Monday, April 11, 2011

ജാക്കിചാന്‍ , ബ്രൂസ് ലി..പിന്നെ ന്റെ ചേട്ടന്‍ !

'ഹീയാ...'


തോടുള്ള കപ്പലണ്ടിയില്‍ നിന്ന് കപ്പലണ്ടി മാത്രം എക്സ്ട്രാക്റ്റ് ചെയ്ത് വായിലേക്ക് വയ്ക്കുന്ന പ്രോസസ്സില്‍ മുഴുകി ഇരുന്നപ്പോളാണ് എന്റെ പിന്നില്‍ ഒരു നിലവിളി കേട്ടത്. സാധാരണ ഞാനിത്തരം കാര്യങ്ങള്‍ ,അതായത് വല്ല കപ്പലണ്ടിയോ വല്ല ചിപ്സോ കഴിച്ചു കൊണ്ടിരുന്നാല്‍ 'ഡാ കണ്ണാ ഉണ്ണാന്‍ വാ " എന്നാ അമ്മയുടെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ശ്രദ്ദിക്കാറെ ഇല്ല .പക്ഷെ ഇവിടെ ശ്രദ്ദിക്കാന്‍ കാരണമുണ്ട് .സാധാരണ വീട്ടില്‍ നിലവിളി കേള്‍ക്കുന്നത് ഞാനും ചേട്ടനും ചേച്ചിയും ഒരുമിച്ചുള്ളപ്പോള്‍ ആണ്.ആദ്യം ചേട്ടനെ ചൊറിഞ്ഞതിന്റെ ഫലമായി ഞാന്‍ നിലവിളിക്കും .എന്നെ രക്ഷിക്കാന്‍ ചേച്ചി വരുന്നത് കൊണ്ട് ചേട്ടന്‍ നിലവിളിക്കും ,അത് കഴിഞ്ഞു ചേട്ടന്‍ വയലന്റ് ആകുമ്പോ ചേച്ചി നിലവിളിക്കും.പിന്നെ അച്ഛന്‍ വന്നാല്‍ ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് കൂട്ടത്തോടെ നിലവിളിക്കും. ഇതാണതിന്റെ ഒരു രീതി .പക്ഷെ ഇവിടെ ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചല്ല.ഈ അസ്വാഭാവികത എന്നെ വല്ലാണ്ടങ്ങ് ആകാംഷഭരിതനാക്കി.ഞാന്‍ തിരിഞ്ഞുനോക്കി.

ചേട്ടന്‍ ! തോളില്‍ സ്കൂള്‍ ബാഗും തൂക്കി ബ്രൂസ് ലിയെപ്പോലെ നില്‍ക്കുന്നു.




എന്നെ നോക്കി കാലുപൊക്കി, വീണ്ടും യീഹാ!!




മുരളീധരനും ചെന്നിത്തലയും കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ കണ്ട് കണ്ണുതള്ളിയ ഉമ്മന്‍ ചാണ്ടിയെപ്പോലെ, കപ്പലണ്ടി ചേട്ടന്‍ കാണാതെ പോക്കറ്റിലിട്ട് ഞാന്‍ വാ പൊളിച്ചു..വീണ്ടും പൊളിച്ചു..പൊളിച്ചോണ്ടേയിരുന്നു!




കാരണം ? യൂറൊപ്പ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോസില്‍ നില്‍ക്കുന്ന ചേട്ടന്റെ പിറകില്‍ അമ്മ!






"അലറിവിളിക്കാതെ വന്നൂടേടാ നിനക്ക്..കറിക്കരിഞ്ഞോണ്ടിരുന്ന എന്റെ കൈ മുറിഞ്ഞു..എല്ലാം കൂടി ചവിട്ടിക്കൂട്ടും ഞാന്‍ " ഇത്രയും കേള്‍ക്കാനുള്ള സമയം ചേട്ടനു കിട്ടുന്നതിനു മുന്നെ ചെവിക്ക് പിടുത്തം വീണിരുന്നു.




"അമ്മാ..അമ്മാ..അടിക്കല്ല്..സ്കൂളി ബ്രൂസ് ലീ.."




വാട്ട് ദ ഹെല്‍ !! സ്കൂളില്‍ ബ്രൂസ് ലിയൊ? ചിലപ്പൊ ശെരിയായിരിക്കും . ഞാന്‍ പഠിക്കുന്ന മലയാളം മീഡിയം സ്കൂളില്‍ ബ്രൂസ് ലി എങ്ങനെ വരാനാ? പുള്ളി കംപ്ലീറ്റ് ഇംഗ്ലീഷല്ലെ..? എന്റെ കണ്ണുകള്‍ ചോദിച്ചു, 'എന്നിട്ട്?'




