Sunday, September 30, 2012

ചില ജിമ്മനുഭവങ്ങള്‍

ജിമ്മില്‍ വച്ച് മണ്ടത്തരങ്ങള്‍ പറ്റുന്നത് പതിവാണ്. എന്റെ പാര്‍ട്ട്‌ണര്‍ ഡിക്സണാണ്. വീട്ടിലെ അരകല്ലു മുതല്‍ അമ്മിക്കല്ലു വരെയുള്ള ഒരുവിധപ്പെട്ട എല്ലാ സ്ഥാവരജംഗമ വസ്തുക്കളും എടുത്ത് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മയ്ക്ക് എന്നോടും ചേട്ടനോടും സ്നേഹം കൂടുകയും അച്ചനോട് പറഞ്ഞ് പാരിതോഷികം വാങ്ങിത്തരുകയും ചെയ്യുക എന്നുള്ളത് ഒരു നിത്യ സംഭവമായിരുന്നു. അതെങ്ങനാ, അരയ്ക്കാന്‍ അരകല്ലു നോക്കുമ്പോ കാണില്ല. ഉടനെ അമ്മ എന്നെയും ചേട്ടനെയും വിളിക്കും . കണ്ടില്ലെങ്കില്‍ ഞങ്ങളുടെ 'ഹോം ജിമിലേയ്ക്ക്' (അമ്മൂമ്മ കിടക്കുന്ന മുറി, അവിടെ ഒരു വലിയ അലമാരയും ഒരു കണ്ണാടിയും ഉണ്ടായിരുന്നതിനാല്‍ അതു ഞങ്ങള്‍ ഹോം ജിമ്മാക്കി) അതിക്രമിച്ചു കയറും . ഒന്നുകില ഞാനോ അല്ലെങ്കില്‍ ചേട്ടനോ പ്ളുഷ് എന്നു ചിരിച്ചോണ്ടിറങ്ങി വരും .കയ്യില്‍ അരകല്ലുമുണ്ടാവും .അതും പിടിച്ച് വാങ്ങി കിഴുക്കും തന്ന് അമ്മ തിരിച്ചു പോകും . അതു അരകല്ലില്‍ വച്ച്അരയ്ക്കാനുള്ള ഐറ്റമ്സെടുക്കാനായി തിരിയുമ്പോ കല്ലു വീണ്ടും കാണില്ല.ഇതായിരുന്നു അവസ്ഥ.പട്ടിണി കിടക്കാം , എന്നാലും നെന്‍ചിലും തോളിലും ഈരണ്ട്, കയ്യില്‍ ഓരോന്നു വീതം കട്ടകളുണ്ടാക്കിയില്ലെങ്കില്‍ ?

അങ്ങനെ വീട്ടിലെ സാധനങളൊന്നും തികയാതെ വന്നിട്ടും ഞാന്‍ തോറ്റില്ല.വീടിനടുത്തുള്ള സുമേഷിനെ പറഞ്ഞു പ്രലോഭിപ്പിച്ചു. അവന്റെ ഹിന്ദി ക്ളാസ്സിലെ സുനിതയെ അവനു നോട്ടമുണ്ടായിരുന്നതുകൊണ്ട് എളുപ്പം സമ്മതിച്ചു. വെളുപ്പിനു നാലു മണിക്ക് അവന്‍ ഗേറ്റില്‍ വന്നു മുട്ടും . ഞാന്‍ റെഡിയായി ചെന്ന് അവന്റെ സൈക്കിളിന്റെ പുറകിലിരുന്നു പറയും , 'ചവിട്ട്രാ'. നാലു നാലര കിലോമീറ്റര്‍ അവന്‍ എന്നെയും വച്ച് സൈക്കിള്‍ ചവിട്ടും . ജിം എത്തുമ്പോഴേയ്ക്കും അവന്റെ പരിപ്പിളകും . പക്ഷെ നമ്മള്‍ അതായത് ഈ ഞാന്‍ അപ്പോഴും നല്ല ജില്ലുജില്ലനെ നിക്കും ,സൈക്കിളിലിരുന്നു ഉറങ്ങിയതിന്റെ ഒരു ക്ഷീണവും കാണില്ല !

ജിമ്മില്‍ കയറിയാല്‍ ആദ്യം വിളക്കു കൊളുത്തണം . പടത്തിലെ ഹനുമാനു ഒടുക്കത്തെ മസിലാ. 'എന്നേം കൂടിയൊന്ന്' എന്നു മനസ്സില്‍ പറഞ്ഞ്, 'അഖിലാണ്ട മണ്ടലം അണിയിച്ചൊരുക്കി' ഒക്കെ പാടി പരിപാടി തുടങ്ങുകയായി.

