Saturday, November 11, 2017

തിരിച്ചുപോക്ക്

എല്ലാത്തിനും മഴ സാക്ഷിയായിരുന്നു.
ഒരു മഴയുള്ള രാത്രിയിലാണ് ഞാൻ ജനിച്ചതെന്ന് പറഞ്ഞത് ആരാണെന്ന് കൃത്യമായി ഓർക്കാൻ പോലും കഴിയുന്നില്ല. 
ഇടക്കിടെ സ്വപ്നത്തിൽ വരുന്ന ആ വരട്ടു തള്ളയാണോ ? അല്ലെങ്കിലും അവരെന്തിനാണെന്റെ സ്വപ്നത്തിൽ വന്ന് ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ? അവരൊരു നികൃഷ്ട ജീവിയാണ്. ചില ദിവസങ്ങളിൽ അവരെപ്പേടിച്ച് ഉറങ്ങാതെ കഴിച്ചിട്ടുണ്ട്. അവരുടെ കെട്ടിയോൻ അതുപോലൊരു മഴയുള്ള രാത്രി പുഴ നീന്തി കേറി പോയതാണത്രേ !
ജനലഴികൾക്ക് പുറത്തേയ്ക്ക് നീട്ടിയ കൈയ്യിലൂടെ ഒഴുകിയിറങ്ങിയ മഴവെള്ളം വിളിച്ചപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്. തിരിഞ്ഞു നോക്കി. മേശപ്പുറത്ത് ഭക്ഷണം അടച്ചുവച്ചിട്ടുണ്ട്. പ്ളേറ്റിനടിയിലായി എന്തോ വച്ചിരിക്കുന്നു. എഴുത്താണ്. ആകെ വരുന്ന എഴുത്ത് ഇത് മാത്രമാണ്. വല്ലപ്പോഴുമേ വരൂ. എടുത്ത് പഴയ ആ ഡിക്ഷ്ണറിയുടെ അകത്ത് വയ്ക്കാറാണ് പതിവ്.
തൽക്കാലം അതൊക്കെ അവിടെ തന്നെ വച്ച് കുടയുമായി പുറത്തിറങ്ങി. റോഡിന്റെ വശം ചേർന്ന് നടന്നു. കാലിൽ മഴവെള്ളം മണ്ണിൽ തട്ടിയെത്തിപ്പിടിക്കുന്നു. സോമേട്ടന്റെ പീടികയിലേയ്ക്ക് കയറുമ്പോ മുട്ടോളം നനഞ്ഞിരുന്നു.
"നാലഞ്ച് മാസായല്ലോ കണ്ടിട്ട്...ഇതെന്തൊരു പോക്കാ...? ഞാൻ കരുതി തട്ടിപ്പോയെന്ന് " പഴം പൊതിഞ്ഞ് ചണം വലിച്ച് കെട്ടുന്നതിനിടയിൽ സോമേട്ടൻ ചോദിച്ചു.
"ഒരു ഡോക്യുമെന്ററി ..ഭ്രാന്തിനെ കുറിച്ച്...ഭ്രാന്തുള്ളവരെയും അത് ചികിതിസിക്കുന്നവരെയും ഒക്കെ തപ്പി തപ്പി സമയം പോയതറിഞ്ഞില്ല .."
സോമേട്ടൻ കസേര വലിച്ചിട്ട് തന്നു, കൂടെ ചൂട് ചായയും.കസേരയിലിരുന്ന് ചായ കുടിക്കുന്നതിനിടയിലും പറഞ്ഞുവന്നതിന്റെ ബാക്കി പറയാൻ തോന്നിയില്ല. പ്രതീക്ഷിച്ചിരുന്നിട്ടും ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ സോമേട്ടൻ ഇങ്ങോട്ട് പറഞ്ഞു.
"കാണാതിരുന്നപ്പോ ഞാൻ കരുതി അങ്ങോട്ടേക്ക് പോയതാവുമെന്ന് ... ആരുമില്ലെങ്കിലും അവിടെയൊന്ന് പോണമെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ..."
അതിനും മറുപടിയൊന്നും കൊടുത്തില്ല. കടയുടെ മുന്നിലൊരു കാർ വന്നു നിന്നു. ഗ്ളാസ് ഒരല്പം താഴ്ത്തി ആരോ ഉച്ചത്തിൽ സോമേട്ടനെ വിളിച്ചു .