"പ്ഫ..ബ്രൂസ് ലീ..അങ്ങേരു ചത്തിട്ട് വര്‍ഷങ്ങളായി..ഇനി മേലില്‍ ഇങ്ങനെ അലറി വിളിച്ചോണ്ട് വന്നേക്കരുത്.." എനിക്കുത്തരം കിട്ടുന്നതിനു മുന്നെ അമ്മ ചേട്ടനു വാണിങ്ങ് കൊടുത്തു.




എന്റെ കണ്ണുകള്‍ വീണ്ടും ചോദിച്ചു, 'ബ്രൂസ് ലെ മരിച്ചൊ? അതെപ്പ?'




"അമ്മാതല്ല..ബ്രൂസ് ലീടെ സിനിമ ഇന്ന് സ്കൂളി കാണിച്ച്.." ചെവിയും തടവി പുളിന്‍ചിക്ക കടിച്ച പോലെയുള്ള മുഖവുമായ് ചേട്ടന്‍ പറഞ്ഞു.




ഓഹോ അപ്പൊ അതാണു കാര്യം . ബ്രൂസ് ലീടെ സിനിമ കണ്ടതിന്റെ തിളപ്പാ.ഞാന്‍ പതുക്കെ പോക്കറ്റില്‍ കൈയ്യിട്ട് കപ്പലണ്ടിയെടുത്തു. ഇനി കുറച്ചേ ബാക്കിയുള്ളു. നിന്ന നില്‍പ്പില്‍ രണ്ടെണ്ണം ബാക്കി വച്ച് ബാക്കി വായില്‍ തട്ടി. ബാക്കി വന്ന രണ്ടെണ്ണം ചേട്ടനു നേരേ നീട്ടി,




"ചേട്ടാ..കപ്പലണ്ടി വേണോ? ഇപ്പൊ തീര്‍ന്നേനെ.."




കപ്പലണ്ടിയെന്ന് കേട്ട് ചെവിയില്‍ പിടിച്ചിരുന്ന കൈയ്യെടുത്ത് എന്റെ നേരെ നീട്ടി.




"ടാ..ഇന്നച്ചന്‍ വരുമ്പൊ നീ പറയോ എന്നെ കരോട്ട (ഇന്നത്തെ കരാട്ടെ!) പഠിക്കാന്‍ വിടാന്‍.. നീ പറഞ്ഞാ അച്ചന്‍ കേള്‍ക്കും " കപ്പലണ്ടി വായിലിട്ട് ചവച്ചത് തന്നെ വീണ്ടും ചവച്ചുകൊണ്ട് ചേട്ടന്‍ .




ആഹ, ബെസ്റ്റ്.




"ഞാന്‍ പറഞ്ഞാ അച്ചന്‍ കേക്കൂല്ല..എങ്കി പിന്നെ അച്ചന്റെ സ്കൂട്ടറോടിക്കാന്‍ തരോന്ന് ചോദിച്ചപ്പൊ തരാത്തെന്താ?" എന്റെ ചോദ്യം തികച്ചും ന്യായം !




"അത് വല്യോര്‍ക്കൊള്ളതാടാ..നീ ഇത് പറേണം ..മറക്കല്ല്.." ഒരു വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച് ചേട്ടന്‍ അടുക്കളയിലേയ്ക്ക് പോയി.




രംഗം : രാത്രി അച്ചന്റെ അടുത്തൂടെ ഞാനും ചേട്ടനും കറങ്ങി നടക്കുന്നു. എന്തോ വായിച്ചുകൊണ്ടിരുന്ന അച്ചന്‍ ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കുന്നുണ്ട്.




"പറേടാ ടാ..ഇപ്പൊ പറ..പറ" എന്റെ മുതുകത്ത് കുത്തിക്കൊണ്ട് ചേട്ടന്‍ എന്നെ ഡെയിന്‍ജര്‍ സോണിലേയ്ക്ക് തള്ളി.




"ച്ചാ..അതെ.." ഞാന്‍ അച്ചന്റെ അടുത്തേയ്ക്ക് നീങ്ങി.അച്ചന്‍ മുഖമുയര്‍ത്തി 'എന്താ?' എന്നര്‍ത്ഥത്തില്‍ നോക്കി.


