Thursday, May 12, 2011

ഭൂമിക്കൊരാശ്വാസമായി കാര്‍ബണ്‍ ക്രെഡിറ്റുകള്‍

ഭൂമിയുടെ ഹരിതാവരണത്തിനെന്നും ഭീഷണീയായി നിലകൊണ്ടിരുന്നവയാണ് ഗ്രീഹ് ഹൌസ് വാതകങ്ങള്‍ അഥവാ  ഹരിതഗൃഹവാതകങ്ങള്‍ .
ഭൂമിക്കേറ്റവും കൂടുതല്‍ ഭീഷണിയുണ്ടാക്കുന്ന ഈ വാതകങ്ങളെ പിടിച്ചുകെട്ടുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.പ്രത്യേകിച്ച് വികസിതരാജ്യങ്ങള്‍ അവരുടെ വികസിതത്വം നിലനിര്‍ത്താന്‍ പാടുപെടുമ്പോഴും വികസ്വരരാജ്യങ്ങള്‍ വികസിതമാകാന്‍ പ്രയാസപ്പെടുമ്പോഴും .

എങ്കിലും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി എന്ന് മനുഷ്യന്‍ കരുതുന്ന മനുഷ്യന്‍ തന്നെ ഭൂമിയെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തില്ലെങ്കില്‍ ഒരു പക്ഷെ വംശം തന്നെ അന്യം നിന്നുപോകുമെന്നും നാളെ വേറെ ഏതെങ്കും ജീവികള്‍ അവരുടെ മ്യൂസിയത്തില്‍ നമ്മുടെയൊക്കെ ഫോട്ടോ വച്ച 'സീ..ദാറ്റ് ഈസ് എ ഹ്യുമന്‍ ' എന്ന് പറയുന്ന ഒരു സാഹചര്യം വരും . ഇതൊക്കെ മുന്നില്‍ കണ്ടാവണം വികസിത രാജ്യങ്ങളുള്‍പ്പടെ ഭൂമിയെ രക്ഷിക്കാനായി മുന്നോട്ട് വന്നത്.

1997 -ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ വികസിതരാജ്യങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും പ്രതിനിധികള്‍ ഒത്തുകൂടി ഭൂമിയെ എങ്ങനെ രക്ഷിക്കാം എന്ന് കൂലങ്കഷമായി ആലോചിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞുവന്നൊരാശയമാണ്, കാര്‍ബണ്‍  ക്രെഡിറ്റ്!
ഫാക്ടറികള്‍ പല വ്യാവസായികാവശ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണ്‍ വാതകം പുറം തള്ളുന്നു എന്നുള്ളത് എല്ലാവര്‍ക്കുമറിയാം . ഭൂമിയെ രക്ഷിക്കുക എന്ന് പറഞ്ഞാല്‍ ഇങ്ങനെ പുറം തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളെ നിയന്ത്രിക്കണം അല്ലെങ്കില്‍ കുറയ്ക്കണം എന്നാണ്.

വികസിതരാജ്യങ്ങള്‍ക്ക് അവരുത്പാദിപ്പിച്ച് തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ് കുറയ്ക്കുക എന്നതിനു രണ്ട് വഴികളുണ്ട്. ഒന്ന്, ഉത്പാദനം കുറയ്ക്കുക. രണ്ട് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉത്പാദനം അതേ നിലയില്‍ നില നിര്‍ത്തിക്കൊണ്ട് കാര്‍ബണ്‍ പുറം തള്ളുന്നത് കുറയ്ക്കുക.

ഇതില്‍ ആദ്യത്തേ വഴി ആത്മഹത്യാപരമാണ്. വികസിതരാജ്യത്തിനെ സംബന്ധിച്ച് ഉത്പാദനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ വളര്‍ച്ച കുറയുക എന്നര്‍ത്ഥം . അങ്ങനെ വന്നാല്‍ അവര്‍ക്ക് 'ഓട്ടമത്സരത്തില്‍ ' പിടിച്ച് നില്‍ക്കാന്‍ പറ്റില്ല.

രണ്ടാമത്തേത് വളരെ ചിലവ് കൂടിയതാണ്. ഒരു ഫാക്ടറി മൊത്തമായി തന്നെ ചിലപ്പൊ പുതുക്കി പണിയേണ്ടി വരും .അപ്പൊ അതും നടക്കില്ല. ഈ രണ്ട് പോംവഴികളും നടപ്പിലാക്കാന്‍ പ്രയാസമായതുകൊണ്ടാണ്, മൂന്നാമതൊരു പോംവഴിയെക്കുറിച്ച് ചിന്തിക്കുന്നതും കാര്‍ബണ്‍ ക്രെഡിറ്റ് എന്ന ആശയം ജനിക്കുന്നതും .

അതായത്, വികസിത രാജ്യങ്ങള്‍ ഭൂമിയെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത വികസ്വരരാജ്യങ്ങളിലൂടെ നടപ്പാക്കുന്നു. അതായത്, വികസ്വരരാജ്യങ്ങളിലെ ഫാക്‌ടറികളില്‍ കുറഞ്ഞ മാത്രം കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിക്കും . അതിനുവേണ്ടിയുള്ള സാങ്കേതികസഹയാവും അവര്‍ ചെയ്യും . ഇങ്ങനെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറം തള്ളുന്ന വികസ്വരരാജ്യങ്ങള്‍ക്ക് വികസിതരാജ്യങ്ങള്‍ കാശും നല്‍കുന്നു. എന്നാലിത് വെറുതെയല്ല.

ഉദാഹരണത്തിന്, ഒരു കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 100,000 ടണ്‍ കാര്‍ബണ്‍ ഹരിതഗൃഹവാതകങ്ങള്‍ പുറം തള്ളുന്നു എന്നു കരുതുക. ഗവണ്‍മെന്റിന്റെ നിയമപ്രകാരം ഇത് 80,000 ടണ്‍ മാത്രമായിരിക്കണം . അങ്ങനെ വരുമ്പോള്‍ കമ്പനി ഒന്നുകില്‍ ഉത്പാദനം കൂറയ്ക്കുക. അല്ലെങ്കില്‍ കാര്‍ബണ്‍ കുറഞ്ഞ അളവില്‍ പുറം തള്ളുന്ന വികസിതരാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങുക !

ഇപ്പൊ ചിത്രം തെളിഞ്ഞുവരുന്നുണ്ടോ? ഹരിതഗൃഹവാതകങ്ങള്‍ കുറഞ്ഞ അളവില്‍ പുറം തള്ളുന്ന വികസ്വരരാജ്യങ്ങളിലെ കമ്പനികളുടെ കയ്യില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ കാണും . വികസിത രാജ്യങ്ങളിലെ ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന കമ്പനികള്‍ അവയില്‍ നിന്നും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങും . അതിനുള്ള വിലയും കൊടുക്കും .

മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ , അനുവദനീയമായതിനേക്കാള്‍ 20,000 ടണ്‍ കൂടുതല്‍ ഹരിതഗൃഹവാതകം ഉത്പാദിപ്പിക്കുന്ന കമ്പനി 20,000 കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങിയിരിക്കണം . ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനു തുല്യമാണ്, ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന്റെ വിപണിവില 1500 രൂപയോളമാണ്.

 ഇന്ത്യയും ചൈനയുമാണ്, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റഴിക്കുന്നത്. അതായത് ഏറ്റവും കുറവ് കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണു നമ്മള്‍ !

ഇത്തരത്തിലുള്ള ഒരു സാമ്പത്തികലാഭം രാജ്യങ്ങളെ കൂടുതല്‍ വനവത്‌കരണത്തിനു പ്രോത്സാഹിപ്പിക്കും . അതുവഴി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടായാലും അവയെ വലിച്ചെടുത്ത് രാജ്യത്തിനു നേട്ടമുണ്ടാക്കാന്‍ കഴിയും

ഇതിന്റെ ഒരു പോരായ്മ ആയി എനിക്ക് തോന്നുന്ന ഒരേ ഒരു കാര്യം , ഹരിതഗൃഹവാതകങ്ങള്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കുറ്റം കഴുകിക്കളയാന്‍ വന്‍കിട കമ്പനികള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ഉപയോഗിക്കാം എന്നതാണ്. പക്ഷെ പ്രതിന്‍ഞാബദ്ധമാണെങ്കില്‍ , കമ്പനികള്‍ തന്നാല്‍ കഴിയുന്ന വിധം ഈ വിഷം വമിക്കല്‍ കുറയ്ക്കുക തന്നെ വേണം . ഇതും കൂടി ചേര്‍ന്നാല്‍ കാര്‍ബണ്‍ ക്രെഡിറ്റിന്, എന്റെ തംപ്‌സ്  അപ് !!

[ഇത് സ്വപ്നത്തില്‍ കണ്ടതല്ല. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞത് ]

Monday, May 9, 2011

ചില (പാല്‍)ചായ സല്‍ക്കാരങ്ങള്‍ !


മില്‍മ ലിറ്ററിന്, 100 രൂപ..!

പേടിക്കണ്ട ! ഇത് ഭാവിയില്‍ വരാന്‍ പോകുന്ന വിലയാണ്.

ഇന്നത്തെ പത്രത്തില്‍ പാലിനു വീണ്ടും വില കൂട്ടാന്‍ പോകുന്നു എന്നൊരു വാര്‍ത്ത കണ്ടു. അതാണീ ലേഖനത്തിനാധാരം .

പാല്‍ ചേര്‍ത്ത് ചായ കുടിയ്ക്കുന്ന രീതി തുടങ്ങിയത് ബ്രിട്ടീഷുകാരാണ്.

അതിനുമുന്‍പും പശു ഇവിടെയുണ്ടായിരുന്നു. എന്നാലിന്നേറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പാലിനെ ആശ്രയിക്കുന്നത് പാല്‍ചായ കുടിയ്ക്കാന്‍ വേണ്ടിയാണ്.

ബ്രിട്ടീഷ് ഭരണത്തിനും മുന്‍പ് , വളരെ മുന്‍പ് പുരാതന ഇന്ത്യയില്‍ ചായ കുടിക്കുന്ന ശീലം നിലവിലുണ്ടായിരുന്നു. അരുണാചല്‍ പ്രദേശിലും ബര്‍മ്മയിലും മറ്റുമായി വളര്‍ന്നിരുന്ന കാട്ടുചെടി എന്ന ലേബലില്‍ ആയിരുന്നു അന്ന് തേയിലച്ചെടികള്‍ . പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടുത്തുകാര്‍ തേയിലച്ചെടികളുപയോഗിച്ച് ഒരുതരം പാനീയം കുടിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് അതിനു പേര്, കട്ടനെന്നായി.

ബ്രിട്ടീഷുകാര്‍ വന്നതോടുകൂടി തേയില വ്യാപകമായി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചുതുടങ്ങി. ചായ കുടിക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നിരിക്കണം . ഇന്ത്യയില്‍ നിന്നും ഉടനെയൊന്നും പോകില്ല എന്നുറപ്പുമുണ്ടായിരുന്നതുകൊണ്ടാവും വന്‍തോതില്‍ തേയിലച്ചെടി ആസ്സാമില്‍ കൃഷി ചെയ്തത്.

കാലാന്തരത്തില്‍ അവരുടെ ആശ്രിതരായിക്കഴിഞ്ഞ ഇന്ത്യക്കാരും ചായ കുടിയ്ക്കുന്നത് ശീലമാക്കി.

പതിനേഴാം നൂറ്റാണ്ടില്‍ ഈ ചായയോടൊപ്പം പാല്‍ കൂടി ചേര്‍ക്കുന്നൊരു പരിപാടി യൂറോപ്പില്‍ നിലവില്‍ വന്നു. അതിനുകാരണം അന്ന് അവിടെ വ്യാപകമായി പശുവും മറ്റ് ക്ഷീരോല്‍പ്പാദനജീവികളും വ്യാപകമായി ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമാണ്. ആ ശീലം അവിടെ തുടങ്ങി, അവിടുത്തുകാരായ ബ്രിട്ടീഷുകാര്‍ വഴി ഇന്ത്യയിലും വന്നു. ഇതാണ്, പാല്‍ചായയുടെ ഇന്ത്യന്‍ ചരിത്രം .

