Saturday, November 11, 2017

ചുവന്ന ജിലേബി

"ഹു.."
ഈച്ചകളാണ്. മുറിവ് ആരുടേതായാലും അവർ അരിക്കും . ഉറക്കമുണർന്ന അവൻ ഒരു നിമിഷം അവന്റെ പുതുമുറിവിൽ ഈച്ചകളുടെ ശക്തി അളന്നു. പിന്നെ സഹിക്കാൻ കഴിയാതെ തട്ടിയകറ്റി. അവൻ ചുറ്റും നോക്കി. അവിടെയും ഇവിടെയുമായി രണ്ടുമൂന്നു പേർ ഇരിക്കുന്നു. പാലത്തിനടിയിലാണ്. മുകളിൽ വാഹങ്ങളുടെ ഇരമ്പലുകൾ. നേരം അത്യാവശ്യം നന്നായി തെളിഞ്ഞിരിക്കുന്നു. അവൻ മെല്ലെ എണീറ്റു . ഇന്നലെ രാത്രിയിലെ ഓട്ടത്തിൽ കാലുകളിൽ ക്ഷീണം . അവൻ നടന്ന് പാലത്തിനു മുകളിൽ കയറി. കടന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ കൂടി റോഡിനപ്പുറമുള്ള ഒരു ഹോട്ടലിൽ അവന്റെ ശ്രദ്ധ പതിഞ്ഞു.
സമയം എന്തായി എന്ന് ഒരുറപ്പുമില്ല. എന്തായാലും ഉച്ചയായി എന്ന് വെയിലിന്റെ ചൂടില്‍ നിന്നും അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും ആരോ പുറത്തേയ്ക്കെറിഞ്ഞ എച്ചിലിലയില്‍ നിന്നും മനസ്സിലായി.അവൻ മെല്ലെ റോഡ് മുറിച്ച് കടന്ന് ഹോട്ടലിൽ എത്തി. നല്ല തിരക്കാണ്. വിശപ്പ് എല്ലാവരെയും ഒരുമിപ്പിക്കും. ചുറ്റും പരതി നിന്ന അവനെ കടക്കാരൻ സൂക്ഷിച്ചുനോക്കി. ഇങ്ങനെ ആരെങ്കിലും സൂക്ഷിച്ചുനോക്കുന്നത് അപകടസൂചനയാണ്. അവൻ പതിയെ പുറത്തിറങ്ങി. ഒരു ബക്കറ്റിൽ വെള്ളം വച്ചിരിക്കുന്നു. കൈ കഴുകാനുള്ളതാണ് . അവൻ അടുത്ത് ചെന്ന് ഒരു മഗ് വെള്ളമെടുത്ത് മുഖം കഴുകി. വീണ്ടുമൊന്നെടുത്ത് വായിൽ വച്ചു . ബക്കറ്റിലുണ്ടായിരുന്ന ഭക്ഷണാവശിഷ്‌ടങ്ങളോടൊപ്പം ആ വെള്ളം അവന്റെ കണ്ഡമിറങ്ങി .
വെള്ളം കൊണ്ട് വിശപ്പടക്കി. പക്ഷെ നേരം വൈകി. ഇനി ചന്തയിൽ ചെന്നാൽ എല്ലാം മടങ്ങിയിട്ടുണ്ടാകും. പക്ഷെ ഇന്നത്തെ വിശപ്പ് നാളത്തേയ്ക്ക് മാറ്റി വയ്ക്കാൻ കഴക്കിയില്ല. അവൻ ഓടി. ചന്തയിൽ നിന്നും മീൻ വണ്ടികൾ തിരിച്ചുപോകുന്നു. അവൻ വേഗത കൂട്ടി. ചന്തയിൽ എത്തിയിട്ടേ ഓട്ടം നിർത്തിയുള്ളു. അവൻ ചുറ്റും നോക്കി. അവിടവിടെ ഒന്ന് രണ്ടു പച്ചക്കറിക്കാർ ഇരിക്കുന്നു. മുന്നിലെ നിവർത്തിയ പേപ്പറിൽ വാടി തുടങ്ങിയ പച്ചക്കറികൾ. അഴിച്ചുവിട്ട കാളകൾ ഒന്ന് രണ്ടെണ്ണം മണ്ണടിഞ്ഞ പഴത്തൊലി തിന്നുന്നു. കുറച്ച് മീൻകാരികൾ ഒരു കോണിൽ നിന്ന് സംസാരിക്കുന്നു. അടുത്ത് തന്നെ മീൻ കുട്ടകളും പാത്രങ്ങളും അടുക്കി വച്ചിരിക്കുന്നു. നേരത്തെ പോയ വണ്ടി മടങ്ങി വരണം അവരെ കൊണ്ട് പോകാൻ. അവൻ നടന്ന് അവരുടെ അടുത്തേയ്ക്ക് ചെന്നു . നേരത്തെ പരിചയമുള്ളതിനാൽ അതിലൊരുത്തി അവനോട് കുട്ടകളെടുത്തോളാൻ ആംഗ്യം കാട്ടി.
"ദോ..അവിടെ" ദൂരെ വണ്ടി കിടക്കുന്നത് ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു.
