Saturday, November 11, 2017

മഴ നൽകിയത്

പുറത്ത് നല്ല മഴയുണ്ടായിരുന്നു. അച്ഛന്റെ ഓർമയിൽ പണിഞ്ഞ ചാരുകസേരയിൽ ഇരുന്ന് മഴനൂലുകൾക്കിടയിലൂടെ ഊർന്ന് ജനലഴിക്കുള്ളിലേയ്ക്ക് വീഴുന്ന പോക്കുവെയിൽ ആസ്വദിക്കുമ്പോൾ, കതകിൽ ആരോ മുട്ടുന്ന ശബ്ദം . ആസ്വാദനത്തിനു വന്ന ഭംഗം , കണ്ണട മേശപ്പുറത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച്, എണീറ്റ് പോയി കതകു തുറന്നു. കതകു തുറന്നപ്പോൾ കണ്ടത്, നനഞ്ഞ കുട മടക്കി താഴെ ചുവരിൽ ചാരി വച്ച് എന്നെ നോക്കി ചിരിക്കുന്ന അനിതയെയാണ്.
എന്റെ മുന്നിൽ നിൽക്കുന്ന ഈ പെണ്ണിനെ അപ്രതീക്ഷിതമായതെന്തിനോടും ചേർത്ത് വായിക്കാം. അതുകൊണ്ട് അത്ഭുതമൊന്നും തോന്നിയില്ല . അവളെ ശ്രദ്ധിക്കാതെ ഞാൻ തിരിഞ്ഞ് നടന്നു . എനിക്കറിയാം പിന്നാലെ അവൾ വരുമെന്ന്.
"ഹലോ ..സാറേ ...അകത്തോട്ട് ക്ഷണിക്കുന്നില്ലേ..."
"അതിനു നീ അതിക്രമിച്ച് കയറിക്കഴിഞ്ഞല്ലോ.." വീണ്ടും കസേരയിലേക്ക് ഞാൻ ചാഞ്ഞു.
"എവിടെ...താങ്കളുടെ ഈ ഏകാന്ത തടവറയിലോ..അതോ...?" എന്റെ നെഞ്ചിൽ വിരലുകളോടിച്ച് അനിത അടുത്തുള്ള കട്ടിലിൽ ഇരുന്നു.കട്ടിലിനൊരു വശത്ത് കൂന കൂട്ടിയിരുന്ന മുഷിഞ്ഞ എന്റെ തുണികളെയും എന്നെയും അവൾ ദയനീയമായി നോക്കി.അവളുടെ നോട്ടം കണ്ടാൽ ഈ ലോകമേ ചീഞ്ഞുനാറുന്നത് എന്റെ ഈ പീറത്തുണികളിൽ നിന്നാണെന്ന് തോന്നും.
അപ്പോഴാണ് അവളുടെ കയ്യിൽ പൂക്കൾ കൊണ്ട് ചെറിയതായി അലങ്കരിച്ച ഭംഗിയുള്ള മൂടിക്കെട്ടിയ ഒരു കുട്ട ഞാൻ കണ്ടത്.
"നീയെന്താ കുട്ടയും കൊണ്ട്..." മുഖത്ത് വന്ന ആകാംഷ പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.
"ഓ അതോ..എല്ലാ തവണയും ഒരു ജന്തുവിനെ പോലും അറിയിക്കാതെ താൻ പിറന്നാൾ ആഘോഷിക്കില്ലേ...ഇത്തവണ ഒരു ജന്തുവെങ്കിലും അതിനു സാക്ഷി വേണമെന്ന് തോന്നി..." മഴ വെള്ളം നനഞ്ഞ കുട്ടയെ അവൾ സാരിത്തുമ്പ് കൊണ്ട് തുടച്ചു.
