Sunday, September 30, 2012

എന്റെ ആദിപ്രേമം

'പിഴച്ചു പോയ കണക്കുകൂട്ടലുകള്‍ ...കര്‍മ്മഫലം എന്നു പറയുന്നതാവും കൂടുതല്‍ ശെരി..അടിയേറ്റത് ആടി നില്‍ക്കുന്ന പത്തിയില്‍ തന്നെയായിരുന്നു..ചതഞ്ഞു, മനസ്സും ശരീരവും . ഉമ്മറക്കോലയില്‍ ക്ളാവ് പിടിച്ച ഒരോട്ടുപാത്രം പോലെ കിടക്കുമ്പോള്‍ പടിപ്പുര വാതില്‍ ആരോ കിരുകിരെ തുറന്നു....അമ്മ പിന്നെയും ....'

എനിക്കിങ്ങനെ ഒരു ഉള്‍വിളി തോന്നാന്‍ എന്താ കാരണം ? വഴിയേ മനസ്സിലാകും .

പത്താം ക്ളാസ്സ് കഴിഞ്ഞ് പ്രീ ഡിഗ്രിക്ക് ആര്‍ട്സ് കോളേജില്‍ പോയാല്‍ മതിയെന്ന് അമ്മ.അതുവേണ്ട,വീടിനടുത്തുള്ള എസ്. എന്‍ കോളേജ് മതിയെന്ന് ഞാന്‍. അങ്ങനെ വാദിക്കാന്‍ എനിക്ക് ന്യായമായ കാരണമുണ്ട്. പത്താം ക്ളാസ്സ് വരെ ബോയ്സ് സ്കൂളില്‍ പഠിച്ച എന്നെ സംബന്ധിച്ച് ആര്‍ട്ട്‌സ് കോളേജ് 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ,അവിടെല്ലാം കണ്ടന്‍ പൂച്ച' മാത്രവും എസ് എന്‍ കോളേജ് 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും , അവിടെല്ലാം പൂത്തമരങ്ങളും ' ആയിരുന്നു.

"അമ്മാ...ഇപ്പൊ എല്ലാ കോളേജിലും അടിയും ബഹളവുമാ...ഇതാവുമ്പൊ അടുത്തല്ലേ..ആ ഏലായ് വഴി ഓടിയിങ്ങു കേറാല്ലൊ" ഇതാണു എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ കണ്ടെത്തിയ ലൂപ് ഹോള്‍ .

അവസാനം അമ്മയെ ഒരു വിധം സമ്മതിപ്പിച്ച് എന്റെ വീടിനു തൊട്ടടുത്തുള്ള കോളേജിലേയ്ക് തന്നെ (എസ് എന്‍ കോളേജ്) തന്നെ ഞാന്‍ കാലെടുത്തു കുത്തിത്തിരിച്ചു.ആഹ, എത്ര മനോഹരം !ചുരിദാറും പട്ടു പാവാടകളിലും ചെല്ലക്കിളികളെ കണ്ടപ്പൊ തന്നെ കുളിരോട് കുളിരു.

ക്ളാസ്സില്‍ വലതു കാല്‍ വച്ചു കയറി.ഫസ്റ്റ് ഗ്രൂപ്പായിരുന്നതുകൊണ്ട് ആദ്യത്തെ പീരിയഡ് ഫിസിക്സായിരുന്നു. തുടക്കം മോശമായില്ല ! 'വാട്ട് ഈസ് വെലോസിറ്റി?' എന്ന സാറിന്റെ ചോദ്യത്തിനു 'തമ്പാനൂര്‍ പോലെ വലിയൊരു സിറ്റി' എന്ന് ഞാന്‍ ഉത്തരം പറയാതിരുന്നത് എനിക്ക് വെലോസിറ്റിയുടെ അര്‍ത്ഥം അറിഞ്ഞുകൂടാത്തതുകൊണ്ട് മാത്രമായിരുന്നു.ക്ളാസ്സില്‍ പൊട്ടിച്ചിരി. ഇതു പോലും അറിയാതെയാണോഡെയ് ഇവിടെ വന്നു ചാടിയത്' എന്നു പറഞ്ഞ് സാറും ചിരിയോടൊപ്പം കൂടി.മലയാളം മീഡിയം പടിച്ച എന്നെ ഇംഗ്ളിഷില്‍ ചോദ്യം ചോദിച്ച് ആസാക്കി.നാണവും മാനവും ആദ്യദിവസം തന്നെ പോയി ! ക്ളാസ്സ് കഴിഞ്ഞപ്പൊ ഒരു കുട്ടി എന്റെ അടുത്തു വന്നു.

