Sunday, September 30, 2012

വെക്കേഷന്‍ (2)

ഉല്‍സവത്തിന്റെ സന്തോഷം നാടെങ്ങും . കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ ഇത്തവണയും വലിയ ആനയുടെ പുറത്ത് നമ്മള്‍ (എനിക്കെന്നെ ഭയങ്കര ബഹുമാനാ..!!). പറയെഴുന്നളിപ്പൊക്കെ കഴിഞ്ഞ് കുഞ്ഞുവീടുകാവില്‍ വച്ചാണു ചമയവും ഒരുക്കവും എല്ലാം . നാട്ടിലെ എല്ലാ ആണ്‍തരികളും താലപ്പൊലിക്ക് അകമ്പടി "സേവിക്കാന്‍ " അവിടെ റെഡി ആയി നില്‍ക്കും .

"ടാ കണ്ണാ , സമയമാവുമ്പൊ നീയെത്തണം ." പറയെഴുന്നള്ളിപ്പു കഴിഞ്ഞു പിരിയുന്നതിനിടയില്‍ അശോകേട്ടന്‍ പറഞ്ഞു.അശോകേട്ടനാണു അന്നു സെക്രട്ടറി . പുള്ളിയാണെങ്കില്‍ , 'ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്, വെന്ചാവോട് ശാരദാഭവനില്‍ സേതു ഒരു വലിയ പലക്കുഴ....ഛെ..പലക്കുഴല...സോറി...ഒരു പലം കുഴ...ഛെ..ഛെ...ഒരു പഴക്കുല നടയ്ക്കു വച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിച്ചികൊള്ളുന്നു 'എന്നൊക്കെ മൈക്കിലൂടെ നാട്ടുകാരു കേള്‍ക്കെ പറഞ്ഞ് കത്തി നില്‍ക്കുന്ന സമയം . ഒരു യെസ് മൂളി ഞാന്‍ വീട്ടിലെത്തി.

പറയെഴുന്നള്ളിപ്പ് കഴിയാന്‍ സമയം വൈകിയതിനാല്‍ താലപ്പൊലി ഘോഷയാത്രയ്ക്ക് ഇനിയും സമയമെടുക്കും . ഞാന്‍ കുളിച്ചു റെഡിയായി മുറ്റത്ത് മതിലിനരുകില്‍ നിന്നു. നേരം ഇരുട്ടിത്തുടങ്ങി. ആനയെ എഴുന്നള്ളത്തിനു കൊണ്ടു പോകാനൊരുങ്ങുന്നു. എനിക്കും പോകാന്‍ സമയമായി എന്നു തോന്നിയപ്പൊ ഞാന്‍ പതുക്കെ വീടിനു പുറത്തിറങ്ങി. റോഡ് നിറയെ റ്റ്യൂബ് ലൈറ്റുകള്‍ .പെട്ടെന്നു അതു സംഭവിച്ചു. റ്റ്യൂബ് ലൈറ്റുകള്‍ പെട്ടെന്നു അണഞ്ഞു. എന്തെന്ന് മനസ്സിലാകും മുന്നെ ആള്‍കാരുടെ നിലവിളി .

"ആന വിരണ്ടേ.." ആനയുടെ മുന്നെ പോയ തെയ്യകാരിലൊരാളുടെ തലയിലിരുന്ന സാധനം ലൈന്‍ കമ്പിയില്‍ തട്ടിയുണ്ടായ തീപ്പൊരി കണ്ട് ആന വിരണ്ടതാണെന്ന് അതു വഴി മിന്നായം പോലെ പോയ വിനയന്‍ പറഞ്ഞു.ഫുള്‍ ഇരുട്ടായതു കാരണം എന്തു ചെയ്യണം എന്നെനിക്കൊരു എത്തും പിടിയും കിട്ടിയില്ല. പക്ഷെ ഒരു പിടി എനിക്കു കിട്ടി. ആനയുടെ ചങ്ങലയുടെ ശബ്ദം എന്റെ അടുത്തേയ്ക്ക് വരുന്ന കാര്യം ! എന്റെ ഭഗവതീ.. ആനയ്ക്ക് വേറെ നൂറു വഴികളുണ്ടായിരുന്നല്ലൊ ഓടാന്‍ . എന്നേം കൂടി ഓടിച്ചേ അടങ്ങു ? ഞാനും ഓടി. ഞാനും അതുവഴി അമ്പലത്തില്‍ തൊഴാന്‍ വന്ന രണ്ടു മൂന്നു ചേച്ചിമാരും അപ്പൂപ്പന്‍മാരും എന്റെ കൂടെ ഓടി.ചേച്ചിമാരുടെയും അപ്പൂപ്പന്‍മാരുടെയും ഓട്ടം കണ്ടപ്പൊ ,"ഇവരൊക്കെ ഇന്ഡ്യയുടെ ഉറപ്പിച്ച മെഡലുകളായിരുന്നല്ലോ ഈശ്വരാ " എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞുപോയി. എന്നാ ഓട്ടാ... ഞാനൊക്കെ ഇനിയും തെളിയണം !