"ഒരു സ്ഥലം കാണാൻ വന്നവരാ...കൂടെ നിന്നില്ലേൽ അവസാനം നമ്മൾ പുറത്താവും...ഞാൻ പോയിട്ട് വരാം...ഇവിടിരിക്കുവാണോ അതോ? ഇവിടിരുന്നോ..മഴയത്തിനി ആരും വരില്ല..ഞാൻ വന്നേക്കാം.."
സോമേട്ടൻ പറഞ്ഞതൊന്നും കേട്ടില്ല. ചിന്തകൾ മഴനൂലുകൾക്കിടയിലൂടെ അകലങ്ങളിലേക്ക് തറച്ചു. ആരായിരുന്നു അത്? ക്യാംപിലെ സ്ത്രീകളുടെ കോമ്പൗണ്ടിനുള്ളിൽ നിരനിരയായി കുളിക്കാനായി നിൽക്കുന്ന സ്ത്രീകൾക്കിടയിൽ തലമുടി നന്നെ നരച്ച് , ചുളുവുകൾ വീണൊട്ടിയ മുഖം.
നൂറ് ചിന്തകളാണ്. മനസ്സിന് ഭ്രാന്ത് പിടിക്കുന്നതുപോലെ. എല്ലാം പൊട്ടിച്ച് എങ്ങോട്ടെങ്കിലും പോയാലോ? നേരെ വീട്ടിലെത്തി, റെയിൻ കോട്ടിട്ട് , ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഇമ വെട്ടാതെ മുന്നിലുള്ള വഴിയിൽ ദൃഷ്ടിയൂന്നി പായുമ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ആ വരട്ടുതള്ളയായിരുന്നു. അവരുടെ മുറുക്കാൻകറ പിടിച്ച വൃത്തികെട്ട പല്ലുകൾ.
വെയിലണയുന്നതിൽ വിഷമിച്ചാടിയുലഞ്ഞ് നിൽക്കുന്ന കതിരുകൾക്കിടയിലൂടെയുള്ള വഴിയിലൂടെയാണ് യാത്ര. നേരെ ചെല്ലുന്നത് ഒരു കുന്നിൻ ചുവട്ടിലേക്കാണ്. അതിനപ്പുറത്താണ് വീട്. അങ്ങനെയാണ് ഓർമ്മ . പഴകിയ ഓർമകളാണ് .
കുന്നിനപ്പുറമെത്തി. കണ്ടത് ഒരു പാലമാണ്. പാലത്തിനപ്പുറം ഒരു ചെറിയ പീടികയാണെന്ന് തോന്നുന്നു. മറ്റൊന്നും കണ്ടില്ല. അടിയിൽ പുഴയുടെ ഓർമ്മകളൊഴുകുന്ന പാലത്തിലൂടെ പോകുമ്പോൾ ഭൂതകാലത്ത് ആർത്തലച്ചിരുന്ന കുത്തൊഴുക്കിന്റെ ശബ്ദമായിരുന്നു തലയ്ക്കുള്ളിൽ. പീടികയുടെ മുന്നിലായി നിർത്തി. ഷർട്ടിടാത്ത, ഒരു മുണ്ട് മാത്രമുടുത്ത ഒരു വയസ്സൻ, വെറ്റില മുറുക്കിക്കൊണ്ടിരിക്കുന്നു.
"ഇവിടെ ഒരു രാഘവന്റെ വീടുണ്ടായിരുന്നല്ലോ..?"
കച്ചവടത്തിനല്ല അയാളീ പീടിക നടത്തുന്നതെന്ന് അയാളുടെ നോട്ടത്തിൽ നിന്നും മനസ്സിലായി.
"പണ്ടേ വിറ്റുപോയി...ഇപ്പൊ ഭഗവതിയമ്പലത്തിന്റെ കിഴക്കാ..."
"ഭഗവതിയമ്പലമെന്ന് പറയുമ്പോ..?"
"ഇവിടെ അമ്പലമൊന്നേയുള്ളു...."
അയാൾ എവിടെ നിന്നോ മൺവെട്ടിയെടുത്ത്‌ പീടികയുടെ പിന്നാമ്പുറത്തേയ്ക്ക് പോയി.
അമ്പലം കണ്ടെത്താൻ വലിയ പ്രയാസമൊന്നുമുണ്ടായില്ല. നടതുറന്നതിന്റെയാവും, മണിയടി വഴി കാട്ടിത്തന്നു.
