Sunday, September 30, 2012

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേയ് (ഒരല്‍പം എരിവുള്ളത്)


ട്രെയിന്‍ ഒരല്‍പം പൊലും കുലുങ്ങുന്നില്ല. ആകാശത്ത് ഇങ്ങനെ പാറി നടക്കുന്ന
പോലെ ഒരു ഫീലിങ്ങ്. അല്ലേലും ട്രെയിനില്‍ കേറിയാല്‍ ഫീലിങ്ങ്‌സ് പെട്ടെന്നങ്ങ് കൂടും . എനിക്ക് മാത്രമല്ല, എന്റെ ഓപ്പോസിറ്റിരിക്കുന്ന എന്റെ സിനിമയില്‍ നായിക കാവ്യാ മാധവനും !

"ഡയറക്‌ടര്‍ സാര്‍ ..." കാവ്യ എന്നെ നോക്കി വിളിച്ചു.

ഷൂട്ടിങ്ങിനായി സ്വിറ്റ്സര്‍ലണ്ടിലെ ലൊക്കേഷിനിലേയ്ക്ക് പോകുകയാണു ഞാനും എന്റെ ക്രൂവും .

"എന്നെ സാറെന്ന് വിളിക്കണ്ട..ദീപ്‌സെന്ന് വിളിച്ചോളു..എനിക്കതാ ഇഷ്ടം ..ഹഹ.." കുലുങ്ങാത്ത ട്രെയിനില്‍ ഞാന്‍ ഒന്ന് കുലുങ്ങിച്ചിരിച്ചു.

"സാര്‍ ..എന്റെ കൈയ്ക്ക് എന്തോ വേദന..ഒരു തരിപ്പ് പോലെ"

വാട്ട് !! അവളുടെ കൈ തരിക്കുന്നെന്നോ..? ഞാന്‍ അറിയാതെ എന്റെ കവിള്‍ തടവി. എന്തിനു പേടിക്കണം ? അവളുമായടുക്കാന്‍ ഇതാണവസരം !

"ആ കൈയ്യിങ്ങ് തന്നെ..." എന്റെ കൈ നീട്ടി ഞാന്‍ അവളുടെ കൈ പിടിച്ചു.

"ഉമ്മാ...സാരില്ല മാറിക്കോളും " അവളുടെ കൈയ്യില്‍ ഉമ്മ കൊടുക്കുന്നതിനിടയില്‍ ഞാന്‍ ഒളിക്കണ്ണിട്ട് നോക്കി പറഞ്ഞു.

അവള്‍ നാണം കൊണ്ട് ചുവന്ന മുഖം തിരിച്ച് തിരിച്ചു.

"ദീപ്‌സെ..എന്റെ കവിളും ചെറുതായി വേദനിക്കുന്നു..." അമ്പടി കള്ളി !! അടിക്കും ഞാന്‍ !

ഞാന്‍ അടുത്ത് ചെന്ന് അവളുടെ കവിളില്‍ ഒരുമ്മ കൊടുത്തു.

"സാരില്ല..മാറിക്കോളും " ഇനി മാറിയില്ലെങ്കില്‍ പറയാന്‍ മടിക്കണ്ടാ ട്ട !

പെട്ടെന്ന് മുകളിലെത്തെ ബെര്‍ത്തില്‍ ചുരുട്ടി വച്ചിരുന്ന എന്തോ സാധനം താഴേയ്ക്ക് വീണു. മാമൂക്കോയ!! താഴെയെത്തിയതും പുള്ളി എന്നെ നോക്കിച്ചിരിച്ചു.

"മോനെ ദീപ്സെ..മൂലക്കുരു കാരണം നല്ല വേദന..അതും കൂടിയൊന്ന്.."

വാട്ട് ദ ഹെല്‍ !! ഇങ്ങേരുടെ മൂലക്കുരു മുഖത്താണെങ്കില്‍ പോലും ഞാനത് ചെയ്യില്ല!!

പെട്ടെന്ന് കംപാര്‍ട്ട്മെന്റില്‍ ആരോ ചായയുമായ് വന്നു.

"ചായ..ചായ.." ടീബോയിയല്ല, ടീഗേളാണ്. ഒരു പെണ്ണിന്റെ ശബ്ദം !