"ടാ കണ്ണാ...ആനയുടെ മുന്നില്‍ കേറി ഓടാതെ പുറകിലോടടാ.."ഇതൊക്കെ കണ്ട് അടുത്ത വീട്ടിലെ ഗേറ്റിനുള്ളില്‍ നിന്നും സുധ ചേച്ചി.

"പിന്നേ.ഞാന്‍ ഇവിടെ നിര്‍ത്തി ആനയ്ക്ക് സൈഡ് കൊടുത്ത് , പിറകേ ഓടാന്‍ പോവല്ലേ...ആനയ്ക്ക് അത്രക്ക് ക്ഷമയില്ല...ഒന്നു പോയേച്ചി.." ഓടുന്നതിനിടയില്‍ ഞാന്‍ .

എന്തായാലും ഞങ്ങളെല്ലാരും കൂടി ഉല്‍സാഹിച്ച് മെയിന്‍ റോഡിലെത്തി. ഞങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.പക്ഷെ ആന, അവിടെയൊന്നും തിരിയാതെ, റോഡ് ക്റോസ്സ് ചെയ്ത്, നേരേ എതിരെ കണ്ട ഇടറോടിലേയ്ക്ക് കയറി.ഞങ്ങളെല്ലാവരും , ഇപ്പൊ ഒരു പത്തന്‍പതു പേരു വരും ,ഇടവഴിയുടെ എന്‍ട്‌റന്‍സില്‍ കൂട്ടം കൂടി നിന്നും പേടിക്കാന്‍ തുടങ്ങി.

"ആനയോ..? എങ്ങോട്ടാ പോയേ..? നിങ്ങളാരും പേടിക്കണ്ടാ..അതൊന്നും ചെയ്യില്ലാ...വെറുതെ അതിനെ വിരട്ടാതിരുന്നാല്‍ മതി. നിങ്ങളവിടുന്നൊന്നു മാറിക്കേ...ഞാനൊന്നു നോക്കട്ടെ..""പട്ടാളം " എന്നു വിളിപ്പേരുള്ള അച്ചായനായിരുന്നു അത്. ഞങ്ങളെ തള്ളി മാറ്റികൊണ്ട് പുള്ളി ഇടവഴിയിലേയ്ക്ക് കടന്നു.കൊമ്പന്‍ മീശയും പിരിച്ച് പുള്ളി നടക്കുന്ന കണ്ടാല്‍ ഏതാനയും ഒന്നു റ്റെന്‍ഷന്‍ അടിക്കും . ഇരുട്ടിലേയ്ക്ക് പുള്ളി മറയുന്നതു ഞങ്ങളെല്ലാവരും ആദരവോടെ നോക്കി നിന്നു.

"പുള്ളി... പുലിയാ...പണ്ടു പട്ടാളത്തിലായിരുന്നപ്പൊ.."എന്നാരോ പറഞ്ഞതും ഒരു നിലവിളി അച്ചായന്‍ പോയ ഭാഗത്തു കേട്ടു. ഒരു അന്‍ചു സെക്കന്റ് കഴിഞ്ഞില്ല,

'ദോണ്ട്രാ...ആന...എന്റെ പിറകേ...ഓടിക്കോ.." എന്നും പറഞ്ഞു അച്ചായന്‍ പാഞ്ഞു വരുന്നു.