ഇനി ഇതൊരു അത്യാവശ്യമായിരുന്നോ എന്നുള്ളത്. ഒരിക്കലും അല്ല എന്ന് ഞാന്‍ പറയും . ഇത് കൊളോണിയല്‍ ഭരണത്തിന്റെ ആശ്രിതര്‍ വഴി സാധാരണാ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം മനപ്പൂര്‍വ്വം പ്രചരിപ്പിച്ച ഒരു ശീലമാണ്. ഇതിന്റെ രുചി സാധാരണക്കാരായ ഭാരതീയര്‍ക്ക് പുതുമയുള്ളതായിരുന്നതുകൊണ്ട് 'ബലേ ഭേഷ്' പറഞ്ഞ് രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. അതുവരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിനായി മാത്രം വെള്ളം ചേര്‍ക്കാതെ കുടിച്ചിരുന്ന പാല്‍ പിന്നീട് ചായയോടൊപ്പവും ചേര്‍ത്തുപയോഗിക്കാന്‍ തുടങ്ങി.

ഇതൊരിക്കലും തെറ്റല്ല. അന്നത്തെ സമൂഹത്തിന്റെ ജീവിത രീതി അങ്ങനെയായിരുന്നു. എല്ലാപേരുടെയും വീട്ടില്‍ പശുവോ ആടോ എരുമയോ കാണും . പാല്‍ ആവശ്യം പോലെ. അപ്പൊ രണ്ട് നേരമല്ല, നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പാല്‍ ചായ കുടിയ്ക്കാം !

പിന്നീട് ജീവിത സാഹചര്യം മാറി. പശുവിനെ വളര്‍ത്തിയിരുന്നവര്‍ സ്ഥലപരിമിതിയുടെയും സൌകര്യങ്ങളുടെയും പേരില്‍ അത് ഉപേക്ഷിച്ചു. പരമ്പരാഗത ക്ഷീരോത്പാദകരില്‍ പലരും മറ്റു തൊഴിലുകള്‍ ചെയ്തുതുടങ്ങി. പിന്നീട് വന്ന തലമുറയ്ക്ക് പാലുത്പാദനം കുറച്ചിലായും പാലുപയോഗം അഭിമാനമായും തോന്നി. അവിടെയാണ്, മില്‍മ എന്ന കമ്പനി കേരളത്തില്‍ അവതരിക്കുന്നത് !

1980 - ഇല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ്ങ് ഫെഡെറേഷന്‍ (മില്‍മ) പ്രവര്‍ത്തനമാരംഭിക്കുന്നു. 1963 മുതലേ മലയാളികളുടെ പാലിനോടുള്ള അഭിനിവേസം മുതലെടുക്കാനുള്ള പരിപാടിയുണ്ടായിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാകാന്‍ നീണ്ട 17 വര്‍ഷം വേണ്ടി വന്നു.

മില്‍മ ആദ്യകാലത്ത് അസംഘടിതരായിരുന്ന ക്ഷീരോല്‍പ്പാദകകര്‍ഷകരെ സംഘടിപ്പിച്ച് യൂണിയനുകളുണ്ടാക്കി. ഓരോ യൂണിയനുകള്‍ക്കും ഓരോ മില്‍മാ സൊസൈറ്റികളുണ്ടാക്കി. കര്‍ഷകര്‍ പശുവില്‍ നിന്നും പാലൂറ്റി സൊസൈറ്റികളില്‍ എത്തിച്ചാല്‍ ഒരു തുച്ചമായ തുക കര്‍ഷകര്‍ക്ക് കൊടുക്കും . കിട്ടുന്ന പാല്‍ കവറിലാക്കി വില്‍ക്കുക വഴി തുച്ചമല്ലാത്ത ലാഭം മില്‍മയ്ക്കും കിട്ടും . ഇതായിരുന്നു മില്‍മയുടെ ആദ്യകാല പ്രവര്‍ത്തനം .

കവര്‍ പാല്‍ വിറ്റ് ലാഭം കൊയ്യുന്നത് കൂടാതെ പാലില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന പാലിതര ഉത്‌പന്നങ്ങള്‍ക്ക് പുറമെ നെയ്യ്, വെണ്ണ, തൈര്, മോര്, പേട, പലതരം ഐസ് ക്രീമുകളും കാലാന്തരേ മില്‍മ എന്ന 'മാര്‍ക്കറ്റിങ്ങ്' കമ്പനി ഉത്പാദിപ്പിച്ചു. അതില്‍ നിന്നും ലാഭം കൊയ്തു. ഈ ലാഭത്തിന്റെ വിഹിതം കര്‍ഷകരില്‍ എത്തിയില്ല. മറിച്ച് അത് ഗവണ്‍മെന്റിനുപോയി. ചുരുക്കത്തില്‍ പാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങി കവറിലാക്കി മറിച്ച് വില്‍ക്കുന്നതില്‍ നിന്നും മില്‍മ എന്ന മാര്‍ക്കറ്റിങ്ങ് കമ്പനിയ്ക്ക് ലാഭം പലരീതിയിലാണ്.

