Sunday, September 30, 2012

വെക്കേഷന്‍ (3 )

നമുക്കിത്തവണത്തെ വെക്കേഷനിലേയ്ക്ക് തിരിച്ച് വരാം .അന്‍ച് മണിയോട് കൂടി ഞാനും വിപിനും ബീച്ചിലെത്തി.ബീച്ചിലെത്തിക്കഴിഞ്ഞാല്‍ വിപിന്‍റ്റെ പ്രധാന പണി ഞണ്ടിനെ പിടിക്കലാ.അതിനവനൊരു പ്രത്യേക കഴിവു തന്നെയാ.ഞണ്ടിനെ പിടിക്കാന്‍ അവനില്‍ നിന്ന് കിട്ടിയ ടിപ്സുകള്‍ 1)തിരയൊഴിയുമ്പോള്‍ തീരത്തെ കുഴിയില്‍ നിന്ന് ഇറങ്ങിവരുന്ന ഞണ്ടിനെ കണ്ടെത്തുക 2) അടുത്ത തിര വരുന്നതുവരെ ബീച്ചില്‍ പുഷപ്പെടുക്കുന്ന ഞണ്ടറിയാതെ ആ കുഴി മണ്ണെറിഞ്ഞു മൂടുക 3) തിര വരുമ്പോള്‍ തിരിച്ച് കുഴിയിലിറങ്ങാന്‍ വരുന്ന ഞണ്ട് കുഴി കാണാതെ 'ശെടാ, ഞാനിപ്പൊ ഇറങ്ങി വന്ന കുഴിയെവിടെ ' എന്നു ടെന്‍ഷന്‍ അടീച്ച് നില്‍ക്കുമ്പോള്‍ പിടിക്കുക ഒരിക്കല്‍ ഇങ്ങനെ പിടിച്ച ഒരു ഞണ്ടിനെ അവന്‍ രോഹിത്തിന്റെ ഷര്‍ട്ടിനകത്തിട്ടുകളഞ്ഞു. ഇന്‍സര്‍ട്ട് ചെയ്തിരുന്നവന്റെ ഷര്‍ട്ടിനകത്ത് ഞണ്ട് വീണാല്‍ പിന്നത്തെ കാര്യം പറയണോ..??സൂര്യനു നല്ല കളറാവുകയും ബീച്ചിലെ കളേഴ്സ് കുറയുകയും ചെയ്തതോട് കൂടി ഞങ്ങള്‍ അവിടുന്ന് തിരിച്ചു.

ഏഴുമണിയോടെ തിരിച്ചു വീട്ടിലെത്തിയപ്പോഴേയ്ക്കും അമ്മയും അമ്മൂമ്മയും ചേച്ചിയുമൊക്കെ അമ്പലത്തില്‍ പോകാനിറങ്ങുന്നു.

"എട്ടര ആകുമ്പൊ കൃത്യം അവിടെ കാണണം നിന്നെ...മനസ്സിലായോടാ..??" ഉരുളിന്റെ കാര്യം ഞാനങ്ങ് മറന്ന് പോയി.അമ്മക്കു യെസ് മൂളി ബൈക്ക് പുറത്ത് വച്ച് കുട്ടൂസനൊരുമ്മയും കൊടുത്ത് ഞാന്‍ വീടിനകത്തു കയറി.

"കുളിച്ചിട്ടവനെ തൊട്ടാല്‍ മതി..കേട്ട്രാ.."ചേച്ചി അമ്മയായതിന്റെ ഗും ! എനിക്കും കൊച്ചുണ്ടാവും ട്ടാ...അന്ന് കാണിച്ചു തരാം .

