Sunday, September 30, 2012

മൈ ഊളന്‍പാറന്‍ ഡേയ്സ് (5)

അന്നത്തെ വര്‍ക്ക് കഴിഞ്ഞ് ഞങ്ങളെല്ലാപേരും മടങ്ങുമ്പൊ മുന്നില്‍ നടന്ന ദേവി സൈഡില്‍
നിന്നിരുന്ന ഒരു സൂര്യകാന്തിപ്പൂവിനെ കയ്യെത്തി പിടിച്ചു.

"തൊട്ടുപോകരുത്.." എവിടെ നിന്നെന്നില്ലാതെ ഒരലര്‍ച്ച !

ഷോക്കേറ്റ പോലെ ദേവി തെറിച്ചു പിന്നോട്ട് ചാടി. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ശബ്‌ദം കേട്ടത് അവിടെ അടുത്തു തന്നെയുണ്ടായിരുന്ന ഒരു സെല്ലില്‍ നിന്നും . ഞങ്ങള്‍ പതുക്കെ സെല്ലിനടുത്തേയ്ക്ക് നടന്നു.സെല്ലിനകത്തേയ്ക്ക് നോക്കി. ആഹ, വണ്ടര്‍ഫുള്‍ , ഒരുത്തന്‍ ഫുള്‍ എക്സിക്യൂട്ടീവ് ഡ്രെസ്സില്‍ തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്നു ! ഞങ്ങളെ കണ്ടതും പുള്ളിക്കാരന്‍ ചിരിച്ചു.

"വാ ഇരിക്ക്.." അയാള്‍ പറഞ്ഞു.

ചിരിച്ചു ചിരിച്ചില്ല എന്ന രീതിയില്‍ ചുണ്ടുകോട്ടി ഞങ്ങള്‍ സെല്ലിനു പുറത്തുണ്ടായിരുന്ന സ്റ്റെപില്‍ ഇരുന്നു.

"ഇയാള്‍ക്കൊരു നോര്‍തിന്‍ഡ്യന്‍ ഫിലിം സ്റ്റാറിന്റെ ലുക്കുണ്ട്" ദേവിയെ നോക്കി ലവന്‍ . വട്ടായാലും ഇതിനു മാത്രം ഒരു കുറവും ഇല്ല !

"ടീ...നീ അതു കാര്യാക്കണ്ട...വട്ടല്ലേ..?" ഞാന്‍ ദേവിയോട്.നമുക്കതങ്ങനെ അങ്ങോട്ട് സമ്മതിച്ചു കൊടുക്കാന്‍ പറ്റോ..?

"എന്റെ പേരു ശ്യാം ...നിങ്ങളിവിടെ വന്നിട്ടെത്ര നാളായി..?" ലവന്‍

"ഞങ്ങളിവിടെ മരുന്നിനു വന്നതല്ല....ഇവിടെ ഒരു വര്‍ക്കിനു വന്നതാ.." ഞാന്‍

"ഓ കെ....കണ്ടിട്ട് സ്റ്റുഡെന്റ്സ് ആണെന്നു തോന്നുന്നല്ലോ..?" ലവന്‍

ആഹ, വിവരമുള്ള ഭ്രാന്തന്‍ ! അതെ എന്നര്‍ത്ഥത്തില്‍ ഞങ്ങള്‍ തലയാട്ടി.

"നിങ്ങള്‍ക്കറിയോ...ഞാന്‍ മൈക്രോ ബയോളജി പടിച്ചിറങ്ങിയവനാ...ഒത്തിരി ചിന്തിക്കുന്നു എന്ന് മറ്റുള്ളവര്‍ പറയുന്നു...അങ്ങനെ ഇവിടെത്തി.." അയാള്‍ പറഞ്ഞു.ഞങ്ങള്‍ക്ക് സഹതാപം തോന്നി.

"ഹഹ...നിങ്ങള്‍ പേടിക്കണ്ട...എനിക്കതില്‍ ഒരു വിഷമവുമില്ല...കാരണം ..ഒത്തിരി ചിന്തിക്കുന്ന ഞാനും ഒട്ടും ചിന്തിക്കാത്ത മറ്റുള്ളവരും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം ദേ..എന്റെ മുന്നില്‍ കാണുന്ന ഈ ഇരുമ്പു വാതിലാ.." ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാവണം അയാള്‍ പറഞ്ഞു.എന്നിട്ട് പതുക്കെ തറയിലേയ്ക്ക് ചരിഞ്ഞു.

ഞങ്ങളവിടെ നിന്നും എഴുന്നേറ്റു.ഞങ്ങളെല്ലാവരും , ഐ മീന്‍ , ഞാനും ബട്ടറും കുളക്കോഴിയും ഉണ്ണിയും വിവേകും കൂടി ആല്‍മരത്തിന്റെ ചുവട്ടില്‍ കൂടി.

"ഇതിനെയായിരിക്കും ആലായാല്‍ തറവേണമെന്ന് പറയുന്നതല്ലേ..?" കുളക്കോഴി ആല്‍ത്തറയിലിരിക്കുന്നതുകണ്ട് ബട്ടര്‍ .

"ഡെയ് സമയം കളയാനില്ല..നമുക്ക് ഫാഷന്‍ ഷോയ്ക്ക് പ്രിപേര്‍ ചെയ്യണ്ടേ..??" വിവേക്

"എന്തു ചെയ്യാനാ..?" ഞാന്‍

"ഡെയ്...നമുക്കു ഫാഷന്‍ ഷോയ്ക്ക് മുന്നെ അടിച്ചു പെരിപ്പിക്കണം .... മസിലൊക്കെ ഇങ്ങോട്ട് പോരട്ടെ.." ലവന്‍

"അതിനു..?" ബട്ടര്‍

"അതിനൊന്നുമില്ല....ഷോയ്ക്ക് മുന്നെ നമ്മള്‍ എക്സസൈസ് ചെയ്യുന്നു...മെസ്സ് ഹാളില്‍ വച്ചു ചെയ്യാം ...അവിടെ ആകുമ്പൊ ആ സമയത്താരും കാണില്ല.." ഇവന്റെയൊരു ബുദ്ധി !

കുളിച്ച് ഫ്രഷായി എല്ലാപേരും കല്‍ച്ചറല്‍ പ്രോഗ്രാമിനു പോയപ്പോള്‍ , ഞങ്ങള്‍ നേരേ മെസ്സ് ഹാളിലേയ്ക്ക് പോയി.

പോകുന്നവഴിയില്‍ ദേവി നില്‍ക്കുന്നു.

"കല്‍പ്പാന്തകാലത്തോളം ..." ഞാന്‍ പാടി. അവളുടെ മുഖം ചുവന്നു.നാണിച്ചു !

"കല്‍പാന്ത കാലത്തോളം ...കൂതറേ നീയെന്‍ മുന്നില്‍ ..." അവളുടെ മുഖം വീണ്ടും ചുവന്നു.നാറ്റിച്ചു !

അവള്‍ പുറം തിര്ഞ്ഞ് കുണൂങ്ങിപ്പോയി. ഞങ്ങള്‍ മെസ്സ് ഹാളില്‍ പ്രവേശിച്ചു.

"ഡെയ്..ഇവിടാകെ ഇരുട്ടാണല്ലോ..?" ബട്ടര്‍

"വെട്ടമില്ലാത്തോണ്ടാവും ...മിണ്ടാതെ വാഡെയ്..." കുളക്കോഴി

ഞങ്ങള്‍ മെസ്സ് ഹാളില്‍ പ്രവേശിച്ചു.ആകെയുള്ളത് അടുപ്പത്ത് ആക്രാന്തം പിടിച്ച് കത്തുന്ന തീയും അതിനടുത്ത് 'ഓ ഇവന്റെ മുന്നില്‍ ഞാന്‍ എന്തു ചെയ്യാനാ' എന്ന രീതിയില്‍ കത്തുന്ന മെഴുകുതിരിയും ! അതെങ്കിലത്, ഞങ്ങള്‍ പരിപാടി തുടങ്ങി. അമ്മിക്കല്ലെടുക്കുന്നു, ആട്ടുകല്ലെടുക്കുന്നു, വെള്ളം നിറച്ച ബക്കറ്റെടുക്കുന്നു...മെസ്സ് ഹാളിന്റെ കൈവരിയില്‍ കമിഴ്‌ന്നു കിടന്ന് പുഷപ്പെടുക്കുന്നു ! വെയിറ്റ്, ശ്വാസമെടുക്കാന്‍ മറന്നു പോയി. ഇടയ്ക്കിടയ്ക്ക് അതുമെടുക്കുന്നു.

അവസാനം ആകെ വിയര്‍ത്ത് കുളിച്ച് ഞങ്ങള്‍ മെസ്സ് ഹാളില്‍ നിന്നിറങ്ങി. ഷോയ്ക്ക് കരുതി വച്ചിരുന്ന ഡ്രെസ്സ് എഡുത്തിട്ടു. കൈകള്‍ക്കിടയില്‍ കമ്പി കുത്തി നിര്‍ത്തിയതുപോലെ വിരിച്ചു പിടിച്ച് ഞങ്ങള്‍ റാമ്പിലേയ്ക്ക്!

ദേവിയും സുമയുമൊക്കെ കൌതുകതക..ചെ...ആ സാധനതോടു കൂടി നോക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് വന്നപ്പോഴാണു വിവേകിന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചത്. മൂക്കിലും കവിളിലും കരി ! പാമ്പിന്‍ ഗുളിക കത്തുന്നതുപോലെ എനിക്കു ചിരിപൊട്ടി.ഞാന്‍ ചിരിക്കുന്നതുകണ്ട് എന്നെ നോക്കിയ അവനും പെട്ടെന്ന് പാമ്പിന്‍ഗുളികയായി.

"ഡെയ്...നിന്റെ മുഖത്ത് കരി..." ലവന്‍

"നിന്റേം ..." ഞാന്‍

മറ്റവന്‍മാരും ചുറ്റും കൂടി. ഞങ്ങള്‍ വെളിച്ചത്തിലേയ്ക്ക് നിന്ന് ആകെയൊന്ന് പരസ്‌പരം നോക്കി.വിയര്‍പ്പു തുടയ്ക്കാന്‍ വേണ്ടി അയയില്‍ ഇട്ടിരുന്ന തോര്‍ത്ത് എടുത്തതും തുടച്ചതും ഓര്‍മയുണ്ട്. അതു കഴുകിയ തോര്‍ത്താണെന്നു കരുതി എടുത്തുമ്മ വച്ചതാ. അടപിടിക്കുന്ന തുണിയാണു കഴുകിയിട്ടതെന്ന് നിരീച്ചില്ല !

"ഡെയ്...ഇട്ടിരിക്കുന്ന ഡ്രെസ്സിലും കരിയായി..ഇനിയിപ്പൊ എന്താ ചെയ്യാ..?" ബട്ടര്‍

ഞാന്‍ സാറിനെ വിളിച്ചു വിവരം പറഞ്ഞു. പൊട്ടിച്ചിരിയായിരുന്നു പ്രതികരണം .

"എന്തായാലും ഇന്നു ഷോ വേണ്ട...നിങ്ങള്‍ക്കനുവദിച്ച സമയത്ത് വേറേ വല്ല പരിപാടിയും പറ്റുമെങ്കില്‍ നോക്ക്.." ഇതും പറഞ്ഞ് സാര്‍ സ്ഥലം വിട്ടു.ഞാന്‍ ലവന്‍മാരോട് വിവരം പറഞ്ഞു. സാഹചര്യത്തിന്റെ നിസ്സഹായാവസ്ത്ഥ മനസ്സിലാക്കി എല്ലാപേരും ഷോ ഇന്നു വേണ്ട എന്നും പകരം വേറെയെന്തെങ്കിലും അവതരിപ്പിക്കാമെന്നും തീരുമാനിച്ചു.

"ഒരു സ്ക്രിപ്റ്റുണ്ട്...ആകെ ഏഴു മിനുട്ടിന്റെ കേസാ...ടിവിയില്‍ കണ്ടതാ...കഴിഞ്ഞ വര്‍ഷം ഞങ്ങടവിടെ പ്രോഗ്രാമിനു അവതരിപ്പിച്ചു...നോക്കുന്നോ..?" ഞാന്‍ ചോദിച്ചു.

എല്ലാരും ഓ കെ മൂളി.സിറ്റുവേഷനും ഓരോര്‍ത്തര്‍ക്കുമുള്ള നാലന്‍ച് ഡയലോഗുകളും പറഞ്ഞുകഴിഞ്ഞപ്പൊ എല്ലാം ഓ കെയായി.

