ധന ഹോട്ടല്‍ . എന്റെ കുവൈറ്റ് ജീവിതം ആരംഭിച്ചത് ശെരിക്കും അവിടെ നിന്നാണെന്ന് പറയാം . റൂമില്‍ വന്ന് ലഗേജും വച്ച് താഴേക്കിറങ്ങിയപ്പോള്‍ ആദ്യം കാണുന്നത് ധനയാണ്. അവിടെ കയറി ഒരു ചായ കുടിച്ചപ്പൊ ഒരാശ്വാസം, ഒരു സന്തോഷം! ആ ആശ്വാസവും സന്തോഷവും സൌഹൃദങ്ങള്‍ക്ക് വഴിമാറിയത് ആ ഹോട്ടലിലെ ജീവനക്കാരിലൂടെയായിരുന്നു. പച്ചയായ മനുഷ്യര്‍ . അടുക്കളയിലെ ചൂടില്‍ സ്വയം ഉരുകി വെറും 60 കെ ഡി ശമ്പളത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ . മുഴിഞ്ഞ വസ്ത്രവും കാലില്‍ പാകം വരാത്ത ഷൂസും അവരുടെ അടയാളങ്ങള്‍ .
എന്നും എന്റെ ദിവസം ആരംഭിക്കുന്നത് ധനയിലെ നല്ല കടുപ്പത്തിലുള്ള ചായയില്‍ നിന്നാണ്. എന്നും എനിക്കീ ചായ തരുന്നയാള്‍ ഭാവിയില്‍ എന്നെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചില്ല. മാമന്‍ എന്നെല്ലാരും വിളിക്കുന്ന, ശെരിക്കുള്ള പേരു പുള്ളിപോലും മറന്നിട്ടുണ്ടാവും , ഒരു മധ്യവയസ്കന്‍ . എപ്പോഴും ചിരിയും കുശലാന്വേഷണങ്ങളുമായി കടയില്‍ വരുന്നവരെ പരിചരിക്കുന്നയാള്‍ .
പല ദിവസങ്ങളിലും ടേബിള്‍ ക്ളീന്‍ ചെയ്യാന്‍ താമസിച്ചതിനു മുതലാളിയുടെ വായില്‍ നിന്നും നല്ല മുഴുത്ത തെറി പുള്ളിക്ക് കേള്‍ക്കേണ്ടി വരുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്.
തന്നെ വിളിച്ച ചീത്ത മറ്റുള്ളവര്‍ കേട്ടതിലുള്ള ചമ്മല്‍ കൊണ്ടോ അതൊ സ്വന്തം നിസ്സഹായതയോര്‍ത്തോ ആവണം ആ മുഖത്ത് ഒരു പ്രത്യേക രീതിയിലുള്ള ചിരി വിടരും. 'ഏയ്..സാരില്ല്യാ..' എന്ന ഭാവത്തില്‍ ടേബിള്‍ തുടച്ചുകഴിയുമ്പൊ ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും.എന്തായിരിക്കും അപ്പൊ ആ മനസ്സിലെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഭാര്യ, കുട്ടികള്‍ ? വിധി?
അവധി ദിവസങ്ങളില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോകുമ്പൊ. ചില നേരത്ത് ഒരു മൂലയില്‍ മാമനിരുന്ന് ചോറുണ്ണുന്നത് കാണാം . ഒരു പ്ലേറ്റില്‍ ചോറും മീന്‍ ചാറും മാത്രം ! പുള്ളി കഴിക്കുന്നത് കണ്ടിട്ട് ഇത്രയ്ക്കും രുചിയുണ്ടോ അതിനെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്.
രാത്രി പതിനൊന്നരയോടെ അടയ്ക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനെത്തുന്നവരും ജോലിക്കാരും പോയതിനു ശേഷവും മാമന്‍ ആ പരിസരത്തുണ്ടാവും , അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ടാക്സി കാറുകള്‍ കഴുകിക്കൊണ്ട്! ഒരു ദിവസം 'എന്താ മാമ ഉറക്കമൊന്നും വേണ്ടേ?' എന്നുള്ള എന്റെ ചോദ്യത്തിനു സോപ്പുവെള്ളത്തില്‍ മുങ്ങിയ കൈ കൊണ്ട് മുഖമൊന്ന് തുടച്ച് ആ മനുഷ്യന്‍ മറുപടി തന്നു 'ഇപ്പൊ വീട്ടിലെല്ലാവരും ഉറങ്ങുന്നുണ്ട്..അതുമതി' ചിരിച്ചുകൊണ്ട് വീണ്ടും ജോലിയില്‍ മുഴുകുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ നിന്നിട്ടുണ്ട്.