"ഇയാള്‍ടെ പേരെന്താ?" ലവള്‍

'എന്റെ പേരു സസി, അപ്പൂപ്പന്റെ പേരു വിശാല്‍ , അമ്മൂമ്മേടത് റാണി. എന്തേ?'.പേരു ചൊദിക്കാന്‍ കണ്ട നേരം.

"ദീപക്ക് " ഞാന്‍ മൊഴിഞ്ഞു താഴെയിട്ടു..

"ഞാന്‍ സൌമ്യ...സൌമ്യ ക്രിഷ്ണന്‍ " അവള്‍ .ഞാന്‍ അതിനു ചോദിച്ചില്ലല്ലൊ ?

വെയിറ്റ് എ മിനുട്ട്, ചോദിക്കാമല്ലോ..ചോദിക്കണമല്ലോ.ബോയ്സ് സ്കൂളില്‍ കിടന്ന് നരകിച്ചതല്ലേ.ഹാജ്മോല വായിലിട്ട പോലെ എന്റെ സൈഡീന്നൊരു ഇക്കിളി ! പിന്നെ അവളോട് സംസാരിച്ചതില്‍ നിന്നും വെലോസിറ്റി എന്നു പറയുന്നത് സിറ്റിയൊന്നുമല്ലെന്നും അതു പ്രവേഗമാണെന്നും മനസ്സിലായി. അന്നു വീട്ടില്‍ ചെന്ന് ഇതവതരിച്ചപ്പോല്‍ ഉടന്‍ വന്നു അമ്മയുടെ ഓര്‍ഡര്‍ ,

"ടീ ദീപേ...ഇവനെ വിളിച്ചിരുത്തി രണ്ടക്ഷരം പറഞ്ഞുകൊട്"

"വേണ്ട വേണ്ട" ഞാന്‍ എതിര്‍ത്തു. ജീവന്‍ പോയാലും ചേച്ചി എനിക്കൊന്നും പറഞ്ഞുതരണ്ട എന്നു ഞാന്‍ വാശിപിടിക്കാന്‍ കാരണം എന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന ചില പാടുകളായിരുന്നു.അതെ, നഖക്ഷ്തങ്ങള്‍ !

ഞാനും ചേട്ടനും എപ്പോഴൊക്കെ അടികൂടിയാലും അതിലൊരു പങ്ക് ആവശ്യപ്പെടാതെ തന്നെ വാങ്ങുന്ന ഒരു പ്രത്യേക സ്വഭാവവൈചിത്ര്യം ചേച്ചിക്കുണ്ടായിരുന്നു. അതിനെല്ലാം പലിശയും പലിശയുടെ പലിശയും ചേര്‍ത്തുള്ള തിരിച്ചു തരലുകളാകുന്നു, ആ ക്ളാസ്സുകള്‍. പടിപ്പികുമ്പൊ ഷര്‍ട്ട് ഇടാന്‍ പാടില്ല. ഒരു കൈ എപ്പോഴും മേശപ്പുറത്തുണ്ടാവണം . പിന്നെ അങ്ങു തുടങ്ങുവല്ലേ. 'ദേ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും 'എന്നു വിചാരിച്ചിരിക്കുന്നതിനിടയിലായിരുക്കും ചോദ്യം . സ്വാഭാവികമായും എന്റെ ഉത്തരം എപ്പോഴും ഒന്നായിരുക്കും 'അറിഞ്ഞൂടെച്ചീ'.