രംഗം : ക്ളാസ്സ് റൂം

കുട്ടികള്‍ (ബട്ടറും കുളക്കോഴിയും ഉണ്ണിയും ) ക്ളാസ്സില്‍ ബഹളം വയ്ക്കുന്നു.

സാര്‍ (ഞാന്‍ ) രംഗത്ത് എടുത്തെറിഞ്ഞു പ്രവേശിക്കുന്നു.

സാര്‍ : എന്താടായിത്...ചന്തിയോ...ചെ...ചന്തയോ..? ബഹളം വയ്ക്കാതിരിക്കീനെടാ...ആട്ടേ...

ആണ്‍കുട്ടി (ബട്ടര്‍ ) : ആട്ടാനോ..?

സാര്‍ : ആട്ടാനല്ല...എന്താടാ ദിനേശാ നിന്റെ മുഖത്തൊരു കള്ള ലക്ഷണം ...എന്താടാ കയ്യില്‍ ..ഹാന്‍സപ്പ് ?"

ദിനേശന്‍ പെട്ടെന്നു കൈ പൊക്കുന്നു. കയ്യില്‍ ഒരു ഹാന്‍സ് !

സാര്‍ : ഹെന്ത്..? ഹാന്‍സോ...? ടാ ഇതൊന്നും പാടില്ല...അതിങ്ങു താ...ദേ പോകുന്നൊരു വിമാനം ...നോക്കിക്കേ..?

കുട്ടികള്‍ മുകളില്‍ നോക്കുമ്പൊ സാര്‍ പതുക്കെ ഹാന്സെടുത്തു വയ്ക്കുന്നു.

സാര്‍ : ഇവിടെ നോക്കെടാ...നീയൊന്നും വിമാനം ഇതു വരെ കണ്ടിട്ടില്ലേ...ശാരി മോളെന്താ ഇന്നലെ താമസിച്ചേ..?"

ശാരി (കുളക്കോഴി) : അതേ...എന്റ അന്‍പതു പൈസ കളഞ്ഞുപോയി...

സാര്‍ : ഓഹോ...അപ്പൊ നീയോടാ ദിനേശാ...?

ദിനേശന്‍ : ഞാന്‍ ആ അന്‍പതു പൈസ ഇങ്ങനെ ചവിട്ടി പിടിച്ചേക്കുവല്ലായിരുന്നോ...

സാര്‍ : ഓഹോ....ദിനേശാ...നീ നിന്റെ അച്ചനെ വിളിച്ചോണ്ടു വന്നിട്ടു ക്ളാസ്സില്‍ കേറിയാതി...

ദിനേശന്‍ : നടക്കത്തില്ല സാറേ...അച്ചന്‍ പതിനന്‍ചു വര്‍ഷായി ഗള്‍ഫിലാ...

സാര്‍ : എന്നാ അമ്മയെ വിളിച്ചോണ്ടു വാ...

ദിനേശന്‍ : അതും നടക്കൂല്ല സാറേ...അമ്മ പ്രസവിച്ചു കിടക്കയല്ലേ...

സാര്‍ : സോറി..അതു ഞാന്‍ അറിഞ്ഞില്ല..ഓ കെ ..അപ്പൊ നമുക്ക് ഹിന്ദി പഠിക്കാം ... കല്‍ എന്നു പറഞ്ഞാല്‍ നാളെ...അപൊ മറ്റന്നാളിനെന്തു പറയും ?

ദിനേശന്‍ : കരിങ്കല്‍ !

സാര്‍ : കറക്‌ട്..എടാ...നമ്മളേതൊരു പ്രവൃത്തി ചെയ്യുമ്പോഴും താഴേന്നു തുടങ്ങണം ...എന്നാലേ ഒരു ഉറപ്പുണ്ടാവൂ..

ശാരി : അപ്പൊ കിണറു കുഴിക്കുമ്പൊഴോ..?

സാര്‍ : കുരുത്തം കെട്ട പെണ്ണു....

പെട്ടെന്ന് പിയൂണ്‍ വരുന്നു.

പിയൂണ്‍ : സാര്‍ ഒരു നോട്ടീസുണ്ട്..ഈ ഇരുപത്താറും ഇരുപത്തേഴും അവധിയാ...

സാറും കുട്ടികളും തുള്ളിച്ചാടുന്നു.

സാര്‍ : ആട്ടെ...എന്താ കാരണം അവധിക്ക് ?

പിയൂണ്‍ : അന്നു ശനിയും ഞായറുമല്ലേ...

സാര്‍ : പോടാവിടുന്ന്...കളിപ്പിക്കാന്‍ വന്നേയ്ക്കുന്നോ...ഓ കെ...പിള്ളേരേ ഇവിടെ ശ്രദ്ധിക്കു...നമ്മളാനയെ കണ്ടിട്ടില്ലേ..അതിന്റെ കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നത്..?

ദിനേശന്‍ : സങ്കടം കൊണ്ട്....കറുത്തുപോയില്ലേ...അതാവും ...

സാര്‍ : അതാണല്ലേ....ഓ കെ ഇനി വാക്യത്തില്‍ പ്രയോഗിക്കാം ...ഇന്നലെ...ദിനേശാ..

ദിനേശന്‍ : ഇന്നലെ എനിക്ക് അമ്മയോടുകൂടിയാണു കിടന്നുറങ്ങിയത്

സാര്‍ : നീയൊരു മലയാളിയാണോടാ...ഞാന്‍ പറഞ്ഞു തരാം ... ഞാനിന്നലെ അമ്മയുടെ കൂടെയാണു കിടന്നുറങ്ങിയത്..

ദിനേശന്‍ : അതുശെരി..അപ്പൊ സാറു ഞാന്‍ ഉറങ്ങിയതിനു ശേഷാണൊ വന്നു കിടന്നെ...

സാര്‍ : അടികിട്ടും ...ഓ കെ...ശാരി മോളെ..നിനക്കാരാനാകാ...ചെ..ആരാകാനാ ആഗ്രഹം ?

ശാരി : എനിക്ക് ഒരു കൊച്ചിന്റെ അമ്മയാവാനാ ആഗ്രഹം

സാര്‍ : നല്ല മോഹം ...അടി കൊട്രാ അവള്‍ക്ക്...അല്ലെങ്കി വേണ്ടാ...ദിനേശാ..നിനക്കാരാകാനാ ആഗ്രഹം ?

ദിനേശന്‍ : എനിക്ക് ശാരീടെ കൊച്ചിന്റെ അച്ചനായാതി !!!

ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞു. ഫാഷന്‍ ഷോ നടക്കാത്തതിന്റെ ഹാങ്ങ് ഓവര്‍ ഞങ്ങള്‍ ഇതില്‍ തീര്‍ത്തു.

പരിപാടി കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി.നേരേ മെസ്സ് ഹാളിലേയ്ക്ക്.നല്ല വിശപ്പ്.
ദേവി രണ്ടു പപ്പടവുമായി ഓടിവന്നു.

"ഭാസ്കരോ...ഭാസ്കരോ..." ദേവി. ഏത് ഭാസ്കരന്‍ ?

"ഇവിടാരാടി ഭാസ്കരന്‍ ??" ഞാന്‍ ചോദിച്ചു.

"ഹഹ..ഭാസ്കരനല്ലട...പാസ് കരോന്ന്...എന്നു വച്ചാല്‍ ഇതങ്ങട് കൊടുക്കാന്‍ " ലവള്‍ .

ഫുഡും കഴിഞ്ഞ് ഞങ്ങള്‍ ടെന്റിലേയ്ക്ക് നടന്നു.

"മക്കളേ...ഒന്നു നിന്നേ..."

ഞങ്ങള്‍ തിരിഞ്ഞു നോക്കി. ആന്റി, സ്റ്റാര്‍ തൂക്കാന്‍ വിളിച്ച ആന്റി.

"മക്കളെ..നിങ്ങടെ പരിപാടി കാണാന്‍ ഞാന്‍ വന്നിരുന്നു..മോനൊരല്‍പം മയങ്ങിയപ്പൊ.. വളരെക്കാലത്തിനു ശേഷാ ഇതുപോലെ ഒന്നു ചിരിച്ചത്...നല്ലതുവരും .." ഇതും പറഞ്ഞ് അവര്‍ മുറിയിലേയ്ക്ക് തിരിച്ചു കയറി. ഞാന്‍ കെട്ടിക്കൊടുത്ത സ്റ്റാര്‍ അകലെ കത്തി നില്‍പ്പുണ്ടായിരുന്നു.

മൈ ഊളന്‍പാറന്‍ ഡേയ്സ് (4)


അന്നു എട്ടര ആയപ്പോള്‍ വിവേകും ജോയിന്‍ ചെയ്തു. എനിക്ക് പറ്റിയ പറ്റ് കേട്ട് അവനും ചിരിച്ചു.

"അളിയാ...എന്നും കള്‍ച്ചറല്‍ പ്രോഗ്രാംസ് കാണോല്ലൊ ല്ലേ..? നീ ഇതു നോക്കിക്കേ ?" ഇതു പറഞ്ഞ് വിവേക് കൊണ്ടുവന്ന ബാഗ് തുറന്നു.

ഒരു ജാക്കറ്റ് , ഒരു ഫെരാരി സ്യൂട്ട്, ഒരു സ്ളീവ്‌ലെസ്സ് ടി ഷര്‍ട്ട്, ഒരു കീറിയ ജീന്‍സ് !!

"എന്തോന്നെഡെയ് ഇത്...നീയും ചിത്രത്തിലെ പോലെ ഏതേലും സായിപ്പിനെ പറ്റിച്ചോ..?"

"ഡെയ് അതല്ല...ഇതൊക്കെ എന്റെ ഫ്രണ്ടിന്റേതാ..." ലവന്‍

"അതിശയമില്ല...നിന്റെ സ്റ്റാന്‍ഡേര്‍ഡല്ലെ അവനും കാണു.." ഞാന്‍

"പോഡെയ്...അവന്‍ മോഡെലിങ്ങ് ചെയ്യുന്നുണ്ട്..." ലവന്‍

"എന്താ നിന്റെ പ്ളാന്‍ ?" ഞാന്‍ ചോദിച്ചു

"അളിയാ കല്‍ച്ചറല്‍ പ്രോഗ്രാമിനു നമ്മള്‍ ഫാഷന്‍ ഷോ അവതരിപ്പിക്കുന്നു !" അവന്റെ പ്ളാന്‍

"ഈ കച്ചറ തുണിയുടുത്തോണ്ടാണോഡെയ് ഫാഷന്‍ ഷോ...?" ബട്ടര്‍ അജയ്

"ഡെയ്...എന്തായാലും ഒരു വെറൈറ്റിയാ...എന്തു പറയുന്നു...?" അവന്‍ ആകാംഷയുടെ മുള്‍ മുനയില്‍ !

"ലേഡീസിനെ കൂടി ഉള്‍പ്പെടുത്താനുള്ള ഓപ്‌ഷനുണ്ടോ..?" ഉണ്ണി

"ഉണ്ട്...നിന്റെ മറ്റവള്‍ ഇന്നു വിളിക്കുമ്പൊ പറ...ഊളന്‍ പാറയില്‍ ഫാഷന്‍ ഷോയുണ്ടെന്ന്...പോടാര്‍ക്ക.." ഞാന്‍

"അപ്പൊ എല്ലാം പറഞഞ പോലെ..ക്യാമ്പ് തീരുന്നതിനു മുന്നെ നമ്മള്‍ ഫാഷന്‍ ഷോ നടത്തുന്നു.." ഇതും പറഞ്ഞ് ബാഗ് കട്ടിലിനിഅടിയിലേയ്ക്കെറിഞ്ഞ് അവന്‍ ഒരു ടവലും ചുറ്റി വന്നു.

"എങ്ങോട്ടാടാ...?" ഞാന്‍

"ഞാന്‍ ഒന്നു കുളിച്ചിട്ടു വരാം ..അളിയാ സോപ്പൊണ്ടോ..?"

"പോയി ബ്രാസോപ്പിട്ടു കഴുകിയെട്.." ഞാന്‍

"എന്തോന്ന്..?ആരുടെ..?" ലവന്

"ചെ...അവിടെ ബാര്‍ സോപ്പുണ്ട്..അതിട്ടു കഴുകാന്‍ ...നിനക്കതാ പറ്റിയത്.." ഭാഗ്യം മുന്‍പത്തെ ഡയലോഗ് മറ്റവന്‍മാര്‍ കേട്ടില്ല !

"ഓ കെ...ഞാന്‍ ഇപ്പൊ വരാം " അവന്‍ പുറത്തേയ്ക്ക് പോയി.

