Sunday, September 30, 2012

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേയ് (ഒരല്‍പം എരിവുള്ളത്)


ട്രെയിന്‍ ഒരല്‍പം പൊലും കുലുങ്ങുന്നില്ല. ആകാശത്ത് ഇങ്ങനെ പാറി നടക്കുന്ന
പോലെ ഒരു ഫീലിങ്ങ്. അല്ലേലും ട്രെയിനില്‍ കേറിയാല്‍ ഫീലിങ്ങ്‌സ് പെട്ടെന്നങ്ങ് കൂടും . എനിക്ക് മാത്രമല്ല, എന്റെ ഓപ്പോസിറ്റിരിക്കുന്ന എന്റെ സിനിമയില്‍ നായിക കാവ്യാ മാധവനും !

"ഡയറക്‌ടര്‍ സാര്‍ ..." കാവ്യ എന്നെ നോക്കി വിളിച്ചു.

ഷൂട്ടിങ്ങിനായി സ്വിറ്റ്സര്‍ലണ്ടിലെ ലൊക്കേഷിനിലേയ്ക്ക് പോകുകയാണു ഞാനും എന്റെ ക്രൂവും .

"എന്നെ സാറെന്ന് വിളിക്കണ്ട..ദീപ്‌സെന്ന് വിളിച്ചോളു..എനിക്കതാ ഇഷ്ടം ..ഹഹ.." കുലുങ്ങാത്ത ട്രെയിനില്‍ ഞാന്‍ ഒന്ന് കുലുങ്ങിച്ചിരിച്ചു.

"സാര്‍ ..എന്റെ കൈയ്ക്ക് എന്തോ വേദന..ഒരു തരിപ്പ് പോലെ"

വാട്ട് !! അവളുടെ കൈ തരിക്കുന്നെന്നോ..? ഞാന്‍ അറിയാതെ എന്റെ കവിള്‍ തടവി. എന്തിനു പേടിക്കണം ? അവളുമായടുക്കാന്‍ ഇതാണവസരം !

"ആ കൈയ്യിങ്ങ് തന്നെ..." എന്റെ കൈ നീട്ടി ഞാന്‍ അവളുടെ കൈ പിടിച്ചു.

"ഉമ്മാ...സാരില്ല മാറിക്കോളും " അവളുടെ കൈയ്യില്‍ ഉമ്മ കൊടുക്കുന്നതിനിടയില്‍ ഞാന്‍ ഒളിക്കണ്ണിട്ട് നോക്കി പറഞ്ഞു.

അവള്‍ നാണം കൊണ്ട് ചുവന്ന മുഖം തിരിച്ച് തിരിച്ചു.

"ദീപ്‌സെ..എന്റെ കവിളും ചെറുതായി വേദനിക്കുന്നു..." അമ്പടി കള്ളി !! അടിക്കും ഞാന്‍ !

ഞാന്‍ അടുത്ത് ചെന്ന് അവളുടെ കവിളില്‍ ഒരുമ്മ കൊടുത്തു.

"സാരില്ല..മാറിക്കോളും " ഇനി മാറിയില്ലെങ്കില്‍ പറയാന്‍ മടിക്കണ്ടാ ട്ട !

പെട്ടെന്ന് മുകളിലെത്തെ ബെര്‍ത്തില്‍ ചുരുട്ടി വച്ചിരുന്ന എന്തോ സാധനം താഴേയ്ക്ക് വീണു. മാമൂക്കോയ!! താഴെയെത്തിയതും പുള്ളി എന്നെ നോക്കിച്ചിരിച്ചു.

"മോനെ ദീപ്സെ..മൂലക്കുരു കാരണം നല്ല വേദന..അതും കൂടിയൊന്ന്.."

വാട്ട് ദ ഹെല്‍ !! ഇങ്ങേരുടെ മൂലക്കുരു മുഖത്താണെങ്കില്‍ പോലും ഞാനത് ചെയ്യില്ല!!

പെട്ടെന്ന് കംപാര്‍ട്ട്മെന്റില്‍ ആരോ ചായയുമായ് വന്നു.

"ചായ..ചായ.." ടീബോയിയല്ല, ടീഗേളാണ്. ഒരു പെണ്ണിന്റെ ശബ്ദം !

പെട്ടെന്ന് ട്രെയില്‍ ഗട്ടറില്‍ വീണപോലെ ആകെ ഒന്ന് കുലുങ്ങി.

ഞാന്‍ കണ്ണു തുറന്നു! മുന്നില്‍ ഭാര്യ ! കൈയ്യില്‍ ചായ !

"ചായ.." അവള്‍ എന്നെ നോക്കി പറഞ്ഞു.

'നീ എന്താ ഇവിടെ..ഈ സമയത്ത്?' എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്നെ ഞാന്‍ ഒന്ന് റിവൈന്‍ഡ് അടിച്ചുനോക്കി. ശെടാ ഒന്നും തെളിയുന്നില്ല. എല്ലാം ഒരു മങ്ങല്‍ പോലെ. കുവൈറ്റ് എയര്‍ പോര്‍ട്ടൊക്കെ പതുക്കെ തെളിയുന്നു. കിട്ടി! ഇന്നലെ അവള്‍ വിസിറ്റിങ് വിസയില്‍ ഇവിടെ ലാന്‍ഡ് ചെയ്തു. അവളെ റിസീവ് ചെയ്ത് നേരെ പുതിയ വീട്ടില്‍ ചെന്ന് കിടന്നുറങ്ങിയ ഞാനാ!

അവള്‍ ദേ രാവിലെ എനിക്ക് ചായയും കൊണ്ട് നില്‍ക്കുന്നു . ഞാന്‍ ഉറക്കച്ചടവോറെ..ചെ..ചവറോടെ..കോപ്പ് ആ പറഞ്ഞതോടെ ചിരിച്ചു.

"പിന്നെ ചിരിക്കാം ..ആദ്യം ചായ കുടിക്ക്..ഇല്ലെങ്കില്‍ തണുക്കും " ഇതും പറഞ്ഞ് അവള്‍ ഈറന്‍ വാറുന്ന മുടി വീശി തിരിഞ്ഞു. അവള്‍ വിചാരിച്ച പൊലെ തന്നെ മുടിയില്‍ നിന്നും വെള്ലമിറ്റ് എന്റെ മുഖത്ത് വീണു.

വൌ..ഹൌ റൊമാന്റിക് !!

എന്നോടാ കളി?

"നില്‍ക്കടി അവിടെ"? ഞാന്‍ അലറി.അവള്‍ തിരിഞ്ഞുനോക്കി.

"ഞാന്‍ നിനക്ക് വേണ്ടി ഒരു പാട്ട് പാടട്ടെ? വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു വന്‍ച്ചിക്കാരിയെക്കണ്ടു.. വാകപ്പൂമരച്ചോ.." എന്നിലെ കാമുകന്‍ ഉണര്‍ന്നുകൂവി.

"ഏട്ടാ..അനുരാഗവിലോചനനായി പാടാമോ..എനിക്കതാ ഇഷ്ടം .." 
"അതെന്താ..നോര്‍മ്മലായിട്ട് പാടിയാ നിനക്ക് പിടിക്കില്ലെ?"
"അയ്യട..ചളു..ആ പാട്ടാണെങ്കില്‍ പാട്..എനിക്കിപ്പൊ അതാ ഇഷ്ടം " അവള്‍ നയം വ്യക്തമാക്കി.

വേണ്ട.ഇന്നു പാടി ഒരു ശീലമാക്കിയാല്‍ എന്നും രാവിലെ അവളെന്നെക്കൊണ്ട് പാടിപ്പിക്കും !

"നമുക്ക് രാവിലെ ഒന്ന് കറങ്ങാന്‍ പോകാം ..ബ്രേക്ക് ഫാസ്റ്റൊക്കെ കഴിഞ്ഞിട്ട്..ഓക്കെ?" ഞാന്‍ വിഷയം മാറ്റി.

ഓക്കെ എന്നര്‍ത്ഥത്തില്‍ അവള്‍ ചിരിച്ചുകോണ്ട് കിച്ചണിലേയ്ക്ക് പോയി.

ഞങ്ങളുടെ തൊട്ടപ്പുറത്തെ റൂമില്‍ മറ്റൊരു ഫാമിലി കൂടിയുണ്ട്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ശ്രീകുമാറേട്ടനും കുടുംബവും . കുട്ടികളെ തല്ലി തന്നെ വളര്‍ത്തണം എന്ന് പുള്ളിക്ക് ഭയങ്കര നിര്‍ബന്ധമാണ്. എന്തേലും കുരുത്തക്കേട് കാണിച്ചാല്‍ ആ രണ്ട് പിള്ളേരെയും ഷിറ്റ് കണ്ട സുരേഷ് ഗോപിയെപ്പോലെ എടുത്തിട്ടമ്മാനമാടും .രാവിലെ ഓഫീസില്‍ പോകുന്നതിനു മുന്നെ ഉറങ്ങിക്കിടക്കുന്ന പിള്ളേരെ എണീപ്പിച്ച് രണ്ടടി കൊടുക്കും . 'എന്തിനാ ഇപ്പൊ കിട്ടിയെ' എന്നറിയാതെ കണ്ണു മിഴിച്ചിരിക്കുന്ന പിള്ളേരോട് 'ഞാന്‍ വരുമ്പൊ ലേറ്റ് ആകും ..അതോണ്ടാ' എന്ന് പറഞ്ഞ് പുള്ളി പോകും .ആ കുട്ടികളുടെ ഭാഗ്യമാ, പുള്ളി ചൈനാക്കാരനാകാത്തത് !

ഞാന്‍ പതുക്കെ ടോയിലറ്റിലൊക്കെ പോയി ഫ്രഷായി തിരിച്ചുവന്നു. ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു. ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും .
"ഞാന്‍ കുക്കിങ്ങൊക്കെ പഠിച്ച് വരുന്നേയുള്ളു.." എന്റെ പ്ലേറ്റില്‍ അവള്‍ ചപ്പാത്തി എടുത്തു വച്ചു.
"ഞാനും പഠിച്ച് വരുന്നേയുള്ളു.."
"എന്ത്?"
"അല്ല..നീയുണ്ടാക്കുന്നതൊക്കെ തിന്നാന്‍ .." ഗോള്‍ ! സ്കോര്‍ (1-0)
ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. നവാസിന്റെ ടാക്സിയിലിരുന്ന് ഫാഹേലിലേയ്ക്ക് പോകുമ്പൊ ഞാന്‍ മനസ്സില്‍ ഓരു സന്തോഷം . ഒരു പുതിയ ജീവിതം . ഇന്നലെ വരെ ലൈസന്‍സില്ലാതെ എങ്ങോട്ടൊക്കെയോ സന്‍ചരിച്ചിരുന്ന എന്റെ ജീവിതത്തിനു ഇപ്പൊ എന്തോ ഒരു പുതിയ ദിശാബോധം കൈവന്നപോലെ. അതെ, ഒരു പുതിയ ദിശാബോധം !

പെട്ടെന്ന് ടാക്സി എവിടെയോ ഇടിച്ചപോലെ ബ്രേക്കിട്ടു. എന്റെ തല വന്ന് മുന്‍ സീറ്റിലിടിച്ചു. ആലോചനയില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഞാന്‍ ഡ്രൈവര്‍ നവാസിനോട് ചോദിച്ചു,

"ദിശാബോധമില്ലേടേ നിനക്ക്??"

""എന്തോന്നെന്ന്"?
"അല്ല..ലൈസന്‍സൊക്കെ ഉണ്ടല്ലൊ അല്ലേന്ന്" ചിന്തകള്‍ എന്നെ വിടുന്നില്ല!