"ദാണ്ടെ..ഈ ചേട്ടന്‍ പറേണ്..എന്നെ കരാട്ടെ പഠിപ്പിക്കാന്‍ വിടാന്‍ "




എന്റെ പിറകില്‍ ഇപ്പൊ തള്ളിയ രണ്ടുകണ്ണുകള്‍ !







ഞാന്‍ അങ്ങോട്ട് നൊക്കിയതേയില്ല. നോക്കീട്ടും കാര്യമില്ല. ഇനി വാങ്ങാനുള്ളതെല്ലാം കട്ടിലില്‍ കേറുന്നതിനു മുന്നെ കിട്ടും . എന്തായാലും ചേട്ടനു കരാട്ടെ പഠിക്കണം . അപ്പൊ ഞാന്‍ ഇവിടെന്തുചെയ്യും ?


"ഹും ..? നിനക്ക് പഠിക്കണോ..?"


"അല്ല..ചേട്ടന്‍ പറഞ്ഞ്..അതോണ്ട്.." ഞാന്‍ വീണ്ടും
.
"നിനക്ക് പഠിക്കണോങ്കി പറാ..ശെരിയാക്കാം ..അല്ലാതെ അവന്‍ പറഞ്ഞതുകൊണ്ട് നീ പോണ്ടാ"


"എന്നാ പിന്നെ ചേട്ടനേം കൂടി വിടോച്ചാ..ഞാന്‍ പോയാ ചേട്ടന്‍ ഇവിടൊറ്റക്കിരിക്കണ്ടെ" എപ്പോഴും ആദ്യം നമ്മുടെ കാര്യം നോക്കിയിട്ടെ മറ്റുള്ളൊര്‍ടെ കാര്യത്തില്‍ തലയിടാവു, യേത്?


"ഹും ..ഞാന്‍ ആ പ്രസാദിനോട് പറയാം .. എന്നാന്നു വച്ചാ പോയ്ക്കൊ.." അച്ചന്‍ വീണ്ടും വായനയിലേയ്ക്ക്.


"ഹോ..ഇനി അതിന്റെ കുറവൂടേയുള്ളു..ഒരുത്തന്‍ ഒരു സിനിമ കണ്ടപ്പൊ എന്റെ കൈ മുറിഞ്ഞു..ഇനി പഠിക്കാനും കൂടി പോയാല്‍ എന്റെ കഴുത്തിനുമോളില്‍ തല വച്ചേക്കോ ഇവന്‍മാര്..." :P


ഈ അമ്മേടൊരു കാര്യം .അല്ലേലും അമ്മയ്ക്ക് പണ്ടേ അങ്ങനാ തലയെന്ന് വച്ചാ ജീവനാ!


പിന്നീടുള്ള ദിവസങ്ങളില്‍ രാത്രി കിടക്കുന്നതിനു മുന്നെ ഇന്നാരുടെ കൂടെ ഫൈറ്റ് ചെയ്യുന്നത് സ്വപ്നം കാണണം എന്നാദ്യമേ നിശ്ചയിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. 'ഇന്ന് ബ്രൂസ് ലീ..നാളെ..നാളേം ബ്രൂസ് ലി തന്നെ മതി..അവനിത്തിരി ജാടയാ' എന്നൊക്കെ വിചാരിച്ച് കിടക്കും . പല രാവിലെകളിലും അമ്മ ചേട്ടനോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട് 'എന്തോന്നാടാ പാതി രാത്രികിടന്ന് കൂവുന്നത്'.


അച്ചന്‍ പറഞ്ഞതനുസരിച് അന്‍ചാം ക്ലാസ്സില്‍ കളിക്കുന്ന ഞാനും ആറാം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടനും പ്രസാദേട്ടന്‍ എന്ന് വിളിക്കുന്ന മാസ്റ്റര്‍ പ്രസാദിന്റെ അടുത്ത് കരാട്ടെ പഠിക്കാന്‍ പോയി.


