Sunday, June 26, 2011

നേപ്പാളി

പദം പ്രസാദ് ജൈസി. എല്ലാവരും അവനെ നേപ്പാളി എന്ന് വിളിച്ചു. രണ്ട് പദം പ്രസാദുമാര്‍ സുഖമായി കയറുന്ന കവറോളും ചൂട് സഹിക്കാന്‍ മുഖം മുഴുവന്‍ മൂടിയ അഴുക്ക് പിടിച്ച തുണിയും കാലില്‍ പാകമാകാത്ത ഒരു ജോടി ഷൂസും . ഇത്രയുമായിരുന്നു അവന്റെ അടയാളങ്ങള്‍ .


വിശക്കുമ്പോള്‍ വെയര്‍ ഹൌസിന്റെ ഏതെങ്കിലും ഒരു മൂലയിരിലിരുന്ന് ഖുബൂസ് വെള്ളത്തില്‍ മുക്കിക്കഴിക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അവനൊപ്പം വേറെയും രണ്ട് മൂന്ന് നേപ്പാളികളുണ്ടാവും . അവരുടെ കൈയ്യിലും ഓരോ കീറു ഖുബൂസ് കാണാം . രുചിയുണ്ടോ എന്നറിയില്ല, എങ്കിലും ആര്‍ത്തിയോടെ അവരത് കഴിക്കും . അടുത്തുള്ള കെറ്റിലില്‍ നിന്ന് ചൂടുവെള്ളമെടുക്കാന്‍ വരുമ്പോള്‍ കാണാം ഒരു ഫോം കപ്പ്. അതില്‍ പദം എന്നെഴുതിയിരിക്കുന്നു. അതവന്റെ ഗ്ലാസ്സാണ്. ദിവസങ്ങളായി അതേ ഗ്ലാസ്സ് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത് വിഡ്ഡിത്തമാണ്. അതവരുടെ ജീവിതമാണ്. ആ കൊച്ചുശരീരം ചൂടില്‍ പൊള്ളുമ്പോഴും ആ നെന്‍ചിനുള്ളില്‍ ഒരാളുണ്ടെന്ന് പിന്നീട് പദമിനോട് സംസാരിക്കാനവസരം കിട്ടിയപ്പോള്‍ മനസ്സിലായി.

'മനീഷ'

ഇപ്പൊ മനീഷ ജൈസി. അവന്റെ ഭാര്യ.

നേപ്പാളിലെ അവന്റെ ഗ്രാമം , അവിടുത്തെ അവന്റെ വീട്ടില്‍ അവനുള്‍പ്പടെ ആറുപേര്‍ . മൂന്ന് ചേച്ചിമാര്‍ . അവരൊക്കെ കല്യാണം കഴിഞ്ഞു. ഹിമാലയസാനുക്കളില്‍ ജീവിക്കുന്ന അവരുടെ കല്യാണം കഴിഞ്ഞു. പിന്നെ അമ്മയെ നോക്കാന്‍ ആളില്ലാത്തതിനാല്‍ പതിനേഴാമത്തെ വയസ്സില്‍ കല്യാണം കഴിക്കേണ്ടി വന്നു അവന്.

"അപ്പൊ ഇഷ്ടമുണ്ടായിട്ടല്ല കെട്ടിയത്!" എന്ന എന്റെ പ്രസ്ഥാവനയ്ക്ക് അവന്‍ ഒരു നാണത്തോടെ മറുപടി നല്‍കി.

"ആ പ്രായത്തില്‍ കല്യാണം കഴിക്കാന്‍ ഒത്തിരി ഇഷ്ടായിരുന്നു..ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നു എന്ന്"

'എന്താ അങ്ങനെ' എന്നര്‍ത്ഥത്തിലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം അവന്‍ പഴകി ദ്രവിച്ച ഒരു പഴ്‌സ് തുറന്നു.

അതില്‍ മനീഷയുടേതാണെന്ന് തോന്നിക്കുന്ന ഒരു ഫോട്ടോ. ഒരു കൊച്ചുപെണ്‍കുട്ടി. ഒക്കത്തൊരു കുഞ്ഞും !

