Sunday, September 30, 2012

ചാറ്റിംഗ്

നിരുപമ : എന്താ ഇത്രയും ദിവസം വരാത്തെ...?

മോഹന്‍ : ജോലിത്തിരക്കായിരുന്നു മോളേ...സൂപ്പര്‍വൈസറിനു ഞാന്‍ എപ്പോഴും കൂടെ വേണം

നിരുപമ : ഞാന്‍ വിചാരിച്ചു എന്നെ മറന്നൂന്ന്...

മോഹന്‍ : നൊ വേ....എന്റെ ചക്കരയെ എനിക്കു മറക്കാന്‍ പറ്റോ ?

ഇതിനിടയില്‍ മോഹന്റെ മൊബൈല്‍ ശബ്ദിച്ചു.' മോളൂട്ടി കോളിങ്ങ് '. മോഹന്‍ മൊബൈല്
സൈലന്റ് ആക്കി. ലവള്‍ക്ക് വിളിക്കാന്‍ കണ്ട സമയം !

നിരുപമ : തിരക്കിലാണോ ?

മോഹന്‍ : ഏയ് ബോസ്സിന്റെ കോള്‍ , പുള്ളിക്കൊരു സംശയം ...നീ പറ...എന്റെ ചക്കരയ്ക്കു സുഖാണോ...?

നിരുപമ : ഇപ്പൊഴെങ്കിലും ചോദിക്കാന്‍ തോന്നിയല്ലോ....ഉം ...അതേ, എനിക്കിയാളെ
ഒന്നു കാണാന്‍ പറ്റുമോ, എത്ര ദിവസായി പറയുന്നു...

അമ്മേ ചതിച്ചോ...? കാണാതെ ഈ പെണ്ണിനു ചാറ്റ് ചെയ്യാന്‍ പറ്റില്ലേ...? വളരെ കാലത്തിനു ശേഷം ഒത്തുകിട്ടിയതാ...ഈ കഴണ്ടിത്തല മറയ്ക്കാന്‍ ഇനി വിഗ് എടുത്ത് വയ്ക്കണം ...എന്തെല്ലാം പാടാ...ഇവളുമാര്‍ക്കിതു വല്ലതും അറിയണോ..?


ഇന്നലെ പെയ്ത ചാറ്റിങ് മഴയില്‍ മുളച്ച ഇവളെ ഒതുക്കാനാണോ പാട് . മോഹന്‍ തന്റെ വിഗ് കട്ടിലിനടിയില്‍ നിന്നും പൊടി തട്ടിയെടുത്തു. മട്ടവും കോണും അളന്ന് കിരീടം അണിഞ്ഞു. പൊസിഷന്‍ മാറാതെ ചീകി ഒതുക്കി. കണ്ണാടിയില്‍ നോക്കിയപ്പൊ തന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി. "അപ്പൊ ഇതാ ഈ പെണ്ണുങ്ങള്‍ക്കൊക്കെ എന്റടുത്തൊരിത്.." എന്ന് ആത്മഗതം പറഞ്ഞ് മോഹന്‍ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഉപവിഷ്ടനായി.


മോഹന്‍ : നിരൂ...പോയൊ..?


നിരുപമ : ഇല്ലാ...കാം ഓണ്‍ ചെയ്യാന്‍ പറ്റില്ലെ..?


മോഹന്‍ പതുക്കെ വെബ് കാം ഓണ്‍ ചെയ്തു.


നിരുപമ : ഇയാളെ കാണാന്‍ നല്ല രസാ...


മോഹന്‍ : ഹഹാ...കള്ളം ...


പുളകിതനായി കൊണ്ട് മോഹന്‍ പറഞ്ഞു.


നിരുപമ : ഇയാള്‍ക്കെത്ര വയസ്സായി..?


മോഹന്‍ : എത്ര തോന്നുന്നു..?


നിരുപമ : ഹ്മ്.....ഒരു 26...


34 വയസ്സായ താന്‍ ഒറ്റയടിക്ക് , ഒറ്റ വിഗിലൂടെ, 8 വയസ്സു കുറച്ചിരിക്കുന്നു.ഇവളെ ഞാന്‍ ഇന്നു വളച്ചു റെഡിയാക്കും ..


മോഹന്‍ : ഹഹാ..കൊള്ളാം ...ഗുഡ് ഗസ്...