നല്ലത്. ലിറ്ററിന്, രണ്ട് രൂപയ്ക്ക് തുടങ്ങിയ കച്ചവടത്തില്‍ നിന്നും അവര്‍ ഇത്രയും ലാഭമുണ്ടാക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധം വരാന്‍ ഇടയില്ല. കാരണം ഇത് സര്‍ക്കാര്‍ കമ്പനിയാണ്. കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് മില്‍മയ്ക്ക് എന്ന് മനസ്സിലായോ അന്ന് തുടങ്ങി കല്ലുകടി. അവര്‍ വിലകൂട്ടി. വര്‍ഷാവര്‍ഷം നടന്ന വിലകൂട്ടല്‍ പരിപാടി ഇത്രേടം വന്ന് നില്‍ക്കുമ്പോള്‍ ലിറ്ററിനു വില,

നല്ലത്. ലിറ്ററിന്, രണ്ട് രൂപയ്ക്ക് തുടങ്ങിയ കച്ചവടത്തില്‍ നിന്നും അവര്‍ ഇത്രയും ലാഭമുണ്ടാക്കുന്നതില്‍ ആര്‍ക്കും ഒരു വിരോധം വരാന്‍ ഇടയില്ല. കാരണം ഇത് സര്‍ക്കാര്‍ കമ്പനിയാണ്. കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് മില്‍മയ്ക്ക് എന്ന് മനസ്സിലായോ അന്ന് തുടങ്ങി കല്ലുകടി. അവര്‍ വിലകൂട്ടി. വര്‍ഷാവര്‍ഷം നടന്ന വിലകൂട്ടല്‍ പരിപാടി ഇത്രേടം വന്ന് നില്‍ക്കുമ്പോള്‍ ലിറ്ററിനു വില, 22 രൂപയായി. (മില്‍മയുടെ മറ്റ് ഉല്‍പന്നങ്ങളുടെ വില എഴുതി വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല).ഇന്നത്തെ ഒരു പ്രസ്ഥാവന പ്രാവര്‍ത്തികമായാല്‍ ലിറ്ററിനു 5 രൂപ കൂടി 27 ആകും .

പശുവില്ലാത്ത പണക്കാരന്, ഇതൊരു വിലയേ അല്ല. പക്ഷെ പശുവില്ലാത്ത പാവപ്പെട്ടവനും മധ്യവര്‍ത്തികുടുംബത്തിനും ഇതൊരു വില തന്നെയാണ്. ദുരഭിമാനം ആവശ്യത്തിലും കൂടുതലുള്ള മലയാളികള്‍ പട്ടിണി കിടക്കും , എങ്കിലും അവന് രാവിലെയും വൈകിട്ടും ഓരോ പാല്‍ ചായ കുടിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ലാത്ത നഷ്ടബോധമാണ്. ഇല്ലാത്ത കാശുണ്ടാക്കി പാല്‍ വാങ്ങും .

അതായത്, ദേശീയ ക്ഷീരോല്‍പ്പാദന ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന മില്‍മ എന്ന 'മാര്‍ക്കറ്റിങ്ങ്' കമ്പനി അവരുല്‍പ്പാദിപ്പിക്കാത്ത പാലിന്, അവര്‍ തന്നെ വില കൂട്ടുന്നു. അത് സഹിക്കേണ്ടി വരുന്നത് ജനങ്ങളും .

ഇനി പറയാന്‍ പോകുന്നത് ഇന്റര്‍നെറ്റില്‍ മിക്കവരും ശ്രദ്ധിച്ചതോ ശ്രദ്ധിക്കാത്തതോ ആയ ഒരു താരതമ്യപഠനത്തെക്കുറിച്ചാണ്.

കട്ടന്‍ ചായ കുടിക്കുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്ന് താരതമ്യപഠനങ്ങള്‍ തെളിയിക്കുന്നു.

1. ഉയര്‍ന്ന പ്രതിരോധശേഷി

2. കാന്‍സര്‍ പ്രതിരോധിക്കാന്‍ നല്ലത്

3. യൌവ്വനയുക്തമായ ചര്‍മ്മം

4. കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും

ഇത്രയും കട്ടനടിക്കുന്നതുകൊണ്ടുള്ള ഉപയോഗങ്ങളാണ്. ഇതില്‍ പാല്‍ ചേര്‍ത്താല്‍ ഈ പറയുന്ന ഗുണങ്ങള്‍ കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

ചുരുക്കത്തില്‍ പാല്‍ചായ കുടിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമാണ്, കട്ടനടിക്കുന്നത്.

പാല്‍ചായ ഉപേക്ഷിച്ചാല്‍ കാശും ലാഭം ആരോഗ്യവും മെച്ചം . എന്നാലിത് നടക്കണമെങ്കില്‍ മലയാളികളുടെ ദുരഭിമാനം മാറണം . എനിതിന്, നമ്മള്‍ കഷ്ടപ്പെടുന്ന കാശ് വല്ലവനും കൊടുക്കണം . മില്‍മയ്ക്ക് ലാഭമുണ്ടാക്കുകയല്ല നമ്മുടെ ജീവിതലക്ഷ്യം . കര്‍ഷകരുടെ ലാഭത്തിന്റെ കണക്കാണു വിലകൂട്ടലിനാധാരമെങ്കില്‍ കര്‍ഷകര്‍ പഴയ രീതിയിലുള്ള പാല്‍ വിതരണത്തിലേയ്ക്ക് പോകുന്നതാണു നല്ലത്. അതായത് വീടുകള്‍ വഴി പാല്‍ വിതരണം നടത്തുക.അവര്‍ക്ക് ന്യായമായ വിലയും കിട്ടും . മില്‍മ എത്ര രൂപ ലാഭമുണ്ടാക്കുന്നു എന്ന് നമുക്കറിയില്ല. എന്തായാലും ഉണ്ടാക്കുന്ന ലാഭത്തിന്റെ തുച്ചമായ സംഖ്യ മാത്രമേ കര്‍ഷകര്‍ക്ക് കിട്ടു എന്ന നിലയ്ക്ക് പഴയ രീതി തന്നെയാണവര്‍ക്ക് നല്ലത്.

അതുകൊണ്ട് പറ്റുമെങ്കില്‍ പാല്‍ചായ കുടിക്കുന്നത് നിര്‍ത്തുക. കാലത്തിനനുസരിച്ച് ശീലങ്ങള്‍ മാറ്റിയില്ലെങ്കില്‍ പിന്നെ ഒരേ ഒരു വഴി നിലവിളിയാണ്!

Wednesday, May 4, 2011

പണത്തിന്റെ നിറം

പണത്തിന്റെ നിറമെന്താണ്‌? ഈ ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ ബുദ്ധിജീവികളുടെ ഭാഷയില്‍ പറയാവുന്ന ഒരുത്തരം പച്ചയെന്നാണ്‌.ഇന്നതിന്‌, വേറൊരു നിറം കൂടി വന്നിരിക്കുന്നു, കറുപ്പ്‌. അല്ലെങ്കില്‍ ബ്ലാക്ക്‌ മണി.