"അതൊക്കെയുണ്ട്..മുന്നിലൊരുത്തന്‍ ചവിട്ടിയതാ..അതെ..ദീപ്സെ..ദീപ്സിരിക്കുന്നതിന്റെ അടിയില്‍ എന്തേലും ഉണ്ടോന്ന് നോക്കിക്കെ?" അവന്‍ എന്തോ തിരയുന്ന പോലെ പറഞ്ഞു.
"ഞാന്‍ ഇരിക്കുന്നതിന്റെ അടിയില്‍ എന്റെ ചന്തിയേയുള്ളു..എന്തെയ്?"
"നിര്‍ത്തെഡെയ്..എം പി ത്രി പ്ലെയറിന്റെ റിമോട്ട് കാണുന്നില്ല..അതാ"

"അതെ..നമ്മളെങ്ങോട്ടാ..?" കുവൈറ്റിനേക്കാള്‍ മുന്നെയുണ്ടായ ചില കെട്ടിടങ്ങള്‍ നോക്കി എന്റെ ഭാര്യ ചോദിച്ചു.

"നമ്മളിപ്പൊ പോകുന്നത് ഫാഹേല്‍ ഫിഷ് മാര്‍ക്കറ്റിലേയ്ക്ക്.."
ഞാനീ പറഞ്ഞ ഫിഷ് മാര്‍ക്കറ്റ് കണ്ടാല്‍ നമ്മുടെ നാട്ടിലെ പത്‌മനാഭപുരം കൊട്ടാരം പോലുണ്ട്. ഇവിടുന്ന് മീന്‍ വാങ്ങിയാല്‍ അത് കറി വയ്ക്കാതെ എടുത്ത് ഷോ കേസില്‍ വച്ചുപോകും !

"ഹും ..എന്ത് മീനാ വാങ്ങുന്നെ..നല്ല മീന്‍ നോക്കി വാങ്ങണം ട്ടോ.." അവളിലെ വീട്ടമ്മ തലപൊക്കി.

"നെമ്മീന്‍ " ടാക്സി അപ്പോഴേയ്ക്കും ഫിഷ് മാര്‍ക്കറ്റിന്റെ മുന്നില്‍ എത്തിയിരുന്നു.

രംഗം : പല സൈസിലും കളറിലുമുള്ള മീനുകള്‍ കൊണ്ട് കൂമ്പാരമുണ്ടാക്കി വച്ചിരിക്കുന്ന ഒരു കടയുടെ മുന്നില്‍ ഞാനും അവളും കണ്ണും തള്ളി നില്‍ക്കുന്നു. കാരണം നെമ്മീന്‍ ഏതാണെന്ന് എനിക്കും അവള്‍ക്കും അറിയില്ല !

കോപ്പിലെ എടപാടായിപ്പോയി. നെമ്മീന്‍ ഏതാണെന്നറിയാത്ത നീയൊക്കെ ഒരു പെണ്ണാണോടി എന്നര്‍ത്തത്തില്‍ ഞാനും എന്നാ പിന്നെ ഒരു മുക്കോത്തിയെ കെട്ടരുതായിരുന്നോ എന്നര്‍ത്ഥത്തില്‍ അവള്‍ എന്നെയും നോക്കി.

ഞാന്‍ അവിടെ കൂട്ടി വച്ചിരുന്ന മീന്‍സിലൊക്കെ കണ്ണോടിച്ചു. കിട്ടി, നെമ്മീന്‍ കിട്ടി! നല്ല വെളുത്ത് തടിച്ച മീനുകളില്‍ എന്റെ കണ്ണുടക്കി.

"ദേ അതാണു നെമ്മീന്‍.." ഞാന്‍ അതിനെച്ചൂണ്ടിക്കാട്ടി അവളോട് പറഞ്ഞു.

"എങ്ങനെ മനസ്സിലായി..?"

"അതിനു നമ്മടെ തമിഴിലെ നമിതേടെ ഒരു ഗെറ്റപ്പ്"

അതുവരെ എന്റെ കയ്യില്‍ പിടിച്ചിരുന്ന അവള്‍ പെട്ടെന്ന് പിടിവിട്ടു ;)

"ചേട്ടാ ഒരു കിലോ നമിതാമീന്‍ ..ഐ മീന്‍ നെമ്മീന്‍ " ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ മീന്‍കാരനോട് പറഞ്ഞു.

"അത് നെമ്മീനല്ല..പാരയാ " അതിലൊന്ന് പൊക്കിയെടുത്തുകൊണ്ട് അയാള്‍.

"ഹാ..ശെരിയാ..ഞാന്‍ അതിന്റെ ഫേയ്സ് ഇപ്പഴാ ശ്രദ്ധിച്ചെ..എന്നാ ചേട്ട ഒരു രണ്ടുകിലോ നെമ്മീനെടുത്തെ.." വീണിടം വിഷ്ണുലോകം !

ചിരിച്ചുകൊണ്ടയാല്‍ തൊട്ടപ്പുറത്തിരുന്ന ഒരുമാതിരി കറുത്ത് തടിച്ച ഒരു മീനെടുത്തു.അയാള്‍ ആ മീന്‍ പിടിച്ചിരിക്കുന്നത് കണ്ടാല്‍ നിത്യാനന്ദസ്വാമീടെ കയ്യില്‍ രന്‍ചിത ഇരിക്കുന്ന പോലെ ! പുള്ളി അത് വെട്ടി,ക്ലീന്‍ ചെയ്ത് പായ്ക്ക് ചെയ്തു തന്നു. കാശും കൊടുത്ത് വരുന്ന വഴിക്ക് പൌള്‍ട്രിയില്‍ കയറി ഒരു കിലോ കോഴി വാങ്ങി. തൂവലൊക്കെ കളഞ്ഞപ്പൊ കോഴി ഒരു മാതിരി മുടിയില്ലാത്ത സായിബാബയെപ്പോലെ! അതെങ്കിലത്. ഉള്ളതും വാങ്ങി ഞങ്ങള്‍ റൂമിലേയ്ക്ക് തിരിച്ചു.

ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ ശ്രീകുമാറേട്ടനും കുടുംബവും ഉണ്ടായിരുന്നില്ല. പുറത്ത് പോയതാവാം . ഞാന്‍ മൊബൈലില്‍ പുള്ളിയെ വിളിച്ചു.

"ഹലോ..ഇതെവിടാ?"

"ദീപക്ക് മാഷെ..ഇന്നെന്റെ വൈഫിന്റെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയാ..സൊ ഒരു
ഔട്ടിങ്ങ്.." ആഹ, ബെസ്റ്റ് !

"ഓഹോ..അപ്പൊ ഇനി എന്നാ ചേട്ടന്റെ വെഡ്ഡിങ്ങ് ആനിവേഴ്സറി.?"

"ഹഹ..അങ്ങനല്ല..ഇന്ന് ഞങ്ങളുടെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയെന്നാ ഉദ്ദേശിച്ചെ.."

"ഓക്കെ..അപ്പൊ ഇന്ന് ലന്‍ച് ഞങ്ങളുടെ വക.." കുക്ക് ചെയ്യാന്‍ ആളുണ്ടെങ്കില്‍ റ്റെന്‍ഡര്‍ എവിടുന്നും പിടിക്കും ഞാന്‍ !!

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് വൈഫിനോട് വിവരം പറഞ്ഞു. അവള്‍ക്കും സന്തോഷം . ഞാന്‍ ഉടന്‍ തന്നെ അടുത്തുള്ള കടയില്‍ പോയി അരിയും സാധനങ്ങളും വാങ്ങി വന്നു.

രംഗം : ഭൈമി അടുക്കളയില്‍ തകര്‍ത്ത കുക്കിങ്ങില്‍ !

ഒരു ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് നല്ല ചൂടുള്ള ഫ്രൈഡ് റൈസും ചിക്കന്‍ കറിയും റെഡി. ഞാന്‍ പെട്ടെന്നങ്ങ് അഭിമാനപുളകിതനായ്.
"ആഹ..കൊള്ളാല്ലോടി..അപ്പൊ നിനക്ക് ഇതൊക്കെ അറിയാരുന്നു..ല്ലെ?" ഞാന്‍ അവളെ പ്രശംസിച്ചു.
"ഏയ്..ഇത് രണ്ടും ആദ്യായിട്ടാ..."
എന്റെ ചിരിബള്‍ബ് പെട്ടെന്ന് ഫ്യൂസായി ! അപ്പോഴേയ്ക്കും അവരും ഔട്ടിങ്ങ് കഴിഞ്ഞെത്തി. അര മണിക്കൂര്‍ കൊണ്ട് ടേബിളില്‍ പ്ലേറ്റുകളും അതിനു ചുറ്റും ശ്രീകുമാറേട്ടനും കുടുംബവും റെഡി.
"ഒത്തിരി ബുദ്ധിമുട്ടി..ല്ലെ?" ശ്രീകുമാറേട്ടനു വിനയം .
"ഏയ്..ഇതൊക്കെ ഒരു സന്തോഷമല്ലെ.." എന്റെ വൈഫിനും വിനയം.
കുട്ടികള്‍ ആദ്യം ചിക്കനില്‍ തുടങ്ങി. ഒരു മിനിട്ട് കഴിഞ്ഞിട്ടുണ്ടാകില്ല,
"മ്മാ വെള്ളം .." ഇളയകുട്ടി. സംഗതി എന്തോ പന്തികേടുണ്ട്. ചിരിച്ചുകൊണ്ട് കഴിച്ചുതുടങ്ങിയവരുടെ മുഖത്ത് വികാരങ്ങളുടെ അതിപ്രസരം .
ചിക്കന്‍ കഴിച്ച് തുടങ്ങിയ ആ നാലുപേരുടെയും എട്ട് കൈകള്‍ അവിടെയാകെ ഉണ്ടായിരുന്ന ഒരു കുപ്പി വെള്ളത്തില്‍ പിടിവലി തുടങ്ങി. കുപ്പിയിലെ വെള്ളം തീര്‍ന്നിട്ടും അവരുടെ കണ്ണില്‍ നിന്നും ഒഴുകിയ വെള്ളം തീര്‍ന്നില്ല.എന്താ സംഭവിച്ചെ എന്നറിയാന്‍ ഞാന്‍ ഭൈമിയെ നോക്കി.
"അതെ..വീട്ടില്‍ വിളിച്ച് അമ്മയോടാ ടിപ്‌സ് ചോദിച്ചെ..മുളകെത്രാന്ന് ചോദിക്കുന്നതിനു മുന്നെ ബാലന്‍സ് തീര്‍ന്ന് കട്ടായി..അതാണെന്ന് തോന്നുന്നു.."
അതാണെന്ന് തോന്നുന്നതല്ല, അത് തന്നെയാണ്.
പിന്നെ അവിടെ കണ്ടത്, ടൊയിലറ്റിലേയ്ക്ക് ഓടുന്ന ശ്രീകുമാറേട്ടനെ വലിച്ച് താഴെയിട്ട് അകത്തേയ്ക്കോടുന്ന പുള്ളിയുടെ വൈഫ്! തങ്ങളെ കൊണ്ടുപോകാത്തതിനു കരച്ചിലിന്റെ വക്കിലെത്തിയ പിള്ളേര്‍ !
ഈ തിരക്കിനിടയിലും എന്റെ ഭാര്യ ആതിഥ്യമര്യാദ വിട്ടില്ല. ടോയിലറ്റിലേയ്ക്ക് ഓടിക്കേറിയ ചേച്ചിയെ പിടിച്ചുനിര്‍ത്തി അവള്‍ പറഞ്ഞു,
"ചേച്ചി.മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേയ്.."
"ന്റെ പൊന്നുമോളെ..ഈ തിരക്കൊക്കെ ഒന്ന് കഴിയട്ടെ.." എന്ന് പറഞ്ഞ് ചേച്ചി വീണ്ടും ടോയിലറ്റിലേയ്ക്ക് കയറി.
"വേണ്ടായിരുന്നല്ലെ..?" ഞങ്ങളുടെ റൂമില്‍ കയറിയപ്പൊ അവള്‍ പതുക്കെ എന്നോട് പറഞ്ഞു.
"ഏയ്..നീ വിഷമിക്കണ്ട..ഇതൊക്കെ ഒരു സന്തോഷമല്ലെ..?ഹഹ"
രംഗം : ഉച്ചയ്ക്കുണ്ടാക്കിയതിന്റെ ബാക്കി മുഴുവനും എല്ലുപോലും കളയാതെ രാത്രി അവളെന്നെക്കൊണ്ട് തീറ്റിക്കുന്നു. എന്റെ ഒരു കൈയ്യില്‍ ചോറും മറ്റേതില്‍ രണ്ടാമത്തെ കുപ്പിവെള്ളവും ! ഇതും ഒരു സന്തോഷമാ :(
***********************************************************************

നോ പ്രോബ്ലം.വീട്ടിലിപ്പൊ ടിവിയുണ്ടല്ലൊ!