അവൻ കൈകൾ കൂട്ടിയുരുമ്മി ഉഷാറായി. കുട്ടകൾ എടുത്തുപൊക്കി. ഭാരമുണ്ട്. വിൽക്കാതെ ബാക്കി വന്ന മീനുണ്ടാവും അതിൽ. മീൻ വെള്ളം അപ്പോഴും ഇറ്റ് വീഴുന്നുണ്ട്. കുട്ടകൾ തോളിൽ വച്ച് അവൻ വണ്ടി ലക്ഷ്യമായി നടന്നു. .
ഉലഞ്ഞിറ്റ് വീഴുന്ന മീൻവെള്ളം അവന്റെ കാലിലെ മുറിവിലും തട്ടി തെന്നി. ഒരു നിമിഷം അവൻ നിന്നു. നീറ്റലാണ്. മുറിവുള്ള കാൽ ഒന്നാഞ്ഞു കുടഞ്ഞു. നീറ്റൽ മാറുന്നില്ല. അല്ലെങ്കിലും വേദനകൾ മാറാൻ സമയമെടുക്കും.
വണ്ടിയിൽ കുട്ടകൾ വച്ച് നിരക്കി ഉള്ളിലേക്കാക്കി. കുനിഞ്ഞ് കാലിലെ മുറിവിൽ കൈപ്പത്തി അമർത്തിപ്പിടിച്ചു. കയ്യിൽ പറ്റിയ മീൻവെള്ളവും ചോരയും നിക്കറിൽ ഒപ്പി. അവൻ മുറിവിൽ സൂക്ഷിച്ച് നോക്കി. മാംസം കീറി, ചുവപ്പ് നിറത്തിൽ മുറിവ് ചിരിക്കുന്നു.
ചുവന്ന് ചിരിക്കുന്ന മുറിവ്. അവൻ മുറിവിന്റെ ചുണ്ടുകൾ മെല്ലെ തലോടി.
ഒരു നിമിഷം അവന്റെ ഓര്‍മ്മ പിറകോട്ട് പോയി.
അടുത്തുള്ള മൈതാനത്ത് ഇന്നലെയാണ് സർക്കസുകാർ കളി തുടങ്ങിയത്. എങ്ങോട്ടോ പോകുന്നതിനിടയിൽ, അല്ലെങ്കിൽ എവിടെ നിന്നോ വരുന്നതിനിടയിലാണ് അവനത് കണ്ടത്. രാത്രിയുടെ നിറത്തിനു നല്ല ഭംഗിയിൽ വെള്ളപ്പൊട്ടുകൾ ചാർത്തി നിന്ന കൂടാരം. ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദങ്ങൾ കേൾക്കാം. ക്ഷീണമൊക്കെ മറന്ന് പിന്നെ ഒരു ഓട്ടമായിരുന്നു.
മൈതാനത്താണ് കൂടാരം. ഒരു വലിയ കൂടാരത്തിനു ചുറ്റുമായി രണ്ടു മൂന്ന് ചെറുകൂടാരങ്ങൾ. വലുതിൽ സർക്കസാണ്. അതിനകത്തുനിന്നും വലിയ ശബ്ദങ്ങളും കൂക്കുവിളികളും കൈയ്യടികളും കേൾക്കാം. അതിലേക്കുള്ള വാതിൽ അടഞ്ഞിരിക്കുന്നു. വാതിലുകൾ ഇല്ലാത്ത ചെറുകൂടാരങ്ങൾ കൂടുതലും നിശബ്ദമാണ്. അവനതിലൊന്നിൽ കയറി. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കൂടാരമാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള കളിപ്പാട്ടങ്ങൾക്ക് പക്ഷെ അവനെ ആകർഷിക്കാനുള്ള കഴിവില്ലായിരുന്നു. അവിടെ നിന്നിറങ്ങി അടുത്ത കൂടാരത്തിലേയ്ക്ക്. അവൻ എത്തുന്നതിനേക്കാൾ മുൻപ് അവനിലേക്കെത്തിയത് കൊതിപ്പിക്കുന്ന മണമാണ്.
ആരെയോ അതിസ്തുതി ചെയ്യാനെന്നോണം കാലിൽ ഇഷ്ടം കൂടിയിരുന്ന മണൽതരികളെ തട്ടിക്കളഞ്ഞവൻ അതിനകത്തേയ്ക്ക് കയറി. ചില്ലലമാരകളും വലിയ ചീനിച്ചട്ടികളും പലഹാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാലും അവനെ ആകർഷിച്ചത് എണ്ണക്കറുപ്പൻ ചീനിച്ചട്ടിയിൽ, എണ്ണയിൽ പതഞ്ഞ് കുളിച്ചുകിടക്കുന്ന ജിലേബികളാണ്. കുളി കഴിഞ്ഞ് പാത്രത്തിൽ കയറി ഇരിക്കുമ്പോൾ അതിന് ചുവപ്പ് നിറമായിരുന്നു.


