Sunday, September 30, 2012

ഡാനി അപ്പോഴും ഗിറ്റാര്‍ വായിക്കുന്നു

'ഡാനി..ഈ ബിയര്‍ കുപ്പികള്‍ കൂടി എടുത്തേയ്ക്ക്..'

കാറിന്റെ ഡിക്കിയില്‍ നിന്നും ഷോപ്പിങ്ങ് ചെയ്ത സാധനങ്ങള്‍ ട്രോളിയില്‍ വയ്ക്കുന്നതിനിടയില്‍ ഈനസ് തന്റെ ഭര്‍ത്താവായ ഡാനി മോറിസണോട് പറഞ്ഞു.

ഒരു കൊച്ചുഫ്ലാറ്റില്‍ ഇടുങ്ങിയ കിച്ചണും അതിനു സമം നില്‍ക്കുന്ന ബെഡ് റൂമും അതിനേക്കാള്‍ ഒരല്‍പം വലിയ ഗസ്റ്റ് റൂമും പിന്നെ പേരിനൊരു ടോയിലറ്റും . ഇതായിരുന്നു ഡാനിയുടെയും ഈനസിന്റേയും ലോകം .

ഡാനിയെ ഒരു സ്വപ്നജീവിയായാണു ഈനസ് കാണുന്നത്. വിവാഹിതരായിട്ട് വര്‍ഷം എട്ടായി. കുട്ടികള്‍ വേണ്ട എന്ന് വച്ചിരിക്കുകയാണ്. ജോലി സ്ഥലത്ത് പോയാലും ഇതേ സ്വപ്നജീവിയായി തുടരും ഡാനി.

'നമുക്ക് അടുത്ത തവണ ഷോപ്പിങ്ങിനു പോകുമ്പൊ ഫ്രഷ് മില്‍ക്ക് വാങ്ങണ്ട...പകരം പൌഡര്‍ വാങ്ങിയാല്‍ മതി...അതാവുമ്പൊ കുറച്ച് കൂടുതലോടും '

വീടിനുള്ളിലേയ്ക്ക് കയറുന്നതിനിടയില്‍ ഡാനി ശ്രദ്ധിക്കില്ലെങ്കില്ല എന്നറിഞ്ഞിട്ടും ഈനസ് ആരോടൊ എന്ന പോലെ പറഞ്ഞു.

ഉണ്ടായിരുന്ന ജോലി സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ ഡാനിയ്ക്ക് നഷ്ടമായിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. ഒരു അമേരിക്കന്‍ യുവതി ഒരിക്കലും ഇത്രയും കാലം ജോലിയില്ലാത്ത ഒരു ഭര്‍ത്താവിനെ സഹിക്കില്ല. സഹിക്കേണ്ട കാര്യമില്ല. സ്വന്തം ചിലവ് പോലും നോക്കാന്‍ വയ്യാത്തൊരാള്‍ പടിയ്ക്ക് പുറത്ത്. അതാണമേരിക്കന്‍ സ്ത്രീകള്‍ ! എങ്കിലും ഡാനിയും ഈനസും ഇപ്പോഴും ഒരുമിച്ച് കഴിയുന്നു.

ഡേറ്റിങ്ങ് നടത്തിയിരുന്ന സമയത്ത് ഡാനി ഗിറ്റാര്‍ വായിക്കുന്നത് ആദരവോടെ ആസ്വദിച്ചിരുന്ന അവള്‍ക്ക് ഇന്ന് ഗിറ്റാര്‍ എന്ന് കേള്‍ക്കുമ്പോഴേ അലര്‍ജിയാണ്. സംഗീതം മനസ്സിനു സന്തോഷമുള്ളപ്പോള്‍ ആസ്വദിക്കാനുള്ളതെന്നവളുടെ പക്ഷം . തര്‍ക്കത്തിനൊടുവില്‍ അത് ഏതോ കബോര്‍ഡിനുള്ലില്‍ കമ്പികളൊളിപ്പിച്ചു.

ആഴ്‌ചയിലൊരു ദിവസം ഡാനി പാര്‍ക്കില്‍ പോകും . അവിടെ വഴിയാത്രക്കാര്‍ക്ക് വേണ്ടി ഗിറ്റാര്‍ വായിക്കുന്ന ഒരു മനുഷ്യനുണ്ട്. ഡാനിയെ അയാള്‍ ഗിറ്റാര്‍ വായിക്കാന്‍ അനുവദിക്കും . ഡാനിയുടെ സൌമ്യസ്വഭാവം അയാള്‍ക്കിഷ്ടമായിരുന്നു. അതയാള്‍ക്കൊരു ആശ്വാസവുമായിരുന്നു.

വിരളുകള്‍ക്കെന്നാലും അയാള്‍ വിശ്രമം കൊടുക്കില്ല. അതിനിടയില്‍ സിഗാര്‍ തിരുകി ഡാനി ഗിറ്റാര്‍ വായിക്കുന്നതും നോക്കി ഇരിക്കും അയാള്‍ . 'ജീനിയസ്' ഇതാണയാള്‍ക്ക് ഡാനിയെക്കുറിച്ച് പറയാനുണ്ടായിരുന്നത്.


കഴിഞ്ഞ ഒരു വര്‍ഷമായി ഡാനിയ്ക്ക് അയാളുമായുള്ള ചങ്ങാത്തം തുടങ്ങിയിട്ട്. ഡാനി ഗിറ്റാര്‍ വായിക്കുന്ന ദിവസങ്ങളില്‍ കിട്ടുന്ന കാശിന്റെ മുക്കാല്‍ ഭാഗവും അയാള്‍ ഡാനിയ്ക്ക് നല്‍കും .