ലോകകപ്പ് തുടങ്ങി.ഭാര്യാസമേതനായി കുവൈറ്റില്‍ വന്ന ശേഷമുള്ള ആദ്യലോകകപ്പ്!(ആദ്യ ഓണം എന്നൊക്കെ പറയുന്നതുപോലെ). ഓര്‍മ്മകള്‍ പഴയകാലങ്ങളിലേയ്ക്ക് സ്പെയിനിന്റെ ടിക്കി ടാക്കി കളി പോലെ തട്ടി തട്ടി പിന്നിലേയ്ക്ക് പോയി.

അന്നൊക്കെ ലോകകപ്പിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവും ലഭിച്ചിരുന്നത് ഒരു ടി വി ഉണ്ടായിരുന്നവര്‍ക്കായിരുന്നു. അങ്ങനെ ഒരു പ്രത്യേകവിഭാഗത്തില്‍ പെടാന്‍ ആദ്യകാലങ്ങളില്‍ എന്റെ കുടുംബത്തിനു സാധിച്ചു. അതും ലോകകപ്പ് ഫുട്ബോള്‍ പ്രമാണിച്ച് വാങ്ങിയ ഒരു പുതിയ കെല്‍ട്രോണ്‍ ടി വിയിലൂടെ. ടി വി സ്വന്തമായ് വാങ്ങിയ ശേഷം നാലാളെ അറിയിച്ച് അവരുടെ മുന്നില്‍ ആളാവാന്‍ ഞാനും എന്റെ ചേട്ടനും ശ്രദ്ധിച്ചിരുന്നു. 

വീടിനു മുന്നിലുള്ള വഴിയിലൂടെ ആള്‍ക്കാര്‍ പോകുമ്പൊ ടി വി യുടെ വോളിയം ഉച്ചത്തില്‍ വച്ച് മതിലിന്റെ അടുത്തുവന്ന് നില്‍ക്കും . എന്നിട്ട് ആള്‍ക്കാര്‍ അടുത്തെത്തുമ്പോള്‍ ചേട്ടനോട് വിളിച്ച് പറയും 'ചേട്ടാ..ആ ടി വിയുടെ സൌണ്ടൊന്ന് കൊറ..'

അപ്പൊ ആള്‍ക്കാര്‍ നോക്കും . ആ കണ്ണുകളില്‍ തിളക്കം ! കാരണം ലോകകപ്പല്ലെ..വന്നിരുന്ന് കാണാല്ലൊ..യേത്? ഈ ആള്‍ക്കാരെന്ന് പറയുമ്പൊ മിക്കതും നമ്മുടെ അയല്‍പക്കം തന്നെ ആവും . ഒന്നൊന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ടി വി സ്വന്തമായുള്ളവര്‍ ഇല്ലാത്തതിനാല്‍ അത്രേം ചുറ്റളവില്‍ നമ്മുടെ ടിവിയുടെ പേരെത്തിക്കാന്‍ വേണ്ടി ഞാനും ചേട്ടനും എന്തിനും ഏതിനും ടിവിയില്‍ കേറിപ്പിടിക്കാന്‍ തുടങ്ങി.രാവിലെ പാലുവാങ്ങാന്‍ പോയാല്‍ കടക്കാരനോട് പറയും 'ചേട്ടാ..ആ ടിവിയില്‍ കാണിക്കുന്ന മില്‍മയുടെ പാലില്ലേ..അതൊരു കവര്‍ '. സ്കൂളില്‍ പോകാന്‍ ബസ് കാത്ത് സ്റ്റൊപ്പില്‍ നില്‍ക്കുമ്പൊ ഏവനെങ്കിലും എന്താ താമസിച്ചെ എന്ന് ചോദിച്ചാല്‍ 'ടിവി കണ്ടിരുന്നുപോയി..അതാ' . അങ്ങനെ പലപല വഴികളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ടി വി ക്ക് പരസ്യം നല്‍കി വന്നു.

ലോകകപ്പിലെ ഒന്നാമത്തെ കളി നടക്കുന്ന ദിവസം നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഞാനും എന്റെ കൂട്ടുകാരന്‍ ആനന്ദും ചെമ്പഴന്തി സ്കൂളില്‍ കിളയ്ക്കാന്‍ പോയതിന്റെ ക്ഷീണത്തില്‍ തിരിച്ച് വീട്ടിലേയ്ക്കുള്ള ബസ് കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുന്നു. അവിടെ വന്ന് നിന്നതുമുതല്‍ ഞാന്‍ അവനെ ശ്രദ്ധിക്കുന്നു. അവന്റെ മുഖത്താകെ ഒരു കാര്‍മേഘം . 

"എന്തരെഡെയ്?" (അന്ന് വെഞ്ഞാറമൂഡ് സുരാജ് ഫേമസ് അല്ലാത്തതിനാല്‍ ധൈര്യമായ് തിരോന്തൊരം ഫാഷ ഉപയോഗിക്കാമായിരുന്നു)

"ന്നുല്ല.." ഓക്കെ.ഇനി വല്ലതുമുണ്ടെങ്കിലും ഹു കെയെഴ്‌സ്. കാരണം എന്റെ വീട്ടിലിപ്പൊ ടിവിയുണ്ടല്ലൊ!

ബസ് വന്നു.ഒരു വിധം നല്ല തിരക്ക്. ഇരിക്കാന്‍ സീറ്റില്ല. ബസില്‍ കേറിയതും കണ്ടക്‌ടരുടെ സ്ഥിരം ഡയലോഗ് 'അതേ..ആ കമ്പീ പിടിച്ചിരിക്കുന്നവര്‍ മുന്നോട്ട് മുന്നോട്ട് നീങ്ങി നിക്കണെ..'

ഞാന്‍ മുന്നോട്ട് നീങ്ങി, കാരണം ഞാന്‍ കമ്പിയില്‍ പിടിച്ചിട്ടുണ്ട്. പക്ഷെ ആനന്ദ് നീങ്ങിയില്ല, കാരണം അവന്‍ പിടിച്ചിട്ടില്ല.

"എന്താടാ..നിനക്ക് വയ്യെ..?" നിന്ന നില്‍പ്പില്‍ തന്നെ കാലും പിണച്ച് കണ്ണും തള്ളി നില്‍ക്കുന്ന അവനെ നോക്കി ഞാന്‍ ചോദിച്ചു.

"ഡെയ്..വയര്‍ വേദന.." ആഹ, അപ്പൊ അതാണ്. 

"ഒരാള്‍ക്ക് താങ്ങുന്ന കഞ്ഞിയേ ഉച്ചയ്ക്ക് കുടിക്കാവു...(അന്ന് എന്റെ ഫേവറൈറ്റ് ഭക്ഷണം സ്കൂളിലെ ഉച്ചക്കഞ്ഞിയായിരുന്നു..)" ഞാന്‍ പിടിച്ചിരുന്ന കമ്പിയില്‍ പിടിമുറുക്കി. അല്ല പിന്നെ, ഒരു 'തവി' കഞ്ഞി എന്നത് ഒരൊന്നൊന്നര തവിയാ. എനിക്കൊരു തവിയേ കിട്ടിയുള്ളു എന്നും പറഞ്ഞ് കോംപ്ലക്സ് വര്‍ക്കൌട്ടാക്കി ബാക്കിയുള്ളവന്റേം കൂടി കഞ്ഞിയില്‍ കൈയ്യിട്ടാല്‍ ഇങ്ങനിരിക്കും. തീറ്റപണ്ടാരം ! പക്ഷെ എനിക്കതൊന്നും ഒരു വിഷയമില്ല. ഒരു തവിക്കഞ്ഞിയെങ്കില്‍ ഒരു തവി. നോ പ്രോബ്ലം . വേറൊന്നും കൊണ്ടല്ല, വീട്ടില്‍ ടിവിയുണ്ട്! 

സമയം കഴിയുന്തോറും ആനന്ദിന്റെ കണ്ണു തള്ളി വന്നു. അവന്‍ ഏകദേശം 'എന്നെ ഒന്നും ചെയ്തില്ലേലും ഞാനിപ്പ കരയും ' എന്ന പൊസിഷനിലെത്തി. ഇത്തരുണത്തില്‍ എവിടെന്നാണെന്നറിയില്ല ഒരു ശബ്‌ദം കേട്ടു!

"മോനെ..എന്തര്..വയ്യെ?" എവിടുന്നോ കേറി എവിടെയോ ഇറങ്ങാന്‍ പോകുന്ന ഒരു അമ്മൂമ്മ. അവരിരിക്കുന്ന സീറ്റിന്റെ തൊട്ടടുത്താണു ലവന്‍ ഭൂമിയുടെ മുഴുവന്‍ ഭാരവും ചുമന്ന് നില്‍ക്കുന്ന പോലെ നില്‍ക്കുന്നത്. 

"ഹയ്യ..." വയ്യാന്ന്! അതികം പ്രെസ്സ് ചെയ്ത് പറയാന്‍ പറ്റില്ല, പിടിവിടും . അവന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

ആ നില്‍പ്പ് കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല, പിന്നെയാണോ ആ അമ്മൂമ്മ!

"മോനിവിടിരി...അമ്മൂമ്മേടേ മടിയില്‍" ആരെക്കണ്ടാലും പിടിച്ച് മടിയിലിരുത്തുന്ന സ്വഭവം ഈ അമ്മൂമ്മമാര്‍ക്കൊക്കെ എവിടുന്ന് കിട്ടി?

രംഗം : ആനന്ദ് അമ്മൂമ്മയുടെ മടിയില്‍ ! 

"മോനെ..എന്തരാണ്..വയറു വയ്യെ?" അമ്മൂമ്മ അവനെ ചേര്‍ത്തുപിടിച്ച് കൊണ്ട് ചോദിച്ചു.

"ഹതെ.." അവന്‍ മടിയിലിരുന്നുകൊണ്ട് കാലുപിണച്ചു.

"ആ..അമ്മൂമ്മ തടവിത്തരാം .." ഇത്രയും പറഞ്ഞ് അവര്‍ കൈയ്യെടുത്ത് ആനന്ദിന്റെ വയറില്‍ ശക്തിയായി നാലന്‍ച് തടവല്‍ !!ആനന്ദിന്റെ കണ്ണുകള്‍ എന്തിനാണെന്നവനു പോലും മനസ്സിലാകാത്ത വിധത്തില്‍ തള്ളി!

"ഫ്ലുക്ക്!!" 

