല എന്നര്‍ഥത്തില്‍ തലയാട്ടി.

"ടാ...ഇന്നുച്ചയ്ക്ക് ലന്‍ച് നമുക്ക് ആശാദ് ഹോട്ടലീന്നാക്കാം .. നിന്നെ ഞാന്‍ ഉച്ചയ്ക്ക് വിളിക്കാം ...ഞാന്‍ കുറച്ചൂടെ ഓടിയിട്ട് വരാം ..അപ്പൊ ഉച്ചയ്ക്ക് കാണാം ...ബൈ.." ഇത്രയും പറഞ്ഞ് എന്റെ മറുപടിക്ക് പോലും കാത്തുനില്‍ക്കാതെ അവന്‍ പോയി.

തിരിച്ച് വീട്ടിലെത്തി, ഞാന്‍ ജഗ്‌ജീത് സിങ്ങിന്റെ ഗസല്‍ വച്ചു.

"ഹോഷ് വാലോം കൊ ഖബര്‍ ക്യാ...
സിന്ദഗീ ക്യാ ചീസ് ഹേ "

പാട്ടുകഴിഞ്ഞ് മനസ്സും ശരീരവും തണുപ്പിക്കാന്‍ ഷവറിന്നു കീഴെയെത്തി. ശരീരത്തിലെ അഴുക്കിനോടൊപ്പം മനസ്സിലെ അഴുക്കും കഴുകിക്കളയാന്‍ കഴിഞ്ഞെങ്കില്‍ ?

കുളികഴിഞ്ഞ് അമ്മയെടുത്തു വച്ച ഇഡ്ഡലി രണ്ട് കഷണമെടുത്ത് സാമ്ബാറില്‍ മുക്കിതിന്നു. ബാക്കി കഴിക്കാതെ അടുക്കളയില്‍ തന്നെകൊണ്ട് വച്ചു. പാത്രത്തിലിരിക്കുന്ന ഇഡ്ഡലിയുടെ ബാക്കിചിലപ്പോള്‍ അമ്മ തന്നെ കഴിക്കും. അതുമല്ലെങ്കില്‍ കളയും .

ഉച്ചവരെ ടിവിയില്‍ ചാനലുകള്‍ മാറ്റിമാറ്റിവച്ച് സമയം നീക്കി. വിരള്‍ തുമ്പിലെ ശാസ്ത്രമികവ് ഒരു ചാനലിലും മനസ്സ് നിര്‍ത്തിയില്ല. ഒന്നുകാണുമ്പോള്‍ മറ്റൊന്ന് വയ്ക്കാന്‍ തോന്നും .

മൊബൈല്‍ റിങ്ങ് ചെയ്യുന്നു. 'വിപിന്‍ കോളിങ്ങ്'

ഞാന്‍ ഫോണെടുത്തു. പത്തുമിനിട്ടകം ആസാദ് ഹോട്ടലിന്റെ മുന്നില്‍ എത്താന്‍ പറഞ്ഞു. മിക്ക
ഞായറാഴ്‌ചകളിലും ഞാനും വിപിനും ഒന്നിച്ച് പുറത്തെവിടുന്നെങ്കിലും ഫുഡ് കഴിക്കും . അങ്ങനെ നടത്തിയ പരീക്ഷണങ്ങളില്‍ ഇഷ്‌ടപ്പെട്ട സ്ഥലങ്ങളാണു ആസാദ് ഹോട്ടലും ബുഹാരി ഹോട്ടലും .ആസാദിലെ ബിരിയാണിയും ബുഹാരിയിലെ പുട്ടും മട്ടന്‍ കറിയും ആരെയും കൊതിപ്പിക്കും .

ഞാന്‍ ബൈക്കില്‍ ക്രിത്യസമയത്ത് തന്നെ ആസാദിലെത്തി. വിപിന്‍ ആരോടോ മൊബൈലില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുന്നു. എന്നെ കണ്ടതും കോള്‍ കട്ട് ചെയ്ത് അടുത്തുവന്നു.

"ടാ..വാ...കേറാം " സ്വന്തമായി ബിസിനസ്സ് തുടങ്ങി തിരക്കിലുള്ള ജീവിതത്തിലേയ്ക്ക് വഴുതിവീണപ്പൊ കിട്ടിയ വിപിന്റെ ആജ്ഞാശക്തിയില്‍ ഞാന്‍ അറിയാതെ അവനെ അനുഗമിച്ചു.