"ടാ...ആദ്യം ഓടാം " . ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി കുരുപൊട്ടി നില്‍ക്കുന്നഅവനോടിതു പറയാന്‍ എനിക്കൊരു ഉളുപ്പുമുണ്ടായിരുന്നില്ല. ജിമ്മിന്റെ അകത്തു മാത്രമേവെട്ടമുള്ളു. അകത്തു കിടന്നോടാന്‍ പറ്റില്ലല്ലോ. വെളിയിലാണേല്‍ കുറ്റാകൂരിരുട്ടും .മുറ്റത്ത് നാലന്‍ച് തെങ്ങും നില്‍ക്കുന്നു. അതൊന്നും എനിക്കൊരു പ്രശ്‌നമേ ആയിരുന്നില്ല.ഓടിത്തള്ളി, വീണ്ടും തള്ളി, തള്ളിക്കൊണ്ടേയിരുന്നു....'ഡും '

"എന്താടാ?" ലവന്‍

"ഏയ് ഒന്നുമില്ല...നീ ഓടിക്കോ...ഇവിടൊരു തെങ്ങുണ്ടായിരുന്നു" എന്നു പറഞ്ഞ്ഞാന്‍ പിന്നെയും ഉള്ളതെല്ലാം വലിച്ച് വാരി ഓടും .

ഓട്ടം കഴിഞ്ഞാല്‍ "ടാ അടുത്തത് ചിന്നപ്പാ" എന്നു ഞാന്‍ .

"ആരാ?" ലവന്‍

"ആരു?" ഞാന്‍

"ചിന്നപ്പന്‍ ?" ലവന്‍

പഷ്ട്. ഒടുവില്‍ അവനു ചിന്‍ - അപ് എന്താണെന്ന്നു പറഞ്ഞുകൊടുത്തു.

"അടുത്തത് ടിപ്സാ..അതങ്ങനെ വെറുതെ ചെയ്താല്‍ പോരാ" ഞാന്‍ പാമ്പുഗുളികയെപ്പോലെ വാചാലനായി.

"ഫിന്നെ ?" ശ്വാസം പോലും വിടാന്‍ വയ്യാതെ ലവന്‍ .

"അതൊക്കെയുണ്ട് ...കണ്ടോ "

ഇതും പറഞ്ഞ് ഞാന്‍ ഡിപ്സ് ബാറില്‍ ചാടിക്കേറി. ബാറില്‍ കൈകൊണ്ട് തെന്നി മുന്നോട്ടു പോകുക. ഇതായിരുന്നു എന്റെ മനസ്സില്‍ . ഞാന്‍ കൈകൊണ്ട് തെന്നി, വീണ്ടും തെന്നി, തെന്നിക്കൊണ്ടേയിരുന്നു....'ഡും'

"എന്താടാ ?" ലവന്‍

"ഏയ് ഒന്നുമില്ല...ഈ ബാറിനു നീളം പോരാ" (തെന്നി തെന്നി ബാറിന്റെ അറ്റവും കഴിഞ്ഞപ്പൊചെറുതായൊന്ന് ഗുരുത്വാകര്‍ഷണത്തിനു വിധേയനായി..അത്രേയുള്ളു)

ഇതെല്ലാം കഴിഞ്ഞു 'ആരേലും ഒരു കൈ സഹായിച്ചാല്‍ വീടെത്താമായിരുന്നു'എന്നു സ്വപ്നവും കണ്ടിരിക്കുമ്പോ, ആശാനെത്തും .

"നീയൊക്കെ വന്നിട്ടെന്താ എന്നെ വിളിക്കാതിരുന്നെ ? വാ..തുടങ്ങാം " തീര്‍ന്നു. പരിപ്പും കഴിഞ്ഞു വല്ലതുമുണ്ടോ ഇളകാന്‍ ?

നമുക്ക് ഡിക്സണിലേയ്ക്ക് തിരിച്ചു വരാം . ശരീരത്തില്‍ എവിടെയൊക്കെ മസിലുണ്ടോഅതിനെല്ലാം എക്സസൈസ് ചെയ്യുകയും കൂടെ ചെയ്യുന്നവന്‍മാരുടെ പരിപ്പിളക്കുകയും ചെയ്യുന്നത് ലവന്റെ ഹോബിയാണ്. മാത്രവുമല്ല പുതിയ പുതിയ ഐറ്റമ്സ് കണ്ടു 'പിടിക്കാനും ' ബഹു കേമന്‍ !

ഇവിടെ, കുവൈറ്റിലുള്ള ഞങ്ങളുടെ ജിമ്മില്‍ ഒരു വിധപ്പെട്ട എല്ലാ മെഷീനുകളുമുണ്ട്.പക്ഷെ ലവന്‍ , ഇല്ലാത്ത ഒരു മെഷീന്‍ കണ്ടു പിടിച്ചു.

