Sunday, September 30, 2012

മൈ ഊളന്‍പാറന്‍ ഡേയ്സ് (4)


അന്നു എട്ടര ആയപ്പോള്‍ വിവേകും ജോയിന്‍ ചെയ്തു. എനിക്ക് പറ്റിയ പറ്റ് കേട്ട് അവനും ചിരിച്ചു.

"അളിയാ...എന്നും കള്‍ച്ചറല്‍ പ്രോഗ്രാംസ് കാണോല്ലൊ ല്ലേ..? നീ ഇതു നോക്കിക്കേ ?" ഇതു പറഞ്ഞ് വിവേക് കൊണ്ടുവന്ന ബാഗ് തുറന്നു.

ഒരു ജാക്കറ്റ് , ഒരു ഫെരാരി സ്യൂട്ട്, ഒരു സ്ളീവ്‌ലെസ്സ് ടി ഷര്‍ട്ട്, ഒരു കീറിയ ജീന്‍സ് !!

"എന്തോന്നെഡെയ് ഇത്...നീയും ചിത്രത്തിലെ പോലെ ഏതേലും സായിപ്പിനെ പറ്റിച്ചോ..?"

"ഡെയ് അതല്ല...ഇതൊക്കെ എന്റെ ഫ്രണ്ടിന്റേതാ..." ലവന്‍

"അതിശയമില്ല...നിന്റെ സ്റ്റാന്‍ഡേര്‍ഡല്ലെ അവനും കാണു.." ഞാന്‍

"പോഡെയ്...അവന്‍ മോഡെലിങ്ങ് ചെയ്യുന്നുണ്ട്..." ലവന്‍

"എന്താ നിന്റെ പ്ളാന്‍ ?" ഞാന്‍ ചോദിച്ചു

"അളിയാ കല്‍ച്ചറല്‍ പ്രോഗ്രാമിനു നമ്മള്‍ ഫാഷന്‍ ഷോ അവതരിപ്പിക്കുന്നു !" അവന്റെ പ്ളാന്‍

"ഈ കച്ചറ തുണിയുടുത്തോണ്ടാണോഡെയ് ഫാഷന്‍ ഷോ...?" ബട്ടര്‍ അജയ്

"ഡെയ്...എന്തായാലും ഒരു വെറൈറ്റിയാ...എന്തു പറയുന്നു...?" അവന്‍ ആകാംഷയുടെ മുള്‍ മുനയില്‍ !

"ലേഡീസിനെ കൂടി ഉള്‍പ്പെടുത്താനുള്ള ഓപ്‌ഷനുണ്ടോ..?" ഉണ്ണി

"ഉണ്ട്...നിന്റെ മറ്റവള്‍ ഇന്നു വിളിക്കുമ്പൊ പറ...ഊളന്‍ പാറയില്‍ ഫാഷന്‍ ഷോയുണ്ടെന്ന്...പോടാര്‍ക്ക.." ഞാന്‍

"അപ്പൊ എല്ലാം പറഞഞ പോലെ..ക്യാമ്പ് തീരുന്നതിനു മുന്നെ നമ്മള്‍ ഫാഷന്‍ ഷോ നടത്തുന്നു.." ഇതും പറഞ്ഞ് ബാഗ് കട്ടിലിനിഅടിയിലേയ്ക്കെറിഞ്ഞ് അവന്‍ ഒരു ടവലും ചുറ്റി വന്നു.

"എങ്ങോട്ടാടാ...?" ഞാന്‍

"ഞാന്‍ ഒന്നു കുളിച്ചിട്ടു വരാം ..അളിയാ സോപ്പൊണ്ടോ..?"

"പോയി ബ്രാസോപ്പിട്ടു കഴുകിയെട്.." ഞാന്‍

"എന്തോന്ന്..?ആരുടെ..?" ലവന്

"ചെ...അവിടെ ബാര്‍ സോപ്പുണ്ട്..അതിട്ടു കഴുകാന്‍ ...നിനക്കതാ പറ്റിയത്.." ഭാഗ്യം മുന്‍പത്തെ ഡയലോഗ് മറ്റവന്‍മാര്‍ കേട്ടില്ല !

"ഓ കെ...ഞാന്‍ ഇപ്പൊ വരാം " അവന്‍ പുറത്തേയ്ക്ക് പോയി.