"എന്തോന്ന് ?" എന്നുള്ള ഒരു കാറലിനൊപ്പം ചേച്ചിയുടെ വിരള്‍ എന്റെ കക്ഷത്തിനു താഴെ , ട്രൈസെപ്സിനു മുകളിലുള്ള എന്റെ തൊലിയില്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കും . മൂത്രമൊഴിക്കാന്‍ മുട്ടി നില്‍ക്കുന്ന ട്രാഫിക് പോലീസുകാരന്‍ പൊരിവെയിലത്തു നിന്ന് കൈ വീശും പോലെ കയ്യും പൊക്കിപിടിച്ച്, ചേച്ചിയുടെ കൈ പോകുന്നിടത്തെല്ലാം ഞാന്‍ കൂടെ പോകും.വേണൊന്നുവച്ചിട്ടില്ല, പോയിപ്പോകുന്നതാ. അമ്മാതിരി പിടിയല്ലേ. ഒരു മിനിട്ടോളം നീളുന്ന എന്റെ സ്നേക്ക് ഡാന്‍സ് കഴിഞ്ഞു ചേച്ചി കഠിനാദ്ധ്വാനം വീണ്ടും തുടങ്ങുകയായി. അതായത് എന്നെ വല്ലതും പറഞ്ഞ് മനസ്സിലാഅക്കല്‍ ! ഇതെല്ലാം കണ്ട് 'ഞാന്‍ അടിച്ചുമാറ്റിയ മുട്ടായി നീ അടിച്ചുമാറ്റി തിന്നും ..അല്‍ട്രാ..നിനക്കിങ്ങനെ തന്നെ വരണം ' എന്ന ഭാവത്തില്‍ ഇളിച്ചോണ്ട് നില്‍ക്കുന്ന ചേട്ടനോട് 'നിന്നോടും കൂടിയാ...ബുക്കെടുത്തോണ്ട് ചെല്ല്..അവള്‍ടടുത്തോട്ട്' എന്നമ്മ പറയുന്നതോടെ ചേട്ടന്റെ മുഖത്തെ ചിരിബള്‍ബ് പെട്ടെന്നു ഫ്യൂസ് ആകും ! പിന്നെ കാണുന്ന രംഗം , ഞാനും ചേട്ടനും വിതൌട്ട് ഷര്‍ട്ടില്‍ .ചേട്ടന്റെ വലതു കൈയ്യും എന്റെ ഇടതു കൈയ്യും മേശപ്പുറത്ത്.നടുക്കിരിക്കുന്ന ചേച്ചി ഞങ്ങളോട് ഒരുമിച്ച് ചോദ്യങ്ങള്‍ ചോദിക്കും .ഒരുമിച്ചു നുള്ളും . നുള്ളു ഏറ്റുവാങ്ങിക്കോണ്ടിരിക്കുമ്പ്പോള്‍ ഞാനും ചേട്ടനും മുഖത്തോട് മുഖം നോക്കി ഉമ്മ വയ്ക്കാന്‍ വരുന്ന പോലെ ചുണ്ടും കോട്ടി,കണ്ണും തള്ളി നവരസങ്ങള്‍ മാറി മാറി ട്രൈ ചെയ്ത് ചേച്ചിയുടെ കയ്യില്‍ കിടന്നാടും . ഹൌ...

അങ്ങനെ ചേച്ചിയുടെ പരിശ്രമഫലമായി എന്റെ കയ്യിലെ തൊലിക്ക് ഓപ്പോസിറ്റ് പ്രപ്പോഷനില്‍ എനിക്ക് ബുദ്ധി കൂടിവരികയും ഞാന്‍ ഫിസിക്സ് ക്ളാസ്സിലെ ഒരുവിധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ് തുടങ്ങുകയും ചെയ്തു.മുടങ്ങാതെ മോണിങ്ങ്‌വാക്കിനു പോകുന്ന ഞൊണ്ടിക്കാലനു തോന്നുന്ന ഒരുതരം അഹങ്കാരം എനിക്കും തോന്നിത്തുടങ്ങി.

ഒരു ദിവസം ക്ളാസ്സില്‍ ഉത്തരങ്ങള്‍ പറയാന്‍ മുട്ടി നിന്ന എന്നോട് അടുത്തിരുന്ന ഉല്ലാസ്,

"ഡെയ്...അവള്‍ നിന്നെ തന്നെ നോക്കാന്‍ തുടങ്ങീട്ടു കുറെ നേരായി..."

"ആരാ?" ഞാന്‍

"ആ സൌമ്യ.." ലവന്‍

"നീ എങ്ങനെ കണ്ടു ?" ഞാന്‍

"ഹി ഹി...ഞാന്‍ അവളെത്തന്നെ നോക്കിയിരിക്കുവായിരുന്നെഡെയ്" ലവന്‍

ഞാന്‍ പതുക്കെ സാറിന്റെ ചോദ്യങ്ങള്‍ അവഗണിച്ച് കണ്ണു ഇടത്തോട്ട് മാക്സിമം ട്യൂണ്‍ ചെയ്തു നോക്കി.
ശരിയാ. അവള്‍ ഇങ്ങോട്ട് നോക്കുന്നുണ്ട്.പക്ഷെ ആരെയാ എന്നറിയാന്‍ ,എന്റെ അപ്പോഴത്തെ പോസില്‍ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു.