അതെന്തായിരുന്നു ആ ശബ്ദം? ബസില്‍ എല്ലാരുടെയും മനസ്സിലെ ചോദ്യം ഇതായിരുന്നു.കണ്ടക്‌ടര്‍ കിളിയെ നോക്കി, കിളി അടുത്ത് നിന്ന ചെല്ലക്കിളിയെ നോക്കി, ചെല്ലക്കിളി അവിടിരുന്ന അപ്പൂപ്പനെ നോക്കി, അപ്പൂപ്പന്‍ തൊട്ടടുത്തിരുന്ന അമ്മൂമ്മയേയും ആനന്ദിനേയും മാറി മാറി നോക്കി, അമ്മൂമ്മ ആരെ നോക്കണം എനറിയാഞ്ഞതുകൊണ്ടാവും ആനന്ദിനെ പതുക്കെ പൊക്കി അവന്റെ ബാക്കില്‍ നോക്കി!!

ഈ ലോകത്ത് ഒരാള്‍ ഏറ്റവും ആനന്ദം അനുഭവിക്കുന്നത് അന്നെനിക്ക് കാണാന്‍ പറ്റി! അതെ, അവന്‍ ആനന്ദ് ഒരു ഭാരം അമ്മൂമ്മയുടെ മടിയിലേക്കിറക്കി വച്ചതിന്റെ ആനന്ദത്തിലാറാടുകയായിരുന്നു!!

"പ്ഫ..എന്തിരവനെ...നിനക്കൊന്നും വീട്ടി കക്കൂസില്ലേടാ...ന്റെ ഫഗവാനേ..തെക്കേലെ മോളീടെ കല്യാണത്തിനു പോകാനിറങ്ങിയതാ ഞാനും എന്റെ കെളവനും ..ആ എന്റെ മടീ തന്നെ വന്നിരുന്ന് സാധിച്ചല്ല്..നാശം പിടിച്ചവന്‍ "



രംഗം : ബസ് നിന്നു! ബസ് മുഴുവനും പ്രകൃതിയുടെ നാറ്റം ! ആള്‍ക്കാര്‍ ജനാല വഴിയൊക്കെ ചാടുന്നു. ഇതുപോലെ മരണവെപ്രാളത്തില്‍ ആള്‍ക്കാര്‍ ഓടിയും ചാടിയും രക്ഷപ്പെടുന്നത് കണ്ടിട്ടുള്ളത് പില്‍ക്കാലത്ത് കണ്ടത് കലാഭവന്‍ മണിയുടെ ബ്ലാക്ക് സ്റ്റാലിയന്‍ ഇറങ്ങിയപ്പോഴാ!

ഒരു കൈ സഹായത്തിനായ് അമ്മൂമ്മ അപ്പൂപ്പനെ നോക്കി.'ഏയ്..ഇവളെന്റെ കെട്ടിയോളല്ല..ഞാന്‍ വേറെ വഴിക്കാ' എന്നര്‍ത്ഥത്തില്‍ അപ്പൂപ്പന്‍ നില്‍ക്കുന്നു. ആനന്ദ് എന്നെ നോക്കി. 'നീ ഏതാടാ കൊച്ചനെ..നിനക്കൊന്നും നാണമില്‍ട്രാ?' എന്നര്‍ത്ഥത്തില്‍ ഞാന്‍ . ആപത്തില്‍ സഹായികുന്നവനാണു ശെരിക്കുമുള്ള സുഹൃത്ത്. സംഗതിയൊക്കെ ശെരിയാ. പക്ഷെ സഹായിക്കണമെന്ന് വച്ചാലും അങ്ങോട്ടടുക്കാന്‍ പറ്റണ്ടെ?

ഇപ്പോള്‍ ബസില്‍ ആകെ രണ്ടുപേര്‍ . ആനന്ദും ആനന്ദിന്റെ വയറു ഒരു സ്നേഹത്തിന്റെ പുറത്ത് തടവിപ്പോയ അമ്മൂമ്മയും .

"വിടണ്ണാ..എവനെയിന്ന് ഞാന്‍ കൊല്ലും .." പെട്ടെന്ന് പിന്നില്‍ നിന്നുമുള്ള ശബ്‌ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ബസിലെ കിളി! ആനന്ദിനെ നോക്കി അലറുന്നു.

"രമേശാ..നീ അടങ്ങ്..കൊച്ചല്ലെ..വിട്ടുകള.." കിളിയെ പിടിച്ചുവച്ച് വേറൊരുത്തന്‍ .

"അണ്ണന്‍ എന്തരാണീ പറേണ..ഇവന്‍ കൊച്ചാ..അങ്ങനൊള്ള നാറ്റോണാ ഈ അടിക്കണത്..ന്റെ പൊന്നൂ...ഇത് കംപ്ലീറ്റ് മൊതലാളി എന്നെക്കൊണ്ട് കഴുവിക്കും ..അതാര്‍ക്കുമറിയണ്ടല്ല്..നോക്കണ കണ്ടില്ലെ..പന്ന.." ഇവനാരാ കിളിയെന്ന് പേരിട്ടത്. ഇവനിപ്പൊ പുലിയാ..

ഇതിനിടയില്‍ അമ്മൂമ്മ ബസില്‍ നിന്നിറങ്ങി. കൈയ്യിലിരുന്ന കവര്‍ കൊണ്ട് മടി മറച്ചിരിക്കുന്നു. അമ്മൂമ്മ ചുറ്റും നോക്കുന്നു. ഒരു കവലയിലെ മുഴുവന്‍ ആളുകളും അമ്മൂമ്മയെ കണ്ണെടുക്കാതെ നോക്കിയിരുന്ന ഒരു ദിവസമുണ്ടായിരുന്നു..അതന്ന് ആയിരത്തിത്തൊള്ളായിരത്തി എപ്പത്തിയോ വര്‍ഷം . ഇതിപ്പൊ സിറ്റുവേഷന്‍ അതല്ലല്ലോ..അമ്മൂമ്മയുടെ മുഖത്ത് 'എന്റെ ഗര്‍ഭം ഇങ്ങനല്ല' എന്ന് പറയുന്ന ജഗതിയുടെ ഭാവം ! 

നാറിയതോ നാറി..ഇനിയിപ്പൊ എന്തിനാ മൂക്ക് എന്ന ഭാവത്തില്‍ കൂളായി അടുത്ത് കണ്ട വീട്ടിലേയ്ക്ക് അമ്മൂമ്മ നടന്നു.പെട്ടെന്ന്പിന്നില്‍ നിന്ന്,

'മലര്‍ക്കൊടിപോലെ..വര്‍ണ്ണത്തുടിപോലെ..മയങ്ങൂ..ങ്ങൂ..ങ്ങൂ..നീയെന്‍ മടിമേലെ..' അടുത്തുള്ള ചായക്കടയിലെ റേഡിയോയിലൂടെ എസ് ജാനകി പാടുന്നു.

അമ്മൂമ്മ ആ വയസ്സാംകാലത്തും 180 ഡിഗ്രിയില്‍ തിരിഞ്ഞങ്ങുനിന്നു.

"പ്ഫ..അതേടാ...'മല'ക്കൊടി തന്നെയാടാ...ഒരുത്തനെ മടീലിരുത്തി മയക്കിയതിന്റെ പാടാടാ ഇത്..അവന്റെ കോപ്പിലെ പാട്ട് .. നിര്‍ത്തെടാ.." നിന്ന നില്‍പ്പില്‍ അമ്മൂമ്മ ചായക്കടക്കാരനെ തെറി വിളിച്ചു. എന്നിട്ട് പിറുപിറുത്തുകൊണ്ട് അടുത്തുള്ള വീട് ലക്ഷ്യമാക്കി നടന്നു.

ഇപ്പൊ ബസിനകത്ത് ആനന്ദ് മാത്രം . എന്ത് ചെയ്യണം എന്നറിയാതെ അവനാകെ കുഴഞ്ഞിരിക്കുന്നു. എനിക്ക് കഷ്ടം തോന്നി. ഞാന്‍ അവനെപ്പോയി വിളിച്ചു. മടിച്ച് മടിച്ച് അവന്‍ ബസില്‍ നിന്നിറങ്ങി. ബാഗ് കൊണ്ട് ബാക്ക് മറച്ചിരിക്കുന്നു. 

"ടാ..നീ പേടിക്കണ്ട..ഞാന്‍ പറേണ പോലെ ചെയ്തോണം .." ഓക്കെ എന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി.

"എന്നാ ഇനി ഒന്നും പേടിക്കണ്ടാ..ഓടിക്കോ..." 

ഞാനും അവനും അവിടുന്ന് ഓടിയ ഓട്ടമാ. പിന്നെ ചെന്ന് നില്‍ക്കുന്നത് അവന്റെ വീട്ടില്‍ . 

വീട് കണ്ടതും അവന്റെയുള്ളില്‍ അടക്കിപ്പിടിച്ചിരുന്ന ഫീലിങ്ങ്‌സ് ചറപറാന്ന് പുറത്തുവന്നു (തെറ്റിദ്ധരിക്കണ്ട, 'ലത്' അല്ല. അതൊക്കെ ആ അമ്മൂമ്മ കൊണ്ടുപോയി!). അതായത് തലയില്‍ തേങ്ങ വീണപൊലെ മുറ്റത്ത് കുത്തിയിരുന്നങ്ങ് കരയാന്‍ തുടങ്ങി.
ശബ്‌ദം കേട്ട് അവന്റെ അമ്മ ഓടി വന്നു, ഇനി അവരായി അവരുടെ പാടായി. ഞാന്‍ എന്റെ ഓട്ടം തുടര്‍ന്നു. എനിക്കിതൊന്നും വലിയ കാര്യമായി തോന്നിയില്ല. കാരണം എന്റെ വീട്ടില്‍ ടി വിയുണ്ടല്ലൊ! 

വീട്ടില്‍ ചെന്ന് ബാഗും വലിച്ചെറിഞ്ഞ് കുളിച്ച് റെഡിയായി ടി വിക്ക് മുന്നില്‍ ഏറ്റവും ആദ്യം ഇരിപ്പുറപ്പിച്ചു. ഇനി കളി കാണാന്‍ ആരുവന്നാലും നമ്മടെ പിറകെ മതി. അന്‍ചരയ്ക്ക് ഇരിക്കാന്‍ തുടങ്ങിയ ഞാന്‍ , പതിനൊന്ന് മണിക്ക് കളി തുടങ്ങിയിട്ടും നിര്‍ത്തിയില്ല! ചായയും ചോറും എല്ലാം ഇരുന്ന ഇരുപ്പില്‍ തന്നെ.അന്നാദ്യമായി ഞാന്‍ തെങ്ങിനു വളമിടാന്‍ പോലും എണീറ്റില്ല!

കളി തുടങ്ങിയപ്പോഴേയ്ക്കും വീടിന്റെ ഹാള്‍ മുഴുവനും ആല്‍ക്കാരായി. എല്ലാം അയല്‍പക്കത്തുള്ളവര്‍ . 

"ടാ..ആ ശ്യാമളയോട് ഏറ്റവും ബാക്കിലിരിക്കാന്‍ പറ..കഴിഞ്ഞാഴ്‌ച അവള്‍ടെ കോഴി ഒരു മുട്ടയിട്ടത് ചോദിച്ചിട്ട് തന്നില്ല" എന്റെ അമ്മയും റോള്‍ എടുത്തു.

കളി തുടങ്ങി. എന്നെ സംബന്ധിച്ച് അന്ന് ബ്രസീലും അര്‍ജെന്റീനയും ഒന്നുമില്ല. മറിച്ച് മഞ്ഞക്കാരും നീലക്കാരും വെള്ളക്കാരുമൊക്കെയായിരുന്നു. കളിക്കാര്‍ ബോളും കൊണ്ട് രണ്ട് വശത്തേയ്ക്കും പായുന്നു. പക്ഷെ എന്നെ സംബന്ധിച്ച് അവര്‍ ഓടുന്നത് എന്റെ ടി വി യുടെ വലത്തേയ്ക്കും ഇടത്തേയ്ക്കും മാത്രമായിരുന്നു! 