കുടുംബവും പ്രാരാബ്‌ധങ്ങളുമുണ്ടാകുന്നത് ഒരിക്കലും ഒരു തെറ്റല്ല. പക്ഷെ പ്രതിബന്ധങ്ങളെ നേരിടാതിരുന്നാല്‍ അത് തെറ്റാണ്. മാമനെപ്പോലെ ചിരിച്ചുകൊണ്ട് നേരിട്ടാല്‍ അതിനു മധുരം കൂടും .
കുവൈറ്റില്‍ ഞാന്‍ വന്നതിനു ശേഷമുള്ള എല്ലാ റംസാനും മാമന്‍ ഞങ്ങളുടെ റൂമില്‍ വരും . പലപ്പോഴും ഞങ്ങള്‍ തന്നെ ഓര്‍ഡര്‍ ചെയ്ത ഫുഡ് തരാനാകും വരുന്നത്. ഭക്ഷണം ടേബിളില്‍ വച്ചതിനു ശേഷവും പുള്ളി കുറച്ച് നേരം അവിടെ തന്നെ നില്‍ക്കും . എനിക്കാ നില്‍പ്പിന്റെ അര്‍ത്ഥമറിയാം . ഞാന്‍ റൂമില്‍ ചെന്ന് എന്റെ പഴയ ഡ്രെസ്സ് വല്ലതുമുണ്ടെങ്കില്‍ എടുത്തുകൊടുക്കും . ഒരു ദിവസം ഇത് കണ്ടുകൊണ്ടുവന്ന എന്റെ റൂം മേറ്റ് , മധുചേട്ടന്‍ എന്നെ ശകാരിച്ചു 'നിനക്ക് വേറെ പണിയില്ലേ..ഇതൊക്കെ ചുമ്മാതാടാ.. ജോലി ചെയ്യാന്‍ ഒരു കുഴപ്പവുമില്ല..എന്നാലും എരക്കണം ..' .എന്തോ ആവശ്യത്തിന് റൂം തുറന്ന് പുറത്തിറങ്ങിയ ഞാന്‍ കണ്ടത് ഞാന്‍ തന്നെ പൊതിഞ്ഞുകൊടുത്ത ഡ്രെസ്സ് വാതില്‍ക്കല്‍ ഇരിക്കുന്നതാണ്. എനിക്ക് മധുച്ചേട്ടനെ രണ്ട് പറയണം എന്ന് തോന്നി. എങ്കിലും മാമന്റെ മനസ്സിനേറ്റ മുറിവ് മാറുമോ? പ്രതികരിക്കാനൊ സഹായിക്കാനൊ എനിക്കായില്ല.പിന്നെ മാമന്‍ റൂമിലേയ്ക്ക് വന്നിട്ടേയില്ല. ഞാന്‍ അങ്ങോട്ട് പോയപ്പോഴൊക്കെ കണ്ടത് ആ പഴയ ചിരിക്കുന്ന മാമനെത്തന്നെയാണ്.
ഒരു ദിവസം , എന്റെയും മധുച്ചേട്ടന്റെയും അവധി ദിവസം , റൂമിനു പുറത്താരോ വാതിലില്‍ മുട്ടുന്നു. ഞാനും മധുച്ചേട്ടനും ഉറക്കം വിട്ടെഴുന്നേറ്റിട്ടില്ല. വാതിലില്‍ മുട്ടുന്നതിന്റെ ശക്തി കൂടിയപ്പൊ ഞങ്ങള്‍ രണ്ട് പേരും എണീറ്റു. ഞാന്‍ മുന്നെ ചെന്ന് കതക് തുറന്നു. മുന്നില്‍ മാമന്‍ !
"എന്താ മാമാ രാവിലെ..?"
"ദീപക്കെ..മോനെ..ഒന്നും തോന്നരുത്..എനിക്കൊരു പത്ത് കെ ഡി വേണം .. ഒരത്യാവശ്യാ.. ഞാന്‍ അടുത്തമാസം തന്നെ തരാം ..നാട്ടില്‍ പോണം ..അതാ.."
ഒരു മനുഷ്യനുണ്ടായേക്കാവുന്ന എല്ലാ നിസ്സഹായതയോടും കൂടി മാമന്‍ ചോദിച്ചു.
"അയ്യോ മാമാ..ഇതിപ്പൊ മാസാവസാനമല്ലെ..ആകെക്കൂടി രണ്ടോ മൂന്നോ കാണൂം തപ്പിയാല്‍ തന്നെ.."
"ന്റെ..ന്റെ മോള്‍ടെ കല്ല്യാണാ..പോകാന്‍ കാശില്ല..ഹതാ..' ഇത് പറഞ്ഞപ്പോഴേയ്ക്കും ആ കണ്ണുകള്‍ നിറഞ്ഞു.