ആദ്യത്തെ ഒരു മാസം നടന്നത് ഇത്രയുമായിരുന്നു, പുഷപ്പ് , ചിന്നപ്പ് , വീണ്ടും പുഷപ്പ് (കാല്‍ അകത്തിയത്), പുഷപ്പ് (ഒരു കാല്‍ പൊക്കി വച്ച്), പുഷപ്പ് (രണ്ട് കാലും മുകളില്‍ വച്ച്), ഏറ്റവും ഒടുവില്‍ വീട്ടിലേയ്ക്ക് നടത്തം (നടുവളച്ച്). ന്റെ പൊന്നൂ..!! :(


രണ്ടാം മാസം നടന്നത് ഇത്രയുമായിരുന്നു, പ്രസാദേട്ടന്‍ എന്നെ വിളിക്കുന്നു. അവിടെ പഠിക്കാന്‍ വരുന്ന മറ്റുള്ളോര്‍ക്ക് ഡെമോന്‍സ്ട്റേറ്റ് ചെയ്യാനായി എന്നെ കുനിക്കുന്നു, ഇടിക്കുന്നു. അതുകഴിഞ്ഞ് ചേട്ടനെ വിളിക്കുന്നു. ഇടിക്കുന്നു, കുനിക്കുന്നു, വീണ്ടും ഇടിക്കുന്നു. ഏറ്റവും അവസാനം വീട്ടിലേയ്ക്ക് നടത്തം (നടു വളയ്ക്കാതെ..ഐ മീന്‍ വളയ്ക്കാന്‍ പറ്റാതെ).


കരാട്ടെ പഠിക്കുന്നതിനു മുന്നെയുള്ള രാത്രികളില്‍ 'യീഹാ..ഹുയ്' എന്നൊക്കെയുള്ള ശബ്‌ദമുയര്‍ന്നിരുന്ന ഞങ്ങളുടെ റൂമില്‍ നിന്ന്, കരാട്ടെ പഠിക്കാന്‍ പോയതിനുശേഷം 'ഹമ്മോ..നോവണ്..' എറ്റ്സെട്രാ എറ്റ്സെട്രാ വന്നുതുടങ്ങി.


സംഗതി ഇത്രത്തോളം , അതായത് കരാട്ടെ പഠിക്കാന്‍ പോയിപ്പോയി കക്കൂസിലൊന്ന് നേരേയിരിക്കാന്‍ പോലുമാകാതെ വന്നപ്പൊ, ഈയുള്ളവന്‍ ഒരു തീരുമാനമെടുത്തു, ആ തീരുമാനം വീട്ടില്‍ ഉറക്കെ പ്രഖ്യാപിച്ചു,


'അച്ചാ..അമ്മാ..ഞാന്‍ പഠിച്ച്..എനിക്ക് മതി..' !!!


തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ചേട്ടന്‍ ഒറ്റയ്ക്കായി കരാട്ടെ പഠിത്തം. മകന്റെ ഉത്സാഹം കണ്ട് അച്ചന്‍ ചേട്ടനു മിക്കപ്പോഴും പൊറോട്ടേം ചിക്കനും വാങ്ങിക്കൊടുത്തിരുന്നു. കോഴിയുടെ എല്ലുകള്‍ ചേട്ടന്റെ എല്ലിന്റെ ഇടയ്ക്ക് കേറിയത് മുതല്‍ എനീക്ക് കഷ്ടകാലം തുടങ്ങി.


ചേട്ടന്‍ ക്ലാസ്സ് കഴിഞ്ഞ് വന്നാലുടനെ നേരേ റൂമിലേയ്ക്ക് വന്ന് വല്ല പാവം പിടിച്ച കപ്പലണ്ടിയോ മിക്സ്ചറൊ തിന്നോണ്ടിരിക്കുന്ന എന്നെ തൂക്കിയെടുക്കും . എന്നിട്ട് നേരെ മുറ്റത്ത് കൊണ്ട് നിര്‍ത്തും . ഒരു ദിവസം ഇതേ പോലെ തൂക്കിയെടുത്ത് കൊണ്ട് നിര്‍ത്തിയിട്ടു പറഞ്ഞു,


"ഡെയ്..നീ ഇങ്ങനെ നില്ല്..ഞാന്‍ റിവേഴ്‌സ് കിക്ക് ചെയ്യും ..നിന്റെ തലേ കൊള്ളൂല്ല..പേടിക്കണ്ട.."


ഞാന്‍ നിന്നു, സര്‍ക്കസ്സില്‍ കത്തിയേറുകാരന്റെ മുന്നില്‍ കാലുകളകത്തി ചുവരോട് ചേര്‍ന്ന് നില്‍ക്കുന്നവനെപ്പോലായിരുന്നു എന്റെ അവസ്ത്ഥ!


ചേട്ടന്‍ റിവേഴ്‌സ് കിക്കെടുത്തു !






ഡും !!


വെല്‍ , ആക്‌ച്വലി, പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ആടിയിരുന്ന എന്റെ ഒരണപ്പല്ലങ്ങൂരിത്തെറിച്ചു !