കളി കൊഴുത്തു. കളിക്കാര്‍ ഓടിപ്പതം വരുമ്പൊ ഗ്രൌണ്ടില്‍ തുപ്പുന്നു. വീണ്ടും ഓടും വീണ്ടും തുപ്പും . ഇവന്‍മാര്‍ക്കിതെന്താ? തുപ്പണം എന്ന് തോന്നിയാല്‍ ഗ്രൌണ്ടിന്റെ പുറത്ത് പോയി തുപ്പീട്ട് വന്നാല്‍ പോരെ? 

കളി തീര്‍ന്നു! ആരൊ ജയിച്ചു, ആരോ തോറ്റു. എനിക്കത് പ്രശ്നമില്ല, കാരണം എനിക്ക് ടിവിയുണ്ടല്ലൊ!

"അവന്‍മാരു കളിച്ച് കഴിഞ്ഞോടാ.." ഏറ്റവും പിന്നില്‍ എന്റെ അമ്മൂമ്മ.

"കഴിഞ്ഞ്..എന്തമ്മൂമ്മ?"

"എന്നാ അവന്‍മാരോട് ആ തുപ്പിവൃത്തികേടാക്കിയതൊക്കെ കഴുകി വെടുപ്പാക്കീട്ട് പോയാതീന്ന് പറ..പത്തുപതിനായിരം രൂപേടെ ടി വിയാ...കണ്ടവന്‍മാര്‍ക്ക് തുപ്പി വൃത്തികേടാക്കാനുള്ളതല്ല..നാളേം കളിക്കണോങ്കി വൃത്തിയാക്കീട്ട് പോവാന്‍ പറ"

"ഹഹഹഹ...ഈ അമ്മൂമ്മയെക്കൊണ്ട് തോറ്റു.." ഞാന്‍ പൊട്ടിച്ചിരിച്ചു.

"ഏതമ്മൂമ്മ?" 

ഞാന്‍ പെട്ടെന്ന് സൈഡിലേയ്ക്ക് നോക്കി. എന്റെ ഭാര്യ! 

"ഏയ് ഒന്നുമില്ല..പഴയ ഓരോ കാര്യങ്ങള്‍ ..നീ ആ ടിവി വയ്ക്ക്..കളിയിപ്പൊ തുടങ്ങും ..." ഓര്‍മ്മകളില്‍ നിന്ന് ഞാന്‍ പതുക്കെ മടങ്ങി. 

എന്നെ വല്ലാത്തൊരു നോട്ടവും നോക്കി അവള്‍ ടി വി ഓണ്‍ ചെയ്തു.

*************************************ശുഭം****************************************

വിരലുകളില്ലാത്തവര്‍


ധന ഹോട്ടല്‍ . എന്റെ കുവൈറ്റ് ജീവിതം ആരംഭിച്ചത് ശെരിക്കും അവിടെ നിന്നാണെന്ന് പറയാം . റൂമില്‍ വന്ന് ലഗേജും വച്ച് താഴേക്കിറങ്ങിയപ്പോള്‍ ആദ്യം കാണുന്നത് ധനയാണ്. അവിടെ കയറി ഒരു ചായ കുടിച്ചപ്പൊ ഒരാശ്വാസം, ഒരു സന്തോഷം! ആ ആശ്വാസവും സന്തോഷവും സൌഹൃദങ്ങള്‍ക്ക് വഴിമാറിയത് ആ ഹോട്ടലിലെ ജീവനക്കാരിലൂടെയായിരുന്നു. പച്ചയായ മനുഷ്യര്‍ . അടുക്കളയിലെ ചൂടില്‍ സ്വയം ഉരുകി വെറും 60 കെ ഡി ശമ്പളത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ . മുഴിഞ്ഞ വസ്ത്രവും കാലില്‍ പാകം വരാത്ത ഷൂസും അവരുടെ അടയാളങ്ങള്‍ . 
എന്നും എന്റെ ദിവസം ആരംഭിക്കുന്നത് ധനയിലെ നല്ല കടുപ്പത്തിലുള്ള ചായയില്‍ നിന്നാണ്. എന്നും എനിക്കീ ചായ തരുന്നയാള്‍ ഭാവിയില്‍ എന്നെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചില്ല. മാമന്‍ എന്നെല്ലാരും വിളിക്കുന്ന, ശെരിക്കുള്ള പേരു പുള്ളിപോലും മറന്നിട്ടുണ്ടാവും , ഒരു മധ്യവയസ്കന്‍ . എപ്പോഴും ചിരിയും കുശലാന്വേഷണങ്ങളുമായി കടയില്‍ വരുന്നവരെ പരിചരിക്കുന്നയാള്‍ .
പല ദിവസങ്ങളിലും ടേബിള്‍ ക്ളീന്‍ ചെയ്യാന്‍ താമസിച്ചതിനു മുതലാളിയുടെ വായില്‍ നിന്നും നല്ല മുഴുത്ത തെറി പുള്ളിക്ക് കേള്‍ക്കേണ്ടി വരുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്.
തന്നെ വിളിച്ച ചീത്ത മറ്റുള്ളവര്‍ കേട്ടതിലുള്ള ചമ്മല്‍ കൊണ്ടോ അതൊ സ്വന്തം നിസ്സഹായതയോര്‍ത്തോ ആവണം ആ മുഖത്ത് ഒരു പ്രത്യേക രീതിയിലുള്ള ചിരി വിടരും. 'ഏയ്..സാരില്ല്യാ..' എന്ന ഭാവത്തില്‍ ടേബിള്‍ തുടച്ചുകഴിയുമ്പൊ ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും.എന്തായിരിക്കും അപ്പൊ ആ മനസ്സിലെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഭാര്യ, കുട്ടികള്‍ ? വിധി?

അവധി ദിവസങ്ങളില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോകുമ്പൊ. ചില നേരത്ത് ഒരു മൂലയില്‍ മാമനിരുന്ന് ചോറുണ്ണുന്നത് കാണാം . ഒരു പ്ലേറ്റില്‍ ചോറും മീന്‍ ചാറും മാത്രം ! പുള്ളി കഴിക്കുന്നത് കണ്ടിട്ട് ഇത്രയ്ക്കും രുചിയുണ്ടോ അതിനെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്.
രാത്രി പതിനൊന്നരയോടെ അടയ്ക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനെത്തുന്നവരും ജോലിക്കാരും പോയതിനു ശേഷവും മാമന്‍ ആ പരിസരത്തുണ്ടാവും , അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ടാക്സി കാറുകള്‍ കഴുകിക്കൊണ്ട്! ഒരു ദിവസം 'എന്താ മാമ ഉറക്കമൊന്നും വേണ്ടേ?' എന്നുള്ള എന്റെ ചോദ്യത്തിനു സോപ്പുവെള്ളത്തില്‍ മുങ്ങിയ കൈ കൊണ്ട് മുഖമൊന്ന് തുടച്ച് ആ മനുഷ്യന്‍ മറുപടി തന്നു 'ഇപ്പൊ വീട്ടിലെല്ലാവരും ഉറങ്ങുന്നുണ്ട്..അതുമതി' ചിരിച്ചുകൊണ്ട് വീണ്ടും ജോലിയില്‍ മുഴുകുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ നിന്നിട്ടുണ്ട്.
കുടുംബവും പ്രാരാബ്‌ധങ്ങളുമുണ്ടാകുന്നത് ഒരിക്കലും ഒരു തെറ്റല്ല. പക്ഷെ പ്രതിബന്ധങ്ങളെ നേരിടാതിരുന്നാല്‍ അത് തെറ്റാണ്. മാമനെപ്പോലെ ചിരിച്ചുകൊണ്ട് നേരിട്ടാല്‍ അതിനു മധുരം കൂടും .

കുവൈറ്റില്‍ ഞാന്‍ വന്നതിനു ശേഷമുള്ള എല്ലാ റംസാനും മാമന്‍ ഞങ്ങളുടെ റൂമില്‍ വരും . പലപ്പോഴും ഞങ്ങള്‍ തന്നെ ഓര്‍ഡര്‍ ചെയ്ത ഫുഡ് തരാനാകും വരുന്നത്. ഭക്ഷണം ടേബിളില്‍ വച്ചതിനു ശേഷവും പുള്ളി കുറച്ച് നേരം അവിടെ തന്നെ നില്‍ക്കും . എനിക്കാ നില്‍പ്പിന്റെ അര്‍ത്ഥമറിയാം . ഞാന്‍ റൂമില്‍ ചെന്ന് എന്റെ പഴയ ഡ്രെസ്സ് വല്ലതുമുണ്ടെങ്കില്‍ എടുത്തുകൊടുക്കും . ഒരു ദിവസം ഇത് കണ്ടുകൊണ്ടുവന്ന എന്റെ റൂം മേറ്റ് , മധുചേട്ടന്‍ എന്നെ ശകാരിച്ചു 'നിനക്ക് വേറെ പണിയില്ലേ..ഇതൊക്കെ ചുമ്മാതാടാ.. ജോലി ചെയ്യാന്‍ ഒരു കുഴപ്പവുമില്ല..എന്നാലും എരക്കണം ..' .എന്തോ ആവശ്യത്തിന് റൂം തുറന്ന് പുറത്തിറങ്ങിയ ഞാന്‍ കണ്ടത് ഞാന്‍ തന്നെ പൊതിഞ്ഞുകൊടുത്ത ഡ്രെസ്സ് വാതില്‍ക്കല്‍ ഇരിക്കുന്നതാണ്. എനിക്ക് മധുച്ചേട്ടനെ രണ്ട് പറയണം എന്ന് തോന്നി. എങ്കിലും മാമന്റെ മനസ്സിനേറ്റ മുറിവ് മാറുമോ? പ്രതികരിക്കാനൊ സഹായിക്കാനൊ എനിക്കായില്ല.പിന്നെ മാമന്‍ റൂമിലേയ്ക്ക് വന്നിട്ടേയില്ല. ഞാന്‍ അങ്ങോട്ട് പോയപ്പോഴൊക്കെ കണ്ടത് ആ പഴയ ചിരിക്കുന്ന മാമനെത്തന്നെയാണ്.

ഒരു ദിവസം , എന്റെയും മധുച്ചേട്ടന്റെയും അവധി ദിവസം , റൂമിനു പുറത്താരോ വാതിലില്‍ മുട്ടുന്നു. ഞാനും മധുച്ചേട്ടനും ഉറക്കം വിട്ടെഴുന്നേറ്റിട്ടില്ല. വാതിലില്‍ മുട്ടുന്നതിന്റെ ശക്തി കൂടിയപ്പൊ ഞങ്ങള്‍ രണ്ട് പേരും എണീറ്റു. ഞാന്‍ മുന്നെ ചെന്ന് കതക് തുറന്നു. മുന്നില്‍ മാമന്‍ !
"എന്താ മാമാ രാവിലെ..?"

"ദീപക്കെ..മോനെ..ഒന്നും തോന്നരുത്..എനിക്കൊരു പത്ത് കെ ഡി വേണം .. ഒരത്യാവശ്യാ.. ഞാന്‍ അടുത്തമാസം തന്നെ തരാം ..നാട്ടില്‍ പോണം ..അതാ.."
ഒരു മനുഷ്യനുണ്ടായേക്കാവുന്ന എല്ലാ നിസ്സഹായതയോടും കൂടി മാമന്‍ ചോദിച്ചു.
"അയ്യോ മാമാ..ഇതിപ്പൊ മാസാവസാനമല്ലെ..ആകെക്കൂടി രണ്ടോ മൂന്നോ കാണൂം തപ്പിയാല്‍ തന്നെ.."
"ന്റെ..ന്റെ മോള്‍ടെ കല്ല്യാണാ..പോകാന്‍ കാശില്ല..ഹതാ..' ഇത് പറഞ്ഞപ്പോഴേയ്ക്കും ആ കണ്ണുകള്‍ നിറഞ്ഞു.
എന്ത് പറയണം എന്നറിയാതെ നിന്ന എന്നെ തള്ളി മാറ്റി പെട്ടെന്നാരോ മുന്നിലേയ്ക്ക് വന്നു. മധുച്ചേട്ടന്‍ ! മുന്‍പ് ചീത്ത കേട്ടതിന്റെ വിഷമത്തിലാകും മാമന്‍ ഒന്ന് പിറകോട്ട് മാറി. മധുചേട്ടന്‍ മാമനെ കടന്നു പിടിച്ചു. മാമന്റെ കൈയ്യില്‍ എന്തോ പിടിപ്പിച്ചു. എന്നിട്ടകത്തേയ്ക്ക് പോയി.