പണ്ട്‌ ഞാനും അന്തം വിട്ടിരുന്നിട്ടുണ്ട്‌, ‘ഇതെന്താ ഈ ബ്ലാക്ക്‌ മണി എന്നൊക്കെ പറഞ്ഞാല്‍ ? ഇതിനിത്ര മാത്രം പ്രാധാന്യമെന്താണ്‌? എന്തിനീ പത്രക്കാരും മറ്റും ഇതിനെ വിളിച്ച്‌ നിലവിളിക്കുന്നു?’ അന്ന്‌ കയ്യില്‍ ഒരു അഞ്ചിന്റെ നോട്ട്‌ കിട്ടിയാല്‍ തിരിച്ചും മറിച്ചും നോക്കും , കറുപ്പിനു വേണ്ടി!

ഞാന്‍ പറഞ്ഞുവരുന്നത്‌ നമ്മുടെ നാട്ടിലെ നടക്കുന്ന കള്ളപ്പണക്രയവിക്രയങ്ങളെ കുറിച്ചാണ്‌.

കള്ളപ്പണം ആദ്യനാളുകളില്‍ ഉണ്ടായത്‌ ഉയര്‍ന്ന ടാക്‌സ്‌ (കരം ) അടയ്‌ക്കുന്നതില്‍ നിന്നും രക്ഷനേടുക എന്നതിനുവേണ്ടിയാണ്‌. വരുമാനം ഉയരുന്തോറും ചിലവുകള്‍ കൂടും ചിലവുകള്‍ കൂടുന്തോറും നേരിട്ടോ അല്ലാതെയോ അടയ്‌ക്കേണ്ടി വരുന്ന ടാക്‌സുകളും കൂടും . അതായത്‌ ഒരുത്തനു ടാക്‌സില്‍ നിന്നും രക്ഷനേടണമെങ്കില്‍ ചിലവുകള്‍ കുറയ്‌ക്കണം.  എന്നാല്‍ ഇത്‌ പ്രായോഇകമല്ല. ചിലവുകള്‍ മനുഷ്യന്റെ താല്‍പര്യത്തിനനുസരിച്ചാണ്‌. ചിലവാക്കുകയും വേണം എന്നാല്‍ ടാക്‌സ്‌ അടയ്‌ക്കാനും വയ്യ, ഈ ഒരു ചിന്തയില്‍ നിന്നാണ്‌, കള്ളപ്പണം ഉണ്ടാകുന്നത്‌.

ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ അയാളുടെ വരവിനനുസരിച്ച്‌ കരമടയ്‌ക്കാന്‍ നിയമത്താല്‍ ബാധ്യസ്ഥനാണ്‌. ഒരാള്‍ക്ക്‌ എന്ത്‌ ജോലി എന്നതും അതിന്റെ വരുമാനം എത്ര എന്നതും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ട്‌. അതിനാല്‍ ഒരാള്‍ക്കധികവരുമാനമുണ്ടായാല്‍ അതിന്റെ ശ്രോതസ്സ്‌ അയാള്‍ കാണിക്കേണ്ടി വരും എന്ന്‌ മാത്രമല്ല അതിന്റെ ടാക്‌സ്‌ കൂടി അടയ്‌ക്കേണ്ടി വരുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ അധികവരുമാനക്കാര്‍ ഇന്ത്യന്‍ ബാങ്കുകളിലാണു പണം നിക്ഷേപിക്കുന്നതെങ്കില്‍ , അത്‌ ടാക്‌സ്‌ പരിധിക്കുള്ളിലാണെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാരിനു ടാക്‌സ്‌ കൊടുക്കേണ്ടി വരും
ഇനി, സമ്പാദ്യം വിദേശബാങ്കുകളില്‍ ആണെങ്കിലോ? വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്‌, ഇന്ത്യന്‍ സര്‍ക്കാരിനു കരം അടയ്‌ക്കേണ്ടതില്ല. എത്ര കോടി രൂപ വേണമെങ്കിലും അവിടെ നിക്ഷേപിക്കാം . ഇത്‌ ആവശ്യാനുസരണം നാട്ടില്‍ എത്തിയ്‌ക്കാവുന്നതേയ്‌ള്ളു. അതായത്‌ വരുമാനത്തില്‍ നിന്നുള്ള കരമടയ്‌ക്കലില്‍ നിന്നും ഇത്തരം ‘അധികവരുമാനങ്ങള്‌’ ഒഴിവാക്കപ്പെടുന്നു.

അപ്പോള്‍ ഇതാണ്‌, കള്ളപ്പണം . ‘അധികം ‘ കിട്ടുന്ന പണം സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച്‌ പൂഴ്‌ത്തി വയ്‌ക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്ന പണത്തിനെ നമുക്ക്‌ കള്ളപ്പണമെന്ന്‌ വിളിക്കാം .

ഇനി, ഈ കള്ളപ്പണം എങ്ങനെയൊക്കെ നമ്മുടെ ഇടയില്‍ എത്താം എന്ന്‌ നോക്കാം .


ഇന്നത്തെ സാഹചര്യത്തില്‍ കള്ളപ്പണമുണ്ടാക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.

