Sunday, September 30, 2012

ഹോര്‍ളിക്സ്

ഞാന്‍ മൂന്നിലും ചേട്ടന്‍ നാലിലും പഠിക്കുന്ന, (അമ്മയ്ക്കറിയാം , അതിന്റെ പാട്!) സമയം . ചേട്ടനെ ഇംഗ്ളിഷ് മീഡിയത്തിലും എന്നെ മലയാളം മീഡിയത്തിലും ചേര്‍ത്ത്, എന്നെ സമൂഹത്തില്‍ (3 സിയിലെ രാജേഷിനും 2 ബിയിലെ സുനിതയ്ക്കുമൊക്കെ മുന്നില്‍ ) ഒരു ഇനപ്രോപ്രിയേറ്റ് ഫിറ്റിങ്ങ് ആക്കിയതിനു അമ്മയോട് ഞാന്‍ ശക്തമായി സമരം ചെയ്തിരുന്ന കാലം . ചേട്ടന്റെ 'ബി' ശരിയായി, എന്നിട്ടും അമ്മയ്ക്കെന്റെ 'ഷ" ശരിയാകാതിരുന്ന കാലം !

ചേട്ടനെക്കുറിച്ച് പറയുകയാണെങ്കില്‍ , വെല്‍ ...ആക്ച്വലി...പ്രത്യേകിച്ചൊന്നുമില്ല പറയാന്‍.പക്ഷെ അതിനെക്കാളും അസഹനീയം എനിക്കും ചേട്ടനും മുകളില്‍ , മിസ് 'ദീപാ നിവാസ്' ആയി വിലസിയിരുന്ന , വീട്ടില്‍ ബാലരമ വന്നാല്‍ എന്നെയും ചേട്ടനെയം ​മൃഗീയമായ് പീഡിപ്പിച്ച് ആദ്യം വായിച്ചിരുന്ന, വിറ്റാമിന്‍ ഡിയുടെ കുറവ് കാണിച്ച് ഒരു എക്സ്ട്രാ മീന്‍ , കോഴിക്കാല്‍ എന്നിവ വയറ്റിലാക്കിയിരുന്ന, എന്റെ സ്വന്തം ചേച്ചിയായിരുന്നു. എല്ലാ വിധ സംവരണങ്ങളും പാര്‍ളമെന്റില്‍ (അച്ചന്റെ മുന്നില്‍ ) പാസ്സാക്കിയെടുക്കാന്‍ ചേച്ചിക്കു എല്ലാ പിന്തുണയും നല്‍കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്മ. ഇങ്ങനെ പാസ്സാക്കിയെടുത്ത ബില്ലുകളില്‍ , രാത്രിയില്‍ കിടക്കുന്നതിനു മുന്നെ ഒരു ഗ്ളാസ്സ് പാല്‍ , രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ളാസ്സ് പാല്‍ , എന്റെയും ചേട്ടന്റെയും ഫേവറൈറ്റായ ചിക്കന്‍ ഫ്രൈയുടെ ഏറ്റവും വിലപ്പെട്ട ഭാഗം ഇതെല്ലാം ഉള്‍പ്പെട്ടിരുന്നു.ഇതെല്ലാം സഹിച്ചും ക്ഷമിച്ചും 'ചേച്ചി വായിച്ചിട്ടു ബാക്കി വന്ന ബാലരമയില്‍ ' വല്ലതും ബാക്കി ഉണ്ടെങ്കില്‍ അതും തപ്പി ഞാനും ചേട്ടനും ജീവിച്ചു. എരിതീയില്‍ എണ്ണയൊഴിക്കാന്‍ , ചേച്ചി പെട്ടെന്നു അടുത്ത ബില്‍ അവതരിപ്പിച്ചു. 'അമ്മാ , ഹാര്‍ളിക്സ്'.

എത്തി, അന്നു രാത്രി, ഒരു കിലോയുടെ വലിയ ഒരു ഗുപ്പി ! അതും ചുമന്ന് നില്‍ക്കുന്ന ചേച്ചി,  ഞങ്ങള്‍ക്ക് സമ്മാനിച്ചത് 'നീയൊക്കെ ചാറി മുക്കി നക്കിയാ മതി' എന്ന ഭാവമായിരുന്നു.