ഞാനും മാമനും ഒരേ സമയം കൈയ്യിലേയ്ക്ക് നോക്കി. ഒരു സ്വര്‍ണ്ണത്തിന്റെ മോതിരവും അറുപത് കെ ഡി യും !
"ഇ.ഇത്..പുള്ളി.." എന്താണു നടന്നതെന്ന് വിശ്വസിക്കാന്‍ പറ്റാതെ വിക്കിയ മാമനോട് പൊയ്ക്കോളാന്‍ ആംഗ്യം കാട്ടി ഞാന്‍ കതകടച്ചു. തിരിച്ചെന്റെ റൂമിലെത്തി ഞാന്‍ ആ മനുഷ്യനെ നോക്കി, മധുച്ചേട്ടനെ. പുള്ളി സുഖമായ് കൂര്‍ക്കം വലിച്ചുറങ്ങുന്നു!
കള്ളുകുടിച്ചാലെന്താ, സിഗററ്റ് വലിച്ചാലെന്താ, ദേഷ്യം വരുമ്പൊ മറ്റുള്ളോരെ ചീത്ത പറഞ്ഞാലെന്താ, മധുച്ചേട്ടാ, താങ്കളൊരു മനുഷ്യനാണ്. മനുഷ്യത്വം പ്രസംഗിക്കാത്ത, മനുഷ്യത്വമുള്ളൊരു മനുഷ്യന്‍ !
ഒരു മാസം കഴിഞ്ഞപ്പൊ മാമന്‍ വീണ്ടും വന്നു റൂമിലേയ്ക്ക്. മുന്‍പ് കണ്ടതിനേക്കാള്‍ ക്ഷീണം . മുടികള്‍ കൂടുതല്‍ നരച്ചു. ചുണ്ടുകള്‍ വെടിച്ചുണങ്ങിയിരിക്കുന്നു. എങ്കിലും മുന്‍പ് കണ്ടതിനേക്കാള്‍ നന്നായി ചിരിച്ചുകൊണ്ടാണ് പുള്ളി റൂമിലേയ്ക്ക് വന്നത്. എന്നെക്കണ്ടതും സന്തോഷത്തോടെ പറഞ്ഞു,
"കല്ല്യാണം കഴിഞ്ഞു..പിന്നെ ദീപക്കെ..ഞാന്‍ പത്ത് കെ ഡി വച്ച് കാശ് തിരിച്ചുതരാം എന്ന് മധുവിനോട് പറയണം ..ഈ മാസത്തെ പത്ത് ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്"

പുള്ളി കാശ് നീട്ടി. വാങ്ങാല്‍ കൈ നീട്ടിയ ഞാന്‍ ഞെട്ടിപ്പോയി. വലതുകൈയ്യിലെ ചൂണ്ടുവിരലും നടുവിരലും ഇല്ല! ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കി.അതെ ശെരിതന്നെ, ഇല്ല! രണ്ടുവിരലുകളും ഉണ്ടായിരുന്ന ഭാഗത്ത് ഇളം റോസ് നിറത്തില്‍ വെട്ടിയെടുത്ത പോലെ അവയുടെ അവശേഷിപ്പ്!
"അയ്യോ..ഇതെന്ത് പറ്റീതാ?"
"ആ..അത് ഒരു ആക്‌സിഡന്റ് പറ്റീതാ..മധൂനോട് പറയാന്‍ മറക്കല്ലെ..ഞാന്‍ എങ്ങനേലും തന്ന് തീര്‍ക്കും " ഇതും പറഞ്ഞ് എന്നെ ആ അവസ്ത്ഥയില്‍ വിട്ടിട്ട് മാമന്‍ പോയി.

വിരലുകളില്ലാത്ത ആ മനുഷ്യന്‍ ജീവിതം മുറുകെ പിടിക്കാനായി പോയതുകണ്ടപ്പൊ, വിരലുകളുണ്ടായിട്ടും എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന, എല്ലാത്തിനെയും കുറ്റപ്പെടുന്ന എനിക്ക് കൈകള്‍ തന്നെ നഷ്ടമായതുപോലെ തോന്നി !
***********************************************************************

ഡാനി അപ്പോഴും ഗിറ്റാര്‍ വായിക്കുന്നു

'ഡാനി..ഈ ബിയര്‍ കുപ്പികള്‍ കൂടി എടുത്തേയ്ക്ക്..'

കാറിന്റെ ഡിക്കിയില്‍ നിന്നും ഷോപ്പിങ്ങ് ചെയ്ത സാധനങ്ങള്‍ ട്രോളിയില്‍ വയ്ക്കുന്നതിനിടയില്‍ ഈനസ് തന്റെ ഭര്‍ത്താവായ ഡാനി മോറിസണോട് പറഞ്ഞു.

ഒരു കൊച്ചുഫ്ലാറ്റില്‍ ഇടുങ്ങിയ കിച്ചണും അതിനു സമം നില്‍ക്കുന്ന ബെഡ് റൂമും അതിനേക്കാള്‍ ഒരല്‍പം വലിയ ഗസ്റ്റ് റൂമും പിന്നെ പേരിനൊരു ടോയിലറ്റും . ഇതായിരുന്നു ഡാനിയുടെയും ഈനസിന്റേയും ലോകം .

ഡാനിയെ ഒരു സ്വപ്നജീവിയായാണു ഈനസ് കാണുന്നത്. വിവാഹിതരായിട്ട് വര്‍ഷം എട്ടായി. കുട്ടികള്‍ വേണ്ട എന്ന് വച്ചിരിക്കുകയാണ്. ജോലി സ്ഥലത്ത് പോയാലും ഇതേ സ്വപ്നജീവിയായി തുടരും ഡാനി.

'നമുക്ക് അടുത്ത തവണ ഷോപ്പിങ്ങിനു പോകുമ്പൊ ഫ്രഷ് മില്‍ക്ക് വാങ്ങണ്ട...പകരം പൌഡര്‍ വാങ്ങിയാല്‍ മതി...അതാവുമ്പൊ കുറച്ച് കൂടുതലോടും '

വീടിനുള്ളിലേയ്ക്ക് കയറുന്നതിനിടയില്‍ ഡാനി ശ്രദ്ധിക്കില്ലെങ്കില്ല എന്നറിഞ്ഞിട്ടും ഈനസ് ആരോടൊ എന്ന പോലെ പറഞ്ഞു.

ഉണ്ടായിരുന്ന ജോലി സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ ഡാനിയ്ക്ക് നഷ്ടമായിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. ഒരു അമേരിക്കന്‍ യുവതി ഒരിക്കലും ഇത്രയും കാലം ജോലിയില്ലാത്ത ഒരു ഭര്‍ത്താവിനെ സഹിക്കില്ല. സഹിക്കേണ്ട കാര്യമില്ല. സ്വന്തം ചിലവ് പോലും നോക്കാന്‍ വയ്യാത്തൊരാള്‍ പടിയ്ക്ക് പുറത്ത്. അതാണമേരിക്കന്‍ സ്ത്രീകള്‍ ! എങ്കിലും ഡാനിയും ഈനസും ഇപ്പോഴും ഒരുമിച്ച് കഴിയുന്നു.

ഡേറ്റിങ്ങ് നടത്തിയിരുന്ന സമയത്ത് ഡാനി ഗിറ്റാര്‍ വായിക്കുന്നത് ആദരവോടെ ആസ്വദിച്ചിരുന്ന അവള്‍ക്ക് ഇന്ന് ഗിറ്റാര്‍ എന്ന് കേള്‍ക്കുമ്പോഴേ അലര്‍ജിയാണ്. സംഗീതം മനസ്സിനു സന്തോഷമുള്ളപ്പോള്‍ ആസ്വദിക്കാനുള്ളതെന്നവളുടെ പക്ഷം . തര്‍ക്കത്തിനൊടുവില്‍ അത് ഏതോ കബോര്‍ഡിനുള്ലില്‍ കമ്പികളൊളിപ്പിച്ചു.

ആഴ്‌ചയിലൊരു ദിവസം ഡാനി പാര്‍ക്കില്‍ പോകും . അവിടെ വഴിയാത്രക്കാര്‍ക്ക് വേണ്ടി ഗിറ്റാര്‍ വായിക്കുന്ന ഒരു മനുഷ്യനുണ്ട്. ഡാനിയെ അയാള്‍ ഗിറ്റാര്‍ വായിക്കാന്‍ അനുവദിക്കും . ഡാനിയുടെ സൌമ്യസ്വഭാവം അയാള്‍ക്കിഷ്ടമായിരുന്നു. അതയാള്‍ക്കൊരു ആശ്വാസവുമായിരുന്നു.

വിരളുകള്‍ക്കെന്നാലും അയാള്‍ വിശ്രമം കൊടുക്കില്ല. അതിനിടയില്‍ സിഗാര്‍ തിരുകി ഡാനി ഗിറ്റാര്‍ വായിക്കുന്നതും നോക്കി ഇരിക്കും അയാള്‍ . 'ജീനിയസ്' ഇതാണയാള്‍ക്ക് ഡാനിയെക്കുറിച്ച് പറയാനുണ്ടായിരുന്നത്.


കഴിഞ്ഞ ഒരു വര്‍ഷമായി ഡാനിയ്ക്ക് അയാളുമായുള്ള ചങ്ങാത്തം തുടങ്ങിയിട്ട്. ഡാനി ഗിറ്റാര്‍ വായിക്കുന്ന ദിവസങ്ങളില്‍ കിട്ടുന്ന കാശിന്റെ മുക്കാല്‍ ഭാഗവും അയാള്‍ ഡാനിയ്ക്ക് നല്‍കും .

'നീ സ്വന്തമായൊരെണ്ണം വാങ്ങണം ..നിനക്കെന്നെക്കാളും കാശ് കിട്ടും ..എനിക്കതില്‍ സന്തോഷമേയുള്ളു'

ഒരു ദിവസം പതിവില്‍ കവിഞ്ഞ സന്തോഷത്തില്‍ ഡാനിയെ കണ്ടപ്പോഴേ അയാള്‍ ചോദിച്ചു.

'എന്താ..ഗിറ്റാര്‍ വാങ്ങിയോ നീ?'

തന്റെ വലിയ ബാഗില്‍ നിന്നും പുതിയ ഗിറ്റാര്‍ വലിച്ചെടുത്ത് അതില്‍ അതിഗംഭീരമായി വിരലുകളെ ചലിപ്പിച്ച് ചിരിഛ്കുകൊണ്ട് ഡാനി അയാളോട് നന്ദി പറഞ്ഞു.

'ഈനസിനോടും കൂടി പറഞ്ഞേയ്ക്ക്..നിന്റെ കാശുകൊടുത്ത് വാങ്ങിയതാന്നറിയുമ്പൊ സന്തോഷമാകും ചിലപ്പൊ'

അന്നത്തെ പിരിയലിനു മുന്‍പ് അയാള്‍ ഡാനിയോട് പറഞ്ഞു.