രംഗം : ചേട്ടനെ ആ ഏരിയയില്‍ കാണുന്നില്ല. ഞാന്‍ മുറ്റത്ത് തെറിച്ച പല്ലുതപ്പുന്നു.


അന്ന് രാത്രി വീട്ടില്‍ ചേട്ടന്റെ കൂവല്‍ കേട്ടു, 'അടിക്കല്ലച്ചാ..അടിക്കല്ല്..ഇനി ചെയ്യൂല്ല..സത്യായിട്ടും ചെയ്യൂല്ല'


അതിനു ശേഷം ചേട്ടന്‍ എന്നെ മുറ്റത്ത് തൂക്കിയെടുത്തുകൊണ്ട് നിര്‍ത്തിയാല്‍ ആദ്യം എന്റെ വാപൊളിച്ച് പല്ലാടുന്നുണ്ടോന്ന് നോക്കും . അതാണു സ്നേഹം !


അങ്ങനെ മാസങ്ങള്‍ കടന്നപ്പൊ പഠിച്ചതെല്ലാം പരീക്ഷിക്കാന്‍ ചേട്ടനു നറുക്ക് വീണു. അതെ, ചേട്ടന്റെ ആദ്യത്തെ ഡെബ്യൂട്ട് മാച്ച് ! ശ്രീമൂലം ക്ലബ്ബില്‍ വച്ചാണു മത്സരം. അമ്മ പുളകം കൊണ്ടു, അച്ചന്‍ കോരിത്തരിച്ചു, ചേച്ചി രോമാന്‍ചകന്‍ചുകയായി. ഞാനപ്പഴും കപ്പലണ്ടി തിന്നു!


രംഗം : ശ്രീമൂലം ക്ലബ്ബിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തല്‍ക്കാല്ത്തേയ്ക്ക് കരാട്ടേ റിംഗാക്കി മാറ്റിയിരിക്കുന്നു.റിംഗിനു ചുറ്റും കോമ്പറ്റീഷനുവന്ന കുട്ടികളും അച്ചനമ്മമാരും .ചേട്ടന്‍ അച്ചന്റേം അമ്മേടേം കാലില്‍ തൊട്ടുവന്ദിക്കുന്നു.തുടര്‍ന്ന് അംഗത്തട്ടിലേയ്ക്ക്...


എതിരാളി ചേട്ടന്റെ തന്നെ കൂട്ടുകാരനായ ബാലുച്ചേട്ടന്‍ . എല്ലാരുടെയും കണ്ണുകള്‍ ചേട്ടനിലും ബാലുച്ചേട്ടനിലും . റഫറി രണ്ടുപേരുടെയും ബോഡി മുഴുവന്‍ പരതുന്നു.ഒന്നും കിട്ടില്ല എന്നറിഞ്ഞതുകൊണ്ടാവും രണ്ടുപേരുടെയും ചെവിയില്‍ എന്തോ പറയുന്നു, 'ഒന്നൂല്ലേഡെയ്?'. എന്നിട്ട് രണ്ടുപേരുടേയും മദ്ധ്യത്തായി വായുവില്‍ കൈ വീശുന്നു..യുദ്ധം തുടങ്ങി..




ഒരു മിനിറ്റ് ഒരേ ഒരു മിന്റേ യുദ്ധം നീണ്ടോളു. പിന്നെ കാണുന്നത് എന്റെ സ്വന്തം ചേട്ടന്‍ മലര്‍ന്നടിച്ച് തറയില്‍ കിടക്കുന്നതാ!!


രംഗം : കാറില്‍ ഞാനും ചേച്ചിയും ഫ്രണ്ടിലും അച്ചനും അമ്മയും ബാക്കിലും ..അവരുടെ നടുവില്‍ ചേട്ടനും !


"അമ്മാ..എന്നാലും അവനെന്നെ ഇടിച്ച്..." നെന്‍ച് തടവിക്കൊണ്ട് ചേട്ടന്‍.


"പോട്ട് മോനെ..സാരില്ല..ഇവിടാണോ ഇടിച്ചെ..അതെ ഇവിടോ..?" അമ്മ ചേട്ടനു നെന്‍ച് തടവിക്കൊടുക്കുന്നു.


"ന്നാലും അവനു ഞാന്‍ ഉച്ചയ്ക്ക് മുട്ടയൊക്കെ കൊടുത്തിട്ടുള്ലതാ..അവന്‍ എന്നെ ഇടിച്ച്" ചേട്ടനു സങ്കടം സഹിക്കുന്നില്ല.