ഒന്‍പതു മണിയോടുകൂടി ഞങ്ങള്‍ 'ടൂള്‍സുമായി' ഗ്രൌണ്ടില്‍ എത്തി. സ്ത്രീകളുടെ വാര്‍ഡില്‍ ഗേള്‍സും ആണുങ്ങളുടെ വാര്‍ഡില്‍ ഞങ്ങളും പോയി. പെണ്ണുങ്ങളുടെ കൈ കൊണ്ട് ചാകണ്ട എന്നു വിചാരിച്ചാവും ഞങ്ങളെ അങ്ങോട്ട് വിടാത്തത്.തുരുമ്പു പിടിച്ച കട്ടില്‍ , കറുപ്പേത് ചുവപ്പേത് എന്നരിയാത്ത വയറുകള്‍ കുഴമ്പു പരുവത്തിലിരിക്കുന്ന സ്വിച്ച് ബോര്‍ഡുകള്‍ ഇതെല്ലാം വ്രിത്തിയാക്കി കൊടുക്കണം . തുരുമ്പു മാറ്റി കട്ടില്‍ പെയിന്റ് അടിക്കണം . ചില ബെഡുകളില്‍ രോഗികള്‍ ഇല്ലായിരുന്നു , ചിലതില്‍ ചിലവന്‍മാര്‍ ഇരുന്നു സംശയദൃഷ്‌ടിയോടെ നോക്കുന്നു. ഈശ്വരാ, ഇവന്‍മാരുടെ മുന്നിലൊക്കെ കട്ടിലിലെ തുരുമ്പെടുക്കാന്‍ എങ്ങനെ വിശ്വസിച്ച് കുനിഞ്ഞു നില്‍ക്കും ?

ഒടുവില്‍ എന്തോ വരട്ടെ ന്നു വിചാരിച്ചു കുനിഞ്ഞു. ഒരു കട്ടിലിന്റെ അടിയില്‍ കുനിഞ്ഞ ഞാന്‍ കണ്ടത് അടുത്ത
കട്ടിലിന്റെ അടിയില്‍ കുനിഞ്ഞിരിക്കുന്ന കുളക്കോഴിയുടെ ആസനത്തില്‍ , കട്ടിലിനു മുകളിലിരിക്കുന്നവന്‍ ബ്രഷില്‍ പെയിന്റ് മുക്കി അടിക്കുന്നതാണ്!! ഈശ്വരാ അവനിതൊന്നും അറിയാതെ ആഞു തുരുമ്പിളക്കുവാ. പെട്ടെന്നുണ്ടായ റിഫ്ളക്സില്‍ ഞാന്‍ ചാടിയെഴുന്നേറ്റു. എന്റെ തല കട്ടിലില്‍ വന്നിടിച്ചെന്നു മാത്രല്ല, മുകളില്‍ ഒരറ്റത്തിരുന്നവന്‍ ചിറിയിടിച്ച് തറയില്‍ !

ഞാനും വീണവനും തറയില്‍ നിന്നെഴുന്നേറ്റു. അവന്‍ എന്റെ അടുത്തുവന്നു. എന്റെ പള്ളീ, ഏതു നിമിഷവും എന്നെ അവന്‍ എടുത്തുടുക്കാം ! ബട്ട് വാട്ട് എ സര്‍പ്രൈസ് ഓഫ് ദി.. അവന്‍ ബ്ര്ഡ് ശെരിയാക്കി വീണ്ടും പഴയതു പോലെ ഇരുന്നു. സംഭവം സോള്‍വായി എന്നു മനസ്സിലായി കുളക്കോഴിയും ഉണ്ണിയുമൊക്കെ വീണ്ടും കട്ടിലിനടിയിലേയ്ക്ക്. ആഹ വണ്ടര്‍ഫുള്‍ , കുളക്കോഴിയുടെ ആസനം ഇപ്പൊ പാടത്ത് കണ്ണുവയ്ക്കാതിരിക്കാന്‍ വയ്ക്കുന്ന കോലത്തിനെ മുഖം പോലെ ! ഒരു വിധം ആ വാര്‍ഡിലെ കട്ടിലുകള്‍ പെയിന്റ് അടിച്ചു കഴിഞ്ഞു.


ആസനം രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഞങ്ങള്‍ കുനിഞ്ഞുനിന്ന് പെയിന്റടിക്കാതെ ഇരുന്നു പെയിന്റടിക്കാന്‍ തുടങ്ങി.അന്നത്തെ പണി കഴിഞ്ഞ് ഞങ്ങളെല്ലാപേരും കുളിച്ച് ഫ്രഷ് ആയി കള്‍ച്ചറല്‍ പ്രോഗ്രാമിനായി ഹാളിലെത്തി.ചെന്നുകേറിയതും ചെവിക്കല്ലു പൊട്ടുന്ന ഉച്ചത്തില്‍ മൈക്കള്‍ ജാക്ക്സന്റെ 'ബീറ്റ് ഇറ്റ്' കേട്ടു. ആരാ അതിന്റെ പിന്നിലെന്നു മനസ്സിലായി, ഉണ്ണി. മൈക്കള്‍ ജാക്ക്സന്റെ ഫാന്‍ .

"ഡെയ്...നിനക്കിതല്ലാതെ വേറൊന്നുമില്ലേ....പേടിച്ചു പോയി.." ഞാന്‍

"ടാ...മൈക്കള്‍ ജാക്ക്സണെക്കുറിച്ച് നിനക്കെന്തറിയാം ...അവന്റെ കുടുംബത്തില്‍ ഒരൊറ്റ സൂപ്പര്‍ സ്റ്റാറേയുള്ളു, മൈക്കള്‍ ജാക്ക്സണും ജാനറ്റ് ജാക്ക്സണും .." ഉണ്ണി.

ബെസ്റ്റ് ...ഒരൊറ്റ സൂപ്പര്‍ സ്റ്റാര്‍ ...മൈക്കള്‍ , ജാനറ്റ് അങ്ങനെ രണ്ടു പേര്‍ .ലവന്‍ വാ തുറക്കുന്നത് വല്ലതും ഞണ്ണാനും മണ്ടത്തരം പറയാനുമാണെന്ന് അറിയാമായിരുന്നതിനാല്‍ ഞങ്ങളത് കാര്യമാക്കിയില്ല.ശബ്‌ദം കേള്‍ക്കാതിരിക്കാന്‍ രണ്ടുകാതും പൊത്തി വായില്‍ സ്വന്തം വായില്‍ വെടിവയ്ക്കുന്നവനാ അവന്‍ !

അന്നത്തെ കള്‍ച്ചറല്‍ പ്രോഗ്രാമിനു ചൈനയുടെ ലേറ്റസ്റ്റ് മൊബൈലിനെ പോലെയുള്ള ബിന്ദുവിന്റെ ഡാന്‍സുണ്ടായിരുന്നു.അടുത്തുനിന്നാലെ കാണാന്‍ ബുദ്ധിമുട്ടായ ലവളെ ഒരല്‍പം അകലെ ആയതിനാല്‍ ഒട്ടും കാണാന്‍ പറ്റിയില്ല.അടുത്തത് ദേവിയുടെ ഒരു പാട്ടെന്നു പറയുന്ന സാധനത്തോടുകൂടി അന്നത്തെ പരിപാടി കഴിഞ്ഞു.


"ടാ നമ്മുടെ ഫാഷന്‍ ഷോ നാളെയാ...സാറിനോട് പെര്‍മിഷന്‍ വാങ്ങിച്ചു....." മെസ്സ് ഹാളിലേയ്ക്ക് പോകുന്നതിനിടയില്‍ വിവേക്.


മെസ്സ് ഹാളിലെത്തിയ ഞങ്ങള്‍ ഭക്ഷണത്തോടുള്ള വിരോധം ഉടനെ തീര്‍ത്തു.ഫുഡുമടിച്ച് നഖത്തീന്റെ ഇടയില്‍ വല്ലതും ബാക്കിയുണ്ടോ എന്നു നോക്കുന്നതിനിടയില്‍ ദേവി ഓടി വന്നു.

"ടാ...അന്താക്ഷരി കളിക്കാം " വാട്ട് ദ ഹെല്‍ !!

"പോ പെണ്ണെ അങ്ങോട്ടോ ഇങ്ങോട്ടോ...ഇവിടെ ഏമ്പക്കം വിടാന്‍ സമയമില്ല..അപ്പഴാ പാട്ട്?" ഞാന്‍

"വാടാ...എല്ലാരുമുണ്ട്..ഉണ്ണീം രാജ്‌മോഹനുമൊക്കെ.." എന്ത് ? എന്നെ ഇവിടെ ഏമ്പക്കം വിടാന്‍ വിട്ടിട്ട് ലവന്‍മാര്‍ പാട്ടു പാടാന്‍ പോയി !! ഞാനും പോയി.

"അപ്പൊ തുടങ്ങാം .....ആദ്യം ദീപക്ക് വാ വച്ചു പാടും " ദേവി

"ഹലോ...ആദ്യായാലും അവസാനമായാലും എനിക്ക് വാ വച്ച് പാടാനേ അറിയൂ.." ഞാന്

"ടാ..കളിക്കാതെ...വ അക്ഷരം വച്ച് പാടാന്‍ .." ദേവി

ഞാന്‍ വാ വച്ചു പാടി. അന്താക്ഷരി കൊഴുത്തു.

"ഹരിമുരളീരവം ..." ആരൊ ഹ യില്‍ നിര്‍ത്തിയിടത്തു നിന്ന് ബട്ടര്‍ അജയ്.

പാടിപ്പാടി 'മധുമൊഴി രാധേ..നിന്നെ തേടീ' എത്തിയപ്പൊ ഒരു പോക്കല്ലായിരുന്നൊ ലവന്‍ . പിന്നെ എല്ലാരും കൂടി താങ്ങിപ്പിടിച്ച് നെന്‍ച്ചൊന്ന് തടവി വിട്ടപ്പഴാ ഓ കെ ആയെ !

പിറ്റേ ദിവസവും പതിവു പോലെ രാവിലെ എന്റെ വക വ്യായാമിങ്ങ്. കഴിഞ്ഞ ദിവസം സംഭവിച്ചത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ സ്റ്റേജിന്റെ മുന്‍വശത്തുനിന്ന് ചാടാതെ കുറച്ച് പിന്നിലോട്ടിറങ്ങി നിന്നു ചാടി. വ്യായാമം കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഞങ്ങള്‍ മെസ്സ് ഹാള്‍ എന്ന് സൈന്റിഫിക് നാമധേയത്തില്‍ വിളിക്കുന്ന , 'തൂണിലും തുരുമ്പിലും ഈശ്വരന്‍ ' എന്നതുപോലെ തൂണിലും ചുവരിലും കരിപറ്റിയ ഒരു വലിയ മുറിയില്‍ ഒത്തുകൂടി. ഊളന്‍പാറയല്ലേ, അപ്പൊ ഇത്രയൊക്കെ പറ്റു!

ഓരോ ദിവസവും മെസ്സില്‍ വര്‍ക്ക് ചെയ്യാനുള്ളവരെ തിരഞ്ഞെടുക്കും . തേങ്ങാപൊതിക്കല്‍ , വെള്ളം കോരല്‍ , വിറകുകീറല്‍ തുടങ്ങിയവയ്ക്ക് 4 ബോയ്സിനെയും തേങ്ങാ ചിരുകല്‍ , കോരിയ വെള്ളം തിളപ്പിച്ചു കളിക്കല്‍ , കീറിയ വിറക് ചുമ്മാ കത്തിച്ചു കളയല്‍ എന്നിവയ്ക്ക് 4 ഗേള്‍സിനെയും ! ഒരു വലിയ ചാക്കില്‍ സവാള ഉള്ളി വാങ്ങി ഒരു മൂലയില്‍ വച്ചിട്ടുണ്ട്. അരി അടുപ്പത്തിട്ട് കാലമായോ എന്തരോ എന്നാലോച്ചിച്ചിരിക്കുമ്പൊ സമയം പോകാന്‍ തൊലിച്ചുകളിക്കാന്‍ ബെസ്റ്റാ സവാള , തൊലിച്ചാലും തൊലിച്ചാലും തീരത്തേയില്ല !

അന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഇഡ്ഡലിയും സാംബാറും . ഞാന്‍ ചെന്നു കേറിയപ്പൊ കണ്ടത് പാത്രമൊക്കെ കഴുകി വെടുപ്പാക്കി ഇരിക്കുന്ന കുളക്കോഴിയെയാ.അവന്റെ മുഖം ഒന്നൂടെയൊന്ന് ശ്രദ്ധിച്ചപ്പൊ മനസ്സിലായി, അതു കഴുകിയതല്ല നക്കി വെടുപ്പാകിയതാണെന്ന് ! എന്താ ഒരാത്മാര്‍ത്ഥത. ഇഡ്ഡലി തിന്നുന്ന ഇഡിയറ്റ് !