പെട്ടെന്ന് ട്രെയില്‍ ഗട്ടറില്‍ വീണപോലെ ആകെ ഒന്ന് കുലുങ്ങി.

ഞാന്‍ കണ്ണു തുറന്നു! മുന്നില്‍ ഭാര്യ ! കൈയ്യില്‍ ചായ !

"ചായ.." അവള്‍ എന്നെ നോക്കി പറഞ്ഞു.

'നീ എന്താ ഇവിടെ..ഈ സമയത്ത്?' എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്നെ ഞാന്‍ ഒന്ന് റിവൈന്‍ഡ് അടിച്ചുനോക്കി. ശെടാ ഒന്നും തെളിയുന്നില്ല. എല്ലാം ഒരു മങ്ങല്‍ പോലെ. കുവൈറ്റ് എയര്‍ പോര്‍ട്ടൊക്കെ പതുക്കെ തെളിയുന്നു. കിട്ടി! ഇന്നലെ അവള്‍ വിസിറ്റിങ് വിസയില്‍ ഇവിടെ ലാന്‍ഡ് ചെയ്തു. അവളെ റിസീവ് ചെയ്ത് നേരെ പുതിയ വീട്ടില്‍ ചെന്ന് കിടന്നുറങ്ങിയ ഞാനാ!

അവള്‍ ദേ രാവിലെ എനിക്ക് ചായയും കൊണ്ട് നില്‍ക്കുന്നു . ഞാന്‍ ഉറക്കച്ചടവോറെ..ചെ..ചവറോടെ..കോപ്പ് ആ പറഞ്ഞതോടെ ചിരിച്ചു.

"പിന്നെ ചിരിക്കാം ..ആദ്യം ചായ കുടിക്ക്..ഇല്ലെങ്കില്‍ തണുക്കും " ഇതും പറഞ്ഞ് അവള്‍ ഈറന്‍ വാറുന്ന മുടി വീശി തിരിഞ്ഞു. അവള്‍ വിചാരിച്ച പൊലെ തന്നെ മുടിയില്‍ നിന്നും വെള്ലമിറ്റ് എന്റെ മുഖത്ത് വീണു.

വൌ..ഹൌ റൊമാന്റിക് !!

എന്നോടാ കളി?

"നില്‍ക്കടി അവിടെ"? ഞാന്‍ അലറി.അവള്‍ തിരിഞ്ഞുനോക്കി.

"ഞാന്‍ നിനക്ക് വേണ്ടി ഒരു പാട്ട് പാടട്ടെ? വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു വന്‍ച്ചിക്കാരിയെക്കണ്ടു.. വാകപ്പൂമരച്ചോ.." എന്നിലെ കാമുകന്‍ ഉണര്‍ന്നുകൂവി.

"ഏട്ടാ..അനുരാഗവിലോചനനായി പാടാമോ..എനിക്കതാ ഇഷ്ടം .." 
"അതെന്താ..നോര്‍മ്മലായിട്ട് പാടിയാ നിനക്ക് പിടിക്കില്ലെ?"
"അയ്യട..ചളു..ആ പാട്ടാണെങ്കില്‍ പാട്..എനിക്കിപ്പൊ അതാ ഇഷ്ടം " അവള്‍ നയം വ്യക്തമാക്കി.

വേണ്ട.ഇന്നു പാടി ഒരു ശീലമാക്കിയാല്‍ എന്നും രാവിലെ അവളെന്നെക്കൊണ്ട് പാടിപ്പിക്കും !

"നമുക്ക് രാവിലെ ഒന്ന് കറങ്ങാന്‍ പോകാം ..ബ്രേക്ക് ഫാസ്റ്റൊക്കെ കഴിഞ്ഞിട്ട്..ഓക്കെ?" ഞാന്‍ വിഷയം മാറ്റി.

ഓക്കെ എന്നര്‍ത്ഥത്തില്‍ അവള്‍ ചിരിച്ചുകോണ്ട് കിച്ചണിലേയ്ക്ക് പോയി.