1. ധനത്തിന്റെ അധികവ്യയത്തിലുള്ള (ചിലവാക്കാനുള്ള) താല്‍പര്യം. അതായത്‌ വസ്‌തുവകകള്‍ വാങ്ങി കാശ്‌ ചിലവാക്കാനുള്ള താല്‍പര്യം

2. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യം ചെയ്യാനുള്ള താല്‍പര്യം . അതായത്‌ അധികൃതവരുമാനം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍ പെട്ടെന്ന്‌ പിടിക്കപ്പെടും . അതിനാല്‍ അനധികൃതവരുമാനം ഇതിനായി ഉപയോഗിക്കാനുള്ള താല്‍പര്യം

3. അഴിമതി ചെയ്യാനുള്ള താല്‍പര്യം

4. നിയമങ്ങള്‍ (ഇതാണാദ്യം പറഞ്ഞത്‌.ടാക്‌സ്‌ അടയ്‌ക്കേണ്ടി വരുമോ എന്ന ഭയം )

ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കാന്‍ വലിയ പാടൊന്നുമില്ല. പ്‌ഞ്ചായത്തോഫീസില്‍ തുടങ്ങുന്ന നൂറുരൂപയുടെ കൈക്കൂലി സമ്പ്രദായം അങ്ങ്‌ തലയ്‌ക്കലെത്തുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ കാര്യസാധ്യത്തിനായി നൂറുകോടിയാക്കുന്നു. ഇത്‌ കൂടാതെ അഖിലേന്ത്യാതലത്തിലുള്ള സംഘടനകളുടെ പേരിലുള്ള പിരിവുകള്‍ . ഈ പിരിക്കുന്ന പണം സംഘടനയില്‍ എത്തിയാല്‍ അത്‌ കള്ളപ്പണമല്ല. മറിച്ച്‌ ഇത്‌ സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ പോക്കറ്റിലേയ്‌ക്കാണു പോകുന്നതെങ്കില്‍ അയാള്‍ക്കത്‌ കള്ളപ്പണമാക്കി സൂക്ഷിക്കുകയേ നിവര്‍ത്തിയുള്ളു.

ടാക്‌സില്‍ നിന്ന്‌ രക്ഷപ്പെടാനും കൈക്കൂലിക്കാശ്‌ ഒളിപ്പിക്കാനും ഏറ്റവും നല്ല വഴി വിദേശബാങ്കുകളില്‍ നിക്ഷേപിക്കയാണ്‌. പ്രത്യേകിച്‌ സ്വിസ്‌ ബാങ്ക്‌ പോലുള്ളവയില്‍ . അങ്ങനെയുള്ള ബാങ്കുകള്‍ അവരുടെ നിക്ഷേപകരെ സംബന്ധിക്കുന്ന ഒരു വിവരവും പുറത്തുവിടില്ല. ഈ ബ്ലാക്ക്‌ മണി വെളുപ്പിക്കാന്‍ എളുപ്പമാണ്‌.

ഉദാഹരണത്തിന്‌, ഞാന്‍ ഒരു നേതാവാണെന്നും എനിക്ക്‌ സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുണ്ടെന്നും കരുതുക. ഇലക്ഷനില്‍ എനിക്ക്‌ സീറ്റ്‌ കിട്ടി. എന്റെ പ്രചാരണത്തിനും അതുമല്ലെങ്കില്‍ കാശ്‌ കൊടുത്ത്‌ വോട്ട്‌ പിടിയ്‌ക്കാനും വേണ്ടി എനിക്ക്‌ ഈ കാശ്‌ നാട്ടില്‍ എത്തിക്കണം . അതിന്‌, ഞാന്‍ എന്റെ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ (ബിനാമി) അക്കൌണ്ടിലേയ്‌ക്ക്‌ ആവശ്യമുള്ള പണം സ്വിസ്‌ ബാങ്കില്‍ നിന്നും ട്രാന്‍സ്‌ഫര്‍ ചെയ്യും. ഇപ്പൊ പിടികിട്ടിയോ?

(നമ്മുടെ നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത ലക്ഷക്കണക്കിനു രൂപ ഇലക്ഷന്‍ സമയത്ത്‌ പലയിടത്തുനിന്നും കണ്ടെടുത്തു. ഇതൊക്കെ ആ വകുപ്പില്‍ പെടും എന്നാണെന്റെ വിശ്വാസം )

നിക്ഷേപങ്ങളെന്നും ഒരു കരുതല്‍ ധനമാണ്‌. അങ്ങനെ തന്നെയാണ്‌, നമ്മുടെ കള്ളപ്പണക്കാരും കരുതുന്നത്‌.

ഉദാഹരണത്തിന്‌, ഞാന്‍ ഒരു എം എല്‍ എ ആണെന്ന്‌ കരുതുക. എനിക്ക്‌ ഒരു അഞ്ഞൂറുകോടി രൂപയുടെ കള്ളപ്പണം വിദേശബാങ്കിലുണ്ട്‌. ഞാന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഞാനോ എന്റെ ഭാര്യയോ മക്കളോ ഇതെടുത്ത്‌ വാരിക്കോരി ചിലവാക്കിയാല്‍ ചിലപ്പൊ ഇന്‍കം ടാക്‌സിന്റെ പിടി വീഴും . കേസാവും . ഞാന്‍ ജയിലിലും പോകും ! അതുകൊണ്ട്‌ ഞാനിത്‌ എന്റെ ഭാവി തലമുറയ്‌ക്കായി കരുതുന്നു. അതായത്‌ ഞാന്‍ അധികാരത്തില്‍ നിന്നുമിറങ്ങി എന്റെ ചിത്രം വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞാല്‍ എന്റെ മക്കള്‍ക്കോ മക്കളുടെ മക്കള്‍ക്കോ ഈ പണം അനസൂതം ഉപയോഗപ്പെടുത്താം .വാട്ട്‌ ആന്‍ ഐഡിയ സര്‍ ജീ!!

ഇനി എം എല്‍ എ മാത്രമായ എനിക്ക്‌ എങ്ങനെ ഇത്രയും കാശ്‌ കിട്ടുന്നു എന്ന്‌ നോക്കാം .