ഈരണ്ടിഡ്ഡലി വയറിന്റെ രണ്ടു വശത്തും ഒരാറെണ്ണം വയറിന്റെ മധ്യത്തും തിരുകി ബാക്കിയുള്ള ഗ്യാപ് സാമ്ബാറും കൊണ്ട് ഫില്‍ ചെയ്ത്,ഒരേമ്പക്കവും വിട്ട് ഞാന്‍ അവിടുന്നിറങ്ങി.അന്നു പണിക്കിടയില്‍ ഭ്രാന്തന്‍മാരെക്കാളും ശല്യം ആ കോപ്പന്‍ വിവേകായിരുന്നു.

'ഡെയ് ഇന്നു രാത്രി ഫെരാരി സ്യൂട്ട് ഞാനിടും , നിനക്ക് സ്ളീവ്‌ലെസ്സ് ടിഷര്‍ട്ട്, ബട്ടറിനു റ്റോന്‍ട് ജീന്‍സ് ' എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ലവന്‍ എന്നെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.

'അപ്പൊ എനിക്കൊന്നുമില്ലേ?' എന്നുള്ള കുളക്കോഴിയുടെ ചോദ്യത്തിനു 'നീ ഒന്നും ഇടാതെ ഷോ നടത്തിയാതി' എന്നു പറഞ്ഞ് ഞങ്ങള്‍ അന്നത്തെ പണി അവസാനിപ്പിച്ചു.

(തുടരും)

മൈ ഊളന്‍പാറന്‍ ഡേയ്സ് (3)


പിറ്റേന്ന്, അതായത് ക്യാമ്പിന്റെ രണ്ടാം ദിവസം അതിരാവിലെ എന്നെ ഉണര്‍ത്തിയത് ഒരു ഫോണ്‍ കോളായിരുന്നു.

'വിവേക് കോളിങ്ങ്'. ഞാന്‍ ഫോണെടുത്തു.

"എന്താടാ..രാവിലെ.? തണുപ്പത്ത് ഉറങ്ങുന്നത് കാണുന്നത് കടിയാ ല്ലെ..?" ഞാന്‍

"അളിയാ...എനിക്കിന്നലെ ക്യാമ്പില്‍ ജോയിന്‍ ചെയ്യാന്‍ പറ്റിയില്ല...അതുകൊണ്ട് ഇന്നു ജോയിന്‍ ചെയ്യാം എന്നു വച്ചു.ഞാന്‍ പുറത്തുണ്ട്.." ലവന്‍

"പുറത്തെവിടെ..?"

"ഈ ഗേറ്റിന്നു പുറത്ത്...നീ വന്നു തുറന്നേ.." ലവന്‍

"ഓ പിന്നേ ഇന്നലെ മുതല്‍ ഞാനല്ലെ ഇവിടുത്ത വാച്ച് മാന്‍ ... പുറത്ത് നല്ല തണുപ്പുണ്ടല്ലേ..?" ഞാന്‍

"ഒടുക്കത്തെ തണുപ്പളിയാ...നീ എങ്ങനേലും തുറന്നുതാ.." അവന്‍ കേണു.

"ഒരു കാര്യം ചെയ്...ഒരെട്ടു മണി വരെ അവിടെ നില്ല്...നിന്നോടാരാ പറഞ്ഞെ രാവിലെ കെട്ടിയെടുക്കാന്‍ .. " ഞാന്‍ ഫോണ്‍ കട്ട് ചെയ്തു

ദേ പിന്നേം വിളിക്കുന്നു !

"ഡാ കോപ്പേ എട്ടു മണിക്കേ തുറക്കു ഗേറ്റ്...നീ വെളുപ്പാന്‍ കാലത്ത് മനുഷ്യനെ മെനക്കെടുത്താതെ പോയെ.." ഫോണെടുത്ത് ഞാന്‍

"ഡെയ്...നീ പതുക്കെ വന്നാതി...ഹിഹി...ഞാന്‍ ഇവിടെത്തന്നെ നിന്നോളാം .. റ്റ്യൂഷനു ചെല്ലക്കിളികള്‍ പോകുന്നുണ്ട്.നീ എപ്പഴാന്നു വച്ചാ തുറന്നാതി.." ലവന്‍ ഫോണ്‍ കട്ട് ചെയ്തു.


ഞാന്‍ വീണ്ടും കിടന്നു. യ്യോ, ഇന്നല്ലെ എല്ലാര്‍ക്കും എന്റെ വക ഫിസിക്കല്‍ ട്രെയിനിങ്ങ് ! ഞാന്‍ സ്പ്രിങ്ങ് പോലെ ചാടിയെഴുന്നേറ്റു.നേരെ ബ്രഷും പേസ്റ്റുമെടുത്ത് ടോയിലറ്റിലേയ്ക്ക്. ആഹ, വണ്ടര്‍ഫുള്‍, ആദ്യം ഉണ്ണി,പിന്നെ ബട്ടര്‍ അജയ് , അതു കഴിഞ്ഞ് പഴം കമല്‍ ! അങ്ങനെനിരന്നു നിക്കുവല്ലേ. ഒരുത്തന്‍ യേശുവിനെപ്പോലെ,വേറൊരുത്തന്‍ ശ്രീകൃഷ്‌ണനെ പോലെ കാലും പിണച്ച് , കഷായം കുടിച്ച മാതിരി !

"ആരാടാ അകത്ത്..?" ഉള്ളിലെ പ്രകൃതിയുടെ വിളി എന്നെക്കൊണ്ട് ചോദിപ്പിച്ചു.

"കുളക്കോഴി...അവന്‍ കേറീട്ട് മണിക്കൂറൊന്നായി...@$#@%^%$^ന്‍ ഇനിയിവന്‍ ഇറങ്ങാതിരിക്കുന്നതാ നല്ലത്..ഇറങ്ങിയാല്‍ കൊല്ലും ഇവനെ.." ഉണ്ണിയുടെ മുഖത്ത് സംഘര്‍ഷം .

"ടാ...കോപ്പെ...അതു കുളമല്ല..ഇത്രേം സമയമെടുക്കാന്‍ ...ഇങ്ങോട്ടിറങ്ങെടാ.." ബട്ടര്‍ അജയ്

പതുക്കെ കതക് തുറന്ന് ഒരു വളിഞ്ഞ ചിരിയുമായി കുളക്കോഴി പുറത്തിറങ്ങി.

"നിനക്കുള്ളത് ഞാന്‍ വന്നിട്ടു തരാം .." ടോയിലറ്റില്‍ ഓടിക്കേറുന്നതിനിടയില്‍ ഉണ്ണി.

പിന്നെയും ഒരര മണിക്കൂര്‍ കഴിഞ്ഞേ എനിക്ക് ചാന്‍സ് കിട്ടിയുള്ളു.ഫ്രഷ് ആയി നേരെ ടെന്റില്‍ ചെന്ന് ഡ്രെസ്സ് മാറി ട്രാക്ക് സ്യൂട്ടിട്ടു.നേരേ ഗ്രൌണ്ഡിലേയ്ക്ക് !

എന്റെ അര്‍ണോള്‍ഡ് ശിവശങ്കരാ പുഷ് അപ്പ് , സിറ്റ് അപ് ഇതൊന്നുമെടുക്കുമ്പൊ ഒരു അപശബ്‌ദങ്ങളും ഉണ്ടാകരുതേ !

ഗ്രൌണ്ടില്‍ എല്ലാ പടകളുമുണ്ട്. ഗേള്‍സ് ഒരു നിരയില്‍ ,ബോയ്സ് വേറൊരു നിരയില്‍ .മുന്നില്‍ സാറും .

എന്നെ കണ്ടതും ഗ്രൌണ്ടില്‍ തന്നെയുള്ള സ്റ്റേജില്‍ കേറി ഷോ തുടങ്ങാന്‍ സാര്‍ ആംഗ്യം കാട്ടി.

ഞാന്‍ സ്റ്റേജില്‍ കയറി. ജിമ്മിലെ ആദ്യ പാഠങ്ങള്‍ എന്റെ മനസ്സിലൂടെ റാലി നടത്തി.അതെ, ആദ്യം റൊട്ടേഷന്‍ ! തല മുതല്‍ കാല്‍ വരെയുള്ള എല്ലാ ജോയിന്റ്സും റൊറ്റേറ്റ് ചെയ്യിക്കുക.

"അപ്പൊ തുടങ്ങാം " എന്റെ കയ്യിലുണ്ട് ആത്‌മവിശ്വാസം .

"ആദ്യം നെക്ക് റൊട്ടേഷന്‍ " ഇടത്തോട്ടും വലത്തോട്ടും കഴുത്ത് പതുക്കെ കറക്കിക്കൊണ്ട് ഞാന്‍ .

ഗുഡ് , എല്ലാരും അതേ പോലെ ചെയ്യുന്നു.

തുടര്‍ന്ന് ഷോള്‍ഡര്‍ , ഹിപ് , കാല്‍മുട്ട്, കൈമുട്ട് തുടങ്ങി സകലമാന ഇടങ്ങളും ഞാന്‍ അവരെക്കൊണ്ട് റൊട്ടേറ്റ് ചെയ്യിച്ചു.ദേവിയുടെയും സുമയുടെയും മുഖം കണ്ടപ്പൊ, ശൊ എനിക്കങ്ങ് പാവമായിപ്പോയി !

"അടുത്തത് ജമ്പിങ്ങ്..ഒന്ന് രണ്ട് മൂന്ന് എന്നു പറഞ്ഞ് ഞാന്‍ ജമ്പ് ചെയ്യുമ്പൊ അതുപോലെ ചെയ്യ്ണം എല്ലാരും " ഇതു ഞാന്‍ പറയുമ്പൊ കുളക്കോഴിയും ഉണ്ണിയും ബട്ടറും എന്നെ നന്ദി സൂചകമായി നോക്കി !

എന്താന്നറിയില്ല, പെട്ടെന്ന് എന്റെ ശിഷ്യകളുടെയും ശിഷ്യന്‍മാരുടെയും മുഖത്ത് ചിരി. ഈശ്വരാ, ഇനി എന്റെ സിബ് എങ്ങാനും ! ചെ, ട്രാക്ക് സ്യൂട്ടിനെവിടുന്നാ സിബ് ? അപ്പൊ അതല്ല. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.

"എല്ലാരും ഇവിടെ ശ്രദ്ധിക്ക്..അപ്പൊ തുടങ്ങാം ...റെഡി.." ഞാന്‍ കണ്ണുരുട്ടി.

"ആ വണ്‍ , ആ റ്റു , ആ ത്രീ.." ഞാന്‍ പതുക്കെ എണ്ണി സ്റ്റെപ്പെടുത്ത് ജമ്പാന്‍ തുടങ്ങി.വീണ്ടും എല്ലാ എണ്ണവും വീണ്ടും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ഇനി ഊളന്‍പാറയില്‍ വന്ന് എല്ലാര്‍ക്കും ഭ്രാന്തായോ ?

"വീണ്ടും ..ആ വണ്‍ ...ആ റ്റു...ആ ത്രീ..." ഞാന്‍ നല്ല ഉയരത്തില്‍ ചാടിത്തുടങ്ങി.

വെയിറ്റ് ! .'വണ്‍ ..റ്റു...ത്രീ..' ഞാന്‍ പറയുന്നതിന്റെ എക്കോ പോലെ !.

ഞാന്‍ പതുക്കെ ചാട്ടം നിര്‍ത്താതെ തന്നെ ഇടത്തേയ്ക്ക് തിരിഞ്ഞു നോക്കി.

യെന്റെ ഊളന്‍പാറമേല്‍ക്കാവിലമ്മേ..!!! ഒരുത്തന്‍ ,ഒരു തടിമാടന്‍ , ഒരും കടും പച്ച ലുങ്കിയും ഒരു ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് വെളുക്കെ ചിരിച്ചുകോണ്ട് എന്നെ തന്നെ നോക്കി നിന്ന് ചാടെടാ ചാട്ടം !

എന്റെ നെന്‍ചിന്റെ ഇടതൂന്ന് ഒരു സാധനം എന്റെ കാലിലേയ്ക്ക് കേറി. ഞാന്‍ ചാട്ടം പെട്ടെന്ന് നിര്‍ത്തി.

എന്റെ ചാട്ടം നിന്നത് കണ്ട് അവന്‍ ചിരിയും നിര്‍ത്തി. അവന്റെ മുഖത്ത് എന്നോട് പിണങ്ങിയ ഭാവം !