"ഡെയ്...അവള്‍ക്ക് നിന്നോടൊണ്ട്.." ഉല്ലാസ്

"എന്ത്,,?" എനിക്കൊന്നുമറിയില്ല !

"ലവ്വ്...തന്നളിയാ...നീ രക്ഷപെട്ടു.." എന്നെക്കാളും സന്തോഷം അവനു.

"തന്നെ !"

ഞാന്‍ ആരും ശ്രദ്ധിക്കാത്തവിധം കാക്ക തല ചരിക്കുന്നപോലെ ചരിച്ചു നോക്കി. പെട്ടെന്ന്, 'ടക്' എന്ന ശബ്ദത്തില്‍ നെന്‍ചിലെന്തോ വന്നുകൊണ്ടു. അമ്മേ ചോര,സോറി..ചോക്ക്.

"എവിടാടോ നോക്കിയിരിക്കുന്നത് ? " കയ്യില്‍ ചോക്കുപൊടിയുമായി സാര്‍ .

"പുറത്തൂടെ ആരോ പോയി" ഞാന്‍

"ആരുടെ പുറത്തൂടെ?" സാര്‍ ഗോള്‍ അടിച്ചു(സ്കോര്‍ 1-0)

"വെളീലൂടെ ആരോ പോയി സാര്‍ " ഞാന്‍ കുനിഞ്ഞു.

"അകത്തിത്രയും പേരു പോരാഞ്ഞിട്ടാണൊ ? ഇവിടെ ശ്രദ്ധിച്ചിരി" സാര്‍ ക്ളാസ്സ് തുടങ്ങി, ഐ മീന്‍ , കണ്ടിന്യൂ ചെയ്തു.

എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ ആ വര്‍ഷത്തെ കൃസ്മസിനു അവള്‍ , എന്റെ സ്വന്തം സൌമ്യ, എനിക്കൊരു കാര്‍ഡ് തന്നു.'വീട്ടിലെത്തിയിട്ട് നോക്കിയാല്‍ മതി' എന്നു പ്രത്യേകം പറഞ്ഞതിനാല്‍ ഞാന്‍ അതപ്പൊ തന്നെ തുറന്നു !

തുടക്കം 'ഡിയര്‍ ദീപക്ക്'. ഹൊ, ഞാന്‍ അവള്‍ക്ക് ഡിയറായി! നീ ഒന്നു മൂളിയാല്‍ ഞാന്‍ ഡിയറല്ല, പുലിയാവാനും തയ്യാര്‍ !അതിനു താഴെ വലിയൊരു ഹാര്‍ട്ടിന്റെ പടം .താഴെ 'ഹാപ്പി കൃസ്മസ്'.

ശെടാ..ഇതിപ്പൊ കണ്‍ഫ്യൂഷനായി. ഇതിലൊന്നും ക്ളിയറായി പറഞ്ഞിട്ടില്ല.ഞാന്‍ അത് ഉല്ലാസിനെ കാണിച്ചു.

"ഡെയ്...അതുതന്നെ...അവള്‍ക്ക് പറയാന്‍ വയ്യാത്തോണ്ടാവും " അവന്‍

"ഇതെങ്ങനാ ഒന്നു ഉറപ്പിക്കാ?" എന്റെ ഹൃദയത്തിന്റെ മിടിപ്പ് ഡിജിറ്റല്‍ ഡോള്‍ബിയില്‍ കേള്‍ക്കാം .

"ടാ കോപ്പെ...എഴുതണം ഒരെണ്ണം ...ഒരു ലെറ്റര്‍ ...എന്നിട്ടവള്‍ക്ക് കൊടുക്കണം ... അവളതെന്താന്നു ചോദിക്കാതെ വാങ്ങിയാല്‍ നിനക്കുറപ്പിക്കാം " ഭയങ്കരന്‍ !

അന്ന്, രാത്രിയുടെ ഗന്ധര്‍വയാമത്തില്‍ എന്റെ വിരളുകള്‍ അക്ഷമം ചലിച്ചുകൊണ്ടിരുന്നു.

'പ്രിയപ്പെട്ട സൌമ്യേ....