ഇങ്ങനെ ശിക്കാരി ശംഭുവും വായിച്ച് കഴിയുന്നതിനേക്കാള്‍ ഭേദം ഡാകിനിയും കുട്ടൂസനും പിടിച്ചുകൊണ്ടു പോകുന്നതാ! എന്റെ 'കോ' ആളിക്കത്തി (അന്നു കുഞ്ഞല്ലേ , 'പം ' വന്നിട്ടുണ്ടായിരുന്നില്ല). ഞാന്‍ ചിന്തിച്ചു. അതെ, അതു തന്നെ.പകരം വീട്ടുക ! 'എന്നെ ഏതു പാര്‍ട്ടിയിലെടുക്കുന്നോ ആ പാര്‍ട്ടിയാണെനിക്ക് വലുത്' എന്ന് പറയുന്ന മുരളിയുടെ സ്വഭാവമാണു ചേട്ടന്.വിശ്വസിക്കാന്‍ പറ്റില്ല. ഒറ്റയ്ക്ക് ചെയ്യുന്നതായിരിക്കും നല്ലത്. ബട്ട്,പക്ഷെ, യെങ്ങനെ ?? അതെ, ഇന്നു രാത്രി ഹോര്‍ളിക്സ് അടിച്ചുമാറ്റി കഴിക്കുക ! അങ്ങനെ ഞാന്‍ തന്നെ അവതരിപ്പിച്ച് ഞാന്‍ തന്നെ ഈ ബില്‍ പാസ്സാക്കി.

സമയം രാത്രി. എങ്ങും ഇരുട്ട്, എന്റെ തൊട്ടപ്പുറത്ത് ചേട്ടന്‍ കിടന്നുറങ്ങുന്നു. ഒരിടത്തും തട്ടാതെ ഹോര്‍ളിക്ക്സ് ഇരിക്കുന്നിടത്തെത്താന്‍ സ്പൈഡര്‍ മാനേയും എല്ലാ തടസ്സങ്ങളെയും നേരിടാന്‍ സൂപ്പര്‍ മാനേയും ഇനി അതു നടന്നില്ലെങ്കില്‍ രക്ഷിക്കാന്‍ മാന്‍ഡ്റേക്കിനെയും പ്രാര്‍ത്ഥിച്ച് ഏര്‍പ്പാടാക്കി.

ഞാന്‍ പതുക്കെ എണീറ്റു, തള്ളവിരളില്‍ നടന്നു സ്റ്റോര്‍ റൂമില്‍ എത്തി..ഇങ്ങനെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, 1) നീണ്ടു നിവര്‍ന്നു നടക്കാന്‍ പാടില്ല. 2) ഒരല്‍പം കുനിഞ്ഞു വേണം നടക്കാന്‍ , 3) കൈ വീശി നടക്കാന്‍ പാടില്ല. ഈ നിയമങ്ങളൊക്കെ അനുസരിച്ച് തപ്പിയും തടഞ്ഞും ഞാന്‍ സ്റ്റോര്‍ റൂമില്‍ എത്തി.പരതി പരതി അവസാനം നിധി കയ്യില്‍ തടഞ്ഞു.എനിക്കെന്റെ കൈകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഒരു കിലോയുടെ ഹോര്‍ളിക്സ് കുപ്പി ! പതുക്കെ കുപ്പി തുറന്നു, ഒരു സ്പൂണ്‍ ഹോര്‍ളിക്സ് വായിലേക്കിട്ടു.ഓ, ഇതത്ര പോര! 'ഓ പിന്നെ എന്നും തിന്നുന്നത് പോലെ,വേണേല്‍ തിന്നിട്ടു പോടാ' എന്നാരോ പറഞ്ഞതുപോലെ . സാരില്ല,നേരം വെളുക്കാന്‍ ഇനീം സമയമുണ്ട്.ഇടക്കിടക്കു തള്ളവിരളില്‍ നടക്കുന്നത് ആരോഗ്യത്തിനു നല്ലതാണല്ലൊ എന്നു വിചാരിചു തിരിച്ച് ബെഡിലേയ്ക്ക് നടന്നു.അങ്ങനെ അര മണിക്കൂര്‍ ഇടവിട്ടു ഞാന്‍ എന്റെ ശരീരത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു.പക്ഷെ പത്തു പതിഞന്ചു തവണ ആയപ്പൊ, "വേണ്ട്റ ടാ...മതി, പോയിക്കിടന്നുറങ്ങ്" എന്നാരു തോന്നല്‍. തോന്നല്‍ മാത്രമല്ല, ഒരു കിലോ കുപ്പിയുടെ ഭാരം പെട്ടെന്നങ്ങ് കുറഞ്ഞത് പോലെ. ഞാന്‍ അത്രയ്ക്കങ്ങ് ? ശേ,അങ്ങനെ വരാന്‍ ? ആ എന്ത് കോപ്പോ, ഞാന്‍ തിരിച്ച് ബെഡിലേയ്ക്ക് നടന്നു..