"ചാട്രാ...ആ വണ്‍ ..ആ റ്റു..ആ ത്രീ..." ലവന്‍ എന്നെ നോക്കി അലറി.

എന്താന്നറിയില്ല, എനിക്ക് ഭയങ്കര അനുസരണയാ. ചാടിയില്ലെങ്കില്‍ ഊളന്‍പാറയില്‍ വന്നുകേറി ഭ്രാന്തന്റെ കൈകൊണ്ട് ചത്തു എന്ന ദുഷ്‌പ്പേരു വരുമല്ലോ എന്നോര്‍ത്ത് ഞാനും അവനെ തന്നെ നോക്കി ചാടിപ്പോയി!

ഇപ്പൊ ചാടുന്നത് ആകെ രണ്ടേ രണ്ടുപേര്‍. ഒന്നു ഞാനും മറ്റത് ലവനും !

ചുറ്റും കൂട്ടച്ചിരി. നിര്‍ത്തിയിട്ട് ഓടി രക്ഷപ്പെടാന്നു വച്ചാല്‍ ഇവന്‍ ഓട്ടിച്ചിട്ടിടിച്ചാലോ ? അതു മാത്രല്ല, നമുക്ക് പ്രതീക്ഷകളുള്ള ഒത്തിരി ചെല്ലക്കിളികളുമുള്ളതാ !

ഒരന്‍ചു മിനുട്ട് ഞാനും ലവനും കണ്ണോട് കണ്ണു നോക്കി നിര്‍ത്താതെ ചാടിക്കാണും , ഐ മീന്‍ , ലവന്‍ എന്നെ ചാടിച്ചു കാണും.പെട്ടെന്ന് രണ്ട് വെള്ളവസ്ത്രധാരികളായ മാലാഖമാര്‍ എന്നെനിക്ക് തോന്നിയ അറ്റെന്‍ഡര്‍മാര്‍ എവിടുന്നെന്നില്ലാതെ സ്റ്റേജില്‍ പറന്നിറങ്ങി. ചാടിക്കൊണ്ടിരുന്നവനറ്റെ രണ്ടു കയ്യിലും കേറിപ്പിടിച്ച് ആസനത്തില്‍ രണ്ടടിയും കൊടുത്ത് പിടിച്ചുകൊണ്ടു പോയി.എന്നിട്ടും ഒരു മിനുട്ട് വേണ്ടി വന്നു എനിക്ക് ചാട്ടം നിര്‍ത്താന്‍ . ഞാന്‍ പതുക്കെ തിരിഞ്ഞ് എന്റെ ശിഷ്യഗണങ്ങളെ നോക്കി. എല്ലാ എണ്ണവും നിലത്തിരുന്ന് ചിരിയോട് ചിരി.

'ഭ്രാന്തുള്ളവനായാലും ഇല്ലാത്തവനായാലും വ്യായാമം മസ്റ്റാ..അതാ ഞാന്‍ ചാടിയെ..അല്ലാതെ നിങ്ങള്‍ വിചാരിക്കുന്ന പോലെ...ചെ' എന്നുള്ള ഒരു ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഞാന്‍ പതുക്കെ സ്റ്റേജില്‍ നിന്നിറങ്ങി.ഇത്രയും നാളില്ലാതിരുന്ന ഹോര്‍മോണ്‍ പെട്ടെന്ന് എവിടുന്നാ ? ഞാന്‍ ആകെ വിയര്‍ത്തു കൊഴകൊഴാന്നായിപ്പോയേ !എന്റെ മുന്നില്‍ കിടന്നും ഇരുന്നും തോളില്‍ തൂങ്ങിയും ചിരിച്ചുമറിയുന്ന ഒറ്റ എണ്ണത്തിന്റെയും മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരക്ഷരം പോലും മിണ്ടാനാകാതെ സകല ഇമേജും പോയി നില്‍ക്കുമ്പോള്‍ മൊബൈലില്‍ വീണ്ടും കോള്‍.

'വിവേക് കോളിങ്ങ്'

"എന്താടാ @@#%$%**നെ നീ അവിടെ നില്ല്...കേറിയെങ്ങാന്നും വന്നാല്‍ എടുത്തുടുക്കും ഞാന്‍ " ഞാന്‍ ഫോണെടുത്ത് ഇത്രയും പറഞ്ഞ് കട്ട് ചെയ്തു. ഹൊ, എന്തൊരാശ്വാസം !

ചിരിച്ചോണ്ടു നില്‍ക്കുന്ന ഭ്രാന്തന്റെ മുന്നില്‍ പുഷപ് എടുത്തിട്ട് ഒരു കാര്യവുമില്ല' എന്നാണല്ലൊ പഴംചൊല്ല്! ഒരൊറ്റ നിമിഷം കൊണ്ട് ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആയി.

"എന്താടി ചിരിക്കുന്നെ..?? " കുരുപൊട്ടി നില്‍ക്കുന്ന എന്നെ നോക്കി കിണിക്കുന്ന ദേവിയോട് ഞാന്‍ .

"ഹഹ...നല്ല മാച്ചിങ്ങായിരുന്നു..സ്റ്റെപ്പിനു സ്റ്റെപ്പു വച്ചല്ലേ ചാടിയെ..." ലവള്‍

"നിന്റെ അച്ചനും പണ്ടിതേ പോലെ എന്റെ കൂടെ സ്റ്റെപ് വച്ചിട്ടുണ്ടായിരുന്നു..പൊയ്ക്കോണം അവിടുന്ന്.." എന്റെ എല്ലാം പൊട്ടി.

"ടാ...അഹങ്കാരത്തിന്നു കയ്യും കാലും വച്ചതാ നീ" സ്കോര്‍ (1 - 0)

"അതിനൊരു വാലും കൊമ്പും കൂടിയായല്‍ നീയായി" സ്കോര്‍ (1 - 1)

"നാറുന്നു...പോയി കുളിയെടാ.." പേടിച്ചു വിയര്‍ത്തതാണെന്ന് എങ്ങനാ പറയാ..??

"മൂക്കിനു താഴെ വായിരുന്നാല്‍ ഇങ്ങനെ പലതും തോന്നും " കളി നിര്‍ത്തി. ഞാന്‍ ജയിച്ചു. സ്കോര്‍ (1 - 2)

ഇനിയും അവിടെ നിന്നാല്‍ എന്നെ ലവളുമാരെല്ലാം കൂടി വലിച്ചു കീറും എന്നു തോന്നിയതിനാല്‍ ഞാന്‍ പതുക്കെ സ്ഥലം വിട്ടു.

തിരിച്ച് ടെന്റില്‍ ചെന്നു കേറിയതും ,

"ആ ഒന്ന്..ആ രണ്ട്...ഡാ അങ്ങനല്ല..ഇങ്ങനെ..ആ മൂന്ന്"

കുളക്കോഴി ഉണ്ണിക്കു പറഞ്ഞു കൊടുക്കുന്നു. പൊട്ടാന്‍ കുരുവൊന്നും ബാക്കി ഇല്ലാതിരുന്ന എനിക്ക് സകല കണ്ട്രോളും പോയി.

പക്ഷെ എന്തേലും ചെയ്യാന്‍ പറ്റോ..? പറ്റിയതെനിക്കല്ലെ..? അനുഭവിക്കാം ..അല്ലാതെന്താ ?

(തുടരും )

മൈ ഊളന്‍പാറന്‍ ഡേയ്സ് (2)

"ഡെയ്...സാറിനിതെന്തിന്റെ കേടാ...ഇവിടെ വന്നു കുറ്റിയടിച്ചു കിടക്കുന്നതും പോരാ..ഇനി ചുറ്റിക്കറങ്ങിയെങ്കിലേ ഒക്കത്തുള്ളോ..??" മീറ്റിങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ഉണ്ണി.

"നമ്മള്‍ കേറി വന്നപ്പോഴേ ആ മരത്തിന്റെ മൂട്ടിലിരുന്ന ഒരുത്തന്‍ എന്നെ വശപ്പിശകായി നോക്കുന്നുണ്ടായിരുന്നു.." കുളക്കോഴി.

ഉച്ചയ്ക്ക് ഊണിനു സാറിന്റെ വക ചിക്കന്‍ ബിരിയാണിയായിരുന്നു എല്ലാര്‍ക്കും . 'എന്നെ തിന്നാലും
തിന്നില്ലെങ്കിലും എനിക്കൊന്നുമില്ല' എന്ന രീതിയില്‍ സലാഡിനടിയിലിരിക്കുന്ന പപ്പടവും 'എന്നെ വയ്ക്കേണ്ടടുത്ത് വയ്ക്കാനറിയാത്ത ഏവനാടാ അത്?' എന്ന രീതിയില്‍ പപ്പടത്തിനു മുകളിലിരുക്കുന്ന സലാഡും ' എന്നെ ഇപ്പൊ തിന്നോ, പക്ഷെ നാളെ രാവിലെ നീയൊക്കെ എന്റെ തനിസ്വരൂപം കാണും ' എന്ന രീതിയിലിരിക്കുന്ന അച്ചാറും കൂട്ടി ഞങ്ങളെല്ലാരും ബിരിയാണി അടിച്ചു.

'കയ്യെത്തുമ്പൊ അറിയാതെ തുറന്നു പോകുന്നതാ, അല്ലാതെ വേണൊന്നു വച്ചിട്ടല്ല' എന്ന പോസില്‍ പ്ളേറ്റിന്റെ മുകളില്‍ കമിഴ്‌ന്നു കിടക്കുന്ന ഉണ്ണിയ കണ്ടപ്പൊ 'ഡെയ്,അത് നിന്റെ മറ്റവളല്ല ഇത്ര ആക്രാന്തം കാണിക്കാന്‍ ' എന്നു പറയണമെന്നുന്ടായിരുന്നു.

ബിരിയാണിയുമടിച്ച് കയ്യും കഴുകി ബെഡില്‍ ചെറുതായൊന്നു ചാച്ചാമെന്നു കരുതി കിടന്നു.

കണ്ണടയ്ക്കുന്നതിനു മുന്നെ എവിടെന്നാണെന്നറിയില്ല 'ടപ്പ്' എന്ന ശബ്‌ദത്തോടെ ഒരു ഗ്രാസ് ജമ്പര്‍ , ഐ മീന്‍ ഒരു പുല്‍ച്ചാടി എന്റെ മൂക്കിനും ചുണ്ടിനുമിടയിലുള്ള വളരെ സെന്‍സിറ്റീവായ ഭാഗത്ത് ! പ്രതിയെ മുന്നില്‍ കണ്ട എസ് ഐയ്ക്ക് കൈ തരിച്ച് തടവുന്ന പോലെ എന്റെ മൂക്ക് നോക്കി ആ പുല്ലന്‍ കൈകള്‍ പരസ്‌പരം തടവുന്നു.'കിയോ' ന്നുള്ള എന്റെ ഒരേ ഒരു വിളിയില്‍ തടവിക്കൊണ്ടിരുന്ന കൈകള്‍ ചെവിയില്‍ പൊത്തിപ്പിടിച്ച് അത് എങ്ങോട്ടോ ജമ്പി.

ഭാഗ്യം , ആരും കേട്ടില്ല. എല്ലാരും ഉറക്കത്തിലാ. ഞാനും കിടന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞുകാണും , 'നിങ്ങളിതു വരെ എണീറ്റില്ലേ' എന്ന വേലപ്പന്‍ സാറിന്റെ ചോദ്യം എന്നെ ഉണര്‍ത്തി. 15 മിനുട്ട് കൊണ്ട് ഞങ്ങള്‍ റെഡിയായി. ഊളന്‍പാറ ചുറ്റി നടന്നു കാണാന്‍ ! ടെന്റിനു വെളിയിലിറങ്ങിയപ്പൊ, ആഹ, ദോണ്ടെ നില്‍ക്കുന്നു, സര്‍വാഭരണ വിഭൂഷികളായിഎല്ലാ ലവളുമാരും .

"നിന്നെയൊക്കെ കെട്ടാന്‍ പോകുന്നവന്‍മാരെ കാണാന്‍ പോകുന്ന പോലാണല്ലൊ നില്‍പ്പ്" ഞാന്‍ ദേവിയെ ചൊറിഞ്ഞു.

"പോടാ...എങ്ങനുണ്ട്?? " നല്ലൊരു ചിരി സമ്മാനിച്ചുകൊണ്ട് ദേവി.

"കൊള്ളാം ...കരീനയെപ്പോലുണ്ട് " ഞാന്‍

"പോടാ...കളിയാക്കിയതല്ലെ എനിക്കറിയാം " ഈശ്വരാ ഊളന്‍പാറയില്‍ വച്ചും ഇവള്‍ക്ക് നാണോ?