എങ്ങനെ പറയണം എന്നറിയില്ല...അറിയാമെങ്കിലും പറയാന്‍ ധൈര്യവുമില്ല...അതുകൊണ്ടാ എഴുതുന്നത്..തന്നെ ആദ്യം കണ്ടപ്പോഴേ..ഇപ്പോഴും അതെ...സത്യം പറഞ്ഞാല്‍ കാണുമ്പോഴൊക്കെ എനിക്കെന്തരോ ഒരിത്...നിനക്കോ..?? ചോദിക്കുന്നില്ല...തനിക്കും അങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയാം ..പിന്നെ, തനിക്കാ റോസ് ചുരിദാര്‍ നല്ല പോലെ ചേരും കേട്ടോ...എഴുതിയാല്‍ തീരില്ല..അത്രയ്ക്കുണ്ട്..സത്യം ..ഇതിനിടയില്‍ നിന്നോടുള്ള അത് മൂത്ത് നിനക്കു വേണ്ടി ഞാന്‍ ഒരു കവിതയും എഴുതിക്കളഞ്ഞു...

"കിട്ടി കിട്ടി നിന്‍ കാര്‍ഡ് കിട്ടി
കാര്‍ഡ് തുറന്നപ്പൊ ഞാനൊന്ന് പൊട്ടി
ഹൊയ്....ഹൊയ് ഹൊയ്....(ഹമ്മിങ്ങ്)"

ബാക്കി ഞാന്‍ തരം പോലെ പാടിക്കേള്‍പ്പിക്കാം.ഇതിനു മറുപടി വേണമെന്നില്ല...നാളെ ഞാന്‍ ലന്‍ച് കൊണ്ടുവരും .ഇഷ്ടമാണേല്‍ താനത് വാങ്ങണം ..തന്റെ ലന്‍ച് എനിക്കും തരണം .തനിക്ക് സമ്മതമാണേല്‍....

എന്ന് തുടിപ്പോടെ...
ദീപക്ക്.'


ഇത്രയുമായപ്പൊ ഒരു സമാധാനമായി.നാളെ ഞാനിതവള്‍ക്ക് കൊടുക്കും . അന്നു രാത്രി സ്വപ്നത്തില്‍ ഞാനും ലവളും ഡ്യുയറ്റും പാടി മരങ്ങളുടെ ഇടയില്‍ കൂടി ഓടെടാ ഓട്ടം.സത്യനെയും രാഗിണിയെയും വെള്ളത്തില്‍ തള്ളിയിട്ട് ഞങ്ങള്‍ പെരിയാറിന്റെ ബാക്കി പാടി.തുഴഞ്ഞ് തുഴഞ്ഞ് നേരെ ഗുരുവായൂരിലിറങ്ങി കൊച്ചിനു ചോറു കൊടുത്തു !

പിറ്റേ ദിവസം കോളേജിലെത്തിയുടനെ ഞാന്‍ ലെറ്ററെടുക്കാന്‍ ഫിസിക്സ് ബുക്ക് തുറന്നു. വാട്ട് ദ ഹെല്‍ ? ലെറ്റര്‍ കാണുന്നില്ല.ആലോചിച്ചപ്പൊ മനസ്സിലായി, ലെറ്റര്‍ ലാബ് ബുക്കിന്റെ അകത്താ വച്ചത്.ഇന്നു ലാബില്ല, സോ ബുക്കെടുത്തതുമില്ല.

പ്ളാന്‍ ചീറ്റിയതിനാല്‍ അന്നവള്‍ക്കുവേണ്ടി മാത്രം ഞാന്‍ ചുമന്നു കൊണ്ടുവന്ന ലന്‍ച്, എനിക്കൊറ്റയ്ക്ക് കഴിക്കേണ്ടി വന്നു.(അന്നാദ്യമായാ ഞാന്‍ ലന്‍ച് കൊണ്ടു പോകുന്നെ!).തുറന്ന ലന്‍ച് ബോക്സിനുള്ളിലിരിക്കുന്ന ചപ്പാത്തി അവളുടെ മുഖം പോലെ ! ഒരല്‍പം ടൊമാറ്റോ കറിയും കൂടിയായപ്പോള്‍ അവളുടെ മുഖം നാണം കൊണ്ട് ചുവന്ന പോലെ ! സഹിക്കോ ? പിന്നെ ഞാനങ്ങ് കടിച്ച് കീറുവല്ലായിരുന്നോ..