കുളിച്ച് ശുദ്ധിയായി മുണ്ടും തോര്‍ത്തുമൊക്കെയായി ഞാന്‍ അമ്പലത്തിലെത്തി. അമ്പലക്കിണറില്‍ നിന്നും വെള്ളം കോരി തലയിലൊഴിച്ച്, ഈറനായി അമ്പലത്തില്‍ കയറി. ദേവിയമ്മയെ തൊഴുതപ്പൊ കണ്ണുകള്‍ നിറഞ്ഞു. പോയാലിനി എന്നാ അമ്മയെ ഒന്നു തൊഴാന്‍ പറ്റുക. എന്റെ ഒരു വശത്ത് ഉദയന്‍ ചേട്ടനും മറു വശത്ത് ട്രാഫിക്കില്‍ ജോലിയുള്ള ഉണ്ണി ചേട്ടനുമയിരുന്നു ഉരുളാനുണ്ടായിരുന്നത്.രണ്ട് പേര്‍ക്കും വണ്ണം തീരെ കുറവ് ! ദൈവമേ, ഏഴു റൌണ്ട് ഇവരുടെ ഇടയില്‍ കിടന്നുരുണ്ടാല്‍ പാണ്ടി ലോറി കേറിയ തവളയെ പോലെയാകും . കാത്തോള്‍ണേ..ദേവ്യേ !ഉരുള്‍ തുടങ്ങി.അമ്മയെ മനസ്സില്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉരുണ്ടു തുടങ്ങി. ആദ്യത്തെ റൌണ്ട് കഴിയാറായി. തൊഴുതു പിടിച്ച കൈ പെട്ടെന്നു പൊള്ളിയപ്പൊ ഞാന്‍ കണ്ണു തുറന്നു. തീര്‍ത്ഥജല ഓവിന്റെ മുകളില്‍ വച്ചിരുന്ന ഇടിഞ്ഞില്‍ വിളക്കില്‍ കൈ തട്ടി, തിരി കയ്യില്‍ കൊണ്ടതാണ്. ഞാന്‍ കയ്യൊന്നു നോക്കി. ഒരു വലിയ ഒരു രൂപ നാണയത്തിന്റെ വലിപ്പത്തില്‍ പൊള്ളിയിയിരിക്കുന്നു. വൃതം പിഴച്ചോ ദേവീ..?അപ്പോഴേക്കും ട്രാക്ക് തെറ്റിയ എന്നെ വിപിനും രോഹിത്തും ചേര്‍ന്ന് കയ്യിലും കാലിലും പിടിച്ച് നേരെയിട്ടു. വിപിന്റെ കയ്യിലെ പിടി ,പൊള്ളിയ തൊലി കയ്യില്‍ നിന്നെടുത്തു കളഞ്ഞു. ഞാന്‍ വീണ്ടും ഉരുണ്ടു. ഏഴു റൌണ്ടും കഴിഞ്ഞ് ദേവിയെ തൊഴുതെണീറ്റു.

ഉരുള്‍ കഴിഞ്ഞ് പൊള്ളിയ കൈയ്യുമായി വീട്ടിലേയ്ക്ക് മടങ്ങുമ്പൊ മനസ്സില്‍ എന്തോ വിഷമം നിറഞ്ഞു നിന്നു.
വീട്ടില്‍ ചെന്നു കുളിച്ചു പൊള്ളിയ കയ്യില്‍ തേനും പുരട്ടി ബെഡില്‍ കിടന്നു. കറങ്ങുന്ന ഫാനിനെ നോക്കി. തലയാണൊ ഫാനാണോ കറങ്ങുന്നതെന്ന് ക്രിത്യമങ്ങോട്ടു പറയാന്‍ വയ്യ. പതുക്കെ ഉറക്കം പിടിച്ചെന്നു തോന്നുന്നു. ഒരു രണ്ടര മണി ആയപ്പൊ കതകില്‍ ആരോ ശക്തിയായി മുട്ടുന്നു, ഉള്ളതൊക്കെ വലിച്ചു വാരി ഉടുത്ത് കതകു തുറന്നപ്പോ, അമ്മയും അമ്മൂമ്മയും ചേച്ചിയും പുറത്തുണ്ട്.

"എന്താ...എന്തമ്മാ...?"

"ടാ പോലീസ്. നീ ബൈക്ക് വെളിയിലാണൊ വച്ചെ..? അവരു ഗേറ്റില്‍ മുട്ടി വിളിച്ചു. ബൈക്ക് ആരുടേതാണെന്നു ചോദിച്ചു. നിന്റേതാണെന്ന് പറഞ്ഞപ്പൊ നിന്നെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. നീ ഇവിടെയില്ല..അമ്പലത്തിലാണെന്നു പറഞ്ഞു. അവരു ബുക്കും പേപ്പറുമൊക്കെ എടുത്തോണ്ടു പോയി എന്ന് തോന്നുന്നു."