എന്ത് പറയണം എന്നറിയാതെ നിന്ന എന്നെ തള്ളി മാറ്റി പെട്ടെന്നാരോ മുന്നിലേയ്ക്ക് വന്നു. മധുച്ചേട്ടന്‍ ! മുന്‍പ് ചീത്ത കേട്ടതിന്റെ വിഷമത്തിലാകും മാമന്‍ ഒന്ന് പിറകോട്ട് മാറി. മധുചേട്ടന്‍ മാമനെ കടന്നു പിടിച്ചു. മാമന്റെ കൈയ്യില്‍ എന്തോ പിടിപ്പിച്ചു. എന്നിട്ടകത്തേയ്ക്ക് പോയി.
ഞാനും മാമനും ഒരേ സമയം കൈയ്യിലേയ്ക്ക് നോക്കി. ഒരു സ്വര്‍ണ്ണത്തിന്റെ മോതിരവും അറുപത് കെ ഡി യും !
"ഇ.ഇത്..പുള്ളി.." എന്താണു നടന്നതെന്ന് വിശ്വസിക്കാന്‍ പറ്റാതെ വിക്കിയ മാമനോട് പൊയ്ക്കോളാന്‍ ആംഗ്യം കാട്ടി ഞാന്‍ കതകടച്ചു. തിരിച്ചെന്റെ റൂമിലെത്തി ഞാന്‍ ആ മനുഷ്യനെ നോക്കി, മധുച്ചേട്ടനെ. പുള്ളി സുഖമായ് കൂര്‍ക്കം വലിച്ചുറങ്ങുന്നു!
കള്ളുകുടിച്ചാലെന്താ, സിഗററ്റ് വലിച്ചാലെന്താ, ദേഷ്യം വരുമ്പൊ മറ്റുള്ളോരെ ചീത്ത പറഞ്ഞാലെന്താ, മധുച്ചേട്ടാ, താങ്കളൊരു മനുഷ്യനാണ്. മനുഷ്യത്വം പ്രസംഗിക്കാത്ത, മനുഷ്യത്വമുള്ളൊരു മനുഷ്യന്‍ !
ഒരു മാസം കഴിഞ്ഞപ്പൊ മാമന്‍ വീണ്ടും വന്നു റൂമിലേയ്ക്ക്. മുന്‍പ് കണ്ടതിനേക്കാള്‍ ക്ഷീണം . മുടികള്‍ കൂടുതല്‍ നരച്ചു. ചുണ്ടുകള്‍ വെടിച്ചുണങ്ങിയിരിക്കുന്നു. എങ്കിലും മുന്‍പ് കണ്ടതിനേക്കാള്‍ നന്നായി ചിരിച്ചുകൊണ്ടാണ് പുള്ളി റൂമിലേയ്ക്ക് വന്നത്. എന്നെക്കണ്ടതും സന്തോഷത്തോടെ പറഞ്ഞു,
"കല്ല്യാണം കഴിഞ്ഞു..പിന്നെ ദീപക്കെ..ഞാന്‍ പത്ത് കെ ഡി വച്ച് കാശ് തിരിച്ചുതരാം എന്ന് മധുവിനോട് പറയണം ..ഈ മാസത്തെ പത്ത് ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്"
പുള്ളി കാശ് നീട്ടി. വാങ്ങാല്‍ കൈ നീട്ടിയ ഞാന്‍ ഞെട്ടിപ്പോയി. വലതുകൈയ്യിലെ ചൂണ്ടുവിരലും നടുവിരലും ഇല്ല! ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കി.അതെ ശെരിതന്നെ, ഇല്ല! രണ്ടുവിരലുകളും ഉണ്ടായിരുന്ന ഭാഗത്ത് ഇളം റോസ് നിറത്തില്‍ വെട്ടിയെടുത്ത പോലെ അവയുടെ അവശേഷിപ്പ്!
"അയ്യോ..ഇതെന്ത് പറ്റീതാ?"
"ആ..അത് ഒരു ആക്‌സിഡന്റ് പറ്റീതാ..മധൂനോട് പറയാന്‍ മറക്കല്ലെ..ഞാന്‍ എങ്ങനേലും തന്ന് തീര്‍ക്കും " ഇതും പറഞ്ഞ് എന്നെ ആ അവസ്ത്ഥയില്‍ വിട്ടിട്ട് മാമന്‍ പോയി.
വിരലുകളില്ലാത്ത ആ മനുഷ്യന്‍ ജീവിതം മുറുകെ പിടിക്കാനായി പോയതുകണ്ടപ്പൊ, വിരലുകളുണ്ടായിട്ടും എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന, എല്ലാത്തിനെയും കുറ്റപ്പെടുന്ന എനിക്ക് കൈകള്‍ തന്നെ നഷ്ടമായതുപോലെ തോന്നി !
***********************************************************************
No comments:
Post a Comment