Sunday, September 30, 2012

മുട്ടടി

മൂന്നാം ക്ളാസ്സ് വരെ കരിയം എല്‍ . പി.എസ് സ്കൂളില്‍ കിരീടം വയ്ക്കാത്ത രാജാവായി വാണിരുന്ന എനിക്ക് അതൊരാഘാതമായിരുന്നു.അതെ,

"ടീ, ലവനെ നമുക്ക് ചെമ്പഴന്തി സ്കൂളിലാക്കാം , അവിടാവുമ്പൊ ഫ്ളോറടീച്ചര്‍ നോക്കിക്കൊള്ളും "എന്ന എന്റെ പിതാശ്രീയുടെ പ്രസ്താവന, അമ്മയോട്.

എന്നും രാവിലെ കുളിപ്പിച്ച്,ഒരു വശത്തൂന്ന് വകുപ്പെടുത്ത് മുടിചീകി (ഇപ്പൊ ആ സമയം ലാഭിച്ചു),വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി എന്നെ സ്കൂളിലേയ്ക്കയക്കുകയും വൈകിട്ട് ദേഹം മുഴുവന്‍ മണ്ണുമായി,മുടിയില്‍ ആന്റിനയും വച്ച് "അമ്മാ , തവളച്ചാട്ടത്തില്‍ എനിക്കാ ഫസ്റ്റ്" എന്നുപറഞ്ഞ് ഞാന്‍ തിരിച്ചുവരുന്നതും കണ്ടിരുന്ന അമ്മയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.

പക്ഷെ എന്റെ സ്വപ്‌നങ്ങള്‍ ! 2 ബി യിലെ സുനിതയെയും 3 ഡി യിലെ ശാരിയെയുമൊക്കെ ഞാന്‍ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ? എന്റെ ശത്രു ആനന്ദിനെ ബിസ്കറ്റ് കടിയില്‍ തോല്‍പ്പിക്കാന്‍ ഇനി എനിക്ക് ഒരിക്കലും പറ്റില്ലെന്നോ ? എനിക്ക് പെട്ടെന്ന് ഡിപ്രഷനായി.

പുന്നയ്ക്കാ പറക്കല്‍ ,കസേരകളി ചാക്കില്‍ ചാട്ടം , തവളച്ചാട്ടം തുടങ്ങിയ ചാട്ടങ്ങളിലും ഓട്ടത്തിലുമൊക്കെ ഞാന്‍ ആയിരുന്നു സ്കൂളില്‍ ഒന്നാമന്‍ (സത്യം !) മാത്രവുമല്ല, സ്കൂളിലെ കച്ചി കളിയിലെ (ഗോലി കളി) കിരീടം വയ്ക്കാത്ത രാജാവും (ഇതും സത്യം !).പക്ഷെ ഒരു ഐറ്റത്തില്‍ മാത്രം എനിക്ക് സുനിതയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പറ്റിയില്ല, ബിസ്കറ്റ് കടിയില്‍ . അതെ, ആനന്ദ്, ആ കാലമാടന്‍ ഒറ്റ ഒരുത്തന്‍ കാരണം .കയറില്‍ നൂലുകൊണ്ട് ബിസ്കറ്റ് കെട്ടിത്തൂക്കിയിരിക്കുന്നത് എവിടെ കണ്ടാലും അവന്‍ ചാടിക്കടിച്ചുകളയും .'റെഡി,വണ്‍ , റ്റു, ത്രീ കടി' എന്നു കേട്ടാല്‍ എത്ര ഉയരത്തിലായിരുന്നാലും ബിസ്കറ്റ് അവന്റെ വായില്‍ കാണും , ബിസ്കറ്റില്‍ കൈവിഷം കൊടുത്ത പോലെ!

ഞാനും അവനുമായുള്ള ശത്രുഅത ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പണ്ട് ആരുടെയോ കല്ല്യാണത്തിനു വച്ച് എന്റെ അമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ നക്കിവെടുപ്പാക്കി കൊണ്ടിരുന്ന എന്റെ സ്വന്തം പാര്‍ളി ജി ബിസ്കറ്റ് ,ലവന്‍ അവന്റെ അമ്മയുടെ ഒക്കത്തിരുന്നു കാറിയ ഒറ്റ കാറല്‍ മൂലം എനിക്ക് നഷ്ടമായി. അന്നു തുടങ്ങീതാ അവന്റെ ബിസ്കറ്റ് ആക്രാന്തം .അന്നേ ഞാന്‍ അവനെ നോട്ടമിട്ടതാ.പക്ഷെ, ഇപ്പൊ എന്റെ സ്വപ്നങ്ങള്‍ തകരാന്‍ പോകുന്നു.

