Monday, May 2, 2011

തെറിയടി

കുവൈറ്റില്‍ പോയി നാലറബിക്കാശുണ്ടാക്കാമെന്നു വിചാരിച്ചപ്പൊ അതിനു മാനം പോലും അടിയറവ് വയ്ക്കേണ്ടി വരുമെന്ന് ഒരല്‍പം പോലും കരുതിയില്ല. മെഡിക്കല്‍ ടെസ്റ്റെന്നും പറഞ്ഞ് ഒരു ലേഡീ ഡോക്‌ടറുടെ മുന്നില്‍ ചെന്ന് തുണിയുടുക്കാതെ നില്‍ക്കേണ്ടി വന്നതെന്നതു പോട്ടെ, നിന്നത് ശെരിയായില്ല എന്നു പറഞ്ഞ് ആ റൂം മുഴുവനും നടത്തിക്കുകകൂടി ചെയ്തുകളഞ്ഞു ആ പെണ്‍പെറെന്നോര്‍ !ഉമ്മര്‍ ഇറങ്ങിപ്പോയ റൂമിലിനകത്തിരുന്നു മോങ്ങുന്ന ജയഭാരതിയെപ്പോലായിപ്പോയി ഈ ഞാന്‍ .

വീട്ടില്‍ വന്നിട്ടും അതിന്റെ കെട്ട് അങ്ങട് വിട്ടില്ല. മാനം പണയം വച്ചു. ഇനി പോകാന്‍ പറ്റിയില്ലെങ്കിലോ ? ഇനി അവിടെ ചെന്നിറങ്ങിയാലും ഇതുപോലെ അഴിപ്പിക്കോ തുടങ്ങി പലതരം വിത്തൌട്ട് ചിന്തകള്‍ എന്റെ മനസ്സിലൂടെ തുണിയില്ലാതെ കടന്നു പോയി. ഒരു ദിവസം രാത്രിയില്‍ സിറ്റൌട്ടില്‍ ഒറ്റയ്ക്കിരുന്ന് ആകാശത്ത് ചന്ദ്രേട്ടന്‍ മേഘേച്ചിയുടെ റൂമില്‍ കയറിപ്പോകുന്നത് മൂകസാക്ഷിയായി കണ്ടുകൊണ്ടിരുന്ന എന്റെ ശ്രദ്ധ തിരിച്ചത് മുകത്ത് വന്നടിച്ച വെട്ടമായിരുന്നു.

"ഡെയ്...ഇതു ഞാനാ...അനു.." അനു എന്ന് എല്ലാരും വിളിക്കുന്ന ശ്രീകാന്ത് .

"ഹാ...നീയോ...നിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റ് ഇതുവരേം ശെരിയാക്കിയില്ലേ..? ഇപ്പോഴും റോഡിലൂടെ പോയാല്‍ സൈഡിലുള്ള വീടിന്റെ അടുക്കളയിലും കുളിമുറിയിലും തന്നാണോ വെട്ടമടിക്കുന്നെ..?" ഞാന്‍ എഴുന്നേറ്റു.

"ഡെയ്..കളിവിട്...ഇത്തിരി സീരിയസ്സാ....ചെറിയൊരു കലിപ്പ്...നാളെ നീയൊന്നെന്റെ കൂടെ വരണം ...അതൊന്നു സോള്‍വ് ചെയ്യാനാ..ഞാന്‍ നാളെ രാവിലെ ഒരു 11 മണിയൊക്കെ ആയിട്ടു വരാം ...നീ ഇറങ്ങി നിന്നാതി..." ഇതും പറഞ്ഞ് ഞാന്‍ അടുത്ത് ചെല്ലുന്നതിനു മുന്നെ അവന്‍ ബൈക്ക് തിരിച്ചു.