മുണ്ടു വലിച്ചു വാരി ഓടുന്നതിനിടയില്‍ ആരോ തലയില്‍ മുണ്ടിട്ട് പാത്തു നില്‍ക്കുന്നു. അശോകേട്ടന്‍ ..!ആനയെ പറ്റിക്കാനായിരിക്കും .!!അന്ന്, തിടമ്പെഴുന്നളിക്കാന്‍ ആനയെ കിട്ടാത്തതിനെ തുടര്‍ന്ന് , ആ പത്തിരുപത് കിലോയുള്ള തിടമ്പ് പാവം പോറ്റിക്ക് ചുമക്കേണ്ടി വന്നു.

പിറ്റേ ദിവസത്തെ പത്രത്തില്‍ കണ്ടു, വിരണ്ട ആന പേരൂര്‍ക്കട ശ്രീക്രിഷ്ണ സ്വാമി ക്ഷേത്രത്തിലുണ്ടത്രെ..!! അവിടെ ഉല്‍സവത്തിനു വന്ന ഏതോ പിടിയാനയുമായി പുള്ളിക്ക് നല്ല പിടിപാടാണെന്നും കേട്ടു. അന്നു രാത്രി തലയില്‍ മുണ്ടിട്ടു നിന്ന അശോകേട്ടന്‍ പിറ്റേന്നാ വിവരം പറഞ്ഞത്. ഓട്ടത്തിനിടയില്‍ പുള്ളിയുടെ തലയിലുണ്ടായിരുന്ന ഗേറ്റ് (ഗള്‍ഫ് ഗേറ്റ്) പറന്നു പോയി. അതു നോക്കിയെടുക്കാതിരിക്കുന്നതിനേക്കാളും ആനയുടെ ചവിട്ടുകൊണ്ടു ചാകാം എന്നു വിചാരിച്ചാവണം അന്നവിടെ പതുങ്ങി നിന്നത്.

സദ്യക്കു പോകുന്നില്ലേ എന്നുള്ള അമ്മയുടെ ചോദ്യമാണെന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തിയത്. എന്നാലങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ച് ഞാന്‍ സദ്യ കഴിക്കാന്‍ പോയി. കഴിച്ചിട്ടു വന്നു ബൈക്കെടുത്തു നേരേ ബീച്ചിലേയ്ക്ക് പോയി, വിപിനിനെയും കൂടെ കൂട്ടി.

ഈ ബൈക്കിനൊരു പ്രത്യേകതയുണ്ട്. ഞാന്‍ ലീവിനു വരുമ്പോഴെല്ലാം എന്റെ ആവശ്യത്തിനു വിപിന്‍ തന്നിരുന്നതാണു യു.എ രെജിസ്ട്റേഷന്‍ (ഉത്തരാന്‍ചല്‍ ) ഉള്ള ഈ ബൈക്ക്. പക്ഷെ ഇതും കൊണ്ടു എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യത്തിനു ഞാന്‍ പുറത്തിറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ പോലീസ് കൈ കാണിച്ചിട്ടുണ്ട്. ഡെയിലി മൂന്നും നാലും തവണ പെറ്റി അടിച്ചടിച്ച്, ഒരാഴ്‌ച കഴിഞ്ഞ്, എന്നെ കാണുമ്പൊ ച്യേട്ടന്‍മാര്‍ ചോദിക്കും , 'നീ നമ്മുടെ പെറ്റിബുക്ക് തീര്‍ക്കോടേ' യെന്ന്.

ഈ ബൈക്കുമായ് ബന്ധപ്പെട്ട് കഴിഞ്ഞ വെക്കേഷനു നടന്നത് ഞാനിന്നും മറന്നിട്ടില്ല. അന്ന് വെക്കേഷനു നാട്ടില്‍ വന്നതിനു ശേഷം ജിമ്മില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നെ നല്ലൊരു മള്‍ട്ടി ജിമ്മില്‍ തന്നെ പോയിക്കളയാം എന്നു വിചാരിച്ച് 'ഈ' ബൈക്കുമെടുത്ത് രോഹിത്തിനെയും കൂട്ടി, ഉള്ളൂര്‍ , മെഡിക്കല്‍ കോളേജ് വഴി ജിമ്മും തപ്പി പോകുവാ. അവിടുണ്ടായിരുന്ന ഒരു പഴയ മള്‍ട്ടി ജിം ​കാണുന്നില്ല. അതോ സ്ഥലം മാറിയോ.? അങ്ങനെ ബൈക്ക് ഒരിരുപതില്‍ ഓടിച്ചോടിച്ച് ഞങ്ങള്‍ പട്ടത്തെത്തി.