"കൂടുതലിളകണ്ട...അവളിരിക്കുന്നിടോം നീ ചിരിക്കുന്നിടോം ഒരേ പോലെ എന്നാ ഉദ്ദേശിച്ചെ.." ഞാന്‍

'ഇനി നീ വാ..ട്ടാ' എന്ന അര്‍ത്ഥത്തില്‍ എന്നെ ഒന്ന് നോക്കി, അവള്‍ ഭൂമി ചവിട്ടിക്കുലിക്കിയങ്ങു പോയി.

ഞങ്ങള്‍ പതുക്കെ നടന്നു തുടങ്ങി. മയിന്‍ ഗേറ്റിന്റെ മുന്നില്‍ നിന്നു തുടങ്ങുന്ന ഒരു ചെറിയ ടാറിട്ട റോഡിലൂടെ പോയാല്‍ അവിടം മുഴുവന്‍ കറങ്ങാം . ഞങ്ങള്‍ ആ റോഡില്‍ കൂടി നടന്നു. ഇടതു വശത്ത് ആദ്യം കാണുന്നത് അറ്റെന്‍ഡര്‍മാര്‍ക്കുള്ള ഓഫീസ്. വെറും അറ്റെന്‍ഡര്‍മാരല്ല...ഒരു ഒന്നൊന്നരയാ. മുട്ടാളന്‍മാര്‍ . ഭ്രാന്തന്‍മാര്‍ക്ക് ശക്തികൂടും , അപ്പൊ അവരെ ശുശ്രൂഷിക്കുന്നവന്‍മാര്‍ക്കും അതേ.

അവിടെ നിന്നും ഒരല്‍പം കൂടി താഴേയ്ക്ക് നടന്നാല്‍ ഒരു വലിയ ഒറ്റമതില്‍ കാണാം . അതില്‍ കുറെ വലിയ
ഷവര്‍ പൈപ്പുകള്‍ പിടിപ്പിച്ചിരിക്കുന്നു. അതു രോഗികളെ കുളിപ്പിക്കാനുള്ളതാണെന്ന് മനസ്സിലായി. പിന്നെയും താഴോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ ഒരു വലിയ മതില്‍കെട്ട് കാണാം . ഞാന്‍ അതിന്റെ ഗേറ്റിലെ ബോര്‍ഡ് വായിച്ചു.

'ക്രിമിനല്‍ വാര്‍ഡ്'

"അത് ഏറ്റവും വയലന്റായ ആള്‍ക്കാരെ ഇടുന്ന വാര്‍ഡാ...ശെരിക്കും ഭ്രാന്തുള്ളവര്‍ മാത്രല്ല...ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളവരേം ഇവിടാ ഇടുന്നെ...അങ്ങനെയുള്ളവര്‍ വെളിയിലിറങ്ങിയാല്‍ ശെരിയാവില്ല..അതോണ്ടാ ഇവിടെ ഇട്ടിരിക്കുന്നെ."

ഞാന്‍ ഗേറ്റിന്റെ വിടവില്‍ കൂടി ഒരു പാളി നോക്കി.

അതിനകത്തെ സെല്ലുകളില്‍ നിന്നും മുരള്‍ച്ചകളും അലറലുകളും കേള്‍ക്കുന്നു. സെല്ലില്‍ നിന്നും പുറത്തേയ്ക്ക് നീട്ടിപ്പിടിച്ച കൈകള്‍ .

"ബീഡി...ബീഡി താ.." ഗേറ്റിനു പുറത്തെ ആളനക്കം മനസ്സിലാക്കിയ ആരോ സെല്ലില്‍ നിന്നും അലറി.

"ഇവിടുള്ളവരുടെ ഏക ആശ്വാസം ബീഡിയും സിഗററ്റുമാ..." സാര്‍ പറഞ്ഞു.

ശെരിക്കും ഒരു ഭീകരത അന്തരീക്ഷത്തില്‍ തങ്ങി നിന്നു. ഞങ്ങളവിടെ നിന്നും വീണ്ടും താഴേയ്ക്ക് നടന്നു.

പിന്നെ കണ്ടത് ജെനെറല്‍ സെല്ലുകളും മെസ്സ് ഹാളുമായിരുന്നു. എല്ലാം കണ്ടു കഴിഞ്ഞ ശേഷം ഞങ്ങള്‍ ടെന്റുകളിലേയ്ക്ക് തിരിച്ചു നടന്നു.

ഞങ്ങളുടെ ടെന്റിലെത്തണമെങ്കില്‍ രാവിലെ ഞാന്‍ കണ്ട ഗ്ളിറ്റര്‍പേപ്പേഴ്‌സ് കൊണ്ടലങ്കരിച്ചിരുന്ന ആ റൂം കടന്നു വേണം പോകാന്‍ .

അതിനെ ജനാലയുടെ സൈഡില്‍ കൂടി പോയപ്പോള്‍ ഞാന്‍ വീണ്ടും ഉള്ളിലേയ്ക്ക് നോക്കി.രാവിലെ കണ്ട അതേ പയ്യന്‍ അതേ പോലെ ഇരിക്കുന്നു. പാവം ഒറ്റ ഇരുപ്പിനു വട്ടായിപ്പോയതായിരിക്കും !

ആ റൂം പൂര്‍ണ്ണമായും ഞങ്ങളുടെ പിന്നിലായതും ഒരു വിളി,

"മോനേ...ഒന്നു നിന്നേ.."

ഞങ്ങള്‍ തിരിഞ്ഞു നോക്കി. രാവിലെ കണ്ട സ്ത്രീ.കണ്ടിട്ട് പേടിക്കേണ്ട ലക്ഷണമൊന്നും കാണാത്തതുകൊണ്ട് ഞങ്ങള്‍ അടുത്ത് ചെന്നു.

"എന്താ ആന്റി..?" ഞാന്‍ ചോദിച്ചു.

"അതേ...ഈ സ്റ്റാര്‍ തൂക്കണം ...എനിക്കെത്തുന്നില്ല..എന്റെ മോനു ഇതു വലിയ ഇഷ്‌ടാ.." അതു പറയുമ്പോ അവരുടെ കണ്ണുകളില്‍ മകനോടുള്ള സ്നേഹത്തിന്റെയും ഞങ്ങളോടുള്ള അഭ്യര്‍ത്ഥനയുടെയും തിരയിളക്കം .

"അതിനെന്താ ആന്റി...കെട്ടിത്തരാം " ഞാന്‍ ആ വലിയ സ്റ്റാര്‍ അവരുടെ കയ്യില്‍ നിന്നു വാങ്ങി.

സ്റ്റാര്‍ മുകളില്‍ കെട്ടി ഞാന്‍ കയ്യിലെ പൊടി തട്ടിക്കളഞ്ഞു.

"നിങ്ങളകത്തോട്ടിരിക്ക്.." പെട്ടെന്നാണു അവര്‍ ഞങ്ങളെ ആ റൂമിലേയ്ക്ക് ക്ഷണിച്ചത്.

കൊല്ലാന്‍ പിടിച്ച പോലെ ഉണ്ണിയും കുളക്കോഴിയും ബട്ടര്‍ അജയും പിറകോട്ട് മാറി (ഞാനും !).

"പേടിക്കണ്ട...നിങ്ങള്‍ വന്നേ..." അവര്‍ എന്റെ കയ്യില്‍ പിടിച്ചു.

ആദ്യം അവരും അവരുടെ പിറകെ ഞാനും എന്റെ പിറകെ ലവന്‍മാരും റൂമിനകത്തു കയറി.പയ്യന്‍ അപ്പോഴും ആരെയും ശ്രദ്ധിക്കാതെ തല കുനിച്ചു തന്നെ.

വൌ ! ആ റൂമിലെ നാലു ചുവരുകളിലും ഒരു പ്രൊഫഷണല്‍ ചിത്രകാരന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങള്‍ .

"ആന്റീ...ഇതൊക്കെ..?"

"ദാ ഈ ഇരിക്കുന്ന തെമ്മാടി വരച്ചതാ....എന്റെ മോന്‍ " അവര്‍ മകന്റെ മുടിയില്‍ പതുക്കെ തലോടി.

പയ്യന്റെ വായില്‍ നിന്നും ചാളുവ ഒഴുകിയിറങ്ങി. അവര്‍ അത് കൈലേസ് വച്ച് തുടച്ചു കളഞ്ഞു.

"ഇവന്‍ രഘു...എന്റെ ഇളയ മോന്‍ ...മൂത്തവനും അച്ചനും സ്റ്റേറ്റ്സിലാ..." അവര്‍ പറഞ്ഞു.

"എന്താ പറ്റിയെ..?" ഞാന്‍ ചോദിച്ചു.

അവരുടെ ചുണ്ടിലുണ്ടായിരുന്ന പുന്‍ചിരി പെട്ടെന്നു മറഞ്ഞു. കണ്ണുകള്‍ പെട്ടെന്ന് ഈറനായി.

"ഇവനു കുഞ്ഞിന്നാളിലേ വരയ്ക്കാനായിരുന്നു ഇഷ്‌ടം . പഠിക്കുന്ന എല്ലാ ബുക്കിലും വരച്ചു വയ്ക്കും . വലുതായപ്പൊ ഇവന്റെ അച്ചനെയും ചേട്ടനെയും പോലെ എന്‍ജിനീയര്‍ ആക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.. ക്ളാസ്സില്‍ മാര്‍ക്ക് കുറഞ്ഞപ്പോഴൊക്കെ വഴക്കു പറയേം തല്ലുകേമൊക്കെ ചെയ്തു. ഇവന്റെ ഡ്രോയിങ്ങ് ബ്രഷും കളറുമൊക്കെ എടുത്തു കളഞ്ഞു....ഒരു ദിവസം രാവിലെ ഇവന്റെ റൂമില്‍ ചെന്നപ്പൊ കാണുന്നത് ചുവരിലൊക്കെ ചോര കൊണ്ട് വരച്ച പടങ്ങളാ...ന്റെ മോന്‍ ... അവനെ ഞങ്ങളെല്ലാരും കൂടി..."

വാക്കുകള്‍ നിയന്ത്രിക്കാനാകാതെ അവര്‍ മകനെപ്പിടിച്ച് പൊട്ടിക്കരഞ്ഞു.ആ പയ്യനപ്പോഴും ഒരു ഭാവഭേദവുമില്ലാതെ ഇരുന്നു.

"അതിനു ശേഷം ഇവനെ വിട്ട് ഞാന്‍ ഒരിടത്തും പോയിട്ടില്ല..ഇപ്പൊ ഇവിടെ...എന്റെ മോന്റെ കൂടെ...എന്റെ മോന്റെ ലോകം എന്റെ ലോകം ..." അവര്‍ പുന്‍ചിരിക്കാന്‍ ശ്രമിച്ചു.

ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഞങ്ങള്‍ അവിടെ ഇരുന്നു. എന്താശ്വസിപ്പിക്കാന്‍ !

"ആന്റീ...ഞങ്ങള്‍ പത്ത് ദിവസത്തെ ക്യാമ്പിനു വന്നതാ...ദാ തൊട്ടപ്പുറത്തുകാണും ...എന്തെങ്കിലും
ആവശ്യം വന്നാല്‍ വിളിക്കണം ..." ഇറങ്ങാന്‍ നേരം ഞാന്‍ അവരോട് പറഞ്ഞു.

ഞാന്‍ കെട്ടിക്കൊടുത്ത സ്റ്റാര്‍ കാറ്റത്ത് മെല്ലെ ആടുന്നുണ്ടായിരുന്നു.

(തുടരും )

മൈ ഊളന്‍പാറന്‍ ഡേയ്സ് (1)

"ഈ ഊളന്‍ പാറ പാറാന്നു കേട്ടിട്ടുണ്ടോ ?" എന്നുള്ള അമ്മയോടുള്ള എന്റെ ചോദ്യത്തിനു 'ദാ യിപ്പ കേട്ടു' എന്നു വളരെ സിമ്പിളായി ഉത്തരം പറഞ്ഞുകൊണ്ട് എന്റെ സ്വന്തം അമ്മൂമ്മ അതു വഴി കടന്നു പോയി. കൊല്ലും ഞാന്‍ . എന്നെയൊന്നു സീരിയസ് ആകാനും ഇവിടെ ആരും സമ്മതിക്കില്ലാന്നു വച്ചാല്‍ ! ഞാന്‍ വീണ്ടും അമ്മയോട്,

"അമ്മാ വര്‍ഷത്തിലൊരിക്കലുള്ള ക്യാമ്പാ...അതിനു പോയില്ലാന്നു വച്ചാല്‍ .." ഞാന്‍

"ഒന്നും പറ്റില്ല...പത്തു ദിവസം ..അതും ഊളന്‍ പാറയില്‍ ...പോയി പണി നോക്കെട" അല്ലേലും ഈ അമ്മമാര്‍ ഇങ്ങനെയാ.