"തിരിച്ചറിവ് നല്ലതാണ് ...എനിക്കറിയേണ്ടത് ഈ ജന്തു എന്തിനാ എന്റെ പിറന്നാളിന് കുട്ടയുമായി വന്നത് എന്നാണ് "
"എന്തൊരു തമാശ...ഞാനിപ്പോ ചിരിച്ചു മരിക്കും...വേണേൽ തുറന്നു നോക്ക്...ഞാൻ പോകുന്നു...ഞാൻ മനുഷ്യനാണെന്ന് തോന്നുമ്പോ വിളിച്ചാൽ മതി.." അടുത്തിരുന്ന കുട്ടയെ ദൂരേയ്ക്ക് തള്ളി മാറ്റി, ദേഷ്യത്തിൽ മുൻ വാതിൽക്കലേയ്ക്ക് നടന്ന അവൾ പെട്ടെന്ന് തിരിഞ്ഞു.
"ഏയ്...ഹാപ്പി ബെർത്ഡേയ് ...റ്റു മൈ....ആ വാട്ടെവർ...." കതക് വലിച്ചടച്ച് അവൾ മാഞ്ഞു. പുറത്ത് മഴ അപ്പോഴും ശക്തം . മെല്ലെ കസേരയിൽ നിന്നെണീറ്റ് , ജനലിലൂടെ അവളുടെ കാർ മെല്ലെ നീങ്ങുന്നത് നോക്കി നിന്നു .
പിന്നെ ശ്രദ്ധ അവൾ കൊണ്ട് വന്ന കുട്ടയുടെ നേരേയായി . അവളുടെ ദേഷ്യം അതിനെ കട്ടിലിൽ നിന്നും താഴെയെത്തിച്ചിരിക്കുന്നു.മെല്ലെ കുനിഞ്ഞെടുത്ത് മേശപ്പുറത്ത് വച്ചു. തുറന്ന് നോക്കി, ഒരു പൂച്ചക്കുഞ്ഞ് ! . കുട്ടയ്ക്കകത്ത് ഒരു കുറിപ്പും. അത് വായിച്ച് എനിക്ക് ചിരി വന്നു.
'വഴിയിൽ നിന്നും കിട്ടിയതാ...ഉപേക്ഷിക്കരുത്. പ്ലീസ് '
ഇല്ല, നിന്നെ ഉപേക്ഷിക്കില്ല. ഒന്നുമില്ലെങ്കിലും ആ ഭ്രാന്തിപ്പെണ്ണ് കൊണ്ട് തന്നതല്ലേ ! ഞാൻ മെല്ലെ അതിനെ കയ്യിലെടുത്തു . നന്നായി നനഞ്ഞിട്ടുണ്ട്. ജനലിനരികിലേയ്ക്ക് നടന്ന് , ജനൽവരിയിൽ അതിനെ ഇരുത്തി. ഇടക്ക് വഴുതി, ബാലൻസ് വീണ്ടെടുത്ത് ഒന്ന് കരഞ്ഞു. ഒരു സിഗരറ്റ് കത്തിച്ച് വീണ്ടും കസേരയിലിരുന്നു. പുകവലയങ്ങൾക്കിടയിലൂടെ, കോരി ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ ഞാൻ അതിനെ ശ്രദ്ധിച്ചു. ജനൽ വരിയിൽ നിന്ന് താഴേക്കുള്ള ദൂരം കണ്ണുകൊണ്ടളക്കുകയായിരുന്നു ആ പാവം.ആ നിൽപ്പും നോട്ടവും പെട്ടെന്ന് എന്നെ അസ്വസ്ഥനാക്കി.ഭയവും അരക്ഷിതാവസ്ഥയും നിറഞ്ഞുനിന്ന ആ കണ്ണുകൾ ഒരു നിമിഷം, മറ്റെല്ലാം എന്റെ തലയിൽ നിന്ന് മായ്ച്ച് കളഞ്ഞ് , എന്നോട് പറഞ്ഞു,
'പോയാലോ...നമുക്ക് കുറെ കാലം പിറകിലേക്ക്...?!!'
ഞാനാ കണ്ണുകളിലേയ്ക്ക് ആണ്ടുപോയി .
"മഴ വരുന്നെന്ന് തോന്നുന്നു...ഓടിപ്പോയി ആ ചൂലെടുത്ത് വാടാ കളിച്ചോണ്ടിരിക്കാതെ..."
മുറ്റത്ത് നിന്ന് മാനത്തേയ്ക്ക് നോക്കി അമ്മ ആക്രോശിച്ചു. തിണ്ണയിലെ ചാണകവിടവുകളിൽ വെള്ളാരം കല്ലുകൾ തിരുകി വച്ച്, ഞാൻ ചൂലെടുക്കാനോടി. ഓടുന്ന വഴിക്ക്, അകത്ത് നിന്നും ശക്തമായ ചുമയുടെ ശബ്ദം. മഴക്കാറിൽ വീടിനകം ഇരുണ്ടു. ചൂൽ തപ്പിപ്പിടിച്ച് അമ്മയുടെ കയ്യിൽ കൊടുത്തു. മഴയും അമ്മയും തമ്മിലുള്ള മത്സരത്തിൽ അമ്മ ജയിച്ചു. മുറ്റവും തിണ്ണയും തൂത്ത് , മുണ്ട് മടിയിൽ കുത്തി അകത്തേയ്ക്ക് പോയതും മഴ തിണ്ണയിലെത്തിയിരുന്നു. ഞാൻ തിണ്ണയിലിരുന്ന് കാലുകൾ പുറത്തേയ്ക്കിട്ട് , കാലിലെ മണ്ണ് കളയുന്ന ജോലി മഴത്തുള്ളികളെ ഏല്പിച്ചു.
"ഡാ...ഇന്നാ കൊട ... നീയാ എരുത്തിലിന്റെ അവിടെ ചെന്ന് നോക്കിക്കേ...അവിടെന്തോ ചത്ത് നാറുന്നു..."
തിരിഞ്ഞ് നോക്കുമ്പോൾ, എന്റെ നേരെ കുടയും നീട്ടി, മറുകയ്യിൽ കുളിക്കാൻ സോപ്പും തോർത്തുമായി അമ്മ നിൽക്കുന്നു . കുടയും വാങ്ങി , മുറ്റത്ത് പെട്ടെന്നുണ്ടായ ചെറുകുളങ്ങളെ അനായാസം ചാടിക്കടന്ന് ഞാൻ എരുത്തിലിൽ അമ്മ പറഞ്ഞ ഭാഗത്തേയ്ക്ക് ചെന്നു .ശെരിയാണ് , എന്തോ ചത്തതാവാം, ചീഞ്ഞ് നാറുന്നു!
"കണ്ടോടാ ? വല്ല എലിയുമാവും ... എടുത്ത് കുഴിച്ചിട്...ഇല്ലെങ്കിലെനിക്കിന്നു രാത്രി വയറു നിറച്ച് കേൾക്കാം "
ഇല്ല എന്നർത്‌ഥത്തിൽ അമ്മയെ നോക്കി തലയാട്ടി, ഞാൻ തിരച്ചിൽ തുടങ്ങി. എലികൾ ഒരുപാടുള്ള സ്ഥലമാണ് . വിറകുകൾക്കിടയിലൂടെ നോക്കി, വിറകുകൾ അനക്കി നോക്കി, കുറെ മാറ്റി നോക്കി. എലിക്ക് പകരം കേട്ടത് പൂച്ചയുടെ കരച്ചിലാണ്. ഉറപ്പാണ്, പൂച്ച എലിയെ കൊന്നിരിക്കുന്നു . തിന്നതിന്റെ ബാക്കിയാവും കിടന്ന് നാറുന്നത് .
ചത്ത എലിയുടെ അവശിഷ്‌ടം പ്രതീക്ഷിച്ച ഞാൻ എത്തിച്ചെർന്നത് , അതിന്റെ കൊലപാതകി എന്ന് ഞാൻ സംശയിച്ച പൂച്ചയിലാണ്. അത് പക്ഷെ കുഞ്ഞാണ്. ആകെ പരവേശത്തിലാണ് . കൈകൾ കൊണ്ട് മുഖം പൊത്തി തറയിൽ കിടന്നു പിടയുന്നു. ഞാൻ ഒരു നിമിഷം പിന്നോട്ടാഞ്ഞു. നാറ്റമടിക്കുന്നതും അവിടുന്ന് തന്നെ. ഞാൻ കയ്യിൽ കിട്ടിയ ചെറിയ ഒരു മടലെടുത്ത്, പൂച്ചകുഞ്ഞിനെ പിന്നിൽ നിന്നും കുത്തി പുറത്തേയ്ക്കിട്ടു. മഴ നനഞ്ഞ അത് കൂടുതൽ വേദനയോടെ കരയാൻ തുടങ്ങി. ഞാൻ അതിനടുത്തേയ്ക്ക് ചെന്ന് സൂക്ഷിച്ച് നോക്കി .അതിനു മുഖമില്ല ! മറിച്ച് ആകെ വികൃതമായ മാംസശകലങ്ങൾ . കണ്ണുകളും മൂക്കും ചെവിയുടെ ഭാഗങ്ങളും അറിയാൻ പോലും കഴിയാത്ത വിധം പുഴുവരിച്ചിരിക്കുന്നു. അതിന്റെ വേദനിയയിലാണ് ഈ പിടയുന്നത്. അതിൽ നിന്നാണ് അമ്മ പറഞ്ഞ നാറ്റമടിച്ചത്. ഞാൻ മടൽ കൊണ്ട് വീണ്ടും കുത്തി ഉള്ളിലേയ്ക്കാക്കാൻ ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. എന്റെ ആവശ്യത്തേക്കാൾ ശക്തമായിരുന്നു അതിന്റേത്. ഇട്ടിട്ട് പോയാലും നാറ്റം നിൽക്കില്ല. എന്ത് ചെയ്യണം ? മഴയത്ത് കിടന്ന്, മുഖം കാർന്ന് തിന്നുന്ന പുഴുക്കളെ വിടുവിക്കാൻ, ഒരു ദിവസം കൂടി ജീവൻ നീട്ടിക്കിട്ടാൻ , ഒരു കുഞ്ഞ് ജീവൻ അതിനാലാവും വിധം ശ്രമിക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. കുട വലിച്ചെറിഞ്ഞ് ഞാനോടി.
മഴ നനഞ്ഞൊട്ടി അടുക്കളയിലേയ്ക്ക് ഓടി കയറുമ്പോൾ, അമ്മ അടുപ്പിലെന്തോ വേവിക്കുന്നുണ്ടായിരുന്നു. അഴുകിയ മാംസത്തിന്റെ മണം മൂക്കിൽ തന്നെ നിന്നതുകൊണ്ട് എന്താണടുപ്പിൽ എന്ന് മനസ്സിലായില്ല.
"എന്താടാ...കൊടയെവിടെ ..എലിയെ കുഴിച്ചിട്ടോ ..?"
അമ്മ പറയുന്നത് ശ്രദ്ധിക്കാതെ , ചൂടുവെള്ളത്തിൽ കുറച്ച് കല്ലുപ്പിട്ട് തിരികെ എരുത്തിലിലേയ്ക്കോടി . ജീവന്റെ പിടച്ചിൽ അപ്പോഴും ബാക്കിയായിരുന്നു. എന്തോ വന്നോട്ടെ എന്ന് കരുതി , പൂച്ചക്കുഞ്ഞിനെ പൊക്കിയെടുത്ത് ഇരുത്തിലിനകത്തേയ്ക്കിട്ടു. ഒരു കൈ കൊണ്ട് അതിൻ്റെ കഴുത്തിൽ പിടിച്ച് , കണ്ണടച്ച് ഉപ്പുവെള്ളം മുഖത്തേയ്ക്കൊഴിച്ചു . സഹിക്കാൻ കഴിയാത്ത വേദനയിൽ അത് തലയാഞ്ഞു കുലുക്കി . പുഴുക്കൾ നാല് ദിശയിലേയ്ക്കും തെറിച്ചു . അതിന്റെ കുഞ്ഞുനഖങ്ങൾ എന്റെ കയ്യിൽ ആഴ്ന്നിറങ്ങി . ആ മരണപ്പിടച്ചിലിനൊടുവിൽ പുഴുക്കളിൽ നിന്ന് മോചിതനായി, ഇനി ഒരല്പം പോലും അനങ്ങാൻ കഴിയാതെ എന്റെ കയ്യിൽ കിടന്നാടിയ അതിനെ ഞാൻ പതുക്കെ ഒരു ചാക്കിലിട്ടു. ഈ മഴയത്ത്, അതും രാത്രി, നിന്നെ ഞാൻ തനിച്ചാക്കില്ല !
അന്ന് രാത്രി അതിനെ ഞാൻ എന്നോടൊപ്പം കൂട്ടി. അമ്മയിന്ന് അച്ഛനും എനിക്കും നേരത്തെ ഭക്ഷണം തരും. അച്ഛന് ഭക്ഷണം കൊടുത്ത് തിരിയുന്നതിനിടയിൽ എന്റെയടുത്തിരിക്കുന്ന ചാക്ക് അനങ്ങുന്നത് കണ്ട് അമ്മ പുരികം ചുളിച്ചു .
"പൂച്ചയാ...കുഞ്ഞ്..." ഞാൻ ഭയത്തോടെ പറഞ്ഞു.
"എടുത്തോണ്ട് കളഞ്ഞൊണം..ഇനി അതിന്റെ കുറവ് ഉള്ളു...പൂച്ചക്കുഞ്ഞ്..." 'അമ്മ അലറി.
"അവൻ എന്തേലും ചെയ്യട്ടെ...നീ പോയി നിന്റെ ജോലി നോക്ക്..." അകത്ത് നിന്നും ചുമയുടെ അകമ്പടിയോടെ അച്ഛൻ ഇത് പറഞ്ഞൊപ്പിക്കാൻ കുറെ കഷ്ടപ്പെട്ടു .
എന്നെ അടിമുടിയൊന്നുകൂടി നോക്കി അമ്മ അകത്തേയ്ക്ക് പോയി. "ഇന്ന് ആയതുകൊണ്ട് നീ രക്ഷപ്പെട്ടു" പോകുന്ന പോക്കിൽ അമ്മ പിറുപിറുത്തു.
പുറത്ത് അപ്പോഴും മഴയുണ്ടായിരുന്നു. അച്ഛന്റെ ചുമ മെല്ലെ കുറഞ്ഞു വന്നു. അതുവരെ തോന്നാത്ത ഒരു സന്തോഷത്തിൽ പക്ഷെ എന്റെ കണ്ണുകൾ പങ്കുചേരാൻ വിസമ്മതിച്ചു. മെല്ലെ മയക്കത്തിലേയ്ക്ക് ഞാൻ വീണു.
ഒരു കൈ ചാക്കിൽ വച്ചിരുന്നത് ഉറങ്ങിയപ്പോൾ ഞാൻ മാറ്റിയിരിക്കണം. കാരണം പിറ്റേന്ന് പൂച്ചക്കുഞ്ഞിനെ അതിൽ കാണുന്നില്ലായിരുന്നു. അസുഖം ഭേദമായപ്പോ അകത്ത് നിന്നിറങ്ങി പോയതാവും. ഞാൻ വീടിനകത്ത് നോക്കി. കാണാഞ്ഞ് പുറത്തിറങ്ങി. അടുക്കളഭാഗത്ത് വന്നു. അമ്മ ഉറക്കമെഴുന്നേറ്റതെ ഉണ്ടായിരുന്നുള്ളു. കിണറ്റിൻ കരയിൽ ഉമിക്കരിയും പിടിച്ച് ആകെ ആലസ്യത്തിൽ നിൽക്കുന്നു .
"അമ്മാ...പൂച്ചക്കുഞ്ഞിനെ കണ്ടോ..."
ആലസ്യത്തിൽ നിന്നുണർന്ന് എന്നെ രൂക്ഷമായൊന്നു നോക്കി അമ്മ പല്ലുതേയ്ക്കാൻ തുടങ്ങി. വിഷമിച്ച് പതുക്കെ അകത്തുപോയി അച്ഛനോട് ചോദിച്ചു. ചുമച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. തിണ്ണയിലിരുന്ന് കാൽ വിരലുകൾ മണ്ണിലൂഴ്ന്ന് ചിന്തയിലാണ്ട്‌ ഞാനിരുന്നു. വീണ്ടും മഴക്കോളുണ്ട്. അടുത്തുവരുന്നു.
എന്റെ മനസ്സ് നിറയെ വിഷമമായിരുന്നു. പാവം, ഈ ഇടിയും മഴയും അതിന് എങ്ങനെ അതിജീവിക്കാൻ കഴിയും? ഒരു അതിജീവനത്തിനുള്ള അവകാശം അതിനുമില്ലേ? തിരുകി വച്ചിരുന്ന വെള്ളാരം കല്ലുകൾ ഞാൻ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. ഓല മേഞ്ഞതിൽ നിന്നുള്ള മഴനൂലിനെ ഞാൻ കൈ വീശി പല തുണ്ടുകളാക്കി.
ജനാല വഴി, തിണ്ണയിലിരിക്കുന്ന എന്നെ കണ്ടിട്ടാവണം, അച്ഛൻ ചുമച്ചു .
"നീയവന്റെ പൂച്ചക്കുഞ്ഞിനെ കണ്ടോ..?" ചുമക്കിടയിൽ അമ്മയോട് ചോദിച്ചു .
"ആ കണ്ടു...ഇന്നലെ രാത്രി മുതലാളി വന്നപ്പോ അതിഴഞ്ഞ് കട്ടിലിനടിയിൽ കിടന്ന് കരച്ചിലോടു കരച്ചിൽ..ചീത്ത കേൾക്കണ്ട എന്ന് കരുതി ഞാൻ അതിനെയെടുത്ത് പുറത്തെറിഞ്ഞു...ഇല്ലേൽ കാണായിരുന്നു ...ഒരു പൂച്ചയേക്കാളും വലുതാ എനിക്ക് നിങ്ങൾക്കുള്ള മരുന്നും അവന്റെ പഠിത്തോം "
അച്ഛന്റെ ചുമ കൂടുതൽ ശക്തമായി.
"രാവിലെ തന്നെ തുടങ്ങിയല്ലോ ഈശ്വരാ..." അമ്മ അച്ഛന്റെ നെഞ്ച് തടവിക്കൊടുത്തു .
അന്നാദ്യമായി , കൃത്യമായ കാരണമറിയാതെ എനിക്ക് കരച്ചിൽ വന്നു. കൺവേലി പൊട്ടിച്ച് കണ്ണുനീരൊഴുകി. മഴ തിണ്ണയിലെത്തി. മുഖത്തേയ്ക്ക് തുള്ളി വീശി.
ഞാൻ കണ്ണ് തുറന്നു. ജനൽ വരിയിലിരുന്ന് മഴ നനഞ്ഞത്, കുടഞ്ഞെന്റെ മുഖത്തിട്ടതാണ് , ആ ഭ്രാന്തിപ്പെണ്ണിന്റെ പൂച്ചക്കുഞ്ഞ്!
ഞാനതിനെ കോരിയെടുത്ത് ചേർത്തുപിടിച്ചു . ഒരു മഴ നൽകിയ തിരിച്ചറിവാണ് നീയും ഞാനും.




*End

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...