സ്റ്റെയര്‍ കയറി, ആളൊഴിഞ്ഞ ഒരു മൂലയില്‍ അവനൊപ്പം ഇരുന്നു. ഞാന്‍ ചുറ്റും കണ്ണോടിച്ചു. ചില ടേബിളുകളില്‍ ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചതിന്റെ എച്ചില്‍ ഇപ്പോഴും കിടക്കുന്നു, കടിച്ചുതുപ്പിയ എല്ലുകളും .
ക്ളീനര്‍ ബോയ്, ഒരു പത്തു പതിമൂന്ന് വയസ്സ് വരും , വന്ന് അതു തുടച്ച് ക്ളീനാക്കി. ആള്‍ക്കാര്‍ കഴിച്ചതിന്റെ എച്ചില്‍ തുടച്ചിട്ട് വേണം അവന്റെ വിശപ്പടക്കാന്‍ . ജീവിതഭാരം അവന്റെ കണ്ണുകളെ കുഴിയിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു, അതില്‍ ബാല്യത്തിന്റെ തിളക്കമില്ല .

ടേബിളിനടുത്തുണ്ടായിരുന്ന ജനലിനെ ഗ്രില്ലില്‍ കൂടി ഞാന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നതിനിടയില്‍ വിപിന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തു. പത്തുമിനുട്ടിനകം നല്ല ചൂടന്‍ ബിരിയാണി മുന്നിലെത്തി.

കഴിച്ചുതുടങ്ങി ഒരു അന്‍ച് മിനുട്ട് കഴിഞപ്പോള്‍ , ഒരു അലര്‍ച്ച കേട്ടു.

"പോ തള്ളേ...കൊറെ നെരായി പറയുന്നു ഇവിടൊന്നുമില്ലെന്ന്...ആള്‍ക്കാരു വരുന്ന സ്ഥലാ..."

കാഷിലിരുന്നിരുന്ന ഒരാള്‍ ആരെയോ നോക്കി ഉച്ചത്തില്‍ അലറുന്നു. ആരാണെന്നറിയാന്‍ ഒന്ന് എത്തിനോക്കിയ
ഞാന്‍ കണ്ടത് ഒരു രൂപം കൂനിക്കൂടി നിലത്തിരിക്കുന്നതാണ്. ഒന്നു ശ്രദ്ധിച്ചപ്പൊ കൂടുതല്‍ വ്യക്തമായി.
പഞ്ഞിയേക്കാള്‍ നരച്ചമുടി, ചുളിവ് നിറഞ്ഞ മുഖം , പഴുപ്പ് നിറഞ്ഞ കണ്ണുകള്‍ , കീറിയ ബ്ലൌസില്‍ കൂടി
ഇടിഞ്ഞുതൂങ്ങിയ മുലകള്‍ പുറത്തുകാണാം , ഉടുത്തിരിക്കുന്നത് മുണ്ടാണോ എന്ന് പോലും പറയാന്‍ പറ്റാത്ത വിധം കീറി അഴുക്കും കറയും നിറഞ്ഞ ഒരു തുണി ചുറ്റിയിരുന്നു.


പക്ഷെ അവരുടെ മുഖം , അവരുടെ കണ്ണുകള്‍ ..അതില്‍ എന്തിനോ വേണ്ടിയുള്ള പ്രതീക്ഷയുടെ വെട്ടമുണ്ടായിരുന്നു. കറവീണ പല്ലുകള്‍ കാട്ടി ആരുടെയോ ദയയ്ക്കായി യാചിക്കുന്ന പോലെ ഒരു ചെറിയ ചിരിയും ! അവര്‍ വീണ്ടും കൈ നീട്ടുന്നു.

പെട്ടെന്ന്, കാഷിലിരുന്ന മനുഷ്യന്‍ , നെറ്റിയില്‍ ചന്ദനക്കുറിയും കയ്യില്‍ രക്ഷയും ഉണ്ടായിരുന്ന മനുഷ്യന്‍ , സീറ്റില്‍ നിന്ന് ചാടിയെണീറ്റു.

"തള്ളേ...പോകാന്‍ .. ഇവിടാള്‍ക്കാരു വരുന്ന സമയാ.."

അവര്‍ ,വാര്‍ദ്ധക്യം വളച്ച നെട്ടെല്ലുമായി കൂനിയിരുന്ന ആ സ്ത്രീ ഒരു അവസാന ശ്രമമെന്നോണം , തന്നാല്‍ കഴിയുന്ന വിധം കണ്ണുകളിലും ചുണ്ടിലും ദയനീയത നിറച്ച് ഒരിക്കല്‍ കൂടി കൈനീട്ടി. 'മക്കളേ...നല്ല വിശപ്പാ...എന്തെങ്കിലും ' എന്നു പറയുന്ന പോലെ.ഇന്നലെ ആരുടെയോ മകളായിരുന്ന,ഭാര്യയായിരുന്ന,
ആരുടെയൊക്കെയോ അമ്മയായിരുന്ന ആ സ്ത്രീ ഇന്ന് ഒരല്‍പം ഭക്ഷണത്തിനുവേണ്ടി....