'നീ സ്വന്തമായൊരെണ്ണം വാങ്ങണം ..നിനക്കെന്നെക്കാളും കാശ് കിട്ടും ..എനിക്കതില്‍ സന്തോഷമേയുള്ളു'

ഒരു ദിവസം പതിവില്‍ കവിഞ്ഞ സന്തോഷത്തില്‍ ഡാനിയെ കണ്ടപ്പോഴേ അയാള്‍ ചോദിച്ചു.

'എന്താ..ഗിറ്റാര്‍ വാങ്ങിയോ നീ?'

തന്റെ വലിയ ബാഗില്‍ നിന്നും പുതിയ ഗിറ്റാര്‍ വലിച്ചെടുത്ത് അതില്‍ അതിഗംഭീരമായി വിരലുകളെ ചലിപ്പിച്ച് ചിരിഛ്കുകൊണ്ട് ഡാനി അയാളോട് നന്ദി പറഞ്ഞു.

'ഈനസിനോടും കൂടി പറഞ്ഞേയ്ക്ക്..നിന്റെ കാശുകൊടുത്ത് വാങ്ങിയതാന്നറിയുമ്പൊ സന്തോഷമാകും ചിലപ്പൊ'

അന്നത്തെ പിരിയലിനു മുന്‍പ് അയാള്‍ ഡാനിയോട് പറഞ്ഞു.

ചെന്ന് ഈനസ്സിനെ കെട്ടിപ്പിടിച്ച് പറയണമെന്നുണ്ടായിരുന്നു ഡാനിയ്ക്ക്. ഇത് ഞാന്‍ സമ്പാദിച്ചത്. ഇനി ഒരു ജോലി ആകുന്നതുവരെ കുറച്ചൊക്കെ എനിക്കും പറ്റുമെന്ന്.

പതിവിലും നേരത്തെ വീട്ടില്‍ വന്നപ്പോള്‍ ഈനസ് ഉറക്കമായിരുന്നു. അല്ല, മയക്കമായിരുന്നു. ശെരിക്കും പറഞ്ഞാല്‍ എന്തിന്റെയോ മയക്കത്തിലായിരുന്നു.

അവളുടെ വസ്ത്രങ്ങള്‍  അയഞ്ഞുകിടന്നു. അവളെ ഉണര്‍ത്തുന്നതിനു പകരം ഡാനിയുടെ കണ്ണുകള്‍ അവളുടെ ശരീരം അളന്നു, വളരെക്കാലത്തിനു ശേഷം ! എന്തെന്നില്ലാത്ത ഒരു വികാരം . ഗിറ്റാര്‍ താഴെ വച്ച് ഡാനി ഈനസിനോട് ചേര്‍ന്ന് കിടന്നു. കുതിപ്പിനും കിതപ്പിനുമിടയില്‍ ഈനസ്സിന്റെ ചൂട് ശ്വാസത്തിലെ മദ്യഗന്ധം ഡാനി ശ്രദ്ധിച്ചില്ല. ഈനസ്സില്‍ നിന്നടര്‍ന്ന് വസ്ത്രം ധരിക്കുമ്പൊ മനസ്സിലോര്‍ത്തു, 'ഇതവള്‍ക്കിരട്ടി മധുരമാകും '

ഡാനി കട്ടിലിനരികില്‍ നിന്നകലുന്നതിനു മുന്‍പെ ഈനസ് ഡാനിയുടെ കൈ കടന്നു പിടിച്ചു.

കണ്ണടച്ചുപിടിച്ചവള്‍ നന്ദി സൂചകമായി പറഞ്ഞു,

'ഫിലിപ്പ്...ആ ആഷ്ട്രേ ക്ലീന്‍ ചെയ്തേക്കണേ..അയാള്‍ വരാറായി'

അവളുടെ വിരലുകള്‍ വിടുവിച്ച് ഒരക്ഷരം ഉരിയാടാതെ, രണ്ടാമതൊന്ന് അവളെ നോക്കുക കൂടി ചെയ്യാതെ അയാള്‍ പുറത്തേയ്ക്ക് നടന്നു . പത്ത് മിനിറ്റ് കഴിഞ്ഞ് ഫ്രണ്ട് യാര്‍ഡിലിരിക്കുകയായിരുന്ന തന്റെ മുടിയില്‍  ഈനസിന്റെ വിരലുകള്‍ ഓടാന്‍ തുടങ്ങുന്നത് വരെയും അവളുടെ ചുണ്ടുകള്‍ അവന്റെ കവിളില്‍ സ്പര്‍ശിക്കുന്നത് വരെയും ഡാനിയുടെ വിരളുകള്‍ ഗിറ്റാര്‍ കമ്പികളോട് സല്ലപിച്ചുകൊണ്ടിരുന്നു.

ഈ ഗിറ്റാര്‍ എവിടുന്നെന്നോ ആര്..എങ്ങനെ വാങ്ങി എന്നോ ഈനസ് ചോദിച്ചില്ല. ഡാനി പറഞ്ഞതുമില്ല.

ഡാനി ആഗ്രഹിച്ചിടത്ത് അവന്റെയും അവനാഗ്രഹിക്കാത്തിടത്ത് അവളുടെയും വിരലുകല്‍ സല്ലാപം തുടര്‍ന്നു !

**********************************************************************************************************

1 comment:

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...