ഉച്ചകഴിഞ്ഞ് ആദ്യത്തെ ക്ളാസ്സില്‍ തന്നെ ഞാന്‍ ധ്യാനം തുടങ്ങി. ഒരു രക്ഷയുമില്ല, ജനാലയില്‍ കൂടി നല്ല കാറ്റുകൂടി അടിച്ചപ്പൊ എല്ലാം പെട്ടെന്ന് നേരെയാവുകയും എന്റെ കഴുത്ത് വളഞ്ഞ് താടി നെന്‍ചില്‍ മുട്ടുകയും ചെയ്തു.ദേ വീണ്ടും അവള്‍ ! അവള്‍ ലന്‍ചിനുകൊണ്ടു വന്ന രണ്ട് മത്തി പൊരിച്ചതില്‍ ഒന്നെനിക്ക് തരുന്നു.

"ടാ ഇരുന്നു തൂങ്ങാതെ" മത്തി വായില്‍ പിടിച്ചിരുന്ന എന്നെ ഉല്ലാസ് ഉണര്‍ത്തി.

ഞെട്ടിയെണീറ്റ് ആരാ എന്താ എവിടാന്നൊക്കെ മനസ്സിലാക്കാന്‍ തുടങ്ങിയതേയുള്ളു, ആരുടെയോ ശബ്‌ദം ,

"എല്ലാരും ഈ പ്രോബ്ളം ചെയ്തെ"

ആഹ, അപ്പൊ സാറായിരുന്നു. ബോര്‍ഡ് നോക്കിയപ്പൊ മാത്സ് ക്ളാസ്സാണെന്നും മനസ്സിലായി.

ബോര്‍ഡിലുള്ള പ്രോബ്ളം ചെയ്തു തുടങ്ങി, അതെനിക്കൊരു പ്രോബ്ളമാകുമെന്നു തോന്നിയപ്പൊ ഞാന്‍ പാതി വഴിയില്‍ പരിപാടി നിര്‍ത്തി.

"ഡെയ്..വീക്ക് വച്ച് കൊട്..." ഉല്ലാസ്.

"ആര്‍ക്ക്?" ഞാന്‍

"എന്ത്?" ലവന്‍

"ആര്‍ക്കിട്ട് വീക്കുന്ന കാര്യാടാ?" ഞാന്‍

"ഞാനീ പ്രോബ്ളത്തില്‍ വീക്കും മന്തും വച്ച് കാല്‍കുലേറ്റ് ചെയ്യുന്ന കാര്യാ പറഞ്ഞെ...നീ ചാച്ചിക്കൊ..അതാ എനിക്ക് നല്ലത്" ലവന്‍ .

പിന്നേ അവന്റെ ഒരു കണക്ക് ? ഈ കണക്കൊക്കെ എന്നാ ഉണ്ടായെ?

അന്നു വൈകുന്നേരം ,"സൌമ്യ നാളെ വരില്ലേ..? ഒരൂട്ടം തരുന്നുണ്ട്" എന്നവളോട് പറഞ്ഞ് നാളെ കൊടുക്കാം എന്ന പ്ളാനില്‍ ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.

"അമ്മാ...വെള്ളം വേണം " കോളേജില്‍ നിന്നു വീട്ടിലെത്തിയാല്‍ എന്റെ സ്ഥിരം പല്ലവി.

"ഹ..കാമുകന്‍ വന്നോ ?ഇരി കാമുകാ.... ടീ..ദീപേ...അവനു രണ്ട് ഗ്ളാസ്സ് വെള്ളം കൊടുത്തേയ്ക്ക്..തുടിക്കുവായിരിക്കും ... പാവം " അമ്മയുടെ ശബ്‌ദം. പുറകെ അമ്മയുടെ രൂപവും .

ഞാന്‍ ചുറ്റും നോക്കി.വീട് എന്റേതു തന്നെ,അമ്മാ....യെസ്, ഷി ഈസ് ആള്‍സൊ മൈന്‍ ...പിന്നിവിടിപ്പെന്താ..??എനിക്കാകെ ഒരു പന്തികേട് തോന്നി. ഇന്നലെവരെ 'ഹാ..കിളയ്ക്കാന്‍ പോയിട്ടുവന്നോ' എന്ന് ചോദിച്ചിരുന്ന അമ്മ ഇന്നു പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ ! നെഞിന്റെ ഇടത്തൂന്ന് ഒരു സാധനം കൊള്ളിയാന്‍ പോലെ കേറി തലച്ചോറിലിരുന്ന് മുഴങ്ങി..കാമുകന്‍ ...കാമുകന്‍ ...!ഞാന്‍ അറിയാതെ ഇരുന്നു പോയി.