ഒന്‍പതു മണിയോടുകൂടി ഞങ്ങള്‍ 'ടൂള്‍സുമായി' ഗ്രൌണ്ടില്‍ എത്തി. സ്ത്രീകളുടെ വാര്‍ഡില്‍ ഗേള്‍സും ആണുങ്ങളുടെ വാര്‍ഡില്‍ ഞങ്ങളും പോയി. പെണ്ണുങ്ങളുടെ കൈ കൊണ്ട് ചാകണ്ട എന്നു വിചാരിച്ചാവും ഞങ്ങളെ അങ്ങോട്ട് വിടാത്തത്.തുരുമ്പു പിടിച്ച കട്ടില്‍ , കറുപ്പേത് ചുവപ്പേത് എന്നരിയാത്ത വയറുകള്‍ കുഴമ്പു പരുവത്തിലിരിക്കുന്ന സ്വിച്ച് ബോര്‍ഡുകള്‍ ഇതെല്ലാം വ്രിത്തിയാക്കി കൊടുക്കണം . തുരുമ്പു മാറ്റി കട്ടില്‍ പെയിന്റ് അടിക്കണം . ചില ബെഡുകളില്‍ രോഗികള്‍ ഇല്ലായിരുന്നു , ചിലതില്‍ ചിലവന്‍മാര്‍ ഇരുന്നു സംശയദൃഷ്‌ടിയോടെ നോക്കുന്നു. ഈശ്വരാ, ഇവന്‍മാരുടെ മുന്നിലൊക്കെ കട്ടിലിലെ തുരുമ്പെടുക്കാന്‍ എങ്ങനെ വിശ്വസിച്ച് കുനിഞ്ഞു നില്‍ക്കും ?

ഒടുവില്‍ എന്തോ വരട്ടെ ന്നു വിചാരിച്ചു കുനിഞ്ഞു. ഒരു കട്ടിലിന്റെ അടിയില്‍ കുനിഞ്ഞ ഞാന്‍ കണ്ടത് അടുത്ത
കട്ടിലിന്റെ അടിയില്‍ കുനിഞ്ഞിരിക്കുന്ന കുളക്കോഴിയുടെ ആസനത്തില്‍ , കട്ടിലിനു മുകളിലിരിക്കുന്നവന്‍ ബ്രഷില്‍ പെയിന്റ് മുക്കി അടിക്കുന്നതാണ്!! ഈശ്വരാ അവനിതൊന്നും അറിയാതെ ആഞു തുരുമ്പിളക്കുവാ. പെട്ടെന്നുണ്ടായ റിഫ്ളക്സില്‍ ഞാന്‍ ചാടിയെഴുന്നേറ്റു. എന്റെ തല കട്ടിലില്‍ വന്നിടിച്ചെന്നു മാത്രല്ല, മുകളില്‍ ഒരറ്റത്തിരുന്നവന്‍ ചിറിയിടിച്ച് തറയില്‍ !

ഞാനും വീണവനും തറയില്‍ നിന്നെഴുന്നേറ്റു. അവന്‍ എന്റെ അടുത്തുവന്നു. എന്റെ പള്ളീ, ഏതു നിമിഷവും എന്നെ അവന്‍ എടുത്തുടുക്കാം ! ബട്ട് വാട്ട് എ സര്‍പ്രൈസ് ഓഫ് ദി.. അവന്‍ ബ്ര്ഡ് ശെരിയാക്കി വീണ്ടും പഴയതു പോലെ ഇരുന്നു. സംഭവം സോള്‍വായി എന്നു മനസ്സിലായി കുളക്കോഴിയും ഉണ്ണിയുമൊക്കെ വീണ്ടും കട്ടിലിനടിയിലേയ്ക്ക്. ആഹ വണ്ടര്‍ഫുള്‍ , കുളക്കോഴിയുടെ ആസനം ഇപ്പൊ പാടത്ത് കണ്ണുവയ്ക്കാതിരിക്കാന്‍ വയ്ക്കുന്ന കോലത്തിനെ മുഖം പോലെ ! ഒരു വിധം ആ വാര്‍ഡിലെ കട്ടിലുകള്‍ പെയിന്റ് അടിച്ചു കഴിഞ്ഞു.


ആസനം രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഞങ്ങള്‍ കുനിഞ്ഞുനിന്ന് പെയിന്റടിക്കാതെ ഇരുന്നു പെയിന്റടിക്കാന്‍ തുടങ്ങി.അന്നത്തെ പണി കഴിഞ്ഞ് ഞങ്ങളെല്ലാപേരും കുളിച്ച് ഫ്രഷ് ആയി കള്‍ച്ചറല്‍ പ്രോഗ്രാമിനായി ഹാളിലെത്തി.ചെന്നുകേറിയതും ചെവിക്കല്ലു പൊട്ടുന്ന ഉച്ചത്തില്‍ മൈക്കള്‍ ജാക്ക്സന്റെ 'ബീറ്റ് ഇറ്റ്' കേട്ടു. ആരാ അതിന്റെ പിന്നിലെന്നു മനസ്സിലായി, ഉണ്ണി. മൈക്കള്‍ ജാക്ക്സന്റെ ഫാന്‍ .