അവനോടുള്ള ശത്രുത പല തലങ്ങളിലേയ്ക്കും വ്യാപിച്ചത് പെട്ടെന്നായിരുന്നു. ഇന്റര്‍വെല്‍ സമയത്ത്
ഞാനും എന്റെ 'ഗ്യാങും ' കൂടി നേരെ അവനെ ക്ളാസ്സില്‍ ചെല്ലും . ഞങ്ങള്‍ വരുന്നത് ദൂരെ നിന്നേ കണ്ട് അവനും അവന്റെ ഗ്യാങും അവന്റെ ക്ളാസ്സിലെ ജനാലയുടെ ഒരു സൈഡില്‍ സ്ഥാനം പിടിക്കും .ഞങ്ങള്‍ ഇപ്പുറത്തും . പിന്നെ അങ്ങു തുടങ്ങുകയല്ലേ, തള്ളാന്‍ . അതെ ജനല്‍ തന്നെ.ബെല്‍ അടിക്കുമ്പൊ ജനല്‍ ആരുടെ വശത്താണോ അവര്‍ തോല്‍ക്കും .അങ്ങനെ എത്രയെത്ര ജനലുകള്‍ തള്ളിയിരിക്കുന്നു.

അങ്ങനെ എന്റെ സ്വപ്നറാണിമാരായിരുന്ന സുനിതയേയും ശാരിയേയും പിരിഞ്ഞ്,എന്റെ സിംഹാസനം ആനന്ദിനു വിട്ടു കൊടുത്ത് ഞാന്‍ ചെമ്പഴന്തി എല്‍ .പി.എസ് എന്ന ഒരു കൊച്ചു രാജ്യത്തേയ്ക്ക് കുടിയേറി.എന്റെ ബോഡി ഗാര്‍ഡായി അടുത്തുള്ള, ചെമ്പഴന്തി സ്കൂളിലെ ടീച്ചറായ ഫ്ളോറ ടീച്ചറും . പക്ഷെ ആര്‍ക്കുമറിയില്ലല്ലോ ഞാന്‍ എന്നിട്ടും തെങ്ങേലാണെന്ന് ! അവിടെ ചെന്നു കയറേണ്ട താമസ്സം , തുടങ്ങിയില്ലേ കച്ചികളി ! മൂന്നടി ദൂരത്തില്‍ മൂന്നു കുഴിയും ഒരു കച്ചിയുമുണ്ടെങ്കില്‍ ആര്‍ക്കും കളിക്കാവുന്ന ഒന്നാണിത്.ബട്ട്, അതിനു ഞാനവിടെ കൊടുക്കേണ്ടി വന്ന വില,വളരെ ആത്മവിചിന്തനം ഉണ്ടാക്കുന്ന ഒന്നായിരുന്നു.അതെ മുട്ടടി ! കളിയില്‍ തോറ്റ് കഴിഞ്ഞാല്‍ ഒന്നാമത്തെ കുഴിയുടെ മുന്നില്‍ കൈപടം മടക്കി പിടിക്കണം , ജയിച്ചവന്‍ രണ്ടാമത്തെ കുഴിയില്‍ നിന്നും അവന്റെ സകലശക്തിയുമെടുത്ത് ഒന്നാംകുഴിയിലിരിക്കുന്ന മുട്ടില്‍ കച്ചികൊണ്ടടിക്കും .ന്റമ്മോ...കച്ചികളിയിലെ എന്റെ അജയ്യത ഞാന്‍ അവിടെയും തെളിയിച്ചു. എത്രയെത്ര മുട്ടുകള്‍ , എത്രയെത്ര പൊന്നീച്ചകള്‍ ! ഞാന്‍ ഈ മുട്ടടി സമ്പ്രദായം പതുക്കെ എന്റെ വീട്ടിലും കൊണ്ടു വന്നു.ഇര, എന്റെ സ്വന്തം ചേട്ടന്‍ !