ഞങ്ങളുടെ തൊട്ടപ്പുറത്തെ റൂമില്‍ മറ്റൊരു ഫാമിലി കൂടിയുണ്ട്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ശ്രീകുമാറേട്ടനും കുടുംബവും . കുട്ടികളെ തല്ലി തന്നെ വളര്‍ത്തണം എന്ന് പുള്ളിക്ക് ഭയങ്കര നിര്‍ബന്ധമാണ്. എന്തേലും കുരുത്തക്കേട് കാണിച്ചാല്‍ ആ രണ്ട് പിള്ളേരെയും ഷിറ്റ് കണ്ട സുരേഷ് ഗോപിയെപ്പോലെ എടുത്തിട്ടമ്മാനമാടും .രാവിലെ ഓഫീസില്‍ പോകുന്നതിനു മുന്നെ ഉറങ്ങിക്കിടക്കുന്ന പിള്ളേരെ എണീപ്പിച്ച് രണ്ടടി കൊടുക്കും . 'എന്തിനാ ഇപ്പൊ കിട്ടിയെ' എന്നറിയാതെ കണ്ണു മിഴിച്ചിരിക്കുന്ന പിള്ളേരോട് 'ഞാന്‍ വരുമ്പൊ ലേറ്റ് ആകും ..അതോണ്ടാ' എന്ന് പറഞ്ഞ് പുള്ളി പോകും .ആ കുട്ടികളുടെ ഭാഗ്യമാ, പുള്ളി ചൈനാക്കാരനാകാത്തത് !

ഞാന്‍ പതുക്കെ ടോയിലറ്റിലൊക്കെ പോയി ഫ്രഷായി തിരിച്ചുവന്നു. ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു. ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും .
"ഞാന്‍ കുക്കിങ്ങൊക്കെ പഠിച്ച് വരുന്നേയുള്ളു.." എന്റെ പ്ലേറ്റില്‍ അവള്‍ ചപ്പാത്തി എടുത്തു വച്ചു.
"ഞാനും പഠിച്ച് വരുന്നേയുള്ളു.."
"എന്ത്?"
"അല്ല..നീയുണ്ടാക്കുന്നതൊക്കെ തിന്നാന്‍ .." ഗോള്‍ ! സ്കോര്‍ (1-0)
ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. നവാസിന്റെ ടാക്സിയിലിരുന്ന് ഫാഹേലിലേയ്ക്ക് പോകുമ്പൊ ഞാന്‍ മനസ്സില്‍ ഓരു സന്തോഷം . ഒരു പുതിയ ജീവിതം . ഇന്നലെ വരെ ലൈസന്‍സില്ലാതെ എങ്ങോട്ടൊക്കെയോ സന്‍ചരിച്ചിരുന്ന എന്റെ ജീവിതത്തിനു ഇപ്പൊ എന്തോ ഒരു പുതിയ ദിശാബോധം കൈവന്നപോലെ. അതെ, ഒരു പുതിയ ദിശാബോധം !

പെട്ടെന്ന് ടാക്സി എവിടെയോ ഇടിച്ചപോലെ ബ്രേക്കിട്ടു. എന്റെ തല വന്ന് മുന്‍ സീറ്റിലിടിച്ചു. ആലോചനയില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഞാന്‍ ഡ്രൈവര്‍ നവാസിനോട് ചോദിച്ചു,

"ദിശാബോധമില്ലേടേ നിനക്ക്??"

""എന്തോന്നെന്ന്"?
"അല്ല..ലൈസന്‍സൊക്കെ ഉണ്ടല്ലൊ അല്ലേന്ന്" ചിന്തകള്‍ എന്നെ വിടുന്നില്ല!

"അതൊക്കെയുണ്ട്..മുന്നിലൊരുത്തന്‍ ചവിട്ടിയതാ..അതെ..ദീപ്സെ..ദീപ്സിരിക്കുന്നതിന്റെ അടിയില്‍ എന്തേലും ഉണ്ടോന്ന് നോക്കിക്കെ?" അവന്‍ എന്തോ തിരയുന്ന പോലെ പറഞ്ഞു.
"ഞാന്‍ ഇരിക്കുന്നതിന്റെ അടിയില്‍ എന്റെ ചന്തിയേയുള്ളു..എന്തെയ്?"
"നിര്‍ത്തെഡെയ്..എം പി ത്രി പ്ലെയറിന്റെ റിമോട്ട് കാണുന്നില്ല..അതാ"

"അതെ..നമ്മളെങ്ങോട്ടാ..?" കുവൈറ്റിനേക്കാള്‍ മുന്നെയുണ്ടായ ചില കെട്ടിടങ്ങള്‍ നോക്കി എന്റെ ഭാര്യ ചോദിച്ചു.

"നമ്മളിപ്പൊ പോകുന്നത് ഫാഹേല്‍ ഫിഷ് മാര്‍ക്കറ്റിലേയ്ക്ക്.."
ഞാനീ പറഞ്ഞ ഫിഷ് മാര്‍ക്കറ്റ് കണ്ടാല്‍ നമ്മുടെ നാട്ടിലെ പത്‌മനാഭപുരം കൊട്ടാരം പോലുണ്ട്. ഇവിടുന്ന് മീന്‍ വാങ്ങിയാല്‍ അത് കറി വയ്ക്കാതെ എടുത്ത് ഷോ കേസില്‍ വച്ചുപോകും !

"ഹും ..എന്ത് മീനാ വാങ്ങുന്നെ..നല്ല മീന്‍ നോക്കി വാങ്ങണം ട്ടോ.." അവളിലെ വീട്ടമ്മ തലപൊക്കി.

"നെമ്മീന്‍ " ടാക്സി അപ്പോഴേയ്ക്കും ഫിഷ് മാര്‍ക്കറ്റിന്റെ മുന്നില്‍ എത്തിയിരുന്നു.

രംഗം : പല സൈസിലും കളറിലുമുള്ള മീനുകള്‍ കൊണ്ട് കൂമ്പാരമുണ്ടാക്കി വച്ചിരിക്കുന്ന ഒരു കടയുടെ മുന്നില്‍ ഞാനും അവളും കണ്ണും തള്ളി നില്‍ക്കുന്നു. കാരണം നെമ്മീന്‍ ഏതാണെന്ന് എനിക്കും അവള്‍ക്കും അറിയില്ല !

കോപ്പിലെ എടപാടായിപ്പോയി. നെമ്മീന്‍ ഏതാണെന്നറിയാത്ത നീയൊക്കെ ഒരു പെണ്ണാണോടി എന്നര്‍ത്തത്തില്‍ ഞാനും എന്നാ പിന്നെ ഒരു മുക്കോത്തിയെ കെട്ടരുതായിരുന്നോ എന്നര്‍ത്ഥത്തില്‍ അവള്‍ എന്നെയും നോക്കി.

ഞാന്‍ അവിടെ കൂട്ടി വച്ചിരുന്ന മീന്‍സിലൊക്കെ കണ്ണോടിച്ചു. കിട്ടി, നെമ്മീന്‍ കിട്ടി! നല്ല വെളുത്ത് തടിച്ച മീനുകളില്‍ എന്റെ കണ്ണുടക്കി.

"ദേ അതാണു നെമ്മീന്‍.." ഞാന്‍ അതിനെച്ചൂണ്ടിക്കാട്ടി അവളോട് പറഞ്ഞു.

"എങ്ങനെ മനസ്സിലായി..?"

"അതിനു നമ്മടെ തമിഴിലെ നമിതേടെ ഒരു ഗെറ്റപ്പ്"

അതുവരെ എന്റെ കയ്യില്‍ പിടിച്ചിരുന്ന അവള്‍ പെട്ടെന്ന് പിടിവിട്ടു ;)

"ചേട്ടാ ഒരു കിലോ നമിതാമീന്‍ ..ഐ മീന്‍ നെമ്മീന്‍ " ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ മീന്‍കാരനോട് പറഞ്ഞു.

"അത് നെമ്മീനല്ല..പാരയാ " അതിലൊന്ന് പൊക്കിയെടുത്തുകൊണ്ട് അയാള്‍.

"ഹാ..ശെരിയാ..ഞാന്‍ അതിന്റെ ഫേയ്സ് ഇപ്പഴാ ശ്രദ്ധിച്ചെ..എന്നാ ചേട്ട ഒരു രണ്ടുകിലോ നെമ്മീനെടുത്തെ.." വീണിടം വിഷ്ണുലോകം !

ചിരിച്ചുകൊണ്ടയാല്‍ തൊട്ടപ്പുറത്തിരുന്ന ഒരുമാതിരി കറുത്ത് തടിച്ച ഒരു മീനെടുത്തു.അയാള്‍ ആ മീന്‍ പിടിച്ചിരിക്കുന്നത് കണ്ടാല്‍ നിത്യാനന്ദസ്വാമീടെ കയ്യില്‍ രന്‍ചിത ഇരിക്കുന്ന പോലെ ! പുള്ളി അത് വെട്ടി,ക്ലീന്‍ ചെയ്ത് പായ്ക്ക് ചെയ്തു തന്നു. കാശും കൊടുത്ത് വരുന്ന വഴിക്ക് പൌള്‍ട്രിയില്‍ കയറി ഒരു കിലോ കോഴി വാങ്ങി. തൂവലൊക്കെ കളഞ്ഞപ്പൊ കോഴി ഒരു മാതിരി മുടിയില്ലാത്ത സായിബാബയെപ്പോലെ! അതെങ്കിലത്. ഉള്ളതും വാങ്ങി ഞങ്ങള്‍ റൂമിലേയ്ക്ക് തിരിച്ചു.

ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ ശ്രീകുമാറേട്ടനും കുടുംബവും ഉണ്ടായിരുന്നില്ല. പുറത്ത് പോയതാവാം . ഞാന്‍ മൊബൈലില്‍ പുള്ളിയെ വിളിച്ചു.

"ഹലോ..ഇതെവിടാ?"

"ദീപക്ക് മാഷെ..ഇന്നെന്റെ വൈഫിന്റെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയാ..സൊ ഒരു
ഔട്ടിങ്ങ്.." ആഹ, ബെസ്റ്റ് !

"ഓഹോ..അപ്പൊ ഇനി എന്നാ ചേട്ടന്റെ വെഡ്ഡിങ്ങ് ആനിവേഴ്സറി.?"

"ഹഹ..അങ്ങനല്ല..ഇന്ന് ഞങ്ങളുടെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയെന്നാ ഉദ്ദേശിച്ചെ.."

"ഓക്കെ..അപ്പൊ ഇന്ന് ലന്‍ച് ഞങ്ങളുടെ വക.." കുക്ക് ചെയ്യാന്‍ ആളുണ്ടെങ്കില്‍ റ്റെന്‍ഡര്‍ എവിടുന്നും പിടിക്കും ഞാന്‍ !!

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് വൈഫിനോട് വിവരം പറഞ്ഞു. അവള്‍ക്കും സന്തോഷം . ഞാന്‍ ഉടന്‍ തന്നെ അടുത്തുള്ള കടയില്‍ പോയി അരിയും സാധനങ്ങളും വാങ്ങി വന്നു.

രംഗം : ഭൈമി അടുക്കളയില്‍ തകര്‍ത്ത കുക്കിങ്ങില്‍ !

ഒരു ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് നല്ല ചൂടുള്ള ഫ്രൈഡ് റൈസും ചിക്കന്‍ കറിയും റെഡി. ഞാന്‍ പെട്ടെന്നങ്ങ് അഭിമാനപുളകിതനായ്.
"ആഹ..കൊള്ളാല്ലോടി..അപ്പൊ നിനക്ക് ഇതൊക്കെ അറിയാരുന്നു..ല്ലെ?" ഞാന്‍ അവളെ പ്രശംസിച്ചു.
"ഏയ്..ഇത് രണ്ടും ആദ്യായിട്ടാ..."
എന്റെ ചിരിബള്‍ബ് പെട്ടെന്ന് ഫ്യൂസായി ! അപ്പോഴേയ്ക്കും അവരും ഔട്ടിങ്ങ് കഴിഞ്ഞെത്തി. അര മണിക്കൂര്‍ കൊണ്ട് ടേബിളില്‍ പ്ലേറ്റുകളും അതിനു ചുറ്റും ശ്രീകുമാറേട്ടനും കുടുംബവും റെഡി.
"ഒത്തിരി ബുദ്ധിമുട്ടി..ല്ലെ?" ശ്രീകുമാറേട്ടനു വിനയം .
"ഏയ്..ഇതൊക്കെ ഒരു സന്തോഷമല്ലെ.." എന്റെ വൈഫിനും വിനയം.
കുട്ടികള്‍ ആദ്യം ചിക്കനില്‍ തുടങ്ങി. ഒരു മിനിട്ട് കഴിഞ്ഞിട്ടുണ്ടാകില്ല,
"മ്മാ വെള്ളം .." ഇളയകുട്ടി. സംഗതി എന്തോ പന്തികേടുണ്ട്. ചിരിച്ചുകൊണ്ട് കഴിച്ചുതുടങ്ങിയവരുടെ മുഖത്ത് വികാരങ്ങളുടെ അതിപ്രസരം .
ചിക്കന്‍ കഴിച്ച് തുടങ്ങിയ ആ നാലുപേരുടെയും എട്ട് കൈകള്‍ അവിടെയാകെ ഉണ്ടായിരുന്ന ഒരു കുപ്പി വെള്ളത്തില്‍ പിടിവലി തുടങ്ങി. കുപ്പിയിലെ വെള്ളം തീര്‍ന്നിട്ടും അവരുടെ കണ്ണില്‍ നിന്നും ഒഴുകിയ വെള്ളം തീര്‍ന്നില്ല.എന്താ സംഭവിച്ചെ എന്നറിയാന്‍ ഞാന്‍ ഭൈമിയെ നോക്കി.
"അതെ..വീട്ടില്‍ വിളിച്ച് അമ്മയോടാ ടിപ്‌സ് ചോദിച്ചെ..മുളകെത്രാന്ന് ചോദിക്കുന്നതിനു മുന്നെ ബാലന്‍സ് തീര്‍ന്ന് കട്ടായി..അതാണെന്ന് തോന്നുന്നു.."
അതാണെന്ന് തോന്നുന്നതല്ല, അത് തന്നെയാണ്.
പിന്നെ അവിടെ കണ്ടത്, ടൊയിലറ്റിലേയ്ക്ക് ഓടുന്ന ശ്രീകുമാറേട്ടനെ വലിച്ച് താഴെയിട്ട് അകത്തേയ്ക്കോടുന്ന പുള്ളിയുടെ വൈഫ്! തങ്ങളെ കൊണ്ടുപോകാത്തതിനു കരച്ചിലിന്റെ വക്കിലെത്തിയ പിള്ളേര്‍ !
ഈ തിരക്കിനിടയിലും എന്റെ ഭാര്യ ആതിഥ്യമര്യാദ വിട്ടില്ല. ടോയിലറ്റിലേയ്ക്ക് ഓടിക്കേറിയ ചേച്ചിയെ പിടിച്ചുനിര്‍ത്തി അവള്‍ പറഞ്ഞു,
"ചേച്ചി.മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേയ്.."
"ന്റെ പൊന്നുമോളെ..ഈ തിരക്കൊക്കെ ഒന്ന് കഴിയട്ടെ.." എന്ന് പറഞ്ഞ് ചേച്ചി വീണ്ടും ടോയിലറ്റിലേയ്ക്ക് കയറി.
"വേണ്ടായിരുന്നല്ലെ..?" ഞങ്ങളുടെ റൂമില്‍ കയറിയപ്പൊ അവള്‍ പതുക്കെ എന്നോട് പറഞ്ഞു.
"ഏയ്..നീ വിഷമിക്കണ്ട..ഇതൊക്കെ ഒരു സന്തോഷമല്ലെ..?ഹഹ"
രംഗം : ഉച്ചയ്ക്കുണ്ടാക്കിയതിന്റെ ബാക്കി മുഴുവനും എല്ലുപോലും കളയാതെ രാത്രി അവളെന്നെക്കൊണ്ട് തീറ്റിക്കുന്നു. എന്റെ ഒരു കൈയ്യില്‍ ചോറും മറ്റേതില്‍ രണ്ടാമത്തെ കുപ്പിവെള്ളവും ! ഇതും ഒരു സന്തോഷമാ :(
***********************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...