എന്തോന്ന്..? കലിപ്പാ..? അവന്‍ പോകുന്നതും നോക്കി ഞാന്‍ നിന്നു. എന്തായിരിക്കും ? വല്ല പെണ്ണുകേസും ..? ഏയ്...ഇനി വല്ലകാശുകേസും ..?? ഏയ്....അതുപ്പൊട്ടെ എന്തു ധൈര്യത്തിലാ സോള്‍വ് ചെയ്യാന്‍ ഇവന്‍ എന്നെ വന്നു വിളിച്ചത് ? ആലോചന എനിക്ക് പണ്ടേ ടെന്‍ഷനുണ്ടാകുമെന്നതിനാല്‍ ഞാന്‍ പതുക്കെ ഉറങ്ങാന്‍ കിടന്നു.

പിറ്റേദിവസം രാവിലെ പത്തുമണിയായപ്പൊ എണീറ്റു.ഒരല്‍പം നേരത്തെ ആയിപ്പോയോ..? സാരില്ല..രാത്രി നേരത്തെ കിടക്കാം . എട്ട് ഇഡ്ഡലിയും സാംബാറും കുഴച്ചടിച്ച് ബോറടിച്ചപ്പോള്‍ സാംബാറില്‍ കിടന്ന മുരിങ്ങക്കഷണമെടുത്ത് പല്ലുകള്‍ക്കിടയില്‍ വച്ച് ക്ളീന്‍ ചെയ്തുകൊണ്ടിരുന്നപ്പൊ ലവന്‍ വന്നു.

"നീ കഴിച്ചോ..?" ഞാന്‍

"കഴിച്ചു..." ലവന്‍

"നന്നായി..." ഞാന്‍

"ടാ...ബൈക്കില്ല...രാവിലെ തന്നെ തനിസ്വഭാവം കാണിച്ചു...വര്‍ക്ക് ഷോപ്പിലാ.." ലവന്‍

അര്‍ത്ഥാത് , എനിക്ക് സ്വന്തമായിട്ടുണ്ടായിരുന്ന കൈനറ്റിക് ഹോണ്ടയെടുക്കണം , സര്‍ക്കസിലെ കരടി സൈക്കിള്‍ ചവിട്ടുന്നപോലെ ഇവനെയുമിരുത്തി കലിപ്പ് സോള്‍വ് ചെയ്യാന്‍ പോണം .തെണ്ടി, ഇവനൊക്കെ ഇനി എന്നാണാവൊ..

ഞാന്‍ റെഡിയായി ഇറങ്ങി.

"ഇന്നാ...അടി...നിന്റെ തടിയൊന്നിളകട്ടെ.." കൈനറ്റിക് അവന്റെ കയ്യില്‍ കൊടുത്ത് ഞാന്‍ . ക്വിക്ക് സ്റ്റാര്‍ട്ടില്ലാതിരുന്നതിനാല്‍ കിക്കാണു ശരണം .

ഒരു പത്തുമിനുട്ട് ആഞ്ഞുചവിട്ടി അവന്റെ പരിപ്പിളകിയപ്പൊ അവസാനം അതു സ്റ്റാര്‍ട്ടായി.

അങ്ങനെ അവനെയും പിറകിലിരുത്തി കുവൈറ്റില്‍ പോകുന്നതിനു മുന്നെയുള്ള അവസാന കലിപ്പ് സോള്‍വ് ചെയ്യാന്‍
ആനയറ എന്ന കൊച്ചു രാജ്യത്തിലേയ്ക്ക്.

 പോകുന്ന വഴി എന്താട കാര്യം എന്നു ചോദിച്ചപ്പൊ,'അതവിടെ ചെല്ലുമ്പൊ മനസ്സിലാകും ' എന്ന് പറഞ്ഞതിനാല്‍ വേറൊന്നും ചോദിച്ചില്ല.

ആനയറയെത്തി. ആഹ, അതിമനോഹരമായ സ്ഥലം . ഒരു വശത്ത് നിറയെ പാടം . മറുവശത്ത് ചെറിയ മലകള്‍ .ഒരു ചെറിയൊരു ജംക്ഷന്‍ കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടു പോയപ്പൊ ഒരു ബസ് സ്റ്റോപ്പില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു.