ചെന്ന് ഈനസ്സിനെ കെട്ടിപ്പിടിച്ച് പറയണമെന്നുണ്ടായിരുന്നു ഡാനിയ്ക്ക്. ഇത് ഞാന്‍ സമ്പാദിച്ചത്. ഇനി ഒരു ജോലി ആകുന്നതുവരെ കുറച്ചൊക്കെ എനിക്കും പറ്റുമെന്ന്.

പതിവിലും നേരത്തെ വീട്ടില്‍ വന്നപ്പോള്‍ ഈനസ് ഉറക്കമായിരുന്നു. അല്ല, മയക്കമായിരുന്നു. ശെരിക്കും പറഞ്ഞാല്‍ എന്തിന്റെയോ മയക്കത്തിലായിരുന്നു.

അവളുടെ വസ്ത്രങ്ങള്‍  അയഞ്ഞുകിടന്നു. അവളെ ഉണര്‍ത്തുന്നതിനു പകരം ഡാനിയുടെ കണ്ണുകള്‍ അവളുടെ ശരീരം അളന്നു, വളരെക്കാലത്തിനു ശേഷം ! എന്തെന്നില്ലാത്ത ഒരു വികാരം . ഗിറ്റാര്‍ താഴെ വച്ച് ഡാനി ഈനസിനോട് ചേര്‍ന്ന് കിടന്നു. കുതിപ്പിനും കിതപ്പിനുമിടയില്‍ ഈനസ്സിന്റെ ചൂട് ശ്വാസത്തിലെ മദ്യഗന്ധം ഡാനി ശ്രദ്ധിച്ചില്ല. ഈനസ്സില്‍ നിന്നടര്‍ന്ന് വസ്ത്രം ധരിക്കുമ്പൊ മനസ്സിലോര്‍ത്തു, 'ഇതവള്‍ക്കിരട്ടി മധുരമാകും '

ഡാനി കട്ടിലിനരികില്‍ നിന്നകലുന്നതിനു മുന്‍പെ ഈനസ് ഡാനിയുടെ കൈ കടന്നു പിടിച്ചു.

കണ്ണടച്ചുപിടിച്ചവള്‍ നന്ദി സൂചകമായി പറഞ്ഞു,

'ഫിലിപ്പ്...ആ ആഷ്ട്രേ ക്ലീന്‍ ചെയ്തേക്കണേ..അയാള്‍ വരാറായി'

അവളുടെ വിരലുകള്‍ വിടുവിച്ച് ഒരക്ഷരം ഉരിയാടാതെ, രണ്ടാമതൊന്ന് അവളെ നോക്കുക കൂടി ചെയ്യാതെ അയാള്‍ പുറത്തേയ്ക്ക് നടന്നു . പത്ത് മിനിറ്റ് കഴിഞ്ഞ് ഫ്രണ്ട് യാര്‍ഡിലിരിക്കുകയായിരുന്ന തന്റെ മുടിയില്‍  ഈനസിന്റെ വിരലുകള്‍ ഓടാന്‍ തുടങ്ങുന്നത് വരെയും അവളുടെ ചുണ്ടുകള്‍ അവന്റെ കവിളില്‍ സ്പര്‍ശിക്കുന്നത് വരെയും ഡാനിയുടെ വിരളുകള്‍ ഗിറ്റാര്‍ കമ്പികളോട് സല്ലപിച്ചുകൊണ്ടിരുന്നു.

ഈ ഗിറ്റാര്‍ എവിടുന്നെന്നോ ആര്..എങ്ങനെ വാങ്ങി എന്നോ ഈനസ് ചോദിച്ചില്ല. ഡാനി പറഞ്ഞതുമില്ല.

ഡാനി ആഗ്രഹിച്ചിടത്ത് അവന്റെയും അവനാഗ്രഹിക്കാത്തിടത്ത് അവളുടെയും വിരലുകല്‍ സല്ലാപം തുടര്‍ന്നു !

**********************************************************************************************************

Monday, June 4, 2012

സ്വമ്മിങ് ആഫ്റ്റർ 28


'ടപ്പ്' !!!!!!!

വലിയൊരു ശബ്ദത്തില്‍ കതക് വലിച്ചടച്ച് ഞാന്‍ ചടുപടോന്ന് അകത്തേയ്ക്ക് നടന്നു. അല്ലെങ്കിലും പണ്ടേ ഇങ്ങനാ, കതക് വലിച്ചടച്ചുകഴിഞ്ഞാല്‍ ചടപടോന്ന് സ്ഥലം വിട്ടുകളേം . ഇല്ലെങ്കില്‍ അമ്മ പിറകേ വന്ന് 'നിന്റെ അമ്മായിയപ്പന്‍ ഉണ്ടാക്കിയതാണൊ ഈ കതക്' എന്ന് പറഞ്ഞ് വീക്ക് തരും !

പക്ഷെ ഇവിടെ സംഗതി അതല്ല. ന്യായം എന്റെ ഭാഗത്ത്! 

വീടിനകത്ത് കയറിയ ഞാന്‍ വാണം വിട്ട പോലെ ബെഡ് റൂമില്‍ ചെന്ന് കതകടച്ച് ബെഡിലേയ്ക്ക് വീണു.

'ശെടാ..ഇങ്ങനെ പിണങ്ങിയാലോ..?' നിങ്ങള്‍ വിചാരിച്ച പോലെ തന്നെ എന്റെ ഭാര്യ പുറകേയുണ്ട്, ചൊറിഞ്ഞുകൊണ്ട്.

അവള്‍ കതകുതുറന്നകത്തുവന്നു. 

'മിണ്ടിപ്പോകരുത്...ഞാന്‍ നിന്റെ കെട്ടിയോനല്ലേടി..നാലാള്‍ടെ മുന്നില്‍ വച്ച് എന്റെ ഗുലാനെ നീ തുറുപ്പുപൊക്കി വെട്ടി..ല്ലേ..? '

ചീട്ടുകളിയാണു പ്രശ്നം . ഓഫ് ഡെയ്സില്‍ അപ്പുറത്തെ ഫാമില്യുമായി ഒന്നിച്ച് 28 കളിക്കും . പെണ്ണുങ്ങള്‍ ഒരു ടീം .ഞാനും അപ്പുറത്തെ ചേട്ടനും ഒരു ടീം . എന്റെ ടീമിനു യാതൊരു കുഴപ്പവുമില്ല, പക്ഷെ കളി ജയിക്കാന്‍ മാത്രം പറ്റുന്നില്ല ! :(



'നിനക്കല്ലേലും എന്നോട് ഇത്തിരി ഈഗോ ഉള്ളത് ഞാന്‍ ശര്‍ദ്ദിച്ച്..കോപ്പ്..ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്..'

'കളിയല്ലെ ഏട്ടാ..വിട്ടുകള.."

'ഏയ്..ഇതുകുറെ നാളായി തുടങ്ങീട്ട്..ഞാന്‍ എന്റെ ഗുലാനിറക്കുമ്പൊ തന്നെ നിനക്ക് തുറുപ്പുപൊക്കി വെട്ടണം അല്ലേടീ?' ഞാന്‍ കത്തിക്കയറി.

'ഗുലാനെയല്ലെ വെട്ടിയോളു..അല്ലാതെ ഏട്ടന്റെ വീട്ടിലെ വാഴേടെ കുലയൊന്നുമല്ലല്ലൊ വെട്ടിയത്'

വട്ട് ദ ഹെല്‍ !!! എന്റെ ഗുലാന്‍ പോയ പോക്ക് ഓര്‍ത്തിട്ടെനിക്കിപ്പോഴും സങ്കടം സഹിക്കുന്നില്ല. അപ്പഴാ അവള്‍ടെ..കൊല്ലും ഞാന്‍ .

'എടി കുല വെട്ടിയാ ഞാന്‍ സഹിക്കും ..എന്റെ ചെവി രണ്ടും കുണുക്ക് വച്ച് വച്ച് തഴമ്പായി.. നിനക്കതിലൊന്നും ഒരു സങ്കടവുമില്ല..അതാണെടി..എനിക്കറിയാം നിനക്കീഗോയാണ്..'

'എന്നെയങ്ങുകൊല്ല്..ഞാന്‍ കഴിക്കാന്‍ പോവാ..രാത്രി വെറും വയറ്റില്‍ ഉറങ്ങണ്ടെങ്കില്‍ എഴുന്നേറ്റ് വാ..അല്ല പിന്നെ ഗുലാന്‍ പോലും ഗുലാന്‍ ..എല്ലാം കൂടെയെടുത്ത്
കത്തിച്ചുകളേം ഞാന്‍ '

!!!! 

ബൈ ദ ബൈ, ഗുലാന്‍ പോയി കുണുക്കുകേറിയ വിഷമത്തില്‍ വിശപ്പ് മറന്നു. ഈശ്വരാ, അവള്‍ ഗുലാന്‍ ഇറക്കുമ്പൊ എനിക്ക് അത് വെട്ടിപ്പിരിക്കാനുള്ള  അവസരം തരണേ!

ഞാന്‍ മിണ്ടാതെ എഴുന്നേറ്റ് ചെന്ന് കൈയ്യും കഴുകി ഡൈനിങ്ങ് ടേബിളില്‍ ഇരുന്നു.ചോറും കറിയുമൊക്കെ വിളമ്പി അവളും ഇരുന്നു. 

'അച്ചാറിനുപ്പില്ല..നല്ലതുവല്ലതും വച്ചുണ്ടാക്കിത്താടീ..' ഉടക്കുള്ള ദിവസങ്ങളില്‍ അവളെ നേരിടാന്‍ ഇതിലും നല്ലൊരു ഐഡിയ ഇല്ല!

'അത് പ്രിയയോട് ചെന്ന് പറ..'

എന്ത്?!!

'ഹേത് പ്രിയ..?'

'എന്റെ മനുഷ്യാ..ഇത് പ്രിയാ പിക്കിള്‍സാ..അല്ലാതെ ഞാന്‍ കുത്തിയിരുന്നുണ്ടാക്കിയതല്ല..'

പ്ലുഷ് ..!! എന്റെ ഗ്യാസ് പോയി !

'ഹും .. എന്നാലും നീ എന്റെ ഗുലാന്‍ ..'

'ദേ..ഞാന്‍ പ്ലേറ്റെടുത്തടിച്ചുതരും ..കുറെ നേരായി..അവിടെ കഴിഞ്ഞത് അവിടെ കഴിഞ്ഞു..'

ഉവ്വ്. താങ്ക് യു മാഡം ! മിണ്ടാതെ ഇരുന്ന് കഴിച്ച് കൈയ്യും കഴുകി ബെഡില്‍ കേറി കിടന്നു.

അടുക്കളയിലെ ബാക്കി ജൊലി തീര്‍ത്ത് അവളും പിറകെ വന്നു. മൊബൈല്‍ റിംഗ് ചെയ്യുന്നു. 'സുനിലേട്ടന്‍ കോളിങ്ങ്' 

'ഹലോ സുനിലേട്ടാ..എന്തൊക്കെയുണ്ട്...' ഞാന്‍ ഫോണെടുത്തു. അവള്‍ അടുത്തുവന്ന് ആകാംഷയോടെ നില്‍ക്കുന്നതുകണ്ടപ്പോള്‍ ലൌഡ് സ്പീക്കറില്‍ ഇട്ടു.

'സുഖം ദീപക്കേ..അതേ ദീപക്കിനു നീന്താന്‍ അറിയില്ലെ..ഞങ്ങളെല്ലാരും കൂടി പൂളില്‍ പോകുവാ..പിള്ളേര്‍ സെറ്റൊക്കെയുണ്ട്..എന്നെക്കൊണ്ടൊറ്റയ്ക്ക് പറ്റില്ല..ദീപക്ക് കൂടെയുണ്ടെങ്കില്‍ ഒരു സമാധാനം ..'