പെട്രോളിങ്ങിനു വന്ന പോലീസ് യു എ രെജിസ്റ്റ്രേഷന്‍ വണ്ടി കണ്ടപ്പൊ സംശയം തോന്നി എടുത്തതാണെന്ന് എനിക്ക് മനസ്സിലായി.

"നാളെ നിന്നോടു സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു.."

ഇതും കൂടി അമ്മ പറഞ്ഞപ്പൊ മോങ്ങാനിരുന്നതിന്റെ തലയില്‍ തെങ്ങോടു കൂടി വീണ പോലെയായി എന്റെ അവസ്ത്ഥ.

"ശരി നാളെ ഞാന്‍ പൊയ്ക്കോളാം ."ഞാന്‍

പിറ്റേന്നു നേരം വെളുത്തു. പൊള്ളിയ കൈയ്യും എന്റെ പ്രകൃതവും കണ്ടാല്‍ ഒന്നും പറയുന്നതിനു മുന്നെ കൂമ്പു നോക്കി കിട്ടും . അതുകൊണ്ടു രാവിലെ ഹോസ്‌പിറ്റലില്‍ പോയി കൈ ഡ്രെസ്സ് ചെയ്തു.വിപിനെയും കൂടി കൂട്ടികൊണ്ടു പോകാം . നേരെ അവന്റെ വീട്ടില്‍ ചെന്നു. അവന്‍ ഓഫീസില്‍ പോയി എന്ന് ഇന്‍ഫര്‍മേഷന്‍ കിട്ടിയപ്പൊ ഒറ്റക്കു പോലീസിനെ നേരിടാന്‍ തീരുമാനിച്ചു. നേരെ ശ്രീകാര്യം പോലീസ് സ്റ്റേഷനിലേയ്ക്ക്.

രാവിലെ ഒരു ഏഴു മണിയായപ്പൊ ഞാന്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷന്റെ മുന്നില്‍ തന്നെ 'പ്രതി'യെ സ്റ്റാന്റിട്ടു വച്ചു. 'റിസപ്ഷനി'ല്‍ ഇരുന്ന പോലീസുകാരന്‍ എന്നെ അടുമുടി ഒന്നു നോക്കി, എന്നിട്ടു ബൈക്കിനെയും . ഞാന്‍ ചിരിച്ചു. പിന്നെ വേണ്ടായിരുന്നു എന്നു തോന്നിപോയി. "നിന്റെ വീടാണോടാ..തോന്നിയിടത്ത് ബൈക്ക് വയ്ക്കാന്‍" എന്നാണോ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം ? അല്ലെങ്കിലും അങ്ങനെ കൊണ്ടു വയ്ക്കാന്‍ എന്റെ വീടൊന്നുമല്ലല്ലോ. ഞാന്‍ തിരിച്ചു നടന്ന് ബൈക്ക് മാറ്റി വച്ചു. സ്റ്റേഷനിലേയ്ക്ക് കേറി. മുന്നിലിരുന്ന ആളില്‍ നിന്നു തന്നെ തുടങ്ങാം .

"സാര്‍ .." ഞാന്‍

"ഉം ...എന്താ..?" ഫോലീസ്

"ഇതെന്റെ ബൈക്കാ...ഇതിന്റെ ബുക്കും പേപ്പറും ഇവിടുണ്ട്" ഞാന്‍

"എങ്ങനെ..??" ഫോലീസ്

"ഇന്നലെ രാത്രി...."ഞാന്‍ സംഭവം വിവരിച്ചു.

"ആ കേറിയിരി..എസ് ഐ വരുമ്പൊ ഒന്‍പതു മണിയാകും ." എല്ലാം കേട്ടുകഴിഞ്ഞ് ഫോലീസ്.

ഞാന്‍ അവിടെ നിരത്തി വച്ചിരുന്ന കസേരകളില്‍ ഒന്നില്‍ സ്ഥാനം പിടിച്ചു.പെട്ടെന്ന്,

"എന്റെ നിക്കറിട്ട് എന്നെ തന്നെ മുണ്ടുപൊക്കിക്കാണിക്കും അല്ലേടാ.." അകത്തുനിന്നും ഒരലര്‍ച്ച.