തേടി വന്ന വീട് കണ്ടു. മുറ്റം അടിച്ചതെ ഉണ്ടായിരുന്നുള്ളു എന്ന് ചൂലിന്റെ പാടുകൾ കണ്ടപ്പോൾ മനസ്സിലായി. വീടിന്റെ മുൻവാതിൽ തുറന്നിട്ടിരുന്നു. ആരെയും കണ്ടില്ല. മുറ്റത്ത് കണ്ട പായൽ പിടിച്ച കിണറ്റിൻകരയിലേക്ക് നടന്നു . കിണറിന് നല്ല ആഴമുണ്ട്, എങ്കിലും തെളിവുള്ള കിണറാണ്.
"ആരാ?"
സ്ത്രീ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.
"രാഘവൻ?"
"അച്ഛനിവിടില്ല..." പേര് വിളിച്ചതിലെ അമർഷം ആ ശബ്ദത്തിലുണ്ടായിരുന്നു.
"എനിക്ക് എഴുതുമായിരുന്നു...വർഷത്തിൽ ഒന്നോ രണ്ടോ തവണ...അറിയുമോ എന്നറിയില്ല..."
പെട്ടെന്ന് പെൺകുട്ടിയുടെ മുഖം പ്രസാദിച്ചു.
"അറിയാതിരിക്കാനെന്താ...അച്ഛനാകെ എഴുതുന്നത് അതാ..."
"എപ്പോ വരും ?"
"ഇന്നിനി വരില്ല്യാന്നാ പറഞ്ഞെ...ടൗണിലെ ഏതോ ആശുപത്രീൽ പോയതാ...പരിചയത്തിലാരോ മരിച്ചു..അങ്ങനെ പോയതാ..പോയിട്ടിപ്പോ മൂന്നുനാലു ദിവസമായി.."
"ഓ..ശെരി...ഞാൻ വന്നിരുന്നൂന്ന് പറയണം ..."
"നേരം ഇരുട്ടിയതുകൊണ്ടാ ...ഇല്ലെങ്കിൽ അകത്തേക്കിരിക്കാൻ പറഞ്ഞേനെ...പോകുന്നതിനു മുൻപ് അമ്പലത്തിലൊന്ന് കേറിക്കോളു..അച്ഛനില്ലാത്തപ്പൊ വന്നാൽ പറയാൻ പറഞ്ഞിരുന്നതാ .."
ഒരു നിമിഷം സംശയത്തോടെ ആ കുട്ടിയെ നോക്കി. പിന്നെ കൊതുകിനെയാട്ടാൻ തൊണ്ട് കത്തിച്ചിരുന്നതിൽ നിന്നും ഉയർന്ന പുകമേഘത്തിനിടയിലൂടെ പതുക്കെ തിരിഞ്ഞ് നടന്നു.
മഴയും പുഴയും ആ വരട്ടുതള്ളയുമെല്ലാം വന്നിട്ടും, ഭഗവതിയമ്പലം മാത്രം സ്വപ്നത്തിൽ വന്നതേയില്ല. അമ്പലത്തിനടുത്തെത്തുന്തോറും നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു വലിയ ആൽമരം. അതിനടുത്തതാണ് നടപ്പന്തൽ. പിന്നെ പായൽ പിടിച്ച പടികൾ ചവിട്ടികേറിയാൽ അമ്പലമായി. അകത്തോ പുറത്തോ ആരെയും കണ്ടില്ല. ആൽമരത്തിന്റെ ചുവട്ടിൽ വണ്ടി വച്ച് അതിനു മുകളിലായി കിടന്നു. ഭാരമൊക്കെ അടിച്ചകറ്റുന്ന കാറ്റ്.
കണ്ണുകൾ മെല്ലെയടഞ്ഞു.
"മോനെ...എവിടുന്നാ..?"
ഞെട്ടിയുണർന്നു. മുന്നിൽ അതേ വരട്ടുതള്ള. പെട്ടെന്ന് ഞെട്ടി പിന്നിലേയ്ക്ക് പോയി വീണത് തറയിലേക്കാണ്. ചാടിയെണീറ്റു. സൂക്ഷിച്ച് നോക്കി. അവർ തന്നെ. താഴെ തറയിൽ കുത്തിയിരുന്ന് എന്തോ പെറുക്കിയെടുക്കുന്നു. പൂക്കളാണ്. കയ്യിലിരിക്കുന്ന ചെറിയ വട്ടിയിലേക്ക് പെറുക്കിയിടുന്നു.
"എന്നേം കൂടി പേടിപ്പിച്ചു.." അവർ പിറുപിറുത്തു.