"നീ ആരോടേലും ചോദിക്കെടാ.." രോഹിത്തിന്റെ വക ചോദ്യം . ആരോടു ചോദിക്കും ?

"അയാളോടൂ ചോദിക്കാം .." രോഹിത്ത് പറഞ്ഞ ഭാഗത്തോട്ട് നോക്കിയപ്പൊ ഒരു ചെറിയ ഒരു 'കട്ട' പോലീസ് നില്‍ക്കുന്നു. അങ്ങോട്ടു തന്നെ പോണോ..? ധൈര്യത്തില്‍ ചെല്ലുമ്പൊ ചിലപ്പൊ ഒന്നും ചോദിക്കില്ലായിരിക്കാം . അങ്ങനെ ഞങ്ങള്‍ 'ഈ' ബൈക്കും കൊണ്ട് അയാളുടെ അടുത്തെത്തി.

"സാര്‍ , ഇവിടെ ഒരു മള്‍ട്ടി ജിമ്മുണ്ടായിരുന്നല്ലോ..അതിപ്പൊ എവിടാന്നറിയോ..?"ഞാന്‍. ഞങ്ങളെ കണ്ടതും അയാളുടെ പുരികം വളഞ്ഞ വള..!ഞങ്ങളയാളുടെ കിഡ്നി ആവശ്യപ്പെട്ടപോലെ.

"ദോ ആ കാണുന്ന വളവിനകത്താ.." അയാള്‍

"വളരെ നന്ദി സാര്‍ "ഇതാണു പോലീസ് എന്നൊക്കെ പറഞ്ഞ് ഞാന്‍ ബൈക്കെടുത്ത് വളവിലോട്ട് കയറിയതും കേട്ടത് ഒരലര്‍ച്ചയായിരുന്നു,

"എവട്രാ നിന്റെ ഹെല്‍മറ്റ് ??"

രംഗം : വളവിനകത്തെ പോലീസ് ചെക്കിങ്ങ്. കഥാപാത്രങ്ങള്‍ : ബഹു' എസ് ഐ, 'ഹെല്‍മറ്റിന്റെ വെയിറ്റും കൂടി താങ്ങാന്‍ വയ്യണ്ണാ' എന്ന രീതിയില്‍ നില്‍ക്കുന്ന ചേട്ടന്‍മാര്‍ . മുന്നില്‍ പോലീസ് ജീപ്പ് , അതിനടുത്ത് എട്ടു പത്ത് ബൈക്കുകള്‍ , അതിന്റെ ഉടമസ്‌ഥര്‍ , എല്ലാരുടെയും ശ്രദ്ധ ഒരാളില്‍ , എസ്. ഐ. പല വലിപ്പത്തിലുള്ള ഗാന്ധിയെ പിടിച്ചുകൊണ്ട് അവര്‍ ക്യൂവില്‍ നില്‍ക്കുന്നു.

എനിക്കു പിന്നെ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബൈക്ക് സ്റ്റാന്റില്‍ വച്ച് ഞാനും രോഹിത്തും ക്യൂയില്‍ പോയി നിന്നു. കുരുപൊട്ടി നിക്കുമ്പൊ ലവന്‍ , രോഹിത്ത് എന്നെ നോക്കി കിണിക്കുന്നു.
"കിണിക്കാതെ വണ്ടീടെ നമ്പര്‍ നോക്കീട്ടു വാടാ... @#^$&^!^#@*.."ഓടിക്കുന്ന വണ്ടിയുടെ നമ്പര്‍ അറിയില്ലാന്ന് പറഞ്ഞാല്‍ മോഷണക്കുറ്റത്തിനു അകത്തു പോകും .

ഹൊ !! എന്തൊരാശ്വാസം . പോലീസായതു കൊണ്ടു മാത്രം, വഴി പറഞ്ഞു തന്ന ആ മാന്യനു കിട്ടാതെ പോയ തെറിയായിരുന്നു അത്.

*************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...