"അമ്മാ പത്തു ദിവസം ദാന്നു പറഞ്ഞു പോകില്ലേ...അതു കഴിഞ്ഞ് ഞാനിങ്ങു തിരിച്ചു വരില്ലേ" അമ്മയെ ഞാന്‍ ആശ്വസിപ്പിച്ചു.

"നീ തിരിച്ചു വന്നില്ലേലും സാരില്ല....പക്ഷെ നീ എവിടാന്ന് ആള്‍ക്കാരു ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും ...ഊളന്‍ പാറയിലാണെന്നോ?" വാട്ട് ദ ഹെല്‍ !!

ഓഹോ..അപ്പൊ ലതാണു കാര്യം . അല്ലാതെ എന്നെ മാറി നില്‍ക്കുന്നതുകൊണ്ടുള്ള വിഷമമല്ല !

"ഹും ...എങ്കി ഞാന്‍ അപ്പച്ചീടെ വീട്ടിലാണെന്നു പറഞ്ഞാല്‍ മതി " ഞാന്‍ അമ്മയ്ക് മുന്നില്‍ ഒരു സൊലൂഷന്‍ ഇട്ടു.

അങ്ങനെ ഒരു വിധം അമ്മയേയും അമ്മൂമ്മയേയും ചേച്ചിയേയും ചേട്ടനേയും സമ്മതിപ്പിച്ച് (വീട്ടില്‍ വേറെയുള്ളതൊരു പട്ടിയ...ആ നായിന്റെ മോനെ എനിക്ക് പണ്ടേ ഇഷ്ടമല്ല...സൊ അവനോട് അനുവാദം വാങ്ങണ്ട !) ഞാന്‍ എന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ എന്റെ പെട്ടിയും പാണ്ടവുമായി സര്‍ക്കാറിന്റെ സ്വന്തം വണ്ടിയില്‍ പോളി ടെക്നിക്കിലേയ്ക്ക് യാത്രയായി.പോളിയില്‍ ചെന്നിറങ്ങിയ എന്റെ കണ്ണിനു കുളിരണിയിച്ചുകൊണ്ട് സുമയും ദേവിയും അവരവരുടെ പാണ്ടക്കെട്ടുകളുമായി നില്‍ക്കുന്നു (അമ്മയോട് പൊരുതിയതിനു ഫലമുണ്ടായി!).

എല്ലാ അവളുമാരുടെയും അമ്മയും അച്ചനും കൂടെയുണ്ട്. അവരുടെ മുഖഭാവം കണ്ടാല്‍ തോന്നും വല്ല ഉഗാണ്ടയിലോ മറ്റോ ആണു ക്യാമ്പെന്ന്.എല്ലാ അച്ചന്‍മാരുടെയും മുഖത്ത് 'മോളേ ശ്രദ്ധിച്ചോണം ...പ്രത്യേകിച്ച് ദോ ലവനെ' എന്ന ഭാവം .ഞാന്‍ പതുക്കെ അവിടുന്നു വലിഞ്ഞു.ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങള്‍ ഭാഗ്യവാന്‍മാരാ.എവിടേലും പൊകണമെങ്കില്‍ എന്താണൊ എന്തോ ഒരു ഉപദേശവും ആരും തരാറില്ല. ഉപദേശിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു കൊണ്ടാവും . വല്ലപ്പോഴും കിട്ടുന്ന ഉപദേശം 'ടാ ട്രെയിനില്‍ കയറുമ്പൊ ബാഗിനകത്ത് കാലു വച്ച് കിടന്നുറങ്ങണം , ടോയിലറ്റില്‍ മാക്സിമം സമയം ഇരിക്കണം , കാശു മുതലാക്കാനുള്ളതാ' തുടങ്ങിയ രീതിയിലുള്ളതയിരിക്കും .

"എല്ലാരും ഇങ്ങു വന്നേ.." വേലപ്പന്‍ സാറിന്റെ ശബ്‌ദം .

ഞങ്ങളെല്ലാരും സാറിനു ചുറ്റും കൂടി.

"അതേ...ഇത്തവണ നമ്മുടെ ക്യാമ്പ് ഊളന്‍ പാറ മാനസികാരോഗ്യ കേന്ദ്രത്തിലാ...അവിടെ പല തരത്തിലുള്ള ആള്‍ക്കാരെ കാണേണ്ടി വരും .. ഇതൊരു നല്ല അനുഭവമായി മാറണം ക്യാമ്പ് തീരുമ്പൊ...പിന്നെ എന്നും മൂന്നു മണീ വരയേ വര്‍ക്ക് ഉണ്ടാകു...അതു കഴിഞ്ഞാല്‍ കല്‍ച്ചറല്‍ പ്രോഗ്രാംസായിരിക്കും .. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യണം ....അപ്പൊ എല്ലാരും ബസിലോട്ട് കേറിക്കേ.." സാര്‍ നിര്‍ത്തി.

ഞങ്ങളെല്ലാരും ബസില്‍ കയറി. ഈ ലോകത്തെവിടെ ആയാലും മലയാളികള്‍ക്ക് ജന്‍മനാ കിട്ടുന്ന ഒരുസ്വഭാവമാണു
ഒരു കാര്യവുമില്ലാതെ തിക്കിത്തിരക്കി കളിക്കുക എന്നത്. രണ്ടു പേരേ ആകെയുള്ളു എങ്കിലും ചുമ്മ തള്ളിക്കളയും !

ഒടുവില്‍ ഉണ്ണിയുടെ വിങ്സിനും സുമയുടെ ഷോളിനുമിടയില്‍ പെട്ട് ഞാന്‍ ബസിനകത്തെത്തി.ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കപ്പഴം കണ്ട പോലെ ഒരു അറ്റാക്കല്ലായിരുന്നോ സീറ്റിനു വേണ്ടി. എന്റെ രണ്ടു വലിയ ബാഗുകളില്‍ ഒന്ന് , ഞാന്‍ ഇരിക്കാന്‍ പോയ സീറ്റില്‍ കുളക്കോഴി രാജ് മോഹന്‍ ഇരുന്നതിനാല്‍ അവന്റെ മടിയില്‍ കൊണ്ടിട്ടു.

"ഇതെന്തോന്നാടാ...നീ പാറക്കല്ലും കൊണ്ടാണോ വന്നിരിക്കുന്നെ? " ലവന്‍

"അതൊക്കെ അവിടെ ചെന്നിട്ടു പറയാം " ഞാന്‍ അവന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി മുകളില്‍ വച്ചു.

"ദേവീ...ബാഗ് വയ്ക്കാന്‍ സഹായിക്കണോ..?" ഉണ്ണി. കുനിഞ്ഞൊരു സൂചിയെടുക്കാത്തവന്‍ , ഇപ്പൊ സഹായിക്കാന്‍ മുട്ടി നില്‍ക്കുന്നു.

"ടാ നിന്നെ സാറു വിളിക്കുന്നു...ഇറങ്ങിനോക്ക്.." ഞാന്‍ ഒരു നമ്പര്‍ ഇറക്കി.

"ദേവീ ഞാന്‍ വച്ചു തരാം " ഉണ്ണി പുറത്തേയ്ക്ക് തലയിട്ടു നോക്കിയതും ഞാന്‍ ദേവിയുടെ ബാഗ് വാങ്ങി മുകളില്‍ വച്ചിരുന്നു.

ദേവിയുടെ ബാഗ് മുകളിലെത്തിയതു കണ്ട ഉണ്ണി, വേറെ ബാഗിനായി ചുറ്റും തപ്പി. സുമയുടെയും അഖിലയുടെയുമൊക്കെ ബാഗുകള്‍ ഈയുള്ളവന്‍ ആദ്യമേ മുകളില്‍ കയറ്റിരുന്നു !

"ഇന്നാ...നിനക്കു മുട്ടി നിക്കുവല്ലേ...ഇതു മുകളിലോട്ട് വയ്ക്ക്.." ഞാന്‍ എന്റെ രണ്ടാമത്തെ ബാഗ് എടുത്ത് ഉണ്ണിയുടെ നേരേ നീട്ടി.

"!@#$%^&*(()*(%%" ഇത്രയും അവന്‍ സ്നേഹത്തില്‍ ചാലിച്ച് എന്റെ ചെവിയിലോട്ടിട്ട് തന്നതിനാല്‍ ആ ബാഗ് ഞാന്‍ തന്നെ കയറ്റി.

"എന്താടാ നീ കഴിഞ്ഞയാഴ്‌ച കളിക്ക് വരാത്തെ..?" ഞാന്‍ ഉണ്ണിയോട്.അവന്‍ ക്ളാസ്സില്‍ വന്നില്ലേലും സാരില്ല. ബട്ട്, കളിക്ക് എത്തിയേ പറ്റു.

"ഒട്ടും വയ്യായിരുന്നളിയാ..ഡോക്‌ടറെ കാണാന്‍ പോയി" ലവന്‍

"ഡോക്‌ടര്‍ക്കിപ്പൊ എങ്ങനുണ്ട്?" ഞാന്‍

"എന്തോന്ന്..?" ലവന്‍

"ടാ..നീയൊക്കെ ഡോക്‌ടറെ കാണാന്‍ പോയാല്‍ പുള്ളിക്കും കൂടി വരും അസുഖം " ഞാന്‍

എല്ലാരും അവരവരുടെ സീറ്റിലിരുന്നു. ബസ് നീങ്ങിത്തുടങ്ങി. വേലപ്പന്‍ സാര്‍ മുന്നില്‍ തന്നെയുണ്ട്.പേരൂര്‍ക്കട കഴിഞ്ഞു രാവിലെ എട്ടു മണിയോടെ തന്നെ ഞങ്ങളുടെ ബസ് ഒരു പടുകൂറ്റന്‍ ചുറ്റുമതിലിലെ ഒരു വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തി.

"ഡെയ്..എണിയെണി...സ്ഥലമെത്തി..." ഉറങ്ങി ഇരുന്നിരുന്ന ഉണ്ണിയ തട്ടിയുണര്‍ത്തി ഞാന്‍ .

ഒന്നും മനസ്സിലാകാതെ അവന്‍ കണ്ണും മിഴിച്ചിരുന്നു.

"എല്ലാര്‍ക്കുമിറങ്ങാം " വേലപ്പന്‍ സാര്‍

ഞങ്ങളോരോരുത്തരായി ബാഗുമായി ബസില്‍ നിന്നിറങ്ങി.ഇറങ്ങിയുടനെ കുളക്കോഴി നേരെ അടുത്തുള്ള ചായക്കടയിലേയ്ക്ക് പോയി.പിറകേ ഞാനും ഉണ്ണിയും .

ഞാന്‍ പെട്ടെന്നു നിന്നു.

"അതേ നിങ്ങള്‍ക്ക് ചായ വല്ലതും വേണേല്‍ വാ...ഇന്നു കുളക്കോഴീടെ ചിലവാ" ഞാന്‍

കേള്‍ക്കേണ്ട താമസം അതുവരെ വലിയ മാന്യകളായി നിന്നിരുന്ന എല്ല ചെല്ലക്കിളികളും മൂടും പറിച്ചിങ്ങു വന്നു.
എന്റെ ഒരൊറ്റ ഡയലോഗിന്റെ പുറത്ത് പത്തുമൊന്നൂറു രൂപ കീറിയ കുളക്കോഴി വിളിച്ച തെറികളൊക്കെ എന്റെ
ഒരു കാതില്‍ കൂടി മറ്റേതില്‍ കൂടി ഇറങ്ങിപ്പോയി. തലയ്ക്കകത്തൊന്നുമില്ലെങ്കില്‍ ഇതാണുപയോഗം ! പക്ഷെ എന്റെ ശ്രദ്ധ മുഴുവനും ആ അടഞ്ഞു കിടന്നിരുന്ന വലിയ ഗേറ്റിലായിരുന്നു.

ഏതു തരം ലോകമായിരിക്കും അതിനുള്ളില്‍ ??

കൊച്ചുവെളുപ്പാന്‍കാലത്ത് തട്ടുകടയില്‍ നിന്നൊരു ചായ കുടിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ.