നോക്കി നിൽക്കെ ജിലേബിപാത്രങ്ങൾ നിറഞ്ഞുവന്നു. ഏറ്റവുമൊടുവിൽ കോരിയിട്ടതിൽ നിന്നും ഒരെണ്ണം ഊർന്ന് മണ്ണിൽ വീണു. അവൻ അത് കുനിഞ്ഞെടുത്തു . ചൂടുകാരണം പിടി വിട്ടുപോയി. കുനിഞ്ഞിരുന്ന് ഊതിയാറ്റി , വീണ്ടും അതെടുത്ത് നിവർന്നു.
"വയ്ക്കെടാ അവിടെ"
ഒരലർച്ചയായിരുന്നു. ഞെട്ടിത്തിരിയുന്നതിനിടയ്ക്ക് എന്തോ ശക്തിയായി കാലിൽ വന്നുകൊണ്ടു. അറിയാതെ കയ്യിലിരുന്ന ജലേബിയുടെ പിടി വിട്ടു പോയി, കണ്ണു പെട്ടെന്നു നിറഞ്ഞു പോയി, അവൻ കുനിഞ്ഞിരുന്നുപോയി. പിന്നെ സർവ്വശക്തിയുമെടുത്ത് ഓടി. മൈതാനവും കടന്ന് കുറെ ദൂരം താണ്ടി പാലത്തിനു മുകളിൽ എത്തി, ഒരു നോക്ക് വീണ്ടും നോക്കി ദൂരെ കൂടാരത്തിലേയ്ക്ക്. പഴയ ഭംഗി തോന്നിയില്ല.
പാകത്തിനടിയിലെ ഇരുട്ടിലിരുന്ന് അവൻ മെല്ലെ കാലിൽ പരതി. വലിയൊരു മുറിവ്, ചോര ഒളിക്കുന്നുണ്ട്. കിതപ്പൊതുക്കി മുറിവിന്റെ ചുണ്ടിൽ മെല്ലെ വിരലോടിച്ചു. വിരലുകളപ്പോഴും ജിലേബിയുടെ ഓർമയിലാണ് , ഒട്ടിപ്പിടിക്കുന്നു .
"ദാ ടാ ചെക്കാ.." ആരോ വിളിക്കുന്നത് കേട്ട് അവൻ മുഖമുയര്‍ത്തി.
മീൻകാരിയാണ് . വണ്ടിയിൽ കയറാനെത്തിയതാണ്. അവർ അവന്റെ കയ്യിലേക്ക് പത്ത് രൂപ നോട്ട് നീട്ടി.
ചെതുമ്പൽ നിറഞ്ഞ നോട്ട് വാങ്ങി അവൻ ചന്തയിലെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. അവിടെ അവന്റെ ശ്രദ്ധയെ ആദ്യം എതിരേറ്റത് കണ്ണാടിച്ചില്ലിനുള്ളിലെ സുന്ദരൻ ജിലേബികളാണ്.
പെട്ടെന്നവന്റെ മനസ്സിൽ തലേ ദിവസത്തെ മണവും കണ്ണിൽ നിന്ന് മായാത്ത ചുവപ്പ് നിറവും കടന്നുവന്നു.
അവൻ പായ്‌ക്കറ്റിലെ വില നോക്കി . പത്ത് രൂപ .
"അണ്ണാ ..ഒരു പൊതിച്ചോറിനെത്രയാ ??"
"ഇരുപത് "
ഒരു നിമിഷം അവൻ ജിലേബികളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് കൈയ്യിലെ കാശ് കടക്കാരന് നേരെ നീട്ടി പറഞ്ഞു,
"അരപ്പൊതി ചോറ് "
അവന്റെ മനസ്സിൽ നിറവും മണവും കടന്ന് ഒടുവിലായി എത്തിയത് വിശപ്പായിരുന്നു .



*End

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...