ടു ജി സ്‌പെക്ട്രമെന്നൊക്കെ പറഞ്ഞ്‌ തലപുണ്ണാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇതെങ്ങനെയാണെന്ന്‌ പറയാം . സര്‍ക്കാര്‍ വക ഒരു പത്ത്‌ നില കെട്ടിടം കെട്ടണം എന്ന്‌ വയ്‌ക്കുക. ഇതിനൊരു അന്‍പത്‌ കോടി സര്‍ക്കാര്‍ ചിലവ്‌ കരുതുന്നു. എന്നാല്‍ ഒരു എം എല്‍ എ അല്ലെങ്കില്‍ മന്ത്രിയെ ഒരു കോണ്ട്രാക്‌ടര്‍ സമീപിക്കുന്നു. ടെന്‍ഡര്‍ (ലേലം ) 75 കോടിക്ക്‌ പിടിച്ചുകൊടുക്കാമോ എന്ന്‌ ചോദിക്കുന്നു. അങ്ങനെ കൊടുത്താല്‍ 20, 15 കോടി മന്ത്രിക്ക്‌ തരാമെന്നും പറയുന്നു. 15 കോടിയില്‍ കണ്ണുതള്ളിയ മന്ത്രി ഔദ്യോഗികപദവി ഉപയോഗിച്ച്‌ ടെന്‍ഡര്‍ പ്രസ്‌തുത കോണ്ട്രാക്‌ടറിനു നല്‍കുന്നു. ഈ ചിലവ്‌ സര്‍ക്കാരാണു വഹിക്കേണ്ടത്‌ എന്നതിനാല്‍ സര്‍ക്കാരിനു 25 കോടി രൂപ നഷ്ടം ! സര്‍ക്കാരിന്റെ കാശ്‌ ജനങ്ങളുടെ കാശായതിനാല്‍ ജങ്ങള്‍ക്കും 25 കോടി രൂപ നഷ്ടം .

അപ്പൊ ഇത്രയുമാണു കള്ളപ്പണത്തിന്റെ എനിക്കറിയാവുന്ന ശാസ്‌ത്രം .
ചുറ്റും കണ്ണോടിച്ചാല്‍ കള്ളപ്പണക്കാരെ കാണാനാവും . ഇന്നത്തെ വിവരാവകാശനിയമപ്രകാരം ആര്‍ക്കും ഒരാളുടെ സ്വത്ത്‌ വിവരം അറിയമെങ്കില്‍ ആ വിവരം സര്‍ക്കാരിനെ അറിയിക്കാം . ഇനി സര്‍ക്കാരിലും കള്ളപ്പണക്കാരുണ്ടെങ്കില്‍ ഭാവിയില്‍ അവരുടെ മക്കളെ പിടിക്കുക. !

Monday, May 2, 2011

തെറിയടി

കുവൈറ്റില്‍ പോയി നാലറബിക്കാശുണ്ടാക്കാമെന്നു വിചാരിച്ചപ്പൊ അതിനു മാനം പോലും അടിയറവ് വയ്ക്കേണ്ടി വരുമെന്ന് ഒരല്‍പം പോലും കരുതിയില്ല. മെഡിക്കല്‍ ടെസ്റ്റെന്നും പറഞ്ഞ് ഒരു ലേഡീ ഡോക്‌ടറുടെ മുന്നില്‍ ചെന്ന് തുണിയുടുക്കാതെ നില്‍ക്കേണ്ടി വന്നതെന്നതു പോട്ടെ, നിന്നത് ശെരിയായില്ല എന്നു പറഞ്ഞ് ആ റൂം മുഴുവനും നടത്തിക്കുകകൂടി ചെയ്തുകളഞ്ഞു ആ പെണ്‍പെറെന്നോര്‍ !ഉമ്മര്‍ ഇറങ്ങിപ്പോയ റൂമിലിനകത്തിരുന്നു മോങ്ങുന്ന ജയഭാരതിയെപ്പോലായിപ്പോയി ഈ ഞാന്‍ .

വീട്ടില്‍ വന്നിട്ടും അതിന്റെ കെട്ട് അങ്ങട് വിട്ടില്ല. മാനം പണയം വച്ചു. ഇനി പോകാന്‍ പറ്റിയില്ലെങ്കിലോ ? ഇനി അവിടെ ചെന്നിറങ്ങിയാലും ഇതുപോലെ അഴിപ്പിക്കോ തുടങ്ങി പലതരം വിത്തൌട്ട് ചിന്തകള്‍ എന്റെ മനസ്സിലൂടെ തുണിയില്ലാതെ കടന്നു പോയി. ഒരു ദിവസം രാത്രിയില്‍ സിറ്റൌട്ടില്‍ ഒറ്റയ്ക്കിരുന്ന് ആകാശത്ത് ചന്ദ്രേട്ടന്‍ മേഘേച്ചിയുടെ റൂമില്‍ കയറിപ്പോകുന്നത് മൂകസാക്ഷിയായി കണ്ടുകൊണ്ടിരുന്ന എന്റെ ശ്രദ്ധ തിരിച്ചത് മുകത്ത് വന്നടിച്ച വെട്ടമായിരുന്നു.

"ഡെയ്...ഇതു ഞാനാ...അനു.." അനു എന്ന് എല്ലാരും വിളിക്കുന്ന ശ്രീകാന്ത് .

"ഹാ...നീയോ...നിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റ് ഇതുവരേം ശെരിയാക്കിയില്ലേ..? ഇപ്പോഴും റോഡിലൂടെ പോയാല്‍ സൈഡിലുള്ള വീടിന്റെ അടുക്കളയിലും കുളിമുറിയിലും തന്നാണോ വെട്ടമടിക്കുന്നെ..?" ഞാന്‍ എഴുന്നേറ്റു.

"ഡെയ്..കളിവിട്...ഇത്തിരി സീരിയസ്സാ....ചെറിയൊരു കലിപ്പ്...നാളെ നീയൊന്നെന്റെ കൂടെ വരണം ...അതൊന്നു സോള്‍വ് ചെയ്യാനാ..ഞാന്‍ നാളെ രാവിലെ ഒരു 11 മണിയൊക്കെ ആയിട്ടു വരാം ...നീ ഇറങ്ങി നിന്നാതി..." ഇതും പറഞ്ഞ് ഞാന്‍ അടുത്ത് ചെല്ലുന്നതിനു മുന്നെ അവന്‍ ബൈക്ക് തിരിച്ചു.

എന്തോന്ന്..? കലിപ്പാ..? അവന്‍ പോകുന്നതും നോക്കി ഞാന്‍ നിന്നു. എന്തായിരിക്കും ? വല്ല പെണ്ണുകേസും ..? ഏയ്...ഇനി വല്ലകാശുകേസും ..?? ഏയ്....അതുപ്പൊട്ടെ എന്തു ധൈര്യത്തിലാ സോള്‍വ് ചെയ്യാന്‍ ഇവന്‍ എന്നെ വന്നു വിളിച്ചത് ? ആലോചന എനിക്ക് പണ്ടേ ടെന്‍ഷനുണ്ടാകുമെന്നതിനാല്‍ ഞാന്‍ പതുക്കെ ഉറങ്ങാന്‍ കിടന്നു.