"ചായകുടിയൊക്കെ കഴിഞ്ഞെങ്കില്‍ നമുക്കകത്തേയ്ക്ക് കയറാം ..ഇനീം താമസിച്ചാല്‍ അകത്തു നല്ല തിരക്കാവും " വേലപ്പന്‍ സാര്‍

അങ്ങനെ ഈ ഞാനുള്‍പ്പടെ 40 പേരടങ്ങുന്ന സംഘം ആ ഗേറ്റിനു മുന്നില്‍ കൂടി. വേലപ്പന്‍ സാര്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു.പെട്ടെന്ന് അകത്തു നിന്നും ആരോ ആ വലിയ ഗേറ്റ് തുറന്നു. തള്ളക്കോഴിയുടെ പിന്നാലെ
കോഴിക്കുഞ്ഞുങ്ങള്‍ വര്വരിയായി പോകുന്ന പോലെ വേലപ്പന്‍ സാരിന്റെ പിന്നിലായി ഞങ്ങളെല്ലാവരും അകത്തേയ്ക്കു കടന്നു.

വൌ...ഒരു വലിയ ആല്‍മരം . അതിന്റെ വിസ്തൃതിയാര്‍ന്ന ചുവട്ടില്‍ വെള്ള ഡ്രസ്സുമിട്ട് കുറച്ചാള്‍ക്കാര്‍ ഇരിക്കുന്നു.

ഞാന്‍ ഒരാളെ നോക്കി ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചു...വീണ്ടും ചിരിച്ചു....ചിരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ പതുക്കെ മുഖം തിരിച്ചു. ഈശ്വരാ, ഇവിടിപ്പൊ ആര്‍ക്കാ അസുഖം ഉള്ളത് , ആര്‍ക്കാ ഇല്ലാത്തതെന്നങ്ങനെ അറിയും ?ഞാന്‍ വീണ്ടും അവിടെയ്ക്ക് നോക്കി.ഒരുത്തന്‍ തലയില്‍ നിന്നും പേന്‍ നുള്ളി സിമന്റ് തറയിലിട്ട് അടിച്ചു കൊല്ലുന്നു ! വേറൊരുത്തന്‍ അവിടെ കളം വരച്ചു കളിക്കുന്നു !

"സാര്‍ ..." ഒരു നീട്ടിയുള്ള വിളി കേട്ട് ഞാന്‍ അങ്ങോട്ട് നോക്കി.

"സാര്‍ ...പേടിയാകുന്നു.." ദേവി.

"ഹ..എന്തിനാ പേടിക്കുന്നെ...ഇവരൊക്കെ നമ്മളെപ്പോലുള്ളവരാ...ഐ മീന്‍ ...നമ്മളേപ്പോലെ ആയിരുന്നവരാ...നമ്മള്‍ക്ക് സെപെറേറ്റ് റൂംസ് ഉണ്ട്..നമുക്കങ്ങോട്ടു പോകാം .." സാറിന്റെ കൂടെ നിന്നിരുന്ന,
അറ്റെന്‍ഡര്‍ ആണെന്നു തോന്നുന്നു, ഒരാളുടെ പിറകെ ഞങ്ങളെല്ലാം ഇടതു വശത്ത് കണ്ട ഒരു ഓടിട്ട കെട്ടിടത്തിന്റെ സൈഡില്‍ കൂടി നടന്നു.ഒരു മുറിയുടെ ചുവര്‍ ചേര്‍ന്നു നടക്കുന്നതിനിടയില്‍ ഞാന്‍ ആ റൂമിലേയ്ക്ക് ഒന്നു പാളി നോക്കി.

കണ്ണാടി വച്ച ഒരു പയ്യന്‍ കട്ടിലില്‍ മുഖം കുനിച്ചിരിക്കുന്നു. ആ മുറിയുടെ ചുവര്‍ നിറയെ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. ഒരു സ്ത്രീ മുറിയൊക്കെ ഗ്ളിറ്റര്‍ പേപ്പറുകളും ബലൂണുകളും കൊണ്ട് അലങ്കരിക്കുന്നു. ഞാന്‍ പെട്ടെന്ന് അന്നത്തെ ഡേറ്റ് ഓര്‍ത്തു. ഡിസംബര്‍ 23. രന്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ കൃസ്മസ് !

അവരാരാണെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ ഉള്ള സാഹചര്യമല്ലാതിരുന്നതുകൊണ്ട് ഞാന്‍ മുന്നോട്ട് തന്നെ നടന്നു.

എല്ലാ എന്‍ എസ് എസ് ക്യാമ്പിന്റെയും പ്രത്യേകത ഞങ്ങള്‍ക്ക് താമസിക്കാനുള്ള ടെന്റ് ഞങ്ങള്‍ തന്നെ ഉണ്ടാക്കും
എന്നതാകുന്നു. ബോയ്സിനും ഗേള്‍സിനും വേറേ വേറേ.

ഒരു വലിയ ഗ്രൌണ്ട്.ഞങ്ങള്‍ വലിയ ടാര്‍പോളിയം എടുത്ത് വിരിച്ചു.ഞങ്ങളുടെ ടെന്റ് കെട്ടാന്‍ അധിക സമയം വേണ്ട് വന്നില്ല.ഞങ്ങള്‍ക്ക് നല്‍കിയിരുന്ന ബെഡും മറ്റും അതിനുള്ളില്‍ അറേന്‍ജ് ചെയ്തു.

"ഡെയ് ലവളുമാരുടെ ടെന്റ് അങ്ങു ദൂരെയാ..വേറൊരു ഗ്രൌണ്ടില്‍ ..." ഉണ്ണിക്കു വിഷമം .

പെട്ടെന്ന് അവന്റെ 500 രൂപയുടെ റിലയന്‍സ് മൊബൈല്‍ ചിലച്ചു. അവന്റെ മുഖഭാവം കണ്ടപ്പൊ മനസ്സിലായി
അതവന്റെ ലൈന്‍ ആണെന്ന്. ഇനി അവന്‍ ഒരക്ഷരം മിണ്ടില്ല. മൂളല്‍ മാത്രെ ഉള്ളു. 10-15 മിനുട്ട് കഴിഞ്ഞപ്പൊ
ഫോണ്‍ കട്ട് ചെയ്ത് അവന്‍ വന്നു.

"എന്താടാ....?" എന്റെ ബെഡ് റെഡി ആക്കി ബാഗുകള്‍ അതിനടിയില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

"എന്തോന്നെഡെയ് ഇത്...ഇവള്‍ക്കെപ്പൊ വിളിച്ചാലും എന്നെ ഉപദേശിക്കാനേ സമയമുള്ളോ?" ലവന്

"നിന്റെ സ്വഭാവം നന്നായി അവള്‍ക്കറിയാം .." ഞാന്‍

"എന്നെ ഇവളൊരു ഇമ്രാന്‍ ഹാഷ്‌മിയാക്കും " അവന്‍

"അതെന്താ?" എനിക്ക് മനസ്സിലായില്ല.

"അവനാരാ മോന്‍ ... അവന്റെ കൂടെയുള്ള പെണ്ണുങ്ങളെ അവന്‍ വാ തുറക്കാനേ സമ്മതിക്കില്ല..എപ്പോഴും ഉമ്മ വച്ചോണ്ടിരിക്കുവല്ലേ..പിന്നെ ലവളുമാരെങ്ങനെ വാ തുറക്കും " പോയിന്റ് !


"ഡെയ് രാത്രി ആയാല്‍ ഇവിടെ വെട്ടം വേണ്ടേ...? കൊണ്ടു വന്ന ട്യൂബ് ലൈറ്റ്സൊക്കെ എവിടെ ?" ചായ വാങ്ങിക്കൊടുത്ത് നിക്കര്‍ കീറിയിരിക്കുന്ന കുളക്കോഴി.

ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി, അപ്പുറത്ത് ഗേള്‍സിന്റെ ക്യാമ്പിലെത്തി.

"ഡെയ്...അവളുമാരതിനിടയില്‍ ഡ്രെസ്സ് മാറിയൊ..?? അടിയില്‍ തന്നെ ഇട്ടോണ്ട് വന്നിരിക്കും " ദേവിയും സുമയുമൊക്കെ വേറേ ഡ്രസ്സില്‍ നില്‍ക്കുന്നതുകണ്ട് എന്തോ മിസ്സായ പോലെ കുളക്കോഴി.

ഞങ്ങള്‍ സാറിനെ കണ്ടു, അവിടിരുന്ന 2-3 റ്റ്യൂബ് ലൈറ്റുകള്‍ എടുത്തുകൊണ്ടു തിരിച്ചു വന്നു.

ഓഫീസാണോ സെല്‍ ആണോ എന്നറിയാന്‍ വയ്യാതെ പേടിച്ച് പേടിച്ച് ഞങ്ങള്‍ അടുത്ത കെട്ടിടത്തിലെത്തി. ഭാഗ്യം , അവിടെ ഡോക്‌ടേഴ്‌സെന്നു തോന്നിക്കുന്ന കുറച്ചുപേരെ കണ്ടു.വേലപ്പന്‍ സാര്‍ നേരത്തെ അവരുമായി സംസാരിച്ചിരുന്നതിനാല്‍ ലൈറ്റിനാവശ്യമായ പവര്‍ അവിടുന്നെടുക്കാന്‍ അനുവാദം കിട്ടി. വയര്‍ വലിച്ച് ഞങ്ങള്‍ റ്റ്യൂബ് ലൈറ്റ് കത്തിച്ചു നോക്കി.

അയ്യോ പാവം . ശാപം കിട്ടിയതു പോലെ റ്റ്യൂബ് ലൈറ്റുകള്‍ കത്താന്‍ വേണ്ടി പരാക്രമം നടത്തുന്നു !
ഉള്ളതു കൊണ്ട് ഓണം പോലെ. എന്റെ മൊബൈലില്‍ (ഞാനുമന്ന് അംബാനിക്ക് വേണ്ടപ്പെട്ടവനായിരുന്നു !) സാറിന്റെ കോള്‍ .ഗേള്‍സിനെയും കൂട്ടി സാറുടനെ ഞങ്ങളുടെ ഗ്രൌണ്ടിലെത്തുമെന്ന്. ഞങ്ങളും റെഡിയായി ഗ്രൌണ്ടിലിറങ്ങി.ഗേള്‍സ് ഒരു സൈഡില്‍ , ബോയ്സ് ഒരു സൈഡില്‍ . ഗ്രൌണ്ടിലെ ഓഡിറ്റോറിയത്തില്‍ വേലപ്പന്‍ സാര്‍ കയറി.

"അപ്പൊ നമ്മളെല്ലാരും ഇവിടെയെത്തിയിരിക്കുകയാണ്.ഇവിടെ വന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന്
എല്ലാര്‍ക്കുമറിയാമല്ലോ...ഇവിടെയുള്ള കേടായ ഫര്‍ണിച്ചറുകളും എലക്‌ട്രിക് ഉപകരണങ്ങളും നേരെയാക്കികൊടുക്കുക്ക..അതാണു നമ്മുടെ ലക്ഷ്യം "

ഹ പഷ്‌ട്. സംഗതി ഇലക്‌ട്റോണിക്സും എലക്‌ട്രിക്കലുമൊക്കെയാണു പഠിക്കുന്നതെങ്കിലുമ് ഇപ്പോഴും ഫ്യൂസായ ബള്‍ബ് മാറാനുള്ള 'ആമ്പിയര്‍ ' ഞങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല.ഇനിയിപ്പൊ ഇവിടുള്ളത് റിപ്പയര്‍ ചെയ്താല്‍ എല്ലാരും കൂടി പിടിച്ച് സെല്ലിലിടും , അതുമല്ലെങ്കില്‍ വെളിയില്‍ നിന്ന് വേറേ ആള്‍ക്കാരെ വരുത്തി ഞങ്ങള്‍ റിപ്പയര്‍ ചെയ്ത ഐറ്റംസിനെ റിപ്പയര്‍ ചെയ്യേണ്ടി വരും .

"എന്നും രാവിലെ ഫിസിക്കല്‍ ട്റെയിനിങ്ങ് ഉണ്ടായിരിക്കും .. അതിനു ഗൈഡായി നമ്മുടെ ദീപക്കിനെ ഞാന്‍ സെലക്‌ട് ചെയ്തിരിക്കുന്നു " വാട്ട് ദ ഹെല്‍ !!

"അപ്പൊ നാളെ മുതല്‍ നമ്മള്‍ വര്‍ക്ക് തുടങ്ങുന്നു. ഇന്നു ഊണിനു ശേഷം എല്ലാര്‍ക്കും കൂടി ഇവിടെ ചുറ്റി നടന്നു കാണാം " സാര്‍ ബ്ളാങ്ക്‌സ് ഫില്‍ ചെയ്തു.


പിന്നേ ചുറ്റി നടന്നു കാണാന്‍ പറ്റിയ സ്ഥലം ! കൊലക്കു കൊടുത്തേ അടങ്ങു അല്ലേ..??


(തുടരും)

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...