പദം അങ്ങനെ പറഞ്ഞതിന്റെ കാരണം മനസ്സിലാക്കാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അവനാര്‍ക്ക് വേണ്ടി ജീവിതം തുടങ്ങിയോ അവനാര്‍ക്കൊക്കെ വേണ്ടി ഇനി ജീവിക്കാന്‍ പോകുന്നൊ അവര്‍ അവന്റെ ആ ദ്രവിച്ച പഴ്‌സിലുണ്ട്.

ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നേരം ഞാന്‍ പദമിനെ ഓര്‍ക്കും . അവന്‍ എന്നും എങ്ങനെയാ പച്ച ഖുബൂസും വെള്ളവും കഴിക്കുക! ഒരു ദിവസം ഞാന്‍ ഒരു എക്സ്ട്രാ ഫുഡ് എടുത്തു. അത് പദം കാണാതെ അവനിരിക്കും എന്ന് ഞാന്‍ കരുതിയ സ്ഥലത്ത് വച്ചു. അവന്‍ വരുന്നുണ്ടോ എന്ന് ദൂരെ മാറി നിന്ന് നോക്കി.  

വന്നില്ല. അവനെന്നല്ല, അവന്റെ കൂട്ടുകാരും അന്ന് വന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. അവനിന്ന് ഡെസെര്‍ട്ടിലാണു ജോലി. വരുമ്പോ താമസിക്കും . ഞാന്‍ തിരിച്ചുപോയി ആ ചോറുപൊതി എടുത്തു. പൊടിക്കാറ്റടിക്കുന്നുണ്ടെന്ന് തോന്നുന്നു. മണ്ണിന്റെ മണം . ഞാന്‍ അത് എന്റെ ടേബിളിന്റെ അടിയില്‍ വച്ചു.

പൊടിക്കാറ്റ് നല്ല ശക്തമാണെന്ന് തോന്നുന്നു. ഓഫീസില്‍ പോലും പൊടി അടിച്ചുകയറുന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. കുവൈറ്റ് കണ്ട് ഏറ്റവും വലിയ പൊടിക്കാറ്റാണതെന്ന്. ഒരടി പോലും മുന്നോട്ട് കാണാന്‍ കഴിയാത്ത, ശ്വാസത്തിലും നിശ്വാസത്തിലും പൊടി ! അടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ കഴിയുന്നില്ല. ഉച്ച തിരിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് തീര്‍ന്നപ്പോള്‍ രാത്രി പത്ത് മണി. ആരും ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഒരു വിധം പൊടിക്കാറ്റടങ്ങി എന്ന് കണ്ടപ്പോള്‍ കമ്പനി പ്രത്യേകവാഹനങ്ങളില്‍ ജോലിക്കാരെ താമസസ്ഥലത്തെത്തിച്ചു തുടങ്ങി.


റൂമില്‍ ചെന്ന് ബാത് ടബ് നിറയെ വെള്ളം നിറച്ച് അതില്‍ ആണ്ട് കിടന്നപ്പൊ മനസ്സില്‍ പെട്ടെന്ന് പദമിനെ ഓര്‍ത്തു. അവന്‍ , അവനിന്ന് മരുഭൂമിയിലായിരുന്നു ജോലി എന്നല്ലെ പറഞ്ഞത് ?!!

പിറ്റേന്ന് ജോലിയ്ക്ക് വന്നതും പദമിനെ ഞാന്‍ അന്വേഷിച്ചു. ഓഫീസ് ഒക്കെ ക്ലീനിങ്ങ് ബോയ്സ് ക്ലീന്‍ ചെയ്യുന്നതേയുള്ളു. ഞാന്‍ ഇന്നലെ വച്ച ചോറുപൊതി ടേബിളിനടിയില്‍ നിന്ന് അവരെടുത്ത് നോക്കുന്നു. എന്നിട്ട് സംശയത്തോടെയാണെങ്കിലും ട്രാഷ് ബാഗില്‍ ഉപേക്ഷിക്കുന്നു.

'പദമെവിടെ?'

ഞാന്‍ അതിലൊരാളോട് ചോദിച്ചു.

എന്തോ നിഷേധാര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.

ഞാന്‍ അടുത്തുചെന്നു.

'അവനിന്ന് വന്നില്ലെ..?'