ബാഗ് സൈഡില്‍ വച്ചു, ചുറ്റും നോക്കി.

"കാമു വന്നോ ?" നോക്കിയപ്പൊ പത്തറുപത് വയസ്സുള്ള എന്റെ സ്വന്തം അമ്മൂമ്മ !

ഞാന്‍ പതിയെ വിയര്‍ത്തു തുടങ്ങി.

"ടാ കാമുകാ..നിനക്കീ ചുരിദാര്‍ ഇഷ്ടാണോ ?" ഒരു കറുത്ത ചുരിദാറും പിടിച്ച് ചേച്ചി.കറുത്ത ചുറിദാറായിരുന്നു മുന്നിലെങ്കിലും എന്റെ കണ്ണില്‍ പെട്ടെന്ന് റോസ് കളര്‍ നിറഞ്ഞു.

അമ്മൂമ്മ വെള്ളം കൊണ്ടുവന്നു.വാങ്ങി കുടിക്കുന്നതിനിടയില്‍ ഞാന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. ഇനി അടുത്തതെവിടുന്നാണാവോ ?

"ഹൊയ് ഹൊയ് ഹൊയ്..." മൂളിപ്പാട്ടും പാടി ചേട്ടനും വന്നു.

"ഇപ്പൊ എങ്ങനെ ഉണ്ട് കാമുകന്റെ തുടിപ്പ്" അമ്മ വീണ്ടും .( തുടിപ്പ് ??!!)

ഈശ്വരാ എത്രയോ ഇടി മാറിവീഴുന്നു.എത്രയോ സ്ഥലത്ത് ഭൂമി കുലുങ്ങുന്നു..എന്നിട്ടും ദീപാനിവാസില്‍ മാത്രം ഇതൊന്നും ....

ഞാന്‍ പതുക്കെ മുറിയില്‍ കയറി. തലപെരുക്കുന്നു. ഞാന്‍ പ്രേമിക്കാന്‍ പോകുന്ന കാര്യം അവളോട് പറയുന്നതിനു മുന്നെ ഇവരെങ്ങനെ അറിഞ്ഞു ? എനിക്ക് പെട്ടെന്നുത്തരം കിട്ടി.ഞാന്‍ ഫിസിക്സ് ബുക്കെടുത്തു. ഇല്ല..ആ ലെറ്റര്‍ അതിലില്ല...പോയി എല്ലാം പോയി...എനിക്കെല്ലാം മനസ്സിലായി. ചേച്ചി എന്റെ ഫിസിക്സ് ബുക്കെടുത്തുകാണും .സ്വന്തം അനിയന്റെ പ്രേമലേഖനം കണ്ടു കാണും . ഞാന്‍ റൂമിന്റെ ഡോര്‍ അടച്ചു.ബിരിയാണിയുടെ അടിയിലെവിടെയോ കിടക്കുന്ന അച്ചാറിനെപ്പോലെ എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു.സകലതും തകര്‍ന്ന് ഞാന്‍ പതുക്കെ ബെഡില്‍ വീണു.പണ്ടെവിടെയോ കേട്ട മോഹന്‍ലാലിന്റെ ഡയലോഗ് ഒരു ആവശ്യവുമില്ലാതെ മനസ്സിലെത്തി,

'പിഴച്ചു പോയ കണക്കുകൂട്ടലുകള്‍ ...കര്‍മ്മഫലം എന്നു പറയുന്നതാവും കൂടുതല്‍ ശെരി.. അടിയേറ്റത് ആടി നില്‍ക്കുന്ന പത്തിയില്‍ തന്നെയായിരുന്നു..ചതഞ്ഞു, മനസ്സും ശരീരവും . ഉമ്മറക്കോലായില്‍ ക്ളാവ് പിടിച്ച ഒരോട്ടുപാത്രം പോലെ കിടക്കുമ്പോള്‍ പടിപ്പുര വാതില്‍ ആരോ കിരുകിരെ തുറന്നു....അമ്മ പിന്നെയും ....'

"മോനേ കാമൂ...വന്നു ചോറുണ്ണ്..."

*****************************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...