പെട്ടെന്നു കോളിങ്ങ് ബെല്‍ അടിച്ചു. ഏതു കോപ്പനാടാ രാവിലെ പന്‍ചാര അടിക്കാന്‍ സമ്മതിക്കാതെ...


മോഹന്‍ : ആരോ വന്നു...1 മിനുറ്റ്...എന്റെ ചക്കര അല്ലെ പിണങ്ങല്ലെ...


ഇതേത് കോത്തായത്തുകാരനാടാ...മനുഷ്യനെ ഒന്നു...ചെയ്...മോഹന്‍ ഡോറിലെ ഊട്ടയില്ലൂടെ ഒളികണ്ണിട്ട് പുറത്തേയ്ക്ക് നോക്കി.


അയ്യോ അമ്മാവന്‍ ! മോഹന്‍ വേഗം വിഗ് വലിച്ചൂരി മൂലയിലെറിഞ്ഞു. എന്നിട്ടു ഡോര്‍ തുറന്നു.
അമ്മാവന്‍ അകത്ത് കയറി നേരെ പോയത് മോഹന്റെ റൂമിലേയ്ക്കാ. ചതിച്ചോ? മോഹന്‍ അമ്മാവ്നെറ്റെ മുന്നില്‍ കയറി പെട്ടെന്നു കൊമ്പ്യൂട്ടറിന്റെ മോണിറ്റര്‍ ഓഫ് ചെയ്തു. എന്നിട്ട് അതിന്റെ മുന്നിലുള്ള കസേരയില്‍ മോഹനും കട്ടിലില്‍ അമ്മാവനും ഇരുന്നു.


"ഞാന്‍ വെറുതെ ഇറങ്ങിയതാ..നിന്റെ ചേട്ടനെ ഒന്നു കാണണമായിരുന്നു..നിനക്കു സുഖമാണോ..? നിന്റെ അമ്മയെ വിളിക്കുമ്പൊ ഞാന്‍ ചോദിച്ചതായി പറ..."


"അമ്മാവന്‍ ചായ കുടിക്കുന്നൊ..?" കുടിക്കണമെന്നു പറയല്ലെ എന്നു മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടാണു മോഹന്‍ ചോദിച്ചത്.

"വേണ്ടാ...ഞാന്‍ ഇറങ്ങാ..."


"ഓ ആയിക്കോട്ടെ.."


മോഹന്റെ മനസ്സില്‍ സന്തോഷം തിരയടിച്ചു.. അവള്‍ പോകാതിരുന്നാല്‍ മതിയായിരുന്നു. അമ്മാവനെ യാത്രയാക്കി കതകടച്ച് തിരിച്ച് വന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ വീണ്ടും ഇരുന്നു. പതുക്കെ മോണിറ്റര്‍ ഓണ്‍ ചെയ്തു.

ചെയ്..അവള്‍ സൈന്‍ ഔട്ട് ചെയ്തു പോയി. എന്തോ മെസേജ് അയച്ചിട്ടാ പോയത്. മോഹന്‍ പതുക്കെ ആ മെസേജിലൂടെ കണ്ണോടിച്ചു.

നിരുപമ : ഞാന്‍ എല്ലാം കണ്ടൂ..വിഗ് വച്ച് ആളെ പറ്റിക്കാന്‍ നോക്കുന്നോ.....കഷണ്ടി...പോടാ കഷണ്ടിത്തലയാ.....കഷണ്ടി കഷണ്ടി...

മോഹനു തല കറങ്ങുന്നതു പോലെ തോന്നി. വിജ്രംഭിച്ച് നിന്ന വികാരങ്ങളെല്ലാം തണുത്തുറഞ്ഞു.അമ്മാവന്‍ വന്നപ്പൊ അറിയാതെ കമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയില്‍ ഇരുന്നതും കാം ഓഫ് ചെയ്യാന്‍ മറന്നതും ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി.

കഷണ്ടി ഇത്ര വലിയ കുറ്റമാണോ..? അല്ലെ..? ആണോ..? ഇങ്ങനെ ചിന്തിക്കുന്നതിനിടയില്‍ രണ്ടെണ്ണം വീശി മോഹന്‍ കട്ടിലിലേയ്ക്ക് കമിഴ്ന്നു.ഒരു പ്രാര്‍ഥനയോടെ..പെണ്ണിനും കൊടുക്കണേ കഷണ്ടി !

********************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...