"ഡെയ്...നിനക്കിതല്ലാതെ വേറൊന്നുമില്ലേ....പേടിച്ചു പോയി.." ഞാന്‍

"ടാ...മൈക്കള്‍ ജാക്ക്സണെക്കുറിച്ച് നിനക്കെന്തറിയാം ...അവന്റെ കുടുംബത്തില്‍ ഒരൊറ്റ സൂപ്പര്‍ സ്റ്റാറേയുള്ളു, മൈക്കള്‍ ജാക്ക്സണും ജാനറ്റ് ജാക്ക്സണും .." ഉണ്ണി.

ബെസ്റ്റ് ...ഒരൊറ്റ സൂപ്പര്‍ സ്റ്റാര്‍ ...മൈക്കള്‍ , ജാനറ്റ് അങ്ങനെ രണ്ടു പേര്‍ .ലവന്‍ വാ തുറക്കുന്നത് വല്ലതും ഞണ്ണാനും മണ്ടത്തരം പറയാനുമാണെന്ന് അറിയാമായിരുന്നതിനാല്‍ ഞങ്ങളത് കാര്യമാക്കിയില്ല.ശബ്‌ദം കേള്‍ക്കാതിരിക്കാന്‍ രണ്ടുകാതും പൊത്തി വായില്‍ സ്വന്തം വായില്‍ വെടിവയ്ക്കുന്നവനാ അവന്‍ !

അന്നത്തെ കള്‍ച്ചറല്‍ പ്രോഗ്രാമിനു ചൈനയുടെ ലേറ്റസ്റ്റ് മൊബൈലിനെ പോലെയുള്ള ബിന്ദുവിന്റെ ഡാന്‍സുണ്ടായിരുന്നു.അടുത്തുനിന്നാലെ കാണാന്‍ ബുദ്ധിമുട്ടായ ലവളെ ഒരല്‍പം അകലെ ആയതിനാല്‍ ഒട്ടും കാണാന്‍ പറ്റിയില്ല.അടുത്തത് ദേവിയുടെ ഒരു പാട്ടെന്നു പറയുന്ന സാധനത്തോടുകൂടി അന്നത്തെ പരിപാടി കഴിഞ്ഞു.


"ടാ നമ്മുടെ ഫാഷന്‍ ഷോ നാളെയാ...സാറിനോട് പെര്‍മിഷന്‍ വാങ്ങിച്ചു....." മെസ്സ് ഹാളിലേയ്ക്ക് പോകുന്നതിനിടയില്‍ വിവേക്.


മെസ്സ് ഹാളിലെത്തിയ ഞങ്ങള്‍ ഭക്ഷണത്തോടുള്ള വിരോധം ഉടനെ തീര്‍ത്തു.ഫുഡുമടിച്ച് നഖത്തീന്റെ ഇടയില്‍ വല്ലതും ബാക്കിയുണ്ടോ എന്നു നോക്കുന്നതിനിടയില്‍ ദേവി ഓടി വന്നു.

"ടാ...അന്താക്ഷരി കളിക്കാം " വാട്ട് ദ ഹെല്‍ !!

"പോ പെണ്ണെ അങ്ങോട്ടോ ഇങ്ങോട്ടോ...ഇവിടെ ഏമ്പക്കം വിടാന്‍ സമയമില്ല..അപ്പഴാ പാട്ട്?" ഞാന്‍

"വാടാ...എല്ലാരുമുണ്ട്..ഉണ്ണീം രാജ്‌മോഹനുമൊക്കെ.." എന്ത് ? എന്നെ ഇവിടെ ഏമ്പക്കം വിടാന്‍ വിട്ടിട്ട് ലവന്‍മാര്‍ പാട്ടു പാടാന്‍ പോയി !! ഞാനും പോയി.

"അപ്പൊ തുടങ്ങാം .....ആദ്യം ദീപക്ക് വാ വച്ചു പാടും " ദേവി

"ഹലോ...ആദ്യായാലും അവസാനമായാലും എനിക്ക് വാ വച്ച് പാടാനേ അറിയൂ.." ഞാന്

"ടാ..കളിക്കാതെ...വ അക്ഷരം വച്ച് പാടാന്‍ .." ദേവി

ഞാന്‍ വാ വച്ചു പാടി. അന്താക്ഷരി കൊഴുത്തു.

"ഹരിമുരളീരവം ..." ആരൊ ഹ യില്‍ നിര്‍ത്തിയിടത്തു നിന്ന് ബട്ടര്‍ അജയ്.