എന്താ പറ്റിയെ എന്ന് ഒരു കോണ്‍സ്റ്റബിള്‍ ചേട്ടനോടന്വേഷിച്ചപ്പൊ, ഹെഡ് കോണ്‍സ്റ്റബിളിന്റെ അലറലാണെന്നും നോ പാര്‍ക്കിങ്ങില്‍ പാര്‍ക്കിയിരുന്ന പ്രതിയുടെ സൈക്കിളിന്റെ സീറ്റ് അഴിച്ചെടുത്തോണ്ടുപോയതിനു പകരമായ് പ്രതി പോലീസ് ജീപ്പിന്റെ സീറ്റോടെ അഴിച്ചെടുത്തോണ്ട് പോയെന്നും അറിയാന്‍ കഴിഞ്ഞു.

ഓരോ പോലീസുകാരായി ഡ്യൂട്ടിക്കു വരുന്നതേ ഉള്ളു. എല്ലാരും കുറിയൊക്കെ തൊട്ടാ വരവ്. പോലീസുകാരായല്‍ ഇങ്ങനെ വേണോ..?? ഡെയിലി ഹാജര്‍ വയ്ക്കാന്‍ പ്രതികളും വന്നു തുടങ്ങി. കുല, കോഴി, വെള്ളമടിച്ച് ലഡു ചോദിച്ചിട്ട് കൊടുക്കാത്തതില്‍ ബേക്കറി അടിച്ചു തകര്‍ക്കല്‍ ഇതെല്ലാം അതില്‍ പെടും . അവരും എന്റെ അടുത്തു വന്നിരുന്നു. റോഡില്‍ കൂടി പോകുന്നവര്‍ എന്നെയും അവരെയും ഒക്കെ നോക്കുന്നുണ്ട്. എല്ലാപേരുടെയും മുഖത്ത് 'മുട്ടേന്നു വിരിഞ്ഞില്ലല്ലോടാ..അതിനു മുന്നെ നീ' എന്ന ഭാവം . എന്റെ മുഖത്ത് 'ഹേയ് ഞാന്‍ ആ റ്റൈപ് അല്ല..രാവിലേ... ചുമ്മാ..." എന്ന ഭാവവും .

ഒരു സ്ത്രീ നടന്നു വരുന്നു.ഭര്‍ത്താവിനെതിരെ പരാതി പറയാനായിരിക്കും .

"എന്താ ജയശ്രീ ഇന്നു നേരത്തെ ആണല്ലോ..." ഫ്രണ്ടിലിരിക്കുകയായിരുന്ന് ഫോലീസ്.

മുന്നിലിരുന്ന പോലീസുകാരന്റെ ചോദ്യം കേട്ടപ്പൊ അവര്‍ വനിതാ പോലീസാണെന്നു മനസ്സിലായി. അവര്‍ അകത്തു പോയി, ഊണിഫോമില്‍ മടങ്ങി വന്നു. കയ്യിലൊരു കിണ്ടിയുമുണ്ട്. അതു തൊണ്ടിയായിരിക്കും എന്നു വിചാരിച്ച എനിക്കു തെറ്റി. അവര്‍ കിണ്ടിയില്‍ വെള്ളം വച്ച്, വിളക്കു കത്തിക്കാനുള്ള ശ്രമമാണ്. ആഹാ, മാതൃകാ പോലീസ് സ്റ്റേഷന്‍ !! ഞാന്‍ പിന്നെയും വെയിറ്റ് ചെയ്തു.

പിന്നെ ഞാന്‍ കണ്ടത് എനിക്ക് പരിചയമുള്ള ഒരു മുഖമാണ്.ദൂരെ നിന്നു നടന്നു വരുന്നു. സ്റ്റേഷനിലേയ്ക്ക് നടന്നു കയറി. 'ഹ ഇതു ശാന്തിയല്ലേ..ശാന്തി എസ് നായര്‍ ' ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്നെ കണ്ടതും കുറച്ചു നേരം നോക്കി. എന്നിട്ടു ചിരിച്ചടുത്തു വന്നു.