എന്റെ അടുത്ത ചോദ്യം , അല്ല, സംഭ്രമം !

'ഇല്ല..അവനിനി വരുമെന്ന് തോന്നുന്നില്ല..ഇന്നലെ അടിച്ചകാറ്റില്‍ അവന്‍ പോയി'

വാട്ട് ? ഞന്‍ കസേരയില്‍ അറിയാതെ ഇരുന്നുപോയി.എന്താ പറ്റിയെ എന്ന് ചോദിക്കാനായി സ്വബോധം വീണ്ടെടുത്തപ്പോഴേയ്ക്കും ക്ലീനിങ്ങ് ബോയ്സ് പോയിരുന്നു. അവര്‍ ഫ്ലോര്‍ തുടച്ച നനവ് മാത്രം ബാക്കി.

കുറച്ച് കഴിഞ്ഞ് വാഷ് റൂമില്‍ പോകാനിറങ്ങിയപ്പോഴും മനസ്സ് നിറയെ പദമായിരുന്നു. അവനെന്ത് പറ്റി ? അവന്റെ കുഞ്ഞ് ? മനീഷ ?

പുറത്തെ സേഫ്റ്റിബോര്‍ഡില്‍ ഇന്നലെ അടിച്ച കാറ്റിനെക്കുറിച്ചുള്ല വിവരങ്ങള്‍ ! അതിന്റെ താഴെ തന്നെ ഒരു ആക്സിഡന്റിന്റെ പടവും .

പദം ! പദമല്ലേ അതില്‍ ! അതെ അവന്‍ തന്നെ!

ഞാന്‍ കാന്തം ഒട്ടുന്നതുപോലെ സേഫ്റ്റി ബോര്‍ഡില്‍ ചേര്‍ന്ന് നിന്ന് അതില്‍ നോക്കി. അതെ അവന്‍ തന്നെ.

'യു വില്‍ ലൂസ് യുവര്‍ ലിമ്പ്‌സ് ഈഫ് യു ആര്‍ കെയര്‍ലെസ് ലൈക് ദിസ്'

ഇതായിരുന്നു അതിന്റെ ഹെഡിങ്ങ് !

സേഫ്റ്റി ഓഫീഷ്യല്‍സ് സ്ട്രെച്ചറില്‍ പദമിനെ എടുത്ത് കൊണ്ട് പോകുന്ന പടത്തില്‍ ഞാന്‍ അവനെ കണ്ടില്ല. കണ്ടത് അവന്റെ അടയാളങ്ങളെ, ആ ബൂട്ടും കവറോളും !

എന്ത് ചെയ്യണം പറയണം എന്നറിയാതെ ഞാന്‍ തിരിച്ച് ഓഫീസിലേയ്ക്ക് തന്നെ കയറി. അവിടെ ആരോ ആരോടോ പറയുന്നു,

'ഇന്നലെ കണ്ടില്ലേ..ആ പൊടിക്കാറ്റില്‍ ഒരു നേപ്പാളിയെ വണ്ടിയിടിച്ചത്..കൈയ്യോ കാലോ പോയീന്നാ പറയുന്നെ..ഇവനൊന്നും ഒരിടത്ത് ഒതുങ്ങി നിന്നൂടെ..ആര്‍ക്ക് പോയി..അവന്റെ വീട്ടുകാര്‍ക്ക്'

എന്റെ മനസ്സില്‍ ആ കുഞ്ഞുപദമിന്റെ ചിരിക്കുന്ന മുഖം ഓര്‍മ്മ വന്നു. പദമിന്റെ ഭാവിയെ മുറുകെ പിടിക്കാന്‍ പോകുന്ന മനീഷയുടെ രണ്ട് കൈകളും പിന്നെ ഇപ്പൊ കണ്ണീര്‍ വാര്‍ത്തുതുടങ്ങിയിട്ടുണ്ടാകുന്ന ആ രണ്ട് കണ്ണുകളും .

പദം, ഇനി നിന്നെയോര്‍ക്കാതെ എനിക്കിനി ഒരു പിടി ചോറുകഴിക്കാനാകില്ല. എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ക്ഷമിക്കുക!

1 comment:

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...