പക്ഷെ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്ന ആ കണ്ണുകളില്‍ പെട്ടെന്ന് ഭയം നിറയുന്നത് ഞാന്‍ കണ്ടു.അതെ, കാഷിലിരുന്ന ആ മനുഷ്യന്‍ അവരുടെ അടുത്തേയ്ക്ക് നടന്നടുത്തു. എന്നിട്ട് കാലുകൊണ്ട് അവരെ ഒരൊറ്റ തള്ളല്‍ !

നേരേ നില്‍ക്കാന്‍ പോലും നന്നേ പ്രയാസപ്പെട്ടിരുന്ന അവരുടെ ബാലന്‍സ് തെറ്റി, താഴേയ്ക്കുള്ള നാലു
സ്റ്റെയറുകളിലൂടെ അവര്‍ താഴേയ്ക്കുരുണ്ടു.

എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയി. വീഴുന്നതിനിടയില്‍ അവര്‍ ഒരിക്കലെങ്കിലും 'മക്കളെ..വേദനിക്കുന്നെടാ' എന്നു പറഞ്ഞുകാണും . ഒരു നിമിഷമെങ്കിലും ആരെങ്കിലും ഒന്നു താങ്ങിയിരുന്നെങ്കില്‍ എന്ന് പ്രതീക്ഷിച്ചുകാണും , ഒരു നിമിഷമെങ്കിലും 'ദൈവമേ..എന്നെ അങ്ങുവിളിക്കൂ' എന്ന് പ്രാര്‍ത്ഥിച്ചുകാണും .

ഇരുന്ന സീറ്റില്‍ നിന്നും ഞാന്‍ ഓടി താഴേയ്ക്ക് ചെന്നു. വീഴ്‌ചയുടെ ആഘാത്തില്‍ അവരുടെ ചുളുവുകള്‍ വീണ കവിളില്‍ പോറല്‍ .ആ കണ്ണില്‍ നിന്നും അതില്‍ കണ്ണീരൊഴുകി ഇറങ്ങി നീറിയതുകാരണമാകും അവര്‍ അതു തുടച്ചുകളഞ്ഞു.

എനിക്കവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തോന്നി. പക്ഷേ എന്തോ എന്നെ പിന്നോക്കം വലിച്ചു. ഞാന്‍ മുന്നോട്ടാഞ്ഞതാ..പക്ഷെ...

"പട്ടിക്കഴുവേര്‍ടമോനെ...ഒന്നും കൊടുത്തില്ലേല്‍ കൊടുത്തില്ലെന്നേയുള്ളു...ചവിട്ടുന്നോടാ"

വിപിന്റെ ശബ്‌ദം . ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. അവന്‍ കാഷ്യറുടെ കോളറില്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നു.എനിക്ക് ചെയ്യാന്‍ പറ്റാത്തത് അവന്‍ ചെയ്യുന്നു, പ്രതികരണം !!

പെട്ടെന്ന് ആള്‍ക്കാര്‍ കൂടി. വിപിനെ പിടിച്ച് മാറ്റി.രംഗം ശാന്തമായി. ഞാന്‍ ആ സ്ത്രീയുടെ നേരേ വീണ്ടും തിരിഞ്ഞു.

ഇല്ല, അവരെ കാണാനില്ല. ഞാന്‍ ചുറ്റും നോക്കി. അതാ അവിടെ മറ്റൊരു കടയുടെ മുന്നില്‍ അവര്‍ ....

കയ്യില്‍ ഉണങ്ങിപ്പിടിച്ച ബിരിയാണിയുടെ എച്ചില്‍ ഞാന്‍ നോക്കി..എച്ചില്‍ ... അതായിരുന്നു അപ്പോള്‍ ഞാന്‍ . സഹായം വേണ്ടിയിരുന്നവരെ സഹായിക്കാന്‍ അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്ന വെറും എച്ചില്‍ .......

*************************************************************************************************

2 comments:

  1. ഹൊ! കണ്ണു നനയിച്ചല്ലോ മാഷേ...

    ആ രംഗം ലൈവായി കണ്മുന്നില്‍ കണ്ടതു പോലെ. ആ പാവം അമ്മയെ പോലെ ആര്‍ക്കും വേണ്ടാത്തവരായി എത്രയോ പേരുണ്ടാകും... ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൊതിച്ചു കൊണ്ട്... അവസാന ശ്വാസം നിലയ്ക്കും വരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു കൊണ്ട്...

    ReplyDelete
  2. ഈ വൃദ്ധദിനത്തിൽ മനുഷ്യമനസാക്ഷിയെ തൊട്ടുണർത്താൻ പോന്നവിവരണം അസ്സലായി മാഷെ. ആശംസകൾ!!!!!

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...