"അളിയാ അതവന്‍മാരാ...നിര്‍ത്ത്" ലവന്‍

ഞാന്‍ വണ്ടി സ്ലോ ചെയ്തു സൈഡില്‍ നിര്‍ത്തുന്നതിനു മുന്നെ സ്റ്റോപ്പില്‍ നിന്നിരുന്ന അന്‍ചാറെണ്ണം അങ്ങുചാടിയിറങ്ങി ഓടിയിങ്ങു വന്നു.

രംഗം 1: മൂന്നുപേര്‍ എന്നെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി കുനിച്ചു നിര്‍ത്തുന്നു, ഇടിക്കുന്നു. ബോറടിച്ചപ്പൊ നൂത്ത് നിര്‍ത്തുന്നു, ഇടിക്കുന്നു. ലവനെ ആരും കുനിക്കുന്നുമില്ല, നൂക്കുന്നുമില്ല. അവനെ തറയില്‍ കിടത്തിയിരിക്കുവാ.



രംഗം 2 : തറയില്‍ ചരിഞ്ഞുകിടന്നിരുന്ന കൈനറ്റിക് ഹോണ്ട നേരേ വച്ച് ഒരൊറ്റ കിക്കിനതു സ്റ്റാര്‍ട്ട് ചെയ്തു ഞാനും അവനും തിരിച്ച് ഞങ്ങളുടെ രാജ്യത്തേയ്ക്ക്.

ഒരക്ഷരം മിണ്ടുന്നില്ല. ഒടുവില്‍ വീടെത്തിയപ്പൊ അവനോട് ഞാന്‍ ചോദിച്ചു.

"ഡെയ്...എന്തിനാടാ ലവന്‍മാരെല്ലാം കൂടി ഇങ്ങനെ ഇടിച്ചത്..?"

"അളിയാ...അതിലൊരുത്തന്‍ എന്നെ തെറിവിളിച്ചു....അവനെ ഞാന്‍ ചെറുതായൊന്നു കൈവച്ചു...അതിനാ..."

പാവം ! ഈശ്വര...ഒരടി..ഒരേയൊരടിക്കു ഇവന്‍ ചാകുമെങ്കില്‍ ഞാനപ്പൊ അടിച്ചേനേ.. ഞാന്‍ വീട്ടിലേയ്ക്ക് കയറി.

"അമ്മാ....ഇഡ്ഡലി തീര്‍ന്നോ..?" :(

4 comments:

  1. ഹ ഹ ഹ ഹ
    പാവം...ലവന്‍....ഇഡ്ഡലി മൊത്തം ലവന്മാര്‍ ആവിയാക്കി അല്ലെ ??
    പണ്ടൊരിക്കല്‍ എന്നേം പിടിച്ചു കുത്തിനും കഴുത്തിനും...നൈസ് ആയിട്ട് അതങ്ങ് ഊരിക്കളഞ്ഞു
    നാല് നാനൂറില്‍ ഒരോട്ടം...
    ആള് കൂടിയാല്‍ പിന്നെ നില്‍ക്കരുത് ഇഡ്ഡലി കേടാവും.... :))

    ReplyDelete
  2. രംഗം 1: മൂന്നുപേര്‍ എന്നെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി കുനിച്ചു നിര്‍ത്തുന്നു, ഇടിക്കുന്നു. ബോറടിച്ചപ്പൊ നൂത്ത് നിര്‍ത്തുന്നു, ഇടിക്കുന്നു. ലവനെ ആരും കുനിക്കുന്നുമില്ല, നൂക്കുന്നുമില്ല. അവനെ തറയില്‍ കിടത്തിയിരിക്കുവാ.

    ഹ ഹ ദീപസ് ! കലക്കി

    ReplyDelete
  3. അയ്യോ... ചിരിച്ചു ചിരിച്ച് ഒരു പരുവമായി .

    എഴുത്ത് രസിപ്പിച്ചു :)

    ReplyDelete
  4. "ഡെയ്...എന്തിനാടാ ലവന്‍മാരെല്ലാം കൂടി ഇങ്ങനെ ഇടിച്ചത്..?"

    എന്റെ പൊന്നളിയാ ചിരിപ്പിച്ചു വെള്ളം കുടിപ്പിച്ചു....

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...