"ദീപക്....താനെന്താ ഇവിടെ.??" ശാന്തി

"അതൊക്കെ പറയാം ...താനിപ്പൊ പോലീസിലാ...?? തന്റെ കവിതയെഴുതിയിരുന്ന കൈ കൊണ്ടു പ്രതികളെ ഇടിക്കോടോ..?" ഞാന്‍ .

"ഹഹ...താനിരി..ഞാന്‍ ഇപ്പൊ വരാം ." ശാന്തി.

ഞാന്‍ ഇരുന്നു. പണ്ട് പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോ എന്റെ ക്ളാസ്സിലായിരുന്നു. നന്നായി പഠിക്കും , കവിതയെഴുതും​. എനിക്കങ്ങ് ക്ഷ പിടിച്ചൂന്നങ്ങു പറഞ്ഞാല്‍ മതിയല്ലോ. ശാന്തി തിരിച്ചു വന്നു.

"അതേ..താനിപ്പൊ പോലീസിലാ...? പണ്ടു കോളേജില്‍ നടന്നതെല്ലാം മറന്നു കള... ആ കാര്‍ഡൊക്കെ ഇപ്പോഴും കയ്യിലുണ്ടോ.. അല്ല...തെളിവായി അതു കാണിച്ച് എന്നെ ഒരു പീഡനക്കേസില്‍ പെടുത്തി പ്രശസ്തനാക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്നറിയാനാ..?" ഞാന്‍.

"ഹഹ...ആ കാര്‍ഡൊകെ ഇപോഴും എന്റെ കയ്യിലുണ്ട്... അതങ്ങനെ മറക്കാന്‍ .."പറഞ്ഞു തീരും മുന്നെ ഒരു ജീപ്പ് സ്റ്റേഷനില്‍ മുന്നില്‍ നിര്‍ത്തി, ശ്രീനിവാസന്‍ സ്റ്റൈലില്‍ ഒരാള്‍ അതിനകത്തു നിന്നും എടുത്തെറിഞ്ഞിങ്ങു കേറി വന്നു. ശാന്തി വലിച്ചു താങ്ങി ഒരു സല്യൂട്ട്.

'എല്ലാരും കണ്ടോ..ഇവള്‍ടെ സല്യൂട്ടടിയാണു അടി' എന്ന മട്ടില്‍ എല്ലാരെയും ഒന്നു നോക്കി പുള്ളി അകത്തേയ്ക്ക് കയറി.

"താനാളു കൊള്ളാല്ലോ...ഹഹ...ടൊ പിന്നേ...എന്റെ ബൈക്ക്....."ഞാന്‍ ശാന്തിയോടും കാര്യങ്ങള്‍ വിവരിച്ചു.

"ഓ ക്കെ തന്നെ ആദ്യം വിളിക്കാന്‍ സാറിനോട് പറയാം ."ശാന്തി അകത്തേയ്ക്ക് പോയി. വിളിച്ചു, എന്നെ തന്നെ വിളിച്ചു.ഞാന്‍ എസ് ഐയുടെ മുന്നില്‍ കസേരയില്‍ ഇരുന്നു.

"ഇന്നലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാ ബുക്കും പേപ്പറും എടുത്തെ..യു എ ആണല്ലോ സാധനം ..?? തന്റെയാണോ..?" എസ് ഐമാന്‍

"അല്ല..എന്റെ ഫ്രണ്ടിന്റേതാ..ഐ മീന്‍ അവന്റെ മാമന്റേതാ.." ഞാന്‍.

"ഓ കെ..പുള്ളിയെ വരാന്‍ പറ...ഇതിന്റെ രെജിസ്ട്റേഷന്‍ മാറ്റിയിട്ടില്ല.." എസ് ഐമാന്‍

"സാര്‍ പുള്ളി വെളിയിലാ.."ഞാന്‍.

"ഓഹോ...നിനക്കു ലൈസന്‍സ് ഉണ്ടോ..?"എസ് ഐമാന്‍

"ഇല്ല" ഞാന്‍.

"നീ ഹെല്‍മറ്റ് വച്ചുകൊണ്ടാണോ വന്നെ..?" എസ് ഐമാന്‍

"അല്ല" ഞാന്‍.