"ടാ...ഇവിടെ കഴുത്തിനടിക്കാനുള്ളതില്ല" ഡിക്സണ്‍

"എന്തോന്ന് ?" ലവന്റെ പാര്‍ട്ട്‌ണര്‍ ഞാന്‍ തന്നെ.

"ടാ കഴുത്തിലെ മസില്‍സ് വലിയണം " ലവന്‍

"നമുക്കൊരു കാര്യം ചെയ്യാം , കയറു കഴുത്തില്‍ കെട്ടി തൂങ്ങാം , നല്ല വലിയും , പോരേ?" ഞാന്‍

"നീ വാ ഞാന്‍ ഒരു ഐറ്റം കാണിച്ചു തരാം " ലവന്‍

ഇതും പറഞ്ഞ് ലവന്‍ ചെറിയ ഒരു മള്‍ട്ടി മെഷീന്റെ കുഷ്യനില്‍ തല കൊണ്ടു തള്ളാന്‍ തുടങ്ങി.മെഷീന്‍ നിലത്ത് നിന്നും ഒരു വശം കൊണ്ടു പൊങ്ങാനും തുടങ്ങി.ഡിക്സണ്‍ ആഞ്ഞു തള്ളി, വീണ്ടും തള്ളി , തള്ളിക്കൊണ്ടേയിരുന്നു... 'ഡും '

അങ്ങനെ പിറ്റേ ദിവസത്തെ തന്നെ ഫ്ലൈറ്റില്‍ , വലത്തോട്ടും ഇടത്തോട്ടും കഴുത്തനക്കാന്‍ പറ്റാതെ എമര്‍ജന്സി ലീവില്‍ ഡിക്സണില്‍ നാട്ടിലേയ്ക്ക് യാത്രയായി.ഡിക്സണ്‍ പോയതിനു ശേഷം ഞാന്‍ പല പാര്‍ട്ട്‌ണര്‍മാരെയും മാറി മാറി പരീക്ഷിച്ചു. ലവന്‍മാരൊക്കെ എന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങിയപ്പോള്‍ , ആ സന്തോഷ വാര്‍ത്തയെത്തി, എന്റെ മൊബൈലില്‍ ഡിക്സന്റെ കോളിന്റെ രൂപത്തില്‍ .അതെ ലവന്‍ നാളെ വരുന്നു. ഉളുക്കു മാറിയെന്നും വന്നിട്ടു ഗ്രാന്റായിട്ടു വര്‍ക്കൌട്ട് തുടങ്ങാമെന്നും പറഞ്ഞ് കട്ട് ചെയ്തു.

പിറ്റേ ദിവസം ഓഫീസില്‍ നിന്നു വന്ന്, നേരേ പോയത് ഡിക്സന്റെ റൂമില്‍ .ഡിക്സന്റെ ചിരിക്കുന്ന മുഖം വിചാരിച്ചു ചെന്ന ഞാന്‍ ഞെട്ടി.ചിരിക്കാന്‍ പോലും വയ്യാതെ , താടി ചേര്‍ത്ത് തലയ്‌ക്ക് ചുറ്റും ഒരു വലിയ കെട്ട് !

സംഭവം ,ലവനു വാ തുരക്കാറായപ്പൊ അറിഞ്ഞതിങ്ങനെ. എയര്‍ പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ച്, 'ചേട്ടാ, ഒന്നു സ്പീഡില്‍ പോയാല്‍ എനിക്കു നേരത്തെ കിടന്നുറങ്ങാം ,നാളെ ഡ്യൂട്ടിക്കു കേറാമല്ലോ ' എന്നു പറഞ്ഞു. ആ ഒരു തെറ്റേ ലവന്‍ ചെയ്തുള്ളു.

ചേട്ടന്‍ പറത്തി, വീണ്ടും പറത്തി, പറത്തിക്കൊണ്ടേയിരുന്നു...'ഡും '

മുന്നിലുണ്ടായിരുന്ന ഹമ്പ് ചേട്ടന്‍ കണ്ടില്ല. പിറകിലിരുന്ന ഡിക്സണ്‍ പെട്ടെന്നു ഡിങ്കനായി. പറന്നു ചെന്ന് മുന്നിലെ ഗ്ളാസ്സില്‍ ഇടിച്ചു. ഫലം , പിറ്റേ ദിവസത്തെ ഫ്ലൈറ്റില്‍ അടുത്ത എമര്‍ജെന്സി ലീവില്‍ ഡിക്സണ്‍ വീണ്ടും നാട്ടിലേയ്ക്ക്, പതിവുപോലെ കഴുത്ത് വലതോ ഇടതോ...ഹേഹെ..

ഫ്ലൈറ്റ് പൊങ്ങി...വീണ്ടും പൊങ്ങി...പൊങ്ങിക്കൊന്ടേയിരുന്നു...

************************************************************************************************

No comments:

Post a Comment

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...