പാടിപ്പാടി 'മധുമൊഴി രാധേ..നിന്നെ തേടീ' എത്തിയപ്പൊ ഒരു പോക്കല്ലായിരുന്നൊ ലവന്‍ . പിന്നെ എല്ലാരും കൂടി താങ്ങിപ്പിടിച്ച് നെന്‍ച്ചൊന്ന് തടവി വിട്ടപ്പഴാ ഓ കെ ആയെ !

പിറ്റേ ദിവസവും പതിവു പോലെ രാവിലെ എന്റെ വക വ്യായാമിങ്ങ്. കഴിഞ്ഞ ദിവസം സംഭവിച്ചത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ സ്റ്റേജിന്റെ മുന്‍വശത്തുനിന്ന് ചാടാതെ കുറച്ച് പിന്നിലോട്ടിറങ്ങി നിന്നു ചാടി. വ്യായാമം കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഞങ്ങള്‍ മെസ്സ് ഹാള്‍ എന്ന് സൈന്റിഫിക് നാമധേയത്തില്‍ വിളിക്കുന്ന , 'തൂണിലും തുരുമ്പിലും ഈശ്വരന്‍ ' എന്നതുപോലെ തൂണിലും ചുവരിലും കരിപറ്റിയ ഒരു വലിയ മുറിയില്‍ ഒത്തുകൂടി. ഊളന്‍പാറയല്ലേ, അപ്പൊ ഇത്രയൊക്കെ പറ്റു!

ഓരോ ദിവസവും മെസ്സില്‍ വര്‍ക്ക് ചെയ്യാനുള്ളവരെ തിരഞ്ഞെടുക്കും . തേങ്ങാപൊതിക്കല്‍ , വെള്ളം കോരല്‍ , വിറകുകീറല്‍ തുടങ്ങിയവയ്ക്ക് 4 ബോയ്സിനെയും തേങ്ങാ ചിരുകല്‍ , കോരിയ വെള്ളം തിളപ്പിച്ചു കളിക്കല്‍ , കീറിയ വിറക് ചുമ്മാ കത്തിച്ചു കളയല്‍ എന്നിവയ്ക്ക് 4 ഗേള്‍സിനെയും ! ഒരു വലിയ ചാക്കില്‍ സവാള ഉള്ളി വാങ്ങി ഒരു മൂലയില്‍ വച്ചിട്ടുണ്ട്. അരി അടുപ്പത്തിട്ട് കാലമായോ എന്തരോ എന്നാലോച്ചിച്ചിരിക്കുമ്പൊ സമയം പോകാന്‍ തൊലിച്ചുകളിക്കാന്‍ ബെസ്റ്റാ സവാള , തൊലിച്ചാലും തൊലിച്ചാലും തീരത്തേയില്ല !

അന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഇഡ്ഡലിയും സാംബാറും . ഞാന്‍ ചെന്നു കേറിയപ്പൊ കണ്ടത് പാത്രമൊക്കെ കഴുകി വെടുപ്പാക്കി ഇരിക്കുന്ന കുളക്കോഴിയെയാ.അവന്റെ മുഖം ഒന്നൂടെയൊന്ന് ശ്രദ്ധിച്ചപ്പൊ മനസ്സിലായി, അതു കഴുകിയതല്ല നക്കി വെടുപ്പാകിയതാണെന്ന് ! എന്താ ഒരാത്മാര്‍ത്ഥത. ഇഡ്ഡലി തിന്നുന്ന ഇഡിയറ്റ് !

ഈരണ്ടിഡ്ഡലി വയറിന്റെ രണ്ടു വശത്തും ഒരാറെണ്ണം വയറിന്റെ മധ്യത്തും തിരുകി ബാക്കിയുള്ള ഗ്യാപ് സാമ്ബാറും കൊണ്ട് ഫില്‍ ചെയ്ത്,ഒരേമ്പക്കവും വിട്ട് ഞാന്‍ അവിടുന്നിറങ്ങി.അന്നു പണിക്കിടയില്‍ ഭ്രാന്തന്‍മാരെക്കാളും ശല്യം ആ കോപ്പന്‍ വിവേകായിരുന്നു.

'ഡെയ് ഇന്നു രാത്രി ഫെരാരി സ്യൂട്ട് ഞാനിടും , നിനക്ക് സ്ളീവ്‌ലെസ്സ് ടിഷര്‍ട്ട്, ബട്ടറിനു റ്റോന്‍ട് ജീന്‍സ് ' എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ലവന്‍ എന്നെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.

'അപ്പൊ എനിക്കൊന്നുമില്ലേ?' എന്നുള്ള കുളക്കോഴിയുടെ ചോദ്യത്തിനു 'നീ ഒന്നും ഇടാതെ ഷോ നടത്തിയാതി' എന്നു പറഞ്ഞ് ഞങ്ങള്‍ അന്നത്തെ പണി അവസാനിപ്പിച്ചു.

(തുടരും)

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...