അന്നൊരു ഞായറാഴ്‌ചയായിരുന്നു, ദീപാ നിവാസ് അവധിയായിരുന്നു. ടിവിയില്‍ ഡക്ക് ടേല്‍സും മൌഗ്ളിയും
ചിപ് & ഡേലുമൊക്കെ കണ്ട് കഴിഞ്ഞ് ഇനി എന്ത് എന്നാലോചിച്ച് ഞാനും ചേട്ടനും കണ്ണോട് കണ്ണില്‍ നോക്കിയിരിന്നപ്പോഴാണു എന്റെ കണ്ണിലെന്തോ തിളങ്ങിയത്,അതെ, ഗച്ചി ! ഞാന്‍ കൂവി, "ച്യേട്ടാ, കച്ചി കളിക്കാം "

രംഗം : മുട്ടടി ! ഒന്നാം കുഴിയില്‍ കളിയില്‍ തോറ്റ് കൈപ്പടം മടക്കി ചേട്ടന്‍ . രണ്ടാം കുഴിയില്‍ ചുണ്ടില്‍ ക്രൂരമായ ചിരിയുമായി ഞാന്‍ .'ടാ, നിന്റെ ചേട്ടനല്ലേടാ' എന്ന ഭാവം ചേട്ടന്റെ മുഖത്ത്. മുഖത്ത് നോക്കിയാല്‍ കുരുക്ഷേത്രത്തില്‍ വച്ച് അര്‍ജുനനു പറ്റിയത് എനിക്കും പറ്റും എന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ ചേട്ടന്റെ
മുട്ടില്‍ തന്നെ കോണ്‍സണ്ട്റേറ്റ് ചെയ്തു. 'ടക്'...ആഹ. മുട്ടില്‍ കച്ചിവന്ന് കൊള്ളുന്ന മനോഹരശബ്‌ദം .

"വയ് വയ്. തീര്‍ന്നില്ല.മുട്ടടി മൂന്ന് പറഞ്ഞിട്ടാ തുടങ്ങിയേ" മുട്ടും തടവി കണ്ണും പുകഞ്ഞിരിക്കുന്ന ചേട്ടനോട് ഞാന്‍ .

"എഴുന്നേറ്റു പോടാ" പെട്ടെന്നൊരലര്‍ച്ച കേട്ട് കുനിഞ്ഞിരുന്ന് കോണ്‍സണ്ട്റേറ്റ് ചെയ്യുകയായിരുന്ന ഞാനും കണ്ണടച്ച് 'ദാ ഇപ്പൊ, ദാ ഇപ്പൊ' എന്ന രീതിയിലിരുന്ന ചേട്ടനും ഞെട്ടിയെഴുന്നേറ്റു. ക്രിഷ്ണന്‍ കുട്ടി സാര്‍ ! അന്നു ട്യൂഷനുള്ള കാര്യം ഞങ്ങള്‍ മറന്നു പോയി. ഞങ്ങള്‍ വീടിനകത്തേയ്ക്കോടി. പെട്ടെന്ന് ടേബീളിനിരുവശത്തും
ബുക്കുമായി വന്നിരുന്നു.

സാര്‍ പതുക്കെ നടുക്ക് കസേരയിലിരുന്നു. എന്നെ നോക്കി.ഞാന്‍ പ്ളുഷി (സ്ഥിരം ചിരി).സാര്‍ ചേട്ടനെ നോക്കി.പിന്നെ കയ്യിലും .

"എന്താടാ കയ്യില്‍ ?" സാറു ചേട്ടനോട്. ദുഷ്ടന്‍ , സാറിനെ കാണിക്കാന്‍ വേണ്ടി കൈ തടവിക്കൊണ്ടിരിക്കുന്നു.

"ഇവന്‍ അടിച്ചതാ..മുട്ട്" ച്യേട്ടന്‍

സാറെന്നെ നോക്കി. പ്ളുഷ്...(വീണ്ടും ചിരി)

"പോയി കച്ചിയെടുത്തോണ്ട് വാ" സാര്‍ ചേട്ടനോട് പറഞ്ഞു. ചേട്ടനെ കൊണ്ട് എന്നെ മുട്ടടിപ്പിക്കാനുള്ള ഐഡിയ ആണെന്ന് എനിക്ക് മനസ്സിലായി.