പിറ്റേദിവസം രാവിലെ പത്തുമണിയായപ്പൊ എണീറ്റു.ഒരല്‍പം നേരത്തെ ആയിപ്പോയോ..? സാരില്ല..രാത്രി നേരത്തെ കിടക്കാം . എട്ട് ഇഡ്ഡലിയും സാംബാറും കുഴച്ചടിച്ച് ബോറടിച്ചപ്പോള്‍ സാംബാറില്‍ കിടന്ന മുരിങ്ങക്കഷണമെടുത്ത് പല്ലുകള്‍ക്കിടയില്‍ വച്ച് ക്ളീന്‍ ചെയ്തുകൊണ്ടിരുന്നപ്പൊ ലവന്‍ വന്നു.

"നീ കഴിച്ചോ..?" ഞാന്‍

"കഴിച്ചു..." ലവന്‍

"നന്നായി..." ഞാന്‍

"ടാ...ബൈക്കില്ല...രാവിലെ തന്നെ തനിസ്വഭാവം കാണിച്ചു...വര്‍ക്ക് ഷോപ്പിലാ.." ലവന്‍

അര്‍ത്ഥാത് , എനിക്ക് സ്വന്തമായിട്ടുണ്ടായിരുന്ന കൈനറ്റിക് ഹോണ്ടയെടുക്കണം , സര്‍ക്കസിലെ കരടി സൈക്കിള്‍ ചവിട്ടുന്നപോലെ ഇവനെയുമിരുത്തി കലിപ്പ് സോള്‍വ് ചെയ്യാന്‍ പോണം .തെണ്ടി, ഇവനൊക്കെ ഇനി എന്നാണാവൊ..

ഞാന്‍ റെഡിയായി ഇറങ്ങി.

"ഇന്നാ...അടി...നിന്റെ തടിയൊന്നിളകട്ടെ.." കൈനറ്റിക് അവന്റെ കയ്യില്‍ കൊടുത്ത് ഞാന്‍ . ക്വിക്ക് സ്റ്റാര്‍ട്ടില്ലാതിരുന്നതിനാല്‍ കിക്കാണു ശരണം .

ഒരു പത്തുമിനുട്ട് ആഞ്ഞുചവിട്ടി അവന്റെ പരിപ്പിളകിയപ്പൊ അവസാനം അതു സ്റ്റാര്‍ട്ടായി.

അങ്ങനെ അവനെയും പിറകിലിരുത്തി കുവൈറ്റില്‍ പോകുന്നതിനു മുന്നെയുള്ള അവസാന കലിപ്പ് സോള്‍വ് ചെയ്യാന്‍
ആനയറ എന്ന കൊച്ചു രാജ്യത്തിലേയ്ക്ക്.

 പോകുന്ന വഴി എന്താട കാര്യം എന്നു ചോദിച്ചപ്പൊ,'അതവിടെ ചെല്ലുമ്പൊ മനസ്സിലാകും ' എന്ന് പറഞ്ഞതിനാല്‍ വേറൊന്നും ചോദിച്ചില്ല.

ആനയറയെത്തി. ആഹ, അതിമനോഹരമായ സ്ഥലം . ഒരു വശത്ത് നിറയെ പാടം . മറുവശത്ത് ചെറിയ മലകള്‍ .ഒരു ചെറിയൊരു ജംക്ഷന്‍ കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടു പോയപ്പൊ ഒരു ബസ് സ്റ്റോപ്പില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു.

"അളിയാ അതവന്‍മാരാ...നിര്‍ത്ത്" ലവന്‍

ഞാന്‍ വണ്ടി സ്ലോ ചെയ്തു സൈഡില്‍ നിര്‍ത്തുന്നതിനു മുന്നെ സ്റ്റോപ്പില്‍ നിന്നിരുന്ന അന്‍ചാറെണ്ണം അങ്ങുചാടിയിറങ്ങി ഓടിയിങ്ങു വന്നു.

രംഗം 1: മൂന്നുപേര്‍ എന്നെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി കുനിച്ചു നിര്‍ത്തുന്നു, ഇടിക്കുന്നു. ബോറടിച്ചപ്പൊ നൂത്ത് നിര്‍ത്തുന്നു, ഇടിക്കുന്നു. ലവനെ ആരും കുനിക്കുന്നുമില്ല, നൂക്കുന്നുമില്ല. അവനെ തറയില്‍ കിടത്തിയിരിക്കുവാ.



രംഗം 2 : തറയില്‍ ചരിഞ്ഞുകിടന്നിരുന്ന കൈനറ്റിക് ഹോണ്ട നേരേ വച്ച് ഒരൊറ്റ കിക്കിനതു സ്റ്റാര്‍ട്ട് ചെയ്തു ഞാനും അവനും തിരിച്ച് ഞങ്ങളുടെ രാജ്യത്തേയ്ക്ക്.

ഒരക്ഷരം മിണ്ടുന്നില്ല. ഒടുവില്‍ വീടെത്തിയപ്പൊ അവനോട് ഞാന്‍ ചോദിച്ചു.

"ഡെയ്...എന്തിനാടാ ലവന്‍മാരെല്ലാം കൂടി ഇങ്ങനെ ഇടിച്ചത്..?"

"അളിയാ...അതിലൊരുത്തന്‍ എന്നെ തെറിവിളിച്ചു....അവനെ ഞാന്‍ ചെറുതായൊന്നു കൈവച്ചു...അതിനാ..."

പാവം ! ഈശ്വര...ഒരടി..ഒരേയൊരടിക്കു ഇവന്‍ ചാകുമെങ്കില്‍ ഞാനപ്പൊ അടിച്ചേനേ.. ഞാന്‍ വീട്ടിലേയ്ക്ക് കയറി.

"അമ്മാ....ഇഡ്ഡലി തീര്‍ന്നോ..?" :(

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...