കാറില്‍ നിന്നിറങ്ങി, ചേട്ടനെയും താങ്ങിപ്പിടിച്ച് അവരിറങ്ങുമ്പോഴും ഞാന്‍ കാറില്‍ തന്നെ ആയിരുന്നു.


'എന്റെ ഒരു കപ്പലണ്ടി ഇവിടെവിടെയോ പോയി..ശെടാ' ;)








********************************* ശുഭം *********************************

24 comments:

  1. dishyoooom............. thega njaanudachu....

    ReplyDelete
  2. തേങ്ങയടിക്കാന്‍ ഏറ്റവും യോഗ്യന്‍ നീ തന്നെയാ..എന്റെ തേങ്ങക്കാരാ!!

    ReplyDelete
  3. ഹ ഹ ഹ ബെസ്റ്റ് കണ്ണാ ബെസ്റ്റ്...
    സീറ്റിന്റെ ഇടയില്‍ കയ്യിട്ടു കപ്പലണ്ടി തിരയുന്ന ആ പയ്യന്‍....
    അടി പൊളി.... ബ്രുസ്.... :))

    ReplyDelete
  4. ഹ ഹ. ശരിയ്ക്ക് ആസ്വദിച്ചു കേട്ടോ.

    ReplyDelete
  5. രസിപ്പിച്ചു കേട്ടോ ..സസ്നേഹം

    ReplyDelete
  6. ഒരുപാട് ചിരിച്ചു... നന്നായെഴുതി.

    ReplyDelete
  7. ഡീപ്സ്...
    കൊള്ളാം.....

    ReplyDelete
  8. നന്നായിട്ടുണ്ട്.എന്നാലും ചേട്ടന്റേയും അനിയന്റേയും ആ ഫോട്ടോസ് ,അതാ ഏറ്റവും നന്നായത്.

    ReplyDelete
  9. ബെസ്റ്റ് സഹോദരന്മാർ....ഒരു ഫോട്ടോയെടുത്തിടണേ...അപൂർവ്വജന്മങ്ങൾ എന്ന ടൈറ്റിലോടെ....എന്നാലും ആ കപ്പലണ്ടി...ശ്ശെടാ..

    ReplyDelete
  10. ചേട്ടന്‍ കേള്‍ക്കണ്ട..തിന്നുകളേം !

    ReplyDelete
  11. :)) nanaaittundu..... Deepz
    Enikishtappettathu ninde chettan ninne purathu kondu poyi thangunnathaanu....Bheshhhh.....:))

    ReplyDelete
  12. പിന്നേം വായിച്ചു..
    പിന്നേം ചിരിച്ചു...

    ReplyDelete
  13. വളരെ നന്നായി .. ഇനീം വരാം :)

    ReplyDelete
  14. ഹ..ഹ..ഹ...ഹ....നല്ല പോസ്റ്റ്‌...

    ReplyDelete
  15. "ഈ അമ്മേടൊരു കാര്യം .അല്ലേലും അമ്മയ്ക്ക് പണ്ടേ അങ്ങനാ തലയെന്ന് വച്ചാ ജീവനാ!"

    Ha..Ha.... Super !!

    ReplyDelete
  16. കൊള്ളാട്ടാ!!

    ആശംസകള്‍!!!

    ReplyDelete
  17. ഹ ഹ ഹ കലക്കി..ചിരിച്ചു ചിരിച്ചു പള്ള ഉളുക്കി:)))

    ReplyDelete
  18. ഹ ഹ ഹ :) രസിപ്പിച്ചു!
    തമാശയുടെ ആ ശൈലി നന്നായി ഇഷ്ടപ്പെട്ടു!

    ReplyDelete
  19. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  20. കൊള്ളാം നന്നായിട്ടുണ്ട്...എന്തായാലും കരാട്ടെ പഠിക്കാന്‍ പോയിപ്പോയി കക്കൂസിലൊന്ന് നേരേയിരിക്കാന്‍ പോലുമാകാതെ വന്നപ്പൊ, ഈയുള്ളവന്‍ ഒരു തീരുമാനമെടുത്തു, ആ തീരുമാനം വീട്ടില്‍ ഉറക്കെ പ്രഖ്യാപിച്ചു,അത് കൊണ്ട് അമ്മക്ക് ഒരു മകന് വിക്ക്സ് പുരട്ടി ചൂട് വെച്ചാല്‍ മതിയല്ലോ..."ഓരോ പാരകള്‍ വരുന്ന വഴിയെ"

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...