"അതുശെരി...ലൈസന്‍സില്ല, ഹെല്‍മറ്റില്ല...എന്നിട്ടു വണ്ടീടെ ബുക്കും പേപ്പറും വാങ്ങാന്‍ പോലീസ് സ്റ്റേഷനിലോട്ട് തന്നെ വന്നല്ലേ.." എസ് ഐമാന്‍

പ്ളുഷ്...ഞാനൊന്നു വളിച്ച ചിരി ചിരിച്ചു.

"ഉം ...അഞ്ഞൂറ്...ലൈസന്‍സില്ലാതെ ബൈക്കോടിച്ചതിന്....അഞ്ഞൂറ്...ഹെല്‍മറ്റ് വയ്ക്കാത്തതിന്...അങ്ങനെ ആയിരം രൂപാ..." എസ് ഐമാന്‍

"സാര്‍ ...ഞാന്‍ ശാന്തീടെ ക്ളാസ്സ് മേറ്റായിരുന്നു...ശാന്തി പറഞ്ഞു സാറു പാവാന്ന്...എങ്കിലും സാരില്ല..ഞാന്‍ തെറ്റു ചെയ്തിട്ടല്ലേ..."ഞാന്‍ പോക്കറ്റില്‍ കയിട്ട് പഴ്‌സെടുത്തു.

"ഹഹ...പാവാന്നു വച്ച് നിയമം നിയമം അല്ലാണ്ടാവോ..ഹും ....ഇനി ഇങ്ങനെ ചെയ്യരുത്...എത്രയും പെട്ടെന്നു രെജിസ്ട്റേഷന്‍ മാറ്റണം . പിന്നെ ലൈസന്‍സില്ലാതെ ഇനി വണ്ടി ഓടിക്കരുത്...എന്തായാലും ഒരു നൂറു രൂപ പെറ്റി വച്ചോ.."

പെറ്റിയടച്ച് ഞാന്‍ റെസീപ്റ്റ് കൈപ്പറ്റി. പുറത്തിറങ്ങി ശാന്തിയോട് നന്ദി പറഞ്ഞു.

"ടോ താന്‍ എന്നെ ശ്രീകാര്യം ജംക്ഷനില്‍ ഒന്നിറക്കാമോ..ഞാന്‍ ടിഫിന്‍ എടുക്കാന്‍ മറന്നു പോയി..സാറിനോട് പറഞ്ഞിട്ടു വരാം ." ഇറങ്ങാന്‍ നേരം ശാന്തി.ശാന്തി അകത്തേയ്ക്ക് കയറി, പെട്ടെന്ന് തിരിച്ചും വന്നു.

"യൂണിഫോമില്‍ കേറാത്തതുകോണ്ട് സാരില്ല..പോയിട്ടു വരാന്‍ പറഞ്ഞു.." ശാന്തി.

ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി,ശാന്തി പിന്നില്‍ കയറി.കുറച്ചു നേരം ഒന്നും പരസ്പരം മിണ്ടിയില്ല.

"ടോ..തനിക്കോര്‍മ്മയുണ്ടോ...പണ്ട്...എന്റെ ടിഫിന്‍ നമ്മള്‍ ഷെയര്‍ ചെയ്തത്...എനിക്കതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട് തന്റെ കാര്‍ഡും പിന്നേ.." ശാന്തി പെട്ടെന്ന് നിര്‍ത്തി.

ബൈക്ക് ശ്രീകാര്യവും കഴിഞ്ഞു പോയപ്പോഴും എന്റെ മനസ്സ് ആ പഴയ ഓര്‍മ്മകളില്‍ തങ്ങി നിന്നു.
ശാന്തീ...ഞാന്‍ ....എന്തു പറയണമെന്നറിയാതെ എന്റെ മനസ്സ് വിഷമിച്ചു. എന്റെ മുഖത്തടിച്ച കാറ്റിനു , പണ്ട് ശാന്തിയുടെ മുടിയില്‍ ചൂടിരുന്ന തുളസിക്കതിരിന്റെ അതേ ഗന്ധമായിരുന്നോ..?

********************************************ശുഭം***********************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...