"എന്റെ ബാഗിന്റെ താഴത്തെ അറയിലുണ്ട്" കച്ചിയെടുക്കാന്‍ എഴുന്നേറ്റ ചേട്ടനോട് ഞാന്‍ പതുക്കെ പറഞ്ഞു . അങ്ങനെ പറയാന്‍ കാരണമുണ്ട്. ആ കച്ചി സോഡ കച്ചിയാ. വെയിറ്റ് തീരെയില്ല,ഒരു മയമുണ്ട്.

പക്ഷെ ആ ദുഷ്ടന്‍ , കാലമാടന്‍ എവിടുന്നോ ഒരു ഗമണ്ടന്‍ കച്ചിയെടുത്തുകൊണ്ട് വന്നു.അതുകണ്ടപ്പൊ എനിക്ക്
മനസ്സിലായി, അതും എന്റെ ബാഗിലെ വേറൊരു അറയിലുണ്ടായിരുന്നതാണെന്ന്.

"എത്രയെണ്ണം അടിച്ചെടാ ?" ചേട്ടനോട് സാര്‍.

"ഒന്ന് " ഞാന്‍ ഇടയില്‍ കയറി പറഞ്ഞു.

"സാര്‍ അന്‍ചാമത്തെ അടിക്കാന്‍ പോയപ്പഴാ സാറു വന്നെ" ചേട്ടന്‍

വാറ്റ് ദ ഹെല്‍ !!! സാറെന്നെ തുറിച്ചു നോക്കി. കണ്ണിളകി കയ്യില്‍ വരുമെന്ന് തോന്നി.എന്റെ മുഖത്ത് 'എന്റെ ഗര്‍ഭം ഇങ്ങനെ അല്ല' എന്ന ഭാവവും .

"വയ്യെടാ കൈ" സാര്‍ പറഞ്ഞു.

ഞാന്‍ കൈ മേശപ്പുറത്ത് വച്ചു.എന്റെ മുട്ടും ചേട്ടന്‍ കയ്യില്‍ വച്ച് ഉന്നം പിടിക്കുന്ന കച്ചിയും തമ്മിലുള്ള അകലം വളരെ കുറവ്.

"സാര്‍ ..ഇത്ര അടുത്ത് വച്ച് അടിച്ചാല്‍ ഫൌളാ" എന്റെ അവസാന കച്ചിത്തുരുമ്പ്.

"എങ്ങനേ..?? അടിക്കെടാ അങ്ങോട്ട്" സാര്‍ അലറി

പിന്നെ അവിടെ നടന്നത് ആന്റണിയുടെ ഭാഷയില്‍ തീര്‍ത്തും പൈശാചികവും കണ്ണില്‍ ചോരയില്ലാത്തതുമായ പീഡനമായിരുന്നു.പല വണ്ണത്തിലുള്ള മുട്ടുകള്‍ അടിച്ച് നീരടിപ്പിച്ച എന്റെ കൈയ്യില്‍ ,ആ ദുഷ്ടന്‍ ,എന്റെ ചേട്ടന്‍ സാറിന്റെ ഓര്‍ഡര്‍ പ്രകാരം തലങ്ങും വിലങ്ങും അടിച്ചു , ഒന്നല്ല, ആറു തവണ!

" ടക്, വീണ്ടും ടക്, , വീണ്ടും വീണ്ടും ടക്, ടക്കോട് ടക് "

രംഗം : എന്റെ കയ്യില്‍ രാത്രി അമ്മ ചൂടുപിടിച്ച് തരുന്നു.'എനിക്ക് ഈ വീട്ടില്‍ മതിയായി.എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്കിയേക്ക്' എന്ന് ഭര്‍ത്താവിനോട് പറയുന്ന ഭാര്യയെ പോലെ ഞാനും ബാക്ക് ഗ്രൌണ്ടില്‍ അമ്മയുടെയും അച്ചന്റെയും ചേച്ചിയുടെയും ചേട്ടന്റെയും ചിരിയും .

*********************************************************************************

ഗുണപാഠം : ഒരിക്കലും ബാഗില്‍ ഗമണ്ടന്‍ കച്ചിയിടരുത്.

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...