'പിന്നേ അറിയാല്ലൊ..ഇതുവഴി വന്നോ..ഞങ്ങളും കൂടാം ' ഞാന്‍ ഫോണ്‍ വച്ചു.

അതായത്, മുകളിലെ ഈ പ്രസ്ഥാവന കണ്ട് എനിക്ക് നീന്തല്‍ അറിയാം എന്ന് കരുതിയെങ്കില്‍ തെറ്റി! എനിക്കറിയില്ല എന്ന് മാത്രമല്ല നീന്താന്‍ വിട്ടപ്പൊ പഠിപ്പിച്ച ആളിനെ വെള്ളത്തില്‍ മുക്കിപ്പിടിച്ച  ചരിത്രവും എനിക്കുണ്ട്. സൊ ഇവിടെ ഇങ്ങനെ പറഞ്ഞേ പറ്റു. എന്റെ ഗുലാനെ വെട്ടിയവള്‍ അടുത്ത് ! ഒന്നാമതെ അവള്‍ക്കെന്നെ വിലയില്ല. ഒരാള്‍ ഒരു സഹായം ചോദിക്കുമ്പോള്‍ അറിയില്ല എന്നുത്തരം പറഞ്ഞാല്‍ ബാക്കിയുള്ളതും കൂടി പോകും . പറഞ്ഞത് പറഞ്ഞ്, കടലൊന്നും അല്ലല്ലോ..ഇട്ടാവട്ടത്തിലുള്ള പൂളല്ലെ!

ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ അവള്‍ക്കും സന്തോഷമായി. ചെറിയ ഒരു ഔട്ടിങ്ങ്. പിണക്കവും മാറ്റാം എന്ന്  വിചാരിച്ചുകാണും . 

'ഏട്ടനു നീന്താനറിയോ?' 

'അറിയാം ..വീട്ടിനടുത്തുള്ള കുളത്തില്‍ പണ്ട് പോകുമായിരുന്നു..അങ്ങനെ പഠിച്ചതാ'

പന്‍ച് ഡയലോഗ്ഗ് പറഞ്ഞിട്ട് ഡ്രെസ്സ് മാറുന്ന നായകനെപ്പോലെ ഞാന്‍ ഡ്രസ്സ് മാറി!

രംഗം : എല്ലാരും പൂളില്‍ ഇറങ്ങാന്‍ റെഡി ആയി നില്‍ക്കുന്നു. സുനിലേട്ടനും പിള്ളേരും അവരുടെ ഫ്രണ്ട്‌ശ് പിള്ളേരും വെള്ളത്തിലിറങ്ങി.എന്റെ ഭാര്യയും സുനിലേട്ടന്റെ വൈഫും വെള്ളത്തിലിറങ്ങി. എന്നിട്ടും ഒരാള്‍ മാത്രം ഇറങ്ങിയില്ല, ഞാന്‍ !

വെള്ളത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് നിന്നുകൊണ്ട് അവള്‍ എന്നെ വിളിച്ചു. എന്റെ അത്തിപ്പാറമ്മച്ചീ..ആരും എന്നോട് നീന്തിക്കാണിക്കാന്‍ ആവശ്യപ്പെടല്ലേ..!!

ഞാനും പതുക്കെ സ്റ്റെപ് വഴി ആഴം കുറവുള്ള സ്ഥലത്ത് ഇറങ്ങി നിന്നു. നീന്തല്‍ അറിയില്ല എന്നറിഞ്ഞാല്‍ നാണക്കേടാ. പിന്നെ ഒരു ഷോ അല്ലായിരുന്നോ.നിന്ന നില്‍പ്പില്‍ വെള്ളത്തില്‍ മുങ്ങുന്നു, ശ്വാസം പിടിച്ചുകിടക്കുന്നു, പച്ചത്തവളയെപ്പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു, ശ്വാസം മുട്ടുമ്പൊ 'ന്റെ പൊന്നൂ' ന്ന് പറഞ്ഞ് ആരും കാണാതെ ശ്വാസം എടുക്കുന്നു. ഇതെല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ എന്റെ ഭാര്യ മുന്നില്‍ !

'ദെന്തുവാ കിടന്ന് കാണിക്കുന്നെ..ദേ അവരെല്ലാം ഡൈവ് ചെയ്യാന്‍ പോവാ.. ചെല്ല്.. പിള്ളേരൊക്കെ ഉള്ളതാ..പൊ'

എടി കൊലയ്ക്ക് കൊടുക്കോ നീ? ഞാന്‍ ഈ കാണിച്ചത് എന്താണെന്ന് എനിക്കറിയില്ല. പക്ഷെ നീ ഇപ്പൊ ഈ കാണിക്കാന്‍ പറഞ്ഞത് എന്നെ കൊല്ലിക്കാനുള്ളതാണെന്ന് എനിക്ക് അറിയാം . പക്ഷെ ഇവള്‍ടെ മുന്നില്‍ നീന്താന്‍ അറിയില്ല എന്ന് തെളിഞ്ഞാല്‍ പോയി.

'എവിടേ..എന്നെ വിളിക്കാതെ ഡൈവിങ്ങോ..ഹതുശെരി..നീയങ്ങോട്ട് മാറിക്കെ..' 

നെന്‍ചും വിരിച്ച് ഡൈവിങ്ങ് ബോര്‍ഡിനടുത്തേയ്ക്ക് . ചാടുന്നത് ഏറ്റവും ആഴമുള്ള സ്ഥലത്താ, സുനിലേട്ടനും കൂടെ വന്ന പിള്ളേര്‍ക്കും നല്ല പോലെ നീന്താനറിയാം എന്ന് എനിക്കിതിനകം മനസ്സിലായി. പിന്നെ എന്തിനാണാവോ എന്നെ സഹായത്തിനു വിളിച്ചത് !

പെട്ടെന്ന് മനസ്സില്‍ ചില കാല്‍കുലേഷന്‍സ്! അതായത്, ശരീരത്തിന്റെ നീളം + ചാടുന്ന സ്പീഡ് + ദൈവം = ശ്വാസം ! ഓക്കെ, ഗുഡ്. നല്ല സ്പീഡില്‍ ദൈവത്തിനെ വിളിച്ച് ചാടിയാല്‍ ആഴമില്ലാത്ത സ്ഥലത്തോട്ട് എത്തിക്കിട്ടും . ചാടുമ്പോ കുത്തനെ ചാടരുത്. നീളത്തില്‍ ചാടണം . എന്നാലെ രക്ഷയുള്ളു.

ഞാന്‍ ഇത്രയും ആലോചിച്ചുകൂട്ടിയപ്പോഴേയ്ക്കും എല്ലാരും ഡൈവിങ്ങ് കഴിഞ്ഞ് പൂളിലെ വേറൊരു വശത്തുകൂടി നില്‍ക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല.ഇതുതന്നെ പറ്റിയ തക്കം . ഞാന്‍ ബോര്‍ഡില്‍ കയറി. ഒരല്‍പിറകോട്ട് നീങ്ങി സകലദൈവങ്ങളെയും വിളിച്ച് ഫുള്‍ സ്പീഡില്‍ ഒരൊറ്റ ചാട്ടം !

'ബ്ലുഷ്...!!!'

കണ്ണുമടച്ച് ചാടിയ ഞാന്‍ കണ്ണുതുറന്നപ്പൊ കണ്ടത് സ്വിമ്മിങ്ങ് പൂളിന്റെ ഫ്ലോറാണ്!! ന്റെ പൊന്നൂ..നേരേ ചാടിയിട്ടും വീണത് കുത്തനെയാണല്ലൊ. ഇനി നീന്താതെ എങ്ങനെ ഇവിടുന്നൊന്ന് രക്ഷപ്പെടും . വെള്ളത്തിനടിയില്‍ ആലോചിക്കാന്‍ എനിക്കൊരുപാട് സമയം കിട്ടി. നീന്താനറിയാത്ത ഞാന്‍ വേറെ എന്തോന്ന് ചെയ്യാന്‍ !!

കണ്ടതും പണ്ടാരോ പഠിപ്പിക്കാന്‍ ശ്രമിച്ചതും ഓര്‍മ്മയിലുള്ളതുമായ രീതിയില്‍ ഞാന്‍ നീന്താന്‍ തുടങ്ങി. നീന്തുന്നു...വീണ്ടും നീന്തുന്നു..നീന്തിക്കൊണ്ടേയിരിക്കുന്നു. പക്ഷെ വീണ സ്ഥലത്തുനിന്ന്  ഒരല്‍പം പോലും മാറിയിട്ടില്ല!! വെള്ളത്തില്‍ മുങ്ങുന്നതിനു മുന്നെ അവളെ ഞാന്‍ കണ്ടു. പിന്നെ വീണ്ടും കിടന്ന കിടപ്പില്‍ നീന്താന്‍ തുടങ്ങി. രക്ഷപ്പെട്ടാ പെട്ട് ! ഇതുവരെ ശ്വാസത്തിനു വലിയ പ്രോബ്ലം വന്നിട്ടില്ല .

പെട്ടെന്നാരോ എന്റെ അരയ്ക്ക് പിടിക്കുന്നു! ഞാന്‍ നീങ്ങിത്തുടങ്ങി. വെള്ളത്തിലടിച്ചുകൊണ്ടിരുന്ന കാലുകള്‍ പെട്ടെന്ന് തറയില്‍ തൊട്ടു. കാല്‍ ചവിട്ടി ഞാന്‍ വെള്ളത്തിനു മുകളിലേയ്ക്ക് പൊങ്ങി. വെപ്രാളത്തില്‍ ആരാ എന്നെ പിടിച്ചതെന്നറിയാന്‍ തിരിഞ്ഞു. ദോണ്ടെ, എന്റെ ഗുലാനെ വെട്ടിയവള്‍ !! 

'ഏത് കുളത്തില്‍ പോകുമായിരുന്നെന്നാ പറഞ്ഞെ??'

പ്ലുഷ്..!!! ഞാന്‍ വെളുക്കെ ചിരിച്ചുകാണിച്ചുകൊടുത്തു. അല്ലാതെ വേറെ ഓപ്ഷനില്ല !



'അതായത്..ഞാന്‍ പഠിച്ച കുളത്തില്‍ ഫുള്‍ പായലായിരുന്നു.. ഒരാള്‍ക്ക് കഷ്ടി നീന്താവുന്ന സ്ഥലമേ ഉള്ളു..അങ്ങനെ പറ്റീതാ...'

നിന്ന നില്‍പ്പില്‍ അവള്‍ പൊട്ടിച്ചിരിച്ചു. 

'ബൈ ദ ബൈ നിനക്ക് നീന്താനൊക്കെ അറിയോ?' ലോകത്ത് ഞാന്‍ ചോദിച്ചിട്ടുള്ള നിഷ്കളങ്കമായ ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്!

'ഹാ..എന്റെ വീടിനടുത്തുള്ള കുളത്തില്‍ പായല്‍ ഇല്ലായിരുന്നു...ഹഹഹ..' അവള്‍ കുലിങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. കൂടെ ഞാനും ചിരിച്ചു.

പിന്നെ ആരും കേള്‍ക്കാതെ അവളുടെ ചെവിയില്‍ പറഞ്ഞു,

'അതേ..ഞാന്‍ ദേ ആ മൂലയ്ക്ക് അള്ളിപ്പിടിച്ചിരിന്നോളാം ..പോകുന്നവരെ ആരിനി ഡൈവ് ചെയ്താലും എന്നെ വിളിക്കരുത്' 

ഇതും പറഞ്ഞ് ഏറ്റവും ആഴം കുറഞ്ഞ മൂലയിലേയ്ക്ക് ഞാന്‍ നടന്നുനീന്തി..ഐ മീന്‍ .. നീങ്ങി. :)

**************************** ശുഭം ***************************************

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...