"നിന്റെ കൈ മുറിഞ്ഞു....ഇങ്ങു പോരെ...ഇവിടിരിക്കാം"
അപ്പോഴാണ് കൈ മുറിഞ്ഞ കാര്യം ശ്രദ്ധിച്ചത്. നടപ്പന്തലിലേയ്ക്ക് അവരെ അനുഗമിച്ചു. അവർ തുണികീറി തന്നത് കയ്യിൽ കെട്ടി. അവിടെയിരുന്നു.
"ഇപ്പൊ ഒറ്റയ്ക്കാ...കൂട്ടിനുണ്ടായിരുന്നോള് കഴിഞ്ഞ മാസം ദീനം വന്നുപോയി...ഞാനിവിടേം അവള്, കുഞ്ഞിരിക്കുന്ന സ്ഥലത്ത് , അവിടേം ഇരുന്ന് വർത്താനോം പറഞ്ഞ് ...എന്ത് വാർത്താനാ...ഞാൻ മാത്രേ പറയു...അവൾക്ക് പണ്ടേ ദീനാ .. മിണ്ടാതെ ഇരിക്കും ചിരിച്ചോണ്ട് ..."
വരട്ടുതള്ളയോട് ആദ്യമായി പേടി തോന്നുന്നില്ല. അവരെന്തിനാണ് എന്നോടിതൊക്കെ പറയുന്നത് ?
"ദേ ...ആ മച്ച് കണ്ടോ...ആര് തൊഴുതിറങ്ങിയാലും അവരുടെ കയ്യിൽ നിന്ന് ചന്ദനം ചോദിച്ച് വാങ്ങും...എന്നിട്ടാ മച്ചിൽ തൂക്കും..."
മച്ചിലേയ്ക്ക് നോക്കി. അധികം ഉയരമില്ല. ഒരു കൂന ചന്ദനം കട്ട പിടിച്ചിരിക്കുന്നു.
കുറച്ച് നേരം കൂടി അവിടെ ഇരുന്നു. പിന്നെ ആ വരട്ടുതള്ളയ്ക്ക് പത്ത് രൂപ കൊടുത്ത് പതുക്കെ എണീറ്റു. തല മച്ചിൽ മുട്ടി.
"സൂക്ഷിച്ച്.." കാശ് കിട്ടിയതിന്റെ സ്നേഹം വരട്ടുതള്ളയ്ക്ക്.
വന്ന ആളെ കണ്ടില്ല. എങ്കിലും ഒഴിഞ്ഞ മനസ്സുമായി തിരിച്ച് വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. മഴ തോർന്നിരുന്നു. ഇരുട്ടാണ്. സോമേട്ടന്റെ കടയിൽ പ്രകാശം കണ്ടു. ബൾബിന് ചുറ്റും ഈയലുകൾ ചാവേറുകളാവാൻ മത്സരിക്കുന്നു.പോരുമ്പോൾ പറയാമായിരുന്നു എന്ന് തോന്നി.
രാഘവേട്ടന്റെ എഴുത്താണ്. പക്ഷെ രണ്ടെണ്ണം! മേശപ്പുറത്ത് ഇരിക്കുന്നു. മാസങ്ങളായില്ലേ ഇവിടുന്ന് താൻ അപ്രത്യക്ഷമായിട്ട്. കണക്കുപ്രകാരം രണ്ടെണ്ണം ശെരിയാണ്. അതെടുത്ത് കസേരയിലേക്ക് ചാഞ്ഞു. ഒരു സിഗരറ്റും കൊളുത്തി.
ചില വാക്കുകൾ കരളിലും നെഞ്ചിലും എന്തോ കുത്തിയിറക്കി.
'നിന്റെ അമ്മ , ഭഗവതിയമ്പലം, നടപ്പന്തലിലെ പൂകെട്ടൽ പിന്നെ അതുവരെ പറയാതിരുന്ന ദീനം. രാഘവേട്ടന്റെ ഭാഷയിൽ ഭ്രാന്തല്ല..അതുപോലെന്തോ ദീനം '
രണ്ടാമത്തെ കത്തിൽ ആകെയുണ്ടായിരുന്നത്‌ രണ്ടുവരി.
'നിന്റെ അമ്മയുടെ ആശുപത്രീന്ന് വിളിച്ചിരുന്നു..അത്യാവശ്യമായി പോകുന്നു'
തല കറങ്ങുന്നതുപോലെ തോന്നി. കയ്യിൽ തലയമർത്തി കണ്ണുമടച്ച് കുറച്ച് നേരമിരുന്നു. കണ്ണ് തുറന്നപ്പോഴേക്കും കൈയ്യിലെ ചന്ദനം കുഴഞ്ഞിരുന്നു.


*End

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...