പിറ്റേന്ന് രാവിലെ, "ഇങ്ങോട്ട് വാടാ രണ്ടെണ്ണവും "എന്ന അമ്മയുടെ സ്നേഹം നിറഞ്ഞ വിളിയാണു എന്നെയും ചേട്ടനെയും ഉറക്കമുണര്‍ത്തിയത്.എനിക്കു സംഗതി പിടികിട്ടി.കഴിഞ്ഞതൊന്നും മറക്കാന്‍ പാടില്ല എന്നാരാ പറഞ്ഞത്. ഞാന്‍ ഒറ്റയടിക്ക് കഴിഞ്ഞ രാത്രി നടന്നതെല്ലാം മറന്നു. സാഹചര്യം മനസിലാക്കി ഒന്നും അറിയാത്തപോലെ ഞാനും, 'ഇല്ല, ഇന്നത്തെ ബാലരമ ഞാന്‍ എടുത്തില്ല' എന്ന ഭാവത്തില്‍ ചേട്ടനും 'എന്താമ്മാ' എന്നു വിളിച്ചുകൊണ്ടു ചെന്നു. പക്ഷെ ചേട്ടനെ കണ്ടതും അമ്മ , ഷി വാസ് സോ ആന്‍ഗ്രി ഓഫ് ദി..ന്റമ്മൊ.. ഒടുക്കത്തെ കലി.പിന്നെ അവിടെ നടന്നത് 'ടാ, ഇനിയെടുക്കോ ?'.... 'ഇല്ലേ', 'ടാ, ഇനിയെടുക്കോന്ന് ?'.... 'ഇല്ലേ' എന്ന വരികള്‍ക്ക് അമ്മയും ചേട്ടനും പാടി അമ്മ തന്നെ സംഗീതം നല്‍കിയ ഒരു പാട്ടായി എനിക്കനുഭവപ്പെട്ടു. അടികൊള്ളേണ്ടത് എനിക്ക്. ഇതിപ്പൊ എങ്ങനെ ശരിയാവ്വാ എന്നാലോച്ചിച്ച് നിന്നപ്പോ, അമ്മയുടെ ശബ്ദം വീണ്ടും.

അമ്മ അച്ചനോടു പറയുന്നു "അവന്റെ മുഖത്തു ഹോര്‍ളിക്സിന്റെ പൊടി കണ്ടപ്പോഴേ എനിക്കു മനസ്സിലായി, രാത്രി അവനായിരിക്കും അതു മുഴുവന്‍ തിന്നു തീര്‍ത്തതെന്ന്" .

ആഹാ, അതു ശെരി. അപ്പൊ ഞാന്‍ റെസ്റ്റ് എടുത്ത സമയം ചേട്ടനും ചേട്ടന്‍ റെസ്റ്റ് എടുത്ത സമയം ഞാനും തള്ളവിരളില്‍ നടക്കുകയായിരുന്നു ! ദുഷ്ടാ....മുഴുവനും തീര്‍ത്തോ?... ഇന്നു രാത്രി ഞാന്‍ എവിടെ പോകും...?

അമ്മ അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു "മറ്റവന്‍ അങ്ങനെ ഒന്നും ചെയ്യില്ല, അവനെ എനിക്കറിയാം, അവനു കൊടുക്കുന്നതെ അവന്‍ കഴിക്കു"

പഷ്ട് ! ഇതു കേട്ടപ്പൊ എന്റെ ഒരു സൈഡീന്നിങ്ങനെ ഒരു കുളിരു കോരീട്ടുണ്ടല്ലോ...ഒടുക്കത്തെ കന്‍ജുകം.

*********************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...