Thursday, June 30, 2011

ജീവിതകല കുട്ടികളില്‍

എല്ലാവരും ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്വന്തം സന്തോഷത്തിനുവേണ്ടിയാണ്.  സ്വയം തൃപ്തിപ്പെടാന്‍.

ഇന്നത്തെ മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നത് സ്വയം തൃപ്തിയടയാനാണ്. തങ്ങള്‍ക്ക് കിട്ടാത്ത നല്ല വിദ്യാഭ്യാസം ഉള്‍പ്പടെ പല കാര്യങ്ങളും അവര്‍ കുട്ടികള്‍ക്ക് സാധിച്ചുകൊടുക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം എന്നത് ഏതൊരു മാതാപിതാവിനും വലിയ കാര്യമാണ്. ഇതവനെ ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുന്നു. പക്ഷെ ഈ വിദ്യാഭ്യാസം അവനെ ആ കാലില്‍ ഉറച്ച് നില്‍ക്കാന്‍ പര്യാപ്തമാക്കുന്നുണ്ടോ? അതിന്, അവനെ ആ വിദ്യാഭ്യാസം മതിയോ ?

സ്വന്തം കാലില്‍ നില്‍ക്കുന്നതും ആ കാലില്‍ ഉറച്ച് നില്‍ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു കുട്ടി അവനാവശ്യമായതും അനാവശ്യമായതുമായ വിവരങ്ങള്‍ സ്വായത്തമാക്കി പരീക്ഷയെ നേരിടുന്നു.ചിലര്‍ നല്ല മാര്‍ക്ക് വാങ്ങുന്നു. മറ്റുചിലര്‍ ഒരു വിധം കയറിക്കൂടുന്നു.കൂടുതലും മാതാപിതാക്കളുടെ താല്‍പര്യാനുസൃണം  തുടര്‍ പഠനം ഉണ്ടാകുന്നു.

അവിടെയും ജയവും തോല്‍വിയുമുണ്ടാകും . ഇങ്ങനെ ഒരു വിധം പഠനം അവസാനിപ്പിച്ച് കയറിക്കൂടുന്നവരെ ഞാന്‍ ഒരു ബലൂണിനോട് ഉപമിക്കുന്നു. എന്തെന്നാല്‍ അവന്റെ ഉള്ളുമുഴുവന്‍ ആവശ്യമായതിനേക്കാള്‍ അനാവശ്യമായ വിവരങ്ങളാണു കൂടുതല്‍ .



ഇങ്ങനെ ഒരു ബലൂണ്‍ രൂപത്തില്‍ പുറത്തിറങ്ങുന്ന ഒരു വ്യക്തി ഏതെങ്കിലും ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നു. അതായത് അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങി.

ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ തീരുമാനമെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും അതിന്റെ ഫലമനുഭവിക്കേണ്ടതും അവന്‍ തന്നെയാണ്. താനെടുക്കുന്ന തീരുമാനം തെറ്റിപ്പോയാല്‍ ആത്‌മഹത്യയെ കുറിച്ച് ചിന്തിക്കുന്ന, വിഷാദരോഗത്തിനടിമപ്പെടുന്ന ഒരു തലമുറയാണിത്. മുകളില്‍ പറഞ്ഞ രണ്ടവസ്ഥയിലും അകപ്പെടാതെ പ്രതിസന്ധിയെ തരണം ചെയ്യുമ്പോഴാണ്, ഒരുവന്‍ സ്വന്തം കാലില്‍ 'ഉറച്ച്' നില്‍ക്കുന്നവനാണെന്ന് പറയുന്നത്.

പരാജയപ്പെടുന്നവരോ ? അവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ ? ഉണ്ട്. പക്ഷെ എങ്ങനെ ജീവിക്കണം എന്നവര്‍ പഠിച്ചിട്ടുണ്ടോ ? ഇല്ല. അവരെ പഠിപ്പിച്ചിട്ടുണ്ടോ ? ഇല്ല.

വായനക്കാര്‍ക്ക് ചോദിക്കാം , ഇതൊക്കെ അറിയുന്നതാണൊ ജീവിതവിജയത്തിനത്യാവശ്യം എന്ന്. അല്ല, പക്ഷെ ഇത്തരത്തിലുള്ള ഒരു സമീപനം , അത് മാതാപിതാക്കാള്‍ക്ക് വിദ്യാഭ്യാസമില്ലെങ്കിലും വളരെ ആരോഗ്യകരമാണ്. ഞാന്‍ ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം .

ഇനി മറ്റൊരുദാഹരണം പറയാം . എന്റെ തൊട്ടടുത്തുള്ള വീട്ടിലെ ഇളയ കുട്ടി ഭക്ഷണം കഴിക്കണമെങ്കില്‍ ഇന്റര്‍നെറ്റില്‍ കയറി കാര്‍ട്ടൂണ്‍ ഇട്ടുകൊടുക്കണം ! ടിവിയില്‍ കാണുന്ന കാര്‍ട്ടൂണുകള്‍ സൂപ്പര്‍ മാന്റെയും സ്പൈഡര്‍ മാന്റെയും ബെന്‍ ടെന്റെയുമൊക്കെയാണ്. ഈ കുട്ടിയുടെ മനസ്സ് എങ്ങനെയായിരിക്കും രൂപാന്തരപ്പെട്ട് വരുന്നത് ? നാളെ ജീവിതത്തില്‍ ഒരു പ്രശ്നം വന്നാല്‍ ബെന്‍ ടെന്‍ വരില്ല സഹായിക്കാന്‍ . കുഞ്ഞിലേ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന പാടങ്ങള്‍ക്ക് വളരെ വിലയുണ്ട് എന്നുള്ളതിനേറ്റവും വലിയ തെളിവാണ്, 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പചംചൊല്ല്.

കുറ്റം ആരുടേത് ? നിസംശയം പറയാം 'നമ്മുടെ വിദ്യാഭ്യാസ സമ്പൃദായത്തിന്റേതാണ്'. നമ്മുടെ റോള്‍ അവിടെ കഴിയുന്നു. ശെരിയാണ്, നമ്മുടെ വിദ്യാഭ്യാസം ഇന്നത്തെ കാലത്ത് ഒരു ജോലിക്ക് വേണ്ടി മാത്രമുള്ളതാണ്. ലക്ഷ്യത്തിലെത്തിയാല്‍ മാര്‍ഗ്ഗം അസാധുവാകും എന്ന് പറയുന്നതുപോലെ ഒരു ജോലി കിട്ടിക്കഴിഞ്ഞാല്‍ സ്കൂള്‍ / കോളേജ് തല വിദ്യാഭ്യാസത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്കൂളുകളും കോളേജുകളും മാത്രമാണൊ നമ്മുടെ ഇന്നത്തെ തലമുറയുടെ ഈ പകച്ചുനില്‍ക്കലിനു കാരണം ? അല്ല. ഒരു സ്കൂളിലും കോളേജിലും നമ്മള്‍ എങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നോ പ്രതിസന്ധികളെ നേരിടണമെന്നോ പഠിപ്പിക്കുന്നില്ല. അവര്‍ ഇനി അങ്ങനെ പഠിപ്പിക്കുകയുമില്ല.അവര്‍ക്ക് ശമ്പളം കിട്ടുന്നു. കിട്ടുന്ന ശമ്പളത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്നു. 'എന്റെ' മകനോട് അല്ലെങ്കില്‍ മകളോട് അവര്‍ക്ക് പ്രത്യേകിച്ചൊരു പ്രതിബദ്ധതയും തോന്നേണ്ട കാര്യമില്ല. അപ്പോള്‍ പ്രതിബദ്ധത തോന്നേണ്ടത് ആര്‍ക്കാണ്? എനിക്ക് അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയാണ്.

 ഞാന്‍ എന്റെ പരിചയത്തില്‍ നിന്നും രണ്ടുദാഹരണങ്ങള്‍ പറയാം . എന്റെ ഒരു സുഹൃത്ത്, അയാള്‍ക്ക് വിദ്യാഭ്യാസം കുറവാണ്. പക്ഷെ ജീവിക്കാനറിയാം . അയാളുടെ മകനെയും അയാള്‍ അങ്ങനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു.  വിദ്യാഭ്യാസത്തിനേക്കാള്‍ ജീവിതവിജയത്തിന്, അല്ലെങ്കില്‍ നിലനില്‍പ്പിനാവശ്യം മാനസികാരോഗ്യമാണ്, എന്നയാള്‍ മനസ്സിലാക്കി. അയാള്‍ നാട്ടില്‍ പോകുമ്പോഴൊക്കെ ബാങ്കില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴും കറന്ട് ബില്‍ അടയ്ക്കാന്‍ പൊകുമ്പോഴും എന്ന് വേണ്ട ജീവിതത്തില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എന്ത് കാര്യങ്ങള്‍ക്കും പത്തുവയസ്സുകാരന്‍ മകനെയും കൂട്ടും . ഇപ്പൊ അവനു വയസ്സ് പതിനൊന്ന്. അച്ചന്‍ നാട്ടില്‍ ഇല്ലെങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും പോകുന്നത് മകനാണ്. ഇതിനെയാണ്, കാര്യപ്രാപ്തി എന്ന് പറയുന്നത്. അത് സ്കൂളില്‍ കിട്ടില്ല. വീട്ടിലേ കിട്ടു.

ഞാനീ ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ നിന്നും കുട്ടിയെ ഇങ്ങനെ വളര്‍ത്തിയാലേ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയില്ല. പക്ഷെ രണ്ടാമത്തേതിനെ അപേക്ഷിച്ച് വളരെ ആരോഗ്യകരമായ ഒന്നാണ്, ആദ്യത്തേത് എന്ന് നിസംശയം പറയാം .

പഠനങ്ങളനുസരിച്ച് 15 ശതമാനത്തോളം കൌമാരക്കാര്‍ കടുത്തമാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്ന് പറയപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വിലയേറിയ സമയത്ത് ഇത്രയും പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമകളാണെങ്കില്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശെരിയാവാനുള്ള സാധ്യത തുലോം കുറവാണ്. ഈ തീരുമാനങ്ങളാണ്, പിന്നീടവരുടെ ജീവിതം നിര്‍ണ്ണയിക്കുന്നത് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെയാണ്.

കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം , ഭക്ഷണം , വസ്ത്രം ഇതൊന്നും കൊടുക്കുക എന്നതല്ല, മറിച്ച് അവരെ ജീവിക്കാന്‍ , ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കുക എന്നതാണ്. അമ്മ വഴക്ക് പറഞ്ഞതിനു ആത്‌മഹത്യയാണു പരിഹാരം എന്നൊരു കുട്ടി വിചാരിച്ചെങ്കില്‍ ആദ്യം ആത്മഹത്യ ചെയ്യേണ്ടത് ആ കുട്ടിയുടെ മാതാപിതാക്കളാണ്.

കാരണം ഇതേ മാതാപിതാക്കളാണ്, വളര്‍ന്നുവരുന്ന കുട്ടികളെ 'ഒന്നിനും കൊള്ളാത്തവന്‍ ' എന്ന് വിളിക്കുന്നത്. ഒന്നിനും കൊള്ളാതാക്കിയത് ആരാണ്? ഈ വിളി കേള്‍ക്കുന്ന കുട്ടി ആത്മഹത്യ ചെയ്തു എങ്കില്‍ ആരാണു കൊലയാളികള്‍ ?

ശാരീരികാരോഗ്യം നമുക്ക് പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ട് സാവധാനം നേടാവുന്ന ഒന്നാണ്. എന്നാല്‍ മാനസികാരോഗ്യം അത് വളരുന്നതിനോടൊപ്പം നേടേണ്ട ഒന്നാണ്.

കുട്ടികളിലുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ക്ക് ഇന്ന് നിരവധി ചികിത്‌സകളും മരുന്നുകളുമുണ്ട്. പക്ഷെ അതൊക്കെ കൈകൊണ്ട് തൊടുന്നത് നമ്മുടെ കൈ 'ശുദ്ധമാക്കിയിട്ടാവണം ' !

ഒരു കുഞ്ഞിനെ ആരോഗ്യകരമായി വളര്‍ത്തുന്നതിനെ കുറിച്ച് ഒരു മാതാപിതാവിനും ക്ലാസ്സ് എടുക്കേണ്ട കാര്യമില്ല. തെറ്റേത് ശെരിയേത് എന്നറിയാന്‍ പാടില്ലാത്ത പ്രായത്തിലല്ല അവര്‍ക്ക് കുഞ്ഞുണ്ടായത് എന്നത് തന്നെ കാരണം !


7 comments:

  1. ഒരു കുഞ്ഞിനെ ആരോഗ്യകരമായി വളര്‍ത്തുന്നതിനെ കുറിച്ച് ഒരു മാതാപിതാവിനും ക്ലാസ്സ് എടുക്കേണ്ട കാര്യമില്ല. തെറ്റേത് ശെരിയേത് എന്നറിയാന്‍ പാടില്ലാത്ത പ്രായത്തിലല്ല അവര്‍ക്ക് കുഞ്ഞുണ്ടായത് എന്നത് തന്നെ കാരണം !
    :)

    ReplyDelete
  2. nannaayi deeps nalla nireekshanam
    nammalokke bhagyavanmara alle

    ReplyDelete
  3. ഒരു കുട്ടി യുടെ ബാല്യം പ്രതീകരണം ഉണ്ടാവുകയില്ല
    അപ്പൊ നമ്മള്‍ അവര്‍ക്കായി ജീവിക്കുക
    കുറച്ചു കഴിയുമ്പോള്‍ അവര്‍ നമ്മുക്കി ജീവിക്കും
    സ്നേഹത്തോടെ.....
    പ്രദീപ്‌

    ReplyDelete
  4. ദീപക് എഴുതിയത് വായിച്ചു ...very interesting..ഒന്ന് ഞാന്‍ പറയാം മക്കളോട് കര്ന്നവന്മാര്‍ക്ക് പറയാന്‍ പറ്റണം ഞങ്ങളെ കണ്ടു പഠിക്കാന്‍, അല്ലാതെ "അവനെ കണ്ടു പഠിക്കു അവളെ കണ്ടു പഠിക്കു" എന്ന് പറയാന്‍ ഇടവരരുത്...പുതിയ തലമുറ എല്ലാം കണ്ടും കേട്ടും നമ്മള്‍ മനസ്സില്‍ വിചാരിക്കുന്നതില്‍ വേഗത്തില്‍ മനസ്സില്‍ അക്കുന്നവരന്..അത് മറക്കരുത് മാതാപിതാക്കള്‍.

    ReplyDelete
  5. ശാരീരികാരോഗ്യം നമുക്ക് പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ട് സാവധാനം നേടാവുന്ന ഒന്നാണ്. എന്നാല്‍ മാനസികാരോഗ്യം അത് വളരുന്നതിനോടൊപ്പം നേടേണ്ട ഒന്നാണ്. :)
    true facts